Thursday, June 4, 2015

ഫേസ് ബുക്ക്‌ പോസ്റ്റുകള്‍

മുഖ പുസ്തകത്തിലെ ലൈക്‌, കമന്റ് ഇവസംബന്ധിച്ചുള്ള ഒരു പോസ്റ്റിന്റെ കമന്റായി ഞാനിട്ട ഒരു കുറിപ്പ് ചുവടെ..
എന്റെ നിരീക്ഷണങ്ങള്‍
1) മികച്ച എഴുത്തുകളാണ് തന്റേത് എന്ന് കരുതുന്ന പലരും അവരുടെ രചനകളെ promote ചെയ്യുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കാണിയ്ക്കുന്നത്..
2) ഇക്കൂട്ടരില്‍ നല്ലൊരു ശതമാനവും മറ്റുള്ളവരുടെ പോസ്റ്റുകള്‍ കണ്ടതായി നടിയ്ക്കാറില്ല (എന്ന് വെച്ചാല്‍ ലൈക്‌ ചെയ്യാറില്ല)
3) അവരില്‍ പലരും തങ്ങളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ അവഗണിയ്ക്കുന്നു... ചില സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുത്ത അഞ്ചോ ആറോ കമന്റുകള്‍ മാത്രം ശ്രദ്ധിയ്ക്കുന്നു.
4)ചില സ്ത്രീനാമധാരികള്‍ ഇടുന്ന നിസ്സാര പോസ്റ്റുകള്‍ക്ക്‌ പോലും (ഉദാ: feeling lonely, ചുമ്മാ, good night etc) 500 ലേറെ ലൈക്‌ കാണും ചിലപ്പോള്‍.. ചില പുരുഷപ്രജകളുടെ തരക്കേടില്ലാത്ത പല പോസ്റ്റുകളിലും വിരലില്‍ എന്നാവുന്നത്രയും likes മാത്രം.
5) ഒറിജിനല്‍ പോസ്റ്റ്‌ വായിച്ചുനോക്കാതെ കമന്റിടുന്നവര്‍ ധാരാളം.
6) ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്, വായിച്ചു അഭിപ്രായം എഴുതണം എന്നാവശ്യപ്പെട്ട്‌ ചിലര്‍ മെസ്സേജ് അയക്കാറുണ്ട്.. തെറ്റ് പറയുന്നില്ല, നമ്മുടെ ന്യൂസ്‌ ഫീഡില്‍ എല്ലാവരുടെയും പോസ്റ്റുകള്‍ ചിലപ്പോള്‍ കാണാറില്ല.
7) ലൈക്കുകള്‍ ഒരേ സന്ദേശമല്ല നല്‍കുന്നത്.. ചിലര്‍ 'ഞാന്‍ കണ്ടു/വായിച്ചു' എന്നറിയിക്കുന്നു. ചിലര്‍ സൌഹൃദത്തിന്റെ പേരില്‍ ലൈക്‌ ക്ലിക്ക് ചെയ്യുന്നു. ചിലര്‍ (ഇവര്‍ ന്യൂനപക്ഷമാണ്‌) വായിച്ച് ഇഷ്ടപ്പെട്ടവ മാത്രം ലൈക്‌ ചെയ്യുന്നു.
ഇനി എന്റെ ശീലങ്ങള്‍
1) എത്ര പ്രശസ്തരായാലും തെറി വാക്കുകള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ ലൈക്‌ ചെയ്യാറില്ല.
2) അസഹിഷ്ണുത നിറഞ്ഞ പോസ്റ്റുകള്‍ അവഗണിയ്ക്കുന്നു.
3) അശ്ലീലം നിറഞ്ഞ എഴുത്തുകളെ ഒഴിവാക്കുന്നു.
4) എന്റെ പോസ്റ്റുകളില്‍ വരുന്ന കമന്റുകള്‍ ലൈക്‌ ചെയ്യുന്നു, എതിരഭിപ്രായം ആണെങ്കില്‍ കൂടി.
5) നാട്ടുകാരുടെ/നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നവരുടെ പോസ്റ്റുകള്‍ ഏതു വിഷയമായാലും ലൈക്‌ ചെയ്യുന്നു.


പദ് മനാഭന്‍ തിക്കോടി

Wednesday, June 3, 2015

കുന്നു കാണാന്‍

അവള്‍ക്ക്
കുന്നു കാണണം-
എനിയ്ക്കും തോന്നി
നല്ലത്.
അടുത്ത കുന്ന്
പേരിലും കുന്നുള്ള
മുചുകുന്ന്.
പോയി, കണ്ടു,
കൃഷിയില്ലയെങ്കിലും
വയലുണ്ട്,
പുഴയുണ്ട്,
ചെങ്കല്ലുവെട്ടിയ
കുഴിയുണ്ട്‌.
ഇല്ലാത്തത് ഒന്നുമാത്രം-
കുന്ന്.


പദ് മനാഭന്‍ തിക്കോടി.

വേറെന്തു വേണം?

എനിയ്ക്കു വേണം-
കുമ്പിളില്‍ ഇത്തിരി കഞ്ഞി,
ഉടുക്കാന്‍ കീറാത്തൊരു മുണ്ട്,
ഉറങ്ങാന്‍ ഒരു പായ,
തനിയെയിരിക്കുമ്പോള്‍
വായിക്കുവാന്‍ ഒരു പുസ്തകം-
ജോലി ചെയ്യാന്‍ വയ്യാത്ത
ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള
ഒരു വൃദ്ധന്
വേറെന്തു വേണം?


പദ് മനാഭന്‍ തിക്കോടി

Sunday, May 10, 2015

അവള്‍ അറിയുന്നില്ല

അവള്‍ അറിഞ്ഞില്ല
ദിനങ്ങള്‍ കൊഴിയുന്നത്.
തിരയുകയായിരുന്നു,
ഒരു വിളിയുമായ്
അയാള്‍ എത്തുന്നതും കാത്ത്.
കാറ്റായ് തിരയവേ
അയാള്‍ പോയി
മഴയായി,
അരുവിയായി,
പുഴയായി.
ഓളമായ് തിരയവേ
അയാള്‍ മാഞ്ഞു
നുരകളില്‍ ഒളിച്ച്
കാറ്റായ് വായുവില്‍.
അവള്‍ അറിയുന്നില്ല,
ദിനങ്ങള്‍ കൊഴിയുന്നത്.


പദ് മനാഭന്‍ തിക്കോടി.

Tuesday, April 28, 2015

എനിയ്ക്ക് മാവേലിയാവേണ്ട, വാമനനും

എനിയ്ക്ക് മഹാബലിയാകേണ്ട
എന്റെ ശിരസ്സ്‌
ആരുടേയും പാദങ്ങളാല്‍
ചവിട്ടി താഴ്ത്തപ്പെടാന്‍ ഉള്ളതല്ല.
എനിയ്ക്ക് വാമനനാകേണ്ട
എന്റെ പാദങ്ങള്‍
ആരുടേയും ശിരസ്സിനെ
ചവിട്ടാന്‍ ഉള്ളതല്ല.
എനിയ്ക്ക് അര്‍ജുനനാകേണ്ട
അസൂയയ്ക്കും അഹങ്കാരത്തിനും
സ്ഥാനമില്ല എന്റെ ഹൃദയത്തില്‍,
സ്വാര്‍ഥതയ്ക്കും.
എനിയ്ക്ക് കര്‍ണനാകേണ്ട
കടപ്പാടിന്റെ പേരില്‍
ക്രൂരതകള്‍ക്കുനേരെ മുഖം തിരിയ്ക്കാന്‍
അനുവദിയ്ക്കില്ല എന്റെ മനസ്സ്.
ഞാന്‍ തിരയുകയാണ്
എന്നെ,
എന്നില്‍,
എന്നില്‍ മാത്രം.


പദ് മനാഭന്‍ തിക്കോടി

Tuesday, April 7, 2015

മാരാരുടെ സ്മരണയ്ക്ക് ..

കുട്ടിക്കൃഷ്ണ മാരാരുടെ ചരമദിനത്തില്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്‌ 

ആദ്യമായി വായിച്ച കാലത്തും, പുനര്‍വായനാസമയങ്ങളിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു, ‘ഭാരതപര്യടനം’, ‘കലജീവിതം തന്നെ’, ‘മലയാളശൈലി’, ‘സാഹിത്യഭൂഷണം’, ‘രാജാങ്കണം’, എന്നിവ. 
വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റിയ ആളാണ്‌ മാരാർ. "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിച്ചു അദ്ദേഹം. 
മലയാള ശൈലി എന്ന പുസ്തകം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചു.
മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ശരിപക്ഷത്ത് നിന്ന് നോക്കിക്കണ്ടത് എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് നിരൂപണബുദ്ധ്യാ ചുറ്റുവട്ടങ്ങളെ നോക്കിക്കാണാന്‍ പ്രേരകമായി. 
ഭ­ര­ത­ല­ക്ഷ്‌­മ­ണാ­ദി­ക­ളു­ടെ സ­ഹോ­ദ­ര­സ്‌­നേ­ഹ­ത്തേ­ക്കാൾ മി­ക­ച്ച­താ­യി മാ­രാർ ക­ണ്ട­ത്‌ സ­മ്പാ­തി­-­ജ­ടാ­യു എ­ന്നീ പ­ക്ഷി സ­ഹോ­ദ­ര­ന്മാ­രു­ടെ സൗ­ഹൃ­ദ­മാ­ണ്‌ (ചി­ര­ഞ്‌­ജീ­വി വി­ഭീ­ഷ­ണ­ൻ, പ­ല­രും പ­ല­തും)
“പൂ­ച്ച­യെ ചാ­ക്കിൽ കെ­ട്ടി പു­ഴ­ക­ട­ത്തി വി­ടു­ന്ന­ത്‌ പോ­ലു­ള്ള വ­ഞ്ച­ന`­­യാ­ണ്‌ സീ­ത­യോ­ട്‌ കാ­ട്ടി­യ­തെ­ന്നും സീ­ത രാ­മ­ന്റെ ”ഉ­ടു­പ്പോ ചെ­രു­പ്പോ പ­ട്ടി­യോ കു­റി­ഞ്ഞി­പ്പൂ­ച്ച`­യോ അ­ല്ല മ­നു­ഷ്യ­സ്‌­ത്രീ­യാ­ണെ­ന്നും `ചി­ന്താ­വി­ഷ്‌­ട­യാ­യ സീ­ത`യെ­ക്കു­റി­ച്ച്‌ എ­ഴു­തി­യ­പ്പോൾ നി­രീ­ക്ഷി­ച്ചു. 
പ്രസിദ്ധ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന മാരാര്‍ 1973 ഏപ്രില്‍ 6ന് (തന്റെ എഴുപത്തി മൂന്നാം വയസ്സില്‍) അന്തരിച്ചു..
ആദരവോടു കൂടിയ സ്മരണാഞ്ജലി..

പദ് മനാഭന്‍ തിക്കോടി

Monday, March 30, 2015

ഓ വി വിജയന്‍

തന്റെ വരയിലൂടെ ഈ ഇതിഹാസകാരന്‍ ഭരണ സംവിധാനങ്ങളെ വിറപ്പിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഖസാക്കിന്റെ ഇതിഹാസം എന്ന മഹത്തായ സൃഷ്ടിയിലൂടെ ഇദ്ദേഹം മലയാള നോവല്‍ സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ചു.
ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍ ഒട്ടേറെ സിദ്ധികളുമായാണ് ഭൂജാതനായത്‌. അന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ ഈ സിദ്ധികളെയും ചിന്താധാരകളെയും വളര്‍ത്താനും പ്രയോഗിക്കാനും സാഹചര്യങ്ങള്‍ ഒരുക്കിയപ്പോള്‍ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച സാഹിത്യസൃഷ്ടികളും.
തനിയ്ക്ക് എഴുതാന്‍ മാത്രമേ അറിയൂ എന്ന് വിശ്വസിയ്ക്കാന്‍ ഇഷ്ടപ്പെട്ട വിജയന്‍ തന്റെ ആ അറിവ് താന്‍ വിശ്വസിയ്ക്കുന്ന നന്മകളിലേയ്ക്ക് തന്റെ വായനക്കാരെ ആകര്‍ഷിയ്ക്കാന്‍ ഉപയോഗപ്പെടുത്തി. 
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിയ്ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ കൃതികൊണ്ട് തന്നെ വിവാദ പുരുഷനുമായി. ഈ കൃതിയില്‍ തെളിഞ്ഞു കാണുന്ന 
തലച്ചോറും ഹൃദയവും സമ്മേളിയ്ക്കുന്ന കല തന്നെയാണ് വിജയനെ സമകാലീനരില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്. 
ഈ കൃതി മലയാള സാഹിത്യത്തില്‍ മലയാളനോവല്‍ ഖസാക്കിന് ശേഷവും മുമ്പും എന്ന ഒരു കാല വേര്‍തിരിവ് തന്നെ സൃഷ്ടിച്ചു- 
വിജയന്റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തതയും, ചെത്തി മിനുക്കിയെടുത്ത ഭാഷയും ഒക്കെ വിജയന്റെ കഥകളുടെ കരുത്തും വിസ്മയകരമായ വൈവിധ്യവുമാണ്. 
ഖസാക്കിലെ രവിയെ വിട്ടുപോകാന്‍ കഴിയാത്ത വിധം വിജയന്‍ സ്നേഹിച്ചു. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി: രവി എനിയ്ക്ക് പ്രിയപ്പെട്ടവനാണ്. കാരണം, നിയമശാഠ്യങ്ങളും  പ്രകടനപരമായ മൂല്യ നിഷ്ഠയും ധാര്‍മികമായ താന്‍ പ്രമാണിത്തവും ഇല്ലാത്ത പാവപ്പെട്ട ഒരു മനുഷ്യനാണ് രവി. നമ്മുടെ ഭള്ളുകള്‍ മാറ്റി വെച്ചാല്‍ നാമൊക്കെ രവിയെപ്പോലെ തന്നെ.
നമുക്കും മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താനാവുന്നില്ല, രവിയെയും ഒപ്പം 
അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി എന്നിവരെയും.
'നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്ടിയുടെ നോവുകളില്ലാതെ .ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.ഇവിടെ മരത്തിന്‍റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.' എന്ന ആശങ്കപ്പെടല്‍ ഒ.വി.വിജയന് എന്നുമുണ്ടായിരുന്നു .
ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍ . വിജയന്റെ കഥകള്‍ (1978),ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979),കടല്‍ത്തീരത്ത് (1988),കാറ്റ് പറഞ്ഞ കഥ (1989),അശാന്തി (1985),ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993),കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ് കഥാസമാഹാരങ്ങള്‍ . 
ഘോഷയാത്രയില്‍ തനിയെ (1988),വര്‍ഗ്ഗസമരം,സ്വത്വം (1988),കുറിപ്പുകള്‍ (1988),ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നീ ലേഖനസമാഹാരങ്ങളും എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്ന ആക്ഷേപഹാസ്യവും ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) എന്ന കാര്‍ട്ടൂണും സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) എന്ന ഓര്‍മ്മക്കുറിപ്പും ഇതിഹാസകാരന്റേതായിട്ടുണ്ട് .കൂടാതെ നിരവധി രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 
1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ അനന്വയനാക്കുന്നു.
നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍( 1990- ഗുരുസാഗരം), വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ഇവയില്‍ ചിലവ മാത്രം.  
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ജനനം. അച്ഛന്‍ വേലുക്കുട്ടി,അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്‌പെഷല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്പി ക്വാട്ടേഴ്‌സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കന്‍ഡ് ഫോറം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍ററി സ്‌കൂളില്‍ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. തേര്‍ഡ്‌ഫോറം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. ഫോര്‍ത്ത് ഫോറം മുതല്‍ സിക്‌സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. സിക്‌സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്‍റ്ര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയാ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി . പ്രസിഡന്‍സി കോളജില്‍ നിന്ന് തന്നെ ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി- കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്‍ക്കാലത്ത്‌  വിജയന്‍ അനുസ്മരിക്കുന്നുണ്ട്. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു). മാതൃഭൂമി, ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. 
2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ ഓര്‍മ്മയായി.

പദ് മനാഭന്‍ തിക്കോടി