Wednesday, October 7, 2015

മലബാറിലെ മെഹ്ഫില്‍ സംഗീതത്തിന്റെ അമരക്കാരന്‍

തനിക്ക് കേള്‍ക്കാന്‍ മാത്രം പാട്ടുകളുണ്ടാക്കാനായി ദൈവം ബാബുരാജിനെ തിരിച്ചു വിളിച്ചിട്ട്‌ 37 വര്‍ഷം കഴിഞ്ഞു. ദൈവം പാട്ടുകള്‍ കേള്‍ക്കുന്നുണ്ടാവാം.
എന്നാല്‍ കാലമിത്രയേറെ കഴിഞ്ഞിട്ടും താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ (ഭാർഗ്ഗവീനിലയം), സൂര്യകാന്തീ (കാട്ടുതുളസി). ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല), മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ), തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം), ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ(പാലാട്ടുകോമൻ), കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ), സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും (ഖദീജ), ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു (കാട്ടുതുളസി), അകലെ അകലെ നീലാകാശം (മിടുമിടുക്കി), പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ) തുടങ്ങിയ ലളിതവും തീവ്രവുമായ ഈണങ്ങള്‍ കൊണ്ട് സമ്പന്നമായ നിരവധി ഗാനങ്ങളിലെ പ്രണയമധുരവും വിരഹതാപവും ജീവിതയാഥാര്‍ഥ്യങ്ങളും നാം മലയാളികളുടെ ഹൃദയങ്ങളെ അലിയിച്ചു കൊണ്ടേയിരിക്കുന്നു. പാട്ടിനെ പ്രണയിക്കുന്നവരുടെ മനസ്സില്‍ മായാതെ ബാബുരാജിന്റെ സ്മരണകളും.
മലയാളിയുടെ സംഗീതശീലങ്ങളില്‍ ബാബുരാജ് ഒരു മിത്ത് ആണ്. ആര്‍ദ്ര ഹിന്ദുസ്ഥാനിയുടെ സാന്ദ്രസംഗീതത്തിന്റെ ലയമാധുരി. ഒരു രാഗമഴതന്നെ മലയാളിക്കായി ബാക്കിവച്ചാണ് നമ്മെ വിട്ടുപിരിഞ്ഞതെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച സംഗീതത്തിന്റെ മാസ്മരികത ഇന്നും മലയാളിയുടെ മനസ്സിനെ ആകര്‍ഷണ വലയത്തില്‍ തന്നെ ഒതുക്കിയിരിയ്ക്കുന്നു.
ബാബുരാജിന്റെ പാട്ടുകളില്‍ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. അനാഥമാക്കപ്പെട്ട ബാല്യത്തിന്റെയും അലഞ്ഞു തിരിഞ്ഞു നടന്ന കൌമാരത്തിന്റെയും ആഘോഷിക്കപ്പെട്ട യൌവനത്തിന്റെയും അവഗണിക്കപ്പെട്ട അവസാന നാളുകളുടെയുമെല്ലാം ഭാവങ്ങള്‍.
ജന്മദാനമായി കിട്ടിയ ഹിന്ദുസ്ഥാനി ജ്ഞാനവും, അറിഞ്ഞ് മനസിലാക്കിയ പാശ്ചാത്യസംഗീതവും, നാടന്‍ശീലും തന്റെ ഗാനങ്ങളില്‍ ലയിപ്പിച്ചുകൊണ്ട് സംഗീതത്തില്‍ ഒരു ഭിന്ന വഴി തന്നെ ബാബുരാജ് സൃഷ്ടിച്ചു.
ആത്മാവുള്ള വരികളേയും, അനുഭവിച്ചറിഞ്ഞ് പാടുന്ന ഗായകരേയും കൂട്ടുചേര്‍ത്ത് ദു:ഖത്തിനും പ്രേമത്തിനും വിരഹത്തിനും പ്രതീക്ഷകള്‍ക്കും ഇദ്ദേഹം സംഗീത ഭാഷ്യം ചമച്ചു.
മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ ഈ സംഗീത പ്രതിഭ ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർക്ക് സമ്മാനിച്ചു.
ഒരു ബംഗാളിയും ഹിന്ദുസ്ഥാനി ഗായകനുമായിരുന്ന ജാന്‍ മുഹമ്മദ്‌ സാബിര്‍ ബാബുവിന് കോഴിക്കോടിന്നടുത്ത ആക്കോട് സ്വദേശിനി ഫാത്തിമയില്‍ ജനിച്ച മൂന്നു മക്കളില്‍ രണ്ടാമനായ മുഹമ്മദ് സബീർ, എം.എസ് ബാബുരാജാകുന്നത്‌ കുഞ്ഞു മുഹമ്മദ് എന്ന കലാസ്നേഹിയായ ഒരു പോലീസുകാരന്‍ ഇദ്ദേഹത്തെ ദത്തെടുക്കുന്നതോടെയാണ്‌. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന ആ കുട്ടി സംഗീതകാരൻ ജാൻ മുഹമ്മദിൻറെ മകനാണ് എന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് ആ അനാഥ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. ഫാത്വിമയുടെ മരണത്തെ തുടർന്ന് പുനര്‍വിവാഹം ചെയ്ത ജാൻ മുഹമ്മദും താമസിയാതെ മരിച്ചതോടെ അനാഥരായിതീർന്ന ബാബുവും മജീദും വിശപ്പടക്കാൻ വഴിയോരത്തു വയറ്റത്തടിച്ചു പാടി ഉപജീവനം തേടവേയാണ് ദൈവം കുഞ്ഞിമുഹമ്മദിന്റെ രൂപത്തില്‍ രക്ഷയ്ക്കെത്തുന്നത്. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട് സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു. അക്കാലത്തെ സാംസ്കാരിക നായകരുടെ ഒത്തുകൂടല്‍ കേന്ദ്രമായ കോഴിക്കോട്ടെ സംഗീത പരിപാടികള്‍ സാബിറിനെ പ്രശസ്തരായ വ്യക്തികള്‍ ശ്രദ്ധിയ്ക്കാന്‍ ഇടയാക്കി.
(കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെയും ഈ പോലീസുകാരനാണ് എടുത്ത്‌ വളർത്തിയത്‌. നടൻ കെ.പി. ഉമ്മറിനെയും ബാബുരാജ്‌, കോഴിക്കോട് അബ്ദുൽ ഖാദർ എന്നിവരെയും തൻറെ ബ്രദേർസ് മ്യൂസിക്‌ ക്ലബ്ബിലൂടെ അദ്ദേഹം കലാ ലോകതെതിച്ചു. മുതിർന്നപ്പോൾ ബാബുരാജിന്നും അബ്ദുൽ ഖാദറിന്നും കുഞ്ഞുമുഹമ്മദ്‌ തന്റെ സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്തു.)
മലബാറിലെ ഗസല്‍ഖവ്വാലി സദസുകളിലൂടെ ശ്രദ്ധേയനായ ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു; സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. അതേസമയം അതില്‍ ദുഃഖത്തിന്റെ ആര്‍ദ്രലാഞ്ചനയുമുണ്ടായിരുന്നു.
ഉള്ളു തുറന്ന വിലാപസ്ഥായിയില്‍ അദ്ദേഹം പാടിയുണര്‍ത്തിയ മെഹ്ഫില്‍ രാവുകള്‍ മലബാറിന്റെ സംഗീതസംസ്കാരത്തിന്റെ ചരിത്രമാണ്.
കെ പി ഉമ്മർ, തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻ‌ക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്. തുടര്‍ന്ന് ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡം തുടങ്ങി ഒട്ടേറെ നാടകങ്ങളിലെ ഗാനങ്ങൾക്കും ബാബുരാജ്‌ ഈണം പകര്‍ന്നു. നമ്മളൊന്ന് എന്ന നാടകത്തിലെ ഇരുന്നാഴി മണ്ണിനായ് ഉരുകുന്ന കർഷകർ എന്ന ഗാനം ആലപിച്ചതും ബാബുരാജായിരുന്നു.
കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം 1953 ൽ തിരമാല എന്ന ചിത്രത്തില്‍ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായി പ്രവര്‍ത്തിയ്ക്കാന്‍ അവസരം നൽകി. ഭാസ്കരന്‍ മാഷ്‌ തന്നെയാണ് അദ്ദേഹത്തിനു ബാബുരാജ് എന്ന് നാമകരണം നല്‍കിയതും. ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 1957ൽ മിന്നാമിനുങ്ങ്(സംവിധാനം:രാമു കാര്യാട്ട്) എന്ന ചിത്രത്തിനാണ്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ചത് നിത്യ ഹരിതങ്ങളായ ഈണങ്ങൾ. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്.
1960 കളാണു ബാബുരാജ് സംഗീതത്തിന്റെ സുവർണ്ണകാലം എന്നു പറയാം. 1964 ൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയർത്തി. ഈ സിനിമയിലെ താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സിൽ മൂളി നടക്കുന്നവയാണ്. ഇദ്ദേഹം ഈണം നല്‍കിയ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. വയലാർ, ഒ എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച മറ്റു പ്രശസ്ത ചിത്രങ്ങൾ. 1967 ല്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരന്‍ മാഷ്‌ എഴുതി ബാബുരാജ് ഈണമിട്ടു ദാസേട്ടന്‍ പാടിയ 'ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നായാണ് ഞാനിപ്പോഴും ഗണിയ്ക്കുന്നത്. ചുഴി, നീതി എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചതും ബാബുരാജായിരുന്നു. പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ഉണ്ടായി.നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്ന ബാബുരാജിന്റെ അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ചില സംഗീതപ്രവര്‍ത്തകര്‍ ചേര്‍ന്ന് മലയാളത്തിലെ മികച്ച പത്തു ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയുണ്ടായി.. അതില്‍ ഏഴും ബാബുരാജ് സംഗീതം നല്‍കിയവയായിരുന്നു എന്നത് ശ്രദ്ധേയം. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞവ മൂന്നെണ്ണം മാത്രം.ഇത് തന്നെയല്ലേ ആ പ്രതിഭയുടെ ഔന്നത്യം? ദു:ഖകരമായ ഒരു വസ്തുത ബാബുരാജിന്റെ ഓര്‍മയ്ക്കായി ഒരു സ്മാരകംപോലും ജന്മനഗരത്തിലില്ല. നടക്കാവിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാബുരാജ് അക്കാദമിയും സംഗീത-നൃത്ത ക്ലാസുകളുമാണ് മലബാറിലെ മെഹ്ഫില്‍ സംഗീതത്തിന്റെ അമരക്കാരന്റെ പേരുണര്‍ത്തുന്ന ഏക സ്ഥാപനം.പതിനഞ്ചു വര്‍ഷമായി മകന്‍ ജബ്ബാര്‍ ഒറ്റയ്ക്ക് സംഘടിപ്പിക്കുന്ന അനുസ്മരണ സംഗീതനിശയല്ലാതെ മറ്റൊരു പരിപാടിയും ബാബുക്കയുടെ പേരിലില്ല. പിതാവിന്റെ മാത്തോട്ടത്തെ കബറിടത്തില്‍നിന്ന് അനുഗ്രഹം വാങ്ങി ഇത്തവണയും ജബ്ബാര്‍ പരിപാടിയുടെ സംഘാടനത്തില്‍ സജീവമായിട്ടുണ്ട്.
പദ് മനാഭന്‍ തിക്കോടി

Wednesday, September 30, 2015

അന്ത്യാഭിലാഷം

  പദ് മനാഭന്‍ തിക്കോടി
--------------------------------------------------------
അഭിലാഷം ഏറെയുണ്ട്,
ഇവിടെ പക്ഷെ ചോദ്യം ഒന്ന്,
നിന്റെ അന്ത്യാഭിലാഷം?
എന്ത് പറയണം..?
മൌനം?
ആരോ ചെവിയില്‍ പറയുന്നു,
പാടില്ല,
ലോകം നിന്നെ കൊലയാളി എന്ന് വിളിയ്ക്കും.
നിന്റെ നാമം 
ഭീകരന്മാരുടെ പട്ടികയില്‍ വരും.
പിന്നെ നിന്റെ ഭാര്യ, 
മക്കള്‍,
മരുമക്കള്‍
ഇവരും ഭീകരര്‍ 
കൊടും ഭീകരര്‍.
കസ്റ്റഡി, അറസ്റ്റ്,
റിമാണ്ട്, വിചാരണ,
ശിക്ഷ,
അപ്പീല്‍, 
വീണ്ടും അപ്പീല്‍,
വീണ്ടും വീണ്ടും ശിക്ഷ,
ദയാ ഹരജി.
വീണ്ടും, വീണ്ടും..
വേണ്ട, മൗനം വേണ്ട.
എന്ത് പറയണം?
എന്റെ ദലിത സുഹൃത്തിനെ 
അപമാനിച്ച,
അവന്റെ സഹോദരിയുടെ 
സ്ത്രീത്വം നശിപ്പിച്ച 
ആ നിയമ പാലകനെ 
വെടിവെച്ചു കൊല്ലണം എന്നോ?
എന്റെ പിതാവിന്റെ മുന്നിലിട്ട് 
എന്റെ മാതാവിനെ ചവിട്ടി കൊന്ന 
ആ കാക്കിധാരികളെ 
കുത്തി മലര്‍ത്തണം എന്നോ?
വേണ്ട.
ഇതൊന്നും പറഞ്ഞാല്‍ തീരില്ല.
ഇത് പറയാം:
എന്റെ ബോഡി 
ശാന്തത കളിയാടുന്ന 
ഒരു ഗുഹയില്‍ അടക്കണം, 
പുറത്ത് എഴുതി വെയ്ക്കണം.
"സഹജീവികളെ സ്നേഹിച്ചിരുന്ന 
അവരെ രക്ഷിയ്ക്കാന്‍ ശ്രമിച്ചിരുന്ന
ഒരു മനുഷ്യന്‍ 
ഇവിടെ വിശ്രമിയ്ക്കുന്നു;
ഇനിയൊരു തലമുറയും 
പ്രതികരിയ്ക്കരുത് 
എന്ന സന്ദേശവുമായി.
തനിയ്ക്കെതിരെ ചമച്ച 
വ്യാജ കുറ്റപത്രങ്ങള്‍ക്കെതിരെ
നിസ്സഹായനായി
മരണം ഏറ്റു വാങ്ങുകയായിരുന്നു ഇയാള്‍."
--------------------------

Friday, September 18, 2015

ദൈവ വിശ്വാസി

ഒരു നല്ല മനുഷ്യനാവാന്‍ ദൈവവിശ്വാസി ആകണം എന്നുണ്ടോ?
പ്രകൃതിയെ ദേവാലയം പോലെ കാണുന്ന എത്ര മഹദ് വ്യക്തികള്‍ ഉണ്ട്!
ചരിത്ര പഥത്തില്‍ നാം കണ്ടുമുട്ടുന്ന നല്ല മനുഷ്യരില്‍ വലിയൊരു ശതമാനം ദൈവവിശ്വാസികള്‍ ആയിരുന്നില്ല എന്ന് നമുക്ക് കാണാം.
എന്നാല്‍ പൈശാചികവും ക്രൂരവുമായ ചെയ്തികളില്‍ ഏറെയും ദൈവത്തിന്റെ നാമത്തില്‍ ആയിരുന്നുവെന്ന വിചിത്രമായ സത്യം ഭൂതകാലത്തില്‍ എന്ന പോലെ വര്‍ത്തമാന കാലത്തും നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു..


പദ് മനാഭന്‍ തിക്കോടി

Monday, August 17, 2015

ഒരു വിദ്വല്‍ സദസ്സ്

ഒരു വിദ്വല്‍ സദസ്സ് 
സ്വപ്‌നത്തില്‍.
മേലാപ്പില്ലാത്ത പന്തലിന്റെ 
ഏതോ കോണിലായിരുന്നു 
സദസ്സ്. 
ചുവന്ന ഇരിപ്പിടങ്ങളില്‍ 
പകല്‍ക്കിനാവുകള്‍ക്ക് അവധി നല്‍കി 
പണ്ഡിതരും അതിഥികളും.
വന്നവര്‍ക്കൊന്നും 
പഞ്ചേന്ദ്രിയങ്ങള്‍ ഉണ്ടായിരുന്നില്ല. 
ഒരു കവി ശബ്ദമില്ലാതെ 
കവിത ചൊല്ലുന്നു 
സ്വപ്‌നത്തില്‍.
മറ്റൊരു കവി 
കുപ്പായക്കീശയിലെ 
കടലാസ്സു ചുരുളുകള്‍ 
സദസ്സിനു കൈമാറി 
കണ്ണുകള്‍ തുറക്കാതെ.
കേള്‍ക്കാത്ത ഗാനത്തിന് 
താളമിടുന്നുണ്ടായിരുന്നു
ചില വിദുഷികള്‍
സ്വപ്നത്തില്‍.

സദസ്സിനോട് ചേര്‍ന്ന്  
തീന്‍ മേശയുണ്ടായിരുന്നില്ല. 
സ്വയം വിളമ്പാന്‍ കഴിയാത്ത 
വിദ്വാന്മാര്‍ക്ക് വിളമ്പിക്കിട്ടിയ 
അപ്പങ്ങള്‍ക്കും 
നിവേദ്യങ്ങള്‍ക്കും 
ഒരു സ്വാദും ഉണ്ടായിരുന്നില്ല. 
അവര്‍ക്ക് നാവില്ലായിരുന്നു
സ്വപ്നത്തില്‍.
എന്നിട്ടും അവര്‍ക്ക് ലഭിച്ചത് 
ഒരേയൊരു സ്വാദ്,
മധുരം മാത്രം. 
സ്വപ്‌നത്തില്‍. 


പദ് മനാഭന്‍ തിക്കോടി

Saturday, August 15, 2015

സ്വാതന്ത്ര്യം

പുതിയ സിനിമയിലെ നല്ലൊരു ഗാനത്തിന്റെ ഈരടികള്‍ മൂളുകയായിരുന്നു, ടുട്ടു എന്ന ആ തത്ത.
എന്തോ ശബ്ദം കേട്ട് ടുട്ടു തിരിഞ്ഞു നോക്കി.
മൂളിപ്പാട്ട് മുറിഞ്ഞുപോയത്തിലുള്ള ഈര്‍ഷ്യ മുഖത്തും കണ്ണിലും തെളിഞ്ഞു.
ഓ, രമ്യ മോളാണ്. കൂടിന്റെ വാതില്‍ തുറക്കുകയാണവള്‍.
ടുട്ടു ചിന്തിച്ചു: ഇന്ന് സ്വാതന്ത്യ ദിനമല്ലേ. എന്നെ സ്വതന്ത്രയാക്കുകയായിരിയ്ക്കും.
രമ്യ ഇന്ദുക്കുഞ്ഞിനെ വിളിച്ചു പറഞ്ഞു: ആ പെയിന്റ് ബോക്സ്‌ ഇങ്ങു കൊണ്ടുവാ.
ടുട്ടു കരഞ്ഞുപോയി.
ഭംഗിയായി സൂക്ഷിച്ചിരുന്ന തന്റെ തൂവലുകളില്‍ രമ്യ മോളും ഇന്ദുക്കുഞ്ഞും കൂടി പെയിന്റ് ചെയ്യുന്നു. ആകെ ഒട്ടിപ്പിടിയ്ക്കുന്ന പോലെ.
ചിറക് ഇളക്കി നോക്കി.
" ഇളക്കല്ലേ മോളെ, പെയിന്റ് പരന്നു പോകും. ഇന്ന് സ്വാതന്ത്ര്യ ദിനമല്ലേ. നിന്നെ ഞങ്ങള്‍ ദേശീയ പതാകയുടെ നിറമാക്കുകയല്ലേ. ജഡ്ജസ്സിന് ഇഷ്ടമായാല്‍ സമ്മാനമുണ്ട്.."
ടുട്ടുവിനെ അവര്‍ വീണ്ടും കൂട്ടിലടച്ചു.



പദ് മനാഭന്‍ തിക്കോടി

Saturday, June 27, 2015

അക്ഷരങ്ങള്‍ പാഴ് വിത്തുകള്‍

എന്റെ അക്ഷരങ്ങള്‍ 
പാഴ് വിത്തുകള്‍
എന്റെ വിത 
പാറപ്പുറത്ത് 
മുള പൊട്ടാത്തത്‌ 
വെറുതെയല്ല.



പദ് മനാഭന്‍ തിക്കോടി

Friday, June 19, 2015

ശ്രീകുമാരന്‍ തമ്പി- കലാ സാഹിത്യ രംഗത്തെ ബഹുമുഖ പ്രതിഭ.

ശ്രീകുമാരന്‍ തമ്പി –
കാവ്യദേവതയുടെ അനുഗ്രഹം നിര്‍ലോപം ചൊരിഞ്ഞു കിട്ടിയ സര്‍ഗധനന്‍. മൌലികത കൊണ്ട് വേറിട്ടുനിന്ന, ആത്മദര്‍ശനമുള്ള, മലയാളിയുടെ സംസ്കാരവും ഗ്രാമീണതയും നിറഞ്ഞുനിന്ന രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങളുടെ പാലാഴി നമുക്ക് ചുറ്റും ഒഴുക്കിയ പ്രിയപ്പെട്ട കവി. മലയാള സാഹിത്യശാഖയെ എന്നപോലെ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെയും തന്റെ അതുല്യ വ്യക്തിത്വം കൊണ്ട് കീഴടക്കിയ അസാമാന്യ പ്രതിഭ.
ഗാനരചനാരംഗത്ത്‌ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍ തമ്പി ഇക്കാലയളവില്‍ നമുക്ക് സമ്മാനിച്ചത്‌ ചലച്ചിത്രഗാനങ്ങള്‍ മാത്രമല്ല. ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ആല്‍ബങ്ങളും ആയി ആയിരത്തിലേറെ രചനകളിലൂടെ തമ്പി അനുവാചക ഹൃദയങ്ങളെ കീഴടക്കി.
വളരെ ചെറുപ്പം മുതലേ തമ്പി കവിതകള്‍ എഴുതിത്തുടങ്ങി. അന്നുമുതലേ ആത്മദര്‍ശനമുള്ള വരികള്‍ തമ്പിയോടൊപ്പം ഉണ്ടായിരുന്നു. പതിനൊന്നാം വയസ്സില്‍ എഴുതിയ തന്റെ ‘കുന്നും കുഴിയും’ എന്ന കവിതയെക്കുറിച്ച് പരാമര്‍ശിയ്ക്കവേ  അദ്ദേഹം പറയുന്നത് ഇങ്ങനെ: ഒരുയര്‍ച്ചയ്ക്ക് ഒരു താഴ്ച്ചയുമുണ്ട് എന്ന പ്രകൃതി നിയമം കൊച്ചുകുട്ടിയായിരിയ്ക്കുമ്പോഴേ എന്നെ സ്വാധീനിച്ചിരുന്നു. പ്രണയഗാനമായാലും ഹാസ്യഗാനമായാലും ഭക്തിഗാനമായാലും അദ്വൈതചിന്തയും വേദാന്തവും എല്ലാം എന്നില്‍ മിന്നിമായുന്നതും അതുകൊണ്ടാവാം.
 തിരുവനന്തപുരം ആകാശനിലയത്തിലൂടെ ഇദ്ദേഹത്തിന്റെ ലളിതഗാനം ആദ്യമായി പ്രക്ഷേപണം ചെയ്തു തുടങ്ങിയത് തന്റെ പതിനെട്ടാം വയസ്സിലാണ്. ഇതിനു പുറമെ മദ്രാസ്‌ നിലയത്തിനു വേണ്ടിയും ഏതാനും ഗ്രാമഫോണ്‍ കമ്പനികള്‍ക്കു വേണ്ടിയും നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു.
ജയവിജയന്മാര്‍ ആദ്യമായി ഈണം നല്‍കിയ രണ്ടു ഗാനങ്ങള്‍ പിറന്നത്‌ തമ്പിയുടെ തൂലികയില്‍ നിന്നാണ്. ‘ഗുരുവും നീയെ, സഖിയും നീയെ’, ‘ഗോപീ ഹൃദയ കുമാരാ’ എന്നീ ഹിറ്റുകള്‍ യേശുദാസിന്റെ സ്വരത്തില്‍ ഗ്രാമഫോണ്‍ ഡിസ്ക് ആയാണ് പുറത്തിറങ്ങിയത്. യേശുദാസ്‌ തമ്പി രചിച്ച അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1966 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം പുറത്തുവരുന്നത്‌. കാട്ടുമല്ലിക എന്ന ചിത്രത്തിലെ “താമരത്തോണിയിലാലോലമാടി....” ആണ് ആദ്യ പാട്ട്. ഒട്ടേറെ സംഗീതജ്ഞര്‍ ഇദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണങ്ങള്‍ നല്‍കി. ദക്ഷിണാമൂര്‍ത്തി, എം ബി ശ്രീനിവാസന്‍, ദേവരാജന്‍, ജയ-വിജയന്മാര്‍, എം കെ അര്‍ജുനന്‍ തുടങ്ങിയ മഹാരഥന്‍മാരിലൂടെയൊക്കെ തമ്പിയുടെ ഈരടികള്‍ ഗാനപീയുഷങ്ങളായി മലയാളിയുടെ കര്‍ണ്ണവും ഹൃദയവും കീഴടക്കി. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ 'ഹ്യദയസരസ്സ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയലാര്‍, ഓ എന്‍ വി തുടങ്ങിയ പ്രശസ്തരുടെ കാലത്തും വ്യത്യസ്തമായ രചനകളിലൂടെ തമ്പി തന്റെ വ്യക്തിത്വം നിലനിര്‍ത്തി. ഇവരുടെയൊന്നും അനുകര്‍ത്താവാകാന്‍ ഇദ്ദേഹം തുനിഞ്ഞില്ല. ഈ മൌലികതയോടൊപ്പം കഠിനാധ്വാനവും ദൈവാനുഗ്രഹവും ചേര്‍ന്നപ്പോള്‍ മറ്റു പ്രശസ്തരുടെ നിലയിലേയ്ക്ക് അദ്ദേഹം കുതിച്ചുയര്‍ന്നു.
ഇദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവ് ഭാസ്കരന്‍ മാഷാണ്. തമ്പി അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ, ഞാന്‍ ഏറെ ആദരിയ്ക്കുന്ന കവിയാണ്‌ ഭാസ്കരന്‍ മാഷ്‌. സിനിമയുടെ സിറ്റ്വെഷന് അനുസരിച്ച് പാട്ടുകള്‍ എഴുതാന്‍ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ആ പാട്ടുകളെല്ലാം കാവ്യചിത്രങ്ങളാണ്. ( തമ്പിയുടെതായി പ്രസിദ്ധീകരിച്ചു വന്ന ആദ്യ ലേഖനം പി ഭാസ്കരനെ കുറിച്ചായിരുന്നു..തന്റെ പതിനെട്ടാം വയസ്സില്‍ കൌമുദിയിലാണ് അത് അച്ചടിച്ചുവന്നത്.)
വയലാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തമ്പി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തി. തമ്പിയുടെ  ആദ്യ കവിതാസമാഹാരമായ “ഒരു കവിയും കുറെ മാലാഖമാരും”  പുറത്തിറങ്ങിയത് വയലാറിന്റെ അവതാരികയുമായാണ്. അതില്‍ വയലാര്‍ ഇങ്ങനെ എഴുതി: ഈ കവിയെ മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു.
ആദ്യ കവിതാ സമാഹാരത്തിനു പുറമെ മറ്റു നാല് കവിതാഗ്രന്ഥങ്ങള്‍ കൂടി തമ്പിയുടെതായിട്ടുണ്ട്- എഞ്ചിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൽ, ശീർഷകമില്ലാത്ത കവിതകൾ. രണ്ടു നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്- കാക്കത്തമ്പുരാട്ടി, കുട്ടനാട്.
എട്ടു വര്‍ഷത്തോളം ഗാനരചനാ രംഗത്ത്‌ തന്നെ നിലയുറപ്പിച്ചിരുന്ന തമ്പി 1974 ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ മറ്റു മേഖലകളിലേയ്ക്കും കടന്നു. ഈ ചിത്രത്തിന്റെ നിര്‍മാണം, തിരക്കഥ, സംവിധാനം എന്നിവകൂടി ഇദ്ദേഹം നിര്‍വഹിച്ചു. ഇതിനെ തുടര്‍ന്ന് ഗാനരചനയില്‍ നിന്നും ഇത്തിരി മാറി നില്‍ക്കേണ്ടി വന്നു. പാട്ടെഴുത്തുകാരനെന്ന കരിയര്‍ ഗ്രാഫിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം താന്‍ തന്നെയാണ് എന്നദ്ദേഹം ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്.
തുടര്‍ന്നുള്ള കാലഘട്ടം തമ്പിയുടെ ബഹുമുഖ പ്രതിഭയുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തിളങ്ങി. മുപ്പത് സിനിമകൾ സംവിധാനം ചെയ്തു. എഴുപത്തഞ്ചിലേറെ സിനിമകൾക്കുവെണ്ടി തിരക്കഥയെഴുതി.( തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് തമ്പി). ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. (അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചത് ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായഅമ്മത്തമ്പുരാട്ടിയിലായിരുന്നു).
1995 ല്‍ എന്‍ മോഹനന്റെ ചെറുകഥകള്‍ “മോഹനദര്‍ശനം” എന്ന പേരില്‍ ദൂരദര്‍ശന് വേണ്ടി സംവിധാനം ചെയ്തുകൊണ്ടാണ് തമ്പി സീരിയലുകളിലേയ്ക്ക് തിരിഞ്ഞത്. തുടര്‍ന്ന് ‘മേളപ്പദം’.
മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാൻ ശ്രീകുമാരൻ തമ്പി ഒരിക്കലും തയ്യാറായില്ല. ഇക്കാരണത്താൽ കടുത്ത വിമർശനങ്ങള്‍ ഇദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്.  തന്‍റെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കാനുള്ള ആദ്യ ശ്രമത്തില്‍ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം ശ്രീകുമാരൻ തമ്പി പാടേ നിരസിച്ചു; അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്.
നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇക്കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു.
ഇദ്ദേഹത്തിന്റെ ചില ഗാനങ്ങളുടെ ക്രെഡിറ്റ്‌ വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. തുടങ്ങിയര്‍ക്കു നല്‍കിയതിനെക്കുറിച്ച് ക്ഷോഭിയ്ക്കാനൊന്നും തമ്പി തയ്യാറില്ല. ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഇരുപത്തഞ്ചാം വയസ്സുമുതല്‍ മദ്രാസില്‍ ഒരു മറുനാടന്‍ മലയാളിയായി ജീവിച്ച എനിയ്ക്ക് ഇത്തരം പിശകുകള്‍ ചൂണ്ടിക്കാണിയ്ക്കാനോ തിരുത്താനോ കഴിഞ്ഞില്ല. ദേവരാജന്‍ മാസ്റ്റരുടെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ തുടങ്ങുമ്പോള്‍ തന്നെ അതെഴുതിയത് വയലാര്‍ ആയിരിയ്ക്കും എന്ന ഒരു ധാരണ സാമാന്യ ജനങ്ങള്‍ക്ക്‌ വന്നു പെട്ടിരുന്ന കാലമായിരുന്നല്ലോ അത്. പിന്നെ, അങ്ങനെ തെറ്റിദ്ധരിച്ചെങ്കില്‍ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിവുല്ലയാളാണ് എന്ന് സമ്മതിച്ചുതരുന്നതിനു തുല്യമല്ലേ?
ഇദ്ദേഹത്തിന്റെ പ്രശസ്തമായ, എനിയ്ക്കേറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഇവയാണ്- അകലെ അകലെ നീലാകാശം, ഉത്തരാ സ്വയംവരം, മനസ്സിലുണരൂ, ഹ്യദയ സരസ്സിലെ, ദുഃഖമേ നിനക്ക് പുലർ ക്കാല വന്ദനം, ആ നിമിഷത്തിന്റെ, പൊൻവെയിൽ മണിക്കച്ച, വാല്ക്കണ്ണെഴുതി വനപുഷ്പം, സന്ധ്യക്കെന്തിനു സിന്ദൂരം, ചിരിക്കുമ്പോൽ കൂടെ ചിരിക്കാൻ, ഈശ്വരനൊരിക്കൽ വിരുന്നിനു പോയി, പൗർണ്ണമി ചന്ദ്രിക തൊട്ട് വിളിച്ചു, വൈക്കത്തഷ്ടമി നാളിൽ, മലയാള ഭാഷതൻ മാദക ഭംഗി, നിൻ മണിയറയിലെ, കസ്തൂരി മണക്കുന്നല്ലോ കാറ്റെ, സുഖമൊരു ബിന്ദു, സ്വർഗ്ഗ നന്ദിനി, ഒരു മുഖം മാത്രം, എത്ര ചിരിച്ചാലും ചിരി തീരുമോ, ചന്ദ്രികയിൽ അലിയുന്നു, അവൾ ചിരിച്ചാൽ മുത്തു ചിതറും, മലർ കൊടി പോലെ, പൂവിളി പൂവിളി പൊന്നോണമായി..., ദർശനം പുണ്യ ദർശനം, ചന്ദ്ര ബിംബം നെഞ്ചിലേറ്റും, സാമ്യമകന്നൊരുദ്യാനമേ, പാടാത്ത വീണയും പാടും, എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ, കൂത്തമ്പലത്തിൽ വെച്ചൊ, ഇന്നുമെന്റെ കണ്ണുനീരിൽ, സുഖമെവിടെ ദുഃഖമെവിടെ, ഉണരുമീ ഗാനം, നീലനിശീഥിനീ, ഒരിക്കൽ നീ ചിരിച്ചാൽ, ഹ്യദയം കൊണ്ടെഴുതുന്ന കവിത, പാടാം നമുക്കു പാടാം, ചുംബനപ്പൂ കൊണ്ട് മൂടി, സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ, ബന്ധുവാര് ശത്രുവാര്, നീയെവിടെ നിൻ നിഴലെവിടെ...
ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്‌, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു.
തമ്പിയുടെ സിനിമ-കണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡുനേടിയിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. (വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ "സുഖമെവിടെ ദു:ഖമെവിടെ" എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്). ഫിലിം ഫാൻസ്‌ അവാർഡ്‌, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ്‌ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്തഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.

തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിലിലും സൗത്ത്‌ ഇന്ത്യൻ ഫിലിം ചേംബർ ഒഫ്‌ കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരൻ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്രപരിഷത്ത്‌, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവയുടെ വൈസ്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന്‌ ആലപ്പുഴ ജില്ലയിലെഹരിപ്പാട് ആണ്‌ ശ്രീകുമാരൻ തമ്പി ജനിച്ചത്. ഹരിപ്പാട്ട്‌ ഗവ. ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്‌, മദ്രാസ്‌ ഐ.ഐ.ഇ.റ്റി., തൃശൂർ എൻജിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസിൽ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.
ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ്‌ ഭാര്യ. കവിത, രാജകുമാരൻ എന്നീ രണ്ടുമക്കൾ. തെലുഗുചലച്ചിത്രരംഗത്തെ ഒരു സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009-ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒട്ടേറെ നഷ്ടങ്ങളും ദു:ഖങ്ങളും അനുഭവിച്ച തമ്പി തകര്‍ച്ചകളില്‍ നിന്നൊക്കെ കരകയറി. പുരാണേതിഹാസങ്ങള്‍ നല്‍കിയ ആത്മബലമാണ് തനിയ്ക്ക് ഇതിനു സഹായകമായത് എന്ന് തമ്പി ഒരിടത്ത് പറഞ്ഞിട്ടുണ്ട്. തന്റെ മകന്റെ മരണവാര്‍ത്ത അദ്ദേഹം അറിഞ്ഞത് ടി വി ന്യൂസിന് അടിയിലൂടെ സ്ക്രോള്‍ ചെയ്തു കാണിയ്ക്കുമ്പോഴായിരുന്നു.ആരും തകര്‍ന്നു പോകുമായിരുന്ന ആ നിമിഷങ്ങള്‍ അദ്ദേഹം തന്റെ ആത്മബലം കൊണ്ട് അതിജീവിച്ചു. ദീര്‍ഘായുസ്സുള്ള ദുര്‍വൃത്തനായ മകനു പകരം അല്പായുസ്സായ സദ്ഗുണസമ്പന്നനായ മകനെ മതിയെന്നു പറഞ്ഞ പുരാണകഥ ഉദ്ധരിച്ച് തനിക്ക് കിട്ടിയ ലാഭം തന്നെയായിരുന്നു പുത്രനെന്ന് അദ്ദേഹം ആശ്വസിച്ചു. 
അദ്ദേഹത്തിന്റെ സിനിമാ ജീവിതം അമ്പതാണ്ടിലെത്തിയിരിയ്ക്കുന്നു. ഇനിയും മലയാള സിനിമയ്ക്കും നമുക്കും അദ്ദേഹത്തിന്റെ മികച്ച സര്‍ഗാത്മക സംഭാവനകള്‍ ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


പദ് മനാഭന്‍ തിക്കോടി