Saturday, March 2, 2013

എന്‍റെ തിക്കോടി (1)

എന്‍റെ തിക്കോടി 

പദ്മനാഭന്‍ തിക്കോടി

  അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍  തുടങ്ങിയ കാലം മുതലേ  തിക്കോടി എന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമം എന്നെ ഒരാവേശമായി പൊതിഞ്ഞിട്ടുണ്ടായിരുന്നു, വല്ലാതെ. ഇപ്പോള്‍ തോന്നുന്നു,അതുകൊണ്ടാവണം ഞാന്‍ എഴുത്ത് തുടങ്ങിയ ഏതോ ദുര്‍ബ്ബലനിമിഷത്തില്‍ മറ്റൊരാവേശം എന്നില്‍ ഒരു ഭ്രാന്തായി നിറഞ്ഞത്‌, തിക്കോടിക്കാരന്‍ എന്ന മേല്‍വിലാസമില്ലാതെ പദ്മനാഭന്‍ എന്ന ഞാനില്ല.

    ആ കാലഘട്ടത്തില്‍ ജില്ലവിട്ട് പുറത്തു പോകുന്നവരെല്ലാം കോഴിക്കോട്ടുകാരന്‍ എന്നാണു സ്വയം പരിചയപ്പെടുത്തുക.. ഞാന്‍ അന്നും എന്നെ പരിചയപ്പെടുത്തിയിരുന്നത് തിക്കോടിക്കാരന്‍ എന്ന്. കൂടെ ചിലപ്പോള്‍ കൂട്ടി ചേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ എന്ന് . ആദ്യം പറഞ്ഞിരുന്നവര്‍ക്ക് നഗരവാസി എന്ന പരിഗണന ലഭിച്ചു. .. ഞാന്‍ ഗ്രാമീണനായി തുടര്‍ന്നു. അഭിമാനമായി തോന്നിയിരുന്നു, എനിയ്ക്ക് ആ പരിഗണന. 

  തിങ്ങിനിറഞ്ഞ തേങ്ങാക്കുലകളുടെ ഭാരവുമായി ഗഗനവീക്ഷണം നടത്തുന്ന തെങ്ങുകളും, തണലേകുന്ന വന്‍ വൃക്ഷങ്ങളും, പച്ച നിറമുള്ള നെല്‍പാടങ്ങളും എന്‍റെ ഗ്രാമത്തിന്‍റെ മുഖഛായ തന്നെ ആയിരുന്നു. അക്കാലത്ത് പറമ്പുകള്‍ക്കിടയിലെ നാട്ടുവഴികളിലൊക്കെ മണലാണ്‌. വെള്ളമണല്‍ പരന്നു കിടക്കുന്ന പാലൂര്‍ ക്ഷേത്രമുറ്റം. മെയിന്‍ റോഡിനും റെയില്‍വേ സ്റ്റേഷന്‍ റോഡിനും വശങ്ങളിലായി ഏതാനും പീടികമുറികള്‍ മാത്രമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട തിക്കോടി ടൌണ്‍..... --   നെല്‍വയലുകള്‍ക്ക് ദാഹജലമേകാന്‍ അരീക്കര തോടും ഓടംകുളവും. വിസ്തൃതമായ റെയില്‍വേ മൈതാനം. വൃത്തിയുള്ള വിശാലമായ ബീച്ച്. 

    തിക്കോടിയിലെ സാമൂഹ്യ വ്യവസ്ഥ തികച്ചും മതനിരപേക്ഷത പുലര്‍ത്തുന്നതായിരുന്നു, അക്കാലത്ത്. തൊട്ടടുത്ത പയ്യോളിയില്‍ നടന്നിരുന്ന, വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിച്ചേയ്ക്കാമായിരുന്ന കണ്ണന്‍ ഗുമസ്തന്‍ കേസൊന്നും ഞങ്ങള്‍ തിക്കോടിക്കാരെ  ഒട്ടും സ്വാധീനിച്ചിരുന്നില്ല. സ്വന്തം മതം മാത്രം ശരി എന്ന ദുഷിച്ച ചിന്ത ഒരു തിക്കോടിക്കാരനിലും ഒരിക്കലും ഉണ്ടായിട്ടില്ല. തിക്കോടിയുടെ കിഴക്കേ അറ്റത്തുള്ള പുറക്കാട് മുതല്‍ പടിഞ്ഞാറ് പാലൂര്‍ ക്ഷേത്ര പരിസരം വരെയുള്ളവരുടെ പ്രാദേശികമായ ഒരു ദേശീയോത്സവമായിരുന്ന കൊങ്ങന്നൂര്‍ ഉത്സവം ഒരാഘോഷം തന്നെ ആയിരുന്നു, ഞങ്ങള്‍ തിക്കോടിക്കാര്‍ക്ക്.  വിവാഹങ്ങള്‍ വഴിയും സൗഹൃദങ്ങള്‍ വഴിയും തിക്കോടിയുമായി ബന്ധപ്പെട്ട കുടുംബങ്ങളൊക്കെ ആ ഒരാഴ്ച ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ. 
         
               റെയില്‍വേ മൈതാനത്ത് നടക്കാറുള്ള വിവിധ കായിക മത്സരങ്ങള്‍-, പ്രത്യേകിച്ച് വോളിബോള്‍, ഫുട്ബോള്‍ തുടങ്ങിയവ  സമീപ ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെയും കൂടി ഉത്സവമായിരുന്നു. ഞങ്ങളുടെ ടൌണിലാണെങ്കില്‍ എന്നും എന്തെങ്കിലും സാമൂഹ്യവിശേഷം ഉണ്ടായിരിക്കും.. 

     മലബാറിലെയും പിന്നീട് കേരള സംസ്ഥാനത്തിലെയും രാഷ്ട്രീയ - സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. . കേളപ്പജിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്ക് തിക്കോടി കേന്ദ്രീകരിച്ചായിരുന്നു.  .. എം പി ആയിരുന്ന ശ്രീ ബി പോക്കര്‍ സാഹേബ്, പ്രമുഖ എഴുത്തുകാരായ തിക്കോടിയന്‍, വി പി മുഹമ്മദ്‌, ബി എം സുഹ്റ, രാമചന്ദ്രന്‍ തിക്കോടി, സിനിമാ നിര്‍മാതാവും സംഗീത നാടക അക്കാദമിയുടെ എക്സി ക്യൂട്ടീവ് മെമ്പറും ആയിരുന്ന ശ്രീ വി അബ്ദുള്ള, പ്രമുഖ കാര്‍ടൂണിസ്റ്റുകളായ ബി എം ഗഫൂര്‍, ഗോപികൃഷ്ണന്‍, എം എല്‍ എ ആയിരുന്ന ശ്രീ മണിമംഗലത്ത് കുട്ട്യാലി, വിഖ്യാത കായിക താരം പി ടി ഉഷ, പ്രമുഖ പത്രപ്രവര്‍ത്തകരായ ടി പി സി കിടാവ്, ഇ സി മാധവന്‍ നമ്പ്യാര്‍, പ്രമുഖ വ്യവസായി ശ്രീ വി കെ മൊയ്തു ഹാജി, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ശ്രീ വി കെ വിജയന്‍ തുടങ്ങിയവര്‍ വിവിധ മേഖലകളിലേയ്ക്കുള്ള തിക്കോടിയുടെ സംഭാവനകളാണ്. ശ്രീ യു എ ഖാദര്‍,മണിയൂര്‍ ഇ ബാലന്‍, എം കുട്ടി കൃഷ്ണന്‍  തുടങ്ങിയവരും തിക്കോടിയില്‍ നിന്നുമാണ് പ്രശസ്തിയിലേയ്ക്കുയര്‍ന്നത്. 

          തിക്കോടി വിശേഷം ഇനിയും നിരവധി... വീണ്ടും വരാം, കൂടുതല്‍ കാര്യങ്ങലളുമായി...