Wednesday, March 26, 2014

കുഞ്ഞുണ്ണി മാഷെ ഓര്‍ക്കുമ്പോള്‍




കുഞ്ഞുണ്ണി മാഷെ ചെറുപ്പം മുതല്‍ തന്നെ വായിച്ചു തുടങ്ങിയിരുന്നെങ്കിലും ആദ്യമായി നേരിട്ട് കാണുന്നത് എഴുപതുകളില്‍ എപ്പോഴോ നടന്ന ഒരു സാഹിത്യ സെമിനാറില്‍ വെച്ചാണ്. ഇന്നും ഓര്‍മ്മയുണ്ട്‌, ഖാദി ഷര്‍ട്ടും, വെള്ള ഒറ്റമുണ്ടും, അതിനടിയില്‍ കാണുന്ന കോണകവാലും, പാദരക്ഷകളുടെ സഹായം കൂടാതെയുള്ള നടത്തവും. പരിപാടിയുടെ ഭാഗമായും പരിപാടികള്‍ക്കിടയിലെ ഒഴിവു സമയത്തുമായി അദ്ദേഹം പാടി തന്ന പാട്ടുകള്‍! ഞാനും കൂട്ടുകാരും മാഷ്‌ പറയുന്നതും കേട്ട്‌, മുത്തശ്ശന്റെ കഥ കേള്‍ക്കുന്നതുപോലെ, അങ്ങനെ ലയിച്ചിരുന്നു. ഞങ്ങള്‍ കുട്ടികളായി. പറയുന്ന രീതിയും മാഷ്‌ടെ വേഷഭൂഷാദികളും എല്ലാം കൂടെചേര്‍ത്തുണ്ടാക്കിയ ആ ഒരു അന്തരീക്ഷമുണ്ടല്ലോ, ഇന്നും മറക്കാന്‍ കഴിയാത്ത ഒരനുഭൂതിയായി മനസ്സിലുണ്ട്.

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നു പറഞ്ഞ,മലയാളി സമൂഹത്തിന്റെ എല്ലാ മധ്യ വർഗ  ജാഡ-നാട്യങ്ങളെയും   സ്വതസിദ്ധമായ  നർമ്മത്തോടെ പരിഹസിച്ച മാഷെ,  മലയാളം മനസ്സിലേറ്റിയ കുഞ്ഞു കവിതകള്‍ സൃഷ്ടിച്ച ആ വലിയ കവിയെ, വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചു വളര്‍ന്നവന്‍ വിളയും, വായിക്കാതെ വളര്‍ന്നവന്‍ വളയും. എന്നും‌ അക്ഷരമേ നിന്നെ എനിക്കി‘ക്ഷ‘ പിടിച്ചു അതില്‍ 'അര' മുള്ളതിനാല്‍ എന്നും‌ പറഞ്ഞ ആ ചെറിയ വലിയ മനുഷ്യനെ എങ്ങനെ മറക്കാന്‍! മലയാളം കണ്ട യഥാർത്ഥ ‘ചെറിയ(?)കാര്യങ്ങളുടെ ആ വലിയ തമ്പുരാനെ!

അസംബന്ധ കവിതകള്‍ എന്ന് പലരും മാഷിന്റെ രചനകളെ വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ 'അസംബന്ധകവിത' എന്ന വാക്കുതന്നെ ‘സംബന്ധകവിത’എന്നൊരസംബന്ധത്തെ സിദ്ധവൽക്കരിക്കലല്ലേ...മാഷു തന്നെ ചോദിച്ച പോലെ,ഏതു കവിതയാണ് ‘സെൻസുള്ള കവിത’? കുഞ്ഞുണ്ണിമാഷുടെ, അസംബന്ധങ്ങൾ മിക്കതും  സമകാലീനസങ്കീർണ്ണതകളോടുള്ള സ്പന്ദനങ്ങളാണ്.ഒന്നോ രണ്ടോ വരികളിലൂടെയോ ഈരടികളിലൂടെയോ സംസാരിയ്ക്കുന്ന അവയുടെ ധ്വനനശേഷി കാലങ്ങളെ അതിജീവിയ്ക്കുന്നതും അതുകൊണ്ടു തന്നെ. “എ.ഡി.ക്കുള്ളിലാണ് ബി.സി.എന്ന സാരസ്വതരഹസ്യം പങ്കുവെക്കപ്പെടുന്നു.  ലോകം തിരിച്ചിട്ടു കോലവും,കോലം തിരിച്ചിട്ടു ലോകവും നിർമ്മിയ്ക്കുന്നു.

ഏതെങ്കിലും ഒരു പാരമ്പര്യത്തിന്റെ തുടർച്ചയല്ല കുഞ്ഞുണ്ണിമാഷ്‌ .ഒരു ശബ്ദവും സ്വാധീനിച്ചിട്ടുമില്ല.സമകാലത്തിലെ ആധുനികതയുടെ മാറാപ്പുകളുടെ ഭാരവും ഇല്ല.പക്ഷേ,ആ കവിത എവിടെയൊക്കെയോ പോറല്‍ എല്പ്പിയ്ക്കുന്നു. 



അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഹ്രസ്വവും ചടുലവും കാര്യമാത്ര പ്രസക്തവുമായ ഒരു കവിതാരീതി മാഷ്‌ അവതരിപ്പിച്ചു. ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്ന, ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ള ഈ കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.



ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. മലയാളമായിരുന്നല്ലോ,മാഷിന്റെ പ്രപഞ്ചം.എനിയൊരു ജന്മമുണ്ടെങ്കിൽ അതു മലയാളത്തിലെ ‘റ’എന്ന അക്ഷരമായിട്ടു മതി എന്നിടത്തോളമെത്തി, ആ അഭിനിവേശം.

നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്..



കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് വളരെ നേർത്തതാണ്. അതുകൊണ്ടുതന്നെ  അദ്ദേഹം പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു..



  കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത് എന്ന് പറയാം. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുള്ളല്‍ കഥകള്‍ എഴുതി അദ്ദേഹം സ്വയം അവതരിപ്പിച്ചിരുന്നു. പത്താംതരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടു തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. 1981 മുതല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലര്‍വാടി എന്ന കുട്ടികളുടെ മാസികയിയില്‍ അദ്ദേഹം ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്ന പംക്തി എഴുതിത്തുടങ്ങി. അനേകം കുട്ടികളെ സാഹിത്യകാരാക്കിയ പ്രശസ്തപംക്തിയായി അത് നീണ്ട 17 വര്‍ഷം തുടര്‍ന്നു. ആ പംക്തി നിര്‍ത്തിയ ശേഷം 2002 വരെ ‘കുഞ്ഞുണ്ണി മാഷുടെ പേജ്’ എന്ന പേരില്‍ മറ്റൊരു പംക്തിയിലൂടെ 5 വര്‍ഷം കൂടി കുഞ്ഞുണ്ണി മാഷ് മലര്‍വാടിയില്‍ ഉണ്ടായിരുന്നു .



വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച, ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ ഈ ബഹുമുഖപ്രതിഭ ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 ന് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.



എഴുതിയതില്‍ ഏറെയും കുറുക്കവിതകള്‍ ആയിരുന്നെങ്കിലും നല്ല പരന്ന വായനയുണ്ടായിരുന്നു മാഷിന്. എന്റെ ഒരു സുഹൃത്തിനു ഒരിക്കല്‍ അദ്ദേഹം വായിക്കാനായി നിര്‍ദേശിച്ചത് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' കെ.ജി.ശങ്കരപ്പിള്ളയുടെ 'കൊച്ചിയിലെ വൃക്ഷങ്ങള്‍ ' എന്നിവയായിരുന്നു.അദ്ദേഹം അന്ന് പറയുകയുണ്ടായത്രേ,'ആനന്ദ് കഴിവുള്ള ആളാണ്‌ .പുതിയ നോവലിന് കുറച്ച് വായനാ സുഖവുമുണ്ട്. എഴുതിയെഴുതി നന്നാവും.'



മറ്റു പല മേഖലകളിലും മാഷ്‌ തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്.ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വര്ണചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.എണ്ണച്ചായം,ജലച്ചായം,ഇങ്ക് തുടങ്ങിയവയവയായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്.നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം.പൂക്കൾ,പക്ഷികൾ,മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി.പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.



കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ച അദ്ദേഹം ആ രംഗത്തും ഒരു കൈ നോക്കി.



  . കുഞ്ഞുണ്ണിമാഷും കുട്ട്യോളും, കുട്ടികളുടെ നിഘണ്ടു, നമ്പൂതിരി ഫലിതങ്ങള്‍, കുട്ടേട്ടന്‍, കുഞ്ഞുണ്ണിക്കവിതകള്‍ കഥകള്‍ ( രണ്ട് വോള്യം), എന്നിലൂടെ,കുഞ്ഞുണ്ണിക്കവിതകള്‍, കിലുകിലുക്കാംപെട്ടി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.

 1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അവിവാഹിതനായിരുന്നകുഞ്ഞുണ്ണിമാഷ് വലപ്പാടുള്ള തന്റെ തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു.

കുഞ്ഞുണ്ണിക്കവിതകളില്‍ സമൂഹത്തിലെ, വ്യക്തിജീവിതത്തിലെ, രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍ വിമര്‍ശന വിധേയമാവുന്നുണ്ട്.

രാഷ്ട്രീയ വിഷയത്തില്‍ കുഞ്ഞുണ്ണിമാഷ് രചിച്ച ചില വരികള്‍.

1  "രാക്ഷസനിൽനിന്നു - രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം"

2 "പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി" 



3 ''മന്ത്രിയായാൽ മന്ദനാകും

   മഹാ മാർക്സിസ്റ്റുമീ

   മഹാ ഭാരതഭൂമിയിൽ''

4 ഇത്ര കാലവും നമ്മള് മുഷ്ടി കൊണ്ടിടിച്ചിട്ടും 

   "ഈന്കുഇലബ് " എന്നാ വാക്ക് മലയാളമായില്ല.



5  ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും



 മറ്റു ചില ചില കുഞ്ഞുണ്ണിക്കവിതകൾ കൂടി എടുത്തു ചേര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണമാകില്ല.



  • കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാൻ,കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാൻ.

  • സത്യമേ ചൊല്ലാവൂ ധർമ്മമേ ചെയ്യാവൂ നല്ലതേ നൽകാവൂ വേണ്ടതേ വാങ്ങാവൂ

  • ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽവിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും.

    • ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാൽ
    • ഉടുത്ത മുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുകിൽ മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം
    .

  • ഞാനെന്റെ മീശ ചുമന്നതിന്റെ കൂലിചോദിക്കാൻ ഞാനെന്നോടു ചെന്നപ്പോൾ ഞാനെന്നെ തല്ലുവാൻ വന്നു.

    • പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു.
    • എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെഎത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ.
    • എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകംനമുക്കില്ലൊരു ലോകം.
    • മഴ മേലോട്ട് പെയ്താലേ വിണ്ണു മണ്ണുള്ളതായ് വരുമണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ
         ആറുമലയാളിക്കു നൂറുമലയാളം അരമലയാളിക്കുമൊരു മലയാളം     ഒരുമലയാളിക്കും മലയാളമില്ല..!



                                     (കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ)



  • പൊക്കമില്ലായ്മയാണ് എന്റെ പൊക്കം

  • മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി

  • മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി

  • ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ

  • പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോമുന്നോട്ടു പായുന്നിതാളുകൾ

  • കട്ടിലുകണ്ട് പനിക്കുന്നോരെപട്ടിണിയിട്ടു കിടത്തീടേണം

  • ....................പദ് മനാഭന്‍ തിക്കോടി 



    Saturday, March 22, 2014

    വായനക്കാരന്‍ വളരുന്നതിനൊപ്പം വളരുന്ന സാഹിത്യം



    നിരവധി പുസ്തകങ്ങള്‍ ഇതിനകം വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൈസയ്ക്കോ, ചായക്കോ പന്തയം വെച്ച് തിക്കോടി റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ നടക്കാറുള്ള വോളിബോള്‍ മത്സരങ്ങള്‍ കാണുമ്പോള്‍ ഉണ്ടാവാറുള്ള നൈമിഷികമായ ആനന്ദം മാത്രം നല്കിയവയായിരുന്നു തൊണ്ണൂറു ശതമാനവും. വീണ്ടും മറിച്ചു നോക്കണമെന്ന് തോന്നിയിരുന്നില്ല ഈ പുസ്തകങ്ങള്‍ ഒന്നും തന്നെ.
    എന്നാല്‍ ചില പുസ്തകങ്ങള്‍ അങ്ങനെയല്ല. വീണ്ടും വീണ്ടും വായിച്ചിട്ടും അവ ഒരിക്കലും മടുപ്പിച്ചില്ല. പല ഗ്രന്ഥകാരന്മാരുടെയും ചില കൃതികള്‍ ഇങ്ങനെ പുനര്‍വായനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.എന്നാല്‍ ഏതെങ്കിലും ഒരു എഴുത്തുകാരന്റെ ലഭ്യമായ എല്ലാ രചനകളും വീണ്ടുംവീണ്ടും വായിക്കണം എന്ന് തോന്നിയത്  വിരലില്‍ എണ്ണാവുന്ന ചിലരുടേത് മാത്രം.  മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി തന്നെ മാറിയ   ബഷീര്‍ സാഹിത്യം  ഇവയില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നു.
       രചനയും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴചേര്‍ന്നു നില്‍ക്കുന്ന ഇവ വായിച്ചു തുടങ്ങുന്നവര്‍ മലയാള സാഹിത്യത്തെ പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?     ബഷീര്‍ അലക്കിത്തേച്ച വടിവൊത്ത ഭാഷ സംസാരിച്ചില്ല, പ്രാമാണിക വ്യാകരണങ്ങളെ അനുസരിച്ചില്ല. ബഷീര്‍ തന്നെ ഒരിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്,.
    മലയാളം അദ്ധ്യാപകനായിരുന്ന അനുജന്‍ ഒരിയ്ക്കല്‍ താന്‍ കഷ്ടപ്പെട്ട് എഴുതിയ (പത്രങ്ങളില്‍ അച്ചടിച്ച്‌ വന്ന) തന്റെ 'വിശ്വോത്തര' കഥകള്‍ ചോദിച്ചു. അവന്‍ വായിച്ച് ആവേശം കൊള്ളട്ടെ എന്ന് കരുതി ബഷീര്‍ അവ നല്‍കി. 'ആവേശം കൊണ്ട അനുജ'നോട് പൈസ കടം വാങ്ങാം എന്ന് കരുതി ചെന്ന ബഷീര്‍ കണ്ടത് വരകളും ചോദ്യചിഹ്നങ്ങളും നിറഞ്ഞ തന്റെ കഥയാണ്. പിന്നീട് ആ കഥകളില്‍ ഒന്നിലെ ഒരു വരി വായിച്ച് അനുജന്‍ ചോദിച്ചു: ഇക്കാക്കാ, ഇതിലെ ആഖ്യാതം എവിടെ?
    ''നിന്റെ ഒരു ലോടുക്കൂസ് ആഖ്യാതം! ചട്ടുകാലാ, ഒരു വാദ്ധ്യാര്‍ വന്നിരിയ്ക്കുന്നു, ചട്ടന്‍"
    " ഇക്കാക്കാ, എവിടെയെങ്കിലും പോയി രണ്ടു കൊല്ലം മലയാളം വ്യാകരണം പഠിക്കണം. മലയാള ഭാഷയ്ക്ക് എത്ര അക്ഷരങ്ങളുണ്ട്?"
    " പോടാ ബടുക്കെ, നിന്റെ കെട്ട്യോള്‍ സ്ത്രീധനം തന്നതാണോ മലയാളഭാഷ? ഞാന്‍ എനിയ്ക്ക് തോന്നിയ പോലെ എഴുതും, അറിയാവുന്ന അക്ഷരങ്ങള്‍ വെച്ച്. നിന്റെ ഒരു തൊലിപൊങ്ങന്‍ വ്യാകരണം.."

    അതെ, വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യനു പിന്നാലേ വാക്കുകള്‍ കരഞ്ഞു വിളിച്ചു നടന്നു. അദ്ദേഹം കാരുണ്യത്തോടെ എടുത്തപ്പോള്‍ അവയ്ക്കു രൂപപരിണാമം വന്നു. തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന ആ മൗലികപ്രതിഭ സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതും കാലാതിവര്‍ത്തിയും ആയി. സമൂഹത്തിനു നേരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ആ കൃതികളെ അനശ്വരമാക്കി. തന്റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്‌ത ആ അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, കരയിപ്പിച്ചു.
    നര്‍മത്തിലൂടെ ഒരു പ്രത്യേക ശൈലി തന്നെ ബഷീര്‍ മലയാളത്തിനായി സംഭാവന ചെയ്തിട്ടുണ്ട്. 'ഇമ്മിണി ബല്യ  ഒന്ന്' 'സ്ഥലത്തെ പ്രധാന ദിവ്യന്‍' 'ഭൂമിയുടെ നടുമധ്യെ'...അങ്ങനെ എത്രയെത്ര...  ‘ഇമ്മിണി വല്യ ഒന്നി’നെ അതിശയിക്കുന്ന വാക്യങ്ങള്‍ മലയാളത്തിലെന്നല്ല ലോകസാഹിത്യത്തില്‍ തന്നെ വിരളമാകും ''ഇസ്ലാമിന്റെ ആന ചത്തുപോയി എന്നല്ല,മയ്യത്തായി എന്ന് പറയണം'' എന്നതിലെ നര്‍മവും വിമര്‍ശനവും എത്ര ഹൃദ്യം!
    തന്റെയൊരു ജന്മദിനം കടന്നു പോയ വിധം ബഷീര്‍ വിവരിക്കുന്നത് രസകരവും ചിന്തനീയവുമാണ്. എല്ലാം നല്ലതായിത്തീരേണമേ എന്നു പ്രാര്‍ഥിച്ചു, കയ്യിലുള്ള എട്ടണ സംഭാവന കൊടുത്തു. ഉച്ചയൂണിനു കൂട്ടിക്കൊണ്ടു പോവാമെന്നേറ്റ സുഹൃത്ത് വേറെ തിരക്കില്‍ പെട്ടതിനെ തുടര്‍ന്ന് ബഷീര്‍ പട്ടിണിയായി. സമയം രാത്രിയായതോടെ വിശപ്പ് സഹിക്കാവുന്നതിലുമപ്പുറമായി. അവസാ‍നം അയല്‍ വീട്ടിലെ കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടുതിന്നു. ജന്മദിനവും ശുഭം !

    പദ്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച ബഷീറിന്റെ കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ 'തങ്കം' അങ്ങനെ ബഷീറിന്റെ ആദ്യ കഥയായി.
    വായനക്കാരന്‍ വളരുന്നതിനൊപ്പം വളരാന്‍ കഴിയുകയും അതത് കാലത്തോട് പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കൃതി ക്ലാസിക്ക് ആയി വിശേഷിക്കപ്പെടുന്നതെന്ന് പറയാറുണ്ട്‌. സാഹിത്യ ആസ്വാദനത്തിന്റെ കാര്യത്തില്‍ വലിയൊരു സ്ഥാനം അവകാശപ്പെടാനില്ലാത്ത എനിയ്ക്ക് പോലും  വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇപ്പോഴും വായിക്കണം എന്ന് തോന്നുന്നതും വേറൊന്നും കൊണ്ടല്ലല്ലോ..
    1943 ല്‍ മലയാള സാഹിത്യത്തിന് ഒരു പ്രേമലേഖനവുമായി ബഷീര്‍ കടന്നു വന്നപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. രണ്ടു ദശകങ്ങള്‍ക്ക് ശേഷമാണ് ഞാനത് വായിക്കുന്നത്. നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് എഴുപതുവര്‍ഷം മുമ്പ്  മലയാളത്തിന്റെ മുന്നിലേക്ക് കടന്നു വന്ന ഇദ്ദേഹത്തില്‍ നിന്നും വിശ്വപ്രേമത്തിന്റെ കാരുണ്യവുമായി പിന്നീട് ധാരാളം കൃതികള്‍ നമുക്കു കിട്ടി. 
    1908 ജനുവരി 21 നു കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനനം. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. തലയോലപ്പറമ്പിലെ മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലും പ്രാഥമിക പഠനം ഒന്‍പതാം ക്ളാസു വരെ മാത്രം. പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി. കാല്‍ നടയായി എറണാകുളത്തു ചെന്നു കള്ളവണ്ടി കയറി കോഴിക്കോടെത്തി. ഉടനെ തന്നെ സ്വാതന്ത്ര്യ സമരരംഗത്തേക്ക് എടുത്തു ചാടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. ബ്രിട്ടീഷുകാരുടെ മര്‍ദ്ദനത്തിനിരയാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തു. മദിരാശി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ തടവില്‍ പാര്‍ത്തു.

    വൈകാതെ തീവ്രവാദത്തിലേക്കും കടന്നു. രാജ്‌ഗുരു, ഭഗത്‌സിംഗ്, സുഖ്‌ദേവ് മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവനം’ വാരിക നടത്തി. പിന്നീട് ഈ വാരിക സര്‍ക്കാര്‍ കണ്ടുകെട്ടി. 'പ്രഭ' എന്ന തൂലികാ നാമത്തില്‍ ഉജ്ജീവനത്തിലും പ്രകാശനം വാരികയിലും എഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. കുറെ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞു തിരിഞ്ഞു. അറബു നാടുകളിലും ആഫ്രിക്കയിലും സഞ്ചരിച്ചു, നിരവധി ഭാഷകള്‍ സ്വായത്തമാക്കി. സാഹസികതകള്‍ ഏറെ നിറഞ്ഞ ഈ യാത്രയില്‍ ഹിന്ദു സന്യാസിമാരുടെ കൂടെയും മുസ്‌ലിം സൂഫികളുടെ കൂടെയും ധ്യാനവും സന്യാസവുമായി കുറെ ജീവിച്ചു. കച്ചവടക്കാരന്‍, കൈ നോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, ഹോട്ടല്‍ നടത്തിപ്പുകാരന്‍, ട്യൂഷന്‍ മാസ്റ്റര്‍, കണക്കപ്പിള്ള, മില്‍ തൊഴിലാളി, ഗേറ്റ് കീപ്പര്‍, ന്യൂസ് പേപ്പര്‍ ബോയ്, മാജിക്കുകാരന്റെ സഹായി, ചായപ്പണിക്കാരന്‍, കപ്പലിലെ ഖലാസി, ഹോമിയോപ്പതി കമ്പോണ്ടര്‍, ബുക്ക് സ്‌റ്റാള്‍ മുതലാളി, ഗുഡ്‌സ് ഏജന്റ്, പത്രാധിപര്‍ തുടങ്ങി ചെറുതും വലുതുമായ ജോലികള്‍ പലതും ഏറ്റെടുത്തു. ഓരോ ജോലിയിലെയും ജയപരാജയങ്ങള്‍ രചനകളായി ഇന്നും നമുക്ക് മുമ്പില്‍ ജീവിക്കുന്നു.

    തന്റെ യാത്രാനുഭവങ്ങള്‍ കഥക്കു വേണ്ടി ഇത്രമാത്രം വിനിയോഗിച്ച മറ്റൊരു കഥാകൃത്ത് മലയാളത്തില്‍ ഉണ്ടാവില്ല. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതു മുതല്‍ ആരംഭിക്കുന്നതാണ് ബഷീറിന്റെ സാഹസിക യാത്രകള്‍. പിന്നീട് അദ്ദേഹത്തിന്റെ രചനയില്‍ ‘ഗാന്ധിജിയെ തൊട്ടേ’ എന്ന് അഭിമാന പൂര്‍വ്വം പരാമര്‍ശിക്കുന്നുണ്ട്. ബഷീറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ യാത്ര.

    സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. എന്നാല്‍ അതീവ ലളിതവും ശൈലികള്‍ നിറഞ്ഞതുമായ ആ രചനകള്‍ പരിഭാഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്,ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്തു പ്രസിദ്ധപ്പെടുത്തി. ഡോ. റൊണാള്‍ഡ് ആഷര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ഈ കൃതികള്‍ സ്‌കോട്ട്‌ലണ്ടിലെ ഏഡിന്‍ബറോ സര്‍വ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകള്‍ , ശബ്ദങ്ങള്‍ , പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
    കണ്ണില്‍ ഇരുട്ടുമൂടിയവര്‍ക്കും ഇനി വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ തൊട്ടറിയാം. ബഷീറിന്റെ വിഖ്യാത നോവലുകളും മറ്റു കൃതികളും കാഴ്ചയില്ലാത്തവരുടെ വിരല്‍ത്തുമ്പുകളില്‍ തൊട്ടറിയാന്‍ അന്ധനായ അധ്യാപകന്‍ പി.ടി. മുഹമ്മദ് മുസ്തഫയാണ് തുടക്കമിട്ടിരിക്കുന്നത്.മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായ മുഹമ്മദ് മുസ്തഫ സുഹൃത്തായ ചാലിയം ഗവ. ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ എ. അബ്ദുള്‍ റഹീമിന്റെ സഹായത്തോടെയാണ് ബഷീറിന്റെ കൃതികള്‍ ബ്രെയില്‍ ലിപിയിലാക്കിയിരിയ്ക്കുന്നത്.ബഷീറിന്റെ ജീവചരിത്ര സംഗ്രഹം, കൃതികളായ 'തങ്കം', ഹൃദയനാഥ, 'ആനവാരിയും പൊന്‍കുരിശും', 'ഭൂമിയുടെ അവകാശികള്‍' എന്നിവയാണ് ബ്രെയില്‍ ലിപിയിലേക്ക് പകര്‍ത്തുന്നത്.. അന്ധഭാഷയിലേക്ക് മാറ്റപ്പെടുന്ന കൃതികള്‍ അന്ധര്‍ക്ക് പ്രയോജനപ്പെടുന്നതിന് വൈലാലിലും സൂക്ഷിക്കും.
    നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര കേരള സര്‍ക്കാറുകളില്‍ നിന്നും സ്വാതന്ത്യ സമര സേനാനി പെന്‍ഷന്‍, പത്മശ്രീ (1982), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം (1987), ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (1992), വള്ളത്തോള്‍ പുരസ്‌കാരം (1993), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993) സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992),എന്നിവയാണ് പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍.
    മുസ്‌ലിം സമുദായത്തില്‍ അള്ളിപ്പിടിച്ചിരുന്ന അഴുക്കുകളെയും പൌരോഹിത്യ ചൂഷണങ്ങളെയും ബഷീര്‍ തന്റെ കൃതികളിലൂടെ  നിശിതമായി വിമര്‍ശിച്ചു. കേവലം ചിഹ്നങ്ങളില്‍ മാത്രം അഭിരമിക്കുന്ന പൊള്ളയായ മതസങ്കല്പങ്ങളെ 'രോമമതം’ എന്നു കളിയാക്കി. വര്‍ഗ്ഗീയതയെ പട്ടി സമാനമായ അവിവേകമായി തന്റെ ‘മന്ത്രച്ചരടി‘ല്‍  വിവരിച്ചു. കാതുകുത്ത്, സുന്നത്ത് കല്ല്യാണം പോലുള്ള ആചാരങ്ങള്‍ സമുദായം ആഘോഷിച്ചതിന്റെ രൂപം വരച്ചു കാട്ടി. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പെണ്ണ് കെട്ടി മൊഴിചൊല്ലല്‍ യജ്ഞങ്ങളും ഈ ക്ലീന്‍ മതത്തില്‍ ഇല്ലെന്നും അവയെല്ലാം കാക്കാമാരുടെയും കാക്കാത്തിമാരുടെയും മതത്തിലാണെന്നും ഹാസ്യാത്മകത നിറഞ്ഞ ഗൌരവത്തില്‍ വിമര്‍ശിച്ചു.
    പ്രധാന രചനകള്‍

    കഥകള്‍ : ജന്മ ദിനം (1945), ഓര്‍മ്മക്കുറിപ്പ് (1946), വിഡ്ഡികളുടെ സ്വര്‍ഗ്ഗം (1948), പാവപ്പെട്ടവരുടെ വേശ്യ (1952), വിശപ്പ് (1954), വിശ്വവിഖ്യാതമായ മൂക്ക് (1954), ഒരു ഭഗവത് ഗീതയും കുറെ മുലകളും (1967), ചിരിക്കുന്ന മരപ്പാവ (1975), ആനപ്പൂട (1975), യാ ഇലാഹി പ്രേ പാറ്റ (2000 - മരണാനന്തരം).

    നോവല്‍ : പ്രേമ ലേഖനം (1943), ബാല്യകാല സഖി (1944), ശബ്‌ദങ്ങള്‍ (1947), ന്റുപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്നു (1951), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1951), മുച്ചീട്ടു കളിക്കാരന്റെ മകള്‍ (1951), മരണത്തിന്റെ നിഴലില്‍ (1951), ആനവാരിയും പൊന്‍കുരിശും (1953), ജീവിത നിഴല്‍പ്പാടുകള്‍ (1954), പാത്തുമ്മാന്റെ ആട് (1959), മതിലുകള്‍ (1965), മാന്ത്രികപ്പൂച്ച (1968), താര സ്‌പെഷ്യല്‍സ് (1968).

    ലേഖനങ്ങള്‍ : അനര്‍ഘ നിമിഷം (1946), ഓര്‍മ്മയുടെ അറകള്‍ (1973), ഡിസിയും ഒരു ഉണ്ട കൃസ്ത്യാനിയും, അനുരാഗത്തിന്റെ ദിനങ്ങള്‍ (1983), സ്‌മരണകള്‍ എം പി പോള്‍ (1991).

    പലവക : കഥാബീജം (നാടകം - 1945), നേരും നുണയും (1969), ഭാര്‍ഗ്ഗവീ നിലയം (തിരക്കഥ - 1985), ശിങ്കിടി മുങ്കന്‍ (1991), ചെവിയോര്‍ക്കുക അന്തിമ കാഹളം (1992).

    നര്‍മ്മവും സൌന്ദര്യവും കൊണ്ട് ആനന്ദിപ്പിക്കുകയും ഉള്ളിലേക്ക് ആഴ്‌ന്നിറങ്ങി ചിന്തിപ്പിക്കുകയും ചെയ്യുന്ന ഹൃദയ സ്‌പര്‍ശിയായ രംഗങ്ങളുടെ തന്മയത്വം തുളുമ്പുന്ന വര്‍ണ്ണനകളാല്‍ കഥകളുടെ ലോകത്ത് ഒറ്റയാന്‍ സഞ്ചാരം നടത്തിയ ബഹുമാനപൂര്‍വ്വം എല്ലാവരും ‘ബേപ്പൂര്‍ സുല്‍ത്താന്‍‘ എന്നു വിളിച്ച ഈ മഹാശയന്‍  1994 ജൂണ്‍ 5 നു ലോകം വിട്ടുപിരിഞ്ഞു.
    അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു,പ്രപഞ്ചങ്ങളുടെ ചൈതന്യം. വെളിച്ചം. ഇതിനെയാണ് ഞാന്‍ ദൈവം എന്നു പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദി ബ്രഹ്മം. ഇതാകുന്നു സനാതന സത്യം.'' (ബഷീര്‍: സംഭാഷണങ്ങള്‍, 106).

    പദ് മനാഭന്‍ തിക്കോടി