മലയാളത്തിന് ശ്രദ്ധേയമായ ഏതാനും രചനകള്‍ സമ്മാനിച്ച് അവയിലൂടെ അനുവാചകരുടെ മനസ്സില്‍ ജീവിക്കുന്ന നന്തനാര്‍ ഓര്‍മ്മയായിട്ട് ഏപ്രില്‍ 24ന് നാല്പത് വര്‍ഷം തികയുകയാണ്.
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന്കഥാസമാഹാരങ്ങളും ഇദ്ദേഹതിന്റെതായി നമുക്ക് ലഭിച്ചു. ജീവിതദുരിതങ്ങള്‍ കണ്ടും അനുഭവിച്ചും വളര്‍ന്ന നന്ദനാരുടെ രചനകളില്‍ വിഷാദം അന്തര്‍ലീനമായിരുന്നു എന്നല്ല പറയേണ്ടത്. പ്രമേയത്തില്‍നിന്ന് മാറ്റി നിര്‍ത്താനാവാത്ത വിധം വിഷാദഛായ ഉള്ളതായിരുന്നു ആ കൃതികള്‍. ജീവിതവും അങ്ങനെയായതിനാലാവാം, പാലക്കാട്ടെ ഒരു ലോഡ്ജ്മുറിയില്‍ അദ്ദേഹം അതിന് അര്‍ദ്ധവിരാമമിട്ടത്.
ടോള്‍സ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക് കഥകളെ ഓര്‍മ്മിപ്പിയ്ക്കുന്നവയെന്ന് എ ന്. വി. കൃഷ്ണവാര്യര്‍ രേഖപ്പെടുത്തിയ നന്തനാര്കൃതി കളില്‍ മലബാര്‍ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാര്‍ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നു; യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാവുന്നു. ബാല്യം മുതല്‍ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകള്‍ കഥയില്‍ അവതരിപ്പിച്ച നന്തനാരുടെ കഥാപാത്രങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈര്‍മല്യവുമുള്ളവരുമാണ് എന്നും നാം അറിയുന്നു. എത്ര പരാജയപ്പെട്ടാലും ജീവിതത്തില്‍ ഉത്കര്‍ഷേച്ഛ ഉണ്ടായാല്‍ ജീവിതവിജയം നേടാനാവും എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു, നന്തനാര്‍ കഥകള്‍.
നാടോടിക്കഥാഖ്യാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം കഥാകാരന്മാരിലൊരാളായി നന്തനാരെ കാണാം.
ആത്മാവിന്റെ നോവുകള്‍ എന്ന നന്ദനാരുടെ നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഈ നോവല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടാളക്കാരുടെ കഥ പറയുന്ന ഈ ആഖ്യായികയിലൂടെ ആ കാലഘട്ടത്തിലെ പട്ടാളക്കാരുടെ ജീവിതത്തിലെ ദുരിതങ്ങളും ചിട്ടവട്ടങ്ങളും നാം തൊട്ടറിയുന്നു. ബാരക്കുകളുടെ വേവും ചൂടും വിയര്‍പ്പും അക്ഷരങ്ങളിലൂടെ നമ്മിലേയ്ക്ക് പകരുന്നു. പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ച് പട്ടാളത്തില്‍ ചേര്‍ന്നവരല്ല ഇവിടെ മിക്കവരും. സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ ചേര്‍ന്നവരണാധികവും. സ്വന്തം ആഗ്രഹത്താല്‍ ചേര്‍ന്നവര്‍ പോലും ആ തീരുമാനത്തില്‍ വല്ലാതെ ഖേദിക്കുന്നിടത്തോളം നരകതുല്ല്യമാവുന്നു പട്ടാളജീവിതം. കാര്‍ക്കശ്യക്കാരനായ മേലുദ്ദ്യോഗസ്ഥര്‍ക്ക് കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അര്‍ഹിക്കുന്ന പരിഗണനയോ ഉദ്യോഗ കയറ്റമോ ഒരിക്കലും ലഭിക്കില്ല. പോറ്റി, അയ്യര്‍, സുകുമാരന്‍, വര്‍ഗ്ഗീസ് തുടങ്ങി പല കഥാപാത്രങ്ങളിലൂടെ പട്ടാള കാമ്പിലെ ദുരവസ്ഥകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു പട്ടാളക്കാരനായിരുന്ന നോവലിസ്റ്റ്.നന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്‍റെ നോവുകള്‍ അദ്ദേഹത്തിന്‍റെ കൂടി കഥയാണൊ എന്ന് ശങ്കിച്ച് പോകും. അതു തന്നെയാവാം കാലമിത്ര കഴിഞ്ഞിട്ടും ഈ കൃതി പ്രസക്തമായി തുടരുന്നത്.
അറിയപ്പെടാത്ത മനുഷ്യജീവികള്‍ (1956) ആണ് നന്തനാരുടെ ആദ്യ നോവല്‍. കുട്ടികളെ വായനക്കാരാക്കി മാറ്റിയ ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നീ നോവലുകള്‍ പിന്നീട് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പേരില്‍ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചു.
മുമ്പേതന്നെ ചില കഥകള്‍ വായിച്ചിരുന്നെങ്കിലും നന്തനാരുടെ ഒരു വലിയ കൃതി ഞാന്‍ ആദ്യമായി വായിക്കുന്നത്, 'ഉണ്ണിക്കുട്ടന്റെ ഒരു ദിവസം' മാതൃഭൂമിയില്‍ തുടര്‍ച്ചയായി വന്നപ്പോഴാണ്. ഞങ്ങള്‍ ഇത്തിരി വലിയ കുട്ടികള്‍ക്ക് ഉണ്ണിക്കുട്ടനെ വളരെ ഇഷ്ടമായി. നന്തനാര്‍ക്ക് കുട്ടികളുടെ മനഃശാസ്ത്രം ആഴത്തില്‍ അറിയാവുന്നതുകൊണ്ടായിരിക്കണമല്ലോ അത്. വള്ളുവനാടിന്റെ ഭാഷാ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറത്തെ സാധാരണക്കാരുടെ ഭാഷയിലാണ് 'ഉണ്ണിക്കുട്ടന്റെ ലോക'മടക്കമുള്ള എല്ലാ കൃതികളും നന്തനാര്‍ രചിച്ചത്.
അനുഭൂതികളുടെ ലോകം (1965), മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടന്‍ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്വരയില്‍ (1971), അനുഭവങ്ങള്‍ (1975) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. ആകാശം തെളിഞ്ഞു, സ്നേഹം നിറഞ്ഞ കൂപ്പുകൈ, നെല്ലും പതിരും, തോക്കുകള്‍ക്കിടയിലെ ജീവിതം, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്കളങ്കതയുടെ ആത്മാവ്, മിസ്റ്റര്‍ കുല്‍ക്കര്‍ണി, ഒരു വര്‍ഷകാല രാത്രി, കൊന്നപ്പൂക്കള്‍, ഇര, ഒരു സൌഹൃദസന്ദര്‍ശനം എന്നിവ ഇദ്ദേഹം രചിച്ച നിരവധി കഥകളുടെ സമാഹാരങ്ങള്‍. ഇദ്ദേഹത്തിന്റെ പല ചെറുകഥകളും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകാകികളും നിഷ്‌കാസിതരുമായ ബാല്യങ്ങളെയും അവരുടെ തീവ്രവേദനകളെയും തന്റെ പരുക്കന്‍ഭാഷയില്‍ നന്തനാര്‍ കൈകാര്യം ചെയ്തു. സാമൂഹികമായി മരുമക്കത്തായം മക്കത്തായത്തിലേക്കും കൂട്ടുകുടുംബം ഇല്ലാതാവുന്നതുമായ കാലത്ത്, ഫ്യൂഡല്‍ കാലഘട്ടം അവസാനിക്കുമ്പോള്‍ -ആധുനികതയുടെ കാലത്താണ് നന്തനാര്‍ നിഷ്‌കാസിത ബാല്യ-കൗമാരത്തെക്കുറിച്ചെഴുതുന്നത്
-1974ല്‍ തന്റെ നാല്‍പത്തെട്ടാമത്തെ വയസ്സില്‍. ജീവിതത്തില്‍നിന്നുതന്നെ സ്വയം വിരമിക്കാന്‍ തയാറായ ഒരാളുടെ ആത്മഭാഷണമായും 'അനുഭവങ്ങള്‍' എന്ന ഈ നോവലിനെ കണക്കാക്കാം. വെറും മൂന്ന് പേജ് മാത്രമുള്ള അവസാനത്തെ അധ്യായത്തിന് 'മോചന'മെന്നാണ് അദ്ദേഹം പേര് കൊടുത്തിരിക്കുന്നത്.ഒരു നോവലായി വായിക്കുമ്പോള്‍ അത് നിഷ്‌കാസിതമായ കൗമാര -ദയനീയ ജീവിതത്തില്‍നിന്നുള്ള മോചനമാണ്. ആത്മകഥയായി വായിക്കുമ്പോള്‍ അത് തന്നില്‍നിന്നുള്ള മോചനമാണ്. ''എന്റെ തിരുമാന്ധാംകുന്നിലമ്മേ, രക്ഷിക്കണേ'' എന്നാണല്ലോ നോവലവസാനിക്കുന്നത്. ആ അധ്യായത്തില്‍തന്നെ താന്‍ പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നറിയുന്ന ഗോപി ''സന്തോഷംകൊണ്ട് ഞെട്ടിപ്പോയി'' എന്നാണ് പറയുന്നത്. ഇതൊരസാധാരണ ഭാഷയാണ്. അതില്‍ ജീവിതവും മരണവും അടങ്ങിയിട്ടുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം നയിക്കേണ്ടിവന്നതുകൊണ്ട് നന്തനാര്‍ ജീവിതത്തെ വെറുത്തിരിക്കണം. അതുകൊണ്ടുതന്നെ മരണത്തോട് സ്‌നേഹമുണ്ട്. ജീവിതത്തോടുള്ള അമിതാസക്തിയും മരണത്തോടുള്ള ആസക്തിയായി മാറും എന്ന വായിച്ചറിവ് നമുക്കുണ്ട്. അനുഭവങ്ങള്‍ തുടരുന്നത് 'ജീവിക്കണം' എന്നാണല്ലോ. ''ജീവിക്കണമെന്ന് തീര്ച്ചപ്പെട്ടുകഴിഞ്ഞമാതിരിയാ
1926 ജനുവരി അഞ്ചിന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പൂരപ്പുറത്ത് ചെങ്ങനെ വീട്ടില്‍ പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പി.സി. ഗോപാലനാണ് പില്‍ക്കാലത്ത് നന്ദനാര്‍ എന്‍ നപേരില് പ്രശസ്തനായത്. വീടിനടുത്തുള്ള തരകന്‍ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പാവപ്പെട്ടവര്ക് ക് ഭക്ഷണം കൊടുക്കുന്ന പൂരപ്പറമ്പിലെ കഞ്ഞിപ്പകര്‍ച്ചയില്‍, വരിനിന്ന് അത് കുടിക്കേണ്ട ഗതികേടുവരെ ഉണ്ടായത്ര ദരിദ്രമായൊരു ബാല്യമായിരുന്നു നന്തനാരുടേത്. പലപ്പോഴും പട്ടിണികിടക്കേണ്ടിവന്നു. ഉയര്‍ന്ന സമുദായക്കാരനായതുകൊണ്ട് നാലണ ഫീസ് കൊടുക്കാനില്ലാതെ, പുസ്തകം വാങ്ങാന്‍ പണമില്ലാതെ, എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്ന ഈ വിദ്യാര്‍ഥി ഏഴാം ക്ലാസില്‍വെച്ച് പഠിത്തം നിര്‍ത്തുകയായിരുന്നു. പക്ഷേ, ഈ കാലങ്ങളില്‍ത്തന്നെ വായന തുടങ്ങിയിരുന്നു. അത് തരകന്‍ സ്‌കൂളിലെ അയ്യര് മാഷ് വായിക്കാന്‍ കൊടുക്കുന്ന പുസ്തകങ്ങളിലൂടെ മാത്രമായിരുന്നു. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു. യഥാര്‍ഥ വായന തുടങ്ങിയത് പട്ടാളത്തില്‍ ചേര്‍ന്നതിനുശേഷമാണ്. 'രമണനാ'ണ് ആദ്യമായി പണം കൊടുത്ത് വാങ്ങിയ പുസ്തകം. ഉറൂബും പൊറ്റെക്കാട്ടുമായിരുന്നു പ്രിയപ്പെട്ട എഴുത്തുകാര്‍. രണ്ടുപേരുടെയും സ്വാധീനം നന്തനാരുടെ ആദ്യകാല കഥകളില്‍ വായിച്ചെടുക്കാനാവും. 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍.സി.സി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കെ 1974 ഏപ്രില്‍ 24ന് നന്തനാര്‍ ആത്മഹത്യ ചെയ്തു.''ഏറ്റവും ക്രൂരമായ മാസം ഏപ്രിലാകുന്നു'' എന്നതിനൊരു സാക്ഷ്യപത്രംപോലെയായിരുന്നു നന്തനാരുടെ മരണം (1974 ഏപ്രില്‍ 21).പാലക്കാട്ടെ കോമന്‍സ് ലോഡ്ജില്‍ രണ്ടോ മൂന്നോ ദിവസം ആരുമറിയാതെ അദ്ദേഹത്തിന്റെ ശവം കിടന്നപ്പോള്‍, പലരും വിചാരിച്ചത് അദ്ദേഹം പാറപ്പുറത്തിന്റെയോ കോവിലന്റെയോ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നായിരുന്നു. നന്തനാരുടെ അടുത്ത സുഹൃത്തുക്കളായിരുന്നല്ലോ അവര്‍. മൂന്നുപേരും പട്ടാളക്കാര്‍.
മരണവുമായി നന്തനാര്‍ പ്രണയത്തിലായിരുന്നു. അവള്‍ വേഷംമാറി വരുന്നതാണ് നന്തനാര്‍ക്ക് മഴ. 'ഞാന്‍ മരിക്കുന്നു' എന്ന പേരിലും 'ജീവിതം അവസാനിക്കുന്നില്ല' എന്ന പേരിലും നന്ദനാര്‍ കഥയെഴുതിയിട്ടുണ്ട്.
അനുഭവങ്ങള്‍ എന്ന കൃതിയെ അടിസ്ഥാനമാക്കി നന്തനാരുടെ ജീവിത സന്ദര്‍ഭങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കോര്‍ത്തിണക്കി എം.ജി. ശശി 2007ല്‍ അടയാളങ്ങള്‍ എന്നൊരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ അഞ്ച് സംസ്ഥാന അവാര്‍ഡ് നേടിയ ഈ ചിത്രം പതിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നെറ്റ്പാക്ക് പുരസ്‌കാരവും കരസ്ഥമാക്കി.
പദ് മനാഭന്‍ തിക്കോടി