തനിക്ക് കേള്‍ക്കാന്‍ മാത്രം പാട്ടുകളുണ്ടാക്കാനായി ദൈവം ബാബുരാജിനെ തിരിച്ചു വിളിച്ചിട്ട് 37 വര്‍ഷം കഴിഞ്ഞു. ദൈവം പാട്ടുകള്‍ കേള്‍ക്കുന്നുണ്ടാവാം.
എന്നാല്‍ കാലമിത്രയേറെ കഴിഞ്ഞിട്ടും താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാര തീരം, വാസന്തപഞ്ചമി നാളിൽ (ഭാർഗ്ഗവീനിലയം), സൂര്യകാന്തീ (കാട്ടുതുളസി). ഒരു കൊച്ചു സ്വപനത്തിൻ (അന്വേഷിച്ചു കണ്ടെത്തിയില്ല), മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് (നിണമണിഞ്ഞ കാല്പാടുകൾ), തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ (മൂടുപടം), ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ്വരാജകുമാരാ(പാലാട്ടുകോമൻ), കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് (ഉമ്മ), സുറുമയെഴുതിയ മിഴികളെ പ്രണയമധുരത്തേൻ തുളുമ്പും (ഖദീജ), ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവ്വനീവഴി വന്നു (കാട്ടുതുളസി), അകലെ അകലെ നീലാകാശം (മിടുമിടുക്കി), പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ (പരീക്ഷ) തുടങ്ങിയ ലളിതവും തീവ്രവുമായ ഈണങ്ങള്‍ കൊണ്ട് സമ്പന്നമായ നിരവധി ഗാനങ്ങളിലെ പ്രണയമധുരവും വിരഹതാപവും ജീവിതയാഥാര്‍ഥ്യങ്ങളും നാം മലയാളികളുടെ ഹൃദയങ്ങളെ അലിയിച്ചു കൊണ്ടേയിരിക്കുന്നു. പാട്ടിനെ പ്രണയിക്കുന്നവരുടെ മനസ്സില്‍ മായാതെ ബാബുരാജിന്റെ സ്മരണകളും.
മലയാളിയുടെ സംഗീതശീലങ്ങളില്‍ ബാബുരാജ് ഒരു മിത്ത് ആണ്. ആര്‍ദ്ര ഹിന്ദുസ്ഥാനിയുടെ സാന്ദ്രസംഗീതത്തിന്റെ ലയമാധുരി. ഒരു രാഗമഴതന്നെ മലയാളിക്കായി ബാക്കിവച്ചാണ് നമ്മെ വിട്ടുപിരിഞ്ഞതെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച സംഗീതത്തിന്റെ മാസ്മരികത ഇന്നും മലയാളിയുടെ മനസ്സിനെ ആകര്‍ഷണ വലയത്തില്‍ തന്നെ ഒതുക്കിയിരിയ്ക്കുന്നു.
ബാബുരാജിന്റെ പാട്ടുകളില്‍ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. അനാഥമാക്കപ്പെട്ട ബാല്യത്തിന്റെയും അലഞ്ഞു തിരിഞ്ഞു നടന്ന കൌമാരത്തിന്റെയും ആഘോഷിക്കപ്പെട്ട യൌവനത്തിന്റെയും അവഗണിക്കപ്പെട്ട അവസാന നാളുകളുടെയുമെല്ലാം ഭാവങ്ങള്‍.
ജന്മദാനമായി കിട്ടിയ ഹിന്ദുസ്ഥാനി ജ്ഞാനവും, അറിഞ്ഞ് മനസിലാക്കിയ പാശ്ചാത്യസംഗീതവും, നാടന്‍ശീലും തന്റെ ഗാനങ്ങളില്‍ ലയിപ്പിച്ചുകൊണ്ട് സംഗീതത്തില്‍ ഒരു ഭിന്ന വഴി തന്നെ ബാബുരാജ് സൃഷ്ടിച്ചു.
ആത്മാവുള്ള വരികളേയും, അനുഭവിച്ചറിഞ്ഞ് പാടുന്ന ഗായകരേയും കൂട്ടുചേര്‍ത്ത് ദു:ഖത്തിനും പ്രേമത്തിനും വിരഹത്തിനും പ്രതീക്ഷകള്‍ക്കും ഇദ്ദേഹം സംഗീത ഭാഷ്യം ചമച്ചു.
മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ ഈ സംഗീത പ്രതിഭ ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർക്ക് സമ്മാനിച്ചു.
ഒരു ബംഗാളിയും ഹിന്ദുസ്ഥാനി ഗായകനുമായിരുന്ന ജാന്‍ മുഹമ്മദ് സാബിര്‍ ബാബുവിന് കോഴിക്കോടിന്നടുത്ത ആക്കോട് സ്വദേശിനി ഫാത്തിമയില്‍ ജനിച്ച മൂന്നു മക്കളില്‍ രണ്ടാമനായ മുഹമ്മദ് സബീർ, എം.എസ് ബാബുരാജാകുന്നത് കുഞ്ഞു മുഹമ്മദ് എന്ന കലാസ്നേഹിയായ ഒരു പോലീസുകാരന്‍ ഇദ്ദേഹത്തെ ദത്തെടുക്കുന്നതോടെയാണ്. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന ആ കുട്ടി സംഗീതകാരൻ ജാൻ മുഹമ്മദിൻറെ മകനാണ് എന്നറിഞ്ഞ കുഞ്ഞുമുഹമ്മദ് ആ അനാഥ സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. ഫാത്വിമയുടെ മരണത്തെ തുടർന്ന് പുനര്‍വിവാഹം ചെയ്ത ജാൻ മുഹമ്മദും താമസിയാതെ മരിച്ചതോടെ അനാഥരായിതീർന്ന ബാബുവും മജീദും വിശപ്പടക്കാൻ വഴിയോരത്തു വയറ്റത്തടിച്ചു പാടി ഉപജീവനം തേടവേയാണ് ദൈവം കുഞ്ഞിമുഹമ്മദിന്റെ രൂപത്തില്‍ രക്ഷയ്ക്കെത്തുന്നത്. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട് സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു. അക്കാലത്തെ സാംസ്കാരിക നായകരുടെ ഒത്തുകൂടല്‍ കേന്ദ്രമായ കോഴിക്കോട്ടെ സംഗീത പരിപാടികള്‍ സാബിറിനെ പ്രശസ്തരായ വ്യക്തികള്‍ ശ്രദ്ധിയ്ക്കാന്‍ ഇടയാക്കി.
(കോഴിക്കോട് അബ്ദുൽ ഖാദർ എന്ന ഗായകനെയും ഈ പോലീസുകാരനാണ് എടുത്ത് വളർത്തിയത്. നടൻ കെ.പി. ഉമ്മറിനെയും ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ എന്നിവരെയും തൻറെ ബ്രദേർസ് മ്യൂസിക് ക്ലബ്ബിലൂടെ അദ്ദേഹം കലാ ലോകതെതിച്ചു. മുതിർന്നപ്പോൾ ബാബുരാജിന്നും അബ്ദുൽ ഖാദറിന്നും കുഞ്ഞുമുഹമ്മദ് തന്റെ സഹോദരിമാരെ വിവാഹം ചെയ്തു കൊടുത്തു.)
മലബാറിലെ ഗസല്‍ഖവ്വാലി സദസുകളിലൂടെ ശ്രദ്ധേയനായ ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു; സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. അതേസമയം അതില്‍ ദുഃഖത്തിന്റെ ആര്‍ദ്രലാഞ്ചനയുമുണ്ടായിരുന്നു.
ഉള്ളു തുറന്ന വിലാപസ്ഥായിയില്‍ അദ്ദേഹം പാടിയുണര്‍ത്തിയ മെഹ്ഫില്‍ രാവുകള്‍ മലബാറിന്റെ സംഗീതസംസ്കാരത്തിന്റെ ചരിത്രമാണ്.
കെ പി ഉമ്മർ, തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്. തുടര്‍ന്ന് ടി. മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, ചെറുകാടിന്റെ നമ്മളൊന്ന്, കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം, തോപ്പിൽ ഭാസിയുടെ യുദ്ധകാണ്ഡം തുടങ്ങി ഒട്ടേറെ നാടകങ്ങളിലെ ഗാനങ്ങൾക്കും ബാബുരാജ് ഈണം പകര്‍ന്നു. നമ്മളൊന്ന് എന്ന നാടകത്തിലെ ഇരുന്നാഴി മണ്ണിനായ് ഉരുകുന്ന കർഷകർ എന്ന ഗാനം ആലപിച്ചതും ബാബുരാജായിരുന്നു.
കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം 1953 ൽ തിരമാല എന്ന ചിത്രത്തില്‍ വിമൽകുമാർ എന്ന സംഗീതസംവിധായകന്റെ സഹായിയായി പ്രവര്‍ത്തിയ്ക്കാന്‍ അവസരം നൽകി. ഭാസ്കരന്‍ മാഷ് തന്നെയാണ് അദ്ദേഹത്തിനു ബാബുരാജ് എന്ന് നാമകരണം നല്‍കിയതും. ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നിര്‍വഹിച്ചത് 1957ൽ മിന്നാമിനുങ്ങ്(സംവിധാനം:രാമു കാര്യാട്ട്) എന്ന ചിത്രത്തിനാണ്. തുടർന്ന് രണ്ടു പതിറ്റാണ്ടു കാലം ആ അനുഗൃഹതീനിൽ നിന്നും മലയാളിക്ക് ലഭിച്ചത് നിത്യ ഹരിതങ്ങളായ ഈണങ്ങൾ. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജാണ്.
1960 കളാണു ബാബുരാജ് സംഗീതത്തിന്റെ സുവർണ്ണകാലം എന്നു പറയാം. 1964 ൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയർത്തി. ഈ സിനിമയിലെ താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സിൽ മൂളി നടക്കുന്നവയാണ്. ഇദ്ദേഹം ഈണം നല്‍കിയ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. വയലാർ, ഒ എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച മറ്റു പ്രശസ്ത ചിത്രങ്ങൾ.
1967 ല്‍ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരന്‍ മാഷ് എഴുതി ബാബുരാജ് ഈണമിട്ടു ദാസേട്ടന്‍ പാടിയ 'ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍' എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നായാണ് ഞാനിപ്പോഴും ഗണിയ്ക്കുന്നത്.
ചുഴി, നീതി എന്നീ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചതും ബാബുരാജായിരുന്നു. പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ഉണ്ടായി.നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങൾക്ക് ഈണം പകർന്ന ബാബുരാജിന്റെ അവസാനത്തെ ഗാനം ദ്വീപ് എന്ന ചിത്രത്തിലെ 'കടലേ... നീലക്കടലേ' എന്നതായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് ചില സംഗീതപ്രവര്‍ത്തകര്‍ ചേര്‍ന്ന് മലയാളത്തിലെ മികച്ച പത്തു ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയുണ്ടായി.. അതില്‍ ഏഴും ബാബുരാജ് സംഗീതം നല്‍കിയവയായിരുന്നു എന്നത് ശ്രദ്ധേയം. അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞവ മൂന്നെണ്ണം മാത്രം.ഇത് തന്നെയല്ലേ ആ പ്രതിഭയുടെ ഔന്നത്യം?
ദു:ഖകരമായ ഒരു വസ്തുത ബാബുരാജിന്റെ ഓര്‍മയ്ക്കായി ഒരു സ്മാരകംപോലും ജന്മനഗരത്തിലില്ല. നടക്കാവിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാബുരാജ് അക്കാദമിയും സംഗീത-നൃത്ത ക്ലാസുകളുമാണ് മലബാറിലെ മെഹ്ഫില്‍ സംഗീതത്തിന്റെ അമരക്കാരന്റെ പേരുണര്‍ത്തുന്ന ഏക സ്ഥാപനം.പതിനഞ്ചു വര്‍ഷമായി മകന്‍ ജബ്ബാര്‍ ഒറ്റയ്ക്ക് സംഘടിപ്പിക്കുന്ന അനുസ്മരണ സംഗീതനിശയല്ലാതെ മറ്റൊരു പരിപാടിയും ബാബുക്കയുടെ പേരിലില്ല. പിതാവിന്റെ മാത്തോട്ടത്തെ കബറിടത്തില്‍നിന്ന് അനുഗ്രഹം വാങ്ങി ഇത്തവണയും ജബ്ബാര്‍ പരിപാടിയുടെ സംഘാടനത്തില്‍ സജീവമായിട്ടുണ്ട്.