തൃക്കോട്ടൂര്‍ എന്ന കൊച്ചു ഗ്രാമം വായനാശീലമുള്ള മലയാളികള്‍ക്കൊക്കെ പരിചിതമാണ്.
യു എ ഖാദര്‍ തന്റെ സൃഷ്ടികളിലൂടെ തന്മയത്വത്തോടെ വരച്ചു കാണിച്ചു, ഈ ഗ്രാമത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും കഥാപാത്രങ്ങളെ. വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളും, മേപ്പയൂരിലെ കണാരപണിക്കരും ഇവയില്‍ മിന്നിമറയുന്നു.
ഇവയിലെ പശ്ചാത്തലത്തില്‍ തച്ചന്‍ കുന്നിലെ രജിസ്ട്‌റാപ്പീസും, കീഴൂരിലെ പുവെടിത്തറയുമൊക്കെ പ്രത്യക്ഷപ്പെടുന്നു.
2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "തൃക്കോട്ടൂര്‍ നോവെല്ലകളി"ല്‍ സമാഹരിച്ചിരിയ്ക്കുന്നവയൊക്കെ- വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ, പുലിമറ ദൈവത്താര്‍ , പൊന്നുരുളി, കൈമുറിയന്‍ നാരായണന്‍ , പിടക്കോഴി കൂവുമിടം, ഭഗവതിച്ചൂട്ട്, വണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍ , കുരിക്കളകം തറവാട്- ഇങ്ങനെ വായനക്കാരുടെ ഹൃദയം കവര്‍ന്നവ തന്നെ.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1983) ലഭിച്ച "തൃക്കോട്ടൂര്‍ പെരുമ"യിലൂടെ തന്നെ നാടന്‍ പാട്ടുകളിലെ കടത്തനാടിനെപ്പോലെ, വയനാടിനെപ്പോലെ, കോലത്തുനാട്ടിനെപ്പോലെ തൃക്കോട്ടൂരും ഐതിഹ്യങ്ങളുടെ നാടായി വായനക്കാരുടെ ചിന്തകളില്‍ നിറം പകര്‍ന്നിരുന്നു. നാടോടിക്കഥകള്‍ക്ക് ചാരുത പകരുന്ന ആ ഒരു മൊഴിവഴക്കം ഇതിലെ കഥകളിലൊക്കെ നമുക്ക് അനുഭവവേദ്യമാവുന്നു.
ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടമാകുന്ന ഗ്രാമവിശുദ്ധി തേടുന്ന ഒരു കൂട്ടംകഥകളാണ് ''പെണ്ണുടല്‍ ചുറയലുകള്‍''എന്ന സമാഹാരത്തിലുള്ളത്.
ഹജ്ജിന്റെ അനുഭവം പങ്കുവയ്ക്കുന്ന ‘ നിയോഗ വിസ്മയങ്ങള്‍‘ ചരിത്രത്തിന്റെ അത്ഭുതങ്ങള്‍ പാകിയ മരുഭൂമിയിലൂടെ ആത്മീയതയുടെ നിര്‍വൃതി അനുഭവിച്ച് നടത്തിയ യാത്രകളാണ് നമുക്കായി സമ്മാനിയ്ക്കുന്നത്.
സുവര്‍ണരേഖ പുരസ്കാരം നേടിയ "ഓര്‍മ്മകളുടെ പഗോഡ" ഒരു യാത്രാവിവരണം എന്നതിനപ്പുറം ഒരു ആത്മാന്വേഷണത്തിന്റെ ഊര്‍ജവും വൈകാരികതയും നിറഞ്ഞ ഒരു ആഖ്യാനം തന്നെയാണ്.
നാട്ടിന്‍പുറത്തെ നന്മനിന്മകളും സാധാരണക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളും വിഷയമാകുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. 80 വര്‍ഷം നീണ്ട സാഹിത്യസരപ്യയുടെ നിറവില്‍ നില്‍ക്കുന്ന യു എ ഖാദറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മാനവകുലം‘ ഉടന്‍ പ്രസിദ്ധീകരിക്കും.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീനിലകളില്‍ പ്രശസ്തനായ യു.എ. ഖാദര്‍ ബര്‍മാക്കാരിയായ ‘മാമൈദി’ കേരളീയനായ മൊയ്തീന്‍കുട്ടി ഹാജി എന്നിവരുടെ പുത്രനായി 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളെജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ്പ്രസിഡന്റ്, കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി 40ല്‍ ഏറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ് (1993) നേടിയ കഥപോലെ ജീവിതം, അബുദാബി അവാര്‍ഡ് ലഭിച്ച ഒരു പിടി വറ്റ് (നോവല്‍), ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശികൂട്ടം, എന്നിവയാണ് മുഖ്യ കൃതികള്‍. 2016ലെ കേരളസാഹിത്യ പരിഷത്ത് അവാര്‍ഡും നേടിയിട്ടുണ്ട്.