Tuesday, July 19, 2016

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ... ചരിത്രത്തില്‍നിന്നും... I


സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിലാണ് 1934-ൽ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ ഒരുമിച്ചു പ്രവര്‍ത്തനം തുടങ്ങിയത്.
1931-ലെ നിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏതാനും യുവ കോണ്‍ഗ്രസ് നേതാക്കള്‍ 1932-33 കാലത്ത് നാസിക് ജയിലില്‍ അടയ്ക്കപ്പെട്ടു.- ജയപ്രകാശ് നാരായണ്‍, യൂസഫ് മെഹറലി, അച്യുത് പട്‌വര്‍ധന്‍, അശോക് മേത്ത, എം ആര്‍ മസാനി, എന്‍ ജി ഗോറെ, എസ് എം ജോഷി, എം എന്‍ ദാന്ത്‌വാലെ. ജയിലില്‍ വെച്ച് അവര്‍ ഗാന്ധിസത്തിന്റെ നിരര്‍ത്ഥകത മനസിലാക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു.
ജയിലില്‍ നിന്ന് പുറത്തുവന്ന ഈ നേതാക്കളാണ് കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയ സോഷ്യലിസം എന്നറിയപ്പെട്ട മാര്‍ക്‌സിസത്തില്‍ അവര്‍ വിശ്വാസം അര്‍പ്പിച്ചില്ല. മിച്ചമൂല്യ സിദ്ധാന്തമോ വര്‍ഗ്ഗ സമരമോ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമോ അവരെ ആകര്‍ഷിച്ചില്ല.
1934-ല്‍ മേയ് 17-ന് പാറ്റ്‌നയില്‍ ചേര്‍ന്ന അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) രൂപീകൃതമായി. ആചാര്യ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണ്‍ പാര്‍ട്ടിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.
1934 ഒക്ടോബര്‍ 21, 22 തീയതികളില്‍ പാര്‍ട്ടിയുടെ സ്ഥാപന സമ്മേളനം ബോംബെയില്‍ നടന്നു. ഡോ. സമ്പൂര്‍ണ്ണാനന്ദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഒരു പതിനഞ്ചിന പരിപാടി മുന്നോട്ടുവെച്ചു. ഘനവ്യവസായങ്ങള്‍ പൊതുമേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തുക,
വിദേശ വാണിജ്യം സര്‍ക്കാര്‍ കുത്തകയായി നിലനിര്‍ത്തുക,
സഹകരണ സംഘങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക, രാജാക്കന്മാരുടെയും ജന്മിമാരുടേയും ഭൂമി നഷ്ടപരിഹാരം കൂടാതെ ഏറ്റെടുക്കുക,
കാര്‍ഷിക കടം എഴുതിത്തള്ളുക,
അവശ്യ വസ്തുക്കളില്‍ സ്വാശ്രയത്വം ഉറപ്പുവരുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക,
സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുക.. തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു, ഈ അവകാശപത്രിക.
1936-ല്‍ ജയപ്രകാശ് 'സോഷ്യലിസം എന്തിന്? ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.


1935-ല്‍ നടന്ന കൊമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാക്കളായ ബെന്‍ ബ്രാഡ്‌ലിയും രജനി പാംദത്തും ചേര്‍ന്ന് അവതരിപ്പിച്ച നയരേഖ അനുസരിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റുകളുമായി യോജിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് സഖാക്കളെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സഹര്‍ഷം സ്വാഗതം ചെയ്തു.
( തുടരും)

പദ് മനാഭന്‍ തിക്കോടി