Monday, October 31, 2016

നഷ്ടമാവുമോയെന്റെ ഇഷ്ടങ്ങള്‍?


എത്രയിഷ്ടമാണെന്നോ, എനിയ്ക്കെന്‍ തിക്കോടിയെ 
തഴുകിത്തലോടുന്ന പശ്ചിമാബ്ധിയെ, തന്‍റെ
പൊന്‍ കരങ്ങളാലെന്നെയുണര്‍ത്താനെന്നും വിണ്ണി-
ലെത്തുന്ന ദിവാകര ശോഭയെ, മേഘങ്ങളെ,
എന്നുമെന്‍ പുലരിയെ കൊഞ്ചലാല്‍ സംഗീതത്താല്‍
പുളകം കൊള്ളിച്ചീടും ചേലേലും കിളികളെ,
കണ്ണുകള്‍ക്കാനന്ദമായ് വിടരും പുഷ്പങ്ങളെ,
സുഗന്ധം പരത്തുന്ന മുല്ലയെ, മധു തേടി
കുസുമേ മന്ദം വിരുന്നെത്തിടും ശലഭത്തെ,
വിണ്ണിന്റെ നീലാഭയെ, മണ്ണിലെ പച്ചപ്പിനെ,
പുലര്‍വേളയെ കാത്തു ശയിക്കും രജനിയെ,
കുളിര്‍ത്ത പ്രകാശത്തെയേകിടും ശശാങ്കനെ,
ഇഷ്ടമാണെനിക്കെന്റെ നാടിനെ തഴുകുന്ന
പുഴയെ, പാടങ്ങളെ, പച്ചപ്പുല്‍ പരപ്പിനെ.
നഷ്ടമാവുമോയെന്റെയിഷ്ടങ്ങള്‍, പ്രകൃതിയെ
നശിപ്പിയ്ക്കുവാനിതാ സര്‍വരും കൈ കോര്‍ക്കുന്നൂ.


പദ് മനാഭന്‍ തിക്കോടി

മണിയൂര്‍ ഇ. ബാലന് നാടിന്‍റെ ആദരം.

കാലം കൊമ്പു കുലുക്കി കുതിച്ചുപായുമ്പോഴും ഒരരികിലൂടെ കഥയുടെ നാട്ടുപച്ചപ്പ്‌ തൊട്ടുഴിഞ്ഞ്‌ പതുക്കെ നടക്കുകയായിരുന്നു, മണിയൂർ ബാലൻമാഷ്‌. ഞങ്ങള്‍ തിക്കോടിക്കാരുടെ ഏതൊരു സാംസ്കാരിക സംരംഭങ്ങള്‍ക്കും മാഷ്‌ മുന്‍ നിരയില്‍ തന്നെ ഉണ്ടാവാറുണ്ട്. വായിക്കുന്നവര്‍ക്കും എഴുതുന്നുവര്‍ക്കും മാഷ്‌ നല്ല വഴികാട്ടിയും സുഹൃത്തും ആസ്വാദകനും ആയിരുന്നു.  
കഥകൾക്കുമുമ്പിൽ ചാടിവീണ്‌ അഭ്യാസം കാണിച്ച്‌ ശ്രദ്ധേയനാവാന്‍ തന്റെ ഗ്രാമീണത ഇന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്ന  ഈ മര്യാദക്കാരൻ ഒരിക്കലും മെനക്കെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മനുഷ്യനെ മലയാള കഥാലോകം ഇനിയും വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. 
പെയ്ഡ് ന്യൂസുകളുടെയും, പെയ്ഡ് പുരസ്കാരങ്ങളുടെയും ഈ കാലഘട്ടത്തില്‍ വൈകിയെങ്കിലും ഇദ്ദേഹത്തെ തേടി പുരസ്കാരങ്ങള്‍ എത്തുന്നു-  അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
മണിയൂരിലെ നെയ്ത്തുകാരുടെ ദൈന്യത നിറഞ്ഞ ജീവിതം മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ 'ഇവരും ഇവിടെ ജനിച്ചവര്‍' എന്ന ബാലന്‍ മാഷിന്‍റെ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 
മാഷെഴുതുന്ന കഥകള്‍ സ്വയം വരണ്ടുപോകുന്ന മനസ്സുകളിൽ ഗ്രാമീണസ്‌നേഹത്തിന്റെ തുടിപ്പുകൾ ഊതിയുണർത്തി.
ഇരുപതോളം രചനകള്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്.
'ചങ്കൂറ്റം' എന്ന കൃതിയിലൂടെ പ്രഭാത് ബുക്സിന്റെ പുരസ്കാരം നേടി.
ഈ നവംബര്‍ ഒന്നിന് നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് തിക്കോടിയിലുള്ള മാഷിന്‍റെ വസതിയില്‍ ഒത്തുചേരുന്നു. 
ഈ വര്‍ഷത്തെ പ്ലാവില സാഹിത്യ പുരസ്കാരം ചടങ്ങില്‍ പ്രശസ്തനായ തൃക്കോട്ടൂര്‍ കഥാകാരന്‍ യു എ ഖാദര്‍ മണിയൂര്‍ ഇ ബാലന് സമര്‍പ്പിയ്ക്കും.
"മണിയൂര്‍ ഇ ബാലന്റെ തെരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.

പദ്മനാഭന്‍  തിക്കോടി