Saturday, November 26, 2016

1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം.

പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. മലബാര്‍ ഗ്രാമീണ ബാങ്കില്‍ ജോലി ചെയ്തുകൊണ്ടുതന്നെ അദ്ദേഹം ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും പുസ്തകങ്ങളാക്കുകയും ചെയ്യുന്നു.

പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള ആലങ്കോട് ലീലാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം കൂടിയാണ്.

ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത ശ്രീ ലീലാകൃഷ്ണന്‍ എന്റെ ഇഷ്ടകവികളില്‍ ഒരാള്‍ കൂടിയാണ്. നിളയുടെ തീരങ്ങളിലൂടെ, മനുഷ്യനെ തൊടുന്ന വാക്ക്, വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍, എം.ടി ദേശം/ വിശ്വാസം പുരാവൃത്തങ്ങള്‍തുടങ്ങിയവ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു