Thursday, November 29, 2012

from old dairies....1...കണ്ണുനീര്‍

പൊടി പിടിക്കാതെ കിടന്ന പഴയ ഡയറിയില്‍ കണ്ട ഒരു പ്രബന്ധം
കണ്ണുനീര്‍

കുട്ടിക്കാലത്തെ കൌതുകങ്ങളില്‍ ഒന്നായിരുന്നു കണ്ണീര്‍ അഥവാ കണ്ണുനീര്‍.
എപ്പോഴൊക്കെ എന്ന് വര്‍ഗീകരിച്ചു ഓര്‍മിക്കാന്‍ കഴിയാതെ, കണ്ണുനീര്‍ എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു ആ കാലത്ത്. തുടങ്ങിയത് എന്നാണെന്ന് ഓര്‍ക്കാനേ പറ്റുന്നില്ല, ഇപ്പോള്‍.
ഒരിക്കല്‍, അയല്‍പക്കത്തെ മുത്തശി മരിച്ചു എന്ന് കേട്ട് അമ്മയോടൊപ്പം ഓടി ചെന്നത് ഓര്‍ക്കുന്നു. വാവിട്ടു നിലവിളിക്കുന്ന കുറെ സ്ത്രീകളാണ് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രായമുള്ള മൂന്നോ നാലോ പേരൊഴികെ ആരുടേയും കണ്ണില്‍നിന്ന് കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നില്ല. നിലവിളിക്ക്‌ പക്ഷെ നല്ല ശബ്ദമുണ്ടായിരുന്നു, താളമുണ്ടായിരുന്നു.
തിരക്കിനിടയില്‍ വീടിന്‍റെ അകത്തു കയറിനിന്നു. മുറിയുടെ മൂലയില്‍ രണ്ടു ചേച്ചിമാര്‍ തേങ്ങലോടെ ഇരിക്കുന്നു. ശബ്ദമില്ല. പക്ഷെ,മുഖത്ത് കണ്ണീര്‍ ഒലിച്ചി റങ്ങി യതിന്റെ ശേഷിപ്പുകള്‍.
ഒന്നും ശബ്ദിക്കാതെ ദൂരെ എവിടെയോ നോക്കി  നില്‍ക്കുന്നു ഒരു മാമന്‍- കണ്ണടക്കുന്നത് കാണാനേയില്ല; പക്ഷെ കണ്ണുനീരില്ല.
ഈ അനുഭവത്തിന് ശേഷം കരച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ എത്താന്‍ വലിയ ഉത്സാഹമായിരുന്നു.
എല്ലാ കരച്ചിലിനുമൊപ്പം കണ്ണുനീര്‍ കണ്ടില്ല.
കണ്ണീര്‍ പൊഴിച്ചുകൊണ്ട്‌ നിന്നിരുന്ന ചിലരുടെ മുഖത്ത് കരച്ചിലിന്റെതായ ഭാവങ്ങള്‍ കാണാനും കഴിഞ്ഞില്ല.
 കൈക്കോട്ടുകൊണ്ട് കാലു മുറിഞ്ഞ നാരായണേട്ടന്‍ ഉച്ചത്തില്‍ അലറുന്നുണ്ടായിരുന്നെങ്കിലും കണ്ണുനീര് ഉണ്ടായിരുന്നില്ല.
കൂട്ടുകാരില്‍ ചിലര്‍ വാശി പിടിച്ചു കരയാറുണ്ട്, ഒട്ടും കണ്ണീര്‍ പൊഴിക്കാതെ.
വാവിട്ടു നിലവിളിക്കുന്നവര്‍,
ശബ്ദമില്ലാതെ തേങ്ങുന്നവര്‍,
കണ്ണിമയ്ക്കാതെ ദു:ഖ ഭാവത്തില്‍ എങ്ങോ നോക്കി നില്‍ക്കുന്നവര്‍,
കടുത്ത വേദനകൊണ്ട് അലറിക്കരയുന്നവര്‍ --
ചിലര്‍ കണ്ണീരോടെ, ചിലര്‍ കണ്ണീരില്ലാതെ.
എന്തോ, എന്‍റെ സംശയങ്ങള്‍ കൂടിയതേ യുള്ളൂ.
കരയുന്നവര്‍ മാത്രമല്ല കണ്ണീര്‍ പൊഴിയ്ക്കുന്നത് എന്ന് പിന്നീട് മനസ്സിലാക്കാന്‍ ഇടയായി.
പരീക്ഷയില്‍ വലിയ ജയം നേടിയതറിഞ്ഞു , ചിരിച്ചു ചിരിച്ച് കണ്ണീര്‍ തൂവിയ ചേച്ചി ഇപ്പോഴും മനസ്സിലുണ്ട്.
ദു:ഖിയ്ക്കുന്ന മനസ്സും സന്തോഷിയ്ക്കുന്ന മനസ്സും എന്തേ ഏതാണ്ട് തുല്യമായ ഒരു ഭാവതലത്തില്‍ എത്തിച്ചേരുന്നത്?ഒരേപോലുള്ള കണ്ണീര്‍ പൊഴിയ്ക്കുന്നത്?
ചിരി കരച്ചിലില്‍ എത്തുന്നതുപോലെ, കരച്ചില്‍ ചിരിയായി തീരുമോ?

നന്ദിതയുടെ കവിതകള്‍


നന്ദിതയുടെ കവിതകള്‍
24 Sep 2012
നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.


നന്ദിത എഴുതിയ കവിതകളില്‍ ചിലത് ഇവിടെ. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല. ഒലീവ് പ്രസിദ്ധപ്പെടുത്തിയ നന്ദിതയുടെ കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്.

കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)

തണുത്തുറയാത്ത നെയ്യ്

നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?(1993 ഡിസംബര്‍ 4)

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്‍ക്ക് കൂട്ട് (1992)

ശിരസ്സുയര്‍ത്താനാവാതെ

നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ(1992)

പിന്നെ നീ മഴയാകുക

ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം(1992)

നീ ചിന്തിക്കുന്നു

നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

Sunday, November 25, 2012

ഞാനെന്തേ ഇങ്ങനെ?

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഞാനെന്തേ ഇങ്ങനെ?
എങ്ങനെ  ആയിരിക്കണം എന്ന്‍ ശരിയായ സങ്കല്പമൊന്നുമില്ല .
ഒന്ന്‍ ഉറപ്പാണ്.
എങ്ങനെ ആയിരിക്കരുത് എന്ന് പല സുഹൃത്തുക്കളും സൂചിപ്പിച്ച അരുതായ്കകള്‍ പലതും എനിയ്ക്കുണ്ട്.
അങ്ങനെ തന്നെ ആയിരിക്കണമോ എന്ന് നിശ്ചയമില്ല .
എന്നും ഞാന്‍ അങ്ങനെയാണ്.
വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് എന്തിനു എന്ന് ചിന്തിച്ചുനോക്കും.
ആരാണ് പക്ഷെ ഇതിനൊക്കെ അധികാരി?