പൊടി പിടിക്കാതെ കിടന്ന പഴയ ഡയറിയില്‍ കണ്ട ഒരു പ്രബന്ധം
കണ്ണുനീര്‍
കുട്ടിക്കാലത്തെ കൌതുകങ്ങളില്‍ ഒന്നായിരുന്നു കണ്ണീര്‍ അഥവാ കണ്ണുനീര്‍.
എപ്പോഴൊക്കെ
എന്ന് വര്‍ഗീകരിച്ചു ഓര്‍മിക്കാന്‍ കഴിയാതെ, കണ്ണുനീര്‍ എന്തുകൊണ്ട്,
എങ്ങനെ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു ആ കാലത്ത്.
തുടങ്ങിയത് എന്നാണെന്ന് ഓര്‍ക്കാനേ പറ്റുന്നില്ല, ഇപ്പോള്‍.
ഒരിക്കല്‍,
അയല്‍പക്കത്തെ മുത്തശി മരിച്ചു എന്ന് കേട്ട് അമ്മയോടൊപ്പം ഓടി ചെന്നത്
ഓര്‍ക്കുന്നു. വാവിട്ടു നിലവിളിക്കുന്ന കുറെ സ്ത്രീകളാണ് എന്‍റെ ശ്രദ്ധ
ആകര്‍ഷിച്ചത്. പ്രായമുള്ള മൂന്നോ നാലോ പേരൊഴികെ ആരുടേയും കണ്ണില്‍നിന്ന്
കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നില്ല. നിലവിളിക്ക് പക്ഷെ നല്ല
ശബ്ദമുണ്ടായിരുന്നു, താളമുണ്ടായിരുന്നു.
തിരക്കിനിടയില്‍ വീടിന്‍റെ
അകത്തു കയറിനിന്നു. മുറിയുടെ മൂലയില്‍ രണ്ടു ചേച്ചിമാര്‍ തേങ്ങലോടെ
ഇരിക്കുന്നു. ശബ്ദമില്ല. പക്ഷെ,മുഖത്ത് കണ്ണീര്‍ ഒലിച്ചി റങ്ങി യതിന്റെ
ശേഷിപ്പുകള്‍.
ഒന്നും ശബ്ദിക്കാതെ ദൂരെ എവിടെയോ നോക്കി നില്‍ക്കുന്നു ഒരു മാമന്‍- കണ്ണടക്കുന്നത് കാണാനേയില്ല; പക്ഷെ കണ്ണുനീരില്ല.
ഈ അനുഭവത്തിന് ശേഷം കരച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ എത്താന്‍ വലിയ ഉത്സാഹമായിരുന്നു.
എല്ലാ കരച്ചിലിനുമൊപ്പം കണ്ണുനീര്‍ കണ്ടില്ല.
കണ്ണീര്‍ പൊഴിച്ചുകൊണ്ട് നിന്നിരുന്ന ചിലരുടെ മുഖത്ത് കരച്ചിലിന്റെതായ ഭാവങ്ങള്‍ കാണാനും കഴിഞ്ഞില്ല.
കൈക്കോട്ടുകൊണ്ട് കാലു മുറിഞ്ഞ നാരായണേട്ടന്‍ ഉച്ചത്തില്‍ അലറുന്നുണ്ടായിരുന്നെങ്കിലും കണ്ണുനീര് ഉണ്ടായിരുന്നില്ല.
കൂട്ടുകാരില്‍ ചിലര്‍ വാശി പിടിച്ചു കരയാറുണ്ട്, ഒട്ടും കണ്ണീര്‍ പൊഴിക്കാതെ.
വാവിട്ടു നിലവിളിക്കുന്നവര്‍,
ശബ്ദമില്ലാതെ തേങ്ങുന്നവര്‍,
കണ്ണിമയ്ക്കാതെ ദു:ഖ ഭാവത്തില്‍ എങ്ങോ നോക്കി നില്‍ക്കുന്നവര്‍,
കടുത്ത വേദനകൊണ്ട് അലറിക്കരയുന്നവര്‍ --
ചിലര്‍ കണ്ണീരോടെ, ചിലര്‍ കണ്ണീരില്ലാതെ.
എന്തോ, എന്‍റെ സംശയങ്ങള്‍ കൂടിയതേ യുള്ളൂ.
കരയുന്നവര്‍ മാത്രമല്ല കണ്ണീര്‍ പൊഴിയ്ക്കുന്നത് എന്ന് പിന്നീട് മനസ്സിലാക്കാന്‍ ഇടയായി.
പരീക്ഷയില്‍ വലിയ ജയം നേടിയതറിഞ്ഞു , ചിരിച്ചു ചിരിച്ച് കണ്ണീര്‍ തൂവിയ ചേച്ചി ഇപ്പോഴും മനസ്സിലുണ്ട്.
ദു:ഖിയ്ക്കുന്ന
മനസ്സും സന്തോഷിയ്ക്കുന്ന മനസ്സും എന്തേ ഏതാണ്ട് തുല്യമായ ഒരു
ഭാവതലത്തില്‍ എത്തിച്ചേരുന്നത്?ഒരേപോലുള്ള കണ്ണീര്‍ പൊഴിയ്ക്കുന്നത്?
ചിരി കരച്ചിലില്‍ എത്തുന്നതുപോലെ, കരച്ചില്‍ ചിരിയായി തീരുമോ?
No comments:
Post a Comment