Friday, December 27, 2013

തോറ്റു ഞാന്‍ കണ്ണാ ..





തോറ്റു ഞാന്‍ കണ്ണാ ..

പദ് മനാഭന്‍ തിക്കോടി 



[***നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്ഷേത്രത്തിന്റെ ഉത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിലേയ്ക്ക് വേണ്ടി എഴുതിക്കൊടുതിരുന്ന ഒരു പദ്യമാണിത്. നിലവാരം പോരാത്തത് കൊണ്ടാവാം, അവരത് അച്ചടിച്ചില്ല. ഇവിടെ എഡിറ്റര്‍ ഞാന്‍ തന്നെയല്ലേ.. ഇതാ അത്..]



നിന്‍ മുരളീരവം കേള്‍ക്കുവാനായി ഞാന്‍
നിന്നെയും തേടീ നടന്നു-
കാളിന്ദിയാറ്റിന്റെയോരത്തെ മണ്ണിലും
വൃന്ദാവനത്തിലും, പിന്നെ
ശ്രീഗുരുവായൂര്‍ നടയിലും, പൂന്താന
കവിതന്റെയില്ലത്തിലും
ശ്രീ കുറൂരമ്മയെ സേവിച്ച മണ്ണിലും
ചെറുശ്ശേരി ഗേഹത്തിലും
ഗോവര്‍ദ്ധനത്തിന്റെ കീഴിലും, മഥുരതന്‍
തെരുവിന്റെ വിരിമാറിലും
എവിടെയും കണ്ടില്ല, കുഴലൊച്ച കേട്ടില്ല,
മായാവിയായി നീ നിന്നൂ-
നിന്റെ പാട്ടൊക്കെയും രാധയ്ക്കു മാത്രമോ?
തോറ്റു ഞാന്‍, വൈകുണ്‍ഠനാഥാ
വ്രണിതമായുള്ളൊരീ,യുള്ളവുമായിതാ
പ്രണമിപ്പു, തിരുമുമ്പിലായി
ഒരു നെയ്‌ തിരിയുമായ്‌, അര്‍ച്ചനാ പുഷ്പമായ്,
മിഴി തുറന്നീടുമോ ശൌരേ!
-----------------

Monday, December 16, 2013

കല ജീവിതമാക്കിയവര്‍ [രണ്ട്]

ശ്രീ സി എന്‍ കരുണാകരന്‍-ഒരു ഓര്‍മ്മക്കുറിപ്പ്‌


2013 ഡിസംബർ 14-ന് ഉച്ചയ്ക്ക് രണ്ടരയോടെ ഹൃദയാഘാതം മൂലം  കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഒരു  സ്വകാര്യ ആശുപത്രിയില്‍  ശ്രീ സി എന്‍ കരുണാകരന്‍  ജീവിതത്തോട് വിട ചൊല്ലിയപ്പോള്‍ കേരളമെങ്ങുമുള്ള ചിത്രകലാ ആസ്വാദകര്‍ക്ക് നഷ്ടപ്പെട്ടത് ഭാരതീയ സംസ്‌കാരവും പൗരാണിക ചുവര്‍ചിത്ര ശൈലിയും വരകളില്‍ 
ആവാഹിച്ച ലോകപ്രശസ്‌ത ചിത്രകാരന്‍. 
എണ്ണച്ചായവും ജലച്ചായവും അക്രലിങ്കും ഒരുപോലെ വഴങ്ങിയിരുന്ന ശ്രീ കരുണാകരന്‍ മാഷിന്റെ 
 നാലു പതിറ്റാണ്ടത്തെ ആ കലാസപര്യയ്‌ക്കാണ് അന്ത്യമായത്‌.
മാഷ്‌ ഒരു ബഹുമുഖ കലാ പ്രതിഭയായിരുന്നു. 
ചിത്രകലാ പാരമ്പര്യമൊന്നുമിലാത്ത ഒരു കുടുംബത്തില്‍ ജനിച്ച ശ്രീ കരുണാകരന്‍ ഒരു പ്രകൃതിനിയോഗം എന്ന പോലെയാണ് ചിത്രകലാരചന തന്‍റെ കര്‍മമേഖലയായി  തെരഞ്ഞെടുത്തതെന്ന് പറയാം. സ്ക്കൂളിൽ പഠിക്കാൻ മിടുക്കനല്ലാതിരുന്ന ആ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയാണ് ചിത്രം വര തുടങ്ങുന്നത്.  ഉറ്റവരുടെ ശ്രദ്ധയില്‍പെട്ട ആദ്യചിത്രം അക്കാലത്ത്  പെന്‍സില്‍ കൊണ്ട്‌ വരച്ച അശോകസ്‌തംഭമാണ്‌.  പാവറട്ടി സ്‌കൂളിലെ പഠനകാലത്തു വരച്ച ആമ്പല്‍പൂവിന്റെ ചിത്രം ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ മുഖചിത്രമാക്കിയത് ആയിരുന്നു, ആദ്യകാല അംഗീകാരം.
തുടര്‍ന്ന് സ്കൂള്‍ വിദ്യാഭാസം പൂർത്തിയാക്കാതെ പന്ത്രണ്ടാം വയസ്സിൽ മദ്രാസ് സ്ക്കൂൾ ഓഫ് ആർട്സിൽ ചേരുന്നതിനു വേണ്ടി വണ്ടി കയറിയ കരുണാകരന് പെയ്‌ന്റിങ്ങിലായിരുന്നു താൽപര്യം. പക്ഷെ പത്താം ക്ലാസ് ഇല്ലാത്തതു കൊണ്ട് അതിനു ചേരാനാവാത്തതിനാല്‍ ഡിസൈനിങ് കോഴ്സിനാണ് ചേർന്നത്. ഒന്നാം റാങ്കോടെ പ്രവേശന പരീക്ഷ പാസ്സായ കരുണാകരന്‍, കോഴ്സ് പാസ്സായത്‌ സ്വർണ്ണമെഡലോടെ. ഈ മികവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് അദ്ദേഹത്തിന് പെയ്‌ന്റിങിൽ പ്രവേശനം ലഭിച്ചു. ഡി.പി.റോയ് ചൗധരിയുടെയും കെ.എസി.എസ്.പണിക്കരുടേയും കീഴില്‍ അഭ്യസിയ്ക്കാന്‍ അവസരം ലഭിച്ച ശ്രീ കരുണാകരന്‍ അവിടെയും ഒന്നാം റാങ്കോടെ പാസ്സായി.
പഠനത്തിന് ശേഷം കുറച്ചുകാലം ഏതാനും പരസ്യ ചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇതിനകം തന്നെ തന്‍റെ സമ്പന്നമായ കലാചാതുരിയും വര്‍ണങ്ങളിലെ വൈവിദ്ധ്യവും കരുണാകരനെ പ്രശസ്തനാക്കി. നേരത്തെ 1956-ലെ മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം തന്‍റെ പതിനാറാം വയസ്സില്‍ നേടിയ ഇദ്ദേഹം 1964-ല്‍  മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം കൂടി കരസ്ഥമാക്കി. 
 1970ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീ കരുണാകരന്‍, എം.കെ.കെ. നായരുടെ പ്രേരണയിൽ കലാപീഠത്തിൻ അദ്ധ്യാപകനായി ചേർന്നെങ്കിലും അധികകാലം അതിൽ തുടരാനായില്ല. തുടര്‍ന്ന് 
കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം എറണാകുളത്ത് എം.ജി.റോഡിൽ ആരംഭിച്ചു . 1973 മുതല്‍ 1977 വരെ ഈ പ്രദര്‍ശനശാല പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആനുകാലികങ്ങളിൽ വരച്ചും കമേഴ്സ്യൽ ചിത്രരചനയിലേർപ്പെട്ടുമാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്.  മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ അക്കാലത്ത്പ്രത്യക്ഷപ്പെട്ടിരുന്നു.കാലക്രമേണ അദ്ദേഹത്തിന്റെ പെയ്‌ന്റിങ്ങുകളും മെറ്റൽ, സിമന്റ് റിലീഫുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 

 1970-ല്‍ കലാപീഠം അധ്യാപകനെന്നനിലയില്‍ കൊച്ചിയിലെത്തിയ കരുണാകരന്‍  വര്‍ഷങ്ങളായി മാമംഗലത്തായിരുന്നു താമസം. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനായിരുന്ന കരുണാകരനു 2009ല്‍ രാജാ രവിവര്‍മ പുരസ്‌കാരമടക്കം നിരവധി ബഹുമതികള്‍ ലഭിച്ചു.  മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം (2003) പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം (2000) കേരള ലളിതകലാ അക്കാദമി പുരസ്‌കാരം ( 1971, 1972, 1975 ), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം (1964) കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് (2005) എന്നിവ ഇവയില്‍ ചിലത് മാത്രം.
 സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് ശ്രീ കരുണാകരന്‍. 
2003 സെപ്‌റ്റംബര്‍ അഞ്ചിനു വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസിയില്‍ പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടു. ഈ പര്യടനത്തിനിടെ അവിടത്തെ പ്രശസ്‌തമായ അതിഥി ഇന്ത്യന്‍ റസ്‌റ്റോറന്റിലും വിര്‍ജീനിയയിലെ ഏഷ്യന്‍ ആര്‍ട്ട്‌ ഗാലറിയിലും പ്രദര്‍ശനം നടത്തി. 2002 ല്‍ ബ്രസീലിലെ മൂന്നു നഗരത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആഗോളതലത്തില്‍ ഏറ്റവുമധികം ഏകാംഗപ്രദര്‍ശനങ്ങള്‍ നടത്തിയ കലാകാരന്മാരില്‍ ഒരാളുമാണ്‌ ശ്രീ കരുണാകരന്‍- അമ്പതോളം.

ശില്‌പകലയിലും സി.എന്‍. നൈപുണ്യം തെളിയിച്ചു. നിരവധി പുസ്‌തകങ്ങളുടെ പുറംചട്ടയും അദ്ദേഹം രൂപകല്‍പന ചെയ്‌തിട്ടുണ്ട്‌. 

അക്രിലിക്‌, ഓയില്‍ തുടങ്ങി എല്ലാവിധ നിറസങ്കേതങ്ങളും അദ്ദേഹത്തിനു വഴങ്ങിയെന്ന അപൂര്‍വതയുമുണ്ട്‌. തൃശൂരിലെ ഒരു വ്യക്‌തിയുടെ ശേഖരത്തിലേക്കായി വരച്ച കൂറ്റന്‍ മ്യൂറല്‍പെയിന്റിംഗാണ്‌ ഏറ്റവും ഒടുവില്‍ ചെയ്‌ത കലാസൃഷ്‌ടി.
മലയാളം സിനിമാ രംഗത്തും ശ്രീ കരുണാകരന്‍ തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍ ,അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചത് ഇദ്ദേഹമാണ്.
ഗുരുവായൂരിനടുത്ത്‌ ബ്രഹ്‌മകുളത്ത്‌ 1940 ലാണു കരുണാകരന്റെ ജനനം. പിതാവ്‌ ഗ്രാമസേവകനായിരുന്ന  ശ്രീ ടി.പി. ശേഖരമേനോന്‍. 
സമ്പന്നമായ ഒരു കാലഘട്ടത്തെ പ്രതിനിധീകരിച്ചിരുന്ന ജീവിതം തന്നെ കലയാക്കിയ മറ്റൊരു കലാകാരന്‍ കൂടി വിടവാങ്ങുമ്പോള്‍ ശൂന്യതക്ക് വിസ്തൃതി കൂടുന്നു. 
എന്‍റെ ആദരാഞ്ജലികള്‍...

പദ് മനാഭന്‍ തിക്കോടി 




















  









ആദരാഞ്ജലികള്‍