Thursday, November 27, 2014

ടി പത്മനാഭന്‍ - എന്റെ ഇഷ്ട കഥാകൃത്ത്‌.




പദ്മനാഭന്‍ തിക്കോടി
ശ്രീ ടി പത്മനാഭന്‍ എനിയ്ക്കിഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്. ഒരു കവിത വായിക്കുന്ന സുഖത്തോടെ അദ്ദേഹത്തിന്റെ കഥകള്‍ ഞാന്‍ ഏറെ വായിച്ചു. എന്റെ ജനനവും ശ്രീ പദ്മനാഭന്റെ ഗൌരവമുള്ള എഴുത്തും ഏതാണ്ട് ഒരേ കാലത്ത് സംഭവിച്ചു എന്നാണു ചരിത്രരേഖ. അദ്ദേഹത്തിന്റെ ആദ്യപുസ്തകമായ  "പ്രകാശം പരത്തുന്ന പെണ്‍കുട്ടി" പൊന്നാനിയിലെ വെസ്റ്റ്കോസ്റ്റ് പബ്ലിഷേര്‍സ് പുറത്തിറക്കുമ്പോള്‍ അത് വായിച്ചു ആസ്വദിയ്ക്കാനുള്ള നിലവാരമൊക്കെ ലോവര്‍ പ്രൈമറി വിദ്യാര്‍ഥിയായിരുന്ന എനിയ്ക്ക് എവിടുന്നുണ്ടാവാന്‍?
വീട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്താറുണ്ടായിരുന്നത്കൊണ്ട് മറ്റു കഥാകാരന്മാരെപ്പോലെ പത്മനാഭനെയും അറിയാന്‍ കഴിഞ്ഞു.. ത്യാഗത്തിന്റെ രൂപങ്ങള്‍, അപൂര്‍ണമായ പ്രതിമ എന്നിവ പഴയ മാതൃഭൂമി തിരഞ്ഞുപിടിച്ച് വായിച്ചത് ഓര്‍ക്കുന്നു. അന്ന് മനസ്സിലാക്കിയതിലും ഏറെ ഉള്‍ക്കൊള്ളാന്‍ പിന്നീടു കഴിഞ്ഞെങ്കിലും അന്നത്തെ വായന ഇന്നും സുഖമുള്ള ഒരോര്‍മ്മയായി മനസ്സിലുണ്ട്.
പത്മനാഭന്റെ രചനകള്‍ ഒട്ടുമുക്കാലും വായിച്ചിട്ടുണ്ട്. ഏതാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ ഇത്തിരി വിഷമം തന്നെ. ലേഖനങ്ങളായാലും കഥകളായാലും സംഭാഷണങ്ങളുടെ ലിഖിതരൂപങ്ങളായാലും എനിയ്ക്കതൊക്കെ കഥകളായി തന്നെ ആസ്വദിയ്ക്കാനാണ് ഇഷ്ടം തോന്നിയത്. 
വൈവിധ്യമാര്‍ന്ന ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നൊക്കെ പത്മനാഭന്‍ കഥകള്‍ കണ്ടെടുത്തു. അവയില്‍ പട്ടി പൂച്ച തുടങ്ങിയ മൃഗങ്ങളുണ്ട്, പക്ഷികളുണ്ട്, അവയുടെ ശബ്ദങ്ങളുണ്ട്, കാറ്റുണ്ട്, മഴയുണ്ട്, മിന്നലും ഇടിയുമുണ്ട്, അരുവികളുണ്ട്‌... 
ഏഴാംതരത്തില്‍ പഠിയ്ക്കുമ്പോഴാണ് പത്മനാഭന്റെ മൂന്നു പുസ്തകങ്ങള്‍ ചുരുങ്ങിയ ഇടവേളകളിലായി വായിക്കുന്നത്- പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഒരു കഥാകൃത്ത്‌ കുരിശില്‍, മഖന്‍സിംഗിന്റെ മരണം. കഥകളൊക്കെ മുമ്പ് വായിച്ചിരുന്നെങ്കിലും ഈ പുനര്‍വായന ആസ്വാദനത്തിന്റെ പുതിയ ഒരു തലം എന്നില്‍ രൂപംകൊണ്ടു. സാഹിത്യകാരന്‍ കൂടിയായ വി ടി കുമാരന്‍ മാഷ്‌ നല്‍കിയ പ്രോത്സാഹനം വളരെ വിലപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കുന്നത് വളരെ കഴിഞ്ഞാണ്. 
പത്മനാഭനിലെ കഥാകൃത്തിനു എത്രത്തോളം മേന്മയുണ്ടോ, അതെ അളവില്‍ അദ്ദേഹത്തില്‍ ഒരു കലാപകാരിയുടെ മനസ്സുണ്ട് എന്ന് നാമറിയുന്നത് 1974ല്‍ സാക്ഷി എന്നാ കഥാ സമാഹാരത്തിനു പ്രഖ്യാപിയ്ക്കപ്പെട്ട കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹം നിരസിയ്ക്കുമ്പോഴാണ്. അക്കാദമി അവാര്‍ഡ്സംവിധാനത്തോടുള്ള എതിര്‍പ്പായിരുന്നു കാരണം.  "ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ അവാര്‍ഡ് നിരസിച്ചത് ഞാനാണ്'' എന്ന് പറഞ്ഞ് അത് ഒരു ക്രെഡിറ്റ് ആക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇരുപത്തിരണ്ടു വര്‍ഷം കഴിഞ്ഞ് ഗൌരി എന്ന പുസ്തകത്തിന്‌ ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹം നിരസിച്ചു.
വിവാദങ്ങള്‍ സൃഷ്ടിച്ച പ്രസ്താവനകളിലൂടെയും അദ്ദേഹം സാഹിത്യരംഗത്ത്‌ കലാപം വിതച്ചു. എം ടിയുടെ ജ്ഞാനപീഠപുരസ്കാരലബ്ധി, കമലാ സുരയ്യയുടെ മതം മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ  വിമര്‍ശനങ്ങളും ആരോപണങ്ങളും കടുത്ത എതിര്‍പ്പിന് ഇടയാക്കി. 
 അതിനിശിതമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന് തെല്ലും ‘ദയ’യില്ല. അതേപോലെത്തന്നെ, ഏതൊരാളെയായാലും ഉള്ളില്‍ കുത്തിത്തറക്കുന്ന മൂര്‍ച്ചയോടെ പരിഹസിക്കാന്‍ മടിയുമില്ല..
കേരള സാഹിത്യ അക്കാദമിയുടെ ആവിര്‍ഭാവം മുതലേയുള്ള പുരസ്‌കാരമായിരുന്ന 'ശ്രീപദ്മനാഭസ്വാമി ബാലസാഹിത്യ പുരസ്‌കാരം മതനിരപേക്ഷമല്ല എന്നു പറഞ്ഞ്എം. മുകുന്ദന്‍ പ്രസിഡന്റായ ഭരണസമിതി അത് നിര്‍ത്തിയപ്പോള്‍ കടുത്ത വിമര്‍ശനവുമായി പത്മനാഭന്‍ രംഗത്തെത്തി. 
പല വേദികളിലും അദ്ദേഹം ഇതിനെതിരെ പ്രസംഗിച്ചു: എന്താണ് മുകുന്ദന്‍ ഉദ്ദേശിച്ച സെക്യുലറിസംഅങ്ങനെയെങ്കില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം സെക്യുലറല്ലെന്നു പറയുമോശ്യാമശാസ്ത്രികളുടെയും ദീക്ഷിതരുടെയും സ്വാതിതിരുനാളിന്റെയും കൃതികള്‍ സെക്യുലറല്ലെന്നു പറയുമോനവോത്ഥാന കാലഘട്ടങ്ങളിലെ മഹത്തായ എല്ലാ കലാരൂപങ്ങളും ബൈബിളിനെ അധികരിച്ചല്ലേ. അത് സെക്യുലറല്ലെന്നു പറയുമോ
വളരെയധികം പരത്തിപ്പറഞ്ഞു പോകാവുന്ന ഉള്ളടക്കങ്ങളെ തന്റെ ചെറു രചനകളിലൂടെ മൂല്യവത്തായി പ്രകാശിപ്പിച്ചു എന്നതാണ് പത്മനാഭന്റെ കഥകളുടെ വിജയം. പൊള്ളയായ മുദ്രാവാക്യങ്ങള്‍ അവയിലില്ല. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്: എനിയ്ക്കറിയുന്ന കൊച്ചുകാര്യങ്ങളുമായി ഈ ചെറിയ ചുറ്റുവട്ടത്തില്‍ കഴിഞ്ഞുകൂടാനാണ് എനിക്കിഷ്ടം.
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, ഒരു കഥാകൃത്ത് കുരിശില്‍, മഖന്‍ സിംഗിന്റെ മരണം, ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികള്‍, സാക്ഷി,ഹാരിസണ്‍ സായ്‌വിന്റെ നായ, വീടു നഷ്ടപ്പെട്ട കുട്ടി, കാലഭൈരവന്‍, കത്തുന്ന ഒരു രഥ ചക്രം,ഗൌരി, കടല്‍, പത്മനാഭന്റെ കഥകള്‍, പള്ളിക്കുന്ന്, ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍, നളിനകാന്തി, ഗുല്‍ മുഹമ്മദ്‌ തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളുടെ സമാഹാരങ്ങളാണ്. 
നിരസിക്കപ്പെട്ട അവാര്‍ഡുകള്‍ക്ക് പുറമേ ഒട്ടേറെ അംഗീകാരങ്ങള്‍ പദ്മനാഭനെ തേടി വന്നിട്ടുണ്ട്. സാഹിത്യപരിഷത്ത് അവാര്‍ഡ് (1988) (കാലഭൈരവന്‍ എന്ന കൃതിക്ക്), ഓടക്കുഴല്‍ പുരസ്‌കാരം (1995) (കടല്‍ എന്ന കൃതിക്ക്), സ്‌റ്റേറ്റ് ഓഫ് ആല്‍ ഐന്‍ അവാര്‍ഡ് (1997) (ഗൌരി എന്ന കൃതിക്ക്), ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം (1998),  വയലാര്‍ അവാര്‍ഡ് (2001)(പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് എന്ന കൃതിയ്ക്ക്), എഴുത്തച്ഛന്‍ പുരസ്‌കാരം (2003),  കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012) എന്നിവ ഇവയില്‍ ചിലവ മാത്രം. 
ഇരുപത് വര്‍ഷം മുമ്പ് പ്രമുഖ ഇന്ത്യന്‍ ചെറുകഥാകൃത്തുക്കളുടെ കഥകള്‍ സമാഹരിച്ച് സാഹിത്യ പരിഷത്ത് ഒരു ബൃഹദ് സമാഹാരം പുറത്തിറക്കിയപ്പോള്‍ രവീന്ദ്രനാഥ ടാഗോര്‍, വിഭൂതി ഭൂഷണ്‍ തുടങ്ങിയവരുടെ കഥകള്‍ക്കൊപ്പം ടി.പത്മനാഭന്റെ കഥയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഭാരതീയ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ഭാരതീയ സാഹിത്യ പരിഷത്തിന്റെ  ഈ വര്‍ഷത്തെ പുരസ്‌കാരം ഇദ്ദേഹത്തിനു പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഭാരതീയ സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം.
നമുക്ക്, മലയാളികള്‍ക്ക് സന്തോഷമുള്ള ഈ പ്രഖ്യാപനം ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ശ്രവിച്ചത്. അഭിനന്ദനങ്ങളും ആദരവും !!

Wednesday, November 5, 2014

എന്റെ തിക്കോടി (പത്ത്) എന്റെ തിക്കോടി- എന്റെ സഖി.





കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പശ്ചിമാബ്ധിയെ നോക്കി ലയിച്ചിരിക്കുന്ന തിക്കോടി എന്ന എന്റെ ഗ്രാമം എനിയ്ക്കെന്നും നല്‍കിയത് ഒരു സഖിയുടെ സാമീപ്യം..
ഇവിടെ കഴിഞ്ഞിരുന്ന ഓരോ നിമിഷത്തിനും സ്വച്ഛതയുണ്ടായിരുന്നു. 
കവിതകളിലേയും കഥകളിലേയും ഗ്രാമീണ സൌന്ദര്യവര്‍ണനകളിലൂടെ കടന്നുപോകുമ്പോഴും എന്റെ ഉള്ളം തുടിച്ചിരുന്നത് എന്റെ ഗ്രാമത്തിന്റെ മനോഹാരിതകളെ നിനച്ചായിരുന്നു.
വീടിനടുത്തുണ്ടായിരുന്ന, ഇന്ന് ഒരംശം പോലും ബാക്കിയായില്ലാത്ത വിശാലമായ വയലുകള്‍ എനിയ്ക്കെന്നും ഹരമായിരുന്നു. 
വയലുകള്‍ക്കക്കരെ പുലര്‍കാലങ്ങളില്‍ തെളിഞ്ഞു കണ്ടിരുന്ന മലനിരകള്‍ നല്‍കിയത് അളവറ്റ മനം നിറഞ്ഞ ആനന്ദം.
മഴയത്തും വെയിലത്തും വയലേലകള്‍ സന്തുഷ്ടമായ ഒരു ബാല്യം എനിയ്ക്ക് സമ്മാനിച്ചു.
ഇവിടത്തെ പ്രകൃതി എന്നോട് സംവേദിച്ചിരുന്നത് മഴനിന്നാലും പെയ്യുന്ന മരങ്ങളിലൂടെ;
ചെടികളിലെ ഇലകളില്‍ കൊച്ചു മഴവില്ലുകള്‍ കാണിച്ചു തന്ന മഴത്തുള്ളികളിലൂടെ;
പിടിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ വഴുതി മാറുന്ന തുമ്പികളിലൂടെ;
നീലാകാശങ്ങളില്‍ ഒഴുകി നീങ്ങുന്ന മേഘത്തുണ്ടുകളിലൂടെ;
മഞ്ഞുത്തുള്ളികള്‍ വഹിച്ചു നിന്നിരുന്ന തളിരിലകളിലൂടെ;
വര്‍ണക്കുടകള്‍ വഹിച്ചു നിന്നിരുന്ന ചെടികളിലൂടെ.
പ്രകൃതി എന്നെ സ്നേഹിയ്ക്കുന്നതിലും എത്രയോ ഏറെ ഞാന്‍ പ്രകൃതിയെ സ്നേഹിച്ചു.
ബാലാരിഷ്ടതകള്‍ നിറഞ്ഞ ശൈശവം എന്നില്‍ ബാക്കി വെച്ചിരുന്ന ശുഷ്കിച്ച ശരീരത്തിന് മരങ്ങളില്‍ ഓടിക്കയറാനോ, കുളങ്ങളില്‍ നീന്തി തുടിയ്ക്കാനോ, അമ്മയുടെ ശ്രദ്ധ മാറ്റി ഓടിക്കളിയ്ക്കുന്ന പശുക്കിടാവിനെ പിടിച്ചുകെട്ടാനോ കഴിയുമായിരുന്നില്ല. എങ്കിലും പാറക്കുളത്തിലും  'ചോയി'കുളത്തിലും പാലൂര്‍ കുളത്തിലും ആഞ്ഞുനീന്തുന്ന കൂട്ടുകാരുടെ ആര്‍പ്പുവിളികള്‍ എനിയ്ക്ക് ഹരമായിരുന്നു. മാവിന്‍ കൊമ്പുകളില്‍ അമ്മാനമാടിയിരുന്ന കൂട്ടുകാര്‍ ഫ്രഷ്‌ ആയ മാമ്പഴങ്ങള്‍ എനിയ്ക്കിട്ട്തരുമ്പോള്‍ അപകഷതാബോധം ഉണ്ടായില്ല. 
പുലര്‍കാലത്തെ കോഴിയുടെ കൂവലും കുയിലിന്റെ നാദവും അണ്ണാന്‍കുഞ്ഞുങ്ങളുടെ ചില്‍ ചില്‍ ആരവങ്ങളും ഞാനന്ന് ആസ്വദിച്ചത് പില്‍ക്കാലത്ത്‌ യേശുദാസിന്റെയും റാഫിയുടെയും ജാനകിയമ്മയുടെയും ഒക്കെ സംഗീതം ശ്രദ്ധിച്ചത് പോലെ തന്നെ.
പിന്നെ പിന്നെ ഞാന്‍ വളര്‍ന്നു.. വീട്ടുവളപ്പില്‍ സുലഭമായി ഉണ്ടായിരുന്ന ചക്ക, വിവിധയിനം മാമ്പഴങ്ങള്‍, അമ്മയുടെ പരിലാളനം ഏറ്റു വളര്‍ന്നിരുന്ന ചേമ്പ് ചേന വാഴപ്പഴം കറമൂസ്സ എന്ന് ഞങ്ങള്‍ വിളിയ്ക്കുന്ന പപ്പായ പേരയ്ക്ക എന്നിവയൊക്കെ കൂടി എന്നെ വളര്‍ത്തി എന്ന് പറയുന്നതാവും ഏറെ ശരി.
തൈര് കടയുന്ന അമ്മയുടെ ശ്രദ്ധ മാറ്റി എത്ര വെണ്ണ തട്ടിയെടുത്തു സേവിച്ചിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല. 
പ്രകൃതിയോടുള്ള എന്റെ സംവേദനം വളരുന്നതോടൊപ്പം എന്റെ സ്വപ്നങ്ങളുടെ വ്യാപ്തിയും വളര്‍ന്നു.അതെ എന്റെ ഈ ഗ്രാമം തന്നെ എന്നെ വളര്‍ത്തിയ എന്റെ സഖി.

പദ് മനാഭന്‍ തിക്കോടി