Saturday, January 31, 2015

എംടിയുടെ ഏറെ പ്രശസ്തമായ കഥ ഇരുട്ടിന്റെ ആത്മാവ്



എംടിയുടെ ഏറെ പ്രശസ്തമായ കഥ ഇരുട്ടിന്റെ ആത്മാവ് ഇവിടെ വായിക്കാം

പേടിച്ചു പേടിച്ചുകൊണ്ടാണ് പുറത്തുവന്നത്. വാതില്‍ക്കല്‍ നിന്ന് ആദ്യം തളത്തിലേക്ക് നോക്കി. അച്യുതന്‍ നായര്‍ നല്ല ഉറക്കമാണ്. ഒരു നിമിഷം സംശയിച്ചു നിന്നു. അയാള്‍ കൂര്‍ക്കം വലിക്കുമ്പോള്‍ കഴുത്തില്‍ ഉരുണ്ടു കളിക്കുന്ന മുഴ കാണാന്‍ നല്ല രസമുണ്ട്. അരയില്‍ തിരുകി വെച്ച പഴുക്കടയ്ക്ക അഴിഞ്ഞ് വീഴാറായിരിക്കുന്നു. രോമം നിറഞ്ഞ ആ വലിയ കൈത്തണ്ടയും അറപ്പുതോന്നുന്ന തടിച്ച വിരലുകളും കണ്ടപ്പോള്‍ ആദ്യം ഒരരിശമാണ് തോന്നിയത്.

ആ കൈകൊണ്ടല്ലേ ഇന്നലെ സന്ധ്യക്ക്... ഇന്നലെയാണോ? അതോ കുറേ ദിവസം മുമ്പോ?
വേലായുധന്‍ കഴുത്ത് തടവി. വേദന ഇപ്പോഴും ബാക്കി നില്പുണ്ട്.
ഒരുദിവസം ആരും അറിയാതെ ആ കൈ വെട്ടിക്കളയണം. വലിയൊരു മടവാക്കത്തി നേരത്തെ കൊണ്ടുവന്ന് സൂക്ഷിക്കണം. എന്നിട്ട് രോമം നിറഞ്ഞ പരുക്കന്‍കയ്യ് നിലത്തു പരത്തി വെച്ച് കിടക്കുമ്പോള്‍ പതുങ്ങിച്ചെന്ന് ഒറ്റവെട്ട്!
അയാള്‍ക്കങ്ങിനെ വേണം. അല്ലെങ്കില്‍ ഇങ്ങനെ മനുഷ്യനെ ദ്രോഹിക്കണോ!
ഇന്നലെ....ഇന്നലെയാണോ? കുറേ ദിവസങ്ങള്‍ക്കു മുമ്പോ?
പടിഞ്ഞാറെ ഇറയത്ത് കുളിപ്പിക്കാന്‍ അവനെ കൊണ്ടുവന്നിരുത്തി. കുറച്ചുകാലമായി അച്ചുതന്‍നായരാണ് കുളിപ്പിക്കുന്നത്. അതു വേലായുധന് ഇഷ്ടമാവുന്നില്ല. മറ്റൊരാള്‍ കുളിപ്പിക്കാന്‍ അവനൊരു കുട്ടിയാണോ? വലുതായിരിക്കുന്നു, വളരെ വലുതായിരിക്കുന്നു. ഗോപിയുടെ അത്ര വലുപ്പമുള്ള കാലത്ത് പുഴയില്‍ കുരുതിപ്പറമ്പിനടുത്ത കടവിലിറങ്ങി കുളിച്ചിട്ടുണ്ട്. അമ്മയാണ് കുളിപ്പിക്കുക.
ഇപ്പോള്‍ അവന്‍ വലിയൊരാളാണ്. മുത്തശ്ശി പറയാറുണ്ട്: ''പത്തിരുപത്തൊന്നു വയസ്സായ ഒരാണൊരുത്തനാണേ- സുകൃതക്ഷയം..സുകൃതക്ഷയം!''

വേലായുധനറിയാം അതു തന്നെപ്പറ്റിയാണ്.
എന്നിട്ടും അച്യുതന്‍നായര്‍ കുളിപ്പിക്കാന്‍ പിടിച്ചുകൊണ്ടുപോകുന്നു. വലിയ മൂന്ന് കുട്ടകത്തില്‍ നിറയെ വെള്ളം ഒഴിച്ചുവെച്ചിരിക്കും. വക്കുപൊട്ടിയ ചെറിയ പിച്ചളച്ചെമ്പുകൊണ്ട് തലയിലിങ്ങനെ വെള്ളം കോരിയൊഴിക്കുക...
വെള്ളം നിറച്ച കുട്ടകത്തിനടുത്ത് പലകയില്‍ പിടിച്ചിരുത്തി, അച്യുതന്‍നായര്‍ പാത്രമെടുക്കാന്‍ പോയപ്പോള്‍ വേലായുധന് ഒരു യുക്തി തോന്നി. പടിഞ്ഞാറെ ഇറയത്തിലൂടെ ഒരു ചെറിയ പുഴയൊഴുകുന്നുണ്ടെങ്കില്‍ എങ്ങനെ ഇരിക്കും? പായ കെട്ടിയ വലിയ വഞ്ചികളും മീന്‍ പിടിക്കുന്ന കൊച്ചുതോണികളും പോകാന്‍ തുടങ്ങും. അവന്‍ കിടക്കാറുള്ള മുറിയുടെ കിളിവാതിലില്‍ നിന്ന് എല്ലാം കാണാം. ഇടവപ്പാതി വരുമ്പോള്‍ നരിമീന്‍ പുളയ്ക്കുന്നതും. വേണമെങ്കില്‍ ചൂണ്ടലിടുകയുമാവാം. കിളിവാതിലിലൂടെത്തന്നെ.
മതിലിന്നരികില്‍ വെട്ടിയ ചാലിലേക്ക് മൂന്നു കുട്ടകങ്ങളിലേയും വെള്ളം ചെരിച്ചുകളഞ്ഞു. മണ്ണുപുരണ്ട് ചുവന്ന വെള്ളം ഒഴുകിപ്പോകുന്നത് നോക്കി നില്‍ക്കുമ്പോള്‍ അച്യുതന്‍നായര്‍ വിളിച്ചു.''വേലായുധാ''
വിളിയായിരുന്നില്ല, ഒരലര്‍ച്ച.
ഭയത്തോടെയാണ് അയാളുടെ മുഖത്തു നോക്കിയത്.
''അഹമ്മതി കാട്ടേ്?''
ഒന്നും മിണ്ടിയില്ല. കണ്ണുകളില്‍ നിന്ന് തീ പറക്കുന്നുണ്ടെന്നുതോന്നി. അയാളുടെ തല മൂടിക്കളയാമെന്നുവെച്ച് ഒഴിഞ്ഞ കുട്ടകം പൊക്കിയെടുക്കുമ്പോഴാണ് ഒരടിവീണത്.
''എന്നെ തല്ലല്ലേ.....എന്നെ തല്ലല്ലേ......''
ഉച്ചത്തില്‍ കരഞ്ഞുപോയി.
കോലായയുടെ വക്കില്‍ മുത്തശ്ശിയെത്തി. പിറകെ വലിയമ്മയും ഗോപിയും.
മുത്തശ്ശി പുതച്ച തോര്‍ത്തിന്റെ തുമ്പു കൊണ്ട് കണ്ണുതുടച്ച് പറഞ്ഞു: ''ദൈവദോഷംണ്ട് അച്യുതാ......സ്വബുദ്ധി ഇല്ലാഞ്ഞിട്ടല്ലേ?''
''കാട്ട്യേ പണി കണ്ട്വോ കാള്യേമ്മേ?''
വലിയമ്മ മുറുമുറുത്തു: ''അടീലും മീതെ ഒരൊടീല്യ. ഇതൊക്കെ അഹമ്മതികൊണ്ടാ.
മുത്തശ്ശി ഒരിക്കല്‍കൂടി കണ്ണുതുടച്ച് സാധാരണ പറയാറുള്ളതുപോലെ പിറുപിറുത്തു: ''സുകൃതക്ഷയം....സുകൃതക്ഷയം....!''
വേലായുധന്‍ കഴുത്ത് തടവിനോക്കി. വേദന മാഞ്ഞുപോയിട്ടില്ല.
നല്ല മൂര്‍ച്ചയുള്ള ഒരു മടവാക്കത്തി അയ്യപ്പന്റെ കൈവശമുണ്ട്. അവന്‍ വൈകുന്നേരം പണിമാറ്റി വല്ലി വാങ്ങാന്‍ കളപ്പടിക്കല്‍ വന്നു നില്‍ക്കുമ്പോള്‍ അതെടുത്തു വെക്കണം.
കഴുത്തിലെ മുഴ ഉരുട്ടിക്കളിച്ചുകൊണ്ട് അച്യുതന്‍നായര്‍ കിടന്നുറങ്ങുമ്പോള്‍ ഒറ്റവെട്ട്!
രാവിലെയാണ് തമാശയുണ്ടാവുക.
''ഇതൊന്നും ഭ്രാന്തല്ല. അഹമ്മത്യാണ്'' എന്നലറി തല്ലാന്‍ നോക്കുമ്പോള്‍ കൈയുണ്ടാവില്ല.
കയ്യ് അന്വേഷിച്ചു കൊണ്ട് അയാള്‍ വീട്ടിലും മുറ്റത്തുമൊക്കെ ഓടി നടക്കുമ്പോള്‍ ചിരിച്ചു ചിരിച്ച് ചാവും....!
വേലായുധന്‍ തളത്തില്‍ നിന്ന് വടക്കിനിയിലേക്കു കടന്നു. തുറന്നിട്ട ജനാലയ്ക്കടുത്ത് മുത്തശ്ശി പുല്ലുപായയില്‍ കിടന്നുറങ്ങുന്നു. മുത്തശ്ശിയുടെ
ശരീരം കണ്ടാല്‍ അറപ്പുതോന്നും. മേല്‍ മുഴുവന്‍ മീന്‍ചിതമ്പലുകള്‍ പറ്റിയിട്ടുണ്ടെന്നു സംശയിച്ചു പോവും.
മുത്തശ്ശിയോട് അവന് ദേഷ്യമില്ല. അവനെ ഒരിക്കലും ശകാരിച്ചിട്ടില്ല. അടിച്ചിട്ടില്ല. വീട്ടില്‍ മറ്റുള്ളവരെല്ലാം അടിച്ചിട്ടുണ്ട്. ഗോപിയും കുട്ടിശ്ശങ്കരനും കൂടി. അവര്‍ കുട്ടികളാണ്. സാധാരണ കുട്ടികള്‍ മുതിര്‍ന്നവരെ തല്ലാറില്ലല്ലോ?
വലിയമ്മ താഴത്തില്ലാത്തത് ഭാഗ്യമായി. മുകളിലാണ് വലിയമ്മയുടെ മുറി. വലിയമ്മയും ഗോപിയും ഗോപിയുടെ അച്ഛനും ഉച്ചയ്ക്കു മുകളിലേക്കു കയറിപ്പോയാല്‍ ഇറങ്ങിവരാന്‍ കുറെ വൈകും.
തെക്കിനിയില്‍ നല്ല ഇരുട്ടാണ്. നട്ടുച്ചയ്ക്കു കൂടി ഇരുട്ടാണ്. നടുമുറ്റത്തിന്റെ മുകളില്‍ നിന്നുമാത്രം കുറച്ചു വെളിച്ചം വന്ന് വട്ടത്തില്‍ വീഴും. മുകളില്‍ നെല്‍പ്പത്തായങ്ങളും വല്ലക്കൊട്ടകളുമാണ്. ആ ഇരുട്ടില്‍ ചെകുത്താന്മാരാരെങ്കിലും പതുങ്ങിയിരിക്കുന്നുണ്ടാവുമോ? ചിലപ്പോള്‍ അമ്മാമ തന്നെ പതുങ്ങിയിരിക്കുന്നുണ്ടെങ്കിലോ?ഉണ്ടെങ്കില്‍ ഓലമടലിന്റെ കഷണവും കാണും. അതുകൊണ്ട് തല്ലാനാണല്ലോ അമ്മാമയ്ക്കു രസം. പക്ഷേ, ചെകുത്താന്മാരുണ്ടെങ്കില്‍ അമ്മാമ എങ്ങനെ ഒളിച്ചിരിക്കും?
ഉമ്മറത്തേക്കു കടക്കുന്നതിനു മുമ്പ് അമ്മാമയെ ഓര്‍ത്തു. ഉമ്മറത്ത് ഓലമടലിന്റെ തല്ലുമായി കാത്തിരിക്കുന്നുണ്ടെങ്കിലോ?
ഒരുദിവസം അമ്മാമയെ കൊല്ലണം.
ഉമ്മറത്ത് കണ്ടാല്‍ ഉടനെ വീടു മുഴുവന്‍ കുലുക്കിക്കൊണ്ട് ഒരു വിളിയായിരിക്കും: ''അച്യുതാ.....''
പിന്നെ അച്യുതന്‍നായര്‍ ചാടിയെത്തുകയായി. ഉമ്മറത്ത് കാണരുത് എന്നാണല്ലോ നിയമം. അയാള്‍ തടിച്ചു ചീര്‍ത്ത വിരലുകള്‍കൊണ്ട് കൈത്തണ്ടയില്‍ കടന്ന്പിടിച്ചാല്‍ അറപ്പാണ്. തവളയെ ചവിട്ടിയപോലെ അറപ്പ്. ഉമ്മറത്തിട്ട് തല്ലില്ല. മുത്തശ്ശിയുടെ മുമ്പില്‍ വെച്ചുതല്ലില്ല. വടക്കുപുറത്തെത്തിയാല്‍ പിന്നെയാണ് അയാളുടെ പരാക്രമം.
വാതിലിന്റെ മറവിലേക്കു മാറി നിന്ന് ചാരുപടിയുടെ പഴുതിലൂടെ നോക്കി. ആരുമില്ല. അമ്മാമ കാണരുത്. ശങ്കരന്‍കുട്ടിയും കാണരുത്. കണ്ടാല്‍ ഉടനെ വിളിക്കുകയായി: ''അച്ഛാ, വേലായ്‌തേട്ടന്‍ ദാ പോണൂ.''
അമ്മായി കണ്ടാലും ഫലം ഇതുതന്നെ. അമ്മാമയെ അല്ല വിളിക്കുക.
''ഓ ന്റച്യുന്നായരേ, ഇദാരാ പൊറത്ത് വന്നിരിക്ക്ണ് നോക്ക്യോ?''
ചിലപ്പോള്‍ അവനോടു തന്നെ ചോദിക്കും: ''എവടയ്ക്കാ പ്പോ ഒരെഴുന്നള്ളത്ത്?''
അവരുടെ വെളുത്തപാണ്ടുള്ള ചുണ്ടത്ത് നോക്കാന്‍ വയ്യ. ഓക്കാനം വരും കുന്നിന്റെ മുകളില്‍ നിന്ന് നല്ല വലിപ്പമുള്ള കുറെ വെള്ളാരങ്കല്ലുകള്‍ പെറുക്കി കൊണ്ടുവന്ന് ''അച്യൂന്നായരേ...''എന്നു നീട്ടി വിളിക്കുമ്പോള്‍ വായില്‍ നിറച്ചുകൊടുക്കണം.
കുട്ടിശ്ശങ്കരനെ എന്തുചെയ്യണം? അവന്റെ മൊട്ടയടിച്ച തലയില്‍ അമ്മിക്കുട്ടിയെടുത്തു കിഴുക്കിവിടാം.
മുറ്റത്തിറങ്ങിയിട്ട് വളരെ ദിവസമായി. പുറത്തേക്ക് നോക്കുമ്പോള്‍ കണ്ണു മഞ്ഞളിച്ചു പോവുകയാണ്. തീ പറക്കുന്ന വെയില്‍. വെയിലാറിയാല്‍ അമ്മാമ മുറ്റത്തിറങ്ങി സന്ധ്യയാവുന്നതുവരെ അങ്ങോട്ടുമിങ്ങോട്ടും നടക്കും.
ചാണകം മെഴുകിയേടത്ത് ഓണക്കാലത്ത് അരിമാവുകൊണ്ട് അണിഞ്ഞ പാടുകള്‍ മായാതെ കിടപ്പുണ്ട്.
തൃക്കാക്കരപ്പന്റെ ചുറ്റും വരഞ്ഞതാണ്.
തൃക്കാക്കരപ്പനെ വെച്ചതു കാണാന്‍ ഒരിക്കല്‍ ഉമ്മറത്തേക്കു വന്നതിനാണ് അച്യുതന്‍നായര്‍ കഴുത്തുപിടിച്ചു തള്ളിയത്. അവിടെ അമ്മാമ ഭേദപ്പെട്ടവരോടൊപ്പമിരുന്ന് സംസാരിക്കുകയായിരുന്നു. അവരാരും അവനെ കണ്ടുകൂട.
മുറ്റത്ത് കിടക്കുന്ന ഈയക്കടലാസ് പെറുക്കിയെടുത്ത്, വേലായുധന്‍ പത്തായപ്പുരയുടെ പടിഞ്ഞാറുവശത്തേക്ക് നടന്നു. തിണ്ടില്‍ ചുമരിനോടു ചേര്‍ത്ത് ചാരിവെച്ച തേക്കുകൊട്ടയില്‍ ഒന്ന് താളം പിടിച്ചു. തണല്‍ചൊരിഞ്ഞ് നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ വലിയമ്മയുടെ പശുക്കുട്ടി കിടന്ന് എന്തോ കൊറിക്കുകയാണ്.
കുളിര്‍മയുള്ള തണല്‍പ്പാടില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ വേലായുധന് ഒരു സംശയം തോന്നി.
അപ്പോള്‍. എന്തേ ആലോചിച്ചത്?
ഒന്ന് നടക്കാം. വെറുതെ. അച്യുതന്‍നായര്‍ ഉറക്കമാണ്. അമ്മാമ പത്തായപ്പുരയുടെ മുകളിലും. നല്ലസമയം.
തെക്കെ പടികടന്നു പോയാല്‍ മനയാണ്. അങ്ങോട്ടുപോകാന്‍ പേടിയുണ്ട്. മനയ്ക്കലെ മേലെ വളപ്പില്‍ പുല്ലാനിപ്പൊന്തകള്‍ക്കിടയില്‍ കരിനീലി തല ചിക്കിപ്പരത്തിയിട്ടു പേന്‍ നോക്കാനിരിക്കുകയാവും.
ഭഗവതീ, കരിനീലിയെ ഒരിക്കലും കാണരുതേ....
കുഞ്ഞുങ്ങളെ ചോര ഈമ്പിക്കുടിച്ച് ശവമാക്കി കിണറ്റിലെറിയുകയാണ് കരിനീലിയുടെ പ്രവൃത്തി. വലിയവരെയും ഉപദ്രവിക്കുമോ? താന്‍ വലുതായിരിക്കുന്നു. വളരെ വലുതായിരിക്കുന്നു. വാതില്‍ കടക്കുമ്പോള്‍ തല കുനിച്ചില്ലെങ്കില്‍ മേല്പടിയില്‍ തല മുട്ടിപ്പോകും. അത്ര വലുപ്പമുണ്ട്. പിന്നെ മുഖത്ത് കരുകരുപ്പുണ്ടാക്കിക്കൊണ്ട് നിറയെ രോമം വളര്‍ന്നിരിക്കുന്നു. അവന്‍ മുഖം തടവി നോക്കി. എന്തൊരു ചൊറിച്ചിലാണ്.....
വലിയ ആളായെങ്കിലും കരിനീലി നേരിട്ടു വന്നാല്‍ എന്തുചെയ്യും? ഒരു മുലയെടുത്ത് ചുമലിലിട്ടു മാറത്തടിച്ചു കൊണ്ടാണത്രെ കരിനീലി കൊടുങ്കാറ്റുപോലെ പാഞ്ഞു വരുന്നത്. കാണാനിട വരരുതേ....
തനിയെ നില്‍ക്കുമ്പോള്‍ വന്നാലോ? ഒരു കഷണം ഉണ്ണിപ്പിണ്ടിയുണ്ടെങ്കില്‍ ജയിച്ചു. ഉണ്ണിപ്പിണ്ടി കൊണ്ടെറിഞ്ഞാല്‍ കരിനീലി പേടിച്ചോടും. ആരാണിതു പറഞ്ഞുതന്നത്?
അച്ഛന്റെ വീട്ടിലെ ദേവകിഏട്ടത്തി പറഞ്ഞതാണ്. വളരെവളരെ മുമ്പ്. എന്നാലും ഓര്‍മയുണ്ട്. പട്ടുകോണമുടുത്ത് നടന്ന കാലത്ത്.പുഴവക്കിലിരുന്ന് മണല്‍ മാന്തി കളിച്ചപ്പോളാണോ?
ദേവകി ഏട്ടത്തിയോ അമ്മയോ? അമ്മ ഇന്നില്ലല്ലോ. കുടപ്പനക്കൂട്ടത്തിനപ്പുറത്ത് കാടുപിടിച്ചു കിടക്കുന്ന മണ്ണിലാണിപ്പോള്‍ അമ്മ. കാതുമുറിഞ്ഞ മീനാക്ഷിയേടത്തിയും അമ്മയും കൂടി പണ്ട് നടപ്പുരയിലിരുന്നു പറഞ്ഞതാണോ?
അതോ അമ്മുക്കുട്ടിയോ?
അപ്പോള്‍ പശുക്കുട്ടിയുടെ പുറത്ത് ഒരു കാക്ക പറന്നുവന്നിരുന്നു. കാക്ക കള്ളത്തിയാണ്. കാക്കയ്ക്ക് ഒരു കണ്ണേ ഉള്ളൂ. അതെല്ലാം വേലായുധനറിയാം. കുട്ടിക്കാലത്തു പഠിച്ച കാക്കക്കുയിലേ കരിങ്കുയിലേ എന്ന പാഠമാല കൂടി അറിയാം. അവന് ഒരുപാടു കാര്യങ്ങള്‍ വിവരമുണ്ട്. എന്നിട്ടും എന്തുപറഞ്ഞാലും, എന്തുചെയ്താലും ആളുകള്‍ പറയും: ''ബുദ്ദിക്ക് സ്തിരല്യാണ്ടായി. മുജ്ജന്മസുകൃതം!''
''ആ തള്ളടെ കണ്ണ് ചിമ്പീത് നന്നായി. ഇതൊക്കെ കാണാണ്ട് കഴിഞ്ഞൂലോ....''
ഈ ആളുകള്‍ക്കെല്ലാം തന്നോടു വിരോധമാണെന്ന് വേലായുധന്‍ മനസ്സിലാക്കിയിട്ടുണ്ട്.
പശുക്കുട്ടിയുടെ പുറത്തിരുന്ന് കാക്ക കൊത്തിപ്പറിക്കുന്നത് നോക്കി നില്‍ക്കുമ്പോള്‍ ആരോ പതുക്കെ വിളിച്ചു: ''കുട്ട്യേട്ടാ''
ആദ്യം ഞെട്ടിപ്പോയി. കരിനീലിയാണോ? പക്ഷേ കരിനീലി കുട്ട്യേട്ടനെന്നു വിളിക്കില്ലല്ലോ. അയ്യേ, താനെന്തൊരു വിഡ്ഢിയാണ്!
തിരിഞ്ഞു നോക്കിയപ്പോള്‍ പത്തായപ്പുരയുടെ താഴത്തെ ജനാല തുറന്നിരിക്കുന്നു. അഴിയും പിടിച്ചുകൊണ്ട് അമ്മുക്കുട്ടി നില്‍ക്കുന്നു.
കരിനീലിയല്ല, അമ്മുക്കുട്ടി തന്നെ.എന്നാലും ആദ്യം പേടിച്ചുപോയി. കെട്ടോ. അതോര്‍ത്തപ്പോള്‍ വേലായുധന്‍ വെറുതെ പൊട്ടിച്ചിരിച്ചു. താനെന്തൊരു വിഡ്ഢിയാണ്!
മൈലാഞ്ചിയിട്ട് തുടുത്ത വിരല്‍ത്തുമ്പിലാണ് ആദ്യം നോക്കിയത്. ചെമ്പഴുക്കയായ മുള്ളിന്‍പഴം പോലുണ്ട്. മഞ്ഞച്ച് മിനുങ്ങുന്ന പട്ടുകുപ്പായത്തില്‍ തലമുടി ചിതറിക്കിടക്കുന്നു. അങ്ങനെ അമ്മുക്കുട്ടിയെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ വീണ്ടും വിളിച്ചു: ''കുട്ട്യേട്ടാ.''
എന്താണു പറയേണ്ടതെന്നു വേലായുധനറിഞ്ഞുകൂടാ. ഒളോര്‍മാങ്ങയുടെ നിറമുള്ള കവിള്‍ത്തടത്തില്‍ നിന്നു കണ്ണു പറിച്ചെടുക്കാന്‍ തോന്നുന്നില്ല.
''എന്താ കുട്ട്യേട്ടന്‍ നോക്ക്ണ്?''
''ഉം-ഉം''
''എന്താ കുട്ട്യേട്ടന്‍ മിറ്റത്തെറങ്ങി നില്‍ക്ക്ണ്?''
''ഉം-ഉം''
''കുട്ട്യേട്ടന്‍ പൊറത്ത് നടക്കണ്ട.''
അപ്പോള്‍ അവന്‍ പതുക്കെ വീണ്ടും മിഴികളുയര്‍ത്തി. അമ്മുക്കുട്ടിയുടെ കണ്ണുകളില്‍ ചെന്നുമുട്ടിയപ്പോള്‍ ആകെ പരിഭ്രമിച്ചുപോയി.
മഞ്ഞച്ച പട്ടുകുപ്പായത്തിന്റെ താഴെ അമ്മുക്കുട്ടിയുടെ വയര്‍ കാണുന്നു. അവനല്‍പം നാണംതോന്നി.
''അച്ചുന്നായര് കാണ്‌ണേന്റെ മുമ്പേ--''
അമ്മുക്കുട്ടി എന്തോപറയാന്‍ ഭാവിച്ചു. അപ്പോള്‍ അച്യുതന്‍നായരുടെ രോമം നിറഞ്ഞ പരുക്കന്‍ കൈത്തണ്ടയുടെ കാര്യം അവന്‍ മറന്നു. ജനാലയുടെ അഴിയില്‍ പിടിച്ച ആ തുടുത്ത വിരല്‍ത്തുമ്പത്ത് ഒന്ന് തൊട്ടാലോ?
''എങ്ങനെ മുട്ട്മ്പ്‌ലെ തോല് പോയത്?''
അവനൊന്നും മിണ്ടിയില്ല.
ആ തുടുത്ത വിരല്‍ത്തുമ്പ്.... ചെമ്പഴുക്കയായ മുള്ളിന്‍പഴം പോലെയുള്ള വിരല്‍ത്തുമ്പ്......
''എന്തിനേന്നലെ തല്ല് കിട്ടിയത്?''
അതിനും അവന്‍ മറുപടി പറഞ്ഞില്ല.
''എന്താ ആലോചിക്കണേ?''
തല തിരിച്ചുപിടിച്ച് അമ്മുക്കുട്ടി ചെവിടോര്‍ത്തു. അമ്മ വരുന്നുണ്ടോ?
വേലായുധന്‍ അപ്പോഴും ആലോചിക്കുകയായിരുന്നു. ഒന്ന് തൊട്ടാലോ?..ഒന്ന് തൊട്ടാലോ?-
''കുട്ട്യേട്ടന്റെ സൂക്കടൊക്കെ മാറും.''
''ഉം''
''അച്ചുന്നായര് പറേണത് കേട്ട് നടക്കണം....''
''ഉം''....
''അല്ലെങ്കില്‍ വെറുതെ തല്ല് കിട്ടില്യേ''
''ഉം.''..............
''മിനിഞ്ഞാന്ന് രാത്രി എന്തിനേ നെലോളിച്ച്?''
''ഉം-ഉം''
അമ്മുക്കുട്ടി ജനാലയില്‍ നിന്ന് കയ്യെടുത്തപ്പോള്‍ സങ്കടം തോന്നി. അവള്‍ പുറംതിരിഞ്ഞു നിന്ന്, മുണ്ടഴിച്ച് പതുക്കെ ഒന്ന് കുടഞ്ഞു മുറുക്കിച്ചുറ്റി, വീണ്ടും ജനലില്‍ കൈവെച്ചപ്പോള്‍ ആശ്വാസമായി.
പേടിച്ച്, പേടിച്ചുകൊണ്ടാണ് ചോദിച്ചത്: ''ഒന്ന് തൊടട്ടെ?''
അപ്പോള്‍ അമ്മുക്കുട്ടിയുടെ മുഖത്ത് ഒരു ചിരിവിടര്‍ന്നു. വേലായുധന്‍ അത് കണ്ടു. ഗോപിയും ശങ്കരന്‍കുട്ടിയും അവനെന്തെങ്കിലും പറഞ്ഞാല്‍ ചിരിക്കാറുണ്ട്. അതുപോലെ പരിഹാസമില്ല. അമ്മുക്കുട്ടി ചിരിക്കുന്നത് കണ്ടപ്പോള്‍ എന്തോ അവന് കരച്ചിലാണ് വന്നത്.
അവന്‍ പതുക്കെ ആ വിരലുകളില്‍ തൊട്ടു.
തളര്‍ന്ന കണ്ണുകളോടെ അമ്മുക്കുട്ടി അത് നോക്കിനിന്നു.
''കുട്ട്യേട്ടന്‍ പോയ്‌ക്കോളൂ. അച്ചുന്നായരെറ്റെവരും.....'' അവന്‍ അനങ്ങിയില്ല.
''പൊയ്‌ക്കോളൂന്ന്....''
അവള്‍ പരിഭവം കാണിച്ചു. അവനപ്പോഴും അവിടെത്തന്നെ നിന്നതേ ഉള്ളൂ.
പത്തായപ്പുരയുടെ മുകളിലേക്കുള്ള കോണികയറി അവള്‍ പോകുന്നത് നോക്കിക്കൊണ്ട് വേലായുധന്‍ തെല്ലിടനിന്നു.
പടിഞ്ഞാറെ പടി കയറി, ഇടവഴിയിലൂടെ ഒരു മൂളിപ്പാട്ടു പാടിക്കൊണ്ട് അവന്‍ നടന്നു. ചുമലിലൂടെ വീണ മുടിച്ചുരുളുകള്‍ ചിതറിക്കിടക്കുന്ന മഞ്ഞക്കുപ്പായം. ഒളോര്‍മാങ്ങയുടെ നിറമുള്ള കവിളുകള്‍-അമ്മുക്കുട്ടിയെ കാണാനെന്തു ചന്തമാണ്! മടക്കിക്കുത്തിയ തന്റെ മുണ്ടൊന്നഴിച്ചിട്ട് നോക്കിയപ്പോള്‍ വേലായുധന് നാണം തോന്നി. ചളിവെള്ളത്തിന്റെ നിറമാണ്. എന്തു വൃത്തികേട്........ശരീരം നിറയെ മണ്ണുണ്ട്. മുഖം തടവി നോക്കിയപ്പോള്‍ നിറയെ കുറ്റിരോമങ്ങള്‍. വിളക്കത്രെ ഗോവിന്ദന്‍ വന്നാല്‍ അവന്റെ മുമ്പില്‍ പോയിരിക്കാന്‍ ഇനി മടി കാണിക്കില്ല.
അമ്മുക്കുട്ടിയുടെ ശരീരത്തില്‍ തീരെ അഴുക്കില്ല. കറുത്തകരയുള്ള മുണ്ടിന് നല്ല തൂവെള്ള നിറം. അവള്‍ ജനാലയ്ക്കടുത്ത് നില്‍ക്കുമ്പോള്‍ മട്ടിപ്പശയുടെയും കൈതപ്പൂവിന്റെയും മണമുണ്ടായിരുന്നു. വേലായുധന്‍ തന്റെ കൈത്തണ്ട മൂക്കിനോടടുപ്പിച്ചു. ഹായ്, കോഴിക്കാട്ടത്തിന്റെ ദുര്‍ഗന്ധം! ഓക്കാനം വരുന്നു.
അപ്പോള്‍, വിരലില്‍ തൊടുന്നേരം ചളി പറ്റുകയില്ലേ? അമ്മുക്കുട്ടിക്ക് അറച്ചുകാണും.
തൊട്ടത് അമ്മായി കണ്ടിരുന്നെങ്കില്‍ പിന്നെ നോക്കണ്ട. എത്രപേരുടെ വകയായിരിക്കും അടി?
എല്ലാവരുടെയും തല പൊട്ടിത്തെറിക്കട്ടെ. അമ്മാമയും അച്യുതന്‍നായരും അമ്മായിയും വലിയമ്മയും എല്ലാം. ശങ്കരന്‍കുട്ടിയും. അവന്‍ വെറുതെ പരിഹസിക്കും. ഉറക്കെ ആര്‍ത്തുചിരിക്കും, എന്തുകാണിച്ചാലും. എന്നിട്ട് അടുത്തു വല്ല കുട്ടികളുമുണ്ടെങ്കില്‍ അവരോടു വിളിച്ചു പറയും: ''അതേയ്, ഈ വേലായുതേട്ടന് നൊസ്സാ.''
അവന്റെ തലയും പൊട്ടിത്തെറിക്കട്ടെ.
അമ്മുക്കുട്ടി പരിഹസിക്കുകയില്ല. അവള്‍ വേദനിപ്പിക്കാറുമില്ല. ഭഗവതീ, അവള്‍ക്ക് നല്ലതുവരുത്തണേ.
ഇടവഴിയുടെ ഇരുവശത്തും മുളങ്കാടുകളുമാണ്.
താഴെ സര്‍പ്പക്കാവ്. വള്ളിക്കൂട്ടങ്ങള്‍ പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു. പകലായതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല. രാത്രിയില്‍ അവിടെ ചെകുത്താന്മാര്‍ തീക്കട്ടകള്‍ ചവച്ചുകൊണ്ടു തുള്ളിക്കളിക്കും.
ഇടവഴി ചെന്നെത്തുന്നത് കുന്നിന്റെ ചെരുവിലാണ്. അവിടെ ഗോമാവിന്റെ ചുവട്ടിലെ കിണറില്‍നിന്ന് ചെറുമികള്‍ വെള്ളം കോരുന്നുണ്ട്. വേലായുധന്‍ അങ്ങോട്ടു നോക്കിയില്ല.
''ചെറ്യമ്പ്‌രാന്‍ എങ്ങട്ടാ?''
അവന്‍ മിണ്ടിയില്ല: അവള്‍ക്കതറിഞ്ഞിട്ടെന്തു വേണം? അമ്മാമയോട് പറയാനാണോ? അച്യുതന്‍നായരെ വിളിച്ചുവരുത്താനാണോ?
വഴിവക്കില്‍ ചെമ്മണ്ണു വെട്ടിയുണ്ടാക്കിയ ആകൃതിയൊത്ത കുഴിയിലേക്ക് ഊക്കോടെ ഒരു കല്ലെറിഞ്ഞ് അവന്‍ പതുക്കെപ്പതുക്കെ കുന്നുകയറി.
അപ്പോള്‍ വെള്ളം കോരുന്ന ചെറുമി കുഞ്ഞിന്റെ തലയില്‍ വെളിച്ചെണ്ണ പുരട്ടുന്ന കൂട്ടുകാരിയോട് പറഞ്ഞു. ''അയിനേങ്ങനെ പൊറത്ത് വിട്ണത് എന്തിനാന്ന്?''
''ആ മേലാന്‍ കെടന്ന് ഒറങ്ങ്ാരിക്കും.''
വേലായുധന്‍ അവര്‍ പറയുന്നത് ശ്രദ്ധിച്ചില്ല. തിരിഞ്ഞുനോക്കാതെ കുന്നുകയറി. കണ്ണാന്തളികള്‍ ചെരുവില്‍ നിറയെ ഉണങ്ങിനില്‍ക്കുകയാണ് കുന്നിന്റെ വയറിലൊരരിമ്പാറ പോലെ കിടക്കുന്ന പാറക്കെട്ടുണ്ട്. അവിടെ ചിതറിക്കിടക്കുന്ന പനങ്കുരു പെറുക്കിയെടുക്കണമെന്നു തോന്നിയിട്ടാണ് വേലായുധന്‍ അതിന്മേല്‍ കയറിയത്. പാറക്കെട്ടിന്റെ നെറുകയില്‍ നിന്നു നോക്കുമ്പോളല്ലേ, എന്തൊരത്ഭുതമാണ് കാണുന്നത്! താഴെ പാമ്പിന്‍ കാവും അപ്പുറം കവുങ്ങിന്‍ തോപ്പും അതിനിടയില്‍ വീടിന്റെ ഓടുമേഞ്ഞ മേല്‍പ്പുരയും കാണാം.
ദൂരെ കിഴക്കു കട്ട വിണ്ട് കിടക്കുന്ന പാടങ്ങള്‍. മറുകരയില്‍ ചെമ്മണ്ണു നിറമുള്ള നിരത്ത്. അതിനുമപ്പുറം പുഴയാണ്. മണല്‍ത്തിട്ടിന്റെ അരുകിലൂടെ പുഴ ഒഴുകുന്നു.
മണല്‍ത്തിട്ട കണ്ടപ്പോള്‍ വേലായുധന്റെ മനസ്സില്‍ ചില മങ്ങിയ ഓര്‍മകളുയര്‍ന്നു. വെള്ളരി വള്ളികള്‍ പടര്‍ന്നു കിടക്കുന്ന മണല്‍ത്തിട്ട്.... കാലിക്കൂട്ടങ്ങളെ കഴുകാന്‍ കൊണ്ടുവരുന്ന ചെറുമക്കുട്ടികള്‍....കയറില്‍ കുരുത്തോലകള്‍കെട്ടി വെള്ളത്തിലൂടെ വലിച്ചുകയറ്റി പോകുന്ന മീന്‍പിടുത്തക്കാര്‍........
അമ്മ പറഞ്ഞു: ''ഇറങ്ങണ്ട മോനെ, വെള്ളത്തില്‍ നീരാളിയുണ്ട്....''
നീരാളിക്ക് ആയിരം കൈയുണ്ടെന്നുപറഞ്ഞതും അമ്മയല്ലേ?
ആ മണല്‍ത്തിട്ടില്‍ ഒന്നു തലകുത്തിമറിഞ്ഞു കളിക്കാന്‍ തോന്നി. പക്ഷേ, അച്യുതന്‍നായര്‍ സമ്മതിക്കില്ല. അമ്മാമ സമ്മതിക്കില്ല. ആരും സമ്മതിക്കില്ല.
മുത്തശ്ശി മാത്രം പറഞ്ഞാല്‍ കേട്ടുവെന്നു വരും. എന്നാലും പറയുന്നത്: ''ഒക്കെ ആവാം വേലായ്ധാ, നെന്റെ ദെണ്ണം മാറട്ടെ....''
എന്തുപറഞ്ഞാലും കേള്‍ക്കുന്നത് ഒന്നുതന്നെയാണ്: ''ദെണ്ണം മാറട്ടെ....''
ദെണ്ണം നിങ്ങളുടെയൊക്കെ - വേണ്ട, പറയിക്കേണ്ട.
ഇവരെ മുഴുവന്‍ കൊന്നുകളയണം. ആ വലിയ വീടിന് തീ കൊടുക്കണം. എന്നാല്‍ എല്ലാവരും ചത്തുപോകുമല്ലോ. എല്ലാവരും വേണ്ട. അമ്മുക്കുട്ടി മാത്രം ബാക്കിയുണ്ടാവണം. എല്ലാം കത്തിയെരിഞ്ഞു കഴിയുമ്പോള്‍ അവര്‍ രണ്ടുപേര്‍ മാത്രമാവും. പക്ഷേ, തനിയെ താമസിക്കുന്നതെങ്ങനെ? പ്രേതങ്ങളായിരിക്കും, നിറയെ. വീടുമുഴുവന്‍ പ്രേതങ്ങളാണ്. പടിപ്പുരയില്‍, നാലുപുരയില്‍, പത്തായപ്പുരയില്‍-എല്ലാം. മുത്തശ്ശിക്കതെല്ലാമറിയാം. പ്രേതങ്ങള്‍ പണ്ടു കാരണവന്മാരായിരുന്നു.
പടിപ്പുരയില്‍ ചാത്തുമ്മാനാണ്. രാത്രിയില്‍ മരുമകളുണ്ടാക്കിക്കൊടുത്ത കോഴിയിറച്ചി തിന്നു. വെള്ളത്തിനുവേണ്ടി നിലവിളിച്ചുകൊണ്ടുമരിച്ചു. ഇറച്ചിയില്‍ പാഷാണമായിരുന്നു. നിലവിളികേട്ട് ആരും പോയില്ല.
ഇപ്പോഴും പടിപ്പുരയില്‍നിന്ന് പാതിരയ്ക്ക് ദാഹം സഹിക്കാതെ മരണവേദനയോടെ നിലവിളിക്കുന്നതുകേള്‍ക്കാം. വേലായുധന്‍ രാത്രി മുഴുവന്‍ ചെവിടോര്‍ത്ത് കിടക്കും.
എല്ലാം കത്തിനശിച്ചാല്‍ പത്തായപ്പുരയില്‍നിന്ന് ചെപ്പുകുടം കിട്ടും. അതില്‍ നിറയെ പൊന്നുറുപ്പികയും ആമാടക്കൂട്ടുമാണ്. ധാരാളം പൊന്നുണ്ടെങ്കില്‍ ഈ താന്നിക്കുന്നിന്റെ മുകളില്‍ ഇപ്പോള്‍ ചെറുമന്‍ ചാത്തപ്പന്‍ ചാളകെട്ടിയസ്ഥലത്ത് വലിയ വീട് പണിചെയ്യാം. കൊട്ടാരം പോലെ വലിയ വീട്. പൂക്കള്‍ പിടിപ്പിച്ച വര്‍ണമുള്ള ജനാലകള്‍, ചുമരില്‍ നിറയെ ചിത്രങ്ങള്‍, സ്വര്‍ണപ്പാത്രങ്ങള്‍, മാനത്തോളമുയരത്തില്‍ മാളിക.
ഒരു രാത്രിയില്‍ കണ്ടോളൂ, എല്ലാം തീയാണ്. ചുവന്ന നാവിളക്കി പാളുന്ന തീനാളങ്ങളായിരിക്കും അവിടെയെല്ലാം. പൊന്നുറുപ്പികയും ആമാടക്കൂട്ടുകളും നിറച്ച ചെപ്പുകുടവുമെടുത്ത് താന്നിക്കുന്നിന്റെ മുകളിലേക്ക് ഒറ്റ നടത്തം.
കസവുള്ള കുപ്പായമിട്ട് രാജകുമാരനെപ്പോലെയാണ് പിന്നെ നടക്കുക. അമ്മുക്കുട്ടിയുടെ കണ്ണഞ്ചിപ്പോവും.
ഇന്നു തന്നെ തീ വെച്ചാലോ?
ആദ്യം പത്തായപ്പുരയ്ക്കു തന്നെ. അമ്മാമയാണ് ആദ്യം കത്തിച്ചാവേണ്ടത്. അച്യുതന്‍നായരെ കൊണ്ടുവന്ന് കാവലിന്നാക്കിയത് അമ്മാമയാണ്. പുറത്തുകടന്നാല്‍ കാലുകൊത്തുമെന്ന് പറഞ്ഞത് അമ്മാമയാണ്. ശങ്കരന്‍കുട്ടിയുടെപുറത്ത് കൈവെച്ചതിനാണ് ഒരിക്കല്‍ ഓലമടലിന്റെ തണ്ടുകൊണ്ടടിച്ചതും. അച്യുതന്‍നായരുടെ രോമം നിറഞ്ഞ കൈത്തണ്ടയേക്കാളും വണ്ണമുള്ള ഓലമടല്‍.
രാത്രി മുഴുവന്‍ അമ്മാമ ചെപ്പുകുടം തിരഞ്ഞുനോക്കുകയാവും.
പക്ഷേ, അതാര്‍ക്കും കിട്ടില്ല. താശ്ശമ്മാന്‍ ചെപ്പുകുടം കുഴിച്ചിട്ടത് എവിടെയാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. താശമ്മാന് കൂടി.
വളരെ വളരെ മുമ്പാണെന്ന് മുത്തശ്ശി പറഞ്ഞു. മുത്തശ്ശിക്ക് ഓര്‍മയില്ല. മുത്തശ്ശിയുടെ മുത്തശ്ശി പട്ടുകോണമുടുത്തു നടക്കുന്ന കാലത്താണത്രെ. താശ്ശമ്മാന്‍ നെല്‍കച്ചവടം ചെയ്ത് കാശുണ്ടാക്കി. അന്നെല്ലാം പൊന്നുകൊണ്ടാണ് കാശ്. പൊന്നുറുപ്പികയും ആമാടക്കൂട്ടുകളും കുടത്തിലാക്കി കുഴിച്ചിട്ടു. താശ്ശമ്മാന് ഭ്രാന്തായി.
ചെപ്പുകുടം കുഴിച്ചിട്ടത് എവിടെയാണെന്ന് ഓര്‍മയില്ല. കന്മഴുവും ചുമലില്‍ വെച്ച് നിലം മുഴുവന്‍ കൊത്തിയും കിളച്ചും നടന്നു. അവസാനം മരിച്ചു.
ഇപ്പോഴും രാത്രിയില്‍ കന്മഴു നിലത്ത് പതിക്കുന്ന ശബ്ദം കേള്‍ക്കാം. വേലായുധന്‍ രാത്രി മുഴുവന്‍ ചെവിടോര്‍ത്ത് കിടക്കും. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ പത്തായപ്പുര കണ്ടാല്‍ ഭയമാണ്. താശ്ശമ്മാന്‍ കന്മഴുവെടുത്ത് പുറപ്പെട്ടിട്ടുണ്ടാവും.....
പാവം! താശ്ശമ്മാന് ഭ്രാന്തായിരുന്നു. ഭ്രാന്തായാല്‍ എല്ലാം മറന്നു പോവുമത്രെ. വേലായുധന്‍ ഒന്നും മറന്നിട്ടില്ല. എല്ലാം നല്ലപോലെ ഓര്‍മയുണ്ട്. അമ്മയെ ഓര്‍ക്കുന്നു. കുടപ്പനക്കൂട്ടത്തിനപ്പുറം അമ്മയെ മറവുചെയ്തതു കൂടി ഓര്‍മയുണ്ട്. ചെറുപ്പത്തില്‍ അമ്മുക്കുട്ടിയുടെ കൂടെ പഠിക്കാന്‍ പോയത് ഓര്‍മയുണ്ട്. മുറ്റത്തുവെച്ച് മാപ്പിളമാര്‍ ഭ്രാന്തന്‍ നായയെ തല്ലിക്കൊല്ലുന്നത് കുത്തഴിയിലൂടെ നോക്കിനിന്നത്, പുറത്തുവന്നു നോക്കിയപ്പോള്‍ ചാണകം മെഴുകിയ മുറ്റത്ത് ചോരയുണ്ടായിരുന്നു. പാവം തോന്നി. നായയ്ക്ക് ഭ്രാന്തായിരുന്നു. ഭ്രാന്തായാല്‍ തല്ലിക്കൊല്ലണോ? കടുന്നല്‍ കൂടിളകി പാടം നിറയെ പറന്നുനടന്നപ്പോള്‍ പേടിച്ച്, വിളഞ്ഞ നെല്‍വയലുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. അന്ന് അമ്മുക്കുട്ടി കൂടെയുണ്ടായിരുന്നു....അന്നവള്‍ കൊച്ചുപെണ്ണാണ്. ഇത്ര ചന്തമില്ല കാണാന്‍.
എന്തെല്ലാം സംഭവങ്ങളാണ്. അവന് എല്ലാം ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ ഭ്രാന്തില്ല. തനിക്കു ഭ്രാന്തില്ല.
എന്നിട്ടും ശങ്കരന്‍കുട്ടി പറഞ്ഞു, ഗോപി പറഞ്ഞു, അയല്‍വീട്ടിലെ മാളു പറഞ്ഞു, അവന് ഭ്രാന്താണത്രെ! അവര്‍ക്കാണ് ഭ്രാന്ത്. അവരുടെ തന്തയ്ക്കും തള്ളയ്ക്കുമാണ് ഭ്രാന്ത്, കൊന്നുകളയണം. നുണപറഞ്ഞ് മനുഷ്യനെ ദ്രോഹിക്കാന്‍ നടക്കുന്ന ഇവരെ മുഴുവന്‍ കൊല്ലണം.
നല്ല മൂര്‍ച്ചയുള്ള ഒരു മടവാക്കത്തി വേണം.
കണ്ണാന്തളിപ്പൊന്തകള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്ന ഒരു കറുത്ത ആട്ടിന്‍കുട്ടി തല പുറത്തുകാട്ടി പതുക്കെ ഒന്നുകരഞ്ഞു.
വേലായുധന്‍ ഞെട്ടി പാറക്കെട്ടില്‍ നിന്ന് താഴത്തിറങ്ങി. ആട്ടിന്‍കുട്ടി തന്നെയാണോ? വീണ്ടും നോക്കുമ്പോള്‍ ആട്ടിന്‍കുട്ടിയെ കാണാനില്ല. കരിനീലി ആട്ടിന്‍കുട്ടിയുടെ രൂപത്തില്‍ വന്ന് മറഞ്ഞിരിക്കുകയാവുമോ? ഭീതിയോടെ ചുറ്റും അവന്‍ കണ്ണോടിച്ചു. തിളങ്ങുന്ന മഞ്ഞ വെയിലില്‍ അവിടവിടെ കറുത്തിരുണ്ട രൂപങ്ങള്‍ ഒത്തുകൂടുകയാണോ? സമീപത്തെ കരിമ്പാറക്കെട്ട് തലകുലുക്കി എഴുന്നേല്‍ക്കുന്നുണ്ടെന്നു തോന്നി. വെയില്‍ പതുക്കെ മായുകയും കുന്നിന്‍ചെരുവിലേക്ക് ഇരുട്ട് കയറിവരികയുമാണ്. ഇരുട്ടില്‍ നിറയെ തീക്കട്ട ചവയ്ക്കുന്ന പിശാചുക്കളുണ്ട്. വിവശനായി, കണ്ണടച്ച്, കിതച്ച് നില്‍ക്കുമ്പോള്‍ ഇരുട്ടില്‍ നിന്നൊരു ശബ്ദം കേട്ടു:''വേലായുധാ.......''
ഒരു പരുപരുത്ത കൈപ്പത്തി അവന്റെ ചുമലില്‍ തൊട്ടു.
''എന്നെ കൊല്ലല്ലേ......എന്നെ കൊല്ലല്ലേ.....''
''വേലായുധാ''
''എന്നെ കൊല്ലല്ലേ......എന്നെ കൊല്ലല്ലേ....''
കണ്ണിറുക്കെ ചീമ്പി അവന്‍ ഇരുട്ടിലൂടെ ഊളിയിട്ടു...അപ്പോഴും അവന്‍ ഉച്ചത്തില്‍ കരയുകയായിരുന്നു.
''എന്നെ കൊല്ലല്ലേ......എന്നെ കൊല്ലല്ലേ.....''
2
കണ്ണുകളില്‍ നിന്ന് ഇരുട്ട് നീങ്ങിയപ്പോള്‍ പുറത്തെ വാഴക്കൂട്ടത്തില്‍ നിലാവെളിച്ചം ഒളിച്ചു കളിക്കുകയായിരുന്നു.
മുറിയില്‍ ഇരുട്ടാണ്. പായില്‍ നിവര്‍ന്നിരുന്നപ്പോള്‍ നെറ്റിയില്‍ പുകച്ചിലും നൊമ്പരവും തോന്നി. ചുമരും ചാരിക്കൊണ്ട് ഇരുന്നു. ഒച്ചയും അനക്കവുമില്ല. പുറത്തെ നിഴല്‍പ്പാടുകളില്‍ എന്തെല്ലാമോ അനങ്ങുന്നുണ്ട്. കറുത്തരൂപങ്ങള്‍ അവിടവിടെ പതുങ്ങി നില്‍ക്കുകയാണ്. പക്ഷേ, മുറിക്കകത്തായതു കൊണ്ട് ഭയപ്പെടാനില്ല. കൊച്ചുകിളിവാതിലിലൂടെ പിശാചുക്കള്‍ എങ്ങനെ അകത്തുകടക്കാനാണ്?
പപ്പായത്തിന്റെ ഇലകള്‍ക്കിടയില്‍ ആകാശത്തിന്റെ ഒരു പൊളി കാണാം. രസക്കുടുക്കകള്‍ പോലെ ചന്തമുള്ള നക്ഷത്രങ്ങള്‍ കാണാം. നോക്കിയിരിക്കുമ്പോള്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍ മുഴുവന്‍ ഇരുണ്ടുപോയി. കറുത്ത നക്ഷത്രങ്ങളുണ്ടാവുമോ?
കാല്‍മുട്ടുകളില്‍ ശിരസ്സമര്‍ത്തിക്കൊണ്ട് ഇരുന്നു. കണ്ണടച്ചിരിക്കുമ്പോള്‍ കറുപ്പും ചുകപ്പുമായ കൊച്ചുകുമിളകള്‍ കണ്ണിനകത്തു നിന്ന് പൊട്ടിവിടര്‍ന്നു വരികയാണ്.....
വെളിച്ചം മുറിയിലേക്ക് കടന്നുവരുന്നതും കാത്തിരുന്നു.
പകല്‍ വരുമ്പോള്‍ വാഴക്കൂട്ടങ്ങളുടേയും പുല്ലാനിപ്പൊന്തകളുടേയും ഇടയില്‍ നിന്ന് ഇരുണ്ട രൂപങ്ങള്‍ ഓടിയൊളിക്കും.
അച്യുതന്‍നായര്‍ ഉറക്കമുണര്‍ന്നോ എന്നു നോക്കുമ്പോളാണ് അവന് അടക്കാനാവാത്ത അരിശം തോന്നിയത്: വാതില്‍ പുറത്തുനിന്ന് അടച്ചിരിക്കുന്നു. അതു പതിവില്ലാത്തതാണ്.
''വാതില്‍ തൊറക്കിന്‍.''
അവന്‍ വിളിച്ചുപറഞ്ഞു.
മറുപടിയില്ല.
കുറേക്കൂടി ഉച്ചത്തില്‍ വിളിച്ചു: ''വാതില് തൊറക്കിന്‍.''
ഇല്ല. അനക്കമില്ല.
തുടര്‍ന്ന് അരിശത്തോടെ വാതിലില്‍ ചവിട്ടി.
വീണ്ടും വീണ്ടും ചവിട്ടി. പൊളിയട്ടെ, പൊളിയട്ടെ.
വാതില്‍ തുറക്കപ്പെട്ടു.
അച്യുതന്‍നായരാണ്. പിറകില്‍ അമ്മാമയുമുണ്ട്. രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോള്‍ ഭയം തോന്നി. ഒരാള്‍ പിടിച്ചുനിര്‍ത്തുക, മറ്റെയാള്‍ തല്ലുക, എന്താണിവരുടെ ഭാവം? ഇപ്പോള്‍ ഒരു മടവാക്കത്തി ഉണ്ടായിരുന്നെങ്കില്‍ ഒറ്റവീശല്‍. രണ്ടുതലയും താഴെയാണ്. തല ഒളിപ്പിച്ചു വെക്കും. ആവശ്യപ്പെട്ട് അവര്‍ വന്നാലും കൊടുക്കില്ല.
അവരുടെ മുഖത്തുനോക്കാതെ അവന്‍ നിലത്തു കണ്ണുകളുറപ്പിച്ച് നിന്നു.
അമ്മാമ പറഞ്ഞു: ''എടാ, നീ വെറുതെന്റെ കയ്യ് ചീത്ത്യാക്കര്ത്.''
അച്യുതന്‍നായര്‍ മാറത്തെ രോമക്കാടിനിടയില്‍ ചറപറ മാന്തിക്കൊണ്ട് പറഞ്ഞു: ''അഹമ്മതികാട്ട്യാല്‍ എല്ല് ഞാന്‍ വെള്ളാക്കും. ഇനി പൊറത്തെറങ്ങ്ണത് കാണട്ടെ.''
''ശബ്ദം കേട്ടുപോവരുത്........ഒച്ച കേട്ടാല്‍ ഞാന്‍ പൊലിസിനെ വിളിച്ച് ഏല്പിച്ചുകൊടുക്കും.''
അപ്പോള്‍ വേലായുധന്‍ മനസ്സില്‍ വിചാരിച്ചു: എന്നാല്‍ പൊലിസിന്റെയും തല വെട്ടണം.
''മടാക്കത്തി കിട്ട്യാല്‍ തല ഞാന്‍ വെട്ടും...''
അവന്‍ പതുക്കെ പിറുപിറുത്തു. അമ്മാമ അല്പം അകന്നുനിന്നു. എന്നിട്ട് അച്യുതന്‍നായരോട് ചോദിച്ചു: ''അച്ചുന്നായരേ ആളുപദ്രവം തൊടങ്ങ്വോ?''
''ഇതൊക്കെ വെറുതെ കാട്ട്ാണ്.'' വേലായുധന്റെ നേരെ കണ്ണുരുട്ടി നോക്കി. അച്യുതന്‍നായര്‍ പറഞ്ഞു: ''തെമ്മാടിത്തം കാട്ട്യാല്‍ ചെകിട് ഞാന്‍ മൂളിക്കും.....''
''അടച്ചിട്വാ ഭേദം'' അമ്മാമ അഭിപ്രായപ്പെട്ടു.
അച്യുതന്‍നായര്‍ വാതിലടച്ച് തിരിച്ചുപോയി.
ആ വാതില്‍ അടഞ്ഞുതന്നെ കിടന്നു. രാവിലെയും വൈകുന്നേരവും അച്യുതന്‍നായര്‍ പുറത്തുകൊണ്ടു പോകും. കുറച്ചുസമയം മാത്രം. അയാള്‍ ചുമലുരുമ്മിക്കൊണ്ട് കൂടെ നടക്കുന്നത് വേലായുധന് പിടിക്കുന്നില്ല.
അയാള്‍ മാത്രമേ ആ മുറിയില്‍ വരുള്ളൂ.
ഇടയ്ക്ക് വാതിലിന്നപ്പുറത്തു നിന്നു മുത്തശ്ശിയുടെ ശബ്ദം കേള്‍ക്കാം: ''സുകൃതക്ഷയം.....സുകൃതക്ഷയം.....''
പകല്‍ പടിഞ്ഞാറെ ചുമരിലെ കിളിവാതിലിനടുത്തിരിക്കാനാണ് വേലായുധനിഷ്ടം. അവിടെയിരുന്നാല്‍ വാഴത്തോട്ടവും മുറ്റത്തെ പപ്പായമരവും ആട്ടിന്‍കൂടും കാണാം.
പപ്പായത്തിന്റെ ചുവട്ടിലിരുന്ന് ഗോപിയും ശങ്കരന്‍കുട്ടിയും തെക്കേപ്പാട്ടെ കുട്ടികളും കളിക്കുന്നുണ്ടാവും.
അവര്‍ ചിലപ്പോള്‍ കിളിവാതിലിനടുത്തു വരും.കൊഞ്ഞനം കാണിച്ചുകൊണ്ട് ഓടിപ്പോവുകയും ചെയ്യും.
ഒരിക്കല്‍ ശങ്കരന്‍കുട്ടി ഒരു കല്ലെടുത്ത് എറിഞ്ഞു. അതു പുറത്താണ് കൊണ്ടത്.
അടുത്ത ദിവസം അവനതിന് പകരം വീട്ടി.
ഓട്ടു ഗ്ലാസാണ്. ഓട് കല്ലില്‍ത്തട്ടി വീഴുന്ന ശബ്ദം കേട്ടപ്പോള്‍ രസംതോന്നി. പുറത്തുനിന്നു നിലവിളി ഉയര്‍ന്നു. കുറച്ചുകഴിഞ്ഞ് അച്യുതന്‍നായര്‍ വാതില്‍ തുറന്നുവന്നു.
''കുട്ടികളെ ഉപദ്രവിച്ചാലുണ്ടല്ലോ, നിന്റെ എല്ല് ഞാന്‍ സൂപ്പാക്കും....''
വേലായുധന്‍ വിചാരിച്ചു, ഒരു മടവാക്കത്തി കിട്ടിയെങ്കില്‍.......
''ഇനി തെമ്മാടിത്തം കാട്ട്വോ? പോലീസ്ാരടെ കൂടെ പോണോ?''
''അച്ചുന്നായരുടെ തല ഞാന്‍ വെട്ടും.''
''എന്തടാ പറയിണ്?''
അപ്പോഴും അവന്‍ പിറുപിറുത്തു: ''തല ഞാന്‍ എടുക്കും.''
''നെന്റെ പൂത്യങ്ങട്ട് കഴിയട്ടെ.''
അച്യുതന്‍നായര്‍ രോമം നിറഞ്ഞ പരുക്കന്‍ കൈത്തണ്ട ഉയര്‍ത്തി.....
''എന്നെ തല്ലണ്ട.....എന്നെ തല്ലണ്ട.....''
മുറിയുടെ മൂലയിലേയ്ക്കു പതുങ്ങി നിന്നുകൊണ്ട്, കണ്ണീരിന്റെ ഉപ്പുചുവയുള്ള ചുണ്ടുകളനക്കിക്കൊണ്ട്, അവന്‍ ഒരു ഞെരക്കം പോലെ പറഞ്ഞു: ''എന്നെ തല്ലല്ലേ.....എന്നെ തല്ലല്ലേ....''
''മിണ്ട്--മിണ്ടാതിരിയ്ക്കാനല്ലേ പറഞ്ഞത്?''
''എന്നെ തല്ലല്ലേ....എന്നെ തല്ലല്ലേ......'' പുറത്തുനിന്ന് മുത്തശ്ശി അപ്പോഴും ആരോടെന്നില്ലാതെ പറഞ്ഞു: ''സുകൃതക്ഷയം......സുകൃതക്ഷയം''
അച്യുതന്‍നായര്‍ പോയപ്പോള്‍ തേങ്ങിക്കരഞ്ഞുകൊണ്ട് വീണ്ടും കിളിവാതിലിനടുത്ത് വന്നിരുന്നു.
പുറത്തെ ഉച്ചവെയിലിലേക്കു നോക്കി ഇരിക്കുമ്പോള്‍ വാഴക്കൂട്ടങ്ങളില്‍ ഇരുട്ട് വന്നു നിറയുന്നുണ്ടെന്ന് തോന്നി.
ഉച്ചവെയിലും ഇരുട്ടും മാറി മാറി മറയുകയും തെളിയുകയുമാണ്.
ഇരുട്ട് നിറയുമ്പോള്‍ ഭയമാണ്. ഇരുട്ടില്‍ നിന്ന് കൈകള്‍ കിളിവാതിലിലൂടെ നീണ്ടുവന്നാലോ? തീക്കട്ടകള്‍ ചവയ്ക്കുന്ന പിശാചുക്കള്‍....മുടിയഴിച്ചിട്ടു പായുന്ന കരിനീലി...
രാത്രിയേയും ഇരുട്ടിനെയും അവന്‍ വെറുക്കുന്നു. രാത്രി മുഴുവന്‍ ചുമരും ചാരിയിരുന്നു ശ്രദ്ധിക്കുകയാണ് പതിവ്. കന്മഴു നിലത്തുവീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ? പടിപ്പുരയില്‍ നിന്ന് ദാഹിച്ചു മരിക്കുന്ന ആരെങ്കിലും വിളിക്കുന്നുണ്ടോ?
.....മണ്ണുപുരണ്ട മാറിലേക്കു കണ്ണുനീര്‍ അടര്‍ന്നുവീണു...എന്തുമാത്രം വേദനയാണ്?
പുറത്തേക്കു നോക്കാന്‍ വയ്യ. ഉച്ചവെയില്‍ മായുന്നു, ഇരുട്ട് നിറയുന്നു....

തീക്കട്ട ചവയ്ക്കുന്ന പിശാചുക്കളെ പോറ്റുന്ന ഇരുട്ട്....അവന്‍ ചുമരിലേക്കു മുഖം തിരിച്ചിരുന്നു. തിരിഞ്ഞു നോക്കാന്‍ വയ്യ, കിളിവാതിലിന്നപ്പുറത്ത് എന്തോ അനങ്ങുന്നു. പതുക്കെ, പതുക്കെ ചുമലിലൂടെ ഒന്നുനോക്കി.
നടുങ്ങിപ്പോയി. മുടിയഴിച്ചിട്ടുണ്ട്. വായില്‍ തീയുണ്ടോ? എന്തോ കിലുങ്ങുന്നു....കാലിലെ ചിലമ്പുകളാണോ?....
''കുട്ട്യേട്ടാ.''
ഒരു നേര്‍ത്ത സ്വരം കേട്ടു.
ഭീതിയോടെ നിലത്തു മുഖമമര്‍ത്തി അവന്‍ കിടന്നു.
''കുട്ട്യേട്ടാ, ഇദ് ഞാനാണ്.''
ഭയവും വേദനയും കലര്‍ന്ന സ്വരത്തില്‍ അവന്‍ ഞെരങ്ങി.
''എന്നെ കൊല്ലല്ലേ.....എന്നെ കൊല്ലല്ലേ..........''
ആ കിളിവാതില്‍ ഓലത്തടുക്കു കൊണ്ടുമൂടി.
ഇപ്പോള്‍, പകല്‍ ഓലക്കീറുകള്‍ക്കിടയിലൂടെ നീണ്ടുവരുന്ന നേര്‍ത്ത പ്രകാശധാരമാത്രമാണ് ഇരുട്ടില്‍ വിടവുണ്ടാക്കുന്നത്.
ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ മുറിയിലെ ഇരുട്ട് അവനെ ഭയപ്പെടുത്താതായി. ചുറ്റും മൂലകളില്‍ പതുങ്ങിയിരിക്കുന്ന കറുത്തരൂപങ്ങള്‍ അവനെ കൊല്ലുകയില്ല. അവരവന്റെ കൂട്ടുകാരായി. അവര്‍ ചെവിയില്‍ നൂറുകൂട്ടം കാര്യങ്ങള്‍ പറഞ്ഞുതരുന്നു. അവന്നും പറയാന്‍ പലതുണ്ട്. താശ്ശമ്മാന്‍ കുഴിച്ചിട്ട ചെപ്പുകുടം അവനെടുക്കാന്‍ പോകുന്നു..... താന്നിക്കുന്നിന്റെ മുകളില്‍ മാളികയുണ്ടാക്കും. അതിന്റെ ഏഴാംനിലയിലിരുന്നു മണല്‍ത്തിട്ടും പായ്‌വഞ്ചികള്‍ പോകുന്ന പുഴയും കാണും....
ഓലക്കീറിന്നിടയിലൂടെ ചിലപ്പോള്‍ കണ്ണുകള്‍ കാണാം. പുറത്തുനിന്ന് ആരെല്ലാമോ എത്തിനോക്കുന്നു.
പല ശബ്ദങ്ങളും കേള്‍ക്കാം:
''ആ തമ്പ്‌രാന്‍ കുട്ടിടെ ഒരു യോഗേയ്-''
''ആ അനമ്രാളിത് കാണാണ്ടെ കണ്ണടച്ചത് നന്നായി.''
''ഒന്നിന്വോക്കണം പോന്ന ഒരാണാണ്, വല്ലാത്ത കഷ്ടം.''
അതൊന്നും അവന് കേള്‍ക്കണ്ട.
ചുമരില്‍ ഉറുപ്പികകള്‍ പോലെ പതിയുന്ന വെളിച്ചത്തിന്റെ കൊച്ചുവൃത്തങ്ങള്‍ നോക്കിയിരിക്കും. മൂലകളിലെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന കറുത്ത കൂട്ടുകാരോട് പലതും പറയും.
..... ഒരിക്കല്‍ ഇരുമ്പുപിഞ്ഞാണത്തില്‍ ചോറുമെടുത്ത് അച്ചുതന്‍നായര്‍ വാതില്‍ തുറന്നുവന്നപ്പോള്‍ അവന്‍ മുമ്പിലേക്കു ഛര്‍ദിച്ചു.
അയാള്‍ പിഞ്ഞാണം പുറത്തുവെച്ചു വാതിലടച്ചുപോയി. തിരിച്ചുവന്ന് വാതില്‍ തുറന്നപ്പോള്‍ കയ്യില്‍ തടിച്ചൊരു പുളിവടി ഉണ്ടായിരുന്നു.
''ഇനി ചെയ്യ്വോ?'' എന്നു ചോദിച്ചെടുത്തപ്പോള്‍ മാത്രമേ വേലായുധന്‍ വടി കണ്ടുള്ളൂ.
''മറയ്ക്കിരിക്കണമെങ്കില്‍ വിളിക്കണംന്ന് എത്രപ്രാവശ്യം പറഞ്ഞതാ നിന്നോട്.''
തോളിലാണ് ആദ്യത്തെ അടി വീണത്. പതിവുപോലെ വേലായുധന്‍ കരഞ്ഞില്ല. അരിശം കരളിലും കണ്ണിലും കത്തിപ്പടരുകയായിരുന്നു.
''എന്തെടാ നീ നോക്കി ദഹിപ്പിക്ക്വോ?''

വീണ്ടും അടി വീണു
''ഇനി ചെയ്യോ? നെന്റെ ഭ്രാന്ത് ഞാന്‍ മാറ്റും.''
പുളിവടി വീണ്ടും വായുവില്‍ പുളഞ്ഞു.
''ഇനി ചെയ്യോ?''
ബഹളം കേട്ട് വാതില്ക്കല്‍ മുത്തശ്ശി വന്നു. പിറകെ വലിയമ്മയും.
മുത്തശ്ശി ഇടറുന്ന തൊണ്ടയോടെ പറഞ്ഞു:
''അച്ചുതാ, അരുത്, ദൈവദോഷംണ്ട്.''
''ഇതൊക്കെ വെറും തോന്ന്യാസാണ് കാള്യേമ്മേ''
വലിയമ്മ തന്റെ പ്രമാണം പതിവുപോലെ പ്രസ്താവിച്ചു: ''അടീലും മീതെ ഒരൊടീല്യ''
അപ്പോഴേക്കും അമ്മാമയെത്തി. വാതിലിന്നടുത്ത് വന്നു നിന്നപ്പോള്‍ അദ്ദേഹം മൂക്കുപൊത്തി. അച്ചുതന്‍നായര്‍ സംഗതി ഒന്നുകൂടി വിശദീകരിച്ചു. രാവിലെയും വൈകുന്നേരവും വേലായുധനെ പുറത്തുകൊണ്ടുപോകുന്നുണ്ട്. എന്നിട്ടും അകം വൃത്തികേടായിരിക്കുന്നു.....
''അറേല്ടാനും വയ്യാത്ത പാകായി അല്ലേ?''
''എന്താ ഇതിനൊക്കെ പറേണ്ട്''
''ഇങ്ങന്യാച്ചാല്‍ ഈ വീട്ടിനകത്ത് എങ്ങന്യാ പെരുമാറ്വാ? മനസ്സ്​പിടിച്ച് വല്ലതും കഴിക്കാന്‍ വയ്‌ക്ക്യോ?''
'' വടക്ക്വോറത്തെ മുറീലിയ്ക്കാക്ക്യാലോ?''
അമ്മാമ ആലോചിച്ചു.
''അതിന് വാതിലില്ലല്ലോ. അതും കക്കൂസാക്ക്യാലോ? അടുക്കളടെ അടുത്താണേനീം......''
അച്ചുതന്‍നായരും ആലോചിച്ചു. അമ്മാമയുടെ ചെകിട്ടില്‍ പതുക്കെ എന്തോ പറഞ്ഞു.
പീളകെട്ടിയ നനഞ്ഞ കണ്ണുകള്‍ ധൃതിയില്‍ തുറന്നടച്ചുകൊണ്ട് വാതില്ക്കല്‍ നില്ക്കുന്ന മുത്തശ്ശി അതുകേട്ടു. അവര്‍ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു: ''സുകൃതക്ഷയം........സുകൃതക്ഷയം........ഇദൊക്കീം ന്റെ കണ്ണോണ്ട് കാണേണ്ടിവന്നില്ലേ?''
മുത്തശ്ശി പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല. അവര്‍ അരിച്ചരിച്ച് പതുക്കെ നടന്നുപോയി.

വേലായുധന്‍ അന്ന് ഉണ്ടില്ല. പുറത്ത് അമ്മാമയും അച്ചുതന്‍നായരും പതിഞ്ഞ സ്വരത്തില്‍ എന്തെല്ലാമോ പറഞ്ഞത് അവന്‍ കേട്ടിട്ടുണ്ട്. അവര്‍ തന്നെ കൊല്ലാന്‍ നിശ്ചയിച്ചിരിക്കുന്നു. ചോറില്‍ വിഷം ചേര്‍ത്തിട്ടുണ്ടാവും. വെള്ളം കിട്ടാതെ പടിപ്പുരയില്‍ കിടന്നു നിലവിളിച്ച് മരിച്ച പഴയ കാരണവര്‍ക്ക് കോഴിയിറച്ചിയിലാണ് പാഷാണം കൊടുത്തത്.
ശരീരം മുഴുവന്‍ ചുട്ടുനീറുകയായിരുന്നു.

ഇരുമ്പു പിഞ്ഞാണത്തിലെ ചോറും കറിയും നിലത്ത് വിതറിയിട്ടു. അയ്യേ, അപ്പോഴാണവന്‍ കാണുന്നത്. നിലം മുഴുവന്‍ വൃത്തികേടായിരിയ്ക്കുന്നു.... വൃത്തികേട്. എപ്പോഴാണിത് സംഭവിച്ചത്? അവന്‍ ഛര്‍ദ്ദിച്ചുപോയി.
കിളിവാതില്‍ മറച്ച ഓലത്തടുക്കില്‍ ഒച്ചയുണ്ടായി. ഒരു മടവാക്കത്തി കിട്ടിയെങ്കില്‍....അച്ചുതന്‍നായര്‍ കിളിവാതിലിനു പിന്നില്‍ കാത്തുനില്ക്കുകയാണ്....കൊല്ലാന്‍ കാത്തുനില്ക്കുകയാണ്....
ഓലത്തടുക്കിന്റെ വിടവില്‍ രണ്ടു കണ്ണുകള്‍.
ചുമര്‍ പറ്റിനിന്നു ഭയത്തോടെ അവന്‍ പറഞ്ഞു: ''ഇനി ചെയ്യില്ല...ഇനി ചെയ്യില്ല....എന്നെ കൊല്ലണ്ട.''
''കുട്ട്യേട്ടാ.''
പുറത്തുനിന്ന് നേര്‍ത്തസ്വരത്തില്‍ ഒരു വിളി.
''ആരടാത്?''
''ഇത് ഞാനല്ലേ കുട്ട്യേട്ടാ...അമ്മുകുട്ടി...''
''അമ്മികുട്ട്യാത്രെ...ഖി...ഖി...ഖി.....'' അവന്നു തമാശ തോന്നി. ആരോടെന്നില്ലാതെ കൊഞ്ഞനം കാണിച്ചു.
''കുട്ട്യേട്ടാ...''
തുടര്‍ന്നൊരു തേങ്ങല്‍ കേട്ടു. അവനതു ഭംഗിയായി അനുകരിച്ചു. എന്നിട്ട് ആ ഭിത്തികള്‍ കുലുങ്ങുമാറ് ഉറക്കെ പൊട്ടിച്ചിരിച്ചു.
ദുര്‍ബലമായ സ്വരത്തില്‍ പുറമേനിന്ന് വീണ്ടും ആ വിളി കേട്ടു.
ചാടിയെഴുന്നേറ്റ് കിളിവാതിലിന്റെ അഴിപിടിച്ച് അവന്‍ ഗര്‍ജ്ജിച്ചു: ''തല ഞാനെടുക്കും.''
ഇല്ല. പിന്നെ ശബ്ദമില്ല. ആശ്വാസമായി. ആളുകള്‍ വെറുതെ ദ്രോഹിക്കുകയാണ്....- കിളിവാതിലിന്റെ അഴിയും പിടിച്ചുകൊണ്ടു കുറെനേരം നിന്നപ്പോള്‍ ഓലയുടെ വിടവിലൂടെ ഒരു നേര്‍ത്ത കാറ്റ് കടന്നുവന്നു. നീറുന്ന ചുമലിലും വാരിയിലും കുളിര്‍മ്മയുള്ള കാറ്റ് തട്ടുമ്പോള്‍ ഒരു സുഖമുണ്ട്...ശരീരം തളരുന്നതുപോലെ തോന്നി. അപ്പോള്‍ സംശയിച്ചു, ആരാണ് നേര്‍ത്തെ വിളിച്ചത്?...
-എന്തെല്ലാമാണ് കേട്ടത്? ഒന്നും വ്യക്തമല്ല. ഓര്‍ക്കാന്‍ കഴിയുന്നില്ല....ഇരുട്ടില്‍ കൈവിട്ടുപോയ എന്തോ ഒന്നു തപ്പിത്തടയുകയായിരുന്നു.
ആ ശബ്ദം വീണ്ടും ചെവിയില്‍ അലയടിയ്ക്കുന്നുണ്ടെന്നു തോന്നി.
''കുട്ട്യേട്ടാ.....''
-നേരാണോ? ....അവന്‍ നടുങ്ങി. അപ്പോള്‍ ആ കണ്ണുകള്‍ നിറയുകയായിരുന്നു.
3
പൊട്ടിയ ഒരു മണ്‍പാത്രത്തിന്റെ കഷണം നിലത്തുനിന്ന് പെറുക്കിയെടുത്ത് ഒരു കോണിയുടെ ചിത്രം കോറിക്കൊണ്ട് വേലായുധന്‍ ഇരുന്നു.
ഇരുളിന്‍കീറുകള്‍ പതുക്കെപ്പതുക്കെ കണ്ണുകളില്‍നിന്നകലുകയാണ്.
ഇപ്പോള്‍ എവിടെയാണ്?
ചുറ്റുപാടിലേയ്ക്കും അവന്‍ കണ്ണോടിച്ചു. വീടിന്റെ വടക്കുഭാഗത്തെ ചായ്പിലാണ് കിടക്കുന്നത്. എഴുന്നേറ്റു നിന്നപ്പോള്‍ തലയ്ക്കകത്തു വല്ലാത്ത വിങ്ങല്‍ തോന്നി. കാലുകളില്‍ നൊമ്പരമുണ്ട്. അനങ്ങിയപ്പോള്‍ കാലില്‍നിന്നെന്തോ കിലുങ്ങി. നോക്കുമ്പോള്‍ കാലില്‍ ചുറ്റിപ്പിണഞ്ഞ് ചങ്ങല കിടക്കുന്നു. കുനിഞ്ഞിരുന്ന് അത് പരിശോധിച്ചു. അറ്റം ചുമരു തുളച്ച് അകത്തേയ്ക്കിട്ടിരിയ്ക്കുന്നു. ഞെരിയാണിയില്‍ ചങ്ങലയുരഞ്ഞ് തോലു പോയി ചുവന്നിരിയ്ക്കുന്നു. ആരാണ് കാലില്‍ ചങ്ങലയിട്ടത്?
ചായ്പില്‍ എപ്പോഴാണെത്തിയതെന്ന് വേലായുധന്‍ ഓര്‍ത്തുനോക്കി, ആരാണിതു ചെയ്തത്? വെറുതെ കളിപ്പിയ്ക്കുകയാണോ?
നിലത്ത് നിറയെ മണ്ണും ചളിയുമാണ്. എന്തു വൃത്തികേടാണ് ചുറ്റും!

വേലായുധന്‍ ഓര്‍മ്മിച്ചുനോക്കി. ഒന്നും വ്യക്തമായി കാണുന്നില്ല. കഴിഞ്ഞസംഭവങ്ങള്‍ മൂടല്‍മഞ്ഞിലെ അവ്യക്തരൂപങ്ങള്‍ പോലെയാണ്. ആ അമ്പരപ്പിന്നടിയില്‍ നിന്ന് ഒരു ചോദ്യം വീണ്ടും വീണ്ടും നുരഞ്ഞുപൊങ്ങി: മനുഷ്യരെ ചങ്ങലയ്ക്കിടാറുണ്ടോ? പട്ടികളെപ്പോലെ....
-തനിയ്ക്ക് സുഖമുണ്ടായിരുന്നില്ല.

അതുകൊണ്ടായിരിയ്ക്കണം ചായ്പില്‍ കിടത്തിയത്. പക്ഷേ...മനുഷ്യരെ ചങ്ങലയ്ക്കിടാറുണ്ടോ? പട്ടികളെപ്പോലെ...
പുറത്ത് വെയില്‍ മങ്ങിയ സായാഹ്നമാണ്: മുറ്റത്തെ പൂവന്‍വാഴപ്പടര്‍പ്പില്‍ ഒരണ്ണാന്‍ തേന്‍ കുടിയ്ക്കുന്നു. വാഴക്കുടപ്പന്റെ പോളകള്‍ അവന്‍ കടിച്ചു തുറക്കുന്നതും കണ്ടു. ഒരിലയില്‍ നിന്ന് മറ്റൊരിലയിലേയ്ക്ക്.....അതിന്റെ തുമ്പത്തുനിന്ന് മറ്റൊരു വാഴയിലേയ്ക്ക്...
അടുക്കളയില്‍ നിന്ന് ഒച്ചപ്പാടുകള്‍ കേള്‍ക്കാനുണ്ട്. ആരെങ്കിലും പുറത്തുവന്നെങ്കില്‍.....സുഖമില്ലെന്നുവെച്ചാണ് അവര്‍ ചായ്പില്‍ പാര്‍പ്പിച്ചിരിയ്ക്കുന്നത്. ആരെങ്കിലും പുറത്തുവന്നാല്‍ പറയാം: എനിയ്ക്കിപ്പോള്‍ ഒന്നുമില്ല...ഒന്നുമില്ല...ഈ ചങ്ങലയഴിച്ച് മാറ്റൂ.
-മനുഷ്യരെ ചങ്ങലയ്ക്കിടാറുണ്ടോ?

അടുക്കളയിലെ കിണറ്റുവാതില്‍ തുറന്ന് ആരോ വെള്ളം കോരുന്നു. ദീനസ്വരത്തില്‍ തുടി ശബ്ദിച്ചു.വലിയമ്മയായിരിയ്ക്കണം...
വേലായുധന്‍ വിളിച്ചുനോക്കി: ''വല്ല്യമ്മേ...വല്ല്യമ്മേ-''
മറുപടിയില്ല.
-ആരെയാണ് വിളിയ്‌ക്കേണ്ടത്? ഇവരെല്ലാം എന്തുകൂട്ടരാണ്? എനിയ്ക്കിപ്പോള്‍ ഒന്നുമില്ല, ഒന്നുമില്ല...
മണ്ണുപുരണ്ട സ്വന്തം ശരീരം കണ്ടപ്പോള്‍ അവന് അറപ്പു തോന്നി. അപ്പോള്‍, ശരീരം ഒരിയ്ക്കല്‍ കൂടി നോക്കിയപ്പോള്‍, നാണിച്ചുപോയി. അരയില്‍ തുണിയില്ല. ആരെങ്കിലും കണ്ടാലെന്ത് വിചാരിയ്ക്കും? ആരും കാണരുതേ....മുണ്ടില്ലാതെ നില്ക്കാന്‍ അവന്‍ കൊച്ചുകുട്ടിയല്ല. വലുതായിരിക്കുന്നു, വളരെ വലുതായിരിയ്ക്കുന്നു. പരുപരുത്ത താടി കഴുത്തില്‍ ചൊറിച്ചിലുണ്ടാക്കിക്കൊണ്ട് ഉരസിനില്ക്കുന്നു. എന്നിട്ടും അരയിലൊരു മുണ്ടില്ലാതെ...
വേലായുധന്‍ കുനിഞ്ഞിരുന്നു. ഒരു മുണ്ട് വേണം. ആരെയാണ് വിളിയ്‌ക്കേണ്ടത്? വലിയമ്മയെ വിളിയ്‌ക്കേണ്ട. അവന്‍ ഗോപിയെ വിളിച്ചു. ഉച്ചത്തില്‍ വീണ്ടും വീണ്ടും വിളിച്ചു.
മുണ്ടുടുക്കുന്നതിനു മുമ്പ് ആരും വരരുതേ-
ആരോ ചായ്പിന്റെ മുമ്പില്‍ വന്നു നിന്നു ചോദിച്ചു: ''എന്താ?''
''ഇങ്ങോട്ട് വരണ്ട....ഇങ്ങോട്ട് വരല്ലേ....ഗോപി എവ്‌ടെ?''
''ഞാന്തന്ന്യാ, ഗോപി.''
വള്ളിയുള്ള ചുവന്ന ട്രൗസറും ഷര്‍ട്ടുമിട്ടിട്ടുണ്ട്. നോക്കൂ, ഗോപി മിടുക്കനായിരിയ്ക്കുന്നു.
''എന്തിനാ വെറുതെ വിളിയ്ക്ക്ണ്?''
''എനിയ്‌ക്കൊരു മുണ്ടു കൊണ്ടത്താ.''
''കീറാനല്ലേ! ഉ-ംങ് ഹും.''
''കീറില്ല ഗോപി. വേഗം കൊണ്ടത്താ.....ആരെങ്കിലും വര്‌ണേന്റെ മുമ്പേ.....''
ഗോപി സംശയിച്ച് നിന്നു.
''നല്ല കുട്ട്യല്ലേ? ഒന്നു ചെല്ല്....''
ഗോപി പോയി നല്ല വെളുപ്പുള്ള ഒരു മുണ്ടുമായി തിരിച്ചു വന്നു. വേലായുധന് സന്തോഷമായി. നല്ല വൃത്തിയുള്ള മുണ്ട്.
''കീറ്വോ?''
''കീറ്വേ? എന്തിന്?''
''കീറാനാച്ചാല്‍ തരില്ല....''
''ഇങ്ങോട്ട് താ ഗോപി -ആരെങ്കിലും കണ്ടാല്‍.....''
ഗോപി അകലത്തു നിന്ന് മുണ്ട് എറിഞ്ഞുകൊടുത്തു.
വേലായുധന് മുണ്ട് കിട്ടിയപ്പോള്‍ സമാധാനമായി. ഇനി ആരെങ്കിലും വന്നാല്‍ത്തന്നെ കുഴപ്പമില്ല.
''ആരാ എന്റെ കാലില് ചങ്ങലയിട്ടത്?''
ഗോപി അതിനുത്തരം പറഞ്ഞില്ല.
''ഇതൊന്നഴിയ്ക്കാന്‍ പറ''
ഗോപി പതുക്കെ ഒന്നു ചിരിച്ചതേയുള്ളു.
''അഴിയ്‌ക്കെടാ ഇത്....എന്താടാ ഞാന്‍ പട്ട്യാണോ?''
ഗോപി തിരിഞ്ഞു നടന്നു.
ഈ ചങ്ങലയൊന്നഴിച്ചുതരാന്‍ ആരുമില്ലേ?
അവന്‍ മുത്തശ്ശിയെ വിളിച്ചുനോക്കി. വലിയമ്മയെ വിളിച്ചു. ആരും വന്നില്ല. ആരും കേള്‍ക്കുന്നില്ല.
ഒരു മെതിയടിയുടെ ശബ്ദം മുറ്റത്തുനിന്നു കേട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മാമ ചായ്പിന്റെ മുമ്പില്‍ വന്നുനിന്നു.
വേലായുധന്‍ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. അമ്മാമയുടെ മുമ്പില്‍ ഇരിയ്ക്കാന്‍ പാടില്ല.
''എന്തെടാ?''
അവന്‍ അതിനൊന്നും മിണ്ടിയില്ല.
''ഉം?''
''ഇതൊന്നഴിച്ച് തരാനേ-''
''ഇനീം ആള്വോള്‍ടെ മേക്കട്ട് കേറാനാ?''
''എന്തിനാ ചങ്ങലക്കിട്ടിരിയ്ക്ക്ണ്?''
''നിന്റെ തോന്ന്യാസം കൊണ്ട് - നിന്റെ ഭ്രാന്ത് മാറ്വോന്ന് ഞാനൊന്ന് നോക്കട്ടെ?''
അമ്മാമ മെതിയടി ശബ്ദിപ്പിച്ചുകൊണ്ട് നടന്നുപോയി.
വേലായുധന്‍ ആലോചിച്ചുനോക്കി. എന്ത് തോന്ന്യാസമാണ് കാണിച്ചത്...? സുഖമില്ലായിരുന്നു....ഇപ്പോള്‍, ഇപ്പോളൊന്നുമില്ല..ഒന്നുമില്ല....
അവന് ഉച്ചത്തില്‍ വിളിച്ചുപറയണമെന്ന് തോന്നി: ''എനിയ്‌ക്കൊന്നുമില്ല. എനിയ്ക്ക് ഭ്രാന്തില്ല....''
വലിയ അസ്വാസ്ഥ്യം തോന്നി. ആരും ഇതഴിയ്ക്കാന്‍ വരില്ലേ?....കരച്ചില്‍ തൊണ്ടയില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ആരും വരില്ലേ?....വരില്ലേ?

നിസ്സഹായനായി അവന്‍ വീണ്ടും പുറത്തേയ്ക്കു നോക്കിയിരുന്നു. അതിര്‍ത്തിയിലെ പുളിമരത്തിന്നിടയിലൂടെ തുടുത്ത ആകാശം കാണാം. കറുപ്പും ചുകപ്പും കലര്‍ന്ന മേഘത്തിന്റെ ഒരു ശകലം അവിടെ പാറിക്കിടക്കുന്നു. നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ വടിച്ചു കുടഞ്ഞ്, അവന്‍ കാലുകളില്‍ തടവി. ചങ്ങലക്കണ്ണികള്‍ പതുക്കെ കിലുങ്ങി.
കരച്ചില്‍ കടിച്ചമര്‍ത്തിക്കൊണ്ടിരുന്ന് അവന്‍ വീണ്ടും ഓര്‍ക്കാന്‍ ശ്രമിച്ചു. എന്തെല്ലാമാണ് സംഭവിച്ചത്?
അവന്ന് സുഖക്കേടായിരുന്നു. അവരെല്ലാം പറഞ്ഞിരുന്നു.

-എനിയ്ക്കിപ്പോള്‍ ഒന്നുമില്ല. ഒന്നുമില്ല....എന്നെ വിടൂ.......
ചിതലുകള്‍ കുഴികളുണ്ടാക്കിയ പഴയ മരത്തൂണും ചാരി അവന്‍ ഇരുന്നു. ഓ, ഉടുതുണിയില്ലാതെയാണ് അല്പം മുമ്പ്...ആരൊക്കെ കണ്ടിരിയ്ക്കും? അമ്മുകുട്ടി ആ വഴി വന്നിരിയ്ക്കുമോ?
അമ്മുകുട്ടി-
അമ്മുകുട്ടിയെ ഒന്നു കണ്ടെങ്കില്‍....
അറപ്പായിരിയ്ക്കും അവള്‍ക്കു തോന്നുക. മേല്‍നിറച്ചും മണ്ണാണ്. ഒന്ന് മുഖം കാണാന്‍ കഴിഞ്ഞെങ്കില്‍..... താടി വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു. ജ
ടപിടിച്ച തല ചൊറിഞ്ഞപ്പോള്‍ മണ്ണുംപൊടിയും ചുറ്റും വ്യാപിച്ചു.
അമ്മുകുട്ടിയുടെ ശരീരത്തില്‍ അഴുക്കു കാണില്ല. അവളുടെ അടുത്ത് നില്ക്കുമ്പോള്‍ കാച്ചിയ എണ്ണയുടെയും കൈതപ്പൂവിന്റെയും മണമുണ്ടാവും.
അവളിപ്പോള്‍ കാണുകയാണെങ്കില്‍...
അമ്മുകുട്ടിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ വളരെ നിഗൂഢമായ ഒരു രഹസ്യം ഓര്‍മ്മവരുന്നു. ആരും അറിയില്ല. ആരോടും പറയില്ല. മേലേ കളമുറ്റത്തെ പുളിയന്‍ മാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്നതും കാത്ത് തൊട്ടിരിയ്ക്കുമ്പോള്‍-
കവിളത്ത് പതുക്കെ ഒരു കടി. അവള്‍ ശുണ്ഠിപിടിച്ച് പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തു.
അന്ന് കുട്ടികളായിരുന്നു, വളരെ മുമ്പാണത്. ഇപ്പോള്‍ എത്ര വലുതായി!
അതില്‍ പിന്നെ എന്തെല്ലാം സംഭവിച്ചു? പലതും വ്യക്തമല്ല. അടഞ്ഞുകിടക്കുന്ന ഒരു വാതില്‍. ഓലത്തടുക്ക് വെച്ചു കെട്ടിയ ഒരു കിളിവാതില്‍. ഇരുളുമൂടിക്കിടക്കുന്ന ആ ശൂന്യതയില്‍ എന്തെല്ലാമുണ്ടായി? ഈ ചങ്ങലക്കെട്ട് എപ്പോഴാണ് കാലില്‍ വീണത്?
''കുട്ട്യേട്ടന്റെ സൂക്കേട് മാറും....''
ആ നേര്‍ത്ത സ്വരം എവിടെയോ തങ്ങിനില്‍പ്പുണ്ട്.

അവന് സുഖക്കേടായിരുന്നു. അവര്‍ പറഞ്ഞത്, എല്ലാവരും പറഞ്ഞിരുന്നത്....ഭഗവതി, വാസ്തവമാണോ? വാസ്തവമാണോ?
കാല്‍മുട്ടുകള്‍ക്കിടയില്‍ കവിളുകളമര്‍ത്തിക്കൊണ്ട് അവന്‍ കരഞ്ഞു. കണ്ണീര്‍ വീണപ്പോള്‍, ചങ്ങലയുരസി ചുവന്നഭാഗങ്ങള്‍ നീറുകയായിരുന്നു.
എന്നാലും സമാധാനമുണ്ട്: ഇപ്പോള്‍ എല്ലാം മാറിയിരിക്കുന്നു.
''എനിയ്‌ക്കൊന്നുമില്ല. എനിയ്ക്ക് സൂക്കടില്ല.''
ഉച്ചത്തില്‍ അവന്‍ വിളിച്ചു പറഞ്ഞു. ''എന്നെ വിടൂ....എന്നെ വിടൂന്ന്.''
ആരും വന്നില്ല. ആരും ഇത് കേള്‍ക്കുന്നില്ലേ?....മനുഷ്യനെ ചങ്ങലയ്ക്കിടാറില്ല. അവനൊരു കടിയ്ക്കുന്ന പട്ടിയൊന്നുമല്ലല്ലോ. ''എന്നെ വിടൂ...എന്നെ വിടാന്‍.''
കോലായയുടെ വക്കത്തേയ്ക്ക് ആശയോടെ നോക്കി ഇരുന്നു.
ചുമരിന്നു പുറത്തേയ്ക്ക് ആരോ തല നീട്ടുന്നു.
ശങ്കരന്‍കുട്ടിയല്ലേ? ശങ്കരന്‍കുട്ടിതന്നെ.
''ശങ്കരന്‍കുട്ടീ.''
അവന്‍ ചുമരിന്റെ പിറകില്‍ നിന്നു പുറത്തുവന്നു.
''ശങ്കരന്‍കുട്ടീ ഒന്നടുത്തു വാ.''
ശങ്കരന്‍കുട്ടി തലയാട്ടി.
''അടുത്തു വാ ചോയ്ക്കട്ടെ.''
''തല്ലാനല്ലേ?''
''അല്ല. ശങ്കരന്‍കുട്ടീ ഞാന്‍ തല്ലില്ല.'' അതുപറയുമ്പോള്‍ വേലായുധന്റെ തൊണ്ട ഇടറി.
ശങ്കരന്‍കുട്ടി പിന്നെയും സംശയിച്ചു.
''ഞാനൊന്നും കാട്ടില്ല.''
പേടിച്ച് പേടിച്ച് ശങ്കരന്‍കുട്ടി കുറച്ചുകൂടി മുമ്പോട്ട് വന്നു.
''ഇങ്ങട്ട് വരരുതെന്ന് പറഞ്ഞു.''
''ആര്?''
''അച്ഛന്‍''
''ശങ്കരന്‍കുട്ടീ, ആരാ ന്റെ കാലില് ചങ്ങലട്ടത്?''
ഭയത്തോടെ ചൂളിനില്ക്കുന്ന ശങ്കരന്‍കുട്ടി വേലായുധനെ ആകെ ഒന്ന് നോക്കുകയായിരുന്നു.
''ആരാ?''
''അച്ഛന്‍ പറഞ്ഞിട്ട് കരുവാന്‍ കൊണ്ടന്നതാ......''
''ഇതൊന്നഴിച്ച് നോക്ക്''
കടിച്ചമര്‍ത്തിക്കൊണ്ടിരുന്ന് അവന്‍
''ഞാനഴിക്കില്ല.''
''എനിക്കൊന്നൂല്യ ശങ്കരന്‍കുട്ടീ, ഇതൊന്ന് അഴിച്ചാ.''
''ഉം... ഉം... കുട്ട്യേട്ടനേയ് ബ്‌റാന്താ.''
തേങ്ങല്‍ കടിച്ചമര്‍ത്തിക്കൊണ്ട് വേലായുധന്‍ പറഞ്ഞു: ''ഹില്ല... എനിക്ക് ഭ്രാന്തില്ല ശങ്കരന്‍കുട്ടീ...''
ആരാണ് ഒന്നഴിച്ചു തരിക? മുത്തശ്ശി വന്നാല്‍ അഴിച്ചു തരും. അവര്‍ക്കെങ്കിലും മനസ്സിലാവും. അല്ലെങ്കില്‍, അമ്മുക്കുട്ടി വന്നാല്‍ മതി...
''ശങ്കരന്‍കുട്ടീ, ഒന്ന് മുത്തശ്ശ്യേ വിളിക്ക്.''
ശങ്കരന്‍കുട്ടി കൈയടിച്ച് ഉച്ചത്തില്‍ ചിരിച്ചു.
''ഒന്നു വിളിക്ക്.''
''വേലായ്‌തേട്ടന് ബ്‌റാന്താ. അച്ചമ്മ മരിച്ചില്ലേ?''
അതു കേട്ടപ്പോള്‍ വേലായുധന്‍ തളര്‍ന്നുപോയി. മുത്തശ്ശി മരിച്ച വ്യസനത്തേക്കാളുമേറെ അവനെ വേദനിപ്പിച്ചത് മറ്റൊരു ചിന്തയായിരുന്നു. ഇരുട്ടില്‍ അവനറിയാതെ അവന്റെ മുകളിലൂടെ എന്തെല്ലാം ഒഴുകിപ്പോയി. എത്ര ദിവസങ്ങള്‍? എത്ര മാസങ്ങള്‍?
ആ ചങ്ങല വീണ്ടും ശബ്ദിച്ചു.
ആരാണിതൊന്നഴിക്കുക? ആരും കേള്‍ക്കുകയില്ല... ആരും കേള്‍ക്കുകയില്ല... അവന്‍ ശബ്ദം താഴ്ത്തി പറഞ്ഞു: ''ശങ്കരന്‍കുട്ടീ, ഓപ്പോളെ ഒന്ന് സ്വകാര്യത്തില് വിളിക്ക്.''
അമ്മുക്കുട്ടിയോട് പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാവും. തനിക്കിപ്പോള്‍ രോഗമില്ല...
''ഓപ്പോളും അമ്മേം ന്റോടയ്ക്ക് പോയില്ലേ?''
ശങ്കരന്‍കുട്ടിയുടെ മുഖത്ത് അപ്പോള്‍ പരിഹാസത്തെക്കാളുമേറെ സഹതാപമായിരുന്നു.
''എന്നേ പോയത്?''
''ശ്ശി ദിവസമായി. ഞാനും പോയി. ന്നലെ അച്ഛന്റെ കൂടെ പോര്വേ.''
''എന്നാ വര്ാ?''
''ഇനിപ്പോ വരില്ല.''
''ഹെന്താ?''
''വര്ണ മാസം ഓപ്പോള്‍ടെ കല്യാണല്ലേ?''
വേലായുധന്‍ പിന്നെയൊന്നും ചോദിച്ചില്ല.
ഒന്നും അറിഞ്ഞില്ല. രോഗമായിരുന്നു... അടഞ്ഞുകിടക്കുന്ന ഒരു വാതില്‍. ഓലത്തടുക്ക് കെട്ടി മറച്ച ഒരു കിളിവാതില്‍. രോമം നിറഞ്ഞ ഒരു പരുക്കന്‍ കൈ...
''കുട്ടേട്ടന്റെ സൂക്കേട് മാറും...''

ഇപ്പോഴാണവളെ കാണേണ്ടിയിരുന്നത്. അമ്മുക്കുട്ടി, എനിക്കിപ്പോള്‍ സുഖക്കേടില്ല... അതവള്‍ക്കറിഞ്ഞുകൂട. അവളിനി വരില്ലേ?
ഇരുമ്പുപിഞ്ഞാണത്തില്‍ ചോറും കറിയുമായി ചായ്പിലേക്ക് ഒരു സ്ത്രീ കടന്നുവന്നു. അല്പം മാറിനിന്ന് പാത്രം മുന്‍പിലേക്ക് നിരക്കി നീക്കി. മുടമ്പല്ലുള്ള മാറുമറയ്ക്കാത്ത ഒരു മുതിര്‍ന്ന സ്ത്രീ. അവരാരാണെന്നറിയില്ല. എങ്കിലും പറഞ്ഞു: '' ഈ ചങ്ങലയൊന്നഴിച്ചു തരൂ...''
പേടിപ്പെടുത്തുന്ന ഒരു നോട്ടത്തോടെ അവര്‍ പറഞ്ഞു: ''നിനക്ക് നല്ല ബുദ്ധി വരട്ടെ...''
''എനിക്ക്... എനിക്ക് സൂക്കേടില്ല. എന്നെ വിടൂ.''
എഴുന്നുനില്ക്കുന്ന പല്ലുകള്‍ക്കിടയിലൂടെ ഒച്ചയോടെ ഒന്നു നീട്ടിത്തുപ്പി ഗൗരവഭാവത്തില്‍ അവര്‍ നടന്നു.
അകത്തുനിന്ന് ചെറിയൊരു ബഹളം കേട്ടു. ശബ്ദം അവന്‍ തിരിച്ചറിഞ്ഞു. വലിയമ്മയുടെതാണ്. വലിയമ്മ ഗോപിയെ ശകാരിക്കുകയാണ്.: ''ചീന്തി കഷണിക്കാനുള്ളതല്ലെടാ അത്? ആ നല്ല മുണ്ടെടുത്ത് എന്തിനേടാ നീ കൊടുത്തത്?''
''അതേ കണ്ട്ള്ളൂ അമ്മേ.''
'' എന്തിനാടാ നിന്നെ പറേണ്? വേലായുധനല്ലപ്പോ ഭ്രാന്ത് നെനക്കാ...''
വലിയമ്മേ, എനിക്ക് ഭ്രാന്തില്ല എന്നു വിളിച്ചു പറയാന്‍ തോന്നി.
വിശപ്പുണ്ട്. പിഞ്ഞാണത്തില്‍നിന്ന് കുറേ വാരിത്തിന്നു.
ഇരുട്ട് വാഴത്തോപ്പിലേക്ക് നുഴഞ്ഞുകയറുകയാണ്. അറ്റത്ത് അരിവാള്‍ വെച്ചുകെട്ടിയ നീണ്ട തോട്ടിയുമായി ആരോ വാഴകള്‍ക്കിടയില്‍ നടക്കുന്നു. തോട്ടിയുടെ അറ്റം മാത്രമേ കാണുന്നുള്ളൂ.
നോക്കിയിരിക്കുമ്പോള്‍ അരിവാള്‍ കെട്ടിയ തോട്ടി ഒരു വാഴക്കുടപ്പന്‍ മുറിച്ചിട്ടു. വാഴക്കുടപ്പനിലെ തേനിന്റെ മധുരം നുണഞ്ഞുപോയി.
അമ്മുക്കുട്ടിക്ക് തേനിഷ്ടമായിരുന്നില്ല. അവള്‍ക്ക്, ഉള്ളിലൊളിച്ചിരിക്കുന്ന വെളുത്ത ഉണ്ണി മതി. തെക്കേപ്പാട്ടെ ജാനുവിനും ഉണ്ണി മതി. കുടപ്പന്‍ കിട്ടിയാല്‍ അവര്‍ തമ്മില്‍ അടിപിടിയാണ്...
''ഇലയിട്ട് നോക്കാം.''
''ഞാനിടാം.''
''വേണ്ട കുട്ട്യേട്ടന്‍ട്ടാല്‍ മതി.''
അപ്പയുടെ ഇല പറിച്ചെടുത്ത് ചോദിക്കുന്നു: ''അകോ പുറോ?''

വീണുകഴിയുന്നതുവരെ അമ്മുക്കുട്ടി കണ്ണടച്ച് നില്ക്കും. അവള്‍ ഭഗവതിയോട് പ്രാര്‍ഥിക്കുകയാണത്രെ!
ഇപ്പോള്‍ അമ്മുക്കുട്ടി അവളുടെ വീട്ടിലായിരിക്കും. അവളെന്തിനങ്ങോട്ടു പോയി? ചെറുപ്പം മുതല്ക്കിവിടെയായിരുന്നതല്ലേ?
കുന്നിമണികള്‍ വീണുകിടക്കുന്ന ഇടവഴി നല്ല ഓര്‍മയുണ്ട്. അമ്മയുടെ കൂടെ അമ്മായിയുടെ വീട്ടില്‍ വിരുന്ന് പോയിട്ടുണ്ട്. എത്ര കുന്നിച്ചെടികളാണ് അതിര്‍ത്തിയില്‍. ഇടവഴിയിലെ പൂഴിമണ്ണില്‍ നിറയെ കുന്നിക്കുരു. തോട്ടുവക്കത്താണാ വീട്. ആലോചിച്ചിരിക്കുമ്പോള്‍, രസക്കുടുക്കകള്‍ തൂക്കിയ ഒരു മുറിയും ചുമരിലെ മാന്‍കൊമ്പും കാണാന്‍ കഴിയുന്നുണ്ട്. അമ്മുക്കുട്ടി ഇപ്പോള്‍ എന്തുചെയ്യുകയാവും?
മേല്‍ക്കഴുകിവന്ന് വടക്കുപുറത്ത് അമ്മിയുടെ താഴെ, അഴിച്ചുപരത്തിയിട്ട തലമുടിക്കിടയില്‍ വിരലുകള്‍കൊണ്ട് തിരുപ്പിടിച്ച് നില്ക്കുകയാവും.

ഇനി വരില്ലേ?
അമ്മുക്കുട്ടിയെ ഒന്നു കാണാന്‍... കല്യാണം കഴിഞ്ഞാല്‍ ഇവള്‍ പിന്നെ ഇങ്ങോട്ടു വരില്ല... ഒന്നു കണ്ടെങ്കില്‍...
വേലായുധന്‍ ചുമരില്‍ പുറമുരച്ചു ചൊറിഞ്ഞു. കാലിലെ ചങ്ങല അപ്പോഴും ശബ്ദിച്ചു. അതഴിക്കാന്‍ കഴിഞ്ഞാല്‍ ചായ്പില്‍നിന്നു പുറത്തിറങ്ങാം. ചങ്ങല വലിച്ചു നോക്കി. വിരലുകള്‍ നോവുന്നുവെന്നു മാത്രം. ഇതഴിയില്ലേ? ആരും വന്ന് അഴിച്ചു തരില്ലേ?...
ആട്ടിന്‍കുട്ടിയെ കെട്ടാന്‍ വലിയമ്മ ചായ്പിന്റെ മുന്‍പിലൂടെ കടന്നുപോയി. സംശയത്തോടെ അവന്‍ വിളിച്ചു. വലിയമ്മ തിരിഞ്ഞുനോക്കിയില്ല.
ഉമ്മറത്തിരുന്ന് ഗോപിയും ശങ്കരന്‍കുട്ടിയും നമശ്ശിവായ ചൊല്ലുന്നു...
മുടമ്പല്ലുള്ള മാറുമറയ്ക്കാത്ത സ്ത്രീ പിഞ്ഞാണമെടുക്കാന്‍ വന്നപ്പോള്‍ അവന്‍ കെഞ്ചി: ''ഇതൊന്നഴിച്ചേര്വോ?''
''ഇനീം ആള്വോള്‍ടെ നെഞ്ഞത്ത് കേറാനാ?''

അവന്‍ നനഞ്ഞ കണ്ണുകള്‍ തുടച്ച് ആകാശത്തേക്കു നോക്കി. മിനുങ്ങുന്ന ഈറന്‍മുടിക്കെട്ടിന്റെ നിറം. കണ്ണെത്തുന്ന ഇടമാകെ നോക്കുമ്പോള്‍, തിളക്കമില്ലാത്ത ഒരു നക്ഷത്രം മാത്രമുണ്ട് മുനിഞ്ഞുനില്ക്കുന്നു.

നമശ്ശിവായ കഴിഞ്ഞപ്പോള്‍ രാമായണം വായന തുടങ്ങി. അത് അമ്മാമയുടെ ശബ്ദമാണ്. വടക്കിനിയുടെ ജനാലയിലൂടെ ചായ്പിന്റെ മുന്‍വശത്തെ മുറ്റത്തേക്ക് വെളിച്ചമൊഴുകി.
അകത്ത് വിളക്കുകള്‍ സഞ്ചരിക്കുന്നു. അടുക്കളയില്‍നിന്ന് പാത്രങ്ങള്‍ ശബ്ദിക്കുന്നു. അവരാരും ഇനി ഇങ്ങോട്ടു വരില്ല... ഇരുട്ടിനോട് അവന്‍ പതുക്കെ പറഞ്ഞു: ''എന്നെ വിടൂ, എന്നെ വിടൂ.''
അയല്‍വക്കത്തെങ്കിലും ആളുകളില്ലേ? അവര്‍ക്കെങ്കിലും ഈ ചങ്ങലയഴിച്ചു മാറ്റിക്കൂടെ?
ഉച്ചത്തില്‍ അവനൊന്ന് നിലവിളിച്ചു നോക്കി: ''അയ്യൊമ്മേയ്...''
ഒരു വിളക്ക് കോലായയുടെ വക്കില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നൊരു വിളിയും: ''വേലായുധാ.''
''എന്നെ വിടേ്... എന്നെ വിടേ്...''
''മിണ്ടാതവടെക്കെടന്നോ... എല്ല് ഞാന്‍ വെള്ളാക്കും.''
ആ വിളക്കു മറഞ്ഞു.
വീട്ടിനകത്തെ ഒച്ചയും അനക്കവും പതുക്കെപ്പതുക്കെ കുറഞ്ഞുവന്നു. മുറ്റത്ത് ഇരുട്ടില്‍ വിടവുണ്ടാക്കിയിരുന്ന പ്രകാശവും മാഞ്ഞു.
കാലിലെ ചങ്ങല അവനൊരിക്കല്‍കൂടി വലിച്ചുനോക്കി.
അതഴിഞ്ഞു കിട്ടിയാല്‍ ജയിച്ചു. പിന്നെയും ദ്രോഹിക്കാന്‍ വരുന്നുണ്ടെങ്കില്‍ ആരായാലും അവന്റെ മരണമാണ്. കടിക്കുന്ന പട്ടികളെ ചങ്ങലയ്ക്കിടാറുണ്ട്. പക്ഷേ, മനുഷ്യനെ... ചങ്ങലയൊന്നഴിഞ്ഞു കിട്ടിയാല്‍...! ഒരു കണ്ണിയറ്റാല്‍ മതി, ഒരു കണ്ണി.
ഭ്രാന്താണത്രെ! അവര്‍ക്കെല്ലാമാണ് ഭ്രാന്ത്. അല്ലെങ്കില്‍ വെറുതെ ആളെ
ദ്രോഹിക്കുമോ?
എനിക്കൊന്നുമില്ല... എനിക്ക് ഭ്രാന്തില്ല...

അവന്‍ വീണ്ടും വീണ്ടും ചങ്ങല വലിച്ചുനോക്കി. കൈ വേദനിച്ചിട്ടും നിര്‍ത്തിയില്ല.
കിതപ്പുകൊണ്ട് ശ്വാസംമുട്ടിയപ്പോള്‍ കണ്ണടച്ച് കമിഴ്ന്നു കിടന്നു.
...വീണ്ടും കണ്ണുതുറന്നപ്പോഴാണറിയുന്നത്, അവന്‍ സ്വപ്നം കാണുകയായിരുന്നു. മാണിക്യക്കല്ല് കിട്ടിയ രാജകുമാരന്റെ കഥ. ചെറുപ്പത്തില്‍ മുത്തശ്ശി മടിയില്‍ക്കിടത്തി ഉറക്കുമ്പോള്‍ പറഞ്ഞുതന്നതാണ്. പൊയ്കയ്ക്കടിയിലെ മാളികയില്‍ രാക്ഷസന്‍ രാജകുമാരിയെ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. തീ തട്ടിയാല്‍ ഉരുകാത്ത, വെട്ടിയാല്‍ മുറിയാത്ത ചങ്ങല. വിറകൊടിക്കാന്‍ വന്ന തള്ള കൊടുത്ത മന്ത്രം ജപിച്ച കഠാരി കാണിച്ചപ്പോള്‍ ചങ്ങല തകര്‍ന്നുപോയി. വെള്ളക്കുതിരകളുടെ രാജകുമാരനും രാജകുമാരിയും കണ്ണാന്തളിപ്പടര്‍പ്പുകള്‍ നിറഞ്ഞ കുന്നിന്റെ നെറുകയിലെ ഏഴുനില മാളികയിലെത്തി...

അപ്പോളാണ് കണ്ണുതുറന്നത്. മാളികയില്ല, മാണിക്യക്കല്ലില്ല, വെള്ളക്കുതിരകളുമില്ല. നേര്‍ത്ത നിലാവെളിച്ചം ചായ്പിലേക്കു കടന്നുവരുന്നു. മുറ്റത്ത് നിഴലുകള്‍ ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.
ഒരു നിമിഷം ആലോചിക്കേണ്ടി വന്നു, ഇപ്പോള്‍ എവിടെയാണ്?
ഇളകിയപ്പോള്‍ ചങ്ങല കിലുങ്ങി.
അരിശത്തോടെ ചങ്ങലയില്‍ മുറുകെപ്പിടിച്ച് ചുമരില്‍ കാലുകളമര്‍ത്തിച്ചവിട്ടി അവന്‍ ഊക്കോടെ വലിച്ചു.
ഒരു കണ്ണി അറ്റാല്‍ മതി, ഒരു കണ്ണി.
ഒരിക്കല്‍ക്കൂടി...
''ഹമ്മേ...''
അവന്‍ പിറകോട്ടു മലര്‍ന്നുപോയി. ആ ചങ്ങല മുറിഞ്ഞിരിക്കുന്നു...
എഴുന്നേറ്റപ്പോള്‍ ശരീരമാകെ നുറുങ്ങുന്നപോലെ തോന്നി. നൊണ്ടി നൊണ്ടിയാണ് മുറ്റത്തിറങ്ങിയത്. ഓരോ കാലടിവെപ്പിലും കാലില്‍ ബാക്കി നില്ക്കുന്ന ചങ്ങലക്കണ്ണികള്‍ ശബ്ദിച്ചു.
ഒതുക്കുകളിറങ്ങി പടിപ്പുരയുടെ ചാരിയ വാതില്‍ തുറന്ന് പുറത്തു കടന്നു.
മുന്നില്‍ വയലാണ്. അതിന്റെ നട്ടെല്ലുപോലെ നീണ്ടുകിടക്കുന്ന വരമ്പില്‍ കയറി നടക്കുമ്പോള്‍ അവനാലോചിച്ചു. എങ്ങോട്ടാണിനീ യാത്ര?
എല്ലാറ്റിലുമുപരിയായി പൊങ്ങിനിന്ന ആവശ്യം ആ ചായ്പില്‍നിന്ന് രക്ഷപ്പെടണമെന്നതാണ്. കാലത്ത് അവര്‍ കണ്ടാല്‍ വീണ്ടും ചങ്ങല കാലില്‍ വീഴുകയായി... എവിടേക്കെങ്കിലുമാകട്ടേ, പോകാം.
കാറ്റില്‍ നെല്ലോലകളിളകുന്ന ശബ്ദത്തിനിടയ്ക്ക് താളത്തില്‍ ചങ്ങല കിലുങ്ങി. തെക്കേ കരയില്‍നിന്ന് ഒരു പട്ടി ദീനസ്വരത്തില്‍ ഓളിയിട്ടു. ചങ്ങലയില്‍ കിടക്കുന്ന പട്ടിയായിരിക്കും - വേലായുധന്‍ ഓര്‍ത്തു.
മങ്ങിയ നിലാവുള്ളതുകൊണ്ട് വഴികാണാന്‍ വിഷമമില്ല. മുകളില്‍ ആകാശം വിളറിനില്ക്കുന്നു.
രാത്രിയുടെ തണുത്തുറഞ്ഞ നിശ്ശബ്ദതയില്‍ ആ ചങ്ങലക്കിലുക്കം തുടര്‍ച്ചയായി പോറലുണ്ടാക്കി.
പാടമവസാനിക്കുന്നത് റോഡിലാണ്. കൈതക്കൂട്ടത്തിനിടയിലൂടെ റോഡിലേക്ക് കയറി. പുഴയുടെ തീരത്തിലൂടെയാണ് റോഡ് പോകുന്നത്.
രാവിലെ അവര്‍ നോക്കുമ്പോള്‍ ചായ്പില്‍ വേലായുധന്‍ എന്ന പട്ടി ചങ്ങലയില്‍ കിടക്കുന്നുണ്ടാവില്ല. അതോര്‍ത്തപ്പോള്‍ അവന് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തോന്നി. പക്ഷേ, അവര്‍ തിരഞ്ഞു പിടിക്കാനെത്തും. അതിനുമുന്‍പ് രക്ഷപ്പെടണം. എവിടെയാണെത്തിച്ചേരുക? ആരും വിശ്വസിക്കുകയില്ല... ആരും പറയാനുള്ളത് കേള്‍ക്കില്ല.


അവന്‍ തന്നോടുതന്നെ പറഞ്ഞു: എനിക്ക് ഭ്രാന്തില്ല... എനിക്ക് സുഖക്കേടില്ല...
''കുട്ട്യേട്ടന്റെ സൂക്കട് മാറും...'' എന്നു പറഞ്ഞത് അവളാണ്. അമ്മുക്കുട്ടി.

-എന്റെ പ്രിയപ്പെട്ട അമ്മുക്കുട്ടി, എനിക്കിപ്പോള്‍ ഒന്നുമില്ല. അവള്‍ വിശ്വസിക്കും. അവള്‍ക്കു മാത്രമേ വിശ്വാസം വരൂ.
പാതയിലെ മണ്ണ് നനഞ്ഞിട്ടുണ്ട്. മഞ്ഞുവീണതുകൊണ്ടായിരിക്കണം. ആ വഴി നടന്ന കാലം മറന്നു. കൊല്ലങ്ങള്‍ക്കു മുന്‍പാണ്. അടച്ചിട്ട ഒരു വരി പീടികയും കടവിനടുത്ത നിസ്‌ക്കാരപ്പള്ളിയും പിന്നിട്ട് അവന്‍ നടന്നു.
പള്ളിക്കാടും പിശാചുക്കള്‍ പാര്‍ക്കുന്നുവെന്നു പറയാറുള്ള അരയാലുകളും കടന്നുപോകുമ്പോള്‍ ഭയം തോന്നിയില്ല.
തലയ്ക്കു മുകളില്‍ മാനം വിളറി വെളുക്കുകയായിരുന്നു. നിഴല്‍പ്പാടുകളിലേക്ക് വെളിച്ചം കുറേശ്ശെ കടന്നുവരുന്നു. വെട്ടുവഴിയുടെ വക്കിലുള്ള അത്താണിയും പിടിച്ചുകൊണ്ട് വേലായുധന്‍ നിന്നു. കിഴക്ക് ചുവക്കുകയാണ്.
എവിടെയാണിപ്പോള്‍ നില്ക്കുന്നത്? പാടത്തിന്റെ നടുവിലുള്ള കൊച്ചുതുരുത്ത് കണ്ടപ്പോള്‍ സ്ഥലം ഓര്‍മ വന്നു. ആ തുരുത്തില്‍ മാപ്പിള സ്‌കൂളാണ്. അപ്പുറം വയലിന്റെവക്കില്‍ വലിയൊരു കുളവും ചെറിയൊരു ക്ഷേത്രവുമുണ്ട്. അവിടെ അമ്മയുടെ കൂടെ എല്ലാ മാസവും തൊഴാന്‍ വരാറുണ്ട്. സ്‌കൂളിന്റെ മുന്‍വശത്തെ കാളപൂട്ടുകണ്ടത്തില്‍ ഒരിക്കല്‍ തെക്കത്തി നാടകമുണ്ടായി.
പാടത്തിനു മുകളില്‍ നിലച്ച മൂടല്‍മഞ്ഞ് പരന്നുകിടക്കുന്നു. വേലായുധന്‍ പാടത്തേക്കിറങ്ങി. കിലുങ്ങുന്ന കാലടികള്‍ വെച്ചുകൊണ്ടു നടക്കുമ്പോള്‍ എതിരെനിന്ന് നുകം ചുമലില്‍വെച്ച ഒരു കറുത്ത രൂപം വരുന്നതു കണ്ടു.
അടുത്തുവന്നപ്പോള്‍ ആ രൂപം നിന്നു.
''ആരാത്?''
വേലായുധന്‍ മറുപടി പറഞ്ഞില്ല. ഒരു നിമിഷം സംശയിച്ചു നിന്നു. ഒരടി മുന്‍പോട്ടു വെച്ചപ്പോള്‍ ആ മനുഷ്യന്‍ നുകം വരമ്പത്തിട്ട് വയലിലേക്ക് ചാടിയിറങ്ങി.
ആയാളെ ശ്രദ്ധിക്കാതെ വേലായുധന്‍ നടന്നു... ഇളവെയില്‍ തട്ടിയപ്പോള്‍ വേലായുധന് സുഖം തോന്നി. നോക്കെത്താതെ കിടക്കുന്ന പാടത്തിന്റെ മധ്യത്തില്‍ നിവര്‍ന്നുനിന്ന് അവന്‍ നാലുപാടൊന്നു കണ്ണോടിച്ചു.
തലയില്‍ മണ്‍കലവുമേറ്റി വരുന്ന ചെറുമികള്‍ അവനെ കണ്ടപ്പോള്‍ വിളഞ്ഞ വയലിലേക്കിറങ്ങി ഓടി.
''പ്രാന്തന്‍... പ്രാന്തന്‍.''

പിന്നില്‍നിന്ന് കൂക്കിവിളിയും ബഹളവും കേട്ടു. വേലായുധന്‍ നടത്തത്തിന് വേഗം കൂട്ടി. ആളുകള്‍ പിറകേ വരികയാണോ? ഉയര്‍ന്ന ഞാറ്റുകണ്ടത്തിലേക്ക് കയറുമ്പോള്‍ കൈതോലകള്‍ തട്ടി കാലുകള്‍ കീറിമുറിഞ്ഞു. ഞാറ്റുകണ്ടത്തില്‍നിന്ന് ഇടവഴിയിലേക്ക് കടന്നു.
പിന്നില്‍ ബഹളം വര്‍ധിക്കുകയാണ്. പക്ഷേ, നേരിട്ടു വരുന്നവരാരും അവനെ തടഞ്ഞു നിര്‍ത്തിയില്ല. അതവന്ന് ആശ്വാസമായി തോന്നി. കാണുന്നവര്‍ കാണുന്നവര്‍ വഴി വിട്ടോടുന്നു. അവനു ഭയത്തേക്കാളേറെ വ്യസനമാണ് തോന്നിയത്.
-എനിക്ക് ഭ്രാന്തില്ല... എനിക്ക് ഭ്രാന്തില്ല.
പിന്നില്‍ ആളുകള്‍ വിളിച്ചു പറഞ്ഞു: ''ഭ്രാന്തന്‍... ഭ്രാന്തന്‍.''
ഇടവഴിയുടെ അറ്റത്തെത്തിയപ്പോള്‍ കുത്തനെ നില്ക്കുന്ന ഒരു വലിയ വെട്ടുകല്ല് കെട്ടിപ്പിടിച്ചുകൊണ്ട് അവന്‍ നിന്നു. എന്തൊരു ക്ഷീണമാണ്! വീണ്ടും നടക്കാന്‍ ഭാവിച്ചപ്പോള്‍ പിന്നില്‍നിന്ന് ആരോ ഗര്‍ജിച്ചു: ''നില്ക്കടാ അവിടെ...''
നോക്കുമ്പോള്‍, തലയില്‍ കെട്ടും നരയന്‍ മീശയുള്ള ഒരു കൂറ്റന്‍ മനുഷ്യനാണ്.
''നില്ക്കാനാ പറഞ്ഞത്. നിന്നേക്കാളും കൊമ്പന്മാരെ ഞാന്‍ പിടിച്ച് കെട്ടീട്ടുണ്ട്.''
വേലായുധന്‍ കിതച്ചുകൊണ്ട് പറഞ്ഞു: ''എനിക്ക് ഭ്രാന്തില്ല... എനിക്ക് ഭ്രാന്തില്ല...''
''നിന്റെ ഭ്രാന്ത് ഞാന്‍ മാറ്റും!''
അയാള്‍ പിന്നിലൊളിപ്പിച്ചുവെച്ച മുളവടിയും വീശി അടുക്കാനാരംഭിച്ചപ്പോള്‍ വേലായുധന്റെ മനസ്സില്‍ തീയാളി. ആ വടി തന്റെ തലയ്ക്കു വീഴാന്‍ പോവുകയാണ്.
നിലത്തുനിന്ന് ഒരു വലിയ ഉരുളന്‍കല്ല് പൊക്കിയെടുത്ത് ഉയര്‍ത്തിക്കാണിച്ച് വേലായുധന്‍ നിന്നു.
അയാള്‍ പിന്‍വാങ്ങി.
അവന്‍ നടന്നു.
ഇടവഴി ചെന്നെത്തുന്നത് കുന്നിന്‍ചെരിവിലാണ്. കുത്തനെയാണ് വഴി. എങ്കിലും ധൃതിയില്‍ കയറി. കുന്നിന്റെ മുകളിലെത്തിയപ്പോള്‍ അകലെ താലപ്പൊലിപ്പാല കണ്ടു. അതിനടുത്ത് ചുവന്ന വെട്ടുകല്ലുകൊണ്ടുണ്ടാക്കിയ ചെറിയ കോവിലും. ആ സ്ഥലം വേലായുധന് നല്ല ഓര്‍മയുണ്ട്. പാലയുടെ താഴത്തേക്കിറങ്ങിയാല്‍ പറങ്കിമാവിന്‍ തോട്ടമുണ്ട്. പിന്നെ ഇടവഴിയും തോടുമാണ്...
ആ തോട്ടുവക്കിലെ വീടിന്റെ പടിക്കല്‍ കുന്നിമണികള്‍ ചിതറിക്കിടന്നിരുന്നു.
എന്റെ പ്രിയപ്പെട്ട അമ്മുക്കുട്ടീ, എനിക്ക് ഭ്രാന്തില്ല.

കുന്നിന്‍പുറം വിജനമാണ്. ഒരു കറുത്ത കാളക്കൂറ്റന്‍ മാത്രമാണ് അവിടെ അലഞ്ഞുനടക്കുന്നത്.
കാല്‍ച്ചുവട്ടില്‍ പുല്ലുകള്‍ അമരുമ്പോള്‍ വെള്ളത്തുള്ളികള്‍ തെറിച്ചുകൊണ്ടിരുന്നു...
മനുഷ്യരാരുമില്ല. ഇവിടെ സമാധാനമായിരിക്കാം. പാലയുടെ ചുവട്ടിലെത്തിയപ്പോഴേക്കും കാല്‍മുട്ടുകള്‍ പൊളിഞ്ഞു വീഴുന്നുണ്ടെന്നു തോന്നി. പടുത്തുകെട്ടിയ തറയില്‍ ചാരിക്കൊണ്ട് വേലായുധന്‍ ഇരുന്നു. കുളിര്‍മയുള്ള കാറ്റേറ്റപ്പോള്‍ കണ്ണടയ്ക്കാന്‍ തോന്നി. പുറംമുഴുവന്‍ വേദനിക്കുന്നു. നനവുള്ള പുല്‍ത്തകിടിയില്‍ മുഖമമര്‍ത്തി കിടന്നു.
മയക്കത്തില്‍നിന്ന് പെട്ടെന്നാണ് ഞെട്ടിയുണര്‍ന്നത്. പുറത്ത് എന്തോ വന്നുവീണപോലെ തോന്നി. എഴുന്നേറ്റിരുന്നു നോക്കുമ്പോള്‍ അല്പം അകലെയായി മുടിങ്കോലും തൊപ്പിക്കുടയുമുള്ള ആറേഴ് കാലിപ്പിള്ളര്‍ നില്ക്കുന്നു. അവര്‍ സൂക്ഷിച്ചു നോക്കുകയാണ്. ഒരു കല്ലുകൂടി വന്നുവീണു. മുന്നില്‍ വന്ന് കുത്തി തലയ്ക്കു മുകളിലൂടെ തെറിച്ചുപോവുകയാണുണ്ടായത്.
വേലായുധന്‍ സംഭ്രമത്തോടെ എഴുന്നേറ്റു നിന്നു. കാലില്‍ ചങ്ങല കിലുങ്ങി....
നടന്നപ്പോള്‍ ആ സംഘം പിറകിലുണ്ട്. കല്ലുകള്‍ വീണ്ടും പറന്നുവരുന്നു... പാറക്കെട്ടിലൂടെ ചങ്ങല വലിച്ചുകൊണ്ട് ഓടിയിറങ്ങി. ഇടവഴിയിലെത്തിയപ്പോള്‍ അവന്‍ തിരിഞ്ഞുനോക്കി...
''ഹമ്മേ!'' ഉച്ചത്തില്‍ കരഞ്ഞുപോയി. നെറ്റി തുടച്ചപ്പോള്‍ ചോരയുണ്ട് കൈയില്‍.
''പിടിയടാ പിടി...''
''ദാ വര്‌ണേ... ആളൊഴിഞ്ഞോള്വേ...''
പാടത്തിറങ്ങിയപ്പോള്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്നതു കണ്ടു. വഴിവക്കത്തുനിന്ന ഒരു കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു.
''ഭ്രാന്തന്‍... ഭ്രാന്തന്‍... ആളുപദ്രവംണ്ട് മാറിക്കോള്വേ.''
പിന്നില്‍നിന്ന് വീണ്ടും ശബ്ദങ്ങള്‍, വേലായുധന്‍ വയലരുകിലൂടെ നടന്നു. എത്തിച്ചേര്‍ന്നത് തോട്ടുവക്കത്താണ്. അവിടെനിന്ന് ഇടവഴിയിലേക്കു കയറി. ഇരുവശത്തും വൃക്ഷങ്ങള്‍ ഇടതിങ്ങി നില്ക്കുന്ന ആ ഇടവഴിയിലൂടെ നടക്കുമ്പോള്‍ താഴെ മണ്ണില്‍ കുന്നിമണികള്‍ വീണുകിടക്കുന്നത് കണ്ടു.
ആ ഇടവഴിയിലിരുന്ന് ചെറുപ്പത്തില്‍ എത്ര കളിച്ചതാണ്! മുന്നില്‍ ചെങ്കല്ലുരച്ചുതേച്ച മതില്‍ക്കെട്ടും ചാടാന്‍ നില്ക്കുന്ന ഹനുമാന്റെ മരപ്രതിമ ശിരസ്സിലുറപ്പിച്ച വീടും കണ്ടപ്പോള്‍ വേലായുധന്റെ ഹൃദയം തുടിച്ചു. അവിടെയാണ്... അവിടെയാണ് അമ്മുക്കുട്ടി.
അവളെ ഒന്നു കണ്ടാല്‍ മതി... അമ്മുക്കുട്ടി, എന്റെ രോഗം മാറി. എനിക്കിപ്പോള്‍ ഒന്നുമില്ല... എനിക്കിപ്പോള്‍ ഒന്നുമില്ല...
അവന്‍ പടികയറി.

മുറ്റത്തെ കൂവളത്തറയ്ക്കടുത്തിരുന്ന് ഒരു കുട്ടി ഓലപ്പന്തുണ്ടാക്കുകയാണ്. ചാണകം മെഴുകിയ വിശാലമായ മുറ്റത്ത് ഇളവെയില്‍ പരന്നിരിക്കുന്നു. ആ വലിയ വീടിന്റെ മുന്‍വശത്തുനിന്ന് വേലായുധന്‍ ചുറ്റും കണ്ണോടിച്ചു.
ഓലപ്പന്ത് ധൃതിയില്‍ പെറുക്കിയെടുത്ത് ആ കുഞ്ഞ് അകത്തേക്കോടി.
അമ്മുക്കുട്ടിയില്ലേ?... അമ്മുക്കുട്ടി.
അവന്‍ പതുക്കെ മുറ്റത്തിന്റെ അരുകിലൂടെ നാലടി നടന്നു. അപ്പോഴാണവര്‍ കാണുന്നത്. ഇറയത്ത് കെട്ടിയ കയറില്‍ ഒരു സ്ത്രീ നനഞ്ഞ മുണ്ട് നിവര്‍ത്തിയിടുന്നു.
ചങ്ങല വീണ്ടും കുലുങ്ങി. അവര്‍ തിരിഞ്ഞുനോക്കി
ഒരു നിമിഷം - വേലായുധന്‍ സ്തംഭിച്ചുനിന്നു പോയി. ഒരിക്കല്‍കൂടി അവന്‍ ആ മുഖത്ത് നോക്കി.
''അ... അമ്മുക്കുട്ടീ...''
അവള്‍ കൈത്തണ്ടയില്‍ മടക്കിയിട്ട ഈറന്‍മുണ്ടുകള്‍ നിലത്തിട്ട് കോലായിലേക്ക് കയറി ഉറക്കെ നിലവിളിച്ചു: ''ഭ്രാന്തന്‍... ഭ്രാന്തന്‍.''
ഞാനാണമ്മുക്കുട്ടീ, എനിക്കു ഭ്രാന്തില്ല എന്നു പറയണമെന്നുണ്ടായിരുന്നു. നാവു പൊങ്ങിയില്ല. ഒരിക്കല്‍കൂടി അവന്‍ വിളിച്ചു: ''അമ്മുക്കുട്ടീ.''
അവളകത്തേക്ക് ഓടിമറഞ്ഞു കഴിഞ്ഞു.
അകത്തുനിന്ന് ഒരു കോലാഹലം ഉമ്മറത്തേക്ക് നീങ്ങിവരികയാണ്.
''ഭ്രാന്തന്‍... ഭ്രാന്തന്‍.''
''വടിയിങ്ങട്ടെടുക്ക്... നീയകത്തു പോ.''
''ഭ്രാന്തന്‍... ഭ്രാന്തന്‍.''
വേലായുധന്‍ പിന്നെ നിന്നില്ല. ചുണ്ടുകള്‍ നനച്ചപ്പോള്‍ ഉപ്പുചുവച്ചു. നെറ്റിയില്‍നിന്ന് ഒലിച്ചിറങ്ങിയ ചോരയാണ്. കാലിലെ ചങ്ങലക്കഷണവും വലിച്ചുകൊണ്ട് വേലായുധന്‍ പടിയിറങ്ങി.
ശരീരം തളര്‍ന്ന് വീഴാറായിരിക്കുന്നു. എങ്കിലും ഒരു ചുഴലിക്കാറ്റിന്റെ വേഗത്തില്‍ ഓടി. പിന്നില്‍ പാട്ടകള്‍ ശബ്ദിച്ചു. കൂക്കുവിളിയും ബഹളവും വിടാതെ തന്നെ പിന്തുടരുന്നു...
...പടിപ്പുര കടന്ന് മുറ്റത്തെത്തിയപ്പോള്‍ അമ്മാമയുണ്ട്. വേറെ രണ്ടുപേരും.
ചങ്ങലക്കിലുക്കം കേട്ടപ്പോള്‍ അവര്‍ ഞെട്ടിയെഴുന്നേറ്റു.
മതില്‍ക്കെട്ട് പിടിച്ചുകൊണ്ട് വേലായുധന്‍ തെല്ലിട നിന്നു. അമ്മാമ ഉത്തരത്തില്‍നിന്ന് വടി വലിച്ചൂരിയെടുത്ത് മുറ്റത്തേക്കിറങ്ങിയത് അവന്‍ കണ്ടു. തളര്‍ന്നു മങ്ങിയ കണ്ണുകള്‍ സ്വന്തം ശരീരത്തിലൂടെ സഞ്ചരിച്ചപ്പോള്‍ അവനു മനസ്സിലായി, അരയില്‍ തുണിയില്ല.
വേച്ചുവേച്ചുകൊണ്ടാണ് കോലായയില്‍ ചെന്നുവീണത്. അമ്മാമയും കൂട്ടുകാരും ചുറ്റും വന്നുനിന്നപ്പോള്‍ അവന്‍ ശ്വാസംമുട്ടിക്കൊണ്ട് പറഞ്ഞു: ''എനിക്ക് ഭ്രാന്താണ്... എന്നെ ചങ്ങലയ്ക്കിടൂ...''

--------------------------------------------------------------------------------------------------------------------------