രാമായണ പാരായണം:ചില ചിതറിയ ചിന്തകൾ
------------------------------------------------
കർക്കടക രാവുകൾ രാമായണ പാരായണം കൊണ്ട് വിശുദ്ധമാക്കപ്പെടുന്ന വേളയിൽ ഒരു തിരിഞ്ഞുനോട്ടം നടത്തട്ടെ.
ആദ്യമായി രാമായണം വായിച്ചു കേൾക്കുമ്പോൾ, ആരാണ് ഇതെഴുതിയത് എന്ന് ചോദിച്ചു മനസ്സിലാക്കാൻ മാത്രം പ്രായമോ അറിവോ എനിയ്ക്കുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ മനസ്സിലാക്കാൻ കഴിഞ്ഞു, എഴുത്തച്ഛൻ എന്നയാളാണ് അതെഴുതിയതെന്ന്.
രാമായണം എന്ന് മാത്രം പറഞ്ഞിരുന്ന, വരികൾ തിരിച്ചും ചിഹ്നങ്ങൾ ഉപയോഗിച്ചും അല്ലാതെ അച്ചടിയ്ക്കപ്പെട്ടിരുന്ന ആ പുസ്തകത്തിന്റെ പേര് 'അദ്ധ്യാത്‌മരാമായണം' എന്നാണെന്ന് മനസ്സിലാക്കുന്നത് പിന്നെയും കുറേക്കൂടെ കഴിഞ്ഞ്.
യഥാർത്ഥ രാമായണം എന്നത് ഭാരതത്തിലെ ആദികാവ്യമാണെന്നും, ഇതിഹാസങ്ങളിൽ ഒന്നാണെന്നും, എഴുതിയത് വാല്മീകി എന്ന മഹർഷിയാണെന്നും അറിയുമ്പോൾ മൂന്നാം തരത്തിൽ പഠിയ്ക്കുകയായിരുന്നു. എന്താണ് കാവ്യമെന്നോ ഇതിഹാസമെന്നോ മനസ്സിലാക്കുന്നത് പിന്നെയും എത്രയോ കഴിഞ്ഞ്.
രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് വേറെയില്ലെന്ന് വിശ്വസിയ്ക്കുന്നവനാണ് ഞാൻ.
കേരളത്തിലെ ബഹുഭൂരിപക്ഷം ഹൈന്ദവഗൃഹങ്ങളിലും ഭക്തിയുടെ നിറദീപങ്ങൾ തെളിയിയ്ക്കുന്ന അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വായന രാമകഥ മനസ്സിൽ പകർന്നു തരുന്നതോടൊപ്പം അക്ഷരങ്ങളെ ഈശ്വരനു തുല്യം സ്‌നേഹിക്കുന്ന ഒരുജനതയുടെ സംസ്‌കാരത്തിന്റെ മഹത്വം വെളിവാക്കുകയും ചെയ്യുന്നു.
സമൃദ്ധിയുടെ മാസമായ ചിങ്ങത്തെ കേരളീയർ വരവേൽക്കുന്നത് അദ്ധ്യാത്‌മരാമായണവായനയുടെ അവസാനത്തോട് കൂടിയാണ്.
എനിയ്ക്ക് ലഭിച്ച രാമായണങ്ങൾ വായിയ്ക്കുമ്പോഴൊക്കെ എന്റെ ഹൃദയം വിങ്ങിയിട്ടുണ്ട്, പല സന്ദർഭങ്ങളും മനസ്സിനെ വല്ലാതെ ഉലച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ശ്വാസം നിലച്ചപോലെ തോന്നിയിട്ടുണ്ട്. രാമായണം ശരിയ്ക്ക് ആസ്വദിച്ചുവായിയ്ക്കുന്നവന് ഈ അനുഭവം ഉണ്ടായിരിയ്ക്കും എന്ന് ഞാൻ വിശ്വസിയ്ക്കുന്നുണ്ട്, ഇപ്പോഴും.
ആറു കാണ്ഡങ്ങളായി (ഭാഗങ്ങളായി) തിരിച്ചാണ് വാല്മീകി രാമായണം രചിച്ചത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയിലൂടെ നീളുന്ന രാമകഥാഖ്യാനത്തിലൂടെ ഭാരത സംസ്‌കാരപൈതൃകം എന്തെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.
ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തിലുള്ളതാണ്. മൂന്നിലും രാമകഥ ഒന്നുതന്നെയാണെങ്കിലും ശ്ലോകങ്ങൾ ഒരേതരത്തിലുള്ളതല്ല. അക്കാലങ്ങളിലൊക്കെ രാമകഥ പ്രചരിച്ചിരുന്നത് പറഞ്ഞും പാടിയുമായിരുന്നല്ലോ. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ, കോടിക്കണക്കിന് ജനങ്ങളിൽ ഇങ്ങനെയെത്തുന്ന രാമകഥയ്ക്ക് പക്ഷെ നമ്മുടെ ജീവിതശൈലിയ്ക്കോ കാലാവസ്ഥയ്ക്കോ ഉണ്ടായപോലെ മാറ്റങ്ങൾ ഏറെയൊന്നും ഉണ്ടായില്ല. അന്നും ഇന്നും രാമായണം ഒരേ തരത്തിൽ നിലനിൽക്കുന്നു.
ഈയിടെയായി,
പലരും വിവാദവിഷയമാക്കിക്കൊണ്ടിരിയ്ക്കുന്ന രാമായണത്തിലെ ഉത്തരകാണ്ഡം(ഉത്തരരാമായണം) പിൽക്കാലത്തു ചേർക്കപ്പെട്ടതാണെന്ന് മറ്റു കാണ്ഡങ്ങളിലെ രചനാരീതിയിൽ നിന്നുമുള്ള പ്രകടമായ വ്യത്യാസത്തിൽ നിന്നും നമുക്ക് എളുപ്പം മനസ്സിലാക്കാം. ഈ ഭാഗത്തുള്ള അബദ്ധജടിലവും വിശ്വാസയോഗ്യത ഒട്ടും ഇല്ലാത്തതും ഏറെ മുഷിപ്പുണ്ടാക്കുന്നതുമായ കഥകൾ നമ്മുടെ ഇതിഹാസകൃതിയ്ക്ക് വരുത്തി വെച്ചത് തീരാക്കളങ്കം.
ഇന്ന് ഭാരതത്തിലെ വിവിധ ഭാഷകളിലും ഉസ്ബക്കിസ്ഥാന്‍ മുതൽ ഫിലിപ്പീൻസ് വരെയും മൗറീഷ്യസ് മുതൽ വിയറ്റ്‌നാം വരെയുമുള്ള പതിനാലിൽ പരം ഏഷ്യന്‍ രാജ്യങ്ങളിലും രാമായണ കഥയെ അതിജീവിച്ചുള്ള കൃതികളുണ്ട്. രാമായണം എന്ന നിലയിലാണ് ഇവയൊക്കെ പരിഗണിയ്ക്കപ്പെടുന്നത്.
രാമായണത്തിലെ കഥാഭാഗങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി നിരവധി സാഹിത്യകൃതികൾ പിൽക്കാലത്തും ഉണ്ടായിട്ടുണ്ട്.
ഭാരത്തിൽ ഒട്ടേറെ രാമായണങ്ങൾ എഴുതപ്പെട്ടെങ്കിലും പ്രസിദ്ധി നേടിയത് അദ്ധ്യാത്മരാമായണമാണ്. സംസ്‌കൃത ഭാഷയിൽ എഴുതപ്പെട്ട ഈ സാഹിത്യ കൃതിയ്ക്ക് ശേഷം എഴുതപ്പെട്ടതാണ് അത്ഭുതരാമായണം. വാല്മീകി രാമായണത്തിൽ നിന്ന് ചില വ്യത്യാസങ്ങളിതിനുണ്ട്. സീത രാവണന്റെ ഭാര്യ മണ്‌ഡോദരിയുടെ മകളായി പിറന്നെന്നാണ് ഇതിൽ പറയുന്നത്. പിന്നീടുണ്ടായ ആനന്ദരാമായണത്തിൽ രാവണനെ വധിക്കുന്നത് സീതയാണ്.
ആനന്ദരാമായണത്തിൽ പറയുന്നത് രാവണന്‍ സീതയെ അപഹരിച്ചത് മോക്ഷത്തിലേക്കുള്ള മാർഗ്ഗത്തിലെത്താന്‍ വേണ്ടിയായിരുന്നെന്നാണ്. സംസ്‌കൃത ഭാഷയിലെഴുതിയ മറ്റൊരു രാമായണമായ രാമബ്രഹ്മാനന്ദന്റെ തത്വസംഗ്രഹരാമായണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതിനൊപ്പം ശിവന്‍, ബ്രഹ്മാവ്, പരബ്രഹ്മം എന്നിവരുടെ അവതാരമാണെന്നും പരാമർശിയ്ക്കുന്നു. യോഗവാസഷ്ഠ രാമായണമെന്നൊരു രാമായണം കൂടിയുണ്ട്. വസിഷ്ഠനും ശ്രീരാമനും തമ്മിലുള്ള സംഭാഷണമായിട്ടാണീ രാമായണത്തിന്റെ രചന.
ഭാരതത്തിലെ മിക്ക ഭാഷകളിലും ആദിരാമായണത്തിന്റെ വിവർത്തനങ്ങളായും സ്വതന്ത്ര രചനയായും ഉള്ള നിരവധി കൃതികളുണ്ട്. ജൈനരാമ കഥകളാണ് കന്നടഭാഷയിൽ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഭാരതത്തിലെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതാണ് കമ്പർ തമിഴിലെഴുതിയ കമ്പരാമായണം. കന്നടഭാഷയിൽ ഏറ്റവും പ്രസിദ്ധമായത് നരഹരിയുടെ തോരവേരാമായണമാണ്. കാശ്മീരി ഭാഷയിൽ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാർവതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന.
ശ്രീലങ്കയിലെ സിംഹള ഭാഷയിലും ഒരു രാമായണമുണ്ട്. ഇതിൽ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്. ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു.
അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ബംഗാളിയിലെ മികച്ച രാമായണം കൃത്തിവാസന്റെതാണ്. ഒഡിയ ഭാഷയിൽ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി.
വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി രചിച്ച
എല്ലാ ഭാഷകളിലും എഴുതപ്പെട്ട ഈ രാമായണങ്ങൾ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയെക്കാളും അവയെല്ലാം അതതു ഭാഷകളിൽ മികച്ചവയായി നിലനിൽക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്ക്കുമനുസരിച്ച് കഥകൾക്കും സന്ദർഭങ്ങൾക്കും ചില മാറ്റങ്ങൾ ഇവയിലെല്ലാം കാണാം. എന്നാൽ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കിൽ കേൾവിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തിൽ നിന്ന് ഇവയൊന്നും വലിയ തോതിൽ വ്യതിചലിക്കുന്നില്ല.
രാമായണത്തെ അധികരിച്ച് മറ്റു നിരവധി സംരംഭങ്ങളും ഉണ്ടായിട്ടുണ്ട്. നാടകങ്ങൾ, അട്ടക്കഥകൾ, സിനിമകൾ, കഥകൾ, നോവലുകൾ, കാവ്യങ്ങൾ തുടങ്ങി പലതും. രാമായണ കഥ ഉൾക്കൊണ്ട ആദ്യസാഹിത്യ രചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണമറാത്തിയിൽ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു.
മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകൾ ഉണ്ടായി.
സി.എന്‍.ശ്രീകണ്ഠൻ നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങൾ ഓർക്കുക.
കഥകളിയിൽ രാമായണത്തെ അടിസ്ഥാനമാക്കി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങളും മലയാളത്തിലുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളിൽ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്.
ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
--------------------------------------
പദ്മനാഭൻ തിക്കോടി.
No comments:
Post a Comment