Thursday, August 11, 2016

മാധവിക്കുട്ടി

മാധവിക്കുട്ടി എഴുതിയതൊക്കെയും സർഗ്ഗാത്മകമനസുകൾക്ക്‌ ഇമ്പമുള്ള സംഗീതം പകർന്നു, സ്നേഹത്തിന്റെ കുളിർമഴ പെയ്യിച്ചു.
തരളമായ പ്രണയവും പ്രണയ ഭംഗവും അനുഭവിപ്പിച്ചു. ചുറ്റിലും കണ്ട സ്നേഹരാഹിത്യത്തെ, അവഗണനയെ നോക്കി കലഹിച്ചു. 
പ്രതിരോധിക്കുവാൻ വാക്കുകളെ ആയുധമാക്കി. 
മാധവിക്കുട്ടി എന്ന കമലാദാസ്‌ ഇപ്പോഴും സ്നേഹമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു, അതേ സുരയ്യയുടെ പാട്ടുകൾ നിലയ്ക്കുന്നില്ല. അവർ ഇവിടെ ബാക്കി വെച്ചുപോയ ആത്മസ്പർശിയായ എഴുത്തുകൾ പ്രണയത്തിന്റെ വറ്റാത്ത പുഴകളും സ്നേഹ സാന്ത്വനങ്ങളുടെ അന്തമില്ലാത്ത കടലും മാനവ സൗഹൃദത്തിന്റെ വിശാല വാനവും സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു. 


പദ് മനാഭന്‍ തിക്കോടി

കവിത

വായന കഴിയുമ്പോഴേയ്ക്കും
നിങ്ങളുടെ അകവും പുറവും തണുത്തുറയുന്നുവോ?
ഒരഗ്നിയ്ക്കും
നിങ്ങള്‍ക്കായി ചൂട് പകരാന്‍ കഴിയുന്നില്ലേ?
ഉറപ്പിച്ചോളൂ,
നിങ്ങള്‍ വായിച്ചത്
കവിത തന്നെ.


(കടപ്പാട്: എമിലി ഡിക്കിൻസൺ)


പദ് മനാഭന്‍ തിക്കോടി

ഡോ: ആമിന വദൂദ്

ഡോ: ആമിന വദൂദ് എന്ന പേര് അറിയുന്നവര്‍ വളരെചുരുക്കമായിരിയ്ക്കും. 
ഇസ്ലാമിക ഗ്രന്ഥങ്ങളിലൊക്കെ 'അവന്‍' എന്ന സര്‍വനാമത്തിലൂടെ മാത്രം പരാമര്‍ശിയ്ക്കപ്പെടാറുള്ള 'അല്ലാഹു'വിനെ മുസ്ലിങ്ങളുടെ മതപൈതൃകത്തിന് വിരുദ്ധമായി 'അവള്‍' എന്ന സര്‍വനാമം ബോധപൂര്‍വം ഉപയോഗിച്ച ഗ്രന്ഥകര്‍ത്രി.
2006 ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ 'ഇന്‍സൈഡ് ദ ജെന്‍ഡര്‍ ജിഹാദ്' എന്ന പുസ്തകത്തിന്റെ സമര്‍പ്പണ വാക്യത്തില്‍ അല്ലാഹു അവനല്ല, അവളാണ്. തുടര്‍ന്നുള്ള പേജുകളിലും അല്ലാഹുവിനെ സൂചിപ്പിയ്ക്കുമ്പോള്‍ ഡോ: ആമിന അവള്‍ എന്ന സര്‍വനാമമാണ് ഉപയോഗിയ്ക്കുന്നത്.
അവരുടെ ഉദ്ദേശ്യം ലളിതം. അല്ലാഹു പുരുഷനാണെന്ന പരമ്പാഗത ധാരണയെ തകിടംമറിക്കുക; ഒപ്പം സാമ്പ്രദായികഇസ്ലാം പ്രാന്തവല്‍ക്കരിച്ചുകളഞ്ഞ സ്ത്രീയെ മത-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേയ്ക്ക് പുനരാനയിക്കുക.
സ്ത്രീ പദവി സംബന്ധിച്ച കാന്തപുരത്തിന്റെയും മറ്റും നിരീക്ഷണങ്ങള്‍ തന്നെയാണ് ഇവരെ ഓര്‍ക്കാന്‍ കാരണം.
വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ പ്രൊഫസര്‍(ഇസ്ലാമിക് സ്റ്റഡിസ്) ആയിരുന്ന ഈ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത തന്റെ ഇരുപതാം വയസ്സിലാണ് ഇസ്ലാംസ്വീകരിയ്ക്കുന്നത്. ഖുര്‍ആന്‍ ആഴത്തില്‍ പഠിയ്ക്കുകയും അപഗ്രഥിയ്ക്കുകയും ചെയ്ത അവര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു: സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് ഖുര്‍ആന്‍ സൂക്തങ്ങളല്ല, അവയ്ക്ക് നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങളാണ്.
2005 മാര്‍ച്ചില്‍ പുരുഷന്മാരുംസ്ത്രീകളും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രാര്‍ഥനയ്ക്ക് ആമിന നേതൃത്വം നല്‍കി. സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ പുരുഷന് മാത്രമേ അവകാശമുള്ളൂ എന്ന പരമ്പരാഗത ധാരണ വെല്ലുവിളിയ്ക്കപ്പെട്ട ഈസംഭവം ലോകമെങ്ങുമുള്ള പുരുഷപണ്ഡിതരുടെ അതിരൂക്ഷവിമര്‍ശനം നേരിട്ടു. അല്‍ ജസീറ ചാനലില്‍ ഒരു മണിക്കൂര്‍ നീണ്ട തന്റെ ദ്വൈവാര പരിപാടിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ആമിനയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയും അവരുടെ നടപടി അനിസ്ലാമികവും മതനിന്ദാപരവുമാണെന്ന് വിധി കല്പ്പിയ്ക്കുകയും ചെയ്തു.



പദ് മനാഭന്‍ തിക്കോടി

കാളിപ്പെണ്ണിന്റെ ചിന്തകള്‍ (1)

നീലീം പറയണ് ചീതേം പറയണ്
എന്നെ കാണാനിപ്പം മൊഞ്ചുണ്ടെന്ന്
കണ്ണിൽ മഷിയിട്ട് നോക്കി ചിരിച്ചപ്പം 
കണ്ണാടീം ചൊല്ലുന്നു മൊഞ്ചുണ്ടെന്ന്.
---------------------

പദ് മനാഭന്‍ തിക്കോടി

Tuesday, July 19, 2016

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ... ചരിത്രത്തില്‍നിന്നും... I


സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിലാണ് 1934-ൽ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ ഒരുമിച്ചു പ്രവര്‍ത്തനം തുടങ്ങിയത്.
1931-ലെ നിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏതാനും യുവ കോണ്‍ഗ്രസ് നേതാക്കള്‍ 1932-33 കാലത്ത് നാസിക് ജയിലില്‍ അടയ്ക്കപ്പെട്ടു.- ജയപ്രകാശ് നാരായണ്‍, യൂസഫ് മെഹറലി, അച്യുത് പട്‌വര്‍ധന്‍, അശോക് മേത്ത, എം ആര്‍ മസാനി, എന്‍ ജി ഗോറെ, എസ് എം ജോഷി, എം എന്‍ ദാന്ത്‌വാലെ. ജയിലില്‍ വെച്ച് അവര്‍ ഗാന്ധിസത്തിന്റെ നിരര്‍ത്ഥകത മനസിലാക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു.
ജയിലില്‍ നിന്ന് പുറത്തുവന്ന ഈ നേതാക്കളാണ് കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയ സോഷ്യലിസം എന്നറിയപ്പെട്ട മാര്‍ക്‌സിസത്തില്‍ അവര്‍ വിശ്വാസം അര്‍പ്പിച്ചില്ല. മിച്ചമൂല്യ സിദ്ധാന്തമോ വര്‍ഗ്ഗ സമരമോ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമോ അവരെ ആകര്‍ഷിച്ചില്ല.
1934-ല്‍ മേയ് 17-ന് പാറ്റ്‌നയില്‍ ചേര്‍ന്ന അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) രൂപീകൃതമായി. ആചാര്യ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണ്‍ പാര്‍ട്ടിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.
1934 ഒക്ടോബര്‍ 21, 22 തീയതികളില്‍ പാര്‍ട്ടിയുടെ സ്ഥാപന സമ്മേളനം ബോംബെയില്‍ നടന്നു. ഡോ. സമ്പൂര്‍ണ്ണാനന്ദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഒരു പതിനഞ്ചിന പരിപാടി മുന്നോട്ടുവെച്ചു. ഘനവ്യവസായങ്ങള്‍ പൊതുമേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തുക,
വിദേശ വാണിജ്യം സര്‍ക്കാര്‍ കുത്തകയായി നിലനിര്‍ത്തുക,
സഹകരണ സംഘങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക, രാജാക്കന്മാരുടെയും ജന്മിമാരുടേയും ഭൂമി നഷ്ടപരിഹാരം കൂടാതെ ഏറ്റെടുക്കുക,
കാര്‍ഷിക കടം എഴുതിത്തള്ളുക,
അവശ്യ വസ്തുക്കളില്‍ സ്വാശ്രയത്വം ഉറപ്പുവരുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക,
സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുക.. തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു, ഈ അവകാശപത്രിക.
1936-ല്‍ ജയപ്രകാശ് 'സോഷ്യലിസം എന്തിന്? ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.


1935-ല്‍ നടന്ന കൊമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാക്കളായ ബെന്‍ ബ്രാഡ്‌ലിയും രജനി പാംദത്തും ചേര്‍ന്ന് അവതരിപ്പിച്ച നയരേഖ അനുസരിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റുകളുമായി യോജിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് സഖാക്കളെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സഹര്‍ഷം സ്വാഗതം ചെയ്തു.
( തുടരും)

പദ് മനാഭന്‍ തിക്കോടി

Tuesday, June 28, 2016

തൃക്കോട്ടൂരിന്റെ കഥാകാരന്‍ എണ്‍പതിന്റെ നിറവില്‍..

തൃക്കോട്ടൂര്‍ എന്ന കൊച്ചു ഗ്രാമം വായനാശീലമുള്ള മലയാളികള്‍ക്കൊക്കെ പരിചിതമാണ്. 
യു എ ഖാദര്‍ തന്റെ സൃഷ്ടികളിലൂടെ തന്മയത്വത്തോടെ വരച്ചു കാണിച്ചു,  ഈ ഗ്രാമത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും കഥാപാത്രങ്ങളെ. വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളും, മേപ്പയൂരിലെ കണാരപണിക്കരും ഇവയില്‍ മിന്നിമറയുന്നു. 
ഇവയിലെ പശ്ചാത്തലത്തില്‍ തച്ചന്‍ കുന്നിലെ രജിസ്ട്‌റാപ്പീസും, കീഴൂരിലെ പുവെടിത്തറയുമൊക്കെ പ്രത്യക്ഷപ്പെടുന്നു.
കേരളത്തിലെ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന രചനകളാണ് യു.എ ഖാദറിന്റേത്.
2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "തൃക്കോട്ടൂര്‍ നോവെല്ലകളി"ല്‍ സമാഹരിച്ചിരിയ്ക്കുന്നവയൊക്കെ- വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ, പുലിമറ ദൈവത്താര്‍ , പൊന്നുരുളി, കൈമുറിയന്‍ നാരായണന്‍ , പിടക്കോഴി കൂവുമിടം, ഭഗവതിച്ചൂട്ട്, വണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍ , കുരിക്കളകം തറവാട്- ഇങ്ങനെ വായനക്കാരുടെ ഹൃദയം കവര്‍ന്നവ തന്നെ.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1983) ലഭിച്ച "തൃക്കോട്ടൂര്‍ പെരുമ"യിലൂടെ തന്നെ നാടന്‍ പാട്ടുകളിലെ കടത്തനാടിനെപ്പോലെ, വയനാടിനെപ്പോലെ, കോലത്തുനാട്ടിനെപ്പോലെ തൃക്കോട്ടൂരും ഐതിഹ്യങ്ങളുടെ നാടായി വായനക്കാരുടെ ചിന്തകളില്‍ നിറം പകര്‍ന്നിരുന്നു. നാടോടിക്കഥകള്‍ക്ക് ചാരുത പകരുന്ന ആ ഒരു മൊഴിവഴക്കം ഇതിലെ കഥകളിലൊക്കെ നമുക്ക് അനുഭവവേദ്യമാവുന്നു. 
ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടമാകുന്ന ഗ്രാമവിശുദ്ധി തേടുന്ന ഒരു കൂട്ടംകഥകളാണ് ''പെണ്ണുടല്‍ ചുറയലുകള്‍''എന്ന സമാഹാരത്തിലുള്ളത്.
ഹജ്ജിന്റെ അനുഭവം പങ്കുവയ്ക്കുന്ന ‘ നിയോഗ വിസ്മയങ്ങള്‍‘ ചരിത്രത്തിന്റെ അത്ഭുതങ്ങള്‍ പാകിയ മരുഭൂമിയിലൂടെ ആത്മീയതയുടെ നിര്‍വൃതി അനുഭവിച്ച് നടത്തിയ യാത്രകളാണ് നമുക്കായി സമ്മാനിയ്ക്കുന്നത്.
സുവര്‍ണരേഖ പുരസ്കാരം നേടിയ "ഓര്‍മ്മകളുടെ പഗോഡ" ഒരു യാത്രാവിവരണം എന്നതിനപ്പുറം ഒരു ആത്മാന്വേഷണത്തിന്റെ ഊര്‍ജവും വൈകാരികതയും നിറഞ്ഞ ഒരു ആഖ്യാനം തന്നെയാണ്.
നാട്ടിന്‍പുറത്തെ നന്മനിന്മകളും സാധാരണക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളും വിഷയമാകുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. 80 വര്‍ഷം നീണ്ട സാഹിത്യസരപ്യയുടെ നിറവില്‍ നില്‍ക്കുന്ന യു എ ഖാദറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മാനവകുലം‘ ഉടന്‍ പ്രസിദ്ധീകരിക്കും.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീനിലകളില്‍ പ്രശസ്തനായ യു.എ. ഖാദര്‍ ബര്‍മാക്കാരിയായ ‘മാമൈദി’ കേരളീയനായ മൊയ്തീന്‍കുട്ടി ഹാജി എന്നിവരുടെ പുത്രനായി 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളെജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ്പ്രസിഡന്റ്, കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി 40ല്‍ ഏറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ് (1993) നേടിയ കഥപോലെ ജീവിതം, അബുദാബി അവാര്‍ഡ് ലഭിച്ച ഒരു പിടി വറ്റ് (നോവല്‍), ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശികൂട്ടം, എന്നിവയാണ് മുഖ്യ കൃതികള്‍. 2016ലെ കേരളസാഹിത്യ പരിഷത്ത് അവാര്‍ഡും നേടിയിട്ടുണ്ട്.

Saturday, June 25, 2016

nazeemonline: സ്ത്രീശുദ്ധി പ്രാര്‍ത്ഥിക്കാനോ പ്രാപിക്കാനോ

nazeemonline: സ്ത്രീശുദ്ധി പ്രാര്‍ത്ഥിക്കാനോ പ്രാപിക്കാനോ: സ്ത്രീയാണോ,  ആരാധനാലയങ്ങളില്‍ കയറാന്‍ ശുദ്ധി വേണം. ഒക്കെ കേട്ടാല്‍ തോന്നും ആര്‍ത്തവം സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്ന്. മാസം ത...