Monday, October 31, 2016

നഷ്ടമാവുമോയെന്റെ ഇഷ്ടങ്ങള്‍?


എത്രയിഷ്ടമാണെന്നോ, എനിയ്ക്കെന്‍ തിക്കോടിയെ 
തഴുകിത്തലോടുന്ന പശ്ചിമാബ്ധിയെ, തന്‍റെ
പൊന്‍ കരങ്ങളാലെന്നെയുണര്‍ത്താനെന്നും വിണ്ണി-
ലെത്തുന്ന ദിവാകര ശോഭയെ, മേഘങ്ങളെ,
എന്നുമെന്‍ പുലരിയെ കൊഞ്ചലാല്‍ സംഗീതത്താല്‍
പുളകം കൊള്ളിച്ചീടും ചേലേലും കിളികളെ,
കണ്ണുകള്‍ക്കാനന്ദമായ് വിടരും പുഷ്പങ്ങളെ,
സുഗന്ധം പരത്തുന്ന മുല്ലയെ, മധു തേടി
കുസുമേ മന്ദം വിരുന്നെത്തിടും ശലഭത്തെ,
വിണ്ണിന്റെ നീലാഭയെ, മണ്ണിലെ പച്ചപ്പിനെ,
പുലര്‍വേളയെ കാത്തു ശയിക്കും രജനിയെ,
കുളിര്‍ത്ത പ്രകാശത്തെയേകിടും ശശാങ്കനെ,
ഇഷ്ടമാണെനിക്കെന്റെ നാടിനെ തഴുകുന്ന
പുഴയെ, പാടങ്ങളെ, പച്ചപ്പുല്‍ പരപ്പിനെ.
നഷ്ടമാവുമോയെന്റെയിഷ്ടങ്ങള്‍, പ്രകൃതിയെ
നശിപ്പിയ്ക്കുവാനിതാ സര്‍വരും കൈ കോര്‍ക്കുന്നൂ.


പദ് മനാഭന്‍ തിക്കോടി

മണിയൂര്‍ ഇ. ബാലന് നാടിന്‍റെ ആദരം.

കാലം കൊമ്പു കുലുക്കി കുതിച്ചുപായുമ്പോഴും ഒരരികിലൂടെ കഥയുടെ നാട്ടുപച്ചപ്പ്‌ തൊട്ടുഴിഞ്ഞ്‌ പതുക്കെ നടക്കുകയായിരുന്നു, മണിയൂർ ബാലൻമാഷ്‌. ഞങ്ങള്‍ തിക്കോടിക്കാരുടെ ഏതൊരു സാംസ്കാരിക സംരംഭങ്ങള്‍ക്കും മാഷ്‌ മുന്‍ നിരയില്‍ തന്നെ ഉണ്ടാവാറുണ്ട്. വായിക്കുന്നവര്‍ക്കും എഴുതുന്നുവര്‍ക്കും മാഷ്‌ നല്ല വഴികാട്ടിയും സുഹൃത്തും ആസ്വാദകനും ആയിരുന്നു.  
കഥകൾക്കുമുമ്പിൽ ചാടിവീണ്‌ അഭ്യാസം കാണിച്ച്‌ ശ്രദ്ധേയനാവാന്‍ തന്റെ ഗ്രാമീണത ഇന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്ന  ഈ മര്യാദക്കാരൻ ഒരിക്കലും മെനക്കെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മനുഷ്യനെ മലയാള കഥാലോകം ഇനിയും വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. 
പെയ്ഡ് ന്യൂസുകളുടെയും, പെയ്ഡ് പുരസ്കാരങ്ങളുടെയും ഈ കാലഘട്ടത്തില്‍ വൈകിയെങ്കിലും ഇദ്ദേഹത്തെ തേടി പുരസ്കാരങ്ങള്‍ എത്തുന്നു-  അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
മണിയൂരിലെ നെയ്ത്തുകാരുടെ ദൈന്യത നിറഞ്ഞ ജീവിതം മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ 'ഇവരും ഇവിടെ ജനിച്ചവര്‍' എന്ന ബാലന്‍ മാഷിന്‍റെ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 
മാഷെഴുതുന്ന കഥകള്‍ സ്വയം വരണ്ടുപോകുന്ന മനസ്സുകളിൽ ഗ്രാമീണസ്‌നേഹത്തിന്റെ തുടിപ്പുകൾ ഊതിയുണർത്തി.
ഇരുപതോളം രചനകള്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്.
'ചങ്കൂറ്റം' എന്ന കൃതിയിലൂടെ പ്രഭാത് ബുക്സിന്റെ പുരസ്കാരം നേടി.
ഈ നവംബര്‍ ഒന്നിന് നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് തിക്കോടിയിലുള്ള മാഷിന്‍റെ വസതിയില്‍ ഒത്തുചേരുന്നു. 
ഈ വര്‍ഷത്തെ പ്ലാവില സാഹിത്യ പുരസ്കാരം ചടങ്ങില്‍ പ്രശസ്തനായ തൃക്കോട്ടൂര്‍ കഥാകാരന്‍ യു എ ഖാദര്‍ മണിയൂര്‍ ഇ ബാലന് സമര്‍പ്പിയ്ക്കും.
"മണിയൂര്‍ ഇ ബാലന്റെ തെരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.

പദ്മനാഭന്‍  തിക്കോടി 

Thursday, August 11, 2016

മാധവിക്കുട്ടി

മാധവിക്കുട്ടി എഴുതിയതൊക്കെയും സർഗ്ഗാത്മകമനസുകൾക്ക്‌ ഇമ്പമുള്ള സംഗീതം പകർന്നു, സ്നേഹത്തിന്റെ കുളിർമഴ പെയ്യിച്ചു.
തരളമായ പ്രണയവും പ്രണയ ഭംഗവും അനുഭവിപ്പിച്ചു. ചുറ്റിലും കണ്ട സ്നേഹരാഹിത്യത്തെ, അവഗണനയെ നോക്കി കലഹിച്ചു. 
പ്രതിരോധിക്കുവാൻ വാക്കുകളെ ആയുധമാക്കി. 
മാധവിക്കുട്ടി എന്ന കമലാദാസ്‌ ഇപ്പോഴും സ്നേഹമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു, അതേ സുരയ്യയുടെ പാട്ടുകൾ നിലയ്ക്കുന്നില്ല. അവർ ഇവിടെ ബാക്കി വെച്ചുപോയ ആത്മസ്പർശിയായ എഴുത്തുകൾ പ്രണയത്തിന്റെ വറ്റാത്ത പുഴകളും സ്നേഹ സാന്ത്വനങ്ങളുടെ അന്തമില്ലാത്ത കടലും മാനവ സൗഹൃദത്തിന്റെ വിശാല വാനവും സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു. 


പദ് മനാഭന്‍ തിക്കോടി

കവിത

വായന കഴിയുമ്പോഴേയ്ക്കും
നിങ്ങളുടെ അകവും പുറവും തണുത്തുറയുന്നുവോ?
ഒരഗ്നിയ്ക്കും
നിങ്ങള്‍ക്കായി ചൂട് പകരാന്‍ കഴിയുന്നില്ലേ?
ഉറപ്പിച്ചോളൂ,
നിങ്ങള്‍ വായിച്ചത്
കവിത തന്നെ.


(കടപ്പാട്: എമിലി ഡിക്കിൻസൺ)


പദ് മനാഭന്‍ തിക്കോടി

ഡോ: ആമിന വദൂദ്

ഡോ: ആമിന വദൂദ് എന്ന പേര് അറിയുന്നവര്‍ വളരെചുരുക്കമായിരിയ്ക്കും. 
ഇസ്ലാമിക ഗ്രന്ഥങ്ങളിലൊക്കെ 'അവന്‍' എന്ന സര്‍വനാമത്തിലൂടെ മാത്രം പരാമര്‍ശിയ്ക്കപ്പെടാറുള്ള 'അല്ലാഹു'വിനെ മുസ്ലിങ്ങളുടെ മതപൈതൃകത്തിന് വിരുദ്ധമായി 'അവള്‍' എന്ന സര്‍വനാമം ബോധപൂര്‍വം ഉപയോഗിച്ച ഗ്രന്ഥകര്‍ത്രി.
2006 ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ 'ഇന്‍സൈഡ് ദ ജെന്‍ഡര്‍ ജിഹാദ്' എന്ന പുസ്തകത്തിന്റെ സമര്‍പ്പണ വാക്യത്തില്‍ അല്ലാഹു അവനല്ല, അവളാണ്. തുടര്‍ന്നുള്ള പേജുകളിലും അല്ലാഹുവിനെ സൂചിപ്പിയ്ക്കുമ്പോള്‍ ഡോ: ആമിന അവള്‍ എന്ന സര്‍വനാമമാണ് ഉപയോഗിയ്ക്കുന്നത്.
അവരുടെ ഉദ്ദേശ്യം ലളിതം. അല്ലാഹു പുരുഷനാണെന്ന പരമ്പാഗത ധാരണയെ തകിടംമറിക്കുക; ഒപ്പം സാമ്പ്രദായികഇസ്ലാം പ്രാന്തവല്‍ക്കരിച്ചുകളഞ്ഞ സ്ത്രീയെ മത-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേയ്ക്ക് പുനരാനയിക്കുക.
സ്ത്രീ പദവി സംബന്ധിച്ച കാന്തപുരത്തിന്റെയും മറ്റും നിരീക്ഷണങ്ങള്‍ തന്നെയാണ് ഇവരെ ഓര്‍ക്കാന്‍ കാരണം.
വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ പ്രൊഫസര്‍(ഇസ്ലാമിക് സ്റ്റഡിസ്) ആയിരുന്ന ഈ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത തന്റെ ഇരുപതാം വയസ്സിലാണ് ഇസ്ലാംസ്വീകരിയ്ക്കുന്നത്. ഖുര്‍ആന്‍ ആഴത്തില്‍ പഠിയ്ക്കുകയും അപഗ്രഥിയ്ക്കുകയും ചെയ്ത അവര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു: സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് ഖുര്‍ആന്‍ സൂക്തങ്ങളല്ല, അവയ്ക്ക് നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങളാണ്.
2005 മാര്‍ച്ചില്‍ പുരുഷന്മാരുംസ്ത്രീകളും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രാര്‍ഥനയ്ക്ക് ആമിന നേതൃത്വം നല്‍കി. സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ പുരുഷന് മാത്രമേ അവകാശമുള്ളൂ എന്ന പരമ്പരാഗത ധാരണ വെല്ലുവിളിയ്ക്കപ്പെട്ട ഈസംഭവം ലോകമെങ്ങുമുള്ള പുരുഷപണ്ഡിതരുടെ അതിരൂക്ഷവിമര്‍ശനം നേരിട്ടു. അല്‍ ജസീറ ചാനലില്‍ ഒരു മണിക്കൂര്‍ നീണ്ട തന്റെ ദ്വൈവാര പരിപാടിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ആമിനയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയും അവരുടെ നടപടി അനിസ്ലാമികവും മതനിന്ദാപരവുമാണെന്ന് വിധി കല്പ്പിയ്ക്കുകയും ചെയ്തു.



പദ് മനാഭന്‍ തിക്കോടി

കാളിപ്പെണ്ണിന്റെ ചിന്തകള്‍ (1)

നീലീം പറയണ് ചീതേം പറയണ്
എന്നെ കാണാനിപ്പം മൊഞ്ചുണ്ടെന്ന്
കണ്ണിൽ മഷിയിട്ട് നോക്കി ചിരിച്ചപ്പം 
കണ്ണാടീം ചൊല്ലുന്നു മൊഞ്ചുണ്ടെന്ന്.
---------------------

പദ് മനാഭന്‍ തിക്കോടി

Tuesday, July 19, 2016

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ... ചരിത്രത്തില്‍നിന്നും... I


സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിലാണ് 1934-ൽ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ ഒരുമിച്ചു പ്രവര്‍ത്തനം തുടങ്ങിയത്.
1931-ലെ നിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏതാനും യുവ കോണ്‍ഗ്രസ് നേതാക്കള്‍ 1932-33 കാലത്ത് നാസിക് ജയിലില്‍ അടയ്ക്കപ്പെട്ടു.- ജയപ്രകാശ് നാരായണ്‍, യൂസഫ് മെഹറലി, അച്യുത് പട്‌വര്‍ധന്‍, അശോക് മേത്ത, എം ആര്‍ മസാനി, എന്‍ ജി ഗോറെ, എസ് എം ജോഷി, എം എന്‍ ദാന്ത്‌വാലെ. ജയിലില്‍ വെച്ച് അവര്‍ ഗാന്ധിസത്തിന്റെ നിരര്‍ത്ഥകത മനസിലാക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു.
ജയിലില്‍ നിന്ന് പുറത്തുവന്ന ഈ നേതാക്കളാണ് കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയ സോഷ്യലിസം എന്നറിയപ്പെട്ട മാര്‍ക്‌സിസത്തില്‍ അവര്‍ വിശ്വാസം അര്‍പ്പിച്ചില്ല. മിച്ചമൂല്യ സിദ്ധാന്തമോ വര്‍ഗ്ഗ സമരമോ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമോ അവരെ ആകര്‍ഷിച്ചില്ല.
1934-ല്‍ മേയ് 17-ന് പാറ്റ്‌നയില്‍ ചേര്‍ന്ന അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) രൂപീകൃതമായി. ആചാര്യ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണ്‍ പാര്‍ട്ടിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.
1934 ഒക്ടോബര്‍ 21, 22 തീയതികളില്‍ പാര്‍ട്ടിയുടെ സ്ഥാപന സമ്മേളനം ബോംബെയില്‍ നടന്നു. ഡോ. സമ്പൂര്‍ണ്ണാനന്ദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഒരു പതിനഞ്ചിന പരിപാടി മുന്നോട്ടുവെച്ചു. ഘനവ്യവസായങ്ങള്‍ പൊതുമേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തുക,
വിദേശ വാണിജ്യം സര്‍ക്കാര്‍ കുത്തകയായി നിലനിര്‍ത്തുക,
സഹകരണ സംഘങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക, രാജാക്കന്മാരുടെയും ജന്മിമാരുടേയും ഭൂമി നഷ്ടപരിഹാരം കൂടാതെ ഏറ്റെടുക്കുക,
കാര്‍ഷിക കടം എഴുതിത്തള്ളുക,
അവശ്യ വസ്തുക്കളില്‍ സ്വാശ്രയത്വം ഉറപ്പുവരുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക,
സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുക.. തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു, ഈ അവകാശപത്രിക.
1936-ല്‍ ജയപ്രകാശ് 'സോഷ്യലിസം എന്തിന്? ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.


1935-ല്‍ നടന്ന കൊമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാക്കളായ ബെന്‍ ബ്രാഡ്‌ലിയും രജനി പാംദത്തും ചേര്‍ന്ന് അവതരിപ്പിച്ച നയരേഖ അനുസരിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റുകളുമായി യോജിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് സഖാക്കളെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സഹര്‍ഷം സ്വാഗതം ചെയ്തു.
( തുടരും)

പദ് മനാഭന്‍ തിക്കോടി