Sunday, July 17, 2022

രാമായണ പാരായണം:ചില ചിതറിയ ചിന്തകൾ

 രാമായണ പാരായണം:ചില ചിതറിയ ചിന്തകൾ 

------------------------------------------------


കർക്കടക രാവുകൾ രാമായണ പാരായണം കൊണ്ട് വിശുദ്ധമാക്കപ്പെടുന്ന വേളയിൽ ഒരു തിരിഞ്ഞുനോട്ടം നടത്തട്ടെ.  

ആദ്യമായി രാമായണം വായിച്ചു കേൾക്കുമ്പോൾ, ആരാണ് ഇതെഴുതിയത് എന്ന് ചോദിച്ചു മനസ്സിലാക്കാൻ മാത്രം പ്രായമോ അറിവോ എനിയ്ക്കുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ മനസ്സിലാക്കാൻ കഴിഞ്ഞു, എഴുത്തച്ഛൻ എന്നയാളാണ് അതെഴുതിയതെന്ന്. 

രാമായണം എന്ന് മാത്രം പറഞ്ഞിരുന്ന, വരികൾ തിരിച്ചും ചിഹ്നങ്ങൾ ഉപയോഗിച്ചും അല്ലാതെ അച്ചടിയ്ക്കപ്പെട്ടിരുന്ന ആ പുസ്തകത്തിന്റെ പേര് 'അദ്ധ്യാത്‌മരാമായണം' എന്നാണെന്ന് മനസ്സിലാക്കുന്നത് പിന്നെയും കുറേക്കൂടെ കഴിഞ്ഞ്. 

യഥാർത്ഥ രാമായണം എന്നത് ഭാരതത്തിലെ ആദികാവ്യമാണെന്നും, ഇതിഹാസങ്ങളിൽ ഒന്നാണെന്നും, എഴുതിയത് വാല്മീകി എന്ന മഹർഷിയാണെന്നും അറിയുമ്പോൾ മൂന്നാം തരത്തിൽ പഠിയ്ക്കുകയായിരുന്നു. എന്താണ് കാവ്യമെന്നോ ഇതിഹാസമെന്നോ മനസ്സിലാക്കുന്നത് പിന്നെയും എത്രയോ കഴിഞ്ഞ്. 

രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് വേറെയില്ലെന്ന് വിശ്വസിയ്ക്കുന്നവനാണ് ഞാൻ. 

കേരളത്തിലെ ബഹുഭൂരിപക്ഷം ഹൈന്ദവഗൃഹങ്ങളിലും ഭക്തിയുടെ നിറദീപങ്ങൾ തെളിയിയ്ക്കുന്ന അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വായന  രാമകഥ മനസ്സിൽ പകർന്നു തരുന്നതോടൊപ്പം  അക്ഷരങ്ങളെ ഈശ്വരനു തുല്യം സ്‌നേഹിക്കുന്ന ഒരുജനതയുടെ സംസ്‌കാരത്തിന്റെ മഹത്വം വെളിവാക്കുകയും ചെയ്യുന്നു.  

സമൃദ്ധിയുടെ മാസമായ ചിങ്ങത്തെ കേരളീയർ വരവേൽക്കുന്നത് അദ്ധ്യാത്‌മരാമായണവായനയുടെ അവസാനത്തോട് കൂടിയാണ്.

എനിയ്ക്ക് ലഭിച്ച രാമായണങ്ങൾ വായിയ്ക്കുമ്പോഴൊക്കെ എന്റെ ഹൃദയം വിങ്ങിയിട്ടുണ്ട്, പല സന്ദർഭങ്ങളും മനസ്സിനെ വല്ലാതെ ഉലച്ചിട്ടുണ്ട്, ചിലപ്പോഴൊക്കെ ശ്വാസം നിലച്ചപോലെ തോന്നിയിട്ടുണ്ട്. രാമായണം ശരിയ്ക്ക് ആസ്വദിച്ചുവായിയ്ക്കുന്നവന് ഈ അനുഭവം ഉണ്ടായിരിയ്ക്കും എന്ന് ഞാൻ വിശ്വസിയ്ക്കുന്നുണ്ട്, ഇപ്പോഴും. 

ആറു കാണ്ഡങ്ങളായി (ഭാഗങ്ങളായി) തിരിച്ചാണ് വാല്മീകി രാമായണം രചിച്ചത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയിലൂടെ നീളുന്ന രാമകഥാഖ്യാനത്തിലൂടെ  ഭാരത സംസ്‌കാരപൈതൃകം എന്തെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.  

ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തിലുള്ളതാണ്. മൂന്നിലും രാമകഥ ഒന്നുതന്നെയാണെങ്കിലും ശ്ലോകങ്ങൾ ഒരേതരത്തിലുള്ളതല്ല. അക്കാലങ്ങളിലൊക്കെ  രാമകഥ പ്രചരിച്ചിരുന്നത്  പറഞ്ഞും പാടിയുമായിരുന്നല്ലോ.  വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ,  കോടിക്കണക്കിന് ജനങ്ങളിൽ ഇങ്ങനെയെത്തുന്ന രാമകഥയ്ക്ക് പക്ഷെ  നമ്മുടെ ജീവിതശൈലിയ്ക്കോ  കാലാവസ്ഥയ്ക്കോ ഉണ്ടായപോലെ മാറ്റങ്ങൾ ഏറെയൊന്നും ഉണ്ടായില്ല. അന്നും ഇന്നും രാമായണം ഒരേ തരത്തിൽ നിലനിൽക്കുന്നു. 

ഈയിടെയായി, 

പലരും വിവാദവിഷയമാക്കിക്കൊണ്ടിരിയ്ക്കുന്ന രാമായണത്തിലെ ഉത്തരകാണ്ഡം(ഉത്തരരാമായണം) പിൽക്കാലത്തു ചേർക്കപ്പെട്ടതാണെന്ന് മറ്റു കാണ്ഡങ്ങളിലെ രചനാരീതിയിൽ നിന്നുമുള്ള പ്രകടമായ വ്യത്യാസത്തിൽ നിന്നും നമുക്ക് എളുപ്പം മനസ്സിലാക്കാം. ഈ ഭാഗത്തുള്ള അബദ്ധജടിലവും വിശ്വാസയോഗ്യത ഒട്ടും ഇല്ലാത്തതും ഏറെ മുഷിപ്പുണ്ടാക്കുന്നതുമായ കഥകൾ നമ്മുടെ ഇതിഹാസകൃതിയ്ക്ക് വരുത്തി വെച്ചത് തീരാക്കളങ്കം. 

ഇന്ന് ഭാരതത്തിലെ വിവിധ ഭാഷകളിലും ഉസ്ബക്കിസ്ഥാന്‍ മുതൽ ഫിലിപ്പീൻസ് വരെയും മൗറീഷ്യസ് മുതൽ വിയറ്റ്‌നാം വരെയുമുള്ള പതിനാലിൽ പരം ഏഷ്യന്‍ രാജ്യങ്ങളിലും രാമായണ കഥയെ അതിജീവിച്ചുള്ള കൃതികളുണ്ട്. രാമായണം എന്ന നിലയിലാണ് ഇവയൊക്കെ  പരിഗണിയ്ക്കപ്പെടുന്നത്. 

രാമായണത്തിലെ കഥാഭാഗങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി നിരവധി സാഹിത്യകൃതികൾ പിൽക്കാലത്തും ഉണ്ടായിട്ടുണ്ട്.

ഭാരത്തിൽ ഒട്ടേറെ രാമായണങ്ങൾ എഴുതപ്പെട്ടെങ്കിലും പ്രസിദ്ധി നേടിയത് അദ്ധ്യാത്മരാമായണമാണ്.  സംസ്‌കൃത ഭാഷയിൽ എഴുതപ്പെട്ട ഈ സാഹിത്യ കൃതിയ്ക്ക് ശേഷം എഴുതപ്പെട്ടതാണ് അത്ഭുതരാമായണം. വാല്മീകി രാമായണത്തിൽ നിന്ന് ചില വ്യത്യാസങ്ങളിതിനുണ്ട്. സീത രാവണന്റെ ഭാര്യ മണ്‌ഡോദരിയുടെ മകളായി പിറന്നെന്നാണ് ഇതിൽ പറയുന്നത്. പിന്നീടുണ്ടായ ആനന്ദരാമായണത്തിൽ രാവണനെ വധിക്കുന്നത് സീതയാണ്.

ആനന്ദരാമായണത്തിൽ പറയുന്നത് രാവണന്‍ സീതയെ അപഹരിച്ചത് മോക്ഷത്തിലേക്കുള്ള മാർഗ്ഗത്തിലെത്താന്‍ വേണ്ടിയായിരുന്നെന്നാണ്. സംസ്‌കൃത ഭാഷയിലെഴുതിയ മറ്റൊരു രാമായണമായ രാമബ്രഹ്മാനന്ദന്റെ തത്വസംഗ്രഹരാമായണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതിനൊപ്പം ശിവന്‍, ബ്രഹ്മാവ്, പരബ്രഹ്മം എന്നിവരുടെ അവതാരമാണെന്നും പരാമർശിയ്ക്കുന്നു.  യോഗവാസഷ്ഠ രാമായണമെന്നൊരു രാമായണം കൂടിയുണ്ട്. വസിഷ്ഠനും ശ്രീരാമനും തമ്മിലുള്ള സംഭാഷണമായിട്ടാണീ രാമായണത്തിന്റെ രചന.

ഭാരതത്തിലെ മിക്ക ഭാഷകളിലും ആദിരാമായണത്തിന്റെ വിവർത്തനങ്ങളായും  സ്വതന്ത്ര രചനയായും ഉള്ള   നിരവധി കൃതികളുണ്ട്.  ജൈനരാമ കഥകളാണ് കന്നടഭാഷയിൽ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഭാരതത്തിലെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതാണ് കമ്പർ തമിഴിലെഴുതിയ കമ്പരാമായണം. കന്നടഭാഷയിൽ ഏറ്റവും പ്രസിദ്ധമായത് നരഹരിയുടെ  തോരവേരാമായണമാണ്. കാശ്മീരി ഭാഷയിൽ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാർവതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന.

ശ്രീലങ്കയിലെ സിംഹള ഭാഷയിലും ഒരു രാമായണമുണ്ട്. ഇതിൽ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്. ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. 

അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ബംഗാളിയിലെ മികച്ച രാമായണം കൃത്തിവാസന്റെതാണ്. ഒഡിയ ഭാഷയിൽ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി.  

വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി രചിച്ച

എല്ലാ ഭാഷകളിലും എഴുതപ്പെട്ട ഈ  രാമായണങ്ങൾ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയെക്കാളും അവയെല്ലാം അതതു ഭാഷകളിൽ മികച്ചവയായി നിലനിൽക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്ക്കുമനുസരിച്ച് കഥകൾക്കും സന്ദർഭങ്ങൾക്കും ചില മാറ്റങ്ങൾ ഇവയിലെല്ലാം കാണാം. എന്നാൽ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കിൽ കേൾവിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തിൽ നിന്ന് ഇവയൊന്നും വലിയ തോതിൽ വ്യതിചലിക്കുന്നില്ല.

രാമായണത്തെ അധികരിച്ച് മറ്റു നിരവധി  സംരംഭങ്ങളും ഉണ്ടായിട്ടുണ്ട്. നാടകങ്ങൾ, അട്ടക്കഥകൾ, സിനിമകൾ, കഥകൾ, നോവലുകൾ, കാവ്യങ്ങൾ തുടങ്ങി പലതും. രാമായണ കഥ ഉൾക്കൊണ്ട ആദ്യസാഹിത്യ രചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണമറാത്തിയിൽ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു.

മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകൾ ഉണ്ടായി.

സി.എന്‍.ശ്രീകണ്ഠൻ നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങൾ ഓർക്കുക.  

കഥകളിയിൽ രാമായണത്തെ അടിസ്ഥാനമാക്കി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി  കാവ്യങ്ങളും മലയാളത്തിലുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളിൽ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്.

ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു.

--------------------------------------

പദ്മനാഭൻ തിക്കോടി.

Saturday, May 9, 2020

നേട്ടങ്ങളാണ് ഹൈലൈറ്റ്സ്

നേട്ടങ്ങളാണ് ഹൈലൈറ്റ്സ്: ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ നായകനായി നെ‌ഞ്ചേറ്റിയവർ ലോകത്ത് ലക്ഷങ്ങളുണ്ടാകും

Thursday, June 1, 2017

പല തവണ
ചെളിയിൽ തെന്നി വീണിട്ടും
മഴയെ
ശപിയ്ക്കാൻ തോന്നിയിരുന്നില്ല.
മഴ
എന്റെ കാതുകൾക്ക്
സംഗീതമായിരുന്നു;
എന്റെ ശരീരത്തിന്
കുളിർകാറ്റായിരുന്നു.
കാറ്റിൽ ആടിയുലയുന്ന
ചെടികളും മരങ്ങളും
എന്റെ നയങ്ങൾക്ക്
ആനന്ദനടനമായിരുന്നു.
തൊടികൾ കുളങ്ങളാകുമ്പോൾ,
തോടുകൾ
നിറഞ്ഞൊഴുകുമ്പോൾ,
തെന്നുന്ന നടവരമ്പുകളിലൂടെ
മെയ്വഴക്കത്തോടെ നടക്കുമ്പോൾ
പ്രാർത്ഥനയായിരുന്നു,
ഈ കുറുമ്പൻ മഴ
നിലയ്ക്കരുതേ എന്ന്.

പദ്മനാഭൻ തിക്കോടി.

Monday, May 22, 2017

ഇതു തന്നെ കവിത
------------------------------
അയാളോർത്തു :
ഒരു കവിത എഴുതിയാലോ?
പേനയും കടലാസും എടുത്തുവെച്ചു.
ആദ്യം പേരിടണോ?
ഓ! അതൊക്കെ പിന്നെയാവാം.
വൃത്തം വേണോ?
താളം വേണോ?
എന്തുണ്ടായിട്ടെന്താ,
വരികൾ വേണ്ടേ..
പദസഞ്ചി തിരഞ്ഞു.
അക്ഷരങ്ങൾ പെറുക്കിയെടുത്തു.
എത്ര അടുക്കിവെച്ചിട്ടും
എവിടെയും എത്തുന്നില്ല.
സാരമില്ല, ഇങ്ങനെയൊക്കെയല്ലേ,
ഇപ്പോഴത്തെ കവിതകൾ.
ആദ്യ ഈരടികളിൽ
ഇത്തിരി പ്രണയം,
പിന്നെ അല്പം നിരാശ,
കുറെ സാരകഥകളും.
മതി, ഇത് തന്നെ കവിത.
-------------------------------------
പദ്മനാഭൻ തിക്കോടി

Tuesday, May 16, 2017

നിൻ നയനങ്ങളിൽ
-----------------------------
നിന്റെയീ നയനങ്ങൾ
എന്തെല്ലാമൊളിപ്പിപ്പൂ
ചെമന്ന പ്രഭാതവും
ജ്വലിയ്ക്കും മദ്ധ്യാഹ്നവും
തുടുത്തൊരാ സന്ധ്യയും
ഇരുണ്ട രജനിയും
കഥകൾ ചൊല്ലീടുന്ന
ഋതുക്കൾ ആറെണ്ണവും
മലയും കൊടും കാടും
സാഗരധ്വനികളും
പുഴതൻ സംഗീതവും
വയലും കാക്കപ്പൂവും
കാണുന്നു ഞാനീ കണ്ണിൽ
ഇന്നലെകളും പിന്നെ
ഇന്നിന്റെ സംവാദവും
നാളെതൻ പ്രതീക്ഷയും എന്തെല്ലാമുണ്ടീ കണ്ണിൽ
കാണ്മതും കാണാത്തതും.

-- പദ്മനാഭൻ തിക്കോടി.

Friday, February 3, 2017

മാനന്തവാടി ~ ഒരു ലഘു ചരിത്രം
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
നവീന ശിലായുഗം മുതല്‍ക്കുതന്നെ  സംസ്ക്കാരസമ്പന്നമായ ഒരു ജനത വയനാട്ടിലുണ്ടായിരുന്നു. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള ചെമ്പില്‍ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിന്റെ അടിഭാഗത്തു കാണുന്ന കര്‍ണ്ണാടക ലിപിയിലുള്ള ശാസനത്തില്‍ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. "മാനെ എയ്ത വാടി" എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയര്‍ത്തികാണിക്കപ്പെടുന്നു. ജൈനമതത്തിന്റെ സ്വാധീനം വെളിവാക്കുന്നതാണ് ഒണ്ടയങ്ങാടി, പയ്യമ്പള്ളി, ഊര്‍പ്പള്ളി എന്നീ സ്ഥലനാമങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാന്തൊടി എന്ന പേരിലാണ് ഈ സ്ഥലം പരാമര്‍ശിക്കപ്പെടുന്നത്. പഴശ്ശിയുടെ കാലഘട്ടത്തില്‍ ഇളംകൂര്‍ നാട്ടിലുള്‍പ്പെട്ടതായിരുന്നു വേമോം എന്നറിയപ്പെട്ടിരുന്ന മാനന്തവാടി. ബ്രിട്ടീഷുകാരുടെ കാലത്ത് മാനന്‍ടോഡി എന്നും വയനാട് ബസാര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. മഹോദയപുരരാജാക്കന്മാരുടെ പതനത്തിനുശേഷം നഗരമായി തീര്‍ന്ന തിരച്ചുലരിയുടെയും, മുത്തുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പുത്തനങ്ങാടിയുടെയും ഇടയ്ക്ക് ഉയര്‍ന്നു വന്നതാകാം ഈ ഹൌസെങ്കാടി അഥവാ പുതിയങ്ങാടി. അടുത്തകാലഘട്ടങ്ങളില്‍ മാനന്തവാടി ചെട്ടിത്തെരുവായും എരുമത്തെരുവായും അഞ്ചാം പീടികയായും അറിയപ്പെടുന്നു.
എടക്കല്‍ ഗുഹയില്‍ കണ്ടെത്തിയ ശിലാലിഖിതമനുസരിച്ച് വയനാട്ടില്‍ പ്രാചീനകാലത്ത് ഗിരിവര്‍ഗ്ഗക്കാര്‍ തന്നെയായിരുന്നു ഭരണം നടത്തിയിരുന്നതെന്ന് കാണാം. ഒരേ വംശത്തില്‍പ്പെട്ട രണ്ടു കുടുംബക്കാരായ അരിപ്പാനും വേടനുമായിരുന്നു ആ വിഭാഗത്തിലെ അവസാന നാടുവാഴികള്‍. പനമരം ദേശത്തിന് വടക്കോട്ടുള്ള പ്രദേശങ്ങളെല്ലാം അരിപ്പാന്‍ എന്ന രാജാവിന്റെ കീഴിലായിരുന്നു. കുമ്പള മായ്പ്പടി രാജാവിന്റെ ചതിയിലൂടെയാണ് ഈ രാജവംശത്തിലെ വേടന്‍ രാജാവ് നാമാവശേഷനായത്. 1810-ലെ മലബാര്‍ ജില്ലാക്കോടതിയുടെ ഉത്തരവനുസരിച്ച് വയനാടിന്റെ ചരിത്രം വായ്മൊഴിയായി ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്കന്‍സിയുടെ കൈയെഴുത്തുരേഖകളിലും ഇത് കാണാം. വേടരാജാക്കന്മാരെ നശിപ്പിച്ചതിനുശേഷം പാറയ്ക്കുമിത്തല്‍ എന്ന മാടമ്പിയുടെ അവകാശം കൂടി തട്ടിയെടുത്തുകൊണ്ട് കോട്ടയംരാജാവ് വയനാട് ഭരിക്കുവാന്‍ തുടങ്ങി. ഹൈദരാലിയുടെ ആക്രമണകാലത്ത് കോട്ടയം രാജാവായ രവിവര്‍മ്മ കുടുംബസമേതം തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു. മൈസൂറിന്റെ രണ്ടാം ആക്രമണകാലത്ത് രവിവര്‍മ്മ സൈന്യശേഖരവുമായെത്തി വയനാടിന്റെ അധീശത്വം വീണ്ടെടുത്തു. യുദ്ധത്തിനുശേഷം വയനാടിനെ പലനാടുകളായി തിരിച്ചു. അതില്‍ ഇളംകൂര്‍ നാട്ടില്‍പ്പെട്ടതാണ് ഇന്നത്തെ മാനന്തവാടി. വേമോത്ത് നമ്പ്യാരായിരുന്നു ഇവിടുത്തെ മാടമ്പി (നാടുവാഴി). 1792 മാര്‍ച്ച് 18- അം തീയതി ഈസ്റിന്ത്യാ കമ്പനിയും ടിപ്പുവും തമ്മില്‍ നടത്തിയ സമാധാനസന്ധി പ്രകാരം മലബാറിന്റെ പരമാധികാരം ബ്രിട്ടീഷുകാര്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. രാജാധികാരം നാട്ടുരാജാക്കന്മാര്‍ക്ക് വിട്ടുകൊടുക്കാമെന്ന വ്യവസ്ഥ കമ്പനി പാലിക്കാതിരുന്നതിനാല്‍ പഴശ്ശി ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. കമ്പനിക്കെതിരെ ജനങ്ങളെ തിരിക്കുന്നതില്‍ സമര്‍ത്ഥമായി വിജയിച്ച പഴശ്ശിയെ അമര്‍ച്ച ചെയ്യുന്നതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. 1805 ഏപ്രില്‍ അവസാനത്തോടെ പഴശ്ശിക്ക് പിടിച്ചുനില്‍ക്കാന്‍ വയ്യാതായി. മലബാര്‍ സബ്കളക്ടര്‍ ടി.എച്ച്.ബാബര്‍ കമ്പനിസേനയുടെ നേതൃത്വം ഏറ്റെടുത്തതോടുകൂടി പഴശ്ശിയുടെ നില കൂടുതല്‍ പരുങ്ങലിലായി. 1805 നവംബര്‍ 30-ന് പുല്‍പ്പള്ളിയിലെ മാവിലാന്തോട്ടത്തില്‍ വച്ച് അദ്ദേഹം വീരമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം അടുത്തദിവസം സുശക്തമായ കാവലോടെ മാനന്തവാടിയില്‍ കൊണ്ടുവരികയും ബ്രാഹ്മണ കാര്‍മ്മികത്വത്തില്‍ താഴെയങ്ങാടിയില്‍ സംസ്കരിച്ച് ഭൌതികാവശിഷ്ടം ആശുപത്രിയില്‍ അടക്കം ചെയ്യുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കല്ലറയും അതിന്മേല്‍ വളര്‍ന്ന വൃക്ഷവും ചരിത്രസാക്ഷികളായി ഇന്നും നിലകൊള്ളുന്നു. പോരാട്ടങ്ങളുടെ സ്മരണകള്‍ നിലനിര്‍ത്തികൊണ്ട് വെടിമരുന്ന് സൂക്ഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മരുന്നറ ചുട്ടക്കടവിനു സമീപം കാലം ഏല്‍പ്പിച്ച പരിക്കുകളേറ്റുവാങ്ങി ഇന്നും നിലകൊള്ളുന്നു. 47-അം വയസ്സിലാണ് പഴശ്ശി വീരമൃത്യൂ വരിച്ചത്. പഴശ്ശിയുടെ പതനത്തോടെ കുറിച്യപ്പട ശോഷിച്ചു. 1856-ല്‍ റോബിന്‍സണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനന്തവാടി ഉള്‍പ്പെട്ടിരുന്ന ഇളംകൂര്‍നാട് ഡിവിഷന്‍ പുതിയ അംശങ്ങളായി വിഭജിച്ചു. അതില്‍ വേമോം, തിരുനെല്ലി എന്നിവയും ഉള്‍പ്പെടുന്നു. 1830 ആയപ്പോഴേയ്ക്കും സ്വകാര്യകാപ്പിതോട്ടങ്ങള്‍ മാനന്തവാടി പരിസരത്ത് ഉണ്ടായിരുന്നുവെങ്കിലും 1835-നോടടുപ്പിച്ച് സിലോണ്‍കാരനായ പ്യൂഗ് ആണ് മാനന്തവാടിയില്‍ കാപ്പിപ്ളാന്റേഷന്‍ ആരംഭിക്കുന്നത്. മാനന്തവാടിയില്‍ തമ്പടിച്ചിരുന്ന പട്ടാളക്കാര്‍ക്ക് വിശ്രമജോലി എന്ന നിലയ്ക്കാണ് കാപ്പിത്തോട്ടനിര്‍മ്മാണം ആരംഭിച്ചത്. 1854-ല്‍ തന്ന തേയില പ്ളാന്റേഷന്‍ ചിറക്കരയിലും ജെസ്സിയിലും ആരംഭിക്കുകയുണ്ടായി. 1892-ഓടെ പ്യാരി ആന്റ് കമ്പനി ഈ മേഖലയില്‍ ചുവടുറപ്പിച്ചുതുടങ്ങി. 1887-ല്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ വിവരിക്കുന്ന മാനന്തവാടിയില്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള ഡെപ്യൂട്ടി കലക്ടര്‍, പോലീസ് ഇന്‍സ്പെക്ടര്‍, സബ് രജിസ്ട്രാര്‍, സബ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ ഓഫീസ് ഉണ്ടായിരുന്നു. മാനന്തവാടിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിഡില്‍ സ്ക്കൂളും പോസ്റ്റ് ഓഫീസും ഉണ്ടായിരുന്നു. 1886-ന് മുമ്പ് മാനന്തവാടിയിലെ മെഡിക്കല്‍ ആഫീസര്‍മാര്‍ വെള്ളക്കാരായിരുന്നു. യൂറോപ്യന്മാരുടെ ക്ളബ് ഉള്ള ഇപ്പോഴത്തെ ക്ളബ്കുന്നും അതിനോടനുബന്ധിച്ച് അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വിറ്റിരുന്ന കാന്റീനും ഉണ്ടായിരുന്നു. മാനന്തവാടി ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണത്തിന്റെ തുടക്കത്തില്‍ തലശ്ശേരി സബ്കലക്ടറുടെ കീഴിലായിരുന്നങ്കിലും, ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഭരണകാലത്ത് ഒരു പ്രത്യേക ഡെപ്യൂട്ടികലക്ടറുടെ അധികാരത്തിന്‍കീഴിലായിരുന്നു. 1859 മുതല്‍ 1879 വരെ മാനന്തവാടി ഡപ്യൂട്ടി കലക്ടര്‍ക്ക് സിവില്‍ അധികാരങ്ങള്‍ ഉണ്ടായിരുന്നു. 1859-ല്‍ വനം വകുപ്പ് രൂപീകൃതമായതോടെ വയനാടന്‍ വനങ്ങള്‍ 14 ബ്ളോക്കുകളായി തിരിച്ചു. ഒരു ഫോറസ്റ്റ് ഓഫീസര്‍, ഒരു സബ് അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ 20 ഫോറസ്റ്റേഴ്സ് എന്നിവരെയാണ് ജില്ലാ വനപരിപാലത്തിന് നിയോഗിച്ചിരുന്നത്. ഇതില്‍ സബ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസ് മാനന്തവാടിയിലായിരുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങള്‍ അന്നത്തെ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ.

  • സാമൂഹിക സാംസ്കാരിക ചരിത്രം വയല്‍ നാടായ വയനാടിന്റെ പൊതുസവിശേഷതകള്‍ മാനന്തവാടി പഞ്ചായത്തിന്റെ കാര്‍ഷികരംഗത്തും ദൃശ്യമാണ്. മാനന്തവാടിയിലെ കൃഷിയിടങ്ങളുടെ ഭൂരിഭാഗവും പഞ്ചായത്തിലെ ശ്രീവള്ളിയൂര്‍ക്കാവ് ദേവസ്വത്തിന്റേയും കൊയിലേരിയിലെ വാടിയൂര്‍ ദേവസ്വത്തിന്റെയും അധീനതയില്‍പ്പെട്ടതായിരുന്നു. ബ്രാഹ്മണര്‍, ചെട്ടിമാര്‍, ഗൌഡര്‍ തുടങ്ങിയ ജന്മിമാരായിരുന്നു ഭൂമി കൈയ്യാളിയിരുന്നത്. കുടിയാന്മാരും ഉണ്ടായിരുന്നു. ജന്മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന പഴയ കാലത്ത് പാട്ടച്ചാര്‍ത്ത് പ്രകാരമായിരുന്നു കുടിയാന്മാര്‍ ഭൂമി കൈവശം വെച്ചിരുന്നത്. കുടിയാന്‍ ജന്മിക്ക് വയല്‍കൃഷിക്ക് വിത്തിന് തുല്യമായ അളവ് നെല്ല് പാട്ടമായി കൊടുത്തുപോന്നു. കരഭൂമിക്ക് ഏക്കര്‍ ഒന്നിന് അഞ്ചുരൂപയാണ് കൊടുക്കേണ്ടിയിരുന്നത്. പണിയന്‍, കുറിച്ച്യര്‍, അടിയന്‍, കുറുമര്‍ എന്നിവരായിരുന്നു ജന്മിമാരുടെ കാര്‍ഷികതൊഴിലാളികള്‍. 1930-കളുടെ തുടക്കത്തിലുണ്ടായ കുടിയേറ്റം 1960-കളോടെ വളരെ സജീവമായി. അക്കാലംവരെയും പ്രധാനമായും വയല്‍കൃഷിയാണ് ചെയ്തിരുന്നത്. മാനന്തവാടി പഞ്ചായത്തില്‍ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, ജൈനമതക്കാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട യാദവര്‍, ചെട്ടിമാര്‍, തമിഴ് ബ്രാഹ്മണര്‍ തുടങ്ങിയ ഹൈന്ദവഉപജാതിവിഭാഗക്കാരും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെയുണ്ടായ ഭക്ഷ്യക്ഷാമത്തെതുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളില്‍ നിന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ക്രിസ്തീയകുടുംബങ്ങള്‍ കുടിയേറിപ്പാര്‍ത്തു. ടിപ്പുവിന്റെ പടയോട്ടകാലത്ത് മാനന്തവാടിയില്‍ എത്തിച്ചേര്‍ന്ന പഠാണികളെയും തുടര്‍ന്നു വന്ന മുസ്ളീങ്ങളുടേയും പിന്മുറക്കാരെ ഈ പഞ്ചായത്തില്‍ കാണാം. പഞ്ചായത്തിലെ ആദിവാസിവിഭാഗങ്ങള്‍ ശ്രേഷ്ഠവും വൈവിധ്യവുമായ സംസ്കാരത്തിന്റെ ഉടമകളാണെന്നത് ശ്രദ്ധേയമാണ്. പുള്ളിപ്പുലികള്‍ ധാരാളമായി ഉണ്ടായിരുന്ന പ്രദേശമാണ് മാനന്തവാടി. മാനന്തവാടി ടൌണില്‍ ഇന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ പലതും പണ്ടുകാലത്ത് നിബിഡമായ വനമായിരുന്നു. ഗതാഗതയോഗ്യമായ റോഡുകള്‍, പാലങ്ങള്‍, വൈദ്യുതി എന്നിവയും വളരെ ചുരുക്കമായിരുന്നു. പഞ്ചായത്തിലെ പ്രധാനകവലകളില്‍ രാത്രി വിളക്ക് കത്തിക്കുന്നതിന് അധികൃതര്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. തലശ്ശേരി, കോഴിക്കോട്, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വ്വീസ് ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോള്‍ ചകിരിയും കരിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍ ഓടിച്ചിരുന്നു. രോഗം പിടിപെട്ടാല്‍ വടകരയിലെ കൃഷ്ണന്‍ വൈദ്യനെ തേടുക എന്നതും മാനന്തവാടിക്കാരെ സംബന്ധിച്ചിടത്തോളം പതിവായിരുന്നു. ആദ്യകാലത്ത് വയനാടിനെ പൊതുവെ ബാധിച്ചിരുന്ന മലമ്പനി മാനന്തവാടിയേയും ഒഴിവാക്കിയിരുന്നില്ല. 1946-47 കാലത്ത് പ്ളേഗ് ബാധയുണ്ടെന്ന് സംശയിച്ച് മാനന്തവാടി ടൌണ്‍ അടച്ചിടുകയും വീടുകളുടെ മേല്‍ക്കൂരപോലും പൊളിച്ച് എലികളെ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്വാതന്ത്യ്രസമരപ്രവര്‍ത്തകരില്‍ ശ്രദ്ധേയരായ നിരവധിപേരുണ്ടായിരുന്നു. മാനന്തവാടിയില്‍ ആദ്യകാലത്ത് ടൂറിങ്ങ് ടാക്കീസുകള്‍ മുഖേന സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. അമ്പുകുത്തിയിലായിരുന്നു പ്രധാനകേന്ദ്രം. മാനന്തവാടിയിലെ വളരെ പ്രസിദ്ധമായ ആരാധനാലയമാണ് വള്ളിയൂര്‍ക്കാവ്. ദ്രാവിഡ മാതൃകയിലുള്ളതാണ് ഈ കാവെന്ന് അതിന്റെ രൂപഘടനയില്‍നിന്ന് വ്യക്തമാകും. 1848-ല്‍ ആരംഭിച്ച അമലോത്ഭവ ദേവാലയമാണ് ആദ്യക്രിസ്തീയദേവാലയം. ഇന്നത്തെ സ്ഥലത്ത് ഒരു ചെറിയ പള്ളിയും പാത്തിവയലില്‍ മറ്റൊരു പള്ളിയും ഉണ്ടായിരുന്നു. കുറിച്ച്യവിഭാഗത്തില്‍ നിന്ന് മതം മാറിയവര്‍ക്ക് ആരാധന നടത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. തുടര്‍ന്ന് വ്യത്യസ്തപ്രദേശങ്ങളില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ ആരാധനാലയങ്ങള്‍ ഉണ്ടായിട്ടുണ്ട്. താഴെയങ്ങാടിയിലെ പട്ടാണിപ്പള്ളിയും മുസ്ളീംപള്ളിയും ഏറ്റവും ആദ്യമുണ്ടായ മുസ്ളീംദേവാലയം. ജൈനര്‍ക്കായി ഉര്‍പ്പള്ളിയില്‍ പുതിയതായി നിര്‍മ്മിച്ച ആരാധനാലയങ്ങളും യാദവര്‍ക്കായിട്ടുള്ള എരുമത്തെരുവിലെ കാഞ്ചികാമാക്ഷിയമ്മന്‍കോവിലും അന്യാദൃശമായ ക്ഷേത്രങ്ങളാണ്.

Sunday, January 29, 2017

ദുഷ്ട



എന്റെ കാൻവാസ് 
ഈ തീരം.
എഴുതിയതും 
വരച്ചതും 
ഒക്കെ 
മായ്ക്കുന്നു 
ഈ ദുഷ്ട, 
കടൽ.


പദ് മനാഭന്‍ തിക്കോടി