Sunday, August 26, 2012

സമൂഹത്തിലെ മൂല്യച്യുതി


സമൂഹത്തിലെ മൂല്യച്യുതി - ഒരു അവലോകനം 

ലോകോത്തരം എന്ന് നാമൊക്കെ സ്വകാര്യ അഹങ്കാരത്തോടെ ഊറ്റം കൊള്ളുന്ന ഭാരതസംസ്കാരം, നിര്‍ഭാഗ്യമെന്നു പറയട്ടെ, വൈയക്തികമായ സമീപനങ്ങള്‍ മൂലം വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, വിവിധ വ്യക്തിത്വങ്ങള്‍ക്കും ഇന്ന് ഒരേ ആശയമല്ല.ബിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും 1947 ഓഗസ്റ്റ്‌ 15-ന് ഒരു ഭാഗം വെട്ടിമുറിക്കപ്പെട്ട നിലയില്‍ നമ്മുടെ മാതൃഭൂമി വിമോചനം നേടിയെങ്കിലും, വിദേശികളുടെ അധിനിവേശ കാലഘട്ടങ്ങളില്‍ നമ്മില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്ന നിരവധി സംസ്കാരങ്ങളുടെതായ ശേഷിപ്പുകള്‍, ഭാരതസംസ്കാരമെന്നു പരക്കെ കരുതപ്പെട്ടിരുന്ന സനാതനധര്‍മങ്ങളെ ബഹുദൂരം അകറ്റി ക്കഴിഞ്ഞിരുന്നു, അപ്പോഴേക്കും. ഏതാണ് മികച്ചത് എന്ന് തിരഞ്ഞെടു ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം സങ്കരമായി തീര്‍ന്നു, സാമൂഹ്യ വ്യവസ്ഥിതി. ഭാരതീയതയെ  അടിസ്ഥാനമാക്കാതെ രൂപം കൊണ്ട വിവിധ മതങ്ങളുടെ വരവും ഈയൊരു മാറ്റത്തിന് ആക്കം കൂട്ടി. എങ്കില്‍ പോലും വിവിധ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തന ഫലമായി മൂല്യങ്ങളിലും മറ്റും ഒരുതരം ഏകീകരണം വന്നു കഴിഞ്ഞിരുന്നു, സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടു മുമ്പുണ്ടായിരുന്ന തലമുറയ്ക്ക്- ദയാനന്ദ സരസ്വതിയുടെയും രാജാറാം മോഹന്‍ റായിയുടെയും മറ്റും പ്രസ്ഥാനങ്ങള്‍ ഓര്‍ക്കുക.

65 വര്ഷം പിന്നിട്ടു,  ഭാരതീയര്‍ തന്നെ ഭാരതത്തിന്‍റെ  അധികാരം കൈയാളാന്‍ തുടങ്ങിയിട്ട്. പൗരന്മാരുടെ ജീവിത നിലവാരങ്ങളിലും, കര്‍മ്മ മണ്ഡലങ്ങളിലും വ്യാപാര-വ്യവസായ രംഗങ്ങളിലും പുരോഗതികളുണ്ടായി എന്ന സത്യം നമുക്ക് അംഗീകരിക്കാം. പക്ഷെ, വേദനയോടെ മാത്രം നോക്കി കാണേണ്ട ഒന്നുണ്ട്-സമൂഹത്തില്‍ മൂല്യങ്ങളിലും ധാര്‍മികതയിലും നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ശോഷണം.

ഏതൊരു പ്രൊഫെ ഷന്‍റെയും മുറിച്ചു മാറ്റാന്‍ പാടില്ലാത്ത ഒരു ഘടകമാണ് അതിന്‍റെ എത്തിക്സ്- പൊതുവേ ബഹുമാന്യത നിലനിര്‍ത്തിയിരുന്നു, വൈദ്യ വൃത്തി, വിദ്യാഭ്യാസം, രാഷ്ട്രീയം, സാംസ്കാരികം,സാമ്പത്തികം, മതം, പത്ര പ്രവര്‍ത്തനം, സാമൂഹ്യ വ്യവസ്ഥ തുടങ്ങിയ മിക്ക മേഖലകളും. എന്നാല്‍, സമീപകാല സൂചനകള്‍ ആശങ്ക ജനിപ്പിക്കുന്നു എന്ന് പറയാതെ വയ്യ. മാധ്യമങ്ങളിലും സെമിനാറുകളിലും മറ്റും നടത്തപ്പെടുന്ന സംവാദങ്ങളില്‍ ഒക്കെ തന്നെ ഈ മേഖലകളില്‍ ഉള്ള പ്രവര്‍ത്തകരിലും നേതൃ സ്ഥാനീയരിലും ഒക്കെയുള്ള സകാരണമായ അവിശ്വാസത്തിന്റെയും അനാദരവിന്റെയും സ്വരങ്ങള്‍ക്ക് ദിനംപ്രതി മൂര്‍ച്ച കൂടി ക്കൂടി വരുന്നതായാണ് കാണുന്നത്.

സാമൂഹ്യ വ്യവസ്ഥിതിയില്‍ സൌഹൃദങ്ങളും കൂട്ടായ്മകളും കുറഞ്ഞു വരുന്നു.അയല്‍ പക്കങ്ങള്‍ അന്യരായി മാറുന്നു. സത്യം, സമത്വം, സാഹോദര്യം, സമൂഹനീതി ഇവയൊന്നും മൂല്യച്യുതിയുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല.

വൈദ്യ വൃത്തിയുടെ ഏക ലക്‌ഷ്യം മനുഷ്യസേവനം മാത്രമായിരിക്കെ ഗണനീയമായ ഒരു വിഭാഗം ഭിഷഗ്വരന്മാരുടെയും ആതുരാലയങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഉന്നതമായ മാനുഷിക മൂല്യങ്ങളില്‍ നിന്നും പരമാവധി മുക്തി പ്രാപിച്ച്  കേവലം ഒരു ഉദ്യോഗം മാത്രമായിരിക്കുന്നു, വൈദ്യ വൃത്തി ഇപ്പോള്‍................. .......

വിദ്യാലയങ്ങളുടെ ഉടമസ്ഥത കൈയടക്കി വെച്ചിട്ടുള്ള ചെറിയൊരു വിഭാഗം ഒഴികെ ഏതാണ്ട് എല്ലാവരും തന്നെ -രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ - സരസ്വതീ മന്ദിരങ്ങള്‍ ആകേണ്ട ഇവയുടെ പടി പടിയായ കമ്പോളവല്‍ക്കരണം പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. വിവിധ രീതികളിലുള്ള അധ്യാപന സംവിധാനങ്ങള്‍ - ഇന്റര്‍നാഷണല്‍,സീ ബീ എസ സി, ഐ.എസ്.സി.,സംസ്ഥാന സിലബസ്സുകള്‍-- -വാര്‍ത്തെടുക്കുന്നത് നിലവാരങ്ങളില്‍ അന്തരമുള്ള പൌരന്മാരെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.പഠന വിഷയങ്ങളില്‍ സ്പെഷലൈസേഷന്‍ മുഖ്യമായതോടെ ധാര്‍മികത,മൂല്യം ഇവയ്ക്കു സിലബസ്സിലോ, പഠന ക്രമങ്ങളിലോ സ്വാധീനം ഇല്ലാതായി. നമ്മുടെ മാതൃഭുമിയുടെ വസ്തുനിഷ്ടമായ സാംസ്കാരിക ചരിത്രം, പുരാണങ്ങള്‍,ഇതിഹാസങ്ങള്‍ ഇവയ്ക്കു പ്രാധാന്യം കുറഞ്ഞു. ഉള്ളവയിലാനെങ്കിലോ, വികലമായ വ്യാഖ്യാനങ്ങള്‍ ഉള്ള കൃതികള്‍ക്കാണ് പ്രാമുഖ്യം.

രാഷ്ട്രീയ നേതൃത്വങ്ങളിലും ഭരണവിഭാഗങ്ങളുടെ ഉന്നതങ്ങളിലും എത്തപ്പെടാനുള്ള പരമപ്രധാനങ്ങളായ പരിഗണനകള്‍ "വിശിഷ്ട വ്യക്തി"കളുടെ പിന്തുടര്ച്ചാ വകാശങ്ങളും വിവിധ വിഭാഗങ്ങളെ ലക്‌ഷ്യം വെച്ചുള്ള പ്രീണ നങ്ങളും ആയിക്കഴിഞ്ഞു.തങ്ങള്‍ വോട്ടു ചെയ്യേണ്ടത് പാര്‍ടിക്കോ സ്ഥാനാര്‍ഥിയുടെ കഴിവിനോ എന്ന് സാധാരണ ക്കാരായ സമ്മതി ദായകര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. സ്ഥാനാര്‍ഥിയുടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത 'ഭരണ മികവും' ജനസേവനത്തിനുള്ള ആര്‍ജവവും,മികച്ച പ്രസംഗകരിലൂടെ പ്രചരിപ്പി ക്ക പ്പെടുകയാണ് എങ്ങും.

സാംസ്കാരിക രംഗത്തെ സ്ഥിതിയോ? അക്കാദമി കളിലേക്കുള്ള നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനകള്‍ കണക്കിലെടുത്ത് മാത്രമാണിപ്പോള്‍. ..മാറി മാറി ഭരിച്ച കക്ഷികള്‍ ഒന്നും തന്നെ ഇതിനൊരു മാറ്റം വരുത്താന്‍ ഒരിക്കലും സന്നദ്ധ മായിട്ടില്ല എന്നത് ഒരു സുതാര്യ സത്യം. പുരസ്കാര നിര്‍ണയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങള്‍ ഉണ്ടാവുനതായി പറയപ്പെടുന്നു; ശരിയാകാംഎന്നു ജനങ്ങള്‍ക്ക്‌ തോന്നുകയും ചെയ്യുന്നു.

ധാര്‍മികതയുടെ അടിസ്ഥാനം എന്ന് പൊതുവേ വിശ്വസിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന മതവിശ്വാസങ്ങള്‍ എടുക്കുക. വിവിധ വികസിത രാഷ്ട്രങ്ങളില്‍ നടത്തപ്പെട്ട സര്‍വേകളില്‍ എല്ലാം തന്നെ വിശ്വാസ്യതയിലും ബഹുമാന്യതയിലും ഉന്നത നിലവാരം പുലര്‍തുന്നവരായി ഭൂരിപക്ഷ പിന്തുണ ലഭിച്ചവര്‍ പുരോഹിതന്മാരായിരുന്നു..ഇവരുടെ സ്ഥാനം ഇന്നാകട്ടെ,അഗ്രിമം അല്ല.വിശ്വാസികളെ ഇന്ന് നയിക്കുന്നത് പലപ്പോഴും മതത്തിന്റെ പ്രാതിനിധ്യം അവകാശപ്പെട്ടു രംഗത്തുള്ള സംഘടനകളും അവയുടെ നേതാക്കളും ആണ്.ഇവരോടൊപ്പം തന്നെ 'ആശ്രമങ്ങളും', ആശ്രമാധിപന്മാരും കപട സിദ്ധന്മാരും ഒക്കെത്തന്നെ മതവിശ്വാസങ്ങളുടെ കമ്പോളവല്ക്കരണത്തില്‍ അവരുടെതായ പങ്കു വഹിക്കുന്നു.

സര്‍ക്കാരിന്ടെതും സര്‍ക്കാരിതര സംഘടനകളുടെതുമായി വെളിപ്പെടുത്തപ്പെട്ട ഭീമമായ സാമ്പത്തിക അഴിമതിക്കഥകള്‍ അമ്പരപ്പിക്കുന്നതാണ്. ൬൫ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കറ കളഞ്ഞ ഒരു അഴിമതി വിരുദ്ധ ബില്‍ പാസ്സാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നോര്‍ക്കുക. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തേണ്ടി വന്ന സമരം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതീയ ജനാധിപത്യത്തിനു സംഭവിച്ച മൂല്യച്യുതിയുടെ ഒരു വിളംബരം തന്നെ ആയിരുന്നില്ലേ?

ധാര്‍മികതയുടെ തകര്‍ച്ചയെ കുറിച്ചും മൂല്യച്യുതിയെക്കുരിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയത് സ്വാനുഭവങ്ങള്‍ എന്നതിലും ഏറെ മാധ്യമങ്ങളിലൂടെയാണെന്ന് നിസ്സംശയം പറയാം.പൊതു പ്രവര്‍ത്തകരോ ഭരണകൂടമോ തൊടാത്ത ഞെട്ടലുണ്ടാക്കുന്ന നിരവധി വിഷയങ്ങളില്‍ വീറോടെ പൊരുതിയിരുന്ന മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതിയോ? വാര്‍ത്തകള്‍ താമസ്കരിക്കപ്പെടുന്നു; ട്വിസ്റ്റ്‌ ചെയ്യപ്പെടുന്നു..ചിലപ്പോള്‍ ഒരേ സംഭവം പല പത്രങ്ങളില്‍ പലതരത്തില്‍; മറ്റു ചിലപ്പോള്‍ ഒരേ തെറ്റ് എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ..

ധീരമായ പത്രപ്രവര്‍ത്തനം വഴി ജനവിശ്വാസം ലക്‌ഷ്യം വെക്കുന്നവര്‍ അംഗുലീ പരിമിതം. മൂല്യവും ധാര്‍മികതയും പഴഞ്ചന്‍ അബദ്ധങ്ങള്‍ ആണിന്ന്. കേട്ടറിഞ്ഞ വിവരം ശരിയാണെങ്കില്‍ പത്രപ്രവര്‍ത്തന പരിശീലന പദ്ധതികളില്‍ ഒന്നും തന്നെ മീഡിയാ എത്തിക്സ് ഒരു വിഷയമായി വരുന്നില്ല; ഒറ്റപ്പെട്ട പ്രഭാഷണങ്ങളില്‍ അല്ലാതെ.

ഓര്‍മ്മ വരുന്നു, ഒരു പൊതു ചടങ്ങ്. വേദിയില്‍ നിലവിളക്ക്. ഒഴിക്കേണ്ട എണ്ണ ഏതെന്നോ, എത്ര തിരിയിടണം എന്നോ അറിയാതെ കൈകാര്യം ചെയ്ത് കരിന്തിരി കത്തുന്നു...പ്രധാന പരിപാടികളില്‍ ഒന്നായിരുന്ന പൊന്നാട അണിയിച് ആദരിക്കല്‍ പോലും മൂല്യച്യുതി വിളിച്ചോതി. സക്കാതിനു കാത്തു നില്‍ക്കുന്ന ദരിദ്രരെ പോലെ ക്യു നില്‍ക്കുകയായിരുന്നു, ആദരിക്കപ്പെടെണ്ടവര്‍. 

തിന്മയെ തിരസ്കരിക്കാനുള്ള മനോഭാവം പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ ആവാത്തിടത്തോളം സമൂഹം നേരിടുന്ന മൂല്യച്യുതി അനുസ്യൂതം തുടരും..അരാജകത്വം എന്ന അവസ്ഥയിലാവും ചെന്നെത്തുക. മൂല്യാധിഷ്ടിത മനോഭാവമുള്ള ഒരു നല്ല നാളെക്കായി നമുക്ക് പ്രാര്‍ഥിക്കാം-കാത്തിരിക്കാം.

പദ്മനാഭന്‍ തിക്കോടി 

3 comments:

  1. പ്രസക്തമായ ഒരു ലേഖനം....

    ReplyDelete
  2. അജ്ഞാതന്റെയായാലും അഭിപ്രായത്തെ മാനിയ്ക്കുന്നു.. നന്ദിയുണ്ട്..

    ReplyDelete
  3. വളരെ മനോഹരം !മികച്ച എഴുത്ത് !

    ReplyDelete