Friday, May 31, 2013

എന്റെ തിക്കോടി (2)


എന്റെ തിക്കോടി (2)


തിക്കോടിയോടുള്ള എന്റെ സ്നേഹം ലേശം അന്ധമാണെന്ന് എന്റെ ചില കൂട്ടുകാർ പറയുന്നു.
ആണോ?
എനിയ്ക്ക് അതത്ര ബോദ്ധ്യമായിട്ടില്ല...
തിക്കോടിയോടുള്ള ഈ സ്നേഹം കൊണ്ടാകാം തിക്കോടിയ്ക്ക് എന്തെങ്കിലും ചെറിയ സഹായം ചെയ്തവർ പോലും എനിയ്ക്ക് ആരാദ്ധ്യർ ....ഒപ്പം തിക്കോടിയിൽ നിന്നും പ്രശസ്തർ ആയവരും .....
തന്റെ ജീവിതസുഖങ്ങളേക്കാൾ തന്റെ പ്രസ്ഥാനത്തിന്റെ വളർച്ചയും തന്റെ സഹജീവികളുടെ ഉയർച്ചയും ആണ് മുഖ്യം എന്ന് കരുതിയിരുന്ന, 1979 മുതൽ 1984 വരെ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കുഞ്ഞമ്മദ് മാസ്റ്റർ എന്ന കെ എം കോമത്ത് എനിയ്ക്ക് ആരാദ്ധ്യൻ ആയതും അതുകൊണ്ട്‌ തന്നെ....
സമ്പന്നതയ്ക്കോ യാഥാസ്ഥിതികത്വത്തിനോ ഒട്ടും കുറവില്ലാതിരുന്ന ഒരു കുടുംബത്തിൽ ജനനം...
ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ സജീവം....
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രസംഗവേദികളിൽ സജീവ സാന്നിദ്ധ്യം ....
നല്ലൊരു സഹകാരി....
അദ്ധ്യാപക-കർഷക പ്രസ്ഥാനങ്ങളിൽ ജില്ലാ നേതൃത്വം ....
പെരുമാളപുരം സൌഹൃദവേദിയുടെ പ്രതാപകാലത്തെ ഗഹന സാഹിത്യ ചർച്ചകളിൽ നിറ സാന്നിദ്ധ്യം ...
അടുത്ത് ഇടപെട്ടവർക്കൊക്കെ നല്ല സ്മരണകൾ മാത്രം ....
നിരവധി കലാ കായിക മേളകളുടെ സംഘാടകൻ ...
മനസ്സിലും വചസ്സിലും നർമ്മം ....
നാടക കലാ പ്രതിഭ.....
പോരാളി....നേതാവ് ....
അദ്ധ്യാപക സംഘടനയിൽ കൂടെ പ്രവർത്തിയ്ക്കാൻ എനിയ്ക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് ....
ഇന്നും എന്നും സ്മരണയിൽ തിളങ്ങി നിൽക്കും കോമത്ത് ......

പദ്മനാഭൻ തിക്കോടി

പി. കുഞ്ഞിരാമന്‍ നായര്‍ : കവിതയ്ക്കു മാത്രമായി ഒരു ജന്മം.




മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്ന,
ആധുനികകാല കവികളില്‍ അടിമുടി കവി എന്ന് പരക്കെ വിവക്ഷിക്കപ്പെട്ടിരുന്ന, പി. കുഞ്ഞിരാമന്‍ നായര്‍ കാല യവനികയ്ക്കുള്ളിൽ മറഞ്ഞിട്ട്  മുപ്പത്തി അഞ്ചു വർഷം തികഞ്ഞു .
പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയായ പി കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി, ഏറെയെഴുതി- പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കി-ജീവിതവും കവിതയും ഉത്സവമാക്കി-
സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം..
കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിലെ ഒരു കർഷകകുടുംബമായ അടിയോടി വീട്ടിൽ ജനിച്ച കുഞ്ഞിരാമൻ നായർ നീലേശ്വരം, പട്ടാമ്പി സംസ്കൃത കോളേജ് , തഞ്ചാവൂർ സംസ്കൃത പാഠശാല എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി, ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പതിനാലാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. ആദ്യകവിത 'പ്രകൃതിഗീതം'.
പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 'നവജീവന്‍' എന്നൊരു പത്രം കുറേനാള്‍ നടത്തിയിരുന്നു.പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ പിന്നീട്ക്ലാസിക്കുകളായ കവിതകള്‍ രചിച്ചിട്ടുണ്ട്, പി.

1949-ല്‍ 'ഭക്തകവി'പ്പട്ടം. 1963-ല്‍ 'സാഹിത്യനിപുണ' ബിരുദം. 1968-ല്‍ 'താമരത്തോണി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 1959-ല്‍ 'കളിയച്ഛ'ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. (ഇതിന് മദ്രാസ് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്)
17 നാടകങ്ങള്‍, 6 കഥകള്‍, 5 ഗദ്യകവിതകള്‍, 5 ജീവചരിത്രങ്ങള്‍, 35 കവിതാസമാഹാരങ്ങള്‍, 5 ഖണ്ഡകാവ്യങ്ങള്‍, 3 ബാലസാഹിത്യകൃതികള്‍ പുറമേ ഒട്ടേറെ ചെറുപുസ്തകങ്ങള്‍ എന്നിവ പി യുടെതായി പ്രകാശിതമായിട്ടുണ്ട്.

പ്രധാന കവിതാസമാഹാരങ്ങള്‍
വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, ഓണസദ്യ, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, വസന്തോത്സവം, ചിലമ്പൊലി, രഥോത്സവം (2 ഭാഗങ്ങള്‍), തൃക്കാക്കരയ്ക്കു പോം പാതയേതോ....

ആത്മകഥകള്‍
കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെത്തേടി, എന്നെത്തിരയുന്ന ഞാന്‍.

കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ ഈ മഹാകവി തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
സ്മരിയ്ക്കുന്നു, ആ പ്രതിഭാധനനെ, ആദരവോടെ ....

പദ്മനാഭൻ തിക്കോടി

പുകഞ്ഞ (പുകയുന്ന ) കൊള്ളി പുറത്ത്

പുകഞ്ഞ (പുകയുന്ന ) കൊള്ളി പുറത്ത് 

മുടിയന്മാരായ മക്കളെ കരുതി പണ്ട് കാരണവന്മാർ പറയാറുണ്ടായിരുന്നു - പുകഞ്ഞ കൊള്ളി പുറത്ത്. ഇക്കാലത്ത് അത്തരം മുടിയന്മാരും കാരണവന്മാരും നിറഞ്ഞ തറവാടുകൾ കുറവ്-ന്യൂക്ലിയർ ഫേമിലി ആണല്ലോ എങ്ങും.

നമുക്ക് പക്ഷെ ഇനിയും ഇത് പറയാം.ഈ പുകയുന്ന കൊള്ളിയുടെ വഴി പുറത്തേക്കു തന്നെ. മുടിയന്മാരായ മക്കളോ മരുമക്കളോ അല്ല ഇവിടെ വിവക്ഷ... പുകയുന്ന സിഗരറ്റുകൾ.

വിശ്വസിയ്ക്കാൻ പ്രയാസം തോന്നും-പുകയില ജന്യ രോഗങ്ങളുടെ management നായി ഭാരത സർക്കാരിന് വർഷം തോറും ചെലവാക്കേണ്ടിവരുന്ന തുക, പുകയില ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന നികുതി, ഡ്യൂട്ടി ഇവയുടെ നാലിരട്ടിയിൽ ഏറെ വരും.പുകയില ഉപയോഗം എന്നാൽ പുകവലിയും വെറ്റില മുറുക്കും മാത്രമല്ല..പൊടിവലി, ഹാൻസ് ഇതൊക്കെ വരും.ഭാരതത്തിലെ പുകയില ഉപഭോക്താക്കളിൽ നാല്പ്പത് ശതമാനത്തിലേറെ പൊടി വലിക്കുന്നവരോ മുറുക്കുന്നവരോ ആണ്. WHO  പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒന്നര കോടിയോളം കുട്ടികൾ ബന്ധുക്കളുടെ ധൂമപാനം മൂലം പുക ശ്വസിയ്ക്കാൻ വിധിയ്ക്കപ്പെട്ടവരാണ്. smoking ലൂടെ ശരീരത്തിൽ എത്തുന്ന നാനൂറോളം രാസവസ്തുക്കളിൽ പാതിയും വിഷവസ്തുക്കളാണ്.ഇതിൽ 40 -ലേറെ ഘടകങ്ങൾ അർബുദരോഗം ഉണ്ടാക്കുന്നവയും..പക്ഷാഘാതം,ഹൃദയാഘാതം, അമിത രക്തസമ്മർദ്ദം ഇവയുണ്ടാക്കുന്ന വസ്തുക്കളും നിരവധി.

പുക വലിയ്ക്കുന്ന സ്ത്രീകളുടെ കുട്ടികളിൽ 'തൊട്ടിൽ മരണ' സാധ്യത കൂടുതലാണത്രേ.

നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന പുകവലി പൂർണമായും ഉപേക്ഷിച്ചേ പറ്റൂ -
 പറയാം നമുക്ക് - പുകഞ്ഞ (പുകയുന്ന) കൊള്ളി പുറത്ത്.

പദ്മനാഭൻ തിക്കോടി