Friday, May 31, 2013

പി. കുഞ്ഞിരാമന്‍ നായര്‍ : കവിതയ്ക്കു മാത്രമായി ഒരു ജന്മം.




മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്ന,
ആധുനികകാല കവികളില്‍ അടിമുടി കവി എന്ന് പരക്കെ വിവക്ഷിക്കപ്പെട്ടിരുന്ന, പി. കുഞ്ഞിരാമന്‍ നായര്‍ കാല യവനികയ്ക്കുള്ളിൽ മറഞ്ഞിട്ട്  മുപ്പത്തി അഞ്ചു വർഷം തികഞ്ഞു .
പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ കവിയുണ്ടാവില്ല. തനി കേരളീയ കവിയായ പി കഥകളിയെപ്പറ്റി, അരങ്ങിനെപ്പറ്റി, ഉത്സവങ്ങളെപ്പറ്റി, ഭക്തിയെപ്പറ്റി, ഓണത്തെപ്പറ്റി, പനകളെപ്പറ്റി, പൂക്കളെപ്പറ്റി, ഏറെയെഴുതി- പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കി-ജീവിതവും കവിതയും ഉത്സവമാക്കി-
സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം..
കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിലെ ഒരു കർഷകകുടുംബമായ അടിയോടി വീട്ടിൽ ജനിച്ച കുഞ്ഞിരാമൻ നായർ നീലേശ്വരം, പട്ടാമ്പി സംസ്കൃത കോളേജ് , തഞ്ചാവൂർ സംസ്കൃത പാഠശാല എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി, ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പതിനാലാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. ആദ്യകവിത 'പ്രകൃതിഗീതം'.
പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 'നവജീവന്‍' എന്നൊരു പത്രം കുറേനാള്‍ നടത്തിയിരുന്നു.പത്രമാപ്പീസിലിരുന്നും തീവണ്ടിയിലിരുന്നുമൊക്കെ പിന്നീട്ക്ലാസിക്കുകളായ കവിതകള്‍ രചിച്ചിട്ടുണ്ട്, പി.

1949-ല്‍ 'ഭക്തകവി'പ്പട്ടം. 1963-ല്‍ 'സാഹിത്യനിപുണ' ബിരുദം. 1968-ല്‍ 'താമരത്തോണി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 1959-ല്‍ 'കളിയച്ഛ'ന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. (ഇതിന് മദ്രാസ് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്)
17 നാടകങ്ങള്‍, 6 കഥകള്‍, 5 ഗദ്യകവിതകള്‍, 5 ജീവചരിത്രങ്ങള്‍, 35 കവിതാസമാഹാരങ്ങള്‍, 5 ഖണ്ഡകാവ്യങ്ങള്‍, 3 ബാലസാഹിത്യകൃതികള്‍ പുറമേ ഒട്ടേറെ ചെറുപുസ്തകങ്ങള്‍ എന്നിവ പി യുടെതായി പ്രകാശിതമായിട്ടുണ്ട്.

പ്രധാന കവിതാസമാഹാരങ്ങള്‍
വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, ഓണസദ്യ, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, വസന്തോത്സവം, ചിലമ്പൊലി, രഥോത്സവം (2 ഭാഗങ്ങള്‍), തൃക്കാക്കരയ്ക്കു പോം പാതയേതോ....

ആത്മകഥകള്‍
കവിയുടെ കാല്പാടുകള്‍, നിത്യകന്യകയെത്തേടി, എന്നെത്തിരയുന്ന ഞാന്‍.

കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ ഈ മഹാകവി തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
സ്മരിയ്ക്കുന്നു, ആ പ്രതിഭാധനനെ, ആദരവോടെ ....

പദ്മനാഭൻ തിക്കോടി

No comments:

Post a Comment