Sunday, June 16, 2013

എന്റെ വായനാനുഭവങ്ങൾ (ഒന്ന്)



എന്റെ വായനാനുഭവങ്ങൾ (ഒന്ന്)

പദ്മനാഭൻ തിക്കോടി 

സൂര്യ കൃഷ്ണമൂര്‍ത്തിയെ ഞാൻ ആദ്യം അറിയുന്നത് ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ,നിരവധി കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വജീവിതം തന്നെ കലയ്ക്കു വേണ്ടി മാറ്റി വച്ച ഒരു വലിയ മനുഷ്യന്‍ എന്ന നിലയിലാണ്.വിശദമായി അറിയുന്നത്, ആ കലാജീവിതം അദ്ദേഹത്തിന് നല്‍കിയ വിഭിന്നങ്ങളായ അനുഭവങ്ങൾ ഏതാനും കുറിപ്പുകളിലൂടെ വായന ശീലമാക്കിയവർക്ക് ഒരു ശ്രേഷ്ഠമായ ഒരനുഭൂതി സമ്മാനിച്ചു കൊണ്ട് കലാ കൌമുദി വാരികയിലൂടെ പുറത്തുവന്ന ‘മുറിവുകള്‍’ വായിച്ചു തുടങ്ങിയത് മുതലും.

വാരികകൾ കിട്ടിയാൽ ഉടനെ വായിക്കുക എന്നത് - പ്രത്യേകിച്ച് നോവലുകളും തുടർച്ചയായി പ്രസിദ്ധീകരിയ്ക്കുന്ന മറ്റിനങ്ങളും - ഒരു ശീലമല്ലാതിരുന്ന എനിയ്ക്ക് ആ പതിവ് മാറ്റേണ്ടിവന്നു, ഈ വായന മുതൽ.

മുറിവുകൾ ജീവിതത്തിൽ ഏറ്റു വാങ്ങാത്തവർ ഉണ്ടാവില്ല; വലിപ്പത്തിനും കാഠിന്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.എന്നാൽ സൂര്യ കൃഷ്ണമൂര്‍ത്തിയ്ക്കുണ്ടായ മുറിവുകളോർത്താൽ എനിയ്ക്ക് ലഭിച്ചത് പോറലുകൾ മാത്രം.

കൃഷ്ണമൂര്‍ത്തിയുടെ ഈ കുറിപ്പുകളിലൊക്കെ തന്നെ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന നിരവധി സത്യങ്ങളുണ്ട്; നാടകീയ മുഹൂർത്തങ്ങൾ ഉണ്ട്; കണ്ണ് നനയിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്... എന്നെ ഏറെ സ്പർശിച്ച ഒരു കുറിപ്പായിരുന്നു 'അച്ഛന്റെ മരണം'

അച്ഛൻ മരിച്ചു കിടക്കുന്നു. മൂർത്തിയുടെ കയ്യിൽ അമർത്തി പിടിച്ചിരിക്കുന്നു. ജീവച്ഛവം പോലെ ഇരിയ്ക്കുകയാണ് അമ്മ - കരയുന്നില്ല, അനങ്ങുന്നു പോലുമില്ല.അദ്ദേഹം അമ്മയെ നോക്കി പറഞ്ഞു: അച്ഛൻ പോയി, വേദനയൊന്നും അനുഭവിയ്ക്കാതെയല്ലേ പോയത്?വിഷമിയ്ക്കരുത്. ഭാഗ്യമായി കരുതണം.

കേട്ട ഭാവമില്ല. ഒരു പക്ഷെ അദ്ദേഹം അടുത്ത് ചെന്നാൽ അമ്മ കരഞ്ഞേക്കാം. തന്റെ കൈയിൽ മുറുകെ പിടിച്ച അച്ഛന്റെ കൈകൾ മാറ്റി എഴുന്നേറ്റു പോകാൻ വയ്യാത്ത അവസ്ഥ.

അമ്മ കരഞ്ഞില്ലെങ്കിൽ മറ്റൊരു മരണം കൂടി കാണേണ്ടി വരുമോ എന്ന
ഭീതി. ... ബന്ധുവായ ഏതെങ്കിലും സ്ത്രീയെ വിളിച്ചു കൊണ്ടുവരാൻ കൂടി നിന്നിരുന്ന സഹപ്രവർത്തകരിൽ ഒരാളോട് പറഞ്ഞു, എങ്ങനെയും അമ്മയെ കരയിക്കണം.

പാഞ്ഞെത്തിയ സ്ത്രീ "എത്രയോ നാളായി കാത്തിരുന്നു ചെയ്യുന്ന പ്രവൃത്തി പോലെ, മറ്റെല്ലാം ഇതിനു ശേഷം എന്ന പോലെ, ഒരു വലിയ മോഹത്തിന്റെ സാക്ഷാത്കാരം പോലെ അമ്മയുടെ അടുത്തേയ്ക്ക് ചെന്ന് അമ്മയുടെ നെറ്റിയിലെ പൊട്ട് മായ്ച്ചു കളഞ്ഞു... എന്നിട്ടും മതി വരാതെ നെറ്റിയിൽ ബാക്കിയുള്ള കുങ്കുമവും തുടച്ചെടുത്തു.
അമ്മ ഒന്നും മിണ്ടുന്നില്ല. ഒരേ ഇരുപ്പ്. അച്ഛൻ മരിച്ചിട്ട് മിനുട്ടുകളെ ആയുള്ളൂ. എന്നിരുന്നാലും വിധവ എന്ന മുദ്ര കുത്താനാണ്‌ ധൃതി ..."

ഒരു പുരുഷനായിരുന്നു വന്നിരുന്നതെങ്കിൽ ഈ ക്രൂരത അമ്മയോട് കാട്ടുമായിരുന്നില്ല എന്ന് വിശ്വസിയ്ക്കുന്ന അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:

സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീയാണെന്ന തിരിച്ചറിവുണ്ടായ നിമിഷമായിരുന്നു, അത്.

മനുഷ്യമനസ്സാക്ഷിയ്ക്കേറ്റ മുറിവുകൾ തന്നെയാവുന്നു, ഇതിലെ എല്ലാ കുറിപ്പുകളും. മുറിവുകളുടെ ആഘാതത്തോടൊപ്പം കൗതുകമാർന്ന ഒരു വായനാനുഭവത്തിന്റെ ആഹ്ലാദവും ഈ കുറിപ്പുകൾ നമുക്കേകുന്നു.

---------------

No comments:

Post a Comment