Thursday, June 20, 2013

എന്റെ തിക്കോടി ( മൂന്ന് )



എന്റെ തിക്കോടി ( മൂന്ന് )

പദ്മനാഭൻ തിക്കോടി 

  1989 സപ്തംബർ 23 ന് മാതൃഭൂമിയിൽ ഒരു പരസ്യം കാണുമ്പോഴാണ് എന്റെ നാട്ടിലെ - അതെ, തിക്കോടിയന്റെയും  ബി.എം. ഗഫൂറിന്റെയും നാടായ എന്റെ തിക്കോടിയിലെ, എന്റെ വീട്ടിനടുത്തുള്ള, എന്റെ വീടുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ കൊല്ലന്റെ കണ്ടിയിലെ കൊച്ചു കാർടൂണിസ്റ്റ് സംസ്ഥാനമൊട്ടുക്കും അറിയപ്പെടാൻ പോകുന്നു എന്നറിയുന്നത്....അതെ, ഇന്നത്തെ പ്രശസ്ത cartoonist ഗോപികൃഷ്ണന്റെ ഒരു കാർടൂണ്‍ പരമ്പര ഗൃഹലക്ഷ്മി മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന്റെ പരസ്യമായിരുന്നു അത് - സമാജം സരോജം. സാക്ഷാൽ എം ടി പത്രാധിപരായിരുന്ന സമയമായിരുന്നു അത് എന്നത്, എന്റെ സന്തോഷം ഇരട്ടിപ്പിച്ചു.  


  തിക്കോടി പോലെയുള്ള ഒരു ഗ്രാമത്തിലെ പഴയ ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചു വളർന്ന ചെറിയ ഒരു കുട്ടി എപ്പോഴും വരച്ചുകൊണ്ടിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിയ്ക്കുമല്ലോ..പ്രത്യേകിച്ചും വരയ്ക്കുന്നത് വീടിന്റെ കോലായിലും മുറ്റത്തെ പൂഴിയിലുമാവുമ്പോൾ. "വരച്ചു മുറ്റം വൃത്തികേടാക്കല്ലേടാ" എന്ന് വഴക്ക് പറയുമായിരുന്നു, വീട്ടിലുണ്ടായിരുന്ന ഒരമ്മാവൻ. എന്നാൽ അവധിക്കാലത്ത്‌ വീട്ടിലെത്താറുള്ള മറ്റൊരമ്മാവൻ അവന് ആർ കെ ലക്ഷ്മണിനെ പറ്റിയൊക്കെ പറഞ്ഞു പരിചയപ്പെടുത്തി.ഈ അമ്മാവൻ അവനെ ആദ്യമായി 'കാർടൂണിസ്റ്റ്' എന്ന് വിളിച്ചു..... അവന് അഞ്ചു വയസ്സുള്ളപ്പോൾ വീട്ടിലേയ്ക്ക് എഴുതിയ ഒരു കത്തിൽ 'നമ്മുടെ കാർടൂണിസ്റ്റ് ഗോപികൃഷ്ണൻ എന്ത് പറയുന്നു?' എന്ന് ചോദിച്ചു.  ഈ അഞ്ചുവയസ്സുകാരന്റെ കോലായിലും മുറ്റത്തും നോട്ട്ബുക്കിലുമായി ചിതറിക്കിടന്ന  ആദ്യകാലസൃഷ്ടികള്‍ വെളിച്ചം കണ്ടുവോ എന്നറിയില്ല. എന്നാൽ സ്കൂൾ പഠനകാലത്ത് തന്നെ  ഗോപിയുടെ കാര്‍ട്ടൂണ്‍ കളരിയും രൂപപ്പെട്ടു... യുവജനോത്സവത്തില്‍, കവി കൂടിയായ ഹെഡ്മാസ്റ്റര്‍ മൂടാടി ദാമോദരന്‍ മാഷെത്തന്നെ വരച്ച് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാമനായി.


   കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിൽ കണക്കുമായി നല്ല ബന്ധമില്ലാത്ത ഗോപി ചേർന്നത്‌ ഫോർത്ത് ഗ്രൂപ്പിനാണ്... സജീവ ശ്രദ്ധ കവിതയെഴുത്തിലും കാർടൂണിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലുമൊക്കെയായതിനു വേറെ കാരണം തേടേണ്ടല്ലോ. ആയിടെ വരച്ചു കളഞ്ഞ ഒരു കാര്‍ട്ടൂണ്‍, വീട് അടിച്ചുവാരുമ്പോൾ ഗോപിയുടെ അമ്മയ്ക്ക് കിട്ടി. അമ്മ അത് അച്ഛനെ കാണിച്ചുകൊടുത്തു.ഇതാണ് തൻറെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വരാൻ കാരണമായത്‌ എന്ന് ഗോപി പറഞ്ഞിട്ടുണ്ട്. ഡിഗ്രി രണ്ടാം വർഷമായപ്പോഴാണ് ഇത്. വരയാണ് തനിയ്ക്ക് ചേർന്ന പണി എന്ന് ഗോപിയ്ക്കും വീട്ടുകാർക്കും അപ്പോഴേയ്ക്കും തോന്നിത്തുടങ്ങിയിരുന്നു. യോഗം പോലെ വരട്ടെ എന്ന നിലപാടിലായി, എല്ലാവരും.

     മലയാളിയ്ക്ക് ഇന്ന് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞ 'കാകദൃഷ്ടി' പിറവിയെടുക്കുന്നതിനു മുമ്പ് ചന്ദ്രികയിലും കേരളകൗമുദിയിലും കാലിക്കറ്റ് ടൈംസിലും ജനയുഗത്തിലുമൊക്കെ വരച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു നര്‍മബോധമുണ്ടെങ്കില്‍ അത് ജനിതകമാണെന്നു ഗോപീകൃഷ്ണന്‍ വിശ്വസിക്കുന്നു. 

 കേരളകൗമുദി തിരുവനന്തപുരം യൂണിറ്റില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു ആദ്യം. ഇപ്പോള്‍ മാതൃഭൂമിയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്. നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്..തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെയും കേരള സർക്കാരിന്റെയും Art & Cultural Movement of India യുടെയും ഉൾപ്പെടെ. 

   മുഖം നോക്കാതെയുള്ള നിശിതമായ വിമര്‍ശനവും തെളിമയുള്ള നര്‍മബോധവും  ഗോപീകൃഷ്ണനെ മറ്റു മലയാള പത്രങ്ങളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നു എന്നെനിയ്ക്ക് തോന്നാറുണ്ട്. ഇന്ന് കേരളത്തിലുള്ളവരിൽ ഏറ്റവും ജനകീയനായ കാർട്ടൂണിസ്റ്റ് എന്ന് ഞാൻ ഗോപിയെ വിളിയ്ക്കും. വരിയ്ക്ക് ചേർന്ന വരയും, വരയ്ക്കു ചേർന്ന വരിയും - ഗോപികൃഷ്ണന്റെ സൃഷ്ടികളെ ഇങ്ങനെ വിശേഷിപ്പിയ്ക്കാനാണ് എനിയ്ക്കിഷ്ടം.  

    സമകാലികത ഗോപിയുടെ കാര്‍ട്ടൂണുകളില്‍ ഏറെ തെളിഞ്ഞു കാണാം. സിനിമയും പാട്ടും സാഹിത്യവും നന്നായി ഉപയോഗിക്കുന്നുമുണ്ട്. സിനിമാപ്പേരും പുതിയ സിനിമാപ്പാട്ടുമൊക്കെ അതില്‍ സുലഭം. ഏതു വിഷയമെടുത്താലും ഗോപീകൃഷ്ണന്‍ പുലര്‍ത്തുന്ന രാഷ്ട്രീയബോധവും നര്‍മബോധവും ഔന്നത്യം പുലർത്തുന്നതു തന്നെ. കാകദൃഷ്ടിയിലൂടെയും സണ്‍‌ഡേ സ്ട്രോക്സിലൂടെയും ഈ തിക്കോടിക്കാരൻ പ്രകടിപ്പിയ്ക്കുന്നത് അനന്യമായ ചില കഴിവുകൾ- വ്യത്യസ്ത വിഷ്വലുകളില്‍നിന്ന് സമാനരൂപങ്ങളും അര്‍ഥങ്ങളും ഉണ്ടാക്കൽ, പലരും പച്ചയായി വരച്ചു മോശമാക്കിയ ആശയങ്ങളെ കുറിച്ചുള്ള വേറിട്ട ചിന്തകൾ, ചിരിയ്ക്കാനും ചിന്തിയ്ക്കാനും
പ്രേരിപ്പിയ്ക്കുന്ന നിരവധി concept കൾ ഒളിപ്പിച്ചു വെയ്ക്കുന്ന സര്‍ഗപരതയുടെ മാജിക് എന്ന് വിശേഷിപ്പിയ്ക്കാവുന്ന കരവിരുത്.  

    മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ കാർട്ടൂണുകൾ ഉണ്ട് -  തിലകന് സിനിമയില്‍ അഭിനയിക്കുന്നതിനു വിലക്കു പ്രഖ്യാപിച്ച 'അമ്മ'യിലെ താരങ്ങളെല്ലാം തിലകന്‍ മരിച്ചതറിഞ്ഞ് കെട്ടിപ്പിടിച്ചു വിലപിക്കുന്നതും, ഉയരെ ആകാശങ്ങളില്‍നിന്ന് തിലകന്റെ ആത്മാവ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലെ 'ഉവ്വ, ഉവ്വ' എന്നു പരിഹസിക്കുന്നതുമായ ചിത്രം,  'ഡോട്ട് കോം വാര്‍ഡ്.'  വി.എസ്സിന്റെ യോഗാ പോസുകളിലൂടെ എ.ഡി.ബി. എന്നെഴുതിയ കാർട്ടൂണ്‍, 'മുളയിലേ നുള്ളിക്കളഞ്ഞപ്പോള്‍... കുരുവിള' എന്ന കാര്‍ട്ടൂണ്‍......... ഹൈക്കോടതിച്ചിത്രത്തില്‍നിന്നു കര്‍ദിനാള്‍ തൊപ്പി ഉണ്ടായതും ടി വിയിലെ ലോകകപ്പ് ഫുട്‌ബോള്‍ ലോഗോയില്‍നിന്ന് ക്ലോസറ്റ് ഉണ്ടാവുന്നതും ആരെയാണ് രസിപ്പിയ്ക്കാത്തത്?

    ഗോപികൃഷ്ണന്റെ മുന്നൂറിലേറെ കാർടൂണുകൾ സമാഹരിച്ച് മാതൃഭൂമി ഒരു ഗ്രന്ഥം പുറത്തിറക്കിറക്കിയിട്ടുണ്ടിപ്പോൾ - നിരവധി കഥാപാത്രങ്ങളുടെയും അതിലേറെ ചിന്താഗംഭീരനര്‍മങ്ങളുടെയും ഒരു മേളനം ..മറിച്ചു നോക്കി കഴിയുമ്പോൾ ഒരു ശ്രീനിവാസൻ സിനിമ കാണുമ്പോഴുള്ള സുഖം പ്രദാനം ചെയ്യുന്ന ഒരു പുസ്തകം.
    രാഷ്ട്രീയപ്രശ്നങ്ങളുടെ തടവറയിൽ നിന്നും  നമ്മുടെ പത്ര കാര്‍ട്ടൂണിനെ പുതിയൊരു സരണിയിലേയ്ക്ക് നയിച്ചവരിൽ പ്രധാനിയായ ഈ തിക്കോടിക്കാരന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
---------------------------------------

No comments:

Post a Comment