ക്യാമറ കൊണ്ട് കവിതകള്‍ രചിച്ച മഹാനായ കലാകാരന്‍
മദ്രാസ് നഗരത്തെ കുറിച്ച് ഒരു ഡോക്യുുമെന്‍ഡറി- വിഖ്യാതനായ കെ സി എസ് പണിക്കര്‍ ബ്രഷ് കൊണ്ട് ചിത്രമെഴുതുന്ന ഒരു സീന്‍ ഉണ്ടതില്‍. ഒരു വിയര്‍പ്പുുതുള്ളിയാണ് ഇതില്‍ പണിക്കരുടെ കലാമനസ്സായി ഇറ്റുുവീഴുന്നത്. അറിയാം പലര്‍ക്കും, ആ സര്‍ഗാത്മകമനസ്സ് പ്രേക്ഷകന് ഇത്രയും ഭാവോജ്വലമായി എത്തിച്ചു കൊടുത്ത പ്രതിഭാധനനായ ഈ ഛായാഗ്രാഹകനെ....ഏറ്റെടുത്ത സൃഷ്ടികളെല്ലാം ഉന്നതങ്ങളാക്കിയ, സംസ്ഥാനതലത്തിലും ദേശീയ തലത്തിലും തന്‍റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച പ്രശസ്ത കലാകാരന്‍, മങ്കട രവിവര്‍മ്മ.
ക്യാമറ കൊണ്ട് രവിവര്‍മ്മ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയത് ഒരുതരം ദൈവികത ചൂഴ്ന്നു നില്‍ക്കുന്ന ദൃശ്യങ്ങളും നിറങ്ങളും. സിനിമയുടെ പൊതു വഴിയിലൂടെ അദ്ദേഹം സഞ്ചരിച്ചില്ല. അക്കാലത്തെ ചലച്ചിത്രസംസ്കാരത്തിന്‍റെ പൊതു സ്വഭാവങ്ങള്‍ക്ക് അദ്ദേഹം മുഖം കൊടുത്തില്ല.. കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. . തന്‍റെ കലാജീവിതം ഏതെങ്കിലും ചെറിയൊരു മണ്ഡലത്തില്‍ ഒതുക്കാന്‍ ആകുമായിരുന്നില്ല... സാഹിത്യം, തത്വശാസ്ത്രം, ചിത്രകല എന്നിവയൊക്കെ ഇരിപ്പിടമുറപ്പിച്ച ആ പ്രതിഭാശാലിയുടെ മാനസിക ജീവിതത്തിന് കരുത്തുപകര്‍ന്നത് അവസാനിയ്ക്കാത്ത വിജ്ഞാന തൃഷ്ണ തന്നെ. പരന്ന വായനയും ചിന്തയും തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. സിനിമയെക്കുറിച്ച് എങ്ങനെ എഴുതണം എന്ന് കാണിച്ചുതരുന്ന പ്രൌഢഗംഭീരമായ രചനകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്... 'ചിത്രം ചലച്ചിത്രം' എന്ന പുസ്തകം സിനിമയെ അധികരിച്ചു രചിച്ച മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡു നേടിയിട്ടുണ്ട്. ഇവയ്ക്കു പുറമെ ഇടയ്ക്കൊക്കെ ചില കഥകളും എഴുതിയിട്ടുണ്ട് എന്നത് അധികമാരും അറിയില്ല എന്ന് തോന്നുന്നു.
ആദ്യ ചിത്രം അസീസിന്റെ 'അവള്‍' [1966]..എന്നാല്‍ മലയാളികളായ സിനിമാ പ്രേക്ഷകര്‍ ആദ്യമായി മങ്കട രവിവര്‍മയെ അറിയുന്നത് 1970 ല്‍ പുറത്തിറങ്ങിയ പി എന്‍ മേനോന്‍റെ 'ഓളവും തീരവും' എന്ന ചലച്ചിത്ര കാവ്യത്തിലൂടെയാണ്. സ്റ്റുഡിയോ ഫ്ലോറുകളുടെ നാല് ചുവരുകളില്‍ നിന്നും സിനിമയെ മോചിപ്പിച്ച ആദ്യ ചിത്രം.. ഷൂട്ടിംഗ് പൂര്‍ണ്ണമായും ഔട്ട് ഡോറില്‍ .. കൃത്രിമപ്രകാശങ്ങളുടെ സഹായമില്ലാതെയാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. . ലഭ്യമായ വെളിച്ചം പരമാവധി ഉപയോഗിച്ചു..മങ്ങിയ വെളിച്ചം പോലും പടത്തിന്റെ നേട്ടത്തിനായി പ്രയോജനപ്പെടുത്തി.. മലയാള സിനിമയില്‍ ഒരു നൂതന ഫ്രെയിംവര്‍ക്കും സൌന്ദര്യ ആസ്വാദന ശാസ്ത്രവും പിറവിയെടുക്കുന്നത് ഈ അഭ്രകാവ്യത്തിലൂടെയാണ്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ വര്‍മയെ തേടിയെത്തി..
സിനിമയെ അധികരിച്ച് വര്‍മ 'സമീക്ഷ'യില്‍ എഴുതിയിരുന്ന ഒരു ലേഖനം വായിയ്ക്കാന്‍ ഇടയായ അടൂര്‍ ഗോപാലകൃഷ്ണന്‍, താന്‍ എഡിറ്ററായ FTII പ്രസിദ്ധീകരിയ്ക്കുന്ന മാഗസിനിലേയ്ക്ക് ഒരു ലേഖനം എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് എഴുതുന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ദീര്‍ഘകാലസൌഹൃദം ആരംഭിയ്ക്കുന്നത്. തന്‍റെ സ്വയംവരം ചെയ്യാന്‍ വര്‍മയോട് അപേക്ഷിച്ചു,അടൂര്‍. നിരവധി ദേശീയ അന്തര്‍ ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ സ്വയംവരം വര്‍മയെ കൂടുതല്‍ പ്രശസ്തനാക്കി.
അടൂരിന്റെ സ്വന്തം ക്യാമറാമാന്‍ എന്ന് പ്രസിദ്ധനായി പിന്നീട്.. അടുപ്പമുള്ളവര്‍ രവിയേട്ടന്‍ എന്ന് വിളിയ്ക്കുന്ന രവിവര്‍മ്മ, അടൂരിന്റെ ആദ്യ ചിത്രമായ 'സ്വയംവരം' മുതല്‍ 'നിഴല്‍കൂത്ത്' വരെയുള്ള എല്ലാ പ്രൊജക്ടുകളിലും കൂടെയുണ്ടായിരുന്നു- അസുഖം കാരണം കിടപ്പിലാവുന്നത് വരെ.. ഈ സൃഷ്ടികള്‍ ഒക്കെ തന്നെ രവിവര്‍മയുടെ സ്ഥാനം വെറും ഛായാഗ്രാഹകന്റേതു മാത്രമായിരുന്നില്ല എന്ന് വിളിച്ചു പറയുന്നുണ്ടെന്ന് അടൂര്‍ പറഞ്ഞിട്ടുണ്ട്-ക്യാമറയും കലാബോധവും ആത്മാര്‍പ്പണ മനോഭാവവും ഇഴ പിരിയാതെ ചേര്‍ന്ന് കിടക്കുന്നു.
അടൂരിന്റെ 9 ചിത്രങ്ങളും അരവിന്ദന്റെ 'ഉത്തരായനം', അസീസിന്റെ അവള്‍, മേനോന്‍റെ 'ഓളവും തീരവും', എന്നിവയും മലയാളത്തില്‍ ചെയ്ത വര്‍മ തമിഴില്‍ രാജാജിയുടെ ഒരു കഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട 'ദിക്കറ്റ് റ പാര്‍വതി' യിലും മികവുറ്റ ദൃശ്യഭാഷയൊരുക്കിയിട്ടുണ്ട്. ഈ പടത്തെ പരാമര്‍ശിച്ച് രവിവര്‍മ പറയുകയുണ്ടായി: സിനിമയ്ക്ക് മാതൃഭാഷയില്ല.
ഇദ്ദേഹത്തിന്റെ 6 ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. . 2 ദേശീയ അവാര്‍ഡുകളും .
2005 ല്‍ ജെ സി ദാനിയല്‍ അവാര്‍ഡു നല്‍കി സംസ്ഥാനം ഇദ്ദേഹത്തെ ആദരിച്ചു.
ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമെ നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുുമെന്ററികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്..കൃഷ്ണനാട്ടം, കലാമണ്ഡലം ഗോപി [ഇതിനു ദേശീയ പുരസ്കാരം ലഭിച്ചു], കൂടിയാട്ടം, ചോള ഹെറിറ്റേജ്, യക്ഷഗാനം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം.
രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്, വര്‍മ.. 'നോക്കുകുത്തി'യും 'കുഞ്ഞിക്കൂന'നും .. ഇതില്‍ 1984 ല്‍ ഇറങ്ങിയ നോക്കുകുത്തി സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടി. കവിതയിലൂടെ കഥാപാത്രങ്ങള്‍ സംസാരിച്ച, എം ഗോവിന്ദന്റെ കാവ്യത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച 'നോക്കുകുത്തി' കവിതയുടെയും സംഗീതത്തിന്റെയും ചിത്രകലയുടെയും സജീവ മേളനമായിരുന്നു. ഇന്നും ആഹ്ലാദമുണ്ട്, ആ പടത്തിന്റെ ഒരു പ്രീവ്യൂ പ്രദര്‍ശനം കാണാന്‍ കഴിഞ്ഞത്.
36 വര്‍ഷം സിനിമാമേഖലയിലും സ്വതന്ത്ര ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും സജീവമായിരുന്ന ശ്രീ വര്‍മ അവിവാഹിതനായിരുന്നു.
മലപ്പുറം ജില്ലയിലെ മങ്കടയില്‍ എ എം പരമേശ്വരന്‍ ഭട്ടതിരിപ്പാട്-കെ കെ തമ്പുരാട്ടി ദമ്പതികളുടെ മകനായി 1926 ജൂണ്‍ 4 ന് ജനിച്ച രവിവര്‍മയ്ക്ക് കുട്ടിക്കാലത്തുതന്നെ ഫോട്ടോഗ്രാഫിയില്‍ അതീവ താല്‍പര്യമായിരുന്നു. ബിരുദപഠനം കഴിഞ്ഞ് മദ്രാസിലെ insitute of film technology[FTTI] യില്‍ നിന്നും മോഷന്‍ പിക്ചര്‍ ഫോട്ടോഗ്രാഫിയില്‍ പരിശീലനം നേടി.
2002 ല്‍ നിഴല്‍ക്കൂത്തിന്റെ ചിത്രീകരണം അവസാനിയ്ക്കാറാവുമ്പോഴാണ് അസുഖബാധിതനാകുന്നത്.[ഈ ചിത്രം വര്‍മയുടെ ഏറ്റവും നല്ല വര്‍ക്കായാണ് അടൂര്‍ എടുത്തു പറഞ്ഞിരുന്നത്]. വര്‍ഷങ്ങളോളം അള്‍ഷിമേഴ്സ് ബാധിച്ചു കിടപ്പിലായ വര്‍മ രണ്ടായിരത്തി പത്ത് നവംബര്‍ ഇരുപത്തി രണ്ടിന് ചെന്നൈയില്‍ അന്തരിച്ചു എന്നറിഞ്ഞപ്പോഴും ഇപ്പോഴും എന്‍റെ മനസ്സ് പറയുന്നു- ഇല്ല, വര്‍മ മരിച്ചിട്ടില്ല .. അദ്ദേഹം ജീവിയ്ക്കുന്നു, കലാസ്വാദകരുടെ മനസ്സില്‍.
പദ് മനാഭന്‍ തിക്കോടി
മങ്കട രവിവര്‍മയെ അടുത്തറിയാന്‍ ഈ പോസ്റ്റ് സഹായിച്ചു.. നല്ല ഭാഷ....
ReplyDeleteനന്ദി, ചന്ദ്രന്..
Delete