Monday, September 30, 2013

എന്‍റെ തിക്കോടി (അഞ്ച് )

ഈ ചിത്രങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും 



 പാതി അറ്റുപോയ ഇടതുകൈ നെഞ്ചോട് ചേര്‍ത്ത് അതില്‍ വെച്ച ചായക്കൂട്ടുകളില്‍ നിന്നും മിഴിവുറ്റ  ചിത്രങ്ങള്‍ക്ക്  ജന്മം നല്‍കുന്ന  ബാലകൃഷ്ണന്‍ തിക്കോടി ശ്രദ്ധേയനാവുന്നു. പിറന്നതുമുതല്‍ ഇങ്ങോളം വിധി സമ്മാനിച്ചു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകളെ നേരിടുന്ന ബാലകൃഷ്ണന്‍ വര്‍ണങ്ങളുടെ ലോകത്ത് നടത്തുന്ന പരീക്ഷണങ്ങള്‍ ആരുടേയും  മനസ്സിനെ കീഴടക്കും.

എണ്ണച്ചായത്തില്‍  രവിവര്‍മ ചിത്രങ്ങളുടെ പുനസൃഷ്ടിയാണ് ബാലകൃഷ്ണന്റെ പ്രധാന വര്‍ക്കുകള്‍. എണ്ണച്ചായത്തിനുപുറമേ, ജലച്ഛായത്തിലും [ ലാന്റ്‌സ്‌കേപ്പുകള്‍] , ആക്രലിക്കിലും, നൈഫിലും ബാലകൃഷ്ണന്‍ കൈവെച്ചുകഴിഞ്ഞു.




ഈ നേട്ടങ്ങളൊക്കെ ഉണ്ടായെങ്കിലും  തിക്കോടി പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തിനടുത്ത വെള്ളാങ്കണ്ടിവീട്ടിനപ്പുറത്ത് ബാലകൃഷ്ണന്റെ ചിത്രലോകം പ്രയാണം തുടങ്ങിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടും  തുടരുന്ന ചിത്ര സപര്യയില്‍ പതിനായിരം രൂപയിലേറെ പ്രതിഫലം കിട്ടിയ  ചിത്രങ്ങള്‍  വിരലിലെണ്ണാവുന്നവ  മാത്രം. 
വീട്ടിലെ ദാരിദ്ര്യം കാരണം ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നതാണ് ബാലകൃഷ്ണന്റെ കുട്ടിക്കാലം. കുടുംബത്തിന് താങ്ങാവാന്‍ കൌമാരത്തില്‍ തന്നെ കൂലിപ്പണിയുമായി നടക്കുന്നതിനിടെ ആയിരുന്നു  പടക്കം പൊട്ടി കൈ നഷ്ടപ്പെട്ടത്. ജീവിതം എങ്ങിനെയെങ്കിലും കരകയറ്റാനുള്ള നെട്ടോട്ടത്തിനിടേ ഉണ്ടായ ഈ അപകടം  കുറേ കാലത്തേയ്ക്ക് ബാലകൃഷ്ണന്റെ ജീവിതം ഇരുട്ടിലാക്കി. പിന്നീടാണ്  മെല്ലെ മെല്ലെ വര്‍ണങ്ങളുടെ ലോകത്തേക്ക് പെന്‍സിലും ബ്രഷുമായി നടന്നുകയറുന്നത്. വടകരയിലെ രാംദാസ് മാഷാണ് പെന്‍സില്‍ ഡ്രോയിംഗില്‍ ആദ്യ ഗുരു.   പിന്നീട് കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്സിലും     കാച്ചിലോട്ട് വേലായുധന്‍ മാസ്റ്ററുടെ കീഴിലുമായി കുറേ വര്‍ഷങ്ങള്‍ പെയിന്റിംഗില്‍. അതുകഴിഞ്ഞ് മദ്രാസിലെ സിനിമാ തട്ടകത്തിലേക്ക് വണ്ടികയറി അഞ്ചുവര്‍ഷം കട്ടൗട്ട് വര്‍ക്ക്പഠിച്ചും ചെയ്തും അവിടെ. തുടര്‍ന്ന് കുറച്ചുകാലം മുംബെയില്‍ കൊമേഴ്‌സ് വര്‍ക്ക് പഠിച്ചു. ദാരിദ്ര്യത്തിന്റെ ഇത്തിരി മാത്രം മേലെ നില്‍ക്കുന്ന അവസ്ഥയില്‍ പോലും ആത്മാവിഷ്‌കാരം നടത്താനുള്ള കാന്‍വാസ് മാത്രമായി ഒതുങ്ങുന്നു,ബാലകൃഷ്ണന്റെ ചിത്രമെഴുത്ത്.
ബാലകൃഷ്ണന്‍ വരയ്ക്കാത്ത രവിവര്‍മ ചിത്രങ്ങളില്ല
ചിത്രത്തെ ഗൗരവമായി സമീപിക്കാനിറങ്ങുന്ന ഏതൊരു കലാകരനും രവിവര്‍മയുടെ ഒരുചിത്ര മെങ്കിലും വരച്ചിട്ടുണ്ടാവും. എന്നാല്‍ ബാലകൃഷ്ണന്റെ കാര്യം എടുത്താല്‍ രവിവര്‍മ വരച്ച ചിത്രങ്ങളൊക്കെയും 52 വയസില്‍ നില്‍ക്കുമ്പോഴെയ്ക്കും  ബാലകൃഷ്ണന്‍ പുനസൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. ശകുന്തള, ഹംസദമയന്തി, അധികം ആരും ചെയ്തിട്ടില്ലാത്ത സൈരന്ധ്രി, മദര്‍ ആന്റ് ചൈല്‍ഡ്, രാവണ, ജഡായു, മലയാളി ലേഡി, മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കുട്ടി.ഇങ്ങനെ  പറഞ്ഞാല്‍ രവിവര്‍മയുടെ എല്ലാം. ഇതില്‍ തന്നെ ഹംസ ദമയന്തിമാത്രം ഒരമ്പതെണ്ണമെങ്കിലും വരച്ചിട്ടുണ്ടെന്നത് അദ്ഭുതതോടെയല്ലാതെ കേള്‍ക്കാന്‍ കഴിയില്ല.   രവിവര്‍മയുടെതിനു പുറമെ വാന്‍ഗോഗ്, റൂംബ്രാന്‍ഡ്, ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ തുടങ്ങിയവരുടെ ചിത്രങ്ങളും ബാലകൃഷ്ണനിലൂടെ പുര്‍ജനിച്ചിട്ടുണ്ട്. ഇടവേളകളില്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ അനന്ത  സാധ്യതകള്‍ തേടിയുള്ള യാത്രകളും നടത്തുന്നുണ്ട് ബാലകൃഷ്ണന്‍..
മാധ്യമങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നതില്‍ മിടുക്കു കാണിക്കുന്ന ബലകൃഷ്ണന്‍ ഇപ്പോള്‍ എണ്ണച്ചായത്തെ നൈഫിലൂടെ കാന്‍വാസിലേക്ക് പകര്‍ത്താനും തുടങ്ങിയിട്ടുണ്ട്.  വരച്ചുവെച്ച പലചിത്രങ്ങളുമിപ്പോള്‍ വീട്ടിലിരുന്ന് പൊടിപിടിക്കുകയാണ് എന്നതാണ് ദു:ഖകരം. 

പദ് മനാഭന്‍ തിക്കോടി 

മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!

അടിയന്തിരാവസ്ഥക്കാലത്ത് തൃശൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ടിരുന്ന ശ്രീ പി പരമേശ്വരൻ എഴുതി 1976 മെയിൽ കുരുക്ഷേത്ര 12-ം ലക്കത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണിത് . . ഇന്ത്യയിലെ രാജപരമ്പരയുടെ പുതിയ വാഴ്ചക്കാരൻ അണിയറയിൽ ഒരുങ്ങുമ്പോൾ മൂന്നു പതിറ്റാണ്ടുകൾക്കു മുൻപെഴുതിയ ലേഖനം ഇന്നും പ്രസക്തമാകുന്നുണ്ട് . വംശവാഴ്ചയിലെ പേരുകൾ മാറുന്നു എന്നതുമാത്രമാണ് വ്യത്യാസം 
-----------------------------------------------------------------------------
മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!

മോത്തിലാൽ നെഹ്രു, ജവഹർ ലാൽ നെഹ്രൂ, ഇന്ദിരാഗാന്ധി - ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി വർത്തമാന ഭാരതത്തിന്റെ മേൽ വംശ പാരമ്പര്യത്തിന്റെ , നിഴൽ നീളുകയാണ് .!!

1928 ഇൽ ആരംഭിച്ചതാണിത് . ഐതിഹാസികമായ ബർദ്ദോളി സത്യാഗ്രഹം വിജയിപ്പിച്ച വല്ലഭായി പട്ടേലിന്റെ പേർ വീരചരിത്രം രചിച്ചിരുന്ന കാലം .. അക്കൊല്ലത്തെ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനം അദ്ധ്യക്ഷ പദവി നൽകി അദ്ദേഹത്തെ ആദരിക്കുമെന്ന് രാഷ്ട്രം പ്രതീക്ഷിച്ചു. എന്നാൽ ആ കിരീടം അർപ്പിക്കാൻ ഗാന്ധിജി തെരഞ്ഞെടുത്തത് മോത്തിലാൽ നെഹ്രുവിനെയായിരുന്നു .
സർദ്ദാറിനോട് കാട്ടിയ ആതെറ്റ് ലാഹോർ കോൺഗ്രസ്സിൽ വച്ചു പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു . ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും അദ്ദേഹത്തിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് .. എന്നാൽ മോത്തിലാൽ നെഹൃ ഗാന്ധിജിക്കെഴുതി. “ യുവത്വത്തേയും ഊർജ്ജസ്വലതയേയും പ്രതിനിധീകരിക്കുന്നത് ജവഹർലാലാണ് .”എന്ന് . ഗാന്ധിജി അതിനു വഴങ്ങി. ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷ പദം നെഹ്രുവിനു നൽകപ്പെട്ടു .

സേവനത്തിനുപരി വംശപാരമ്പര്യത്തെ മാനിക്കലായിരുന്നു അവിടെ ചെയ്തത്. മോത്തിലാലിനു ശേഷം ജവഹർ ലാലിനെ വാഴിക്കുക വഴി , നെഹൃ കുടുംബവും രാഷ്ട്രവും തമ്മിൽ ഒരേകീഭാവം കൈവരാൻ അറിഞ്ഞോ അറിയാതെയോ ഗാന്ധിജി സഹായിച്ചു.സ്വതന്ത്ര ഭാരതത്തിൽ ഒന്നാമത്തെ പ്രധാനമന്ത്രിയാകാൻ പണ്ഡിറ്റ് നെഹൃവിനേയും , പിന്നീട് അല്പകാലത്തിനു ശേഷം അദ്ദേഹത്തെ പിന്തുടരാൻ ഇന്ദിരാഗാന്ധിയേയും ഈ ഏകീഭാവ കല്പന സഹായിച്ചു.

ഇന്ദിരാഗാന്ധി തന്റെ അനന്തരാവകാശിയാകണമെന്നഭിലഷിക്കാൻ നെഹൃവിനു തന്റെ സോഷ്യലിസ്റ്റ് ചിന്താ‍ഗതി തടസ്സമായിരുന്നില്ല. നെഹൃവിനു ശേഷം ആർ ? എന്ന ചോദ്യം ഉഅയർന്നു വന്നപ്പോൾ ഹിന്ദുസ്ഥാൻ റ്റൈംസ് എഴുതി - നെഹൃ ബോധപൂർവ്വം ആ സ്ഥാനത്തേക്ക് ആരെയെങ്കിലും ഉയർത്തിക്കൊണ്ട് വരുന്നുണ്ടെങ്കിൽ അത് സ്വന്തം മകളെയാണ് എന്ന് ( 1957 ജൂൺ 18 )

അതിനു വേണ്ടിയുള്ള കളവും അദ്ദേഹം ഒരുക്കിയിരുന്നു.. 1941 ഏപ്രിൽ 21 നു ലഖ്നൌ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ദിരാഗാന്ധിക്ക് ഒരു മംഗള പത്രം നൽകി . അതിൽ പറഞ്ഞിരുന്നു.- “ താങ്കൾ കൊടുങ്കാറ്റിന്റെ മദ്ധ്യത്തിൽ വളർന്നു വരികയാണ്. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘർഷം താങ്കൾ കാണുന്നു. വിപ്ലവം പലരും കരുതിയിരിക്കുന്നതിനേക്കാൾ ഗൌരവമായ സംഗതിയാണെന്ന് താങ്കൾക്ക് അറിയാം .അനുഭവങ്ങൾ തികച്ചും ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ പ്രശസ്ത പിതാവിന്റെ യോഗ്യയായ രാഷ്ട്രീയ പിന്തുടർച്ചക്കാരിയാകാൻ താ‍ങ്കൾക്ക് സാധിക്കും .

ഈ മംഗള പത്രത്തിനു ഇന്ദിര പറഞ്ഞ മറുപടി നെഹൃ തയ്യാറാക്കിക്കൊടുത്തതായിരുന്നു .ഇരുപത്തിയഞ്ചു കൊല്ലത്തിനു ശേഷം ഫലപ്രാപ്തിയിലെത്തിയ മഹത്വാകാംക്ഷയുടെ വിത്ത് അവിടെ വച്ചു വിതക്കപ്പെട്ടതാണ്. അതു മുളയ്ക്കാനും വളരാനും നെഹൃ വേണ്ട സൌകര്യങ്ങളും ചെയ്തു കൊടുത്തു .ധേബാർ കോൺഗ്രസ്സ് അദ്ധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയെ കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തു .അത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലായിരുന്നെന്ന് തീർച്ച. അച്ഛനേയും മുത്തച്ഛനേയും പോലെ , മുകളിൽ നിന്നവർ കോൺഗ്രസ്സ് ഹൈക്കമാന്റിലേക്ക് കടന്നു വരികയാണുണ്ടായത് .

1959 ഇൽ നാഗപ്പൂർ കോൺഗ്രസ്സിനു ശേഷം , ധേബാർ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. നിജലിംഗപ്പയായിരിക്കും അടുത്ത കോൺഗ്രസ്സദ്ധ്യക്ഷൻ എന്നു പരക്കെ അറിയപ്പെട്ടിരുന്നു. അതിനനുസരിച്ചു ഗംഭീരമായ ഒരു യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നൽകിയത് .എന്നാൽ ഉടൻ തന്നെ ധേബാർ പ്രവർത്തക സമിതിയോഗം വിളിച്ചുകൂട്ടി. നെഹൃ അതിൽ പങ്കെടുത്തിരുന്നു. കാര്യപരിപാടി എന്തെന്ന് കാമരാജ് അന്വേഷിച്ചു., “ അടുത്ത അദ്ധ്യക്ഷനെ നിശ്ചയിക്കൽ “ എന്നു ധേബാർ മറുപടി പറഞ്ഞു.. അതു തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ എന്ന് കാമരാജ് പ്രതിവചിച്ചു. അതിലിടയ്ക്ക് ലാൽബഹാദൂർ ശാസ്ത്രി ഇന്ദിരാഗാന്ധിയുടെ പേർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.. എല്ലാവരും അമ്പരന്നു .അവരുടെ അനാരോഗ്യം ഒരു തടസ്സമായി ഗോവിന്ധ വല്ലഭ പന്ത് ഉന്നയിച്ചു. “ ഇന്ദുവിന്റെ ആരോഗ്യത്തിനു തകരാറൊന്നുമില്ല .ഉണ്ടെങ്കിൽത്തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അതു നേരെയാകും “ പണ്ഡിറ്റ് നെഹ്രു ഇടപെട്ടു കൊണ്ട് പറഞ്ഞു. മറുത്തുപറയാൻ ഒരാളും ധൈര്യപ്പെട്ടില്ല. ഒറ്റുവിൽ കാമരാജും സഞ്ജീവ റെഡ്ഡിയും മദിരാശിയിൽ ചെന്നു , നിജലിംഗപ്പയുമൊരുമിച്ച് ഇന്ദിരയെ അനുകൂലിച്ചു കൊണ്ട് പരസ്യ പ്രസ്താവന ചെയ്തു. അങ്ങനെ വീണ്ടും വംശ പാരമ്പര്യം വിജയിച്ചു.

ഇന്ദിരാഗാന്ധിയെ ഭാരതപ്രധാനമന്ത്രിയാക്കാനുള്ള നെഹ്രുവിന്റെ പ്രയത്നത്തിന്റെ തുടക്കം മാത്രമായിരുന്നു അത് .അവരുടെ അദ്ധ്യക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം അവരെ നെഹ്രൂവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിത്തീർന്നു. തന്നോടു ചർച്ചയ്ക്ക് വരുന്ന കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നെഹൃ ഇന്ദിരയോട് സംസാരിക്കാൻ പറഞ്ഞയക്കുക പതിവായിരുന്നു. വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു സൽക്കരിക്കുവാനും അദ്ദേഹം ഇന്ദിരയെ നിയോഗിച്ചു. അവരുടെ അന്തസ്സും ആത്മവിശ്വാസവും വളർത്തി അനന്തരാവകാശി സ്ഥാനത്തേക്കുയർത്താനുള്ള പരിപാടിയായിരുന്നു അത് . കാമരാജ് പദ്ധതിയുടെ പേരിൽ മൊറാർജിയെ ഒഴിച്ചു നിർത്തിയതും ഇതേ ഉദ്ദേശത്തോടു കൂടി ആയിരുന്നു. ശാസ്ത്രി മന്ത്രിസഭയിൽ ഇന്ദിരാഗാന്ധി ചേർന്നു. ശാസ്ത്രിയുടെ അപ്രതീക്ഷിതമരണം അവരുടെ അവസരമായിരുന്നു. അത് അവരെ പ്രധാന മന്ത്രിയാക്കി. പിന്നീട് സ്വന്തം പദവി ഉറപ്പിക്കാൻ അവർ കൈക്കൊണ്ട നടപടികൾ സുപരിചിതമാണല്ലോ ..

ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി പൊടുന്നനവേ ദേശീയ നേതൃത്ത്വത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു തലമുറകളുടെ സംഭവം വച്ചു നോക്കുമ്പോൾ സംഗതി സുവ്യക്തമാണ് . കൂടുതൽ യോഗ്യരായ പലരേയും പൊതുമേഖലയെത്തന്നെയും അവഗണിച്ചു കൊണ്ട് ചെറുകാർ നിർമ്മാണത്തിന്റെ ലൈസൻസ് സഞ്ജയ് ഗാന്ധിക്കു നൽകിയതിനെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പ്രധാനമന്ത്രി പറഞ്ഞു, “ ഊർജ്ജസ്വലതയുള്ള യുവാക്കൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള സന്ദർഭം നൽകാതിരുന്നുകൂടാ” എന്ന്

പട്ടേലിനെ തഴഞ്ഞുകൊണ്ട് പണ്ഡിറ്റ് നെഹൃവിനെ അദ്ധ്യക്ഷനാക്കാൻ മോത്തിലാൽ നെഹൃ പറഞ്ഞ അതേ കാരണം.. അതേ കാരണം പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം വഴി ഉയർന്ന പല യുവനേതാക്കളേയും മറികടന്ന് അഖിലേന്ത്യാ യൂത്ത് കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് ഒരു സുപ്രഭാതത്തിൽ സഞ്ജയ് ഗാന്ധിയെ അവരോധിച്ചതും .

കൽക്കത്ത സന്ദർശിച്ച സഞ്ജയ് ഗാന്ധിക്ക് സമർപ്പിക്കപ്പെട്ട മംഗള പത്രം അദ്ദേഹത്തെ വാനോളം പുകഴ്ത്തി.കേന്ദ്രമന്ത്രി ബൻസിലാൽ സഞ്ജയ് ഗാന്ധിയിൽ ഉദിച്ചു വരുന്ന സൂര്യനെ ദർശിക്കുന്നു. സഞ്ജയ് ഗാന്ധി ഗുണ്ടൂർ സന്ദർശിച്ച അവസരത്തിൽ മറ്റൊരു കേന്ദ്രമന്ത്രി രഘുരാമയ്യ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി .“ ആന്ധ്രക്കാരായ ഞങ്ങൾ നെഹൃ കുടുംബത്തെ എന്നെന്നും പിന്താങ്ങിപ്പോന്നിട്ടുണ്ട് .മോത്തിലാൽ നെഹ്രുവിനെ , ജവഹർലാൽ നെഹ്രുവിനെ , ഇന്ദിരാഗാന്ധിയെ , ഇന്നിപ്പോൾ താങ്കളേയും , താങ്കൾ ഇന്നത്തേക്കാളുയർന്ന പദവികൾ അലങ്കരിക്കുമ്പോഴും ആന്ധ്രക്കാരെ മറക്കരുതേ“ എന്ന് .

മഹത്വകാംക്ഷയുടെ വിത്ത് സഞ്ജയ് ഗാന്ധിയിൽ വിതക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലം എന്തായിരിക്കും ? നെഹൃ കുടുംബത്തിന്റെ ത്യാഗങ്ങളെപ്പറ്റി ഇന്ദിരാഗാ‍ാന്ധി കൂടെക്കൂടെ പ്രസംഗിക്കാറുണ്ട് ,ത്യാഗത്തിനു ഇത്രയേറെ പ്രതിഫലം പറ്റിക്കഴിഞ്ഞ മറ്റൊരു കുടുംബമില്ല. അതേസമയം പ്രതിഫലം കാംക്ഷിക്കാതെ ഇതിനേക്കാളെത്രയോ ഇരട്ടി ത്യാഗമനുഷ്ടിച്ച മറ്റു നിരവധി കുടുംബങ്ങളുണ്ടു താനും .

ഏതായാലും നാമൊന്നുറപ്പിക്കേണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണു ഭാരതമെന്നു നാം പറയുന്നത് പൊളിയല്ലെങ്കിൽ ഈ വംശപാരമ്പര്യം തുടർന്നു പോകാനനുവദിക്കരുത്. അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക ! മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട

( അവലംബം - അടിയന്തിരാവസ്ഥയിലെ ഒളിവു രേഖകൾ - കുരുക്ഷെത്ര പ്രകാശൻ )

Saturday, September 28, 2013

എപ്പോഴും കൂടെ നടക്കുന്ന ഒരാള്‍

എപ്പോഴും കൂടെ നടക്കുന്ന ഒരാള്‍

പദ് മനാഭന്‍ തിക്കോടി

നല്ല ക്ഷീണം കൊണ്ടാവാം, മഹേഷ്‌ നേരത്തെ തന്നെ കിടന്നു. ഉറക്കത്തിലേയ്ക്കു വഴുതിയത് അറിഞ്ഞത് പോലുമില്ല.

ഒരു ഫ്ലേഷ് ലൈറ്റ് മുഖത്തടിച്ച പോലെ.. ഒരു സ്വപ്നലോകത്ത് ...
ഏതോ കടലോരത്ത് കൂടെ നടക്കുകയാണ് താന്‍. കൂടെ ഒരാളുണ്ട്. ആകാശത്തിന്റെ ഒരു കോണിലേയ്ക്കു കൈ ചൂണ്ടി അയാള്‍ മൊഴിഞ്ഞു.

''ആ ഭാഗത്ത്‌ നോക്കൂ. .. .നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഒക്കെ അവിടെക്കാണാം.''

ചലച്ചിത്ര ദൃശ്യങ്ങള്‍ പോലെ തന്‍റെ കുട്ടിക്കാലവും കൗമാരവും യൌവനവുമൊക്കെ മഹേഷ്‌ കണ്ടു. ഓരോ ചെറു ദൃശ്യത്തിനുമൊപ്പം നീണ്ട മണല്പ്പരപ്പുകള്‍. ഒരു ജോഡി അല്ലെങ്കില്‍ രണ്ടു ജോഡി പാദമുദ്രകളും.

'' ആരുടേതാണ് ആ കാലടികള്‍? '' മഹേഷ്‌ ചോദിച്ചു.

'' ഒരു ജോഡി മഹേഷിന്റേതു തന്നെ. മറ്റേതു മഹേഷിന് എന്നും താങ്ങായ ദൈവത്തിന്റെതും ''

അവസാന ദൃശ്യം കഴിഞ്ഞപ്പോള്‍ മഹേഷ്‌ ഒരു കാര്യം ശ്രദ്ധിച്ചു.. പല സമയങ്ങളിലും പാദമുദ്രകള്‍ ഒരു ജോഡി മാത്രം, അതും താനേറെ വിഷമിച്ച ദു:ഖിച്ച സമയങ്ങളില്‍.

'' സുഹൃത്തേ, എനിയ്ക്ക് മനസ്സിലാവുന്നില്ല. തുടക്കം മുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ദൈവം എന്‍റെ ഏറ്റവും വിഷമിച്ച ഘട്ടങ്ങളിലൊക്കെ എവിടെ പോയി? എനിയ്ക്കെന്നും താങ്ങായി ഒപ്പമുണ്ട് എന്ന് പറയുന്ന ദൈവം എന്തെ എനിയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് എന്നെ വിട്ടു മാറിയത്?''

'' മഹേഷ്‌, ദൈവം കരുണയുള്ളവനാണ്. നിന്നെ വിട്ടുപോയി എന്ന് നീ കരുതുന്ന സമയത്തൊക്കെ ദൈവം നിന്നോടൊപ്പം ഉണ്ടായിരുന്നു. പരീക്ഷണ ഘട്ടങ്ങളിലൂടെ നീ കടന്നു പോയപ്പോഴൊക്കെ നിന്നെ തോളിലേറ്റി നടക്കുകയായിരുന്നു, ദൈവം. നിന്റെ പാദമുദ്രകളാണ് അന്നേരങ്ങളില്‍ അവിടെ പതിയാതിരുന്നത്.''

                                                ------------

[ഒരു പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറില്‍ പ്രസിദ്ധീകരിച്ചത് - 1995 ല്‍ ]

Sunday, September 22, 2013

എനിയ്ക്കിഷ്ടമാണ്, ഇവരെ..   [ ഒന്ന് ]

മാതൃഭൂമി ദിനപത്രത്തില്‍ പതിവായി കാണാറുള്ള ഒരു കാര്‍ടൂണ്‍ കോളമുണ്ട്- ശ്രീ രജീന്ദ്ര കുമാര്‍ വളരെ ഭാവാത്മകമായി വരച്ചിടുന്ന ''എക്സിക്കുട്ടന്‍''...
സമകാലിക പ്രശ്നങ്ങളെ, വിമര്‍ശനബുദ്ധ്യാ വരച്ചിടുന്ന ദൃശ്യങ്ങളിലൂടെ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിയ്ക്കുന്ന രജീന്ദ്ര കുമാറിന്റെ രീതി പ്രശംസനീയമാണ്. പലതും ഉയര്‍ന്ന ബുദ്ധിപരത വെളിവാക്കുന്നതായി അനുഭവപ്പെടാറുണ്ട്. മനസ്സിലേയ്ക്ക് നേരെ കയറിവരുന്ന ദൃശ്യങ്ങള്‍ ഏറെയും നിലവാരം പുലര്‍ത്തുന്നു...... 

പദ് മനാഭന്‍ തിക്കോടി  

Wednesday, September 4, 2013

ആമുഖം ആവശ്യമില്ലാത്ത ഭാരതീയ വൈജ്ഞാനിക പ്രമുഖന്‍





ആമുഖം ആവശ്യമില്ലാത്ത ഭാരതീയ വൈജ്ഞാനിക പ്രമുഖന്‍ 


സ്വാമി വിവേകാനന്ദനു ശേഷം ദാര്‍ശനികരംഗത്ത് ഭാരതത്തിന്‍റെ ശബ്ദം വിശ്വം മുഴുവന്‍ മുഴങ്ങിക്കേട്ടത് കറകളഞ്ഞ രാജ്യസ്നേഹിയും തത്ത്വജ്ഞാനിയും വിദ്യാഭ്യാസ വിചിന്തകനും ഗ്രന്ഥകാരനും ആയിരുന്ന, ആചാര്യന്‍ എന്ന നിലയില്‍ വിദ്യാഭ്യാസലോകം സ്മരിയ്ക്കുന്ന, പ്രഥമ ഭാരതരത്നം ഡോക്റ്റര്‍ എസ് രാധാകൃഷ്ണന്‍ എന്ന ബഹുമുഖ വ്യക്തിത്വത്തിലൂടെയാണ്. 

പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞന്മാരിലുള്ള ദൈവശാസ്ത്രത്തിന്റെ അമിത സ്വാധീനം അവരെ പക്ഷപാതികള്‍ ആക്കി മാറ്റിയെന്നും ഭാരതീയതത്വശാസ്ത്രം പാശ്ചാത്യ തത്വചിന്തകളോട് കിട പിടിയ്ക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് വേദികള്‍ തോറും പ്രഭാഷണം നടത്തി ഭാരതീയ ദര്‍ശനങ്ങളെ ലോകശ്രദ്ധയില്‍ പെടുത്തി, ഈ മഹാചാര്യന്‍. ഇന്ത്യന്‍ രാഷ്ട്രീയ             നേതൃനിരയില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. 

ഭാരതം റിപ്പബ്ലിക് ആയശേഷം  ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്ര ഭാരതത്തെ UNESCO യില്‍ പ്രതിനിധീകരിച്ചിരുന്ന ശ്രീ രാധാകൃഷ്ണന്‍.. 10 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്ന ഇദ്ദേഹം തുടര്‍ന്ന് രാഷ്ട്രപതിയായി. 

1888 ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ ജന്മദിനമായ സപ്തംബര്‍ 5 ഭാരതമൊട്ടാകെ അദ്ധ്യാപകദിനമായി കൊണ്ടാടുന്നു..വിജ്ഞാന മേഖലയില്‍ ഇദ്ദേഹം വഹിച്ച പങ്കുകള്‍ തന്നെയാണ് ഈ ദിനം തന്നെ ഇങ്ങനെ ആഘോഷിയ്ക്കാനായി തിരഞ്ഞെടുക്കാന്‍ കാരണം.. 

തിരുപ്പതിയിലും തിരുത്തണിയിലും ബാല്യം.. സാമ്പത്തികമായി ഉന്നതനിലയില്‍ ആയിരുന്നില്ലെങ്കിലും ഇടവേളകള്‍ ഇല്ലാതെ ലഭിച്ചുകൊണ്ടിരുന്ന സ്കോളര്‍ഷിപ്പുകള്‍ തുടന്നുള്ള അധ്യയനങ്ങള്‍ക്ക് സഹായകമായി.. തിരഞ്ഞെടുത്തു പഠിച്ച വിഷയമായിരുന്നില്ല ഫിലോസഫി എന്നത് കൌതുകം തോന്നാവുന്ന കാര്യം തന്നെ.. വായനയില്‍ അതീവതാല്‍പര്യമുണ്ടായിരുന്ന രാധാകൃഷ്ണനില്‍ സത് സമ ഭാവനകളും തെളിഞ്ഞ ചിന്തയും ഉയര്‍ന്ന കാഴ്ചപ്പാടുകളും രൂഢമൂലമായതില്‍ അത് ഭുതമില്ല.. വിഷയത്തില്‍  മാസ്റ്റര്‍ ബിരുദം നേടിയത് ഒന്നാം റാങ്കോടെ.

 ഇരുപത്തി ഒന്നാം വയസ്സില്‍ പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി.. കഴിവുകള്‍ കണ്ടറിഞ്ഞ അധികാരികള്‍ പ്രൊഫസറാക്കി സ്ഥാനക്കയറ്റം നല്‍കി. 1918 ല്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ .. 1921 മുതല്‍ 1932 വരെ കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ MENTAL and MORAL SCIENCE ന്‍റെ KING GEORGE V ചെയര്‍ .. വിജ്ഞാന രംഗത്ത്‌ വഹിച്ച സ്ഥാനങ്ങള്‍ നിരവധി- ഓക്സ്ഫോര്‍ഡില്‍ ഉള്‍പ്പെടെ.. ആന്ധ്ര സര്‍വ്വകലാശാലയുടെയും ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലറായിരുന്നു. ഈ കാലഘട്ടങ്ങളില്‍ ഒക്കെ തന്നെ പത്ര മാസികകളിലും മറ്റു കനപ്പെട്ട പ്രസിദ്ധീകരണങ്ങളിലും ധാരാളമായി എഴുതി. പില്‍ക്കാലത്ത്‌ വിദേശ ജേണലുകളില്‍ സ്ഥാനം പിടിച്ച നിരവധി ദാര്‍ശനിക ലേഖനങ്ങളും കലാലയ ടെക്സ്റ്റ് ബുക്കുകളും ഇദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ പര്യാപ്തങ്ങളായി.. സമാഹരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പോലും പ്രശസ്ത കൃതികളായി തീര്‍ന്നു.

രാഷ്ട്രപതിയായിരിയ്ക്കെ തന്‍റെ ശമ്പളത്തിന്റെ സിംഹഭാഗവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു, ആ മഹാശയന്‍. തുടര്‍ന്നുള്ള ശിഷ്ടജീവിതം വളരെ ലളിതമായിരുന്നു..അന്ത്യം വരെ.. വായനാലോകവും ഉയര്‍ന്ന ചിന്തയും മാത്രം....

അദ്ധ്യാപകദിനം ആഘോഷിയ്ക്കുന്ന എല്ലാവരും ശ്രീ രാധാകൃഷ്ണനെ അറിയണം..ഓര്‍ക്കണം... 


പദ് മനാഭന്‍ തിക്കോടി.