Monday, September 30, 2013

എന്‍റെ തിക്കോടി (അഞ്ച് )

ഈ ചിത്രങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും 



 പാതി അറ്റുപോയ ഇടതുകൈ നെഞ്ചോട് ചേര്‍ത്ത് അതില്‍ വെച്ച ചായക്കൂട്ടുകളില്‍ നിന്നും മിഴിവുറ്റ  ചിത്രങ്ങള്‍ക്ക്  ജന്മം നല്‍കുന്ന  ബാലകൃഷ്ണന്‍ തിക്കോടി ശ്രദ്ധേയനാവുന്നു. പിറന്നതുമുതല്‍ ഇങ്ങോളം വിധി സമ്മാനിച്ചു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകളെ നേരിടുന്ന ബാലകൃഷ്ണന്‍ വര്‍ണങ്ങളുടെ ലോകത്ത് നടത്തുന്ന പരീക്ഷണങ്ങള്‍ ആരുടേയും  മനസ്സിനെ കീഴടക്കും.

എണ്ണച്ചായത്തില്‍  രവിവര്‍മ ചിത്രങ്ങളുടെ പുനസൃഷ്ടിയാണ് ബാലകൃഷ്ണന്റെ പ്രധാന വര്‍ക്കുകള്‍. എണ്ണച്ചായത്തിനുപുറമേ, ജലച്ഛായത്തിലും [ ലാന്റ്‌സ്‌കേപ്പുകള്‍] , ആക്രലിക്കിലും, നൈഫിലും ബാലകൃഷ്ണന്‍ കൈവെച്ചുകഴിഞ്ഞു.




ഈ നേട്ടങ്ങളൊക്കെ ഉണ്ടായെങ്കിലും  തിക്കോടി പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തിനടുത്ത വെള്ളാങ്കണ്ടിവീട്ടിനപ്പുറത്ത് ബാലകൃഷ്ണന്റെ ചിത്രലോകം പ്രയാണം തുടങ്ങിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടും  തുടരുന്ന ചിത്ര സപര്യയില്‍ പതിനായിരം രൂപയിലേറെ പ്രതിഫലം കിട്ടിയ  ചിത്രങ്ങള്‍  വിരലിലെണ്ണാവുന്നവ  മാത്രം. 
വീട്ടിലെ ദാരിദ്ര്യം കാരണം ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നതാണ് ബാലകൃഷ്ണന്റെ കുട്ടിക്കാലം. കുടുംബത്തിന് താങ്ങാവാന്‍ കൌമാരത്തില്‍ തന്നെ കൂലിപ്പണിയുമായി നടക്കുന്നതിനിടെ ആയിരുന്നു  പടക്കം പൊട്ടി കൈ നഷ്ടപ്പെട്ടത്. ജീവിതം എങ്ങിനെയെങ്കിലും കരകയറ്റാനുള്ള നെട്ടോട്ടത്തിനിടേ ഉണ്ടായ ഈ അപകടം  കുറേ കാലത്തേയ്ക്ക് ബാലകൃഷ്ണന്റെ ജീവിതം ഇരുട്ടിലാക്കി. പിന്നീടാണ്  മെല്ലെ മെല്ലെ വര്‍ണങ്ങളുടെ ലോകത്തേക്ക് പെന്‍സിലും ബ്രഷുമായി നടന്നുകയറുന്നത്. വടകരയിലെ രാംദാസ് മാഷാണ് പെന്‍സില്‍ ഡ്രോയിംഗില്‍ ആദ്യ ഗുരു.   പിന്നീട് കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്സിലും     കാച്ചിലോട്ട് വേലായുധന്‍ മാസ്റ്ററുടെ കീഴിലുമായി കുറേ വര്‍ഷങ്ങള്‍ പെയിന്റിംഗില്‍. അതുകഴിഞ്ഞ് മദ്രാസിലെ സിനിമാ തട്ടകത്തിലേക്ക് വണ്ടികയറി അഞ്ചുവര്‍ഷം കട്ടൗട്ട് വര്‍ക്ക്പഠിച്ചും ചെയ്തും അവിടെ. തുടര്‍ന്ന് കുറച്ചുകാലം മുംബെയില്‍ കൊമേഴ്‌സ് വര്‍ക്ക് പഠിച്ചു. ദാരിദ്ര്യത്തിന്റെ ഇത്തിരി മാത്രം മേലെ നില്‍ക്കുന്ന അവസ്ഥയില്‍ പോലും ആത്മാവിഷ്‌കാരം നടത്താനുള്ള കാന്‍വാസ് മാത്രമായി ഒതുങ്ങുന്നു,ബാലകൃഷ്ണന്റെ ചിത്രമെഴുത്ത്.
ബാലകൃഷ്ണന്‍ വരയ്ക്കാത്ത രവിവര്‍മ ചിത്രങ്ങളില്ല
ചിത്രത്തെ ഗൗരവമായി സമീപിക്കാനിറങ്ങുന്ന ഏതൊരു കലാകരനും രവിവര്‍മയുടെ ഒരുചിത്ര മെങ്കിലും വരച്ചിട്ടുണ്ടാവും. എന്നാല്‍ ബാലകൃഷ്ണന്റെ കാര്യം എടുത്താല്‍ രവിവര്‍മ വരച്ച ചിത്രങ്ങളൊക്കെയും 52 വയസില്‍ നില്‍ക്കുമ്പോഴെയ്ക്കും  ബാലകൃഷ്ണന്‍ പുനസൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. ശകുന്തള, ഹംസദമയന്തി, അധികം ആരും ചെയ്തിട്ടില്ലാത്ത സൈരന്ധ്രി, മദര്‍ ആന്റ് ചൈല്‍ഡ്, രാവണ, ജഡായു, മലയാളി ലേഡി, മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കുട്ടി.ഇങ്ങനെ  പറഞ്ഞാല്‍ രവിവര്‍മയുടെ എല്ലാം. ഇതില്‍ തന്നെ ഹംസ ദമയന്തിമാത്രം ഒരമ്പതെണ്ണമെങ്കിലും വരച്ചിട്ടുണ്ടെന്നത് അദ്ഭുതതോടെയല്ലാതെ കേള്‍ക്കാന്‍ കഴിയില്ല.   രവിവര്‍മയുടെതിനു പുറമെ വാന്‍ഗോഗ്, റൂംബ്രാന്‍ഡ്, ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ തുടങ്ങിയവരുടെ ചിത്രങ്ങളും ബാലകൃഷ്ണനിലൂടെ പുര്‍ജനിച്ചിട്ടുണ്ട്. ഇടവേളകളില്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ അനന്ത  സാധ്യതകള്‍ തേടിയുള്ള യാത്രകളും നടത്തുന്നുണ്ട് ബാലകൃഷ്ണന്‍..
മാധ്യമങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നതില്‍ മിടുക്കു കാണിക്കുന്ന ബലകൃഷ്ണന്‍ ഇപ്പോള്‍ എണ്ണച്ചായത്തെ നൈഫിലൂടെ കാന്‍വാസിലേക്ക് പകര്‍ത്താനും തുടങ്ങിയിട്ടുണ്ട്.  വരച്ചുവെച്ച പലചിത്രങ്ങളുമിപ്പോള്‍ വീട്ടിലിരുന്ന് പൊടിപിടിക്കുകയാണ് എന്നതാണ് ദു:ഖകരം. 

പദ് മനാഭന്‍ തിക്കോടി 

No comments:

Post a Comment