മലയാളത്തിലെ പ്രശസ്തനായ ചെറുകഥാ കൃത്തും,നോവലിസ്റ്റുമായിരുന്ന ശ്രീ എൻ.മോഹനൻ ഓര്‍മയായിട്ട് ഈ വ്യാഴാഴ്ച പതിനാലു വര്‍ഷമാകുന്നു.
സഹൃദയ മനസ്സില്‍ സ്ഥാനം പിടിച്ച കുറെയേറെ കഥകള്‍ ഇദ്ദേഹതിന്റെ തൂലികയിലൂടെ പുറത്ത് വന്നിട്ടുണ്ട്. പ്രസിദ്ധീകരിയ്ക്കപ്പെട്ട സമാഹാരങ്ങളില്‍
നിന്റെ കഥ(എന്റെയും),ദുഃഖത്തിന്റെ രാത്രികൾ,പൂജയ്ക്കെടുക്കാത്ത പൂക്കൾ,എൻ.മോഹനന്റെ കഥകൾ,ശേഷപത്രം,നുണയുടെ ക്ഷണികതകൾ തേടി,സ്നേഹത്തിന്റെ വ്യാകരണം,നിഷേധരാജ്യത്തിലെ രാജാവ്,ഒരിക്കൽ എന്നിവ അനുവാചകശ്രദ്ധ പിടിച്ചുപറ്റി. ഇന്നലത്തെ മഴ എന്ന നോവലും ഇദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുവഴിയിലെ കരിയിലകള്‍, അവസ്ഥാന്തരങ്ങള്‍, കത്താത്ത കാര്‍ത്തിക വിളക്ക് എന്നീ സൃഷ്ടികള്‍ സെലുലോയ്ഡിലും എത്തി. ചില കഥകള്‍ - യാസിന്‍ നിസാര്‍ അഹമ്മദ്, ടിബറ്റിലേയ്ക്കുള്ള വഴി തുടങ്ങിയവ- അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യ മികവിന്റെ അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.. നാലപ്പാടൻ അവാർഡ്, പത്മരാജൻ അവാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സാഹിത്യ അവാർഡ്, ടെലിവിഷൻ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ്, അബുദാബി മലയാള സമാജം അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഇവയില്‍ ചിലവ മാത്രം.
പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനായി
1933 ഏപ്രിൽ 27-ന് രാമപുരത്ത് ജനിച്ച മോഹനന്‍ രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയരക്ടറായിരിക്കെ 1988-ൽ സർവീസിൽ നിന്നും വിരമിച്ചു.
നമുക്ക് സ്മരിയ്ക്കാം, ഈ പ്രതിഭയെ, ആദരവോടെ.
പദ് മനാഭന്‍ തിക്കോടി
No comments:
Post a Comment