Wednesday, January 29, 2014

എന്‍റെ തിക്കോടി[9]



എന്‍റെ തിക്കോടി (ഒമ്പത്)

'...മതി. ഞാനിവിടെ അവസാനിപ്പിക്കട്ടെ. അകലെ എന്റെ അരങ്ങൊരുങ്ങുന്നു. വേദിയില്‍ സമൃദ്ധമായ വെളിച്ചം. തിരശ്ശീലയ്ക്ക് പിറകില്‍ എന്താണെന്നറിഞ്ഞുകൂടാ, ഇരുട്ടോ വെളിച്ചമോ? എന്തായാലും എനിക്കരങ്ങില്‍ കേറാതെ വയ്യ. നടനെന്ന പേര് വീണുപോയാല്‍ അവിടെ കേറിയേ പറ്റൂ. ഞാന്‍ സന്തോഷത്തോടെ വിട വാങ്ങുന്നു. സദസ്യര്‍ക്ക് ആശീര്‍വാദം നേര്‍ന്നു കൊണ്ട് അരങ്ങിനെ ലക്ഷ്യം വെച്ച് നടക്കുന്നു. നമസ്‌കാരം!' 
എന്‍റെ തിക്കോടിയെ പുറം ലോകത്തിനു പരിചിതമാക്കിയ പ്രശസ്തനായ സാഹിത്യകാരന്‍ തിക്കോടിയന്റെ 'അരങ്ങ് കാണാത്ത നടന്‍' എന്ന ആത്മകഥ അവസാനിക്കുന്നതിങ്ങനെയാണ്. അദ്ദേഹം വിട വാങ്ങി, 2001 ജനുവരി 28ന് പുലര്‍ച്ചെ നാല് മണിയ്ക്ക്. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി കാലയവനികയ്ക്കുള്ളില്‍ തന്റെ വേഷമഭിനയിച്ചു കൊണ്ടിരിയ്ക്കുന്നു.
ജീവിച്ചിരുന്ന കാലം മുഴുവന്‍ തളര്‍ച്ചയെന്തെന്ന് അറിയാതെ തനിയ്ക്ക് ചുറ്റുമുള്ള സമസ്ത മേഖലകളിലും സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തിക്കൊണ്ടുള്ള പോരാട്ടമായിരുന്നു, തിക്കൊടിയന്റേത്. തിക്കോടി എന്ന ഗ്രാമത്തില്‍ നിന്നും  10 കിലോമീറ്റര്‍ ദൂരെയുള്ള കൊയിലാണ്ടി ബാസല്‍ മിഷന്‍ സ്‌കൂളില്‍  പഠിയ്ക്കാന്‍ പോയിരുന്നത് നടന്നിട്ടായിരുന്നു. സെക്കണ്ടറി വിദ്യാഭ്യാസനന്തരം അദ്ധ്യാപക പരിശീലനത്തിന് വടകര ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ നടക്കാനുള്ള ദൂരം  15 കിലോമീറ്ററിലധികമായി. നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട, പാറക്കല്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് കൂട്ടുകുടുംബത്തിലെ ഒറ്റപ്പെട്ട ജീവിതം സമ്മാനിച്ചത്‌ പോരാട്ട വീര്യം തന്നെ ആയിരുന്നു. അക്കാലത്ത് മലബാറില്‍ സജീവമായിരുന്ന അദ്ധ്യാപകസംഘടനയില്‍ പ്രവര്‍ത്തിച്ച് സ്വകാര്യ മാനേജ്‌മെന്റ് സംവിധാനത്തിലെ അഴിമതിക്കെതിരെ പോരാടുക വഴി ജോലി നഷ്ടപ്പെട്ട തിക്കോടിയന്‍ തളര്‍ന്നില്ല. തുടര്‍ന്ന് അദ്ദേഹം തന്‍റെ പ്രവര്‍ത്തന മേഖലയായി കണ്ടെത്തിയത് ആതുരസേവനരംഗം. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി(ഭാരത് സേവക് സമാജ്), ദേവ്ധര്‍ മലബാര്‍ റീകന്‍സ്ട്ട്രക്ഷന്‍ ട്രസ്റ്റ്, അനാഥ ബാലന്മാരുടെ പുനരധിവാസത്തിനായി സ്ഥാപിക്കപ്പെട്ട ബാലികാ സദന്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു ദീര്‍ഘകാലം സേവനത്തില്‍ മുഴുകി. മലബാറിന്റെ ദേശീയ നവോത്ഥാനോദ്യമങ്ങളിലും സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളിലും തിക്കോടിയന്റെ കൂടി സജീവ പങ്കാളിത്തമുണ്ടായിരുന്നു.
സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം 1948ല്‍ പത്രപ്രവര്‍ത്തന രംഗത്തേയ്ക്ക് പ്രവേശിച്ച തിക്കോടിയന്‍  1950ല്‍ ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്റരായി ജോലിയില്‍ പ്രവേശിച്ചു. പി.കെ.നായരെന്ന ചുരുക്കപ്പേരില്‍ സാഹിത്യപ്രവേശനവും ഇക്കാലത്ത് തന്നെ. ആദ്യം കൈവെച്ച മേഖല കവിതയായിരുന്നു. സഞ്ജയനാണ് ഇദ്ദേഹത്തിന്റെ പേര് തിക്കോടിയന്‍ എന്നാക്കിയത്.
മലബാറിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന ദേശപോഷിണി കലാസമിതി, മലബാര്‍ കേന്ദ്ര കലാസമിതി എന്നീ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം തിക്കോടിയന്റെ ശ്രദ്ധയെ നാടകത്തിലേയ്ക്ക് തിരിച്ചു വിട്ടു. കേന്ദ്ര കലാസമിതി മത്സരത്തില്‍ ദേശപോഷിണി കലാസമിതിയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ 'ജീവിതം' അവതരണത്തിന് ഒന്നാം സ്ഥാനവും രചനയ്ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിക്കോടിയനെന്ന നാടകകൃത്തിന്റെ ജനനമാരംഭിക്കുകയായിരുന്നു. പിന്നീടുള്ള പല പ്രധാന നാടകങ്ങളും ദേശപോഷിണിക്കു വേണ്ടിയാണ് അദ്ദേഹം രചിച്ചത്. പുഷ്പവൃഷ്ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം, കോട്ട യാഗശാല തുടങ്ങി മുപ്പതോളം നാടകങ്ങള്‍ തിക്കോടിയന്റെതായിട്ടുണ്ട്. 
 1976ല്‍ ആകാശവാണിയില്‍ നിന്ന് നാടക നിര്‍മാതാവായി വിരമിക്കുന്നതുവരെയുള്ള കാലഘട്ടത്തിനിടയ്ക്ക് നൂറോളം റേഡിയോ നാടകങ്ങള്‍ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. നോവലുകള്‍, സിനിമ തിരക്കഥകള്‍, നര്‍മ്മ ലേഖനങ്ങള്‍ എന്നിങ്ങനെ മറ്റു ഒട്ടേറെ സൃഷ്ടികള്‍ വേറേയും.
 1980-നു മുമ്പുളള അഞ്ചു ദശാബ്‌ദങ്ങളിലെ കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ-സാംസ്‌ക്കാരിക നവോത്ഥാനചരിത്രത്തിന്റെ സംക്ഷിപ്‌തേതിഹാസം എന്ന് കൂടി പറയാവുന്ന, തന്റെ ചിന്തയിലും പ്രവൃത്തിയിലും ചലനമുണ്ടാക്കിയ വ്യക്തികളെയും സംഭവങ്ങളെയുംകൊണ്ടു വൈവിദ്ധ്യപൂർണ്ണമാക്കിയ ആത്മകഥാകഥനമായ  'അരങ്ങ് കാണാത്ത നടന്‍' എന്ന,   നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കൃതിയാണ് തിക്കൊടിയന്റെതായി പുറത്തു വന്ന മികച്ച സൃഷ്ടി. അവിചാരിത കൂടിക്കാഴ്ചകൾ ജീവിതമെന്ന നാടകത്തിന്റെ ഭാവിയെ മറച്ചുനിന്നു് യവനിക ഉയർത്തുകയായിരുന്നു ഈ 'നടന്റെ' മുന്നിൽ.
ആദരവോടെ സ്മരിയ്ക്കുന്നു, ഈ ബഹുമുഖ പ്രതിഭയെ..

പദ് മനാഭന്‍ തിക്കോടി 

No comments:

Post a Comment