Wednesday, January 15, 2014

കല ജീവിതമാക്കിയവര്‍ ..3




എം. വി. ദേവന്‍-ധിഷണയില്‍ ഇന്നും ചെറുപ്പം


മലയാള കലാ സാഹിത്യ മേഖലയില്‍ ശുദ്ധീകരണത്തിന്റെ അനിവാര്യതയെ ഊന്നിപ്പറഞ്ഞുകൊണ്ട് വിവാദങ്ങള്‍ സൃഷ്ടിയ്ക്കുന്ന ശ്രീ എം വി ദേവനെയാണ് ഇന്നത്തെ സാഹിത്യ കലാസ്വാദകന്മാര്‍ക്ക് കൂടുതല്‍ പരിചയം. എന്നാല്‍ ചിത്രകാരന്‍, വാസ്തുശില്പി എന്നീ നിലകളില്‍ മലയാളികളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ദേവനെ ഓര്‍ക്കുന്നവര്‍ ഏറെ.എണ്‍പത്താറിന്റെ നിറവിലും ധിഷണയിലും നിരീക്ഷണപാടവത്തിലും അസൂയാവഹമായ   ചെറുപ്പം കാത്തു സൂക്ഷിയ്ക്കുന്ന ദേവന്റെ ശതാഭിഷേകാഘോഷം ഇന്നാണ്. ആഘോഷമെന്ന് പറയുന്നത് അത്യുക്തിയാവും.. ചില സുഹൃത്തുക്കളുടെ ഒത്തുചേരല്‍.  ആഘോഷിക്കേണ്ടിയിരുന്ന  എണ്‍പത്തിനാലാം വയസ്സില്‍ പക്ഷെ ആഘോഷമൊന്നും ഉണ്ടായില്ല. ശതാഭിഷേകത്തെക്കുറിച്ച്  അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ - ''ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുന്നതാണല്ലോ ശതാഭിഷേകം. ഞാന്‍ അത്ര കണ്ടിട്ടില്ല. ഇനി ചന്ദ്രന്‍ എന്നെ ആയിരം വട്ടം കണ്ടോ എന്നറിയില്ല. കണ്ടിട്ടുണ്ടാവാം''.
ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്;ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ ഇടങ്ങളില്‍ ദേവസ്​പന്ദനങ്ങള്‍ തീര്‍ത്ത ഈ കലാകാരന്‍ ആലുവയില്‍ ദേശീയപാതയ്ക്കും തീവണ്ടിപ്പാളത്തിനും സമീപമുള്ള  'ചൂര്‍ണ്ണി' എന്നു പേരിട്ട വീട്ടില്‍ വായനയിലാണ് ഇപ്പോള്‍, എന്നുമെന്ന പോലെ പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും മദ്ധ്യേ. പുസ്തകങ്ങള്‍ നിറഞ്ഞ അലമാരയ്ക്ക് തഴെയാണ് അദ്ദേഹത്തിന്റെ കട്ടില്‍. ''കേരളീയ ജിവിതത്തില്‍ വായന നിത്യാഹാരമാക്കിത്തീര്‍ത്തതിന് ദേവന്‍ നിര്‍ണായക സംഭാവന നല്‍കി’’യെന്ന് മുമ്പൊരിക്കല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞത് ഓര്‍ക്കുന്നു.
കട്ടിലിന്റെ ഒരരികില്‍ 2001ലെ 'മാതൃഭൂമി സാഹിത്യപുരസ്‌കാര'മായി കിട്ടിയ താന്‍ തന്നെ നിര്‍മിച്ച മനോഹരമായ ശില്പം പ്രദര്‍ശിപ്പിചിട്ടുണ്ടെന്ന് ഒരു അഭിമുഖകാരന്‍ എഴുതിയത് കണ്ടിട്ടുണ്ട്. ''ശില്പം നിര്‍മ്മിച്ച ആളിനുതന്നെ അത് പുരസ്‌കാരമായി ലഭിയ്ക്കുക’’ എന്ന അപൂര്‍വ ഭാഗ്യം തനിയ്ക്കുണ്ടായത്തിലുള്ള സന്തോഷം പലരോടും അദ്ദേഹം പങ്കു വെച്ചിട്ടുണ്ടത്രെ.
വിശേഷണങ്ങള്‍ ഒട്ടേറെയുണ്ട് ദേവന് ചാര്‍ത്താന്‍. ശോഭിച്ച നിരവധി പദവികളുമുണ്ട്.. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടർ. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ‍ ഡി.പി. റോയ് ചൌധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ ശിഷ്യന്‍. കേരള കലാപീഠത്തിന്റെ സ്‌ഥാപകാംഗം.ചെയര്‍മാന്‍. കലാദർപ്പണത്തിന്റെ എഡിറ്റര്‍. പെരുന്തച്ചൻ എന്ന സംഘടനയുടെ സ്ഥാപകന്‍. മാതൃഭൂമിയിൽ സ്‌റ്റാഫ്‌ ആർട്ടിസ്‌റ്റ്‌ (1952-61), ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവ് (1961-62). മദ്രാസ്‌ ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡൽഹി ലളിതകലാ അക്കാദമി അംഗം (1966-68), ഫെഡോ (ഫാക്‌റ്റ്‌) യിലെ ആർട്ട്‌ കൺസൾട്ടന്റ്‌ (1968-72), കേരള ലളിതകലാ അക്കാദമി ചെയർമാൻ (1974-77).
എണ്ണമറ്റ പുരസ്കാരങ്ങള്‍ ദേവനെ തേടിയെത്തിയിട്ടുണ്ട്.. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്‌ (1985), 1985-ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് , ചെന്നൈ റിജിയനൽ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക്‌ അവാർഡ്‌ (1992), 1994-ലെ എം.കെ.കെ. നായർ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി, വയലാർ അവാരഡ്‌ (1999), 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2001ലെ 'മാതൃഭൂമി സാഹിത്യപുരസ്‌കാരം’ എന്നിവ ഇവയില്‍ ചിലവ മാത്രം.
ചിത്രകലയുടെ പേരില്‍, കാലഹരണപ്പെട്ട ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവര്‍ണമായ അനുകരണങ്ങള്‍ മാത്രം കേരളത്തിലറിയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ്  ആധുനികതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് അവതരിപ്പിച്ചു കൊണ്ട്  ദേവന്‍ കടന്നു വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകള്‍ കൊണ്ട് ദേശത്തിന്റെ കലാ,സാഹിത്യ,സംസ്‌കാരങ്ങളെ പരിപോഷിപ്പിച്ച ദേവന്റെയുള്ളിലെന്നും ഒരു കലാപകാരിയുണ്ടായിരുന്നു. അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും ഇടയിലുള്ള മുള്‍പ്പാതയിലൂടെ, ഒരിടത്തും തളച്ചിടാനാവാത്ത ഒറ്റയാനായിട്ടായിരുന്നു, ശ്രീ ദേവന്‍റെ സഞ്ചാരം.
സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ദേവന്റെ കലാജീവിതം. ‘’മഹത്തായ’’എന്ന് വിശേഷിപ്പിയ്ക്കാന്‍ ഒട്ടും മടിയ്ക്കേണ്ടതില്ലാത്ത ഒരു സപര്യ.
പുതിയൊരു വായനാസംസ്‌കാരത്തിന്റെ തുടക്കമെന്നോണം,സാഹിത്യവും ചിത്രകലയും ചേര്‍ത്തുവെച്ചുള്ള മലയാളികളുടെ വായന തുടങ്ങുന്നത് ദേവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങിയപ്പോഴാണ്.. 1944ല്‍, പതിനഞ്ചാം വയസ്സിലാണ് മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ ആദ്യചിത്രം പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ രേഖാചിത്ര സമ്പ്രദായത്തിന് പ്രചാരമുണ്ടാക്കിയ എം. ഭാസ്‌കരന്റെ മരണത്തില്‍ തനിയ്ക്കുണ്ടായ ദു:ഖമാണ് ദേവന്‍ ആ ചിത്രത്തിന് വിഷയമാക്കിയത്. 1952 മുതല്‍ ഒമ്പത് വര്‍ഷത്തോളം മാതൃഭൂമി വാരികയില്‍ വരച്ചിരുന്ന ദേവന്‍ ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു നല്കിയ രൂപഭാവ സവിശേഷതകള്‍ മലയാളികളായ വായനക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു എന്നതിലേറെ കഥയെ മാധ്യമമാക്കിക്കൊണ്ട് ചിത്രകാരന്‍ നടത്തിയ ഈ കലാസൃഷ്ടികള്‍ അവരുടെ  ദൃശ്യസംസ്‌കാരത്തിലും സാഹിത്യഭാവുകത്വത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.
1946-ൽ ചിത്രകല പഠിക്കുവാനായി മദ്രാസിൽ കഴിഞ്ഞിരുന്ന കാലത്ത് ശ്രീ എം. ഗോവിന്ദനുമായി പരിചയപ്പെടാന്‍ കഴിഞ്ഞത്  തന്‍റെ  ജീവിത വീക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ദേവന്‍ പറഞ്ഞിട്ടുണ്ട്.
കലയുമായി ദേശാന്തരങ്ങള്‍ താണ്ടിയ തന്റെ ജീവിതത്തെക്കുറിച്ച് വല്ലാത്തൊരാവേശമാണ്  ദേവന്. ചിത്രകലയുടെ പെരുമയുയര്‍ത്തിയ എണ്ണമറ്റ ചിത്രങ്ങളും, ശില്പങ്ങളും (കൊല്ലം നെഹറു പാർക്കിലെ അമ്മയും കുഞ്ഞും എന്ന പൂർണ്ണകായ ശില്പം നിർമ്മിച്ചത് ദേവൻ ആണ്.), കേരളത്തിനകത്തും പുറത്തുമായി രൂപകല്പന ചെയ്തു നിര്‍മ്മിച്ച അസംഖ്യം മന്ദിരങ്ങളും, നവീനാശയങ്ങളുടെ എഴുത്തുകളും. . . . ദേവസ്​പര്‍ശമേറ്റ മേഖലകള്‍ വളരെ ബൃഹത്താണ്.
കലയുടെയും സാഹിത്യത്തിന്റെയും വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും കൈകാര്യംചെയ്ത ദേവന്‍ മൗലികങ്ങളായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.കലയിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരെ തുറന്നടിക്കുന്ന കലാപകാരിയെ പല എഴുത്തുകളിലും കാണാം. പാണ്ഡിത്യപ്രകടനമോ കപടഗൌരവമോ ഇല്ലാതെ തികച്ചും ലളിതമായി ആശയാവിഷ്കാരം നടത്തിയിരിക്കുന്ന ഈ ലേഖനങ്ങളെല്ലാം തന്നെ ഒരുപോലെ പഠനാര്‍ഹങ്ങളാണു്.
ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്​പന്ദനം എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ചു. ദേവന്റെ അരനൂറ്റാണ്ടുകാലത്തെ സാഹിത്യരചനകളുടെ സമാഹാരമാണു് ദേവസ്പന്ദനം.  മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു ബീജാവാപം നടത്തുന്ന, നൂറ്റാണ്ടുകളുടെ പുസ്തകമായി  വിശേഷിപ്പക്കപ്പെടുന്ന, അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണു്. ദേവന്‍ എന്ന ചിത്രകാരന്റെ വ്യക്തിത്വം സ്ഫുരിക്കുന്ന ചിത്രങ്ങളുടെ ഒരു വിഭാഗവും ജീവിതത്തിന്റെ ആല്‍ബം എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു വിഭാഗവും കൂടാതെ മുഖാമുഖങ്ങളുടെ ഒരു ഭാഗവും ഇതിലുണ്ടു്. 1999ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ കൃതി, മനുഷ്യന്റെ സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന ദൃഢവിശ്വാസത്തിലേക്ക് വായനക്കാരെ തിരിച്ചുവിടുന്നു.
‘’മലയാളം സര്‍വ്വകലാശാല എന്ന പേര്‌ നമ്മുടെ മാതൃഭാഷയെ കളിയാക്കുന്നതിന്‌ സമമാണെ’’ന്ന ഇദ്ദേഹത്തിന്റെ തുറന്ന വിമര്‍ശനം ഏറെ വാക്കേറുകള്‍ ക്ഷണിച്ചുവരുത്തി. ‘’സര്‍വ്വകലാശാല എല്ലാ കലകളുടെയും പഠനശാലയാണ്‌. അവിടെ ഭാഷാപഠനം കൂടാതെ ശാസ്ത്രസാങ്കേതികവിദ്യയും കലയും നൃത്തവും സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്നു. ലോകത്തെങ്ങും ഭാഷക്കായി മാത്രം സര്‍വകലാശാല ഇല്ല. അപ്പോള്‍ മലപ്പുറം ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സര്‍വ്വകലാശാലക്ക്‌ എങ്ങനെ മലയാളത്തിന്റെ പേര്‌ നല്‍കും?’’ ദേവന്‍ ചോദിയ്ക്കുന്നു.
‘’കാലടിയിലെ സര്‍വ്വകലാശാലയെ സംസ്കൃത യൂണിവേഴ്സിറ്റി എന്ന്‌ വിളിക്കുന്നത്‌ പരമ വിഡ്ഢിത്തമാണ്‌. അവിടെ സംസ്കൃതം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെന്ന്‌ മാത്രമേയുള്ളൂ. എന്നാല്‍, അതിനെക്കുറിച്ച്‌ ആഴത്തില്‍ അറിയുന്ന ആരും അവിടെ ഇല്ല.’’ ദേവന്‍ ചൂണ്ടിക്കാട്ടി. ‘’ഗ്രീക്ക്‌ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ തുടങ്ങിയ പ്രമുഖ ഭാഷകള്‍ക്കായി ലോകത്ത്‌ സര്‍വ്വകലാശാലകളില്ല. എല്ലാ കലകളും പഠിപ്പിക്കുന്ന സര്‍വ്വകലാശാലക്ക്‌ ഭാഷയുടെ പേരിടുന്നത്‌ അനുചിതമാണ്‌. മലയാളം സര്‍വ്വകലാശാല എന്ന പേരുമാറ്റി എഴുത്തച്ഛന്‍ സര്‍വ്വകലാശാല എന്നോ മറ്റോ ആക്കണം.’’എന്ന് നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു,ദേവന്‍.
മറ്റൊരിയ്ക്കല്‍ ‘’വര്‍ത്തമാനകാലത്ത്‌ പത്രമാസികകളില്‍ പ്രത്യക്ഷപ്പെടുന്ന രേഖാചിത്രങ്ങള്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നവയല്ലെ’’ന്ന്‌ ശ്രീ ദേവന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, ‘’പഴയകാലത്ത്‌ പല സാഹിത്യസൃഷ്ടികളും വായനക്കാരുടെ ഹൃദയങ്ങളില്‍ സ്ഥിരതാമസമാക്കിയതിന്‌ രേഖാചിത്രങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അന്നത്തെ കാലത്ത്‌ ചിത്രരചനക്ക്‌ ഇന്ന്‌ കാണുന്ന സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കുറവായിരുന്നു. നമ്മുടെ സംസ്കാരത്തിന്റെ പല പ്രതീകങ്ങളും പ്രചരിപ്പിച്ചതില്‍ പാശ്ചാത്യരും മുഗളന്മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ദേവന്‍ അഭിപ്രായപ്പെട്ടു. ദശോപനിഷത്ത്‌ പ്രചരിപ്പിച്ചത്‌ ഔറംഗസേബിന്റെ സഹോദരനായിരുന്നു. നടരാജവിഗ്രഹത്തിന്‌ പ്രചാരം കൊടുത്തത്‌ റോതന്‍ എന്ന ഫ്രഞ്ച്‌ ശില്‍പിയായിരുന്നു.’’
എം ടി വാസുദേവന്‍ നായര്‍ക്കു എതിരായ പരാമര്‍ശങ്ങളും തുടര്‍ന്നുണ്ടായ കോടതി നടപടികളും മറക്കില്ല ആരും.

1928 ജനു. 15നാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത ചൊക്ലിയില്‍, പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് മഠത്തില്‍‌  ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായി മഠത്തിൽ വാസുദേവൻ എന്ന എം വി ദേവന്റെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. ചെന്നൈയിലെ ഗവണ്മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു.
ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. വാസ്തുശില്പത്തിലേക്കു തിരിഞ്ഞത് പില്ക്കാലത്താണ് .
1974 മുതല്‍ 77 വരെ സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്താണ് പെരുന്തച്ചന്‍ എന്ന പേരില്‍ അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്. ഗോപുരം, സമീക്ഷ, കേരള കവിത,ജ്വാല  തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും ആരംഭം മുതൽ ബന്ധപ്പെട്ടു പ്രവർത്തിച്ചു.    


പദ് മനാഭന്‍ തിക്കോടി     . 

No comments:

Post a Comment