''പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ''
''കരളെരിഞ്ഞാലും, തല പുകഞ്ഞാലും
ചിരിക്കണമതേ വിദൂഷക ധര്‍മം''
ചുറ്റുമുള്ളവര്‍ ദുഃഖിതരായിരിക്കുമ്പോള്‍ സ്വന്തം ദുഃഖത്തെ മാത്രം താലോലിക്കുന്നത് മൗഢ്യമാണെന്ന് വിശ്വസിച്ച, നിരൂപണത്തില്‍ മലയാളം സ്വീകരിച്ചിരുന്ന ഏകതാനമായ ശൈലിയെ തിരുത്തി മലയാളഗദ്യത്തിന്റെ വിശ്വരൂപം മലയാളികള്‍ക്ക് ഗോചരമാക്കിയ കുഞ്ചന്‍ നമ്പ്യാര്‍ക്കുശേഷം മലയാള സാഹിത്യ ചരിത്രത്തിലുണ്ടായ ഒരേ ഒരു ഹാസ്യസമ്രാട്ട്....
തീര്‍ന്നില്ല- സ്വകാര്യ വിഷമങ്ങള്‍ ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന വിദൂഷക ധര്‍മ്മത്തിന്റെ മര്‍മം തൊട്ടറിഞ്ഞ ആഴമുള്ള നര്‍മ്മത്തിലൂടെ തന്റെ വായനക്കാരെ ചിരിക്കാനും, ചിന്തിപ്പിക്കാനും പ്രേരിപ്പിച്ച സഞ്ജയന്‍. തോലന്റെയും കുഞ്ചന്റെയും പാരമ്പര്യം നിലനിര്‍ത്താന്‍ കൈരളിക്കു ലഭിച്ച വരദാനം.
പദ്യവും ഗദ്യവും ഒരുപോലെ കൈവള്ളയില്‍ സിദ്ധം.
ഹാസ സാഹിത്യകാരനായി ഗണിക്കപ്പെട്ടതുകൊണ്ട് മാത്രം മലയാളത്തിന് നഷ്ടപ്പെട്ട അതുല്യനായ നിരൂപകപ്രതിഭ.
അഴിമതിയും കൊള്ളരുതായ്മയും കൊടികുത്തിവാഴുന്ന വര്‍ത്തമാന കാലത്ത് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നമ്മില്‍ ഏറെ പേരും ആഗ്രഹിച്ചുപോകുന്ന സാമൂഹിക വിമര്‍ശകന്‍.
മാണിക്കോത്ത് രാമുണ്ണിനായര്‍ എന്ന യഥാര്‍ത്ഥ നാമം ഉപയോഗിച്ച് - ചുരുക്കി എം ആര്‍ നായര്‍ എന്നും- നിരവധി പ്രൗഢലേഖനങ്ങള്‍ രചിച്ചപ്പോഴും തന്റെ ഫലിതപരിഹാസങ്ങളുടെ നിശിതവിമര്‍ശനവുമായി സമൂഹത്തെ കുടയുന്ന ലേഖനങ്ങൾ എഴുതാൻ അദ്ദേഹം ഉപയോഗിച്ചത് നാമിന്ന് അറിയുന്ന ഏറെ പുകള്‍ പെറ്റ സഞ്ജയൻ എന്ന പേരു തന്നെ.
വെറുമൊരു ചിഹ്നം മാറ്റുന്നതിലൂടെ സന്നിഹിതമായ വിപരീതാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തുന്ന മട്ടില്‍ അദ്ദേഹം നടത്തുന്ന നിരീക്ഷണവും വിമര്‍ശനവും ആകര്‍ഷകമാണ്. ഇത് നോക്കൂ,
“പണ്ടു കുറുക്കന്മാര്‍ ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളികള്‍ മുഴങ്ങുന്നു. എന്തു വ്യത്യാസം !”
സോഷ്യലിസ്റ്റ് നേതാവ് രങ്കയുടെതായി പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഉദ്ധരിച്ചിട്ട് സഞ്ജയന്‍ ചോദിക്കുന്നു. “എന്തുവ്യത്യാസം?”
പ്രതികരണങ്ങളിലെ ഹാസവും മൂര്‍ച്ചയും ചൂണ്ടിക്കാണിയ്ക്കാന്‍ ഏതു ലേഖനം ഉദ്ധരിച്ചാലും മതിയാവും. ഒന്നും മറ്റൊന്നിനേക്കാള്‍ പുറകിലല്ല.
‘യുദ്ധം ചെയ്യാന്‍ അഭ്യസിക്കുവിന്‍ എന്ന ഉപദേശം ജര്‍മ്മനിയിലെ യുവാള്‍ക്ക് നല്‍കിയ ഡോക്ടര്‍ ഗീബത്സിനെ നോക്കി സഞ്ജയന്‍ പറഞ്ഞു : ‘നീന്തുവാന്‍ അഭ്യസിക്കുവിന്‍’ എന്ന് ഡോക്ടര്‍ ഗീബത്സ് ജര്‍മ്മനിയിലെ മത്സ്യങ്ങളോട് ഉപദേശിക്കുന്ന ശോഭനമുഹൂര്‍ത്തത്തെ ഞങ്ങള്‍ സകൌതുകം പ്രതീക്ഷിക്കുന്നു!
അക്കാലത്തെ ഒരു പാഠപുസ്തകത്തിലെ ഒരു സാങ്കേതികപദത്തെ പിടിച്ച് അദ്ദേഹം:
"തുല്യഭുജസമാന്തരചതുര്‍ഭുജം" എന്ന് വാക്കിന്റെ അര്‍ത്ഥം പറയുവാന്‍, തിരക്കായി എവിടെയെങ്കിലും പോകുന്ന സമയത്ത്, നിങ്ങളെ നിരത്തിന്മേല്‍ തടഞ്ഞുനിര്‍ത്തി ഒരാള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്താണ് പറയുക? വിഷ്ണുവിന്റെ സഹസ്രനാമങ്ങളില്‍ ഒന്നായിരിക്കുമെന്ന് പറയും. അല്ലേ? എന്നാല്‍ അത് ശരിയല്ല. ഇത് കണക്കുപുസ്തകങ്ങളില്‍ കാണപ്പെടുന്ന ഒരു വാക്കാണ്. ഈ വാക്ക് "റോംബസ്" എന്ന ഇംഗ്ലീഷുവാക്കിന്റെ ഗീര്‍വ്വാണമാണുപോലും! എന്തിനാണ് ടെക്സ്റ്റ്ബുക്കുനിര്‍മ്മാതാക്കളേ, നിങ്ങള്‍ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നത്? "റോംബസ്" എന്ന് തന്നെ പഠിപ്പിച്ചാല്‍ എന്താണ് തരക്കേട്? അത് പരിചയമില്ലാത്ത പുതിയ വാക്കാണ്. ശരി, നിങ്ങളുടെ "തുല്യഭുജസമാന്തരചതുര്‍ഭുജം" പഴയ വാക്കാണോ? അതിന്റെ അര്‍ത്ഥം കേള്‍ക്കുന്ന മാത്രയില്‍ മനസ്സിലാകുന്നുണ്ടോ? അതിനു് വല്ല അര്‍ത്ഥവുമുണ്ടോ?
....മറ്റൊന്ന്...ഇന്ത്യയില്‍ കപ്പലിറങ്ങിയ ആദ്യദിവസം രാത്രി രണ്ടു ഇംഗ്ലീഷുക്കാര്‍ തമ്പില്‍ ഉറങ്ങാന്‍ പോയിക്കിടന്നു. പക്ഷേ കൊതുകുകടി കൊണ്ട് ഉറക്കം തീരെ വന്നില്ല. ഒടുക്കം പൊറുതിമുട്ടിയ പാശ്ചാത്യര്‍ ചൂട് അസഹ്യമായിരുന്നുവെങ്കിലും ഓരോ കമ്പിളിയെടുത്ത് ആപാദചൂഡം മൂടിപ്പുതച്ചു കിടന്നു. കൊതുകുശല്യവും നിന്നു. അങ്ങനെ കുറെക്കഴിഞ്ഞപ്പോള്‍ ആ നരകപ്രാണികള്‍ തിരിച്ചുപോയോ എന്നറിയുവാന്‍ ഒരു വിദ്വാന്‍ തന്റെ കമ്പിളിയുടെ അറ്റം അല്പം പൊന്തിച്ച് ഇരുട്ടിലേയ്ക്ക് നോക്കി. നാലഞ്ചു മിന്നാമിനുങ്ങുകള്‍ പറക്കുന്നതാണ് അയാള്‍ കണ്ടത്. ഭയവിഹ്വലനായ ആ മനുഷ്യന്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു: “ഐ സേ ഡിക് ! നമുക്കു രക്ഷയില്ല. ആ നശിച്ച പ്രാണികള്‍ റാന്തലും കൊളുത്തി നമ്മളെ തിരയുവാന്‍ വരുന്നുണ്ട്.”
എന്നും പ്രസക്തമായ മൂര്‍ച്ചയേറിയ പരിഹാസങ്ങള്‍ ഒന്നുകൂടി വായിക്കാന്‍ കഴിഞ്ഞു, ഇന്നലെ. യാദൃശ്ചികമാവാം, ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനം.
പദ് മനാഭന്‍ തിക്കോടി
No comments:
Post a Comment