Friday, June 19, 2015

ശ്രീകുമാരന്‍ തമ്പി- കലാ സാഹിത്യ രംഗത്തെ ബഹുമുഖ പ്രതിഭ.

ശ്രീകുമാരന്‍ തമ്പി –
കാവ്യദേവതയുടെ അനുഗ്രഹം നിര്‍ലോപം ചൊരിഞ്ഞു കിട്ടിയ സര്‍ഗധനന്‍. മൌലികത കൊണ്ട് വേറിട്ടുനിന്ന, ആത്മദര്‍ശനമുള്ള, മലയാളിയുടെ സംസ്കാരവും ഗ്രാമീണതയും നിറഞ്ഞുനിന്ന രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങളുടെ പാലാഴി നമുക്ക് ചുറ്റും ഒഴുക്കിയ പ്രിയപ്പെട്ട കവി. മലയാള സാഹിത്യശാഖയെ എന്നപോലെ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെയും തന്റെ അതുല്യ വ്യക്തിത്വം കൊണ്ട് കീഴടക്കിയ അസാമാന്യ പ്രതിഭ.
ഗാനരചനാരംഗത്ത്‌ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍ തമ്പി ഇക്കാലയളവില്‍ നമുക്ക് സമ്മാനിച്ചത്‌ ചലച്ചിത്രഗാനങ്ങള്‍ മാത്രമല്ല. ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ആല്‍ബങ്ങളും ആയി ആയിരത്തിലേറെ രചനകളിലൂടെ തമ്പി അനുവാചക ഹൃദയങ്ങളെ കീഴടക്കി.
വളരെ ചെറുപ്പം മുതലേ തമ്പി കവിതകള്‍ എഴുതിത്തുടങ്ങി. അന്നുമുതലേ ആത്മദര്‍ശനമുള്ള വരികള്‍ തമ്പിയോടൊപ്പം ഉണ്ടായിരുന്നു. പതിനൊന്നാം വയസ്സില്‍ എഴുതിയ തന്റെ ‘കുന്നും കുഴിയും’ എന്ന കവിതയെക്കുറിച്ച് പരാമര്‍ശിയ്ക്കവേ  അദ്ദേഹം പറയുന്നത് ഇങ്ങനെ: ഒരുയര്‍ച്ചയ്ക്ക് ഒരു താഴ്ച്ചയുമുണ്ട് എന്ന പ്രകൃതി നിയമം കൊച്ചുകുട്ടിയായിരിയ്ക്കുമ്പോഴേ എന്നെ സ്വാധീനിച്ചിരുന്നു. പ്രണയഗാനമായാലും ഹാസ്യഗാനമായാലും ഭക്തിഗാനമായാലും അദ്വൈതചിന്തയും വേദാന്തവും എല്ലാം എന്നില്‍ മിന്നിമായുന്നതും അതുകൊണ്ടാവാം.
 തിരുവനന്തപുരം ആകാശനിലയത്തിലൂടെ ഇദ്ദേഹത്തിന്റെ ലളിതഗാനം ആദ്യമായി പ്രക്ഷേപണം ചെയ്തു തുടങ്ങിയത് തന്റെ പതിനെട്ടാം വയസ്സിലാണ്. ഇതിനു പുറമെ മദ്രാസ്‌ നിലയത്തിനു വേണ്ടിയും ഏതാനും ഗ്രാമഫോണ്‍ കമ്പനികള്‍ക്കു വേണ്ടിയും നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു.
ജയവിജയന്മാര്‍ ആദ്യമായി ഈണം നല്‍കിയ രണ്ടു ഗാനങ്ങള്‍ പിറന്നത്‌ തമ്പിയുടെ തൂലികയില്‍ നിന്നാണ്. ‘ഗുരുവും നീയെ, സഖിയും നീയെ’, ‘ഗോപീ ഹൃദയ കുമാരാ’ എന്നീ ഹിറ്റുകള്‍ യേശുദാസിന്റെ സ്വരത്തില്‍ ഗ്രാമഫോണ്‍ ഡിസ്ക് ആയാണ് പുറത്തിറങ്ങിയത്. യേശുദാസ്‌ തമ്പി രചിച്ച അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1966 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം പുറത്തുവരുന്നത്‌. കാട്ടുമല്ലിക എന്ന ചിത്രത്തിലെ “താമരത്തോണിയിലാലോലമാടി....” ആണ് ആദ്യ പാട്ട്. ഒട്ടേറെ സംഗീതജ്ഞര്‍ ഇദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണങ്ങള്‍ നല്‍കി. ദക്ഷിണാമൂര്‍ത്തി, എം ബി ശ്രീനിവാസന്‍, ദേവരാജന്‍, ജയ-വിജയന്മാര്‍, എം കെ അര്‍ജുനന്‍ തുടങ്ങിയ മഹാരഥന്‍മാരിലൂടെയൊക്കെ തമ്പിയുടെ ഈരടികള്‍ ഗാനപീയുഷങ്ങളായി മലയാളിയുടെ കര്‍ണ്ണവും ഹൃദയവും കീഴടക്കി. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ 'ഹ്യദയസരസ്സ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വയലാര്‍, ഓ എന്‍ വി തുടങ്ങിയ പ്രശസ്തരുടെ കാലത്തും വ്യത്യസ്തമായ രചനകളിലൂടെ തമ്പി തന്റെ വ്യക്തിത്വം നിലനിര്‍ത്തി. ഇവരുടെയൊന്നും അനുകര്‍ത്താവാകാന്‍ ഇദ്ദേഹം തുനിഞ്ഞില്ല. ഈ മൌലികതയോടൊപ്പം കഠിനാധ്വാനവും ദൈവാനുഗ്രഹവും ചേര്‍ന്നപ്പോള്‍ മറ്റു പ്രശസ്തരുടെ നിലയിലേയ്ക്ക് അദ്ദേഹം കുതിച്ചുയര്‍ന്നു.
ഇദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനരചയിതാവ് ഭാസ്കരന്‍ മാഷാണ്. തമ്പി അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയ, ഞാന്‍ ഏറെ ആദരിയ്ക്കുന്ന കവിയാണ്‌ ഭാസ്കരന്‍ മാഷ്‌. സിനിമയുടെ സിറ്റ്വെഷന് അനുസരിച്ച് പാട്ടുകള്‍ എഴുതാന്‍ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ആ പാട്ടുകളെല്ലാം കാവ്യചിത്രങ്ങളാണ്. ( തമ്പിയുടെതായി പ്രസിദ്ധീകരിച്ചു വന്ന ആദ്യ ലേഖനം പി ഭാസ്കരനെ കുറിച്ചായിരുന്നു..തന്റെ പതിനെട്ടാം വയസ്സില്‍ കൌമുദിയിലാണ് അത് അച്ചടിച്ചുവന്നത്.)
വയലാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തമ്പി വളരെ അടുത്ത ആത്മബന്ധം പുലര്‍ത്തി. തമ്പിയുടെ  ആദ്യ കവിതാസമാഹാരമായ “ഒരു കവിയും കുറെ മാലാഖമാരും”  പുറത്തിറങ്ങിയത് വയലാറിന്റെ അവതാരികയുമായാണ്. അതില്‍ വയലാര്‍ ഇങ്ങനെ എഴുതി: ഈ കവിയെ മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു.
ആദ്യ കവിതാ സമാഹാരത്തിനു പുറമെ മറ്റു നാല് കവിതാഗ്രന്ഥങ്ങള്‍ കൂടി തമ്പിയുടെതായിട്ടുണ്ട്- എഞ്ചിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൽ, ശീർഷകമില്ലാത്ത കവിതകൾ. രണ്ടു നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്- കാക്കത്തമ്പുരാട്ടി, കുട്ടനാട്.
എട്ടു വര്‍ഷത്തോളം ഗാനരചനാ രംഗത്ത്‌ തന്നെ നിലയുറപ്പിച്ചിരുന്ന തമ്പി 1974 ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ മറ്റു മേഖലകളിലേയ്ക്കും കടന്നു. ഈ ചിത്രത്തിന്റെ നിര്‍മാണം, തിരക്കഥ, സംവിധാനം എന്നിവകൂടി ഇദ്ദേഹം നിര്‍വഹിച്ചു. ഇതിനെ തുടര്‍ന്ന് ഗാനരചനയില്‍ നിന്നും ഇത്തിരി മാറി നില്‍ക്കേണ്ടി വന്നു. പാട്ടെഴുത്തുകാരനെന്ന കരിയര്‍ ഗ്രാഫിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം താന്‍ തന്നെയാണ് എന്നദ്ദേഹം ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്.
തുടര്‍ന്നുള്ള കാലഘട്ടം തമ്പിയുടെ ബഹുമുഖ പ്രതിഭയുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തിളങ്ങി. മുപ്പത് സിനിമകൾ സംവിധാനം ചെയ്തു. എഴുപത്തഞ്ചിലേറെ സിനിമകൾക്കുവെണ്ടി തിരക്കഥയെഴുതി.( തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് തമ്പി). ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. (അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യ അവസാനമായി അഭിനയിച്ചത് ശ്രീകുമാരൻ തമ്പിയുടെ പരമ്പരയായഅമ്മത്തമ്പുരാട്ടിയിലായിരുന്നു).
1995 ല്‍ എന്‍ മോഹനന്റെ ചെറുകഥകള്‍ “മോഹനദര്‍ശനം” എന്ന പേരില്‍ ദൂരദര്‍ശന് വേണ്ടി സംവിധാനം ചെയ്തുകൊണ്ടാണ് തമ്പി സീരിയലുകളിലേയ്ക്ക് തിരിഞ്ഞത്. തുടര്‍ന്ന് ‘മേളപ്പദം’.
മറ്റുള്ളവരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടിയോ, സാമ്പത്തികലാഭത്തിനു വേണ്ടിയോ സ്വന്തം സ്യഷ്ടികളെ മാറ്റിമറിക്കാൻ ശ്രീകുമാരൻ തമ്പി ഒരിക്കലും തയ്യാറായില്ല. ഇക്കാരണത്താൽ കടുത്ത വിമർശനങ്ങള്‍ ഇദ്ദേഹം നേരിടേണ്ടി വന്നിട്ടുണ്ട്.  തന്‍റെ ആദ്യ നോവലായ 'കാക്കത്തമ്പുരാട്ടി' ചലച്ചിത്രമാക്കാനുള്ള ആദ്യ ശ്രമത്തില്‍ അതിലെ സ്ത്രീ കഥാപാത്രത്തെ പുനർവിവാഹം കഴിപ്പിക്കുന്ന രീതിയിലേക്കു കഥയിൽ മാറ്റമുണ്ടാക്കണമെന്ന നിർമ്മാതാവിന്റെ ആവശ്യം ശ്രീകുമാരൻ തമ്പി പാടേ നിരസിച്ചു; അന്നു സിനിമയാകാതിരുന്ന ആ കഥ പിന്നീടു പി. ഭാസ്കരനാണു ചലച്ചിത്രമാക്കിയത്.
നേരത്തേ ചിട്ടപ്പെടുത്തിയ സംഗീതത്തിനനുസരിച്ചു ഗാനങ്ങൾ രചിക്കുന്ന ഇന്നത്തെ രീതിയോടു എതിർപ്പു പ്രകടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഇക്കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്നു.
ഇദ്ദേഹത്തിന്റെ ചില ഗാനങ്ങളുടെ ക്രെഡിറ്റ്‌ വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. തുടങ്ങിയര്‍ക്കു നല്‍കിയതിനെക്കുറിച്ച് ക്ഷോഭിയ്ക്കാനൊന്നും തമ്പി തയ്യാറില്ല. ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ഇരുപത്തഞ്ചാം വയസ്സുമുതല്‍ മദ്രാസില്‍ ഒരു മറുനാടന്‍ മലയാളിയായി ജീവിച്ച എനിയ്ക്ക് ഇത്തരം പിശകുകള്‍ ചൂണ്ടിക്കാണിയ്ക്കാനോ തിരുത്താനോ കഴിഞ്ഞില്ല. ദേവരാജന്‍ മാസ്റ്റരുടെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ തുടങ്ങുമ്പോള്‍ തന്നെ അതെഴുതിയത് വയലാര്‍ ആയിരിയ്ക്കും എന്ന ഒരു ധാരണ സാമാന്യ ജനങ്ങള്‍ക്ക്‌ വന്നു പെട്ടിരുന്ന കാലമായിരുന്നല്ലോ അത്. പിന്നെ, അങ്ങനെ തെറ്റിദ്ധരിച്ചെങ്കില്‍ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിവുല്ലയാളാണ് എന്ന് സമ്മതിച്ചുതരുന്നതിനു തുല്യമല്ലേ?
ഇദ്ദേഹത്തിന്റെ പ്രശസ്തമായ, എനിയ്ക്കേറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഇവയാണ്- അകലെ അകലെ നീലാകാശം, ഉത്തരാ സ്വയംവരം, മനസ്സിലുണരൂ, ഹ്യദയ സരസ്സിലെ, ദുഃഖമേ നിനക്ക് പുലർ ക്കാല വന്ദനം, ആ നിമിഷത്തിന്റെ, പൊൻവെയിൽ മണിക്കച്ച, വാല്ക്കണ്ണെഴുതി വനപുഷ്പം, സന്ധ്യക്കെന്തിനു സിന്ദൂരം, ചിരിക്കുമ്പോൽ കൂടെ ചിരിക്കാൻ, ഈശ്വരനൊരിക്കൽ വിരുന്നിനു പോയി, പൗർണ്ണമി ചന്ദ്രിക തൊട്ട് വിളിച്ചു, വൈക്കത്തഷ്ടമി നാളിൽ, മലയാള ഭാഷതൻ മാദക ഭംഗി, നിൻ മണിയറയിലെ, കസ്തൂരി മണക്കുന്നല്ലോ കാറ്റെ, സുഖമൊരു ബിന്ദു, സ്വർഗ്ഗ നന്ദിനി, ഒരു മുഖം മാത്രം, എത്ര ചിരിച്ചാലും ചിരി തീരുമോ, ചന്ദ്രികയിൽ അലിയുന്നു, അവൾ ചിരിച്ചാൽ മുത്തു ചിതറും, മലർ കൊടി പോലെ, പൂവിളി പൂവിളി പൊന്നോണമായി..., ദർശനം പുണ്യ ദർശനം, ചന്ദ്ര ബിംബം നെഞ്ചിലേറ്റും, സാമ്യമകന്നൊരുദ്യാനമേ, പാടാത്ത വീണയും പാടും, എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ, കൂത്തമ്പലത്തിൽ വെച്ചൊ, ഇന്നുമെന്റെ കണ്ണുനീരിൽ, സുഖമെവിടെ ദുഃഖമെവിടെ, ഉണരുമീ ഗാനം, നീലനിശീഥിനീ, ഒരിക്കൽ നീ ചിരിച്ചാൽ, ഹ്യദയം കൊണ്ടെഴുതുന്ന കവിത, പാടാം നമുക്കു പാടാം, ചുംബനപ്പൂ കൊണ്ട് മൂടി, സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ, ബന്ധുവാര് ശത്രുവാര്, നീയെവിടെ നിൻ നിഴലെവിടെ...
ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്തുതന്നെ സാഹിത്യപരിഷത്ത്‌, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനം നേടിയിരുന്നു.
തമ്പിയുടെ സിനിമ-കണക്കും കവിതയും എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡുനേടിയിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. (വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ "സുഖമെവിടെ ദു:ഖമെവിടെ" എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്). ഫിലിം ഫാൻസ്‌ അവാർഡ്‌, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ്‌ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്തഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.

തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിലിലും സൗത്ത്‌ ഇന്ത്യൻ ഫിലിം ചേംബർ ഒഫ്‌ കോമേഴ്‌സിന്റെ ഭരണസമിതിയിലും ശ്രീകുമാരൻ തമ്പി അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്രപരിഷത്ത്‌, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവയുടെ വൈസ്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
കളരിക്കൽ കൃഷ്‌ണപിളളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16-ന്‌ ആലപ്പുഴ ജില്ലയിലെഹരിപ്പാട് ആണ്‌ ശ്രീകുമാരൻ തമ്പി ജനിച്ചത്. ഹരിപ്പാട്ട്‌ ഗവ. ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്‌, മദ്രാസ്‌ ഐ.ഐ.ഇ.റ്റി., തൃശൂർ എൻജിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസിൽ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിച്ചു. 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ജോലി രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്ത് മുഴുകി.
ചലച്ചിത്രനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ്‌ ഭാര്യ. കവിത, രാജകുമാരൻ എന്നീ രണ്ടുമക്കൾ. തെലുഗുചലച്ചിത്രരംഗത്തെ ഒരു സംവിധായകനായിരുന്ന രാജകുമാരൻ തമ്പി 2009-ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒട്ടേറെ നഷ്ടങ്ങളും ദു:ഖങ്ങളും അനുഭവിച്ച തമ്പി തകര്‍ച്ചകളില്‍ നിന്നൊക്കെ കരകയറി. പുരാണേതിഹാസങ്ങള്‍ നല്‍കിയ ആത്മബലമാണ് തനിയ്ക്ക് ഇതിനു സഹായകമായത് എന്ന് തമ്പി ഒരിടത്ത് പറഞ്ഞിട്ടുണ്ട്. തന്റെ മകന്റെ മരണവാര്‍ത്ത അദ്ദേഹം അറിഞ്ഞത് ടി വി ന്യൂസിന് അടിയിലൂടെ സ്ക്രോള്‍ ചെയ്തു കാണിയ്ക്കുമ്പോഴായിരുന്നു.ആരും തകര്‍ന്നു പോകുമായിരുന്ന ആ നിമിഷങ്ങള്‍ അദ്ദേഹം തന്റെ ആത്മബലം കൊണ്ട് അതിജീവിച്ചു. ദീര്‍ഘായുസ്സുള്ള ദുര്‍വൃത്തനായ മകനു പകരം അല്പായുസ്സായ സദ്ഗുണസമ്പന്നനായ മകനെ മതിയെന്നു പറഞ്ഞ പുരാണകഥ ഉദ്ധരിച്ച് തനിക്ക് കിട്ടിയ ലാഭം തന്നെയായിരുന്നു പുത്രനെന്ന് അദ്ദേഹം ആശ്വസിച്ചു. 
അദ്ദേഹത്തിന്റെ സിനിമാ ജീവിതം അമ്പതാണ്ടിലെത്തിയിരിയ്ക്കുന്നു. ഇനിയും മലയാള സിനിമയ്ക്കും നമുക്കും അദ്ദേഹത്തിന്റെ മികച്ച സര്‍ഗാത്മക സംഭാവനകള്‍ ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


പദ് മനാഭന്‍ തിക്കോടി

No comments:

Post a Comment