Saturday, January 23, 2016

തിക്കോടിയന്‍- തൂലികാനാമത്തിന്റെ കഥ

തിക്കോടിയൻ എന്ന തൂലികാനാമം കോഴിക്കോടടുത്തുള്ള തിക്കോടി (ഞാന്‍ കൂടി ജനിച്ചുവളര്‍ന്ന എന്റെ ഗ്രാമം) എന്ന സ്‌ഥലപ്പേരിൽനിന്നു കിട്ടിയതാണെന്നു നമുക്കൊക്കെ അറിയാം. പക്ഷേ, ആ നാമകരണകഥ അധികം പേർക്ക് അറിയുമെന്നു തോന്നുന്നില്ല. 
‘സഞ്‌ജയൻ’ മാസിക ഇറങ്ങുന്ന കാലമായിരുന്നു അത്; കേരളത്തെ സഞ്‌ജയൻ എന്ന ചിരിരാജാവ് പൊട്ടിച്ചിരിപ്പിച്ചിരുന്ന കാലം....
കോഴിക്കോട് ‘മാതൃഭൂമി’യിൽ അക്കാലത്ത് നിത്യസന്ദർശകനായിരുന്നു സഞ്‌ജയൻ. അവിടെയെത്തിയാൽ പത്രാധിപസമിതിയിലെ ടി.പി.സി. കിടാവിന്റെ കസേരയിലാണ്‌ പതിവായി സഞ്‌ജയൻ ഇരിക്കുക. ഒരു ദിവസം അവിടെയിരുന്ന് മേശവലിപ്പിലെ കടലാസുകളിൽ ചിലതെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ട രണ്ടു കവിതകളില്‍ ഒരെണ്ണം തനിക്കു വേണമെന്നു പറഞ്ഞ് അദ്ദേഹം കൊണ്ടുപോകുകയും ചെയ്‌തു....
ഈ നാമകരണകഥയിലെ അടുത്ത അധ്യായം തിക്കോടിയിലാണു നടക്കുന്നത്. അവിടത്തുകാരനായ പി. കുഞ്ഞനന്തൻ നായർ പതിവായി സഞ്‌ജയൻ മാസിക വാങ്ങുന്ന ആളാണ്. പുതിയ ലക്കം കയ്യിൽ വന്നതും വീട്ടിലെത്തി വായിക്കാൻ തുടങ്ങി ആ ചെറുപ്പക്കാരൻ. പതിവുപോലെ അന്നു വൈകിട്ട് കുഞ്ഞനന്തൻ നായരുടെ വീട്ടിൽ സുഹൃത്തുമെത്തി. സഞ്‌ജയൻ മാസിക രണ്ടാമതുവായിക്കുന്നത് ആ ചങ്ങാതിയാണ്. മാസികയുംകൊണ്ട് അദ്ദേഹം വീട്ടിൽ പോയി. പിറ്റേന്നു മാസിക തിരിച്ചുകൊടുക്കാനായി വന്ന അദ്ദേഹം കുഞ്ഞനന്തൻ നായരോടൊരു ചോദ്യം:
ആരാണീ തിക്കോടിക്കാരൻ?
കുഞ്ഞനന്തൻ നായർക്കു ചോദ്യം മനസ്സിലായില്ല. അപ്പോൾ സുഹൃത്തു തുടർന്നു:
–ഇതു നോക്കെടോ, ഒരു വിദ്വാൻ ഇതിലൊരു കവിതയെഴുതിയിരിക്കുന്നു. താനും ഞാനുമറിയാത്ത ഈ തിക്കോടിക്കാരൻ വങ്കനാരാണ്? കുഞ്ഞനന്തൻ നായർ ആ കവിത വായിച്ചു. ഒടുവിൽ അദ്ദേഹത്തിനു വെളിച്ചം കിട്ടുകയും ചെയ്‌തു...
ആ കവിതയിൽ തന്റേതായ നാലേ നാലു വരിയുണ്ട്! ആഗോളയുദ്ധത്തിനു തയ്യാറെടുക്കുന്ന ഹിറ്റ്‌ലറുടെ പേരിലുണ്ടായ കലശലായ ശുണ്‌ഠി സഹിക്കാഞ്ഞ് ഏറെ ഗൗരവത്തോടെ കുഞ്ഞനന്തൻ നായർ ഒരു കവിതയെഴുതിയിരുന്നു. ആ കവിതയാണു കിടാവിന്റെ മേശപ്പുറത്തുനിന്നു സഞ്‌ജയനെടുത്ത് വെട്ടിത്തിരുത്തി ഹാസ്യകവിതയാക്കി പ്രസിദ്ധീകരിച്ചത്. കവിത മാറ്റിയതിനു പുറമേ, പി.കുഞ്ഞനന്തൻ നായർ തിക്കോടിയെ അദ്ദേഹം തിക്കോടിയനാക്കുകയും ചെയ്‌തു....
പിൽക്കാലത്ത് തിക്കോടിയൻ ഇങ്ങനെ ഓർമിച്ചിട്ടുണ്ട്:
–അങ്ങനെ ഞാൻ തിക്കോടിയനായി. എന്റെ മറ്റേ പേർ ഇന്നാർക്കുമറിയില്ല; എനിക്കും!...

No comments:

Post a Comment