Thursday, January 3, 2013

ശാരീരികാക്രമണവും സ്ത്രീകളും!........

ശാരീരികാക്രമണം ഒരു സ്ത്രീയെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ഒരൽപ്പം പെണ്ണുങ്ങളുടെ മന:ശാസ്ത്രം പറയട്ടെ. ഒരു സാധാരണ പെണ്ണിന്റെ ആഗ്രഹം തന്റെ സ്വകാര്യശരീരഭാഗങ്ങൾ താനിഷ്ടപ്പെടുന്ന പുരുഷനല്ലാതെ വേറൊരാളും കാണരുതെന്നാണ്‌. അതു ഒരു തരം സ്നേഹസമർപ്പണമായിരിക്കാം. അതിനെ കീഴടങ്ങലായി വ്യാഖ്യാനിക്കരുത്‌. മതങ്ങൾക്കോ ദൈവങ്ങൾക്കോ ഇതിലൊന്നും ചെയ്യാനില്ല. ലോകത്തെ എല്ലാ സ്ത്രീകളും ഇങ്ങനെയേ ചിന്തിക്കൂ. 

രണ്ടുപേർ പ്രണയിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവിടെ രൂപപ്പെടുന്ന കെമിസ്ട്രിയുണ്ട്‌. പുരുഷനു തോന്നുക താൻ അവളെ സ്നേഹത്തോടെയും ബഹുമാനത്തോടെയും പരിരക്ഷിക്കേണ്ടതാണെന്നാണ്‌. സ്ത്രീക്ക്‌ തോന്നുക ആ പുരുഷന്റെ ശാരീരികവും വൈകാരികവുമായ തണലിൽ കഴിയണമെന്നും. അതു സമത്വത്തിന്റെ പേരിൽ നിഷേധിച്ചിട്ടു കാര്യമില്ല. ശാരീരികമായി ഒന്നാകുമ്പോഴും സ്നേഹത്തിന്റെ കൂടെ ഇതും ഉണ്ടാകും. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അതൊരു ആത്മീയമായ കാര്യമാണ്‌. വെറും ശാരീരിക പ്രക്രിയ അല്ല. ആത്മീയം എന്നതുകൊണ്ടുദ്ദേശിച്ചത്‌ മനസ്സിനാണ്‌ കൂടുതൽ പ്രാധാന്യം എന്നാണ്‌. അവിടെ അവളെ കീഴടക്കുകയല്ല, അവൾ,സ്നേഹത്തിനുവേണ്ടി, സ്നേഹത്തിലൂടെ കീഴടങ്ങുകയാണ്‌. ചെറിയൊരു ബല പ്രയോഗം പോലും അവളുടെ ആത്മാവിൽ മുറിവുണ്ടാക്കും. ഒരു അൾട്രാ സൗണ്ട്‌ സ്കാനിങ്ങിനായി ഒരു റേഡിയോളജിസ്റ്റിന്റെ മുന്നിൽ വസ്ത്രം നീക്കുന്നതുപോലും അവളുടെ മനസ്സിലുണ്ടാക്കുന്ന വ്യഥ ചെറുതല്ല. ഓരോ ഇത്തരം സന്ദർഭങ്ങളിലും അവൾ സ്വയം പറഞ്ഞു പഠിപ്പിക്കുകയാണ്‌ ഇത്തരം സന്ദർഭങ്ങളുടെ ജീവിതത്തിലെ അനിവാര്യതകളെപറ്റി.

അത്രയും ദുർബലമായ, തരളമായ ഭാവനകൾ സൂക്ഷിക്കുന്ന പെണ്ണിന്റെ മേലാണ്‌ ശാരീരിക ശക്തിയും ആക്രമണോത്സുകതയും മൃഗീയ വാസനകളും മാത്രം കൈമുതലായുള്ള ഒരാളോ പലരുമോ ചാടിവീഴുന്നത്‌. പ്രതീക്ഷിക്കാത്ത ആക്രമണത്തിന്റെ ഞെട്ടലിൽ തകർന്നുപോകാൻ നിമിഷങ്ങൾ മതിയാകും. ഓരോ നിമിഷവും അടുത്ത നിമിഷത്തിലെന്ത്‌ എന്ന ഭീതിദമായ ചിന്തയിലൂടെയാണ്‌ കടന്നുപോകുന്നത്‌. മരണം വരെ മുന്നിൽകണ്ടുകൊണ്ടാണ്‌ അതു അനുഭവിക്കുന്നത്‌. താൻ ജീവനോടെ തിരികെ വീട്ടിലെത്തുമെന്ന് യാതൊരുറപ്പുമില്ല. ഒറ്റക്കുത്തിനു കൊല്ലപ്പെടുന്നതു പോലെയല്ല ആ അവസ്ഥ. അതു മനസ്സിനുണ്ടാക്കുന്ന മുറിവ്‌ മാരകമാണ്‌. ശരീരത്തിന്റെ മുറിവുണങ്ങിയാലും,ഈ മുറിവുണങ്ങില്ല.

ആക്രമിക്കപ്പെടുന്നതാകട്ടെ ശരീരത്തിലെ ഏറ്റവും ദുർബലമായ ഭാഗങ്ങളും. നാഡീവ്യൂഹങ്ങളുടെ അവസാനമുള്ള ഭാഗങ്ങളായതുകൊണ്ടാകും ഇത്തരം ഭാഗങ്ങൾ കൂടുതൽ സ്പർശനക്ഷമതയും വേദനക്ഷമതയും ഉള്ളവയാണ്‌. കരുതലോടെയല്ലാത്ത ചെറിയൊരു സ്പർശനം പോലും വലിയ വേദനയുളവാക്കും. ആക്രമിക്കപ്പെടുമ്പോൾ അനുഭവപ്പെടുന്ന ശരീരവേദന അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെന്നേക്കുമുള്ള ആഘാതമാണ്‌ അവളുടെ മനസ്സിനേൽപ്പിക്കുന്നത്‌. ഒരിക്കലും മറക്കാനാവാത്ത, ഓർക്കുമ്പോൾ തന്നെ നടുങ്ങുന്ന വേദന. ഇതുകൊണ്ടൊക്കെയാണ്‌ ബലാൽസംഗം ഇത്രകണ്ട്‌ നീചമാകുന്നത്‌. എത്ര ലാഘവത്തോടെ കാണാൻ ശ്രമിച്ചാലും സ്ത്രീകൾക്കതിനു കഴിയാതെ പോകുന്നതും.

No comments:

Post a Comment