ഇളയരാജാ-സ്വരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ചെപ്പടിവിദ്യക്കാരന്‍ .
സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ. ലോക സിനിമ ചരിത്രത്തിലെ മികച്ച 25 സംഗീത സംവിധായകരില്‍ ഒരാളായി, ‘ടെയ്സ്റ്റ് ഓഫ് സിനിമ എന്ന വെബ് സൈറ്റ് തിരഞ്ഞെടുത്ത അതുല്യ സംഗീതജ്ഞന്‍. ലോകം ഉള്ള കാലമത്രയും ഏവരുടെയും ചുണ്ടുകളില്‍ തത്തി കളിക്കുന്ന ഒരു പിടി മധുരഗാനങ്ങള്‍ സമ്മാനിച്ച ഇസൈജ്ഞാനി. വിദേശ 'സിംഫണി' മുതല്‍ തമിഴ് ആദിസംസ്‌കാരത്തിലെ ഭക്തിയുടെ നീരുറവയായ 'തിരുവാസകം' വരെ ചിട്ടപ്പെടുത്തി സംഗീതത്തിന്റെ വഴികളിലൂടെ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ താണ്ടിയ തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തി.
മൂന്നു പതിറ്റാണ്ടിനുള്ളില്‍ വ്യത്യസ്ത ഭാഷകളില്‍ 950 ചിത്രങ്ങള്‍ക്കായി 5000 ലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ തമിഴകത്തും ദക്ഷിണേന്ത്യയില്‍ ആകമാനവും പുതിയ തരംഗം തന്നെ സൃഷ്ടിച്ച ഇളയരാജയ്ക്ക് ഇത്തരം ഒരാമുഖം ആവശ്യമില്ല. മൂന്നുതവണ എറ്റവും മികച്ച സിനിമാസംഗീത സംവിധായകനുള്ള അവാര്‍ഡു നല്‍കി രാഷ്ട്രം ഈ കലാകാരനെ ആദരിച്ചു. വിവിധ സംസ്ഥാന അവാര്‍ഡുകളും പലതവണ നേടി. തമിഴ് സിനിമയില്‍ ഇത്രയും ജനകീയനായ എല്ലാവരുടെയും ആരാധന പിടിച്ചുപറ്റിയ മറ്റൊരു സംഗീതസംവിധായകന്‍ വേറെയില്ല. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.
തമിഴ് സിനിമയില്‍ നിലനിന്നിരുന്ന സംഗീത ശൈലി അപ്പാടെ മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കപ്പെട്ട, 1976-ല്‍ റിലീസ് ചെയ്യപ്പെട്ട ''അന്നക്കിളി ''യിലെ ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീതാസ്വാദകര്‍ ഇളയരാജയെ അറിഞ്ഞുതുടങ്ങുന്നത്. നാടോടി സംഗീതവും പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച് അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തമിഴകത്ത് പുതിയ തരംഗം തന്നെ സൃഷ്ടിച്ചു. തുടര്‍ന്നിങ്ങോട്ട് വിജയത്തിന്റെ ചരിത്രം മാത്രമേ ഇളയരാജയെപ്പറ്റി പറയാനുള്ളൂ. സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നതിനും മലയാള ചിത്രമായ പഴശിരാജയ്ക്ക് പശ്ചാത്തലസംഗീതം നിര്‍വഹിച്ചതിനും ഇളയരാജയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചെറുതും വലുതുമായ പുരസ്‌കാരങ്ങള്‍ വേറെയും. തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തെ കലൈമാമണി പട്ടം നല്‍കി ആദരിച്ചു.
ഏതാണ്ട് ആയിരത്തോളം ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.
മികച്ച ഗാനരചയിതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കൊപ്പം ഇണങ്ങിച്ചേരാന്‍ പറ്റിയതാണ് ഇളയരാജയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കാനും അതു വഴി പ്രശസ്തിയുടെ പടവുകള്‍ കയറാനും എളുപ്പമായത്. ഗുല്‍സാര്‍, കണ്ണദാസന്‍, വെട്ടൂരി സുന്ദര രാമമൂര്‍ത്തി, ശ്രീവെണ്ണില സീതാരാമ ശാസ്ത്രി, വൈരമുത്തു , വാലി എന്നീ ഗാനരചയിതാക്കളും കെ. ബാലചന്ദര്‍, കെ. വിശ്വനാഥ്, ശിങ്കിതം ശ്രീനിവാസ റാവു, വംശി, ബാലു മഹേന്ദ്ര, മണിരത്‌നം എന്നീ സംവിധായകരും ഇളയരാജ എന്ന സംഗീതസംവിധായകന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചവരാണ്.
1943 ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് ഡനിയേല്‍ രാമസ്വാമിയുടെയും ചിന്നതായമ്മാളിന്റെയും മൂന്നാമത്തെ പുത്രനായ് ജനിച്ച ക്‌ഞാനദേശികന്‍ എന്ന
ഡാനിയല്‍ രാജയ്യയുടെ പേര് സംഗീതാദ്ധ്യാപകനാണ് രാജ എന്ന് മാറ്റിയത്. ആദ്യ സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ് അരുണാചലം ഇളയരാജ എന്ന പേരു നൽകിയത്.
ജനിച്ച് വളർന്ന അന്തരീക്ഷം തമിഴ് നാടൻ ശീലിന്റെ മാറ്റൊലികളാൽ സമൃദ്ധമായിരുന്നു.തന്റെ പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന സംഗീത സംഘത്തിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു.തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്നു ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്ന ത്തെ ഇന്ത്യൻ പ്രധാന മന്ത്രിജവാഹർലാൽ നെഹ്രു വിനു വേണ്ടി സമർപ്പിച്ചു.
റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കവലകള്‍ തോറും പാടിയ ചരിത്രവും ഈ സംഗീതചക്രവര്‍ത്തിക്കുണ്ട്.
തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറി. സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ അസിസ്റ്റന്റായി കുറച്ചു കാലം ജോലി ചെയ്തു.ഈ കാലയളവില്‍ ഏതാണ്ട് 200 ഓളം ചിത്രങ്ങളിൽ ഇളയരാജ പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ അദ്ദേഹം സ്വന്തമായി ഈണങ്ങൾ തയ്യാറാക്കാനും തുടങ്ങിയിരുന്നു.അവിടെ നിന്നു ഗിറ്റാര്‍ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായി. പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്‍പര്യം വളര്‍ന്നു പന്തലിച്ചത് ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള പഠനത്തോടെയാണ്.
ഇളയരാജ സംഗീതം നല്‍കി സ്വന്തമായി നിര്‍മിച്ച സിനിമയാണ് 'എന്‍ ബൊമ്മ ക്കുട്ടി അമ്മാവുക്ക.
2000 ൽ ഇളയരാജ സിനിമാസംഗീതത്തിൽ നിന്നും വ്യതിചലിച്ച് ചില ആൽബങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിരുന്നു.
ദളപതി എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട് എസ്.പി.ബാലസുബ്രഹ്മണ്യവും, സ്വർണ്ണലതയും ആലപിച്ച രാക്കമ്മ കൈയ്യെ തട്ട് എന്ന ഗാനം മികച്ച പത്തു ഗാനങ്ങൾക്കായി ബി ബി സി നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തുകയുണ്ടായി. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച നായകൻ എന്ന സിനിമ ടൈം മാസിക നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ മികച്ച 100 ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കാർ അവാർഡുകൾക്കായി ഭാരത സർക്കാർ ഔദ്യോഗികമായി നാമനിർദ്ദേശം നൽകിയ കുറേയധികം ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് ഇളയരാജയാണ്.
പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര തന്റെ ‘ മൂടുപനി’ എന്ന ചിത്രത്തിലെ ‘എൻ ഇനിയ പൊൻ നിലാവേ…’ എന്ന ഗാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
ആ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗിത്താർ ഈണം, യേശുദാസിന്റെ സ്വരം, ഗാന ചിത്രീകരണം, അതിലുപരി രാജയുടെ സംഗീതം – ഇതെല്ലാം ചേർന്ന് ആ ഗാനം എത്ര മനോഹരമായിരുന്നു! ഈ രംഗത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം ഞാന്‍ നിരസിക്കുകയായിരുന്നു. രണ്ടാമതായി രാജ നൽകിയ ഗാനമായിരുന്നു ‘എൻ ഇനിയ പൊൻ നിലാവേ…’.
അപ്പോൾ ആദ്യ ഗാനം?
ബാലു മഹേന്ദ്ര തന്നെ പറയുന്നു ''പിൽക്കാലത്ത് ഏറെ പ്രശസ്തമായ ‘ഇളയനിലാ പൊഴികിറത്…’ എന്ന ഗാനമായിരുന്നു അത്.
എന്തിനാണ് അന്നീഗാനം വേണ്ടെന്ന് വച്ചത്? പിൽക്കാലത്തതിൽ ഖേദം തോന്നിയോ?
അദ്ദേഹം മറുപടി നൽകുന്നതിങ്ങനെ.. രാജയിൽ നിന്നും ഏറ്റവും മികച്ച മറ്റൊരു ഗാനം തേടി ആദ്യ ഗാനത്തിനധികം പ്രാധാന്യം നൽകാതെ പറഞ്ഞതായിരുന്നു.. 'ഈ ഗാനം നന്ന്.. എനിക്ക് വേറൊരെണ്ണം വേണം' എന്ന്.
ഇളയരാജയുടെ സംഗീതത്തില്‍ ഒട്ടേറെ അനശ്വര ഗാനങ്ങള്‍ പാടിയ ഗായിക, ഉമാരമണന്‍ 'പനീര്‍ പുഷ്പങ്ങള്‍'(1981) എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ " ആനന്ദ രാഗം..." എന്ന ഗാനത്തെപ്പറ്റി പറയുന്നു.
" എന്റെ പന്ത്രണ്ടാമത്തെ ടേക്കിനാണ് രാജ സാര്‍ സന്തുഷ്ടനായത്. രാത്രി 9.30 നാരംഭിച്ച റെക്കോർഡിങ്ങ് പിറ്റേന്ന് പുലർച്ചെ 3.00 മണി വരെ നീണ്ടു !"
ചരണത്തില്‍ ഇത്രയധികം വയലിനുകള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഗാനങ്ങള്‍ അത്യപൂര്‍വ്വമാണ്. വർഷങ്ങൾക്കിപ്പുറം രണ്ടായിരത്തിആറിൽ ഇതേ ഗാനം രാം ഗോപാൽ വർമ്മയുടെ ശിവ എന്ന ചിത്രത്തിനുവേണ്ടി പുനരവതരിപ്പിച്ചപ്പോൾ ശ്രേയ ഘോഷാലാണത് പാടിയത്.
മലയാളികള്‍ക്കും ഇളയരാജ ഇന്ന് സുപരിചിതനാണ്. മലയാളം പാട്ടുകളിലൂടെ മാത്രമല്ല ഇത്. അദ്ദേഹം ചിട്ടപ്പെടുത്തിയ തമിഴ്ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്കിടയില്‍ ഹരമാണ്. പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം ‘വ്യമോഹം’ ആയിരുന്നു. അതില്‍ മറക്കനാവാത്ത ഒരേയൊരു ഘടകമേയുള്ളുവെന്ന് ഇളയരാജ പറയുന്നു. ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇന്നും അദ്ദേഹത്തിന്‍റെ പ്രതിഫലം കൊടുത്തിട്ടില്ല. എങ്കിലും അദ്ദേഹത്തിനു പരിഭവമില്ല. അതൊരു നല്ല തുടക്കമായിരുന്നുവെന്ന് രാജാസാര്‍ പറയുന്നു. മലയാളത്തിലെ ശ്രോതാക്കള്‍ അവരുടെ സ്വന്തം ആളായി ആ ചിത്രത്തിലൂടെ എന്നെയും മനസ്സിലിരുത്തി.
‘പൂവാടികളില്‍ അലയും തേനിളം കാറ്റേപനിനീര്‍ മഴയില്‍ കുളിര്‍ കോരി നില്പൂ ഞാന്‍ ‘
ജാനകിയുടെ ശബ്ദത്തില്‍ പുറത്തുവന്ന ഈ ഗാനം മലയാളിക്കെങ്ങനെ മറക്കാന്‍ കഴിയും.
ഗായകന്‍ എന്ന നിലയിലും മലയാളികള്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെടുന്നു. പാറ എന്ന മലയാളസിനിമയില്‍ അരുവികള്‍ ഓളം തുള്ളും എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടി. ടോമിന്‍ തച്ചങ്കരിയുടെ ചിൿചാം ചിറകടി എന്ന ആല്‍ബത്തില്‍ 'സത്യം വിശ്വൈകമന്ത്രണം എന്ന ഗാനത്തിനു ശബ്ദം നല്‍കിയതും രാജ തന്നെ.
തമിഴ്,തെലുഗു,കന്നട,മലയാളം എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും ഇദ്ദേഹം തന്റെ സ്വാധീനം അറിയിച്ചു.
പ്രധാന പുരസ്കാരങ്ങള്‍
മൂന്നു ദേശീയ അവാര്‍ഡുകള്‍ - സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ.ലതാമങ്കേഷ്കര്‍ അവാര്‍ഡ് (മധ്യപ്രദേശ് സര്‍ക്കാര്‍)മധുര കാമരാജ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി.മൂന്നാംപിറ, സാഗരസംഗമം, സിന്ധുഭൈരവി, മൌനരാഗം, ഗീതാഞ്ജലി, വീട്, അഗ്നിനക്ഷത്രം, അഞ്ജലി, തേവര്‍ മകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍.ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി ഒരു മാസം കൊണ്ട് സിംഫണി രചിച്ചു. ഇവിടെ ഫുള്‍ ടൈം സിംഫണി ചെയ്യുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് ഇളയരാജാ.
കേരള സംസ്ഥാന അവാര്‍ഡ് പശ്ചാത്തല സംഗീതം-കല്ലു കൊണ്ടൊരു പെണ്ണ്
സംഗീത സംവിധാനം - കാലാപാനി
പശ്ചാത്തല സംഗീതം - സമ്മോഹനം
ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട്
എഴുപത്തി ഒന്നിന്റെ നിറവിലെത്തിയ തെന്നിന്ത്യന്‍ സംഗീത ലോകത്തെ എക്കാലത്തെയും മികച്ച സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു..
പദ് മനാഭന്‍ തിക്കോടി
shariykkum nalla vaayanaanubhavam....
ReplyDeleteനന്ദി, ബാബു മുരളി..
ReplyDelete