ഇക്കഴിഞ്ഞ ദിവസം ബംഗളുരുവില്‍ പ്രമുഖ ചിത്രകാരനായ ശ്രീ കെ വി ഹരിദാസ് തന്റെ എഴുപത്തി ഏഴാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ സഹൃദയലോകത്തിനു നഷ്ടമായത് ചിത്രകലയിലെ താന്ത്രിക് രീതിയുടെ പൊരുളറിഞ്ഞ അപൂര്‍വം ഇന്ത്യന്‍ ചിത്രകാരന്‍മാരില്‍ ഒരാള്‍.. കഴിഞ്ഞ അഞ്ചുവ്യാഴവട്ടക്കാലമായി ഭാരതീയ നിയോതാന്ത്രിക് ധാരയിലെ വ്യതിരിക്തമായ വ്യക്തിത്വമായിരുന്ന ശ്രീ ഹരിദാസ് തന്റേതായ ഒരു വ്യത്യസ്ത ചിത്രഭാഷ കലയില്‍ അവതരിപ്പിച്ചു.
ആശയാവിഷ്‌കാരങ്ങള്‍ക്ക് താന്ത്രിക ചിഹ്നങ്ങളെ പ്രതീകാത്മകമായി സ്വീകരിച്ച പ്രമുഖരായ പല ചിത്രകാരന്മാരില്‍ നിന്നും വളരെയേറെ വേറിട്ട ഒരു സമീപനമായിരുന്നു കലയോട് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
ബിംബങ്ങളും രൂപങ്ങളും തനതായ വര്‍ണവിന്യാസങ്ങളിലൂടെ ചിത്രതലത്തില്‍ ആവിഷ്‌കരിച്ച് തനതായ ഒരു ചിത്രഭാഷ കലയില്‍ അദ്ദേഹം അവതരിപ്പിച്ചു. ജീവിതചര്യയും ചിന്തകളും സര്‍ഗാത്മകപ്രവര്‍ത്തനവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ മിക്കവയും തന്റെ യോഗനിഷ്ഠയോടെയുള്ളചര്യകളും ദര്‍ശനങ്ങളും പ്രതിഫലിപ്പിയ്ക്കുന്നവയായിരുന് നു.
ചെന്നൈയിലെ ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപകരിലൊരാളും തിരുവനന്തപുരത്തെ 'കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സി'ന്റെ മുന്‍പ്രിന്‍സിപ്പലുമാണെങ്കിലും സഹൃദയരുടെ ഇടയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചിത്രകലയിലെ നവതാന്ത്രിക പ്രസ്ഥാനത്തിലെ പ്രമുഖന്‍, സംഗീതവുമായും നാടകവുമായും നാടന്‍ കലാരൂപങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠനായ ഒരു കലാകാരന്‍ എന്നീ നിലകളില്‍ തന്നെ.
കണ്ണൂര്‍ ജില്ലയിലെ കീച്ചേരി സ്വദേശിയായ ശ്രീ ഹരിദാസ് ചെന്നൈയിലെ പ്രസിഡന്‍സി കോളേജില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ചെന്നൈയിലെതന്നെ 'സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സി'ല്‍ ചിത്രരചന പഠിക്കാനെത്തുന്നത്. ഇവിടെ നിന്നും കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി ഒന്നാംക്ലാസ്സോടെ പെയിന്റിങ് ഡിപ്ലോമ നേടിയ ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാറിന്റെ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു.
താന്‍ വളര്‍ന്ന ഗ്രാമത്തിലെ ക്ഷേത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ബാല്യത്തില്‍തന്നെ അദ്ദേഹത്തിന്റെ സര്‍ഗഭാവനയെ ഉണര്‍ത്തിയിരുന്നു. ശോഭയാര്‍ന്ന ഉത്സവങ്ങളിലൂടെ, തെയ്യങ്ങളുടെ നിറങ്ങളിലൂടെ, ദീപങ്ങളില്‍ തെളിയുന്ന കളങ്ങളിലൂടെ അദ്ദേഹത്തിന്റെ ഭാവന ചിറകു വിരിച്ചു. (ഉത്സവകാലത്താണ് നാട്ടിലെത്തുന്നതെങ്കില്‍ എല്ലാ തെയ്യംതിറകളും വീക്ഷിക്കാന്‍ പോകുമായിരുന്നു ശ്രീ ഹരിദാസ്.)
വര്‍ണങ്ങളും രേഖകളുമാണ് കലയുടെ മര്‍മമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം രൂപവിന്യാസ ക്രമങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്തി. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനകള്‍ ഓരോന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ളയാത്രയായി.
കലയെ താന്‍ എങ്ങിനെ വിലയിരുത്തുന്നു എന്ന് അദ്ദേഹത്തിന്റെ ഈ വരികള്‍ വിശദമാക്കുന്നുണ്ട്: വിവിധ തരത്തിലുള്ള വൈകാരികമായ പിരിമുറുക്കങ്ങളും ആത്മ സംഘര്‍ഷങ്ങളും മനുഷ്യമനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു. അത് സമൂഹത്തില്‍ ശാന്തതയെയും സൗഹൃദത്തെയും കെടുത്തും. ഒടുവില്‍, അത് ഒരു പകര്‍ച്ചവ്യാധിയാവും. സര്‍ഗാത്മക ചിന്തകളിലൂടെ മനസ്സിനെ വായിച്ച്, ഭാവനകളെ വളര്‍ത്തി, പരിപോഷിപ്പിച്ച്, കലാസൃഷ്ടികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ മനുഷ്യന് ആത്മവിശ്വാസവും സ്‌നേഹവും കൈവരും. സര്‍ഗാത്മക പ്രവര്‍ത്തനം മനസ്സിലെ തിന്മകളെ തമസ്‌കരിക്കും. മുനഷ്യന്റെ നന്മക്കുള്ള ഏറ്റവും നല്ല ഉപാധിയും തിന്മകളില്‍ നിന്നുള്ള മോചനവുമാണ് കല. കല ജീവിതത്തെ സാര്‍ഥകമാക്കും.
ചെന്നൈയിലെ പഠനശേഷം ഡല്‍ഹിയില്‍ ജ്യേഷ്ഠന്‍ കെ.വി. കുഞ്ഞികൃഷ്ണന്റെ അടുത്തേക്ക് താമസം മാറ്റിയതോടെയാണ് ശ്രീ ഹരിദാസന് വിദേശികളായ ചിത്രകാരന്മാരുമായി അടുത്തിടപഴകുന്നത്തിനുള്ള അവസരം ലഭിയ്ക്കുന്നത്.
ഫ്രഞ്ച് ചിത്രകാരന്മാരുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇവരുടെ ക്ഷണപ്രകാരം ഫ്രാന്‍സ് സന്ദര്‍ശിച്ച് നിരവധി ചിത്രകലാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും സംബന്ധിച്ചു.
ഫ്രഞ്ച് ചിത്രകാരന്മാരുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇവരുടെ ക്ഷണപ്രകാരം ഫ്രാന്‍സ് സന്ദര്‍ശിച്ച് നിരവധി ചിത്രകലാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും സംബന്ധിച്ചു.
കാന്‍വാസില്‍ പുതുമകള്‍ പരീക്ഷിച്ചുള്ള ഡല്‍ഹിയിലെ പ്രദര്‍ശനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
1964 മുതല്‍ 1977 വരെ കേന്ദ്രലളിതകലാ അക്കാദമി നടത്തിയ ദേശീയ പ്രദര്‍ശനങ്ങളില്‍ ഹരിദാസന്‍ പങ്കെടുത്തിട്ടുണ്ട് തുടര്‍ന്ന്, ദേശീയവും അന്താരാഷ്ട്രീയവുമായ നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1971 ല്‍ പാരീസില്‍ നടന്ന ബിയന്നലെ, കാനഡയില്‍ നടന്ന ടെന്‍ മോഡേണ്‍ താന്ത്രിക് പെയിന്റേഴ്‌സ്, ഇന്ത്യയിലെ ടിയന്നലെ പ്രദര്‍ശനങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ രചനകളില്‍ 'യന്ത്ര', 'ബ്രഹ്മസൂത്ര' എന്നീ പരമ്പരകളിലെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
1971 ല്‍ ഡല്‍ഹിയില്‍ നടന്ന ബീജയന്ത്ര ചിത്രപരമ്പരയുടെ പ്രദര്‍ശനത്തെ വിലയിരുത്തി വിഖ്യാത നിരൂപകന്‍ പ്രയാഗ് ശുക്ല ഇങ്ങനെ എഴുതി- ' താന്ത്രികദര്‍ശനങ്ങളെ വര്‍ത്തമാനയാഥാര്‍ഥ്യത്തിലേക്ക് ആനയിച്ച്, ഏറ്റവും നിര്‍വ്യാജമായും നിഷ്ഠയോടെയും അവതരിപ്പിച്ച ചിത്രകാരനാണ് ഹരിദാസന്‍'.
അധികമാര്‍ക്കും പിടിതരാതെ വഴുതിമാറുന്ന താന്ത്രിക് രചനാസ്വാദനത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ''സൂക്ഷ്മമായ നിരീക്ഷണം താന്ത്രിക് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ആവശ്യമാണ്. അപരിചിതമായ എന്തിനേയും സംശയത്തോടും ഭയത്തോടുംകൂടി വീക്ഷിക്കുന്നതാണ് പൊതുരീതി. കല്ലില്‍ ദൈവത്തെ ദര്‍ശിക്കുന്നത് സമീപനത്തിലുള്ള മാറ്റമാണ്. അത്തരമൊരു വീക്ഷണംതന്നെയാണ് താന്ത്രിക് ചിത്ര ആസ്വാദനത്തിനും ആവശ്യം''
1980 മുതല്‍ തിരുവനന്തപുരത്ത് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിങ് വിഭാഗം പ്രൊഫസറായി അദ്ധ്യാപകജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് കോളേജിന്റെ പ്രിന്‍സിപ്പലുമായി. കേരള ലളിതകലാ അക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നിട്ടുണ്ട്. 1992 ല്‍ കോളേജില്‍ നിന്ന് വിരമിച്ച ശേഷം ചോഴ മണ്ഡലത്തില്‍ സ്ഥിരതാമസമാക്കി.
ചിത്രമെഴുത്തില്‍ സജീവമാകുമ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എം.ഗോവിന്ദനും മങ്കട രവിവര്‍മയും ചേര്‍ന്നൊരുക്കിയ 'നോക്കുകുത്തി'യെന്ന ചിത്രത്തില്‍ ആഴ്വാഞ്ചേരി തമ്പ്രാക്കളായി എത്തിയത് ഹരിദാസനായിരുന്നു. ക്യാപ്റ്റന്‍ ഇ. ജയറാമിന്റെ 'കാണാത്ത ചിലങ്ക' എന്ന പുസ്തകത്തിന് കവര്‍ചിത്രമൊരുക്കിയതും ഇദ്ദേഹം തന്നെ.
തമിഴ്‌നാട് അക്കാദമിയുടെയും കേരള അക്കാദമിയുടെയും പുരസ്‌കാരങ്ങളും കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെയും മാനവശേഷിവകുപ്പിന്റെയും സീനിയര്‍ ഫെലോഷിപ്പുകളും ലഭിച്ച ഹരിദാസനെ കേരളലളിതകലാഅക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയി ലെ ലളിതകലാ അക്കാദമിയില്‍ വിശിഷ്ട കലാകാരനായി 1994-ല്‍ നാമനിര്‍ദേശം ചെയ്തിരുന്നു.
ചിത്രകലയ്ക്കുള്ള കേരളസര്‍ക്കാറിന്റെ 2013-ലെ രാജാരവിവര്‍മ പുരസ്‌കാരം അദ്ദേഹത്തിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് ഏറ്റുവാങ്ങും മുമ്പേയാണ് അദ്ദേഹം വിടവാങ്ങിയത്.
1937 ല്‍ കണ്ണൂരില്‍ ജനിച്ച ശ്രീ ഹരിദാസിന്റെ അന്ത്യം 2014 ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ ജ്യേഷ്ഠന്റെ മകളായ ഉമാ നരേന്ദ്രന്റെ ദൊംലൂരിലുള്ള വീട്ടിലായിരുന്നു. ഭാര്യ: പദ്മിനിയമ്മ. ഏക മകന്‍ മോഹനകൃഷ്ണന്‍ വീഡിയോ സാങ്കേതികരംഗത്തെ കലാകാരനാണ്.
No comments:
Post a Comment