Friday, December 16, 2016

എന്‍റെ മാത്രം

പാതി വഴിയില്‍ തളരുമ്പോള്‍ 
അവന്‍ എനിയ്ക്കൊരു താങ്ങായി;
തനിച്ചായപ്പോഴൊക്കെ
കുശലവുമായി ഓടിയെത്തി;
അന്വേഷണങ്ങള്‍ വഴിമുട്ടുമ്പോള്‍ 
അവനെത്തി നേര്‍വഴി കാട്ടി;
സങ്കട പ്പേമാരിയില്‍
പുഞ്ചിരിക്കുടയായെത്തി;
സംഗീതമായി എത്തി 
എന്‍റെ സന്തോഷങ്ങളില്‍ ലയിച്ചു;
അവന്‍ എന്റേത് മാത്രമായി;
ഞാന്‍ തന്നെയായി.


പദ് മനാഭന്‍ തിക്കോടി 

Tuesday, December 13, 2016

ഈ അക്രമം കാണിയ്ക്കുന്നവരെയൊക്കെ ഭക്തര്‍ എന്ന് വിളിയ്ക്കുന്നത് ഏതു മാനദണ്ഡം വെച്ചാണ്?
ഞാന്‍ മാത്രമുള്ള എവിടെയ്ക്കെങ്കിലും പോകാന്‍ ഒരു മോഹം..
രാമായണത്തിലെയും മഹാഭാരതത്തിലേയും കഥകള്‍ ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍ കേട്ട് പഠിച്ചത് അച്ഛനിലൂടെയാണ്. മനുഷ്യനിലുള്ള നന്മകളും തിന്മകളും ചൂണ്ടിക്കാണിക്കുന്ന ഈ കഥകള്‍ എനിക്കിഷ്ടമായിരുന്നു. ഇവയിലെ കഥാപാത്രങ്ങളായ ദൈവങ്ങള്‍ക്കും ദൈവചൈതന്യം ഉള്ളവര്‍ എന്ന് പറയപ്പെടുന്നവര്‍ക്കും ഞാനും എന്റെ അച്ഛനും കണ്ടത് സാധാരണ മനുഷ്യരിലുള്ള അസൂയ, കുശുമ്പ്, ശത്രുത, ചതി, ക്രൂരത തുടങ്ങിയ സാധാരണ സ്വഭാവങ്ങള്‍ തന്നെ. (സ്നേഹം, വാത്സല്യം, അനുകമ്പ ഇതൊക്കെയുണ്ട്.. ഇല്ലെന്നല്ല, സ്വജനങ്ങളോടുള്ള അമിത വാത്സല്യവും ഉണ്ടെന്നു മാത്രം)
ഞാന്‍ ഒരു ഹിന്ദു ആണെന്നും അതുകൊണ്ട് ഇന്ന മാതിരിയൊക്കെ അനുഷ്ഠിക്കണം എന്നും അച്ഛന്‍ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മ ഇടയ്ക്കൊക്കെ നോല്‍ക്കുന്ന എകാദശികളും വല്ലപ്പോഴുമുള്ള അമ്പലത്തില്‍ പോക്കുമാണ് ആചാരം എന്ന രീതിയില്‍ അക്കാലത്ത് പരിചയമുള്ളത്.
ക്ലാസുമുറികളില്‍ നിന്നാണ് മതങ്ങളെക്കുറിച്ച് പഠിയ്ക്കുന്നത്. ഹിന്ദുമതത്തിലെ നവോത്ഥാനം, ഇസ്ലാംമതം ഉണ്ടായത്, ക്രിസ്തുമതം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിജ്ഞാന സമ്പാദനത്തിനായി സ്കൂളില്‍നിന്നും മനസ്സില്‍ കോറിയിടപ്പെട്ടപ്പോഴാണ് മനുഷ്യന്‍ ഭിന്ന മതക്കാരാണെന്നും മറ്റും ഞാനറിയുന്നത്. എന്റെ അയല്‍പക്കത്തും മറ്റുമുള്ളവര്‍ എന്റേതില്‍ നിന്നും വ്യത്യസ്തമായ മതത്തില്‍ പെട്ടവരാണെന്നു സ്കൂളില്‍ നിന്നും ഞങ്ങളെ പഠിപ്പിച്ചു.
പില്‍ക്കാലത്ത്‌ മതങ്ങളെ മനസ്സിലാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഹിന്ദുമതം എന്നൊന്നില്ല. നമ്മുടെ രാജ്യത്ത്, ഇന്നത്തെ ഭാരതമല്ല ഉദ്ദേശിയ്ക്കുന്നത്, ഉണ്ടായിരുന്ന ഒരുതരം ജീവിതരീതി മാത്രമാണ് ഹിന്ദുധര്‍മ്മം. ഈ മതത്തിന് സ്ഥാപകനില്ല. എഴുതപ്പെട്ട നിയമാവലികളില്ല. പല ഭാഗത്തും പല ആചാരം. ദൈവത്തില്‍ വിശ്വസിയ്ക്കാം, വിശ്വസിയ്ക്കാതിരിയ്ക്കാം. ചോദ്യം ചെയ്യാന്‍ പ്രത്യേകം അധികാരകേന്ദ്രങ്ങള്‍ ഇല്ല.
ഞാന്‍ മനസ്സിലാക്കിയ ഹിന്ദുമതം ആളുകളെ ചേര്‍ക്കാന്‍ പ്രത്യേക സമ്പ്രദായങ്ങള്‍ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടം മാത്രമാണ്. ഇതില്‍ നിന്നും ആരെയും പുറത്താക്കാനും ആര്‍ക്കും അധികാരമില്ല.
ഇപ്പോഴിത് പറയാന്‍ കാരണം ആഗ്രയില്‍ നടന്നു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മതം മാറ്റം.
ഭാരതത്തിലുള്ളവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ എന്ന് എപ്പോഴും ഉച്ചത്തില്‍ പറയുന്ന സംഘടനകളാണ് ഈ മതംമാറ്റം എന്ന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എന്നതാണ് ഇതിലെ മറ്റൊരു തമാശ. പിന്നെന്തിനു മതംമാറ്റം?
ആര്യസമാജം എന്നൊരു സംഘടന "ശുദ്ധി" എന്ന കര്‍മം നടത്തി മറ്റു മതങ്ങളില്‍ പെട്ടവരെ വേദവിശ്വാസത്തിലെയ്ക്ക് തിരിച്ചെടുതിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഇതിന്‌ അവരെ ആര് അധികാരപ്പെടുത്തി എന്ന് എവിടെയും പറയുന്നില്ല. ഈ സംഘടന എത്ര ഹിന്ദുക്കളെ പ്രതിനിധീകരിയ്ക്കുന്നുണ്ട് എന്നതും ചിന്ത്യം..
ഇപ്പോള്‍ നടത്തുന്ന തമാശകള്‍ കളഞ്ഞ് സര്‍ക്കാരിനെ മര്യാദയ്ക്ക് ഭരിയ്ക്കാന്‍ ഇവര്‍ അനുവദിയ്ക്കുമോ? കാത്തിരിയ്ക്കാം,ല്ലേ?
വിദേശ സന്ദർശനം കഴിഞ്ഞു വന്നാൽ അവിടുത്തെ ട്രാഫിക്കിനെപ്പറ്റിയൊക്കെ വാ തോരാതെ പ്രശംസിക്കുന്നവർ, അവിടെ ചെന്നാൽ പൂച്ചക്കുട്ടിയെ പോലെ നിയമം അനുസരിക്കുന്നവർ ഇന്ത്യയിൽ എത്തിയാൽ പുലിയായി... ഇവിടുത്തെ നിയമം അനുസരിക്കുന്നത് അവർക്ക് കുറച്ചിലായി.
പത്രങ്ങളുടെ പഴയ താളുകളിലൂടെ കടന്നു പോകുമ്പോള്‍ രസകരമായ അനുഭവങ്ങള്‍ നമ്മെ സ്വാഗതം ചെയ്യുന്നത് കാണാം.. അന്നത്തെ ഭാഷാശൈലി, നിരീക്ഷണങ്ങള്‍ എല്ലാം കൌതുകം ജനിപ്പിയ്ക്കുന്നവ തന്നെ.
ലെനിന്‍ ചരമം 1924 ജനുവരി 26-ലെ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെ-
പരേതനായ 
പ്രസിഡന്റ്‌
ലെനിന്‍
ജീവദശയിലെ പ്രധാന
സംഭവങ്ങള്‍
കുറച്ചുകാലമായി രോഗം പിടിപെട്ടു കിടപ്പിലായിരുന്ന റഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്‌ ആയ പ്രസിദ്ധപ്പെട്ട ലെനിന്‍ മരിച്ചു പോയതായി അറിയുന്നു.
ലെനിന്റെ ശത്രുക്കള്‍ അദ്ദേഹം മരിച്ചു എന്നുള്ള പ്രസ്താവം ഇതിനു മുമ്പ് പല പ്രാവശ്യവും പരത്തുക ഉണ്ടായിട്ടുണ്ട. ഈ പ്രാവശ്യം അദ്ദേഹം യഥാര്‍ത്ഥമായി മരിച്ചിട്ടുണ്ടെന്നു തന്നെ തീര്‍ച്ചപ്പെടുത്താമെന്നാണ് തോന്നുന്നത. മരിച്ചു എന്നുള്ള വര്‍ത്തമാനം റഷ്യന്‍ ഗവര്‍മ്മേണ്ട് തന്നെയാണ പ്രസിദ്ധപ്പെടുത്തിയിരിയ്ക്കുന്നത. അതുകൊണ്ടു അത വിശ്വസിയ്ക്കാവുന്നതാണ.

Saturday, November 26, 2016

1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം.

പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. മലബാര്‍ ഗ്രാമീണ ബാങ്കില്‍ ജോലി ചെയ്തുകൊണ്ടുതന്നെ അദ്ദേഹം ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും പുസ്തകങ്ങളാക്കുകയും ചെയ്യുന്നു.

പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള ആലങ്കോട് ലീലാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം കൂടിയാണ്.

ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത ശ്രീ ലീലാകൃഷ്ണന്‍ എന്റെ ഇഷ്ടകവികളില്‍ ഒരാള്‍ കൂടിയാണ്. നിളയുടെ തീരങ്ങളിലൂടെ, മനുഷ്യനെ തൊടുന്ന വാക്ക്, വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍, എം.ടി ദേശം/ വിശ്വാസം പുരാവൃത്തങ്ങള്‍തുടങ്ങിയവ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു