Saturday, December 1, 2012

ഇന്ന് വായിച്ച ഒരു പുരാണകഥ .



ഇന്ന് വായിച്ച ഒരു പുരാണകഥ .


മഹാവിഷ്ണുവിന്റെ വസതിയിലേ ക്കുള്ള യാത്രയിലാണ് നാരദമുനി . മാര്‍ഗ മദ്ധ്യേ അദ്ദേഹംതപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസിയെകണ്ടുമുട്ടി . യോഗി നാരദരോട് പറഞ്ഞു , "മാമുനെ എനിക്കെന്നാണ് മോക്ഷം കിട്ടുകഎന്ന് ഭഗവാനോട് തിരക്കണേ ... "
നാരദര്‍തലകുലുക്കി . അദ്ദേഹം

യാത്ര തുടര്ന്നു, കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ . അദ്ദേഹംമറ്റൊരു തപസ്വിയെ കണ്ടു മുട്ടി , അദ്ദേഹവുംഇതേ കാര്യം മാമുനിയോടു ആവശ്യപ്പെട്ടു .
 ദര്‍ശനം കഴിഞ്ഞു മടങ്ങിയ നാരദര്‍ആ തപസ്വികളെ വീണ്ടും കണ്ടു മുട്ടി .
 നാരദര്‍ഒരാളോട് പറഞ്ഞു . " താങ്കള്‍ക്ക് ഇനി നാല്ജന്മം കൂടി കഴിഞ്ഞാലേ മോക്ഷം കിട്ടു എന്ന്ഭഗവന്‍ അരുളി "
ഇത് കേട്ട തപസ്വി "ഈശ്വരാ നാല് ജന്മമോ ?"അദ്ദേഹം നിരാശയിലായി . "എന്റെ അധ്വാനം എല്ലാംപാഴായല്ലോ . ഇനിഎന്തിനീ പാഴ്വേല " . ആസന്യാസി തപസ്സു നിര്‍ത്തി അവിടം വിട്ടുയാത്രയായി .
രണ്ടാമത്തെ തപസ്വിയും മുനിയോടു തന്റെകാര്യം തിരക്കി , നാരദര്‍ വളരെവിഷമത്തോടെ പറഞ്ഞു. " താങ്കളുടെകാര്യം വളരെ പ്രയാസമാണ്....."
സന്യാസിപറഞ്ഞു " എന്തായാലും പറയൂ ,കേള്‍ക്കട്ടെ "
ദൂരെനില്‍ക്കുന്ന പുളി മരം ചൂണ്ടിനാരദര്‍ പറഞ്ഞു ." അതിലെത്ര ഇലയുണ്ടോ ,അത്രയും ജന്മം കഴിഞ്ഞാലെ താങ്കള്‍ക്ക്മുക്തിലഭിക്കു . "
 " ഹാവൂ .... അപ്പോള്‍ എനിക്ക്മുക്തി ലഭിക്കും എന്ന് ഉറപ്പാണ്‌ . അതിനായിഎത്ര കാലംവേണമെങ്കിലും ഞാന്‍കാത്തിരിക്കാം ...." അദ്ദേഹം ആനന്ദം കൊണ്ട്തുള്ളിച്ചാടി .......
ആ നിമിഷം അവിടെ ഒരു ജ്യോതിസ്സ്തെളിഞ്ഞു . അശരീരി മുഴങ്ങി ! " കുഞ്ഞേ , നീഇപ്പോള്‍തന്നെ മുക്തനായിക്കഴിഞ്ഞിരിക്കുന്നു. നിന്റെ ക്ഷമയും സ്ഥിരോല്‍സാഹതിനുള്ളമനസ്സും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."
 പ്രശ്നങ്ങള്‍  ഇല്ലാത്ത ജീവിതം ഇല്ല അതിനെ അതിജീവിക്കുകയാണ് നമുടെ ധര്‍മം . തടസ്സങ്ങള്‍ കണ്ടു മനം മടുത്താല്‍ വിജയംഒരിക്കലും അരികിലാകില്ല .സ്ഥിരോല്‍സാഹിയ്കെ  വിജയംനേടാന്‍കഴിയു..

Thursday, November 29, 2012

from old dairies....1...കണ്ണുനീര്‍

പൊടി പിടിക്കാതെ കിടന്ന പഴയ ഡയറിയില്‍ കണ്ട ഒരു പ്രബന്ധം
കണ്ണുനീര്‍

കുട്ടിക്കാലത്തെ കൌതുകങ്ങളില്‍ ഒന്നായിരുന്നു കണ്ണീര്‍ അഥവാ കണ്ണുനീര്‍.
എപ്പോഴൊക്കെ എന്ന് വര്‍ഗീകരിച്ചു ഓര്‍മിക്കാന്‍ കഴിയാതെ, കണ്ണുനീര്‍ എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു ആ കാലത്ത്. തുടങ്ങിയത് എന്നാണെന്ന് ഓര്‍ക്കാനേ പറ്റുന്നില്ല, ഇപ്പോള്‍.
ഒരിക്കല്‍, അയല്‍പക്കത്തെ മുത്തശി മരിച്ചു എന്ന് കേട്ട് അമ്മയോടൊപ്പം ഓടി ചെന്നത് ഓര്‍ക്കുന്നു. വാവിട്ടു നിലവിളിക്കുന്ന കുറെ സ്ത്രീകളാണ് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രായമുള്ള മൂന്നോ നാലോ പേരൊഴികെ ആരുടേയും കണ്ണില്‍നിന്ന് കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നില്ല. നിലവിളിക്ക്‌ പക്ഷെ നല്ല ശബ്ദമുണ്ടായിരുന്നു, താളമുണ്ടായിരുന്നു.
തിരക്കിനിടയില്‍ വീടിന്‍റെ അകത്തു കയറിനിന്നു. മുറിയുടെ മൂലയില്‍ രണ്ടു ചേച്ചിമാര്‍ തേങ്ങലോടെ ഇരിക്കുന്നു. ശബ്ദമില്ല. പക്ഷെ,മുഖത്ത് കണ്ണീര്‍ ഒലിച്ചി റങ്ങി യതിന്റെ ശേഷിപ്പുകള്‍.
ഒന്നും ശബ്ദിക്കാതെ ദൂരെ എവിടെയോ നോക്കി  നില്‍ക്കുന്നു ഒരു മാമന്‍- കണ്ണടക്കുന്നത് കാണാനേയില്ല; പക്ഷെ കണ്ണുനീരില്ല.
ഈ അനുഭവത്തിന് ശേഷം കരച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ എത്താന്‍ വലിയ ഉത്സാഹമായിരുന്നു.
എല്ലാ കരച്ചിലിനുമൊപ്പം കണ്ണുനീര്‍ കണ്ടില്ല.
കണ്ണീര്‍ പൊഴിച്ചുകൊണ്ട്‌ നിന്നിരുന്ന ചിലരുടെ മുഖത്ത് കരച്ചിലിന്റെതായ ഭാവങ്ങള്‍ കാണാനും കഴിഞ്ഞില്ല.
 കൈക്കോട്ടുകൊണ്ട് കാലു മുറിഞ്ഞ നാരായണേട്ടന്‍ ഉച്ചത്തില്‍ അലറുന്നുണ്ടായിരുന്നെങ്കിലും കണ്ണുനീര് ഉണ്ടായിരുന്നില്ല.
കൂട്ടുകാരില്‍ ചിലര്‍ വാശി പിടിച്ചു കരയാറുണ്ട്, ഒട്ടും കണ്ണീര്‍ പൊഴിക്കാതെ.
വാവിട്ടു നിലവിളിക്കുന്നവര്‍,
ശബ്ദമില്ലാതെ തേങ്ങുന്നവര്‍,
കണ്ണിമയ്ക്കാതെ ദു:ഖ ഭാവത്തില്‍ എങ്ങോ നോക്കി നില്‍ക്കുന്നവര്‍,
കടുത്ത വേദനകൊണ്ട് അലറിക്കരയുന്നവര്‍ --
ചിലര്‍ കണ്ണീരോടെ, ചിലര്‍ കണ്ണീരില്ലാതെ.
എന്തോ, എന്‍റെ സംശയങ്ങള്‍ കൂടിയതേ യുള്ളൂ.
കരയുന്നവര്‍ മാത്രമല്ല കണ്ണീര്‍ പൊഴിയ്ക്കുന്നത് എന്ന് പിന്നീട് മനസ്സിലാക്കാന്‍ ഇടയായി.
പരീക്ഷയില്‍ വലിയ ജയം നേടിയതറിഞ്ഞു , ചിരിച്ചു ചിരിച്ച് കണ്ണീര്‍ തൂവിയ ചേച്ചി ഇപ്പോഴും മനസ്സിലുണ്ട്.
ദു:ഖിയ്ക്കുന്ന മനസ്സും സന്തോഷിയ്ക്കുന്ന മനസ്സും എന്തേ ഏതാണ്ട് തുല്യമായ ഒരു ഭാവതലത്തില്‍ എത്തിച്ചേരുന്നത്?ഒരേപോലുള്ള കണ്ണീര്‍ പൊഴിയ്ക്കുന്നത്?
ചിരി കരച്ചിലില്‍ എത്തുന്നതുപോലെ, കരച്ചില്‍ ചിരിയായി തീരുമോ?

നന്ദിതയുടെ കവിതകള്‍


നന്ദിതയുടെ കവിതകള്‍
24 Sep 2012
നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.


നന്ദിത എഴുതിയ കവിതകളില്‍ ചിലത് ഇവിടെ. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല. ഒലീവ് പ്രസിദ്ധപ്പെടുത്തിയ നന്ദിതയുടെ കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്.

കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)

തണുത്തുറയാത്ത നെയ്യ്

നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?(1993 ഡിസംബര്‍ 4)

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്‍ക്ക് കൂട്ട് (1992)

ശിരസ്സുയര്‍ത്താനാവാതെ

നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ(1992)

പിന്നെ നീ മഴയാകുക

ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം(1992)

നീ ചിന്തിക്കുന്നു

നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

Sunday, November 25, 2012

ഞാനെന്തേ ഇങ്ങനെ?

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഞാനെന്തേ ഇങ്ങനെ?
എങ്ങനെ  ആയിരിക്കണം എന്ന്‍ ശരിയായ സങ്കല്പമൊന്നുമില്ല .
ഒന്ന്‍ ഉറപ്പാണ്.
എങ്ങനെ ആയിരിക്കരുത് എന്ന് പല സുഹൃത്തുക്കളും സൂചിപ്പിച്ച അരുതായ്കകള്‍ പലതും എനിയ്ക്കുണ്ട്.
അങ്ങനെ തന്നെ ആയിരിക്കണമോ എന്ന് നിശ്ചയമില്ല .
എന്നും ഞാന്‍ അങ്ങനെയാണ്.
വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് എന്തിനു എന്ന് ചിന്തിച്ചുനോക്കും.
ആരാണ് പക്ഷെ ഇതിനൊക്കെ അധികാരി?


Monday, October 8, 2012

പ്രസിദ്ധീകരിക്കപ്പെട്ട വള്ളത്തോള്‍ കൃതികള്‍


പ്രസിദ്ധീകരിക്കപ്പെട്ട വള്ളത്തോള്‍ കൃതികള്‍

മലയാളത്തിലെ കവിത്രയങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ എന്നിവര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.ആശയ ഗാംഭീര്യം കൊണ്ട് കുമാരനാശാനും ഉജ്ജ്വല ശബ്ദം കൊണ്ട് ഉള്ളൂരും പദ സൌന്ദര്യം കൊണ്ട് വള്ളത്തോളും നമ്മെ രസിപ്പിച്ചു.

വള്ളത്തോളിന്റെ കൃതികള്‍ ഇവയൊക്കെയാണ്.

കൃതി‌പ്രസാധകർവർഷം
അച്ഛനും മകളുംമംഗളോദയം-തൃശ്ശൂർ1936
അഭിവാദ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1956
അല്ലാഹ്-1968
ഇന്ത്യയുടെ കരച്ചിൽവെള്ളിനേഴി-പാലക്കാട്1943
ഋതുവിലാസംവിദ്യാവിലാസം-കോഴിക്കോട്1922
എന്റെ ഗുരുനാഥൻവെള്ളിനേഴി-പാലക്കാട്1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപംഎ.ആർ.പി-കുന്നംകുളം1917
ഓണപ്പുടവവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1950
ഔഷധാഹരണംമംഗളോദയം-തൃശ്ശൂർ1915
കാവ്യാമൃതംശ്രീരാമവിലാസം-കൊല്ലം1931
കൈരളീകടാക്ഷംവി.പി-തിരുവനന്തപുരം1932
കൈരളീകന്ദളംസുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ1936
കൊച്ചുസീതമംഗളോദയം-തൃശ്ശൂർ1930
കോമള ശിശുക്കൾബാലൻ-തിരുവനന്തപുരം1949
ഖണ്ഡകൃതികൾവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1965
ഗണപതിഎ.ആർ.പി-കുന്നംകുളം1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1914
ദണ്ഡകാരണ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1960
ദിവാസ്വപ്നംപി.കെ.-കോഴിക്കോട്1944
നാഗിലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
പത്മദളംകമലാലയം-തിരുവനന്തപുരം1949
പരലോകംവെള്ളിനേഴി-പാലക്കാട്
ബധിരവിലാപംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1917
ബന്ധനസ്ഥനായ അനിരുദ്ധൻഎ.ആർ.പി-കുന്നംകുളം1918
ബാപ്പുജിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഭഗവൽസ്തോത്രമാലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം-1921
രണ്ടക്ഷരംസരസ്വതീ വിലാസം-തിരുവനന്തപുരം1919
രാക്ഷസകൃത്യംഎസ്.വി-തിരുവനന്തപുരം1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾമാതൃഭൂമി-കോഴിക്കോട്1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോൾ കവിതകൾഡി.സി.ബുക്സ്-കോട്ടയം2003
വള്ളത്തോൾ സുധവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
വിലാസലതികഎ.ആർ.പി-കുന്നംകുളം1917
വിഷുക്കണിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1941
വീരശൃംഖലവി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1942
ശിഷ്യനും മകനുംഎ.ആർ.പി-കുന്നംകുളം1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1922
സാഹിത്യമഞ്ജരി-നാലാം ഭാഗംഎ.ആർ.പി-കുന്നംകുളം1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗംഎ.ആർ.പി-കുന്നംകുളം1926
സാഹിത്യമഞ്ജരി-ആറാം ഭാഗംഎ.ആർ.പി-കുന്നംകുളം1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗംഎ.ആർ.പി-കുന്നംകുളം1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗംഎ.ആർ.പി-കുന്നംകുളം1959
സാഹിത്യമഞ്ജരി-പത്താം ഭാഗംഎ.ആർ.പി-കുന്നംകുളം1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1970
സ്ത്രീവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1944
റഷ്യയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഗ്രന്ഥവിചാരംമംഗളോദയം-തൃശ്ശൂർ1928
പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളുംമാതൃഭൂമി-കോഴിക്കോട്1986

Friday, October 5, 2012

കുമാരനാശാന്‍ (1873-1924)

മഹാകാവ്യം രചിക്കാതെ മഹാകവിയായി അംഗീകരിക്കപ്പെട്ട പ്രതിഭാശാലി - കുമാരനാശാന്‍
സാഹിത്യത്തില്‍ ആശാന്റെ ഗുരു - ഏ .ആര്‍ രാജരാജവര്‍മ്മ
ആശാന്റെ ആദ്ധ്യാത്മികഗുരു - ശ്രീനാരായണഗുരു
ആശാന്റെ സ്ത്രോത്രകൃതികളില്‍ പ്രധാനപ്പെട്ടവ – സുബ്രഹ്മണ്യശതകം , നിജനന്ദവിലാസം , ശിവസുരഭി , വിഭുതി പരമപഞ്ചകം , അനുഗ്രഹപരമദശകം , ഭക്തവിലാസം , ശിവസ്ത്രോത്രമാല
ആശാന്റെ ഖണ്ഡകാവ്യങ്ങള്‍ - വീണ
പൂവ്‌ , നളിനി , ലീല, പ്രരോദനം , ചിന്താവിഷ്ടയായ സീത , ദുരവസ്ഥ , ചണ്ഡാലഭിക്ഷുകി , കരുണ
എ.ആര്‍ അവതാരിക എഴുതിയ ആശാന്റെ കൃതി - നളിനി
ആത്മാംശത്തിന്റെ സാന്നിദ്ധ്യമുള്ള ആശാന്റെ കവിത – ഗ്രാമവൃക്ഷത്തിലെ കുയില്‍
ആശാന്റെ ലഘുകാവ്യങ്ങള്‍ സമാഹരിച്ച കൃതികള്‍ - വനമാല , മണിമാല , പുഷ്പവാടി
ആശാന്റെ കാവ്യോത്സവത്തിന്റെ കൊടികയറ്റമായിരുന്ന കൃതി - വീണപൂവ്‌
മലയാളത്തിലെ ആദ്യത്തെ സിംബോളിക് കവിത – വീണപൂവ്‌
' ഒരു സ്നേഹം ' എന്ന് കൂടി പേരുള്ള ആശാന്‍ കൃതി - നളിനി
വീണപൂവിന്റെ ഇതിവൃത്തം - സ്വഭാവമഹിമയുള്ള ഒരു വ്യക്തിയുടെ മരണം
ആശാന്‍ എഴുതിയ വിലാപകാവ്യം - പ്രരോദനം
മലയാളത്തിലെ ആദ്യത്തെ ഫ്യുച്ചറിസ്റ്റ്‌ കാവ്യം - ദുരവസ്ഥ
ആശാന്റെ ഏറ്റവും നീണ്ട കാവ്യം - ദുരവസ്ഥ
വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരു കൃതി - കരുണ
ആശാന്റെ അവസാനകൃതി - കരുണ
വീണപൂവ്‌ ആദ്യം പ്രസിദ്ധീകരിച്ചത് - മിതവാദിയില്‍
നളിനിയുടെ അവതാരിക – ഏ.ആര്‍ രാജരാജവര്‍മ്മ
' വിവേകോദയം ' എന്ന പത്രം സ്ഥാപിച്ചത് - ആശാന്‍
സര്‍ . എഡ്വിന്‍ ആര്നോള്‍ഡിന്റെ 'The Light of Asia ' എന്ന കാവ്യത്തിന് ആശാന്‍ നടത്തിയ വിവര്‍ത്തനത്തിന്റെ പേര് - ശ്രീബുദ്ധചരിതം
മാതൃചരമത്തെപറ്റി ആശാന്‍ എഴുതിയ കൃതി - അനുതാപം
ആശാന്‍ പ്രധാനമായും കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതാ സമാഹാരം - പുഷ്പവാടി
ആശാന്റെ ഏതു കൃതിയുടെയും ആന്തരാംശം - സ്നേഹം
പല്ലനയാറ്റിലുണ്ടായ കുപ്രസിദ്ധ റിഡീമര്‍ ബോട്ടപകടത്തില്‍ നിര്യാതനായ കവി - കുമാരനാശാന്‍
കുമാരനാശാനെ ദിവ്യകോകിലം എന്നു വിളിച്ചത് - എം.ലീലാവതി
കുമാരനാശാനെ അനുസ്മരിച്ച് മുതുകുളം വി.പാര്‍വതിയമ്മ എഴുതിയ വിലാപം - ഒരു വിലാപം
ശ്രീനാരായണഗുരുവിനെക്കുറിച്ച് ആശാന്‍ രചിച്ച രണ്ടു കൃതികള്‍ - ഗുരു , ഗുരുപാദദശകം
'ഗരിസാപ്പ അരുവി ഒരുവനയാത്ര' എന്ന അപൂര്‍ണ്ണ കവിത രചിച്ചത് - കുമാരനാശാന്‍
ഉള്ളൂരിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ ആശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
'ആശാന്‍ വിമര്ശനത്തിന്റെ ആദ്യ രശ്മികള്‍' എന്ന നിരൂപണ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - മൂര്‍ക്കോത്ത് കുമാരന്‍
ആശാന്റെ വിവര്‍ത്തന കൃതികള്‍ - ബുദ്ധ ചരിതം,സൌന്ദര്യ ലഹരി ,.ബാലരാമായണം
ആശാന്‍ രചിച്ച നാടകങ്ങള്‍-മൃത്യുഞ്ജയം ..വിചിത്ര വിജയം

ആശാനെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങള്‍
----------------------------------------------------
കാവ്യകല കുമാരനാശാനിലൂടെ-പി. കെ. ബാലകൃഷ്ണന്‍
അറിയപ്പെടാത്ത ആശാന്‍ - ടി.ഭാസ്ക്കരന്‍
ആശാന്‍ നവോത്ഥാനത്തിന്റെ കവി - തായാട്ട് ശങ്കരന്‍
ആശാനും സ്തുതിഗായകന്മാരും - സി.നാരായണപിള്ള
ആശാന്‍ നിഴലും വെളിച്ചവും - എ.പി.പി .നമ്പൂതിരി
ആശാന്റെ കാവ്യോപക്രമം - കെ . ശങ്കരന്‍
ആശാന്റെ മാനസപുത്രിമാര്‍ - ചെഞ്ചേരി കെ.ജയകുമാര്‍
ആശാന്റെ നായികമാര്‍ - വൈക്കം എസ് പരമേശ്വരന്‍പിള്ള
ആശാന്റെ ഹൃദയം - പി.കെ.നാരായണപിള്ള
കരുണയും കുചേലവൃത്തവും - സ്വാമി ആര്യഭടന്‍
നളിനിയുടെ നോട്ട് - കെ.അയ്യപ്പന്‍
കുമാരാസ്വാദനം - ആന്റണി കുഞ്ഞക്കാരന്‍
വീണപൂവ്‌ കണ്‍മുന്പില്‍ - കെ.എം ഡാനിയേല്‍
വീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരന്‍
ശ്രീനാരായണഗുരുവും കുമാരനാശാനും - എം.കെ സുകുമാരന്‍
സീതയിലെ ആശാന്‍ - പൊന്‍കുന്നം ദാമോദരന്‍
ആശാന്റെ സീതാകാവ്യം - സുകുമാര്‍ അഴീക്കോട്
സ്നേഹ ഗായകന്‍ - കെ.ജെ. അലക്സാണ്ടര്‍

കെയര്‍ ഓഫ് വി എം ബഷീര്‍..



 കെയര്‍ ഓഫ് വി എം ബഷീര്‍..



അനുഭവങ്ങളെ അടിസ്ഥാനമാക്കി യു എ ഖാദര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും ഒരു സംഭവം കൂടി.....

ബഷീറും ഫാബി ബഷീറും മെഡിക്കല്‍ കോളേജ് ഓ പി യില്‍.. .... ...
കൂടെ ഖാദറും. ഫാബിയുടെ കൈയുടെ എല്ല് പൊട്ടിയിരുന്നു. x ray എടുക്കണം. കൌണ്ടറില്‍ ഇരുന്ന ഹൌസ് സര്‍ജ്ജന്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.

          'പേര്? '

          'ഫാബി ബഷീര്‍' ബഷീര്‍ പറഞ്ഞു.    

          'അഡ്രസ്സ്?'

ഖാദര്‍ ഇടപെട്ടു പറഞ്ഞു--c / o വൈക്കം മുഹമ്മദ്‌ ബഷീര്‍.

          ഹൌസ് സര്‍ജ്ജന്‍ ഇങ്ങനെ പൂരിപ്പിച്ചു...
           കെയര്‍ ഓഫ് വി എം ബഷീര്‍..