Monday, June 2, 2014

ഇളയരാജാ-സ്വരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ചെപ്പടിവിദ്യക്കാരന്‍ .

ഇളയരാജാ-സ്വരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ചെപ്പടിവിദ്യക്കാരന്‍ .

സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ. ലോക സിനിമ ചരിത്രത്തിലെ മികച്ച 25 സംഗീത സംവിധായകരില്‍ ഒരാളായി,  ‘ടെയ്സ്റ്റ് ഓഫ് സിനിമ എന്ന വെബ് സൈറ്റ്  തിരഞ്ഞെടുത്ത അതുല്യ  സംഗീതജ്ഞന്‍. ലോകം ഉള്ള കാലമത്രയും ഏവരുടെയും ചുണ്ടുകളില്‍ തത്തി കളിക്കുന്ന ഒരു പിടി മധുരഗാനങ്ങള്‍ സമ്മാനിച്ച ഇസൈജ്ഞാനി. വിദേശ 'സിംഫണി' മുതല്‍ തമിഴ് ആദിസംസ്‌കാരത്തിലെ ഭക്തിയുടെ നീരുറവയായ 'തിരുവാസകം' വരെ ചിട്ടപ്പെടുത്തി സംഗീതത്തിന്റെ വഴികളിലൂടെ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ താണ്ടിയ തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തി. 

മൂന്നു പതിറ്റാണ്ടിനുള്ളില്‍ വ്യത്യസ്ത ഭാഷകളില്‍ 950 ചിത്രങ്ങള്‍ക്കായി 5000 ലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ തമിഴകത്തും ദക്ഷിണേന്ത്യയില്‍ ആകമാനവും  പുതിയ തരംഗം തന്നെ സൃഷ്ടിച്ച ഇളയരാജയ്ക്ക് ഇത്തരം ഒരാമുഖം ആവശ്യമില്ല. മൂന്നുതവണ എറ്റവും മികച്ച സിനിമാസംഗീത സംവിധായകനുള്ള അവാര്‍ഡു നല്‍കി രാഷ്ട്രം ഈ കലാകാരനെ ആദരിച്ചു. വിവിധ സംസ്ഥാന അവാര്‍ഡുകളും പലതവണ നേടി. തമിഴ് സിനിമയില്‍ ഇത്രയും ജനകീയനായ എല്ലാവരുടെയും ആരാധന പിടിച്ചുപറ്റിയ മറ്റൊരു സംഗീതസംവിധായകന്‍ വേറെയില്ല. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.

തമിഴ് സിനിമയില്‍ നിലനിന്നിരുന്ന സംഗീത ശൈലി അപ്പാടെ മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കപ്പെട്ട, 1976-ല്‍ റിലീസ് ചെയ്യപ്പെട്ട ''അന്നക്കിളി ''യിലെ ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീതാസ്വാദകര്‍ ഇളയരാജയെ അറിഞ്ഞുതുടങ്ങുന്നത്. നാടോടി സംഗീതവും പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച് അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തമിഴകത്ത് പുതിയ തരംഗം തന്നെ സൃഷ്ടിച്ചു. തുടര്‍ന്നിങ്ങോട്ട്‌ വിജയത്തിന്റെ ചരിത്രം മാത്രമേ ഇളയരാജയെപ്പറ്റി പറയാനുള്ളൂ. സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നതിനും മലയാള ചിത്രമായ പഴശിരാജയ്ക്ക് പശ്ചാത്തലസംഗീതം നിര്‍വഹിച്ചതിനും ഇളയരാജയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചെറുതും വലുതുമായ പുരസ്‌കാരങ്ങള്‍ വേറെയും. തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തെ കലൈമാമണി പട്ടം നല്‍കി ആദരിച്ചു.
ഏതാണ്ട് ആയിരത്തോളം ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.

മികച്ച ഗാനരചയിതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കൊപ്പം ഇണങ്ങിച്ചേരാന്‍ പറ്റിയതാണ് ഇളയരാജയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കാനും അതു വഴി പ്രശസ്തിയുടെ പടവുകള്‍ കയറാനും എളുപ്പമായത്. ഗുല്‍സാര്‍, കണ്ണദാസന്‍, വെട്ടൂരി സുന്ദര രാമമൂര്‍ത്തി, ശ്രീവെണ്ണില സീതാരാമ ശാസ്ത്രി, വൈരമുത്തു , വാലി എന്നീ ഗാനരചയിതാക്കളും കെ. ബാലചന്ദര്‍, കെ. വിശ്വനാഥ്, ശിങ്കിതം ശ്രീനിവാസ റാവു, വംശി, ബാലു മഹേന്ദ്ര, മണിരത്‌നം എന്നീ സംവിധായകരും ഇളയരാജ എന്ന സംഗീതസംവിധായകന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചവരാണ്.

1943 ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് ഡനിയേല്‍ രാമസ്വാമിയുടെയും  ചിന്നതായമ്മാളിന്റെയും മൂന്നാമത്തെ പുത്രനായ് ജനിച്ച ക്‌ഞാനദേശികന്‍ എന്ന
ഡാനിയല്‍ രാജയ്യയുടെ പേര് സംഗീതാദ്ധ്യാപകനാണ് രാജ എന്ന് മാറ്റിയത്.  ആദ്യ സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ് അരുണാചലം ഇളയരാജ എന്ന പേരു നൽകിയത്.

ജനിച്ച് വളർന്ന അന്തരീക്ഷം തമിഴ് നാടൻ ശീലിന്റെ മാറ്റൊലികളാൽ സമൃദ്ധമായിരുന്നു.തന്റെ പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന സംഗീത സംഘത്തിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു.തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്നു ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്ന ത്തെ ഇന്ത്യൻ പ്രധാന മന്ത്രിജവാഹർലാൽ നെഹ്രു വിനു വേണ്ടി സമർപ്പിച്ചു. 
റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കവലകള്‍ തോറും പാടിയ ചരിത്രവും ഈ സംഗീതചക്രവര്‍ത്തിക്കുണ്ട്.  
തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറി. സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ അസിസ്റ്റന്റായി  കുറച്ചു കാലം ജോലി ചെയ്തു.ഈ കാലയളവില്‍ ഏതാണ്ട് 200 ഓളം ചിത്രങ്ങളിൽ ഇളയരാജ പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ അദ്ദേഹം സ്വന്തമായി ഈണങ്ങൾ തയ്യാറാക്കാനും തുടങ്ങിയിരുന്നു.അവിടെ നിന്നു ഗിറ്റാര്‍ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായി. പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്‍പര്യം വളര്‍ന്നു പന്തലിച്ചത്   ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള  പഠനത്തോടെയാണ്.
ഇളയരാജ സംഗീതം നല്‍കി  സ്വന്തമായി നിര്‍മിച്ച സിനിമയാണ്  'എന്‍ ബൊമ്മ ക്കുട്ടി അമ്മാവുക്ക. 
2000 ൽ ഇളയരാജ സിനിമാസംഗീതത്തിൽ നിന്നും വ്യതിചലിച്ച് ചില ആൽബങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിരുന്നു. 

ദളപതി എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട് എസ്.പി.ബാലസുബ്രഹ്മണ്യവും, സ്വർണ്ണലതയും ആലപിച്ച രാക്കമ്മ കൈയ്യെ തട്ട് എന്ന ഗാനം മികച്ച പത്തു ഗാനങ്ങൾക്കായി ബി ബി സി നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തുകയുണ്ടായി. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച നായകൻ എന്ന സിനിമ ടൈം മാസിക നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ മികച്ച 100 ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കാർ അവാർഡുകൾക്കായി ഭാരത സർക്കാർ ഔദ്യോഗികമായി നാമനിർദ്ദേശം നൽകിയ കുറേയധികം ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് ഇളയരാജയാണ്. 

പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര തന്റെ ‘ മൂടുപനി’ എന്ന ചിത്രത്തിലെ ‘എൻ ഇനിയ പൊൻ നിലാവേ…’ എന്ന ഗാനത്തെപ്പറ്റി ഇങ്ങനെ  പറയുന്നു:
ആ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗിത്താർ ഈണം, യേശുദാസിന്റെ സ്വരം, ഗാന ചിത്രീകരണം, അതിലുപരി രാജയുടെ സംഗീതം – ഇതെല്ലാം ചേർന്ന് ആ ഗാനം എത്ര മനോഹരമായിരുന്നു! ഈ രംഗത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം ഞാന്‍ നിരസിക്കുകയായിരുന്നു. രണ്ടാമതായി രാജ നൽകിയ ഗാനമായിരുന്നു ‘എൻ ഇനിയ പൊൻ നിലാവേ…’. 

അപ്പോൾ ആദ്യ ഗാനം? 
ബാലു മഹേന്ദ്ര തന്നെ പറയുന്നു ''പിൽക്കാലത്ത് ഏറെ പ്രശസ്തമായ ‘ഇളയനിലാ പൊഴികിറത്…’ എന്ന ഗാനമായിരുന്നു അത്.
എന്തിനാണ് അന്നീഗാനം വേണ്ടെന്ന് വച്ചത്? പിൽക്കാലത്തതിൽ ഖേദം തോന്നിയോ?
അദ്ദേഹം മറുപടി നൽകുന്നതിങ്ങനെ.. രാജയിൽ നിന്നും ഏറ്റവും മികച്ച മറ്റൊരു ഗാനം തേടി ആദ്യ ഗാനത്തിനധികം പ്രാധാന്യം നൽകാതെ പറഞ്ഞതായിരുന്നു.. 'ഈ ഗാനം നന്ന്.. എനിക്ക് വേറൊരെണ്ണം വേണം'  എന്ന്.

ഇളയരാജയുടെ സംഗീതത്തില്‍ ഒട്ടേറെ അനശ്വര ഗാനങ്ങള്‍ പാടിയ ഗായിക, ഉമാരമണന്‍ 'പനീര്‍ പുഷ്പങ്ങള്‍'(1981) എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ " ആനന്ദ രാഗം..." എന്ന ഗാനത്തെപ്പറ്റി പറയുന്നു.

" എന്റെ പന്ത്രണ്ടാമത്തെ ടേക്കിനാണ്‌ രാജ സാര്‍ സന്തുഷ്ടനായത്. രാത്രി 9.30 നാരംഭിച്ച റെക്കോർഡിങ്ങ് പിറ്റേന്ന് പുലർച്ചെ 3.00  മണി വരെ നീണ്ടു !"

ചരണത്തില്‍ ഇത്രയധികം വയലിനുകള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഗാനങ്ങള്‍ അത്യപൂര്‍വ്വമാണ്‌. വർഷങ്ങൾക്കിപ്പുറം രണ്ടായിരത്തിആറിൽ ഇതേ ഗാനം രാം ഗോപാൽ വർമ്മയുടെ ശിവ എന്ന ചിത്രത്തിനുവേണ്ടി പുനരവതരിപ്പിച്ചപ്പോൾ ശ്രേയ ഘോഷാലാണത് പാടിയത്.


മലയാളികള്‍ക്കും ഇളയരാജ ഇന്ന് സുപരിചിതനാണ്. മലയാളം പാട്ടുകളിലൂടെ മാത്രമല്ല ഇത്. അദ്ദേഹം ചിട്ടപ്പെടുത്തിയ തമിഴ്ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്കിടയില്‍ ഹരമാണ്. പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം ‘വ്യമോഹം’ ആയിരുന്നു. അതില്‍ മറക്കനാവാത്ത ഒരേയൊരു ഘടകമേയുള്ളുവെന്ന് ഇളയരാജ പറയുന്നു. ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇന്നും അദ്ദേഹത്തിന്‍റെ പ്രതിഫലം കൊടുത്തിട്ടില്ല. എങ്കിലും അദ്ദേഹത്തിനു പരിഭവമില്ല. അതൊരു നല്ല തുടക്കമായിരുന്നുവെന്ന് രാജാസാര്‍ പറയുന്നു. മലയാളത്തിലെ ശ്രോതാക്കള്‍ അവരുടെ സ്വന്തം ആളായി ആ ചിത്രത്തിലൂടെ എന്നെയും മനസ്സിലിരുത്തി.
‘പൂവാടികളില്‍ അലയും തേനിളം കാറ്റേപനിനീര്‍ മഴയില്‍ കുളിര്‍ കോരി നില്പൂ ഞാന്‍ ‘
ജാനകിയുടെ ശബ്ദത്തില്‍ പുറത്തുവന്ന ഈ ഗാനം മലയാളിക്കെങ്ങനെ മറക്കാന്‍ കഴിയും. 
ഗായകന്‍ എന്ന നിലയിലും മലയാളികള്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെടുന്നു. പാറ എന്ന മലയാളസിനിമയില്‍  അരുവികള്‍ ഓളം തുള്ളും   എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടി.  ടോമിന്‍ തച്ചങ്കരിയുടെ ചിൿചാം ചിറകടി എന്ന ആല്‍ബത്തില്‍  'സത്യം വിശ്വൈകമന്ത്രണം എന്ന ഗാനത്തിനു ശബ്ദം നല്‍കിയതും രാജ തന്നെ.
തമിഴ്,തെലുഗു,കന്നട,മലയാളം  എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും ഇദ്ദേഹം തന്റെ സ്വാധീനം അറിയിച്ചു. 
പ്രധാന പുരസ്കാരങ്ങള്‍ 
മൂന്നു ദേശീയ അവാര്‍ഡുകള്‍ - സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ.ലതാമങ്കേഷ്കര്‍ അവാര്‍ഡ് (മധ്യപ്രദേശ് സര്‍ക്കാര്‍)മധുര കാമരാജ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി.മൂന്നാംപിറ, സാഗരസംഗമം, സിന്ധുഭൈരവി, മൌനരാഗം,  ഗീതാഞ്ജലി,  വീട്, അഗ്നിനക്ഷത്രം, അഞ്ജലി, തേവര്‍ മകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍.ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി  ഒരു മാസം കൊണ്ട് സിംഫണി രചിച്ചു. ഇവിടെ ഫുള്‍ ടൈം സിംഫണി ചെയ്യുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് ഇളയരാജാ.
കേരള സംസ്ഥാന അവാര്‍ഡ് പശ്ചാത്തല സംഗീതം-കല്ലു കൊണ്ടൊരു പെണ്ണ്                                    
 സംഗീത സംവിധാനം - കാലാപാനി                                     
  പശ്ചാത്തല സംഗീതം - സമ്മോഹനം
ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട് 

എഴുപത്തി ഒന്നിന്റെ നിറവിലെത്തിയ തെന്നിന്ത്യന്‍ സംഗീത ലോകത്തെ എക്കാലത്തെയും മികച്ച സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു..



പദ് മനാഭന്‍ തിക്കോടി

SREE ശ്രീ.: വ്യഥയുടെ ഛായ--- ഗീത മുന്നൂർക്കോട്----തലയോട്ടിയിലൊ...

SREE ശ്രീ.: വ്യഥയുടെ ഛായ--- ഗീത മുന്നൂർക്കോട്----
തലയോട്ടിയിലൊ...
: വ്യഥയുടെ ഛായ --- ഗീത മുന്നൂർക്കോട് ---- തലയോട്ടിയിലൊരു തുളയിട്ടാലോ ചി ലതൊക്കെ പുകയട്ടെ അകാശത്തേക്ക് നേർത്തു പറക്കട്ടെ ...




എന്റെ മോനയ്ക്ക് (തുടര്‍ച്ച)

പദ് മനാഭന്‍ തിക്കോടി

iv

മോനാ,
ഓര്‍മ്മകള്‍ കടന്നുവരുന്നത്‌ 
നിന്റെ പ്രണയവുമായാണ്,
ഞാന്‍ പോലുമറിയാതെ.
ചില നേരങ്ങളില്‍ 
തിരമാലകളെ പോലെ കുതിച്ച്‌
ചില നേരങ്ങളില്‍
മന്ദമാരുതനായി
പൂക്കാലത്തിന്റെ പരിമളം വഹിച്ച്.

v

മോനാ,
നിന്നെ കുറിച്ചുള്ളതു 
മാത്രമല്ലേ 
എന്റെ ഓര്‍മ്മകള്‍.
ഓരോ ക്ഷണത്തിലും 
ഓരോ ദിനത്തിലും 
ഇരുളിലുംപ്രകാശത്തിലും.
 

Thursday, April 24, 2014

വിഷാദം കൊണ്ട് കഥയെഴുതിയ നന്തനാര്‍



മലയാളത്തിന് ശ്രദ്ധേയമായ ഏതാനും രചനകള്‍ സമ്മാനിച്ച് അവയിലൂടെ അനുവാചകരുടെ മനസ്സില്‍  ജീവിക്കുന്ന നന്തനാര്‍  ഓര്‍മ്മയായിട്ട് ഏപ്രില്‍ 24ന് നാല്പത് വര്‍ഷം തികയുകയാണ്.
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന്കഥാസമാഹാരങ്ങളും ഇദ്ദേഹതിന്റെതായി നമുക്ക് ലഭിച്ചു.  ജീവിതദുരിതങ്ങള്‍ കണ്ടും അനുഭവിച്ചും വളര്‍ന്ന നന്ദനാരുടെ രചനകളില്‍ വിഷാദം അന്തര്‍ലീനമായിരുന്നു എന്നല്ല പറയേണ്ടത്. പ്രമേയത്തില്‍നിന്ന് മാറ്റി നിര്‍ത്താനാവാത്ത വിധം വിഷാദഛായ ഉള്ളതായിരുന്നു ആ കൃതികള്‍. ജീവിതവും അങ്ങനെയായതിനാലാവാം, പാലക്കാട്ടെ ഒരു ലോഡ്ജ്മുറിയില്‍ അദ്ദേഹം അതിന് അര്‍ദ്ധവിരാമമിട്ടത്. 
ടോള്‍സ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക് കഥകളെ ഓര്‍മ്മിപ്പിയ്ക്കുന്നവയെന്ന് ന്‍. വി. കൃഷ്ണവാര്യര്‍ രേഖപ്പെടുത്തിയ നന്തനാര്‍കൃതികളില്‍ മലബാര്‍ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാര്‍ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നു; യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാവുന്നു. ബാല്യം മുതല്‍ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകള്‍ കഥയില്‍ അവതരിപ്പിച്ച നന്തനാരുടെ കഥാപാത്രങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരും  മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈര്‍മല്യവുമുള്ളവരുമാണ് എന്നും നാം അറിയുന്നു. എത്ര പരാജയപ്പെട്ടാലും ജീവിതത്തില്‍ ഉത്കര്‍ഷേച്ഛ ഉണ്ടായാല്‍ ജീവിതവിജയം നേടാനാവും എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു, നന്തനാര്‍ കഥകള്‍.
നാടോടിക്കഥാഖ്യാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം കഥാകാരന്മാരിലൊരാളായി നന്തനാരെ കാണാം. 
ആത്മാവിന്റെ നോവുകള്‍ എന്ന നന്ദനാരുടെ നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഈ നോവല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടാളക്കാരുടെ കഥ പറയുന്ന ഈ ആഖ്യായികയിലൂടെ ആ കാലഘട്ടത്തിലെ പട്ടാളക്കാരുടെ ജീവിതത്തിലെ ദുരിതങ്ങളും ചിട്ടവട്ടങ്ങളും നാം തൊട്ടറിയുന്നു. ബാരക്കുകളുടെ വേവും ചൂടും വിയര്‍പ്പും അക്ഷരങ്ങളിലൂടെ നമ്മിലേയ്ക്ക് പകരുന്നു. പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ച് പട്ടാളത്തില്‍ ചേര്‍ന്നവരല്ല ഇവിടെ മിക്കവരും. സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ ചേര്‍ന്നവരണാധികവും. സ്വന്തം ആഗ്രഹത്താല്‍ ചേര്‍ന്നവര്‍ പോലും  ആ തീരുമാനത്തില്‍ വല്ലാതെ ഖേദിക്കുന്നിടത്തോളം  നരകതുല്ല്യമാവുന്നു പട്ടാളജീവിതം. കാര്‍ക്കശ്യക്കാരനായ മേലുദ്ദ്യോഗസ്ഥര്‍ക്ക് കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അര്‍ഹിക്കുന്ന പരിഗണനയോ ഉദ്യോഗ കയറ്റമോ ഒരിക്കലും ലഭിക്കില്ല. പോറ്റി, അയ്യര്‍, സുകുമാരന്‍, വര്‍ഗ്ഗീസ് തുടങ്ങി പല കഥാപാത്രങ്ങളിലൂടെ പട്ടാള കാമ്പിലെ ദുരവസ്ഥകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു പട്ടാളക്കാരനായിരുന്ന നോവലിസ്റ്റ്.നന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്‍റെ നോവുകള്‍ അദ്ദേഹത്തിന്‍റെ കൂടി കഥയാണൊ എന്ന് ശങ്കിച്ച് പോകും. അതു തന്നെയാവാം കാലമിത്ര കഴിഞ്ഞിട്ടും ഈ കൃതി പ്രസക്തമായി തുടരുന്നത്.
അറിയപ്പെടാത്ത മനുഷ്യജീവികള്‍ (1956) ആണ് നന്തനാരുടെ ആദ്യ നോവല്‍. കുട്ടികളെ വായനക്കാരാക്കി മാറ്റിയ ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നീ നോവലുകള്‍ പിന്നീട് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പേരില്‍ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചു. 
മുമ്പേതന്നെ ചില കഥകള്‍ വായിച്ചിരുന്നെങ്കിലും നന്തനാരുടെ ഒരു വലിയ കൃതി ഞാന്‍ ആദ്യമായി വായിക്കുന്നത്, 'ഉണ്ണിക്കുട്ടന്റെ ഒരു ദിവസം' മാതൃഭൂമിയില്‍ തുടര്‍ച്ചയായി വന്നപ്പോഴാണ്. ഞങ്ങള്‍ ഇത്തിരി വലിയ കുട്ടികള്‍ക്ക് ഉണ്ണിക്കുട്ടനെ വളരെ ഇഷ്ടമായി. നന്തനാര്‍ക്ക് കുട്ടികളുടെ മനഃശാസ്ത്രം ആഴത്തില്‍ അറിയാവുന്നതുകൊണ്ടായിരിക്കണമല്ലോ  അത്. വള്ളുവനാടിന്റെ ഭാഷാ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറത്തെ സാധാരണക്കാരുടെ ഭാഷയിലാണ് 'ഉണ്ണിക്കുട്ടന്റെ ലോക'മടക്കമുള്ള എല്ലാ കൃതികളും നന്തനാര്‍ രചിച്ചത്.
അനുഭൂതികളുടെ ലോകം (1965),  മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടന്‍ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്വരയില്‍ (1971), അനുഭവങ്ങള്‍ (1975) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. ആകാശം തെളിഞ്ഞു, സ്നേഹം നിറഞ്ഞ കൂപ്പുകൈ, നെല്ലും പതിരും, തോക്കുകള്‍ക്കിടയിലെ ജീവിതം, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്കളങ്കതയുടെ ആത്മാവ്, മിസ്റ്റര്‍ കുല്‍ക്കര്‍ണി, ഒരു വര്‍ഷകാല രാത്രി, കൊന്നപ്പൂക്കള്‍, ഇര, ഒരു സൌഹൃദസന്ദര്‍ശനം എന്നിവ ഇദ്ദേഹം രചിച്ച നിരവധി കഥകളുടെ സമാഹാരങ്ങള്‍. ഇദ്ദേഹത്തിന്റെ പല ചെറുകഥകളും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകാകികളും നിഷ്‌കാസിതരുമായ ബാല്യങ്ങളെയും അവരുടെ തീവ്രവേദനകളെയും തന്റെ പരുക്കന്‍ഭാഷയില്‍ നന്തനാര്‍ കൈകാര്യം ചെയ്തു. സാമൂഹികമായി മരുമക്കത്തായം മക്കത്തായത്തിലേക്കും കൂട്ടുകുടുംബം ഇല്ലാതാവുന്നതുമായ കാലത്ത്, ഫ്യൂഡല്‍ കാലഘട്ടം അവസാനിക്കുമ്പോള്‍  -ആധുനികതയുടെ കാലത്താണ് നന്തനാര്‍ നിഷ്‌കാസിത ബാല്യ-കൗമാരത്തെക്കുറിച്ചെഴുതുന്നത്
-1974ല്‍ തന്റെ നാല്‍പത്തെട്ടാമത്തെ വയസ്സില്‍. ജീവിതത്തില്‍നിന്നുതന്നെ സ്വയം വിരമിക്കാന്‍ തയാറായ ഒരാളുടെ ആത്മഭാഷണമായും 'അനുഭവങ്ങള്‍' എന്ന ഈ നോവലിനെ കണക്കാക്കാം. വെറും മൂന്ന് പേജ് മാത്രമുള്ള അവസാനത്തെ അധ്യായത്തിന് 'മോചന'മെന്നാണ് അദ്ദേഹം പേര് കൊടുത്തിരിക്കുന്നത്.
ഒരു നോവലായി വായിക്കുമ്പോള്‍ അത് നിഷ്‌കാസിതമായ കൗമാര -ദയനീയ ജീവിതത്തില്‍നിന്നുള്ള മോചനമാണ്. ആത്മകഥയായി വായിക്കുമ്പോള്‍ അത് തന്നില്‍നിന്നുള്ള മോചനമാണ്. ''എന്റെ തിരുമാന്ധാംകുന്നിലമ്മേ, രക്ഷിക്കണേ'' എന്നാണല്ലോ നോവലവസാനിക്കുന്നത്. ആ അധ്യായത്തില്‍തന്നെ താന്‍ പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നറിയുന്ന ഗോപി ''സന്തോഷംകൊണ്ട് ഞെട്ടിപ്പോയി'' എന്നാണ് പറയുന്നത്. ഇതൊരസാധാരണ ഭാഷയാണ്. അതില്‍ ജീവിതവും മരണവും അടങ്ങിയിട്ടുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം നയിക്കേണ്ടിവന്നതുകൊണ്ട് നന്തനാര്‍ ജീവിതത്തെ വെറുത്തിരിക്കണം. അതുകൊണ്ടുതന്നെ മരണത്തോട് സ്‌നേഹമുണ്ട്. ജീവിതത്തോടുള്ള അമിതാസക്തിയും മരണത്തോടുള്ള ആസക്തിയായി മാറും എന്ന വായിച്ചറിവ് നമുക്കുണ്ട്. അനുഭവങ്ങള്‍ തുടരുന്നത് 'ജീവിക്കണം' എന്നാണല്ലോ. ''ജീവിക്കണമെന്ന് തീര്‍ച്ചപ്പെട്ടുകഴിഞ്ഞമാതിരിയാണ്. എത്രതന്നെ ആഗ്രഹിച്ചിട്ടും മരണത്തിന്റെ മണംപോലും തന്റെ അടുത്തെത്തുന്നില്ല... മരണത്തെ സ്‌നേഹിച്ചുകൊണ്ട് ജീവിക്കുക, ജീവിതത്തെ വെറുത്തുകൊണ്ട് ജീവിക്കുക!''

1926 ജനുവരി അഞ്ചിന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പൂരപ്പുറത്ത് ചെങ്ങനെ വീട്ടില്‍ പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പി.സി. ഗോപാലനാണ് പില്‍ക്കാലത്ത് നന്ദനാര്‍ എന്നപേരില്‍ പ്രശസ്തനായത്. വീടിനടുത്തുള്ള തരകന്‍ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കുന്ന പൂരപ്പറമ്പിലെ കഞ്ഞിപ്പകര്‍ച്ചയില്‍, വരിനിന്ന് അത് കുടിക്കേണ്ട ഗതികേടുവരെ ഉണ്ടായത്ര ദരിദ്രമായൊരു ബാല്യമായിരുന്നു നന്തനാരുടേത്. പലപ്പോഴും പട്ടിണികിടക്കേണ്ടിവന്നു. ഉയര്‍ന്ന സമുദായക്കാരനായതുകൊണ്ട്  നാലണ ഫീസ് കൊടുക്കാനില്ലാതെ, പുസ്തകം വാങ്ങാന്‍ പണമില്ലാതെ, എല്ലാ ക്ലാസ്സിലും  ഒന്നാമനായിരുന്ന ഈ വിദ്യാര്‍ഥി ഏഴാം ക്ലാസില്‍വെച്ച് പഠിത്തം നിര്‍ത്തുകയായിരുന്നു. പക്ഷേ, ഈ കാലങ്ങളില്‍ത്തന്നെ വായന തുടങ്ങിയിരുന്നു. അത് തരകന്‍ സ്‌കൂളിലെ അയ്യര് മാഷ് വായിക്കാന്‍ കൊടുക്കുന്ന പുസ്തകങ്ങളിലൂടെ മാത്രമായിരുന്നു. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു. യഥാര്‍ഥ വായന തുടങ്ങിയത് പട്ടാളത്തില്‍ ചേര്‍ന്നതിനുശേഷമാണ്. 'രമണനാ'ണ് ആദ്യമായി പണം കൊടുത്ത് വാങ്ങിയ പുസ്തകം. ഉറൂബും പൊറ്റെക്കാട്ടുമായിരുന്നു പ്രിയപ്പെട്ട എഴുത്തുകാര്‍. രണ്ടുപേരുടെയും സ്വാധീനം നന്തനാരുടെ ആദ്യകാല കഥകളില്‍ വായിച്ചെടുക്കാനാവും. 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍.സി.സി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കെ 1974 ഏപ്രില്‍ 24ന് നന്തനാര്‍ ആത്മഹത്യ ചെയ്തു.''ഏറ്റവും ക്രൂരമായ മാസം ഏപ്രിലാകുന്നു'' എന്നതിനൊരു സാക്ഷ്യപത്രംപോലെയായിരുന്നു  നന്തനാരുടെ മരണം (1974 ഏപ്രില്‍ 21).പാലക്കാട്ടെ കോമന്‍സ് ലോഡ്ജില്‍ രണ്ടോ മൂന്നോ ദിവസം ആരുമറിയാതെ അദ്ദേഹത്തിന്റെ ശവം കിടന്നപ്പോള്‍, പലരും വിചാരിച്ചത് അദ്ദേഹം പാറപ്പുറത്തിന്റെയോ കോവിലന്റെയോ വീട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നായിരുന്നു. നന്തനാരുടെ അടുത്ത സുഹൃത്തുക്കളായിരുന്നല്ലോ അവര്‍. മൂന്നുപേരും പട്ടാളക്കാര്‍.
മരണവുമായി നന്തനാര്‍ പ്രണയത്തിലായിരുന്നു. അവള്‍ വേഷംമാറി വരുന്നതാണ് നന്തനാര്‍ക്ക് മഴ. 'ഞാന്‍ മരിക്കുന്നു' എന്ന പേരിലും 'ജീവിതം അവസാനിക്കുന്നില്ല' എന്ന പേരിലും നന്ദനാര്‍ കഥയെഴുതിയിട്ടുണ്ട്.
അനുഭവങ്ങള്‍ എന്ന കൃതിയെ അടിസ്ഥാനമാക്കി  നന്തനാരുടെ ജീവിത സന്ദര്‍ഭങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കോര്‍ത്തിണക്കി എം.ജി. ശശി   2007ല്‍  അടയാളങ്ങള്‍ എന്നൊരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ അഞ്ച് സംസ്ഥാന അവാര്‍ഡ് നേടിയ ഈ ചിത്രം പതിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നെറ്റ്പാക്ക് പുരസ്‌കാരവും കരസ്ഥമാക്കി.
പദ് മനാഭന്‍ തിക്കോടി 

Wednesday, March 26, 2014

കുഞ്ഞുണ്ണി മാഷെ ഓര്‍ക്കുമ്പോള്‍




കുഞ്ഞുണ്ണി മാഷെ ചെറുപ്പം മുതല്‍ തന്നെ വായിച്ചു തുടങ്ങിയിരുന്നെങ്കിലും ആദ്യമായി നേരിട്ട് കാണുന്നത് എഴുപതുകളില്‍ എപ്പോഴോ നടന്ന ഒരു സാഹിത്യ സെമിനാറില്‍ വെച്ചാണ്. ഇന്നും ഓര്‍മ്മയുണ്ട്‌, ഖാദി ഷര്‍ട്ടും, വെള്ള ഒറ്റമുണ്ടും, അതിനടിയില്‍ കാണുന്ന കോണകവാലും, പാദരക്ഷകളുടെ സഹായം കൂടാതെയുള്ള നടത്തവും. പരിപാടിയുടെ ഭാഗമായും പരിപാടികള്‍ക്കിടയിലെ ഒഴിവു സമയത്തുമായി അദ്ദേഹം പാടി തന്ന പാട്ടുകള്‍! ഞാനും കൂട്ടുകാരും മാഷ്‌ പറയുന്നതും കേട്ട്‌, മുത്തശ്ശന്റെ കഥ കേള്‍ക്കുന്നതുപോലെ, അങ്ങനെ ലയിച്ചിരുന്നു. ഞങ്ങള്‍ കുട്ടികളായി. പറയുന്ന രീതിയും മാഷ്‌ടെ വേഷഭൂഷാദികളും എല്ലാം കൂടെചേര്‍ത്തുണ്ടാക്കിയ ആ ഒരു അന്തരീക്ഷമുണ്ടല്ലോ, ഇന്നും മറക്കാന്‍ കഴിയാത്ത ഒരനുഭൂതിയായി മനസ്സിലുണ്ട്.

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നു പറഞ്ഞ,മലയാളി സമൂഹത്തിന്റെ എല്ലാ മധ്യ വർഗ  ജാഡ-നാട്യങ്ങളെയും   സ്വതസിദ്ധമായ  നർമ്മത്തോടെ പരിഹസിച്ച മാഷെ,  മലയാളം മനസ്സിലേറ്റിയ കുഞ്ഞു കവിതകള്‍ സൃഷ്ടിച്ച ആ വലിയ കവിയെ, വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചു വളര്‍ന്നവന്‍ വിളയും, വായിക്കാതെ വളര്‍ന്നവന്‍ വളയും. എന്നും‌ അക്ഷരമേ നിന്നെ എനിക്കി‘ക്ഷ‘ പിടിച്ചു അതില്‍ 'അര' മുള്ളതിനാല്‍ എന്നും‌ പറഞ്ഞ ആ ചെറിയ വലിയ മനുഷ്യനെ എങ്ങനെ മറക്കാന്‍! മലയാളം കണ്ട യഥാർത്ഥ ‘ചെറിയ(?)കാര്യങ്ങളുടെ ആ വലിയ തമ്പുരാനെ!

അസംബന്ധ കവിതകള്‍ എന്ന് പലരും മാഷിന്റെ രചനകളെ വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ 'അസംബന്ധകവിത' എന്ന വാക്കുതന്നെ ‘സംബന്ധകവിത’എന്നൊരസംബന്ധത്തെ സിദ്ധവൽക്കരിക്കലല്ലേ...മാഷു തന്നെ ചോദിച്ച പോലെ,ഏതു കവിതയാണ് ‘സെൻസുള്ള കവിത’? കുഞ്ഞുണ്ണിമാഷുടെ, അസംബന്ധങ്ങൾ മിക്കതും  സമകാലീനസങ്കീർണ്ണതകളോടുള്ള സ്പന്ദനങ്ങളാണ്.ഒന്നോ രണ്ടോ വരികളിലൂടെയോ ഈരടികളിലൂടെയോ സംസാരിയ്ക്കുന്ന അവയുടെ ധ്വനനശേഷി കാലങ്ങളെ അതിജീവിയ്ക്കുന്നതും അതുകൊണ്ടു തന്നെ. “എ.ഡി.ക്കുള്ളിലാണ് ബി.സി.എന്ന സാരസ്വതരഹസ്യം പങ്കുവെക്കപ്പെടുന്നു.  ലോകം തിരിച്ചിട്ടു കോലവും,കോലം തിരിച്ചിട്ടു ലോകവും നിർമ്മിയ്ക്കുന്നു.

ഏതെങ്കിലും ഒരു പാരമ്പര്യത്തിന്റെ തുടർച്ചയല്ല കുഞ്ഞുണ്ണിമാഷ്‌ .ഒരു ശബ്ദവും സ്വാധീനിച്ചിട്ടുമില്ല.സമകാലത്തിലെ ആധുനികതയുടെ മാറാപ്പുകളുടെ ഭാരവും ഇല്ല.പക്ഷേ,ആ കവിത എവിടെയൊക്കെയോ പോറല്‍ എല്പ്പിയ്ക്കുന്നു. 



അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഹ്രസ്വവും ചടുലവും കാര്യമാത്ര പ്രസക്തവുമായ ഒരു കവിതാരീതി മാഷ്‌ അവതരിപ്പിച്ചു. ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്ന, ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ള ഈ കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയിൽ മാഷ് തന്റെ സമ്പൂർണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.



ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. മലയാളമായിരുന്നല്ലോ,മാഷിന്റെ പ്രപഞ്ചം.എനിയൊരു ജന്മമുണ്ടെങ്കിൽ അതു മലയാളത്തിലെ ‘റ’എന്ന അക്ഷരമായിട്ടു മതി എന്നിടത്തോളമെത്തി, ആ അഭിനിവേശം.

നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്..



കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് വളരെ നേർത്തതാണ്. അതുകൊണ്ടുതന്നെ  അദ്ദേഹം പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു..



  കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത് എന്ന് പറയാം. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുള്ളല്‍ കഥകള്‍ എഴുതി അദ്ദേഹം സ്വയം അവതരിപ്പിച്ചിരുന്നു. പത്താംതരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടു തുടങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു. 1981 മുതല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലര്‍വാടി എന്ന കുട്ടികളുടെ മാസികയിയില്‍ അദ്ദേഹം ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്ന പംക്തി എഴുതിത്തുടങ്ങി. അനേകം കുട്ടികളെ സാഹിത്യകാരാക്കിയ പ്രശസ്തപംക്തിയായി അത് നീണ്ട 17 വര്‍ഷം തുടര്‍ന്നു. ആ പംക്തി നിര്‍ത്തിയ ശേഷം 2002 വരെ ‘കുഞ്ഞുണ്ണി മാഷുടെ പേജ്’ എന്ന പേരില്‍ മറ്റൊരു പംക്തിയിലൂടെ 5 വര്‍ഷം കൂടി കുഞ്ഞുണ്ണി മാഷ് മലര്‍വാടിയില്‍ ഉണ്ടായിരുന്നു .



വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച, ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ ഈ ബഹുമുഖപ്രതിഭ ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10 ന് ജനിച്ചു. ചേളാരി ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.



എഴുതിയതില്‍ ഏറെയും കുറുക്കവിതകള്‍ ആയിരുന്നെങ്കിലും നല്ല പരന്ന വായനയുണ്ടായിരുന്നു മാഷിന്. എന്റെ ഒരു സുഹൃത്തിനു ഒരിക്കല്‍ അദ്ദേഹം വായിക്കാനായി നിര്‍ദേശിച്ചത് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' കെ.ജി.ശങ്കരപ്പിള്ളയുടെ 'കൊച്ചിയിലെ വൃക്ഷങ്ങള്‍ ' എന്നിവയായിരുന്നു.അദ്ദേഹം അന്ന് പറയുകയുണ്ടായത്രേ,'ആനന്ദ് കഴിവുള്ള ആളാണ്‌ .പുതിയ നോവലിന് കുറച്ച് വായനാ സുഖവുമുണ്ട്. എഴുതിയെഴുതി നന്നാവും.'



മറ്റു പല മേഖലകളിലും മാഷ്‌ തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഥാകാരനും ചിത്രകാരനുമായ കുഞ്ഞുണ്ണി പൊതുവേ അപരിചിതനാണ്.ഇദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും വര്ണചിത്രങ്ങളും നൂറോളം വരുമെങ്കിലും അവയെയെല്ലാം ക്രമത്തിൽ സൂക്ഷിക്കുവാനോ പ്രദർശിപ്പിക്കാനോ തുനിഞ്ഞിരുന്നില്ല.എണ്ണച്ചായം,ജലച്ചായം,ഇങ്ക് തുടങ്ങിയവയവയായിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്.നാടോടി ചിത്രകലയെ കൂടുതൽ അവലംബിച്ചിരുന്നതായി കാണാം.പൂക്കൾ,പക്ഷികൾ,മൃഗങ്ങൾ എന്നിവയെല്ലാം ചിത്രരചനയിൽ കാണാമെങ്കിലും അവയുടെ വിശദാംശങ്ങളിലേക്കൊന്നും കടക്കാതെ ആന്തരികസൗന്ദര്യം മാത്രം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചിത്രരചനാശൈലി.പ്രിയപ്പെട്ടവർക്കായി തന്റെ ചിത്രങ്ങൾ സമ്മാനിച്ചിരുന്നതുകൊണ്ട് അവയിൽ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ പെടുന്നു.



കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ച അദ്ദേഹം ആ രംഗത്തും ഒരു കൈ നോക്കി.



  . കുഞ്ഞുണ്ണിമാഷും കുട്ട്യോളും, കുട്ടികളുടെ നിഘണ്ടു, നമ്പൂതിരി ഫലിതങ്ങള്‍, കുട്ടേട്ടന്‍, കുഞ്ഞുണ്ണിക്കവിതകള്‍ കഥകള്‍ ( രണ്ട് വോള്യം), എന്നിലൂടെ,കുഞ്ഞുണ്ണിക്കവിതകള്‍, കിലുകിലുക്കാംപെട്ടി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്.

 1974ലും 1984ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982ല്‍ സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, 2002ല്‍ വാഴക്കുന്നം അവാര്‍ഡ്, 2003ല്‍ വി.എ.കേശവന്‍ നായര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടും 1988ലും 2002 ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അവിവാഹിതനായിരുന്നകുഞ്ഞുണ്ണിമാഷ് വലപ്പാടുള്ള തന്റെ തറവാടില്‍ 2006 മാര്‍ച്ച് 26നു അന്തരിച്ചു.

കുഞ്ഞുണ്ണിക്കവിതകളില്‍ സമൂഹത്തിലെ, വ്യക്തിജീവിതത്തിലെ, രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍ വിമര്‍ശന വിധേയമാവുന്നുണ്ട്.

രാഷ്ട്രീയ വിഷയത്തില്‍ കുഞ്ഞുണ്ണിമാഷ് രചിച്ച ചില വരികള്‍.

1  "രാക്ഷസനിൽനിന്നു - രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം"

2 "പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി" 



3 ''മന്ത്രിയായാൽ മന്ദനാകും

   മഹാ മാർക്സിസ്റ്റുമീ

   മഹാ ഭാരതഭൂമിയിൽ''

4 ഇത്ര കാലവും നമ്മള് മുഷ്ടി കൊണ്ടിടിച്ചിട്ടും 

   "ഈന്കുഇലബ് " എന്നാ വാക്ക് മലയാളമായില്ല.



5  ഇങ്കു ലാബിലും , സിന്ത ബാദിലും ഇന്ത്യ തോട്ടിലും



 മറ്റു ചില ചില കുഞ്ഞുണ്ണിക്കവിതകൾ കൂടി എടുത്തു ചേര്‍ക്കാതെ ഈ കുറിപ്പ് പൂര്‍ണമാകില്ല.



  • കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാൻ,കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാൻ.

  • സത്യമേ ചൊല്ലാവൂ ധർമ്മമേ ചെയ്യാവൂ നല്ലതേ നൽകാവൂ വേണ്ടതേ വാങ്ങാവൂ

  • ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽവിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും.

    • ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാൽ
    • ഉടുത്ത മുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുകിൽ മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം
    .

  • ഞാനെന്റെ മീശ ചുമന്നതിന്റെ കൂലിചോദിക്കാൻ ഞാനെന്നോടു ചെന്നപ്പോൾ ഞാനെന്നെ തല്ലുവാൻ വന്നു.

    • പൂച്ച നല്ല പൂച്ച വൃത്തിയുള്ള പൂച്ച പാലു വച്ച പാത്രം വൃത്തിയാക്കി വച്ചു.
    • എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെഎത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ.
    • എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകംനമുക്കില്ലൊരു ലോകം.
    • മഴ മേലോട്ട് പെയ്താലേ വിണ്ണു മണ്ണുള്ളതായ് വരുമണ്ണുള്ള ദിക്കിലുള്ളോർക്കേ കണ്ണു കീഴോട്ടു കണ്ടിടൂ
         ആറുമലയാളിക്കു നൂറുമലയാളം അരമലയാളിക്കുമൊരു മലയാളം     ഒരുമലയാളിക്കും മലയാളമില്ല..!



                                     (കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ)



  • പൊക്കമില്ലായ്മയാണ് എന്റെ പൊക്കം

  • മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി

  • മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി

  • ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ

  • പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോമുന്നോട്ടു പായുന്നിതാളുകൾ

  • കട്ടിലുകണ്ട് പനിക്കുന്നോരെപട്ടിണിയിട്ടു കിടത്തീടേണം

  • ....................പദ് മനാഭന്‍ തിക്കോടി 



    Saturday, March 22, 2014

    വായനക്കാരന്‍ വളരുന്നതിനൊപ്പം വളരുന്ന സാഹിത്യം



    നിരവധി പുസ്തകങ്ങള്‍ ഇതിനകം വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൈസയ്ക്കോ, ചായക്കോ പന്തയം വെച്ച് തിക്കോടി റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ നടക്കാറുള്ള വോളിബോള്‍ മത്സരങ്ങള്‍ കാണുമ്പോള്‍ ഉണ്ടാവാറുള്ള നൈമിഷികമായ ആനന്ദം മാത്രം നല്കിയവയായിരുന്നു തൊണ്ണൂറു ശതമാനവും. വീണ്ടും മറിച്ചു നോക്കണമെന്ന് തോന്നിയിരുന്നില്ല ഈ പുസ്തകങ്ങള്‍ ഒന്നും തന്നെ.
    എന്നാല്‍ ചില പുസ്തകങ്ങള്‍ അങ്ങനെയല്ല. വീണ്ടും വീണ്ടും വായിച്ചിട്ടും അവ ഒരിക്കലും മടുപ്പിച്ചില്ല. പല ഗ്രന്ഥകാരന്മാരുടെയും ചില കൃതികള്‍ ഇങ്ങനെ പുനര്‍വായനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.എന്നാല്‍ ഏതെങ്കിലും ഒരു എഴുത്തുകാരന്റെ ലഭ്യമായ എല്ലാ രചനകളും വീണ്ടുംവീണ്ടും വായിക്കണം എന്ന് തോന്നിയത്  വിരലില്‍ എണ്ണാവുന്ന ചിലരുടേത് മാത്രം.  മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി തന്നെ മാറിയ   ബഷീര്‍ സാഹിത്യം  ഇവയില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നു.
       രചനയും ജീവിതവും വേര്‍തിരിക്കാനാവാത്ത വിധം ഇഴചേര്‍ന്നു നില്‍ക്കുന്ന ഇവ വായിച്ചു തുടങ്ങുന്നവര്‍ മലയാള സാഹിത്യത്തെ പ്രണയിക്കാതിരിയ്ക്കുന്നതെങ്ങനെ?     ബഷീര്‍ അലക്കിത്തേച്ച വടിവൊത്ത ഭാഷ സംസാരിച്ചില്ല, പ്രാമാണിക വ്യാകരണങ്ങളെ അനുസരിച്ചില്ല. ബഷീര്‍ തന്നെ ഒരിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്,.
    മലയാളം അദ്ധ്യാപകനായിരുന്ന അനുജന്‍ ഒരിയ്ക്കല്‍ താന്‍ കഷ്ടപ്പെട്ട് എഴുതിയ (പത്രങ്ങളില്‍ അച്ചടിച്ച്‌ വന്ന) തന്റെ 'വിശ്വോത്തര' കഥകള്‍ ചോദിച്ചു. അവന്‍ വായിച്ച് ആവേശം കൊള്ളട്ടെ എന്ന് കരുതി ബഷീര്‍ അവ നല്‍കി. 'ആവേശം കൊണ്ട അനുജ'നോട് പൈസ കടം വാങ്ങാം എന്ന് കരുതി ചെന്ന ബഷീര്‍ കണ്ടത് വരകളും ചോദ്യചിഹ്നങ്ങളും നിറഞ്ഞ തന്റെ കഥയാണ്. പിന്നീട് ആ കഥകളില്‍ ഒന്നിലെ ഒരു വരി വായിച്ച് അനുജന്‍ ചോദിച്ചു: ഇക്കാക്കാ, ഇതിലെ ആഖ്യാതം എവിടെ?
    ''നിന്റെ ഒരു ലോടുക്കൂസ് ആഖ്യാതം! ചട്ടുകാലാ, ഒരു വാദ്ധ്യാര്‍ വന്നിരിയ്ക്കുന്നു, ചട്ടന്‍"
    " ഇക്കാക്കാ, എവിടെയെങ്കിലും പോയി രണ്ടു കൊല്ലം മലയാളം വ്യാകരണം പഠിക്കണം. മലയാള ഭാഷയ്ക്ക് എത്ര അക്ഷരങ്ങളുണ്ട്?"
    " പോടാ ബടുക്കെ, നിന്റെ കെട്ട്യോള്‍ സ്ത്രീധനം തന്നതാണോ മലയാളഭാഷ? ഞാന്‍ എനിയ്ക്ക് തോന്നിയ പോലെ എഴുതും, അറിയാവുന്ന അക്ഷരങ്ങള്‍ വെച്ച്. നിന്റെ ഒരു തൊലിപൊങ്ങന്‍ വ്യാകരണം.."

    അതെ, വ്യാകരണത്തിന്റെ വേലിക്കെട്ടിനു പുറത്ത് ആഖ്യയും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യനു പിന്നാലേ വാക്കുകള്‍ കരഞ്ഞു വിളിച്ചു നടന്നു. അദ്ദേഹം കാരുണ്യത്തോടെ എടുത്തപ്പോള്‍ അവയ്ക്കു രൂപപരിണാമം വന്നു. തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന ആ മൗലികപ്രതിഭ സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതും കാലാതിവര്‍ത്തിയും ആയി. സമൂഹത്തിനു നേരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത ആ കൃതികളെ അനശ്വരമാക്കി. തന്റെ മണ്ണും, ജീവിതവും, പരിസരവും, വിശ്വാസവും, അനുഭവങ്ങളും, പരാജയങ്ങളുമാണ് തന്റെ രചനയെന്ന് പറയുകയും ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്‌ത ആ അതിസാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, കരയിപ്പിച്ചു.
    നര്‍മത്തിലൂടെ ഒരു പ്രത്യേക ശൈലി തന്നെ ബഷീര്‍ മലയാളത്തിനായി സംഭാവന ചെയ്തിട്ടുണ്ട്. 'ഇമ്മിണി ബല്യ  ഒന്ന്' 'സ്ഥലത്തെ പ്രധാന ദിവ്യന്‍' 'ഭൂമിയുടെ നടുമധ്യെ'...അങ്ങനെ എത്രയെത്ര...  ‘ഇമ്മിണി വല്യ ഒന്നി’നെ അതിശയിക്കുന്ന വാക്യങ്ങള്‍ മലയാളത്തിലെന്നല്ല ലോകസാഹിത്യത്തില്‍ തന്നെ വിരളമാകും ''ഇസ്ലാമിന്റെ ആന ചത്തുപോയി എന്നല്ല,മയ്യത്തായി എന്ന് പറയണം'' എന്നതിലെ നര്‍മവും വിമര്‍ശനവും എത്ര ഹൃദ്യം!
    തന്റെയൊരു ജന്മദിനം കടന്നു പോയ വിധം ബഷീര്‍ വിവരിക്കുന്നത് രസകരവും ചിന്തനീയവുമാണ്. എല്ലാം നല്ലതായിത്തീരേണമേ എന്നു പ്രാര്‍ഥിച്ചു, കയ്യിലുള്ള എട്ടണ സംഭാവന കൊടുത്തു. ഉച്ചയൂണിനു കൂട്ടിക്കൊണ്ടു പോവാമെന്നേറ്റ സുഹൃത്ത് വേറെ തിരക്കില്‍ പെട്ടതിനെ തുടര്‍ന്ന് ബഷീര്‍ പട്ടിണിയായി. സമയം രാത്രിയായതോടെ വിശപ്പ് സഹിക്കാവുന്നതിലുമപ്പുറമായി. അവസാ‍നം അയല്‍ വീട്ടിലെ കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടുതിന്നു. ജന്മദിനവും ശുഭം !

    പദ്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച ബഷീറിന്റെ കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ 'തങ്കം' അങ്ങനെ ബഷീറിന്റെ ആദ്യ കഥയായി.
    വായനക്കാരന്‍ വളരുന്നതിനൊപ്പം വളരാന്‍ കഴിയുകയും അതത് കാലത്തോട് പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ഒരു കൃതി ക്ലാസിക്ക് ആയി വിശേഷിക്കപ്പെടുന്നതെന്ന് പറയാറുണ്ട്‌. സാഹിത്യ ആസ്വാദനത്തിന്റെ കാര്യത്തില്‍ വലിയൊരു സ്ഥാനം അവകാശപ്പെടാനില്ലാത്ത എനിയ്ക്ക് പോലും  വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇപ്പോഴും വായിക്കണം എന്ന് തോന്നുന്നതും വേറൊന്നും കൊണ്ടല്ലല്ലോ..
    1943 ല്‍ മലയാള സാഹിത്യത്തിന് ഒരു പ്രേമലേഖനവുമായി ബഷീര്‍ കടന്നു വന്നപ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. രണ്ടു ദശകങ്ങള്‍ക്ക് ശേഷമാണ് ഞാനത് വായിക്കുന്നത്. നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് എഴുപതുവര്‍ഷം മുമ്പ്  മലയാളത്തിന്റെ മുന്നിലേക്ക് കടന്നു വന്ന ഇദ്ദേഹത്തില്‍ നിന്നും വിശ്വപ്രേമത്തിന്റെ കാരുണ്യവുമായി പിന്നീട് ധാരാളം കൃതികള്‍ നമുക്കു കിട്ടി. 
    1908 ജനുവരി 21 നു കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനനം. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. തലയോലപ്പറമ്പിലെ മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലും പ്രാഥമിക പഠനം ഒന്‍പതാം ക്ളാസു വരെ മാത്രം. പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി. കാല്‍ നടയായി എറണാകുളത്തു ചെന്നു കള്ളവണ്ടി കയറി കോഴിക്കോടെത്തി. ഉടനെ തന്നെ സ്വാതന്ത്ര്യ സമരരംഗത്തേക്ക് എടുത്തു ചാടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. ബ്രിട്ടീഷുകാരുടെ മര്‍ദ്ദനത്തിനിരയാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തു. മദിരാശി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ തടവില്‍ പാര്‍ത്തു.

    വൈകാതെ തീവ്രവാദത്തിലേക്കും കടന്നു. രാജ്‌ഗുരു, ഭഗത്‌സിംഗ്, സുഖ്‌ദേവ് മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവനം’ വാരിക നടത്തി. പിന്നീട് ഈ വാരിക സര്‍ക്കാര്‍ കണ്ടുകെട്ടി. 'പ്രഭ' എന്ന തൂലികാ നാമത്തില്‍ ഉജ്ജീവനത്തിലും പ്രകാശനം വാരികയിലും എഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. കുറെ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞു തിരിഞ്ഞു. അറബു നാടുകളിലും ആഫ്രിക്കയിലും സഞ്ചരിച്ചു, നിരവധി ഭാഷകള്‍ സ്വായത്തമാക്കി. സാഹസികതകള്‍ ഏറെ നിറഞ്ഞ ഈ യാത്രയില്‍ ഹിന്ദു സന്യാസിമാരുടെ കൂടെയും മുസ്‌ലിം സൂഫികളുടെ കൂടെയും ധ്യാനവും സന്യാസവുമായി കുറെ ജീവിച്ചു. കച്ചവടക്കാരന്‍, കൈ നോട്ടക്കാരന്‍, ഹോട്ടല്‍ തൊഴിലാളി, ഹോട്ടല്‍ നടത്തിപ്പുകാരന്‍, ട്യൂഷന്‍ മാസ്റ്റര്‍, കണക്കപ്പിള്ള, മില്‍ തൊഴിലാളി, ഗേറ്റ് കീപ്പര്‍, ന്യൂസ് പേപ്പര്‍ ബോയ്, മാജിക്കുകാരന്റെ സഹായി, ചായപ്പണിക്കാരന്‍, കപ്പലിലെ ഖലാസി, ഹോമിയോപ്പതി കമ്പോണ്ടര്‍, ബുക്ക് സ്‌റ്റാള്‍ മുതലാളി, ഗുഡ്‌സ് ഏജന്റ്, പത്രാധിപര്‍ തുടങ്ങി ചെറുതും വലുതുമായ ജോലികള്‍ പലതും ഏറ്റെടുത്തു. ഓരോ ജോലിയിലെയും ജയപരാജയങ്ങള്‍ രചനകളായി ഇന്നും നമുക്ക് മുമ്പില്‍ ജീവിക്കുന്നു.

    തന്റെ യാത്രാനുഭവങ്ങള്‍ കഥക്കു വേണ്ടി ഇത്രമാത്രം വിനിയോഗിച്ച മറ്റൊരു കഥാകൃത്ത് മലയാളത്തില്‍ ഉണ്ടാവില്ല. ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതു മുതല്‍ ആരംഭിക്കുന്നതാണ് ബഷീറിന്റെ സാഹസിക യാത്രകള്‍. പിന്നീട് അദ്ദേഹത്തിന്റെ രചനയില്‍ ‘ഗാന്ധിജിയെ തൊട്ടേ’ എന്ന് അഭിമാന പൂര്‍വ്വം പരാമര്‍ശിക്കുന്നുണ്ട്. ബഷീറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ യാത്ര.

    സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. എന്നാല്‍ അതീവ ലളിതവും ശൈലികള്‍ നിറഞ്ഞതുമായ ആ രചനകള്‍ പരിഭാഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്,ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്തു പ്രസിദ്ധപ്പെടുത്തി. ഡോ. റൊണാള്‍ഡ് ആഷര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ഈ കൃതികള്‍ സ്‌കോട്ട്‌ലണ്ടിലെ ഏഡിന്‍ബറോ സര്‍വ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകള്‍ , ശബ്ദങ്ങള്‍ , പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
    കണ്ണില്‍ ഇരുട്ടുമൂടിയവര്‍ക്കും ഇനി വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ തൊട്ടറിയാം. ബഷീറിന്റെ വിഖ്യാത നോവലുകളും മറ്റു കൃതികളും കാഴ്ചയില്ലാത്തവരുടെ വിരല്‍ത്തുമ്പുകളില്‍ തൊട്ടറിയാന്‍ അന്ധനായ അധ്യാപകന്‍ പി.ടി. മുഹമ്മദ് മുസ്തഫയാണ് തുടക്കമിട്ടിരിക്കുന്നത്.മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായ മുഹമ്മദ് മുസ്തഫ സുഹൃത്തായ ചാലിയം ഗവ. ഫിഷറീസ് സ്‌കൂള്‍ അധ്യാപകന്‍ എ. അബ്ദുള്‍ റഹീമിന്റെ സഹായത്തോടെയാണ് ബഷീറിന്റെ കൃതികള്‍ ബ്രെയില്‍ ലിപിയിലാക്കിയിരിയ്ക്കുന്നത്.ബഷീറിന്റെ ജീവചരിത്ര സംഗ്രഹം, കൃതികളായ 'തങ്കം', ഹൃദയനാഥ, 'ആനവാരിയും പൊന്‍കുരിശും', 'ഭൂമിയുടെ അവകാശികള്‍' എന്നിവയാണ് ബ്രെയില്‍ ലിപിയിലേക്ക് പകര്‍ത്തുന്നത്.. അന്ധഭാഷയിലേക്ക് മാറ്റപ്പെടുന്ന കൃതികള്‍ അന്ധര്‍ക്ക് പ്രയോജനപ്പെടുന്നതിന് വൈലാലിലും സൂക്ഷിക്കും.
    നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര കേരള സര്‍ക്കാറുകളില്‍ നിന്നും സ്വാതന്ത്യ സമര സേനാനി പെന്‍ഷന്‍, പത്മശ്രീ (1982), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം (1987), ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (1992), വള്ളത്തോള്‍ പുരസ്‌കാരം (1993), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993) സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992),എന്നിവയാണ് പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍.
    മുസ്‌ലിം സമുദായത്തില്‍ അള്ളിപ്പിടിച്ചിരുന്ന അഴുക്കുകളെയും പൌരോഹിത്യ ചൂഷണങ്ങളെയും ബഷീര്‍ തന്റെ കൃതികളിലൂടെ  നിശിതമായി വിമര്‍ശിച്ചു. കേവലം ചിഹ്നങ്ങളില്‍ മാത്രം അഭിരമിക്കുന്ന പൊള്ളയായ മതസങ്കല്പങ്ങളെ 'രോമമതം’ എന്നു കളിയാക്കി. വര്‍ഗ്ഗീയതയെ പട്ടി സമാനമായ അവിവേകമായി തന്റെ ‘മന്ത്രച്ചരടി‘ല്‍  വിവരിച്ചു. കാതുകുത്ത്, സുന്നത്ത് കല്ല്യാണം പോലുള്ള ആചാരങ്ങള്‍ സമുദായം ആഘോഷിച്ചതിന്റെ രൂപം വരച്ചു കാട്ടി. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പെണ്ണ് കെട്ടി മൊഴിചൊല്ലല്‍ യജ്ഞങ്ങളും ഈ ക്ലീന്‍ മതത്തില്‍ ഇല്ലെന്നും അവയെല്ലാം കാക്കാമാരുടെയും കാക്കാത്തിമാരുടെയും മതത്തിലാണെന്നും ഹാസ്യാത്മകത നിറഞ്ഞ ഗൌരവത്തില്‍ വിമര്‍ശിച്ചു.
    പ്രധാന രചനകള്‍

    കഥകള്‍ : ജന്മ ദിനം (1945), ഓര്‍മ്മക്കുറിപ്പ് (1946), വിഡ്ഡികളുടെ സ്വര്‍ഗ്ഗം (1948), പാവപ്പെട്ടവരുടെ വേശ്യ (1952), വിശപ്പ് (1954), വിശ്വവിഖ്യാതമായ മൂക്ക് (1954), ഒരു ഭഗവത് ഗീതയും കുറെ മുലകളും (1967), ചിരിക്കുന്ന മരപ്പാവ (1975), ആനപ്പൂട (1975), യാ ഇലാഹി പ്രേ പാറ്റ (2000 - മരണാനന്തരം).

    നോവല്‍ : പ്രേമ ലേഖനം (1943), ബാല്യകാല സഖി (1944), ശബ്‌ദങ്ങള്‍ (1947), ന്റുപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്നു (1951), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1951), മുച്ചീട്ടു കളിക്കാരന്റെ മകള്‍ (1951), മരണത്തിന്റെ നിഴലില്‍ (1951), ആനവാരിയും പൊന്‍കുരിശും (1953), ജീവിത നിഴല്‍പ്പാടുകള്‍ (1954), പാത്തുമ്മാന്റെ ആട് (1959), മതിലുകള്‍ (1965), മാന്ത്രികപ്പൂച്ച (1968), താര സ്‌പെഷ്യല്‍സ് (1968).

    ലേഖനങ്ങള്‍ : അനര്‍ഘ നിമിഷം (1946), ഓര്‍മ്മയുടെ അറകള്‍ (1973), ഡിസിയും ഒരു ഉണ്ട കൃസ്ത്യാനിയും, അനുരാഗത്തിന്റെ ദിനങ്ങള്‍ (1983), സ്‌മരണകള്‍ എം പി പോള്‍ (1991).

    പലവക : കഥാബീജം (നാടകം - 1945), നേരും നുണയും (1969), ഭാര്‍ഗ്ഗവീ നിലയം (തിരക്കഥ - 1985), ശിങ്കിടി മുങ്കന്‍ (1991), ചെവിയോര്‍ക്കുക അന്തിമ കാഹളം (1992).

    നര്‍മ്മവും സൌന്ദര്യവും കൊണ്ട് ആനന്ദിപ്പിക്കുകയും ഉള്ളിലേക്ക് ആഴ്‌ന്നിറങ്ങി ചിന്തിപ്പിക്കുകയും ചെയ്യുന്ന ഹൃദയ സ്‌പര്‍ശിയായ രംഗങ്ങളുടെ തന്മയത്വം തുളുമ്പുന്ന വര്‍ണ്ണനകളാല്‍ കഥകളുടെ ലോകത്ത് ഒറ്റയാന്‍ സഞ്ചാരം നടത്തിയ ബഹുമാനപൂര്‍വ്വം എല്ലാവരും ‘ബേപ്പൂര്‍ സുല്‍ത്താന്‍‘ എന്നു വിളിച്ച ഈ മഹാശയന്‍  1994 ജൂണ്‍ 5 നു ലോകം വിട്ടുപിരിഞ്ഞു.
    അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു,പ്രപഞ്ചങ്ങളുടെ ചൈതന്യം. വെളിച്ചം. ഇതിനെയാണ് ഞാന്‍ ദൈവം എന്നു പറയുന്നത്. ഇതാകുന്നു അല്ലാഹു. ഇതാകുന്നു ആദി ബ്രഹ്മം. ഇതാകുന്നു സനാതന സത്യം.'' (ബഷീര്‍: സംഭാഷണങ്ങള്‍, 106).

    പദ് മനാഭന്‍ തിക്കോടി