Tuesday, April 28, 2015

എനിയ്ക്ക് മാവേലിയാവേണ്ട, വാമനനും

എനിയ്ക്ക് മഹാബലിയാകേണ്ട
എന്റെ ശിരസ്സ്‌
ആരുടേയും പാദങ്ങളാല്‍
ചവിട്ടി താഴ്ത്തപ്പെടാന്‍ ഉള്ളതല്ല.
എനിയ്ക്ക് വാമനനാകേണ്ട
എന്റെ പാദങ്ങള്‍
ആരുടേയും ശിരസ്സിനെ
ചവിട്ടാന്‍ ഉള്ളതല്ല.
എനിയ്ക്ക് അര്‍ജുനനാകേണ്ട
അസൂയയ്ക്കും അഹങ്കാരത്തിനും
സ്ഥാനമില്ല എന്റെ ഹൃദയത്തില്‍,
സ്വാര്‍ഥതയ്ക്കും.
എനിയ്ക്ക് കര്‍ണനാകേണ്ട
കടപ്പാടിന്റെ പേരില്‍
ക്രൂരതകള്‍ക്കുനേരെ മുഖം തിരിയ്ക്കാന്‍
അനുവദിയ്ക്കില്ല എന്റെ മനസ്സ്.
ഞാന്‍ തിരയുകയാണ്
എന്നെ,
എന്നില്‍,
എന്നില്‍ മാത്രം.


പദ് മനാഭന്‍ തിക്കോടി

Tuesday, April 7, 2015

മാരാരുടെ സ്മരണയ്ക്ക് ..

കുട്ടിക്കൃഷ്ണ മാരാരുടെ ചരമദിനത്തില്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ്‌ 

ആദ്യമായി വായിച്ച കാലത്തും, പുനര്‍വായനാസമയങ്ങളിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങളായിരുന്നു, ‘ഭാരതപര്യടനം’, ‘കലജീവിതം തന്നെ’, ‘മലയാളശൈലി’, ‘സാഹിത്യഭൂഷണം’, ‘രാജാങ്കണം’, എന്നിവ. 
വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റിയ ആളാണ്‌ മാരാർ. "കല കലയ്ക്കു വേണ്ടി", "കല ജീവിതതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിച്ചു അദ്ദേഹം. 
മലയാള ശൈലി എന്ന പുസ്തകം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചു.
മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ശരിപക്ഷത്ത് നിന്ന് നോക്കിക്കണ്ടത് എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് നിരൂപണബുദ്ധ്യാ ചുറ്റുവട്ടങ്ങളെ നോക്കിക്കാണാന്‍ പ്രേരകമായി. 
ഭ­ര­ത­ല­ക്ഷ്‌­മ­ണാ­ദി­ക­ളു­ടെ സ­ഹോ­ദ­ര­സ്‌­നേ­ഹ­ത്തേ­ക്കാൾ മി­ക­ച്ച­താ­യി മാ­രാർ ക­ണ്ട­ത്‌ സ­മ്പാ­തി­-­ജ­ടാ­യു എ­ന്നീ പ­ക്ഷി സ­ഹോ­ദ­ര­ന്മാ­രു­ടെ സൗ­ഹൃ­ദ­മാ­ണ്‌ (ചി­ര­ഞ്‌­ജീ­വി വി­ഭീ­ഷ­ണ­ൻ, പ­ല­രും പ­ല­തും)
“പൂ­ച്ച­യെ ചാ­ക്കിൽ കെ­ട്ടി പു­ഴ­ക­ട­ത്തി വി­ടു­ന്ന­ത്‌ പോ­ലു­ള്ള വ­ഞ്ച­ന`­­യാ­ണ്‌ സീ­ത­യോ­ട്‌ കാ­ട്ടി­യ­തെ­ന്നും സീ­ത രാ­മ­ന്റെ ”ഉ­ടു­പ്പോ ചെ­രു­പ്പോ പ­ട്ടി­യോ കു­റി­ഞ്ഞി­പ്പൂ­ച്ച`­യോ അ­ല്ല മ­നു­ഷ്യ­സ്‌­ത്രീ­യാ­ണെ­ന്നും `ചി­ന്താ­വി­ഷ്‌­ട­യാ­യ സീ­ത`യെ­ക്കു­റി­ച്ച്‌ എ­ഴു­തി­യ­പ്പോൾ നി­രീ­ക്ഷി­ച്ചു. 
പ്രസിദ്ധ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന മാരാര്‍ 1973 ഏപ്രില്‍ 6ന് (തന്റെ എഴുപത്തി മൂന്നാം വയസ്സില്‍) അന്തരിച്ചു..
ആദരവോടു കൂടിയ സ്മരണാഞ്ജലി..

പദ് മനാഭന്‍ തിക്കോടി

Monday, March 30, 2015

ഓ വി വിജയന്‍

തന്റെ വരയിലൂടെ ഈ ഇതിഹാസകാരന്‍ ഭരണ സംവിധാനങ്ങളെ വിറപ്പിച്ച പൊള്ളുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഖസാക്കിന്റെ ഇതിഹാസം എന്ന മഹത്തായ സൃഷ്ടിയിലൂടെ ഇദ്ദേഹം മലയാള നോവല്‍ സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ചു.
ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍ ഒട്ടേറെ സിദ്ധികളുമായാണ് ഭൂജാതനായത്‌. അന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ ഈ സിദ്ധികളെയും ചിന്താധാരകളെയും വളര്‍ത്താനും പ്രയോഗിക്കാനും സാഹചര്യങ്ങള്‍ ഒരുക്കിയപ്പോള്‍ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച സാഹിത്യസൃഷ്ടികളും.
തനിയ്ക്ക് എഴുതാന്‍ മാത്രമേ അറിയൂ എന്ന് വിശ്വസിയ്ക്കാന്‍ ഇഷ്ടപ്പെട്ട വിജയന്‍ തന്റെ ആ അറിവ് താന്‍ വിശ്വസിയ്ക്കുന്ന നന്മകളിലേയ്ക്ക് തന്റെ വായനക്കാരെ ആകര്‍ഷിയ്ക്കാന്‍ ഉപയോഗപ്പെടുത്തി. 
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിയ്ക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ കൃതികൊണ്ട് തന്നെ വിവാദ പുരുഷനുമായി. ഈ കൃതിയില്‍ തെളിഞ്ഞു കാണുന്ന 
തലച്ചോറും ഹൃദയവും സമ്മേളിയ്ക്കുന്ന കല തന്നെയാണ് വിജയനെ സമകാലീനരില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത്. 
ഈ കൃതി മലയാള സാഹിത്യത്തില്‍ മലയാളനോവല്‍ ഖസാക്കിന് ശേഷവും മുമ്പും എന്ന ഒരു കാല വേര്‍തിരിവ് തന്നെ സൃഷ്ടിച്ചു- 
വിജയന്റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തതയും, ചെത്തി മിനുക്കിയെടുത്ത ഭാഷയും ഒക്കെ വിജയന്റെ കഥകളുടെ കരുത്തും വിസ്മയകരമായ വൈവിധ്യവുമാണ്. 
ഖസാക്കിലെ രവിയെ വിട്ടുപോകാന്‍ കഴിയാത്ത വിധം വിജയന്‍ സ്നേഹിച്ചു. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി: രവി എനിയ്ക്ക് പ്രിയപ്പെട്ടവനാണ്. കാരണം, നിയമശാഠ്യങ്ങളും  പ്രകടനപരമായ മൂല്യ നിഷ്ഠയും ധാര്‍മികമായ താന്‍ പ്രമാണിത്തവും ഇല്ലാത്ത പാവപ്പെട്ട ഒരു മനുഷ്യനാണ് രവി. നമ്മുടെ ഭള്ളുകള്‍ മാറ്റി വെച്ചാല്‍ നാമൊക്കെ രവിയെപ്പോലെ തന്നെ.
നമുക്കും മനസ്സില്‍ നിന്നും മാറ്റി നിര്‍ത്താനാവുന്നില്ല, രവിയെയും ഒപ്പം 
അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി എന്നിവരെയും.
'നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്ടിയുടെ നോവുകളില്ലാതെ .ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ് നമ്മുടെ സാഹിത്യം.ഇവിടെ മരത്തിന്‍റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.' എന്ന ആശങ്കപ്പെടല്‍ ഒ.വി.വിജയന് എന്നുമുണ്ടായിരുന്നു .
ഖസാക്കിന്റെ ഇതിഹാസം (1969),ധര്‍മ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),പ്രവാചകന്റെ വഴി (1992),തലമുറകള്‍ (1997) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍ . വിജയന്റെ കഥകള്‍ (1978),ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979),കടല്‍ത്തീരത്ത് (1988),കാറ്റ് പറഞ്ഞ കഥ (1989),അശാന്തി (1985),ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993),കുറെ കഥാബീജങ്ങള്‍ (1995) എന്നിവയാണ് കഥാസമാഹാരങ്ങള്‍ . 
ഘോഷയാത്രയില്‍ തനിയെ (1988),വര്‍ഗ്ഗസമരം,സ്വത്വം (1988),കുറിപ്പുകള്‍ (1988),ഇതിഹാസത്തിന്റെ ഇതിഹാസം (1989) എന്നീ ലേഖനസമാഹാരങ്ങളും എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989) എന്ന ആക്ഷേപഹാസ്യവും ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999) എന്ന കാര്‍ട്ടൂണും സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998) എന്ന ഓര്‍മ്മക്കുറിപ്പും ഇതിഹാസകാരന്റേതായിട്ടുണ്ട് .കൂടാതെ നിരവധി രചനകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. 
1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ അനന്വയനാക്കുന്നു.
നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍( 1990- ഗുരുസാഗരം), വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ഇവയില്‍ ചിലവ മാത്രം.  
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ജനനം. അച്ഛന്‍ വേലുക്കുട്ടി,അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്‌പെഷല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്പി ക്വാട്ടേഴ്‌സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കന്‍ഡ് ഫോറം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍ററി സ്‌കൂളില്‍ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. തേര്‍ഡ്‌ഫോറം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. ഫോര്‍ത്ത് ഫോറം മുതല്‍ സിക്‌സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. സിക്‌സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്‍റ്ര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്‍റ് വിക്ടോറിയാ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി . പ്രസിഡന്‍സി കോളജില്‍ നിന്ന് തന്നെ ഇംഗ്‌ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി- കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്‍ക്കാലത്ത്‌  വിജയന്‍ അനുസ്മരിക്കുന്നുണ്ട്. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു). മാതൃഭൂമി, ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്. 
2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് ഒ.വി.വിജയന്‍ ഓര്‍മ്മയായി.

പദ് മനാഭന്‍ തിക്കോടി




Tuesday, February 24, 2015

മൈന ഉമൈബാന്‍

സമകാലിക മലയാള സാഹിത്യം കണ്ട ശ്രദ്ധേയയായ എഴുത്തുകാരിയാണ്‌ മൈന ഉമൈബാന്‍.പുതുതലമുറ വായനക്കാര്‍ക്ക് അച്ചടി മാധ്യമമെന്നോ ഇന്റര്‍നെറ്റെന്നോ ഭേദമില്ലാതെ പരിചയമുള്ള എഴുത്തുകാരി. മാതൃഭൂമി നോവല്‍ മത്സരത്തില്‍ പ്രോത്സാഹാനസമ്മാനം നേടിയ ചന്ദനഗ്രാമം, വിഷചികിത്സ, അങ്കണം സാഹിത്യ പുരസ്കാരം നേടിയ ആത്മദംശനം, പെണ്‍നോട്ടങ്ങള്‍..
ഇടുക്കി ദേവിയാര്‍ കോളനിയിലാണ്‌ മൈന ജനിച്ചതും വളര്‍ന്നതും. താനൊരു ഹൈറേഞ്ചുകാരിയാണെന്നു പറയാനാണ് മൈനയ്ക്കിഷ്ടം. ജോലിയുടെയും എഴുത്തിന്റെയും പൊതു പ്രവര്‍ത്തനത്തിന്റെയും ഇടയിലും സമര്‍ത്ഥമായി ഗൃഹഭരണം.
നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ കൌതുകം കൊണ്ട് രചിച്ച ഒരു നാടകമാണ് ആദ്യ രചന എന്ന് വേണമെങ്കില്‍ പറയാം.. പിന്നീട് എഴുതാന്‍ ശ്രമിച്ചത് ഏഴാം ക്ലാസ്സില്‍ എത്തിയപ്പോള്‍.. പദ്യരൂപതിലായിരുന്നു രചനകള്‍. ഇതൊന്നുമല്ല കവിത എന്നു മനസ്സിലായെങ്കിലും എഴുത്ത് നിര്‍ത്താന്‍ ഉള്ളില്‍ സാഹിത്യമുള്ള മൈനയ്ക്ക് കഴിഞ്ഞില്ല. 
പ്രീഡിഗ്രി മുതല്‍ പാരമ്പര്യമായി ലഭിച്ച വിഷചികിത്സ ചെയ്യാന്‍ ആരംഭിച്ചു. മരുന്നു കൊടുക്കാനും മറ്റും രാത്രി ഉറക്കമിളച്ചിരിവരും. സമയം പോകണം. എഴുത്തും വായനയുമൊക്കെ മൈന ഗൗരവമായി എടുക്കുന്നത് ഈ സാഹചര്യത്തിലാണ്. 
ഒരു ഹൈറേഞ്ചുകാരിയ്ക്ക് പ്രകൃതിയെ സൂക്ഷ്‌മമായി നിരീക്ഷിക്കാതിരിയ്ക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ചെറുപ്പം മുതലേ ഒറ്റയ്‌ക്കു നടക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുമായിരുന്ന ഒരു കവി ഹൃദയത്തിന്റെ ഉടമയ്ക്ക്.സ്വാഭാവികമായും മൈനയുടെ എഴുത്തില്‍ പരിസ്ഥിതി വിഷയങ്ങളും കടന്നു വന്നു.
ബ്ലോഗുകളിലും നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും സജീവമാണ് ഇപ്പോഴും. കുറച്ചുകാലം നാട്ടുപച്ച ഓണ്‍ലൈന്‍ മാഗസിന്റെ എഡിറററായിരുന്നു. യുറീക്കയുടെ പത്രധിപസമിതിയംഗമായും പ്രവര്‍ത്തിച്ചു.
അച്ചടി മാധ്യമങ്ങളില്‍ ഏറെ അറിയപ്പെടുന്നത് പരിസ്‌ഥിതി ലേഖിക എന്ന നിലയിലാണ്. 
ശക്‌തമായ ഭാഷയില്‍ മതങ്ങളിലെ പൗരോഹിത്യത്തോട്‌ എതിര്‍പ്പു പ്രകടിപ്പിയ്ക്കാറുണ്ട്. മൈനയുടെ നോട്ടത്തില്‍ "ഇന്ന്‌ ഒരുമതത്തേയും വിശ്വാസത്തിലെടുക്കാനാവില്ല. മതമൊന്നും ആത്മീയതയ്‌ക്കു വേണ്ടിയല്ല നിലനില്‌ക്കുന്നത്‌. തലപ്പത്തുളളവരുടെ കാര്യലാഭത്തിനു വേണ്ടിയാണ്‌. ഇതിനിടയില്‍ പെട്ടുപോകുന്നത്‌ സാധാരണ വിശ്വാസിയാണ്‌. അവരാണ്‌ സംഘര്‍ഷമനുഭവിക്കുന്നതും. അവരെ മാറ്റി നിര്‍ത്തിയാല്‍ മതങ്ങള്‍ കച്ചവട വസ്‌തുമാത്രമാണ്‌. ആര്‍ക്കാണ്‌ ലാഭം എന്നേ നോക്കേണ്ടതുളളു.... ഇന്നും സ്‌ത്രീ പുറത്തിറങ്ങാന്‍ പാടില്ലെന്നും, അബലയും ചപലയുമാണാണെന്നും പുരുഷനെ വല്ലാതെ പേടിക്കണമെന്നുമൊക്കെ ജാതിമതഭേദമില്ലാതെ തലപ്പത്തിരിക്കുന്നവര്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ മിണ്ടാതിരിക്കാനാവില്ല.സ്‌ത്രീയെ അംഗീകരിക്കുന്ന സമൂഹത്തിലെ ആരോഗ്യകരമായ സ്‌ത്രീപുരുഷബന്ധമുണ്ടാവൂ."
1978ഫെബ്രുവരി22ന് ഇറുക്കി ജില്ലയിലെ വാളറയില്‍ ജനിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദവും കോഴിക്കോട് പ്രസ് ക്ലബ്ബില്‍നിന്ന് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി ജി ഡിപ്ലോമയും പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്. 
കാഞ്ഞങ്ങാട്‌ നെഹ്‌റു കോളജ്‌ സാഹിത്യവേദി നടത്തിയ ബഷീര്‍ അനുസ്‌മരണ ചെറുകഥാ ക്യാമ്പില്‍ പരിചയപ്പെട്ട് ജീവിത സഖാവായി മാറിയ, വയനാട് സ്വദേശിയായ സുനില്‍, മകള്‍ ഏഴുവയസ്സുകാരി ഇതള്‍ നദി ഇവരോപ്പം കോഴിക്കോട്‌ താമസം.
സാഹിത്യ രംഗത്തെ കുറിച്ച് മൈന പറയുന്നത് ഇങ്ങനെ: യഥാര്‍ഥ ജീവിതത്തില്‍ നിന്നു വല്ലാതെ അകന്നു നിന്നു ഭാഷയില്‍ സര്‍ക്കസ് പ്രകടനങ്ങള്‍ നടത്തിക്കൊണ്ടും സാഹിത്യ രചനകള്‍ നടത്തുന്നതിനോട് എനിക്ക് താത്പര്യമില്ല. അത്തരം എഴുത്തുകള്‍ വായിച്ച് പെട്ടെന്നു തന്നെ മാറ്റിവക്കാനാണ് പലരും തീരുമാനിക്കുക. സാഹിത്യം എപ്പോഴും സാഹിത്യമാണ്, അതില്‍ പഴയത് പുതിയത് എന്നില്ല. സാഹിത്യം എപ്പോഴും

കാലികമാകണമെന്നുമില്ല. പുരോഗമന സാഹിത്യങ്ങള്‍ മുന്‍പുണ്ടായിരുന്നുവെന്നു പറയുമ്പോഴും വളരെ കുറഞ്ഞ ശതമാനം മാത്രമായിരുന്നു അതിന്‍റെ എണ്ണം. ജീവിതങ്ങള്‍ പറഞ്ഞുകൊണ്ടുള്ള എഴുത്തുകളും വായനക്കാര്‍ക്ക് ഭാഷാപ്രയോഗങ്ങളാല്‍ വിഷമതകള്‍ സൃഷ്ടിക്കാത്ത എഴുത്തുകളുമാണ് എപ്പോഴും ഉണ്ടാകേണ്ടത്. അതിനോടാണെനിക്ക് കൂടുതല്‍ താല്‍പ്പര്യം. പഴയതിനെ മാത്രം ആശ്രയിച്ച് ഇന്നത്തേതിനെ തള്ളേണ്ട ആവശ്യമില്ല.
കഥകളോട് ഒരുമിച്ച് നില്‍ക്കാത്ത ചിത്രങ്ങള്‍ പോലും പലപ്പോഴും ആനുകാലികങ്ങളില്‍ കാണാറുണ്ട്. അത്തരം കഥകള്‍ പാതി വായിച്ച് ഒഴിവാക്കുകയാണ്. കഥയുടെ മാധുര്യം നഷ്ടമാകുന്ന തരത്തിലേക്ക് ചിത്രങ്ങള്‍ വിചിത്രമാകുന്നു എന്നാണ് തോന്നിയിട്ടുള്ളത്. അത്തരം കഥകളുടെ ആസ്വദാനം പാതിവഴിയില്‍ അവസാനിപ്പിക്കും. ക്ലാസിക്കല്‍ കൃതികള്‍ക്കും എപ്പോഴും മൂല്യമുണ്ട്. അവ പഴയതായതുകൊണ്ടല്ല. മറിച്ച് അവയുടെ ഒരിക്കലും നഷ്ടപ്പെടാത്ത പഴമ വായനക്കാര്‍ ആസ്വദിക്കുന്നുണ്ടെന്നതു കൊണ്ടാണ്.
മികച്ച കഥകളെ പുതിയ കാലം തള്ളിക്കളയുന്നതില്‍ സങ്കടമുണ്ട്. 2014 ലെ മികച്ച നോവലുകള്‍ വിമര്‍ശക ലോകം ചര്‍ച്ച ചെയ്യാതെ പോവുകയായിരുന്നു. എന്തുകൊണ്ടാണ് ഇതെന്നു മനസിലാകുന്നില്ല. മികച്ച സൃഷ്ടികള്‍ക്ക് സംഭവിക്കുന്നതാണിത്. പഴയ കാല കൃതികളും പുതിയവയും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ എല്ലാ സൃഷ്ടികള്‍ക്കും കഴിയുന്നില്ലെന്നതാണ് സത്യം. എന്നാല്‍ കഴിയുന്നവ എപ്പോഴും ഉണ്ടായിരുന്നു. എണ്‍പതുകളില്‍ പുറത്തിറങ്ങിയ കൃതികള്‍ എല്ലാം മികച്ചതൊന്നുമായിരുന്നില്ല. അന്നും ചുരുങ്ങിയവ മാത്രമാണു വായനക്കാരെ തൃപ്തിപ്പെടുത്തിയത്. മൂല്യവത്തായവ ചര്‍ച്ചകള്‍ക്കിടവക്കാതെ പോകുന്നതില്‍ വലിയ ദു:ഖമാണുള്ളത്‌.

Sunday, February 15, 2015

നീ തന്നെ കാവ്യം

എന്റെ കണ്ണീര്‍ ഒപ്പിയത്
നിന്റെ കരങ്ങളായിരുന്നല്ലോ
എന്റെ നോവിന്
നിന്റെ മൊഴികളായിരുന്നല്ലോ അമൃത്
എന്റെ ഈണങ്ങള്‍ക്ക്
നിന്റെ ഈരടികള്‍ എന്നപോലെ.
എന്നെ നീ ജയിച്ചു,
കാലത്തെയും.
നീ തന്നെ കവി,
നീ തന്നെ കാവ്യവും.

പദ് മനാഭന്‍ തിക്കോടി.

തെളിയില്ലേ നിന്‍ രൂപം?



കണ്ണാ നിന്‍ കാരുണ്യമെന്നിലേയ്ക്കേകില്ലേ
മാറ്റിത്തരില്ലേയെന്‍ പാപഭാരം?
എത്രയകലത്തിലായാലും കണ്ണാ നിന്‍
ഈണത്താലെന്നെയുറക്കുകില്ലേ?
കണ്‍ തുറന്നാലും മിഴിയടച്ചെന്നാലും
ദര്‍ശനം നല്‍കില്ലേയെന്റെയുള്ളില്‍?
ചൊല്ലിത്തരില്ലേയെനിയ്ക്കു നിന്‍ രാധ തന്‍
പ്രേമാര്‍ദ്രഗീതത്തിനീരടികള്‍?
എന്‍ ഹൃത്തടത്തിലെ മാലിന്യമൊക്കെയും
നീക്കിത്തരില്ലേ കായാമ്പൂവര്‍ണ്ണാ?


പദ് മനാഭന്‍ തിക്കോടി

Saturday, February 7, 2015

വിവാദസിനിമ PK

വിവാദസിനിമ PK കണ്ടു, ശരിയ്ക്കും ആസ്വദിച്ചു.
എന്തിനു വിവാദം എന്ന് മനസ്സിലായില്ല. ആരുടെ വിശ്വാസത്തെയാണ് ഇത് വ്രണപ്പെടുത്തുന്നത് എന്നും മനസ്സിലായില്ല.
  പോസ്റ്റർ കത്തിക്കാനും തിയേറ്റർ തകർക്കാനുമുള്ള കൈയൂക്കല്ല,ചിന്തിക്കാനും കാര്യങ്ങൾ ശരിയായി അവലോകനം ചെയ്യാനുമുള്ള തലയൂക്കാണാവശ്യം. 
2 ആഴ്ച കൊണ്ടു 469 കോടി നേടി P.K . ജനം ഒന്നടങ്കം കാണാൻ കൊതിച്ചു തിയറ്ററിൽ എത്തുന്നുവെന്നു വ്യക്തം. പിന്നെ ആർക്കുവേണ്ടിയാണ് ആർക്കെതിരെയാണീ ആക്രമണം.
സാധാരണ തട്ടുപൊളിപ്പൻ ബോളിവുഡ് പടങ്ങളുടെ ആഡംബരമേലാപ്പുകള്‍ ഒന്നും ഇല്ലാതെ ഇടതടവില്ലാതെ കഥപറഞ്ഞുപോകുന്നു P.K.പൊട്ടിച്ചിരിച്ചും ചിന്തിപ്പിച്ചും 2 1/2 മണിക്കൂറിനപ്പുറത്ത് സിനിമയെ വളർത്തുന്നു. ആസ്വാദ്യമാ‍യ അവതരണം.മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും സമ്പത്തിന്റെയും സംസ്കാരത്തിന്റെയും വർഗീകരണത്തെ കൌതുകത്തൊടെ നോക്കിക്കാണുന്ന അന്യഗ്രഹ ജീവിയുടെ അനുഭവകഥനം. വർത്തമാന സമൂഹത്തിനു മുന്നിൽ തുറന്നുവെച്ച കണ്ണാടി എന്നൊക്കെ പറയാം.
ദൈവസങ്കല്പങ്ങളുടെ ആധികാരികതയെയും മതങ്ങളുടെ വീക്ഷണത്തെയും രസകരമായി ചോദ്യം ചെയ്യുന്ന നായകൻ ആൾദൈവകള്ളത്തരങ്ങളെയും അന്ധ വിശ്വാസങ്ങളെയും പോസ്റ്റ്മോർട്ടം നടത്തുന്നു.
ജനിച്ച കുഞ്ഞിന്റെ ജാതിമത label ടോർച്ചടിച്ചു നൊക്കുന്ന കഥാപാത്രം നമ്മുടെ കപട സദാചാരബോധത്തെയും വർഗീകരണമനൊഭാവത്തെയും തൊലിയുരിച്ച് വെളിച്ചത്തിട്ടു തരുന്നുണ്ട്.

 ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിയ്ക്കപ്പെട്ട PK റെക്കോര്‍ഡ്‌ കളക്ഷന്‍ നേടി മുന്നേറുമ്പോള്‍ ഇങ്ങ് ഒരു മലയാള പടം - പിതാവിനും പുത്രനും - രണ്ടു വര്‍ഷത്തില്‍ ഏറെയായി CENSOR CERTIFICATE കിട്ടാതെ റിലീസിനായി കാത്തിരിപ്പുണ്ട്‌.. ക്രിസ്ത്യന്‍ മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞ് Central Board of Film Certification (CBFC) ആണ് ഈ പടത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.. 
കൂത്തുപറമ്പ് സ്വദേശി ടി ദീപേഷ് 2012 ല്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത് ഏറെ പ്രതീക്ഷയോടെയാണ്. വിവാദങ്ങള്‍ ഒഴിവാക്കാനായി നേരത്തെ ഇട്ടിരുന്ന പേരില്‍ നിന്നും പരിശുദ്ധാത്മാവിനും എന്ന വാക്ക് ഒഴിവാക്കിയിട്ട് പോലും രക്ഷയുണ്ടായില്ല. PK യെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്ന 'പുരോഗമന പ്രസ്ഥാനങ്ങളും അഭിപ്രായ സ്വാതന്ത്ര്യതിനുവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളും തനിയ്ക്ക് സഹായവുമായി എത്തിയില്ല എന്ന് ദീപേഷ് പറയുന്നു...
ഈ തലമുറയ്ക്ക് ഇനിയും MATURITY ആയിട്ടില്ല..

പദ് മനാഭന്‍ തിക്കോടി