Tuesday, November 12, 2013

സുസ്മേഷിനെ തേടി പുരസ്കാരം വീണ്ടും

ഇത്തവണ ലഭിച്ചത് യുവകലാസാഹിതി ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം. സുസ്‌മേഷ് ചന്ത്രോത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....
സുസ്മേഷിന്റെ സൃഷ്ടികള്‍ കുറെയൊക്കെ വായിച്ചിട്ടുള്ള എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട 2009 മേയ് മൂന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘മരണവിദ്യാലയം’, 2009 സപ്തംബറില്‍ മാതൃഭൂമിയില്‍ തന്നെ പ്രസിദ്ധീകരിച്ച ''ഹരിതമോഹനം'' എന്നിവയുള്‍പ്പെടെ എണ്ണം പറഞ്ഞ പത്തു കഥകളുടെ സമാഹാരമായ ''മരണവിദ്യാലയം'' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. കെ.വി. രാമനാഥന്‍, ഇ.എം. സതീശന്‍, വി.എസ്. വസന്തന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കൊച്ചുബാവയുടെ പതിനാലാം ചരമവാര്‍ഷികദിനമായ നവംബര്‍ 25ന് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ ഖദീജാ മുംതാസ് ആയിരിയ്ക്കും 25,000 രൂപയും പ്രശസ്തിപത്രവും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുക.
നാല് വര്‍ഷം മുന്‍പ് കോഴിക്കോട്‌ വച്ച്‌ മാതൃഭൂമിയും പെന്‍ഗ്വിനും ചേര്‍ന്ന്‌ നടത്തിയ പുസ്‌തകോത്സവത്തില്‍ വച്ചാണ്‌ ''മരണവിദ്യാലയം'' ആദ്യ പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടത്‌. മൂന്നാം പതിപ്പിലെത്തി, ഇപ്പോഴത്‌. അത്രയേറെ വായിക്കപ്പെട്ടിരിയ്ക്കുന്നു.
ആഖ്യാനരീതി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് എല്ലാ കഥകളും. കഥാപാത്രങ്ങളുടെ വ്യക്തിത്വം ,അവര്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേര് തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്.
ഒരു അഭിമുഖത്തില്‍ സുസ്മേഷ് പറയുകയുണ്ടായി, '' എന്റെ രചനകളുടെ പേരുകള്‍ മഹത്തരമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, അവ വ്യത്യസ്‌തവും കൗതുകവും നിറഞ്ഞതുമാണെന്ന ആത്മവിശ്വാസം എനിക്കുണ്ട്‌. കഥയോ നോവലോ എഴുതിത്തീര്‍ത്തതിനുശേഷമുള്ള ആലോചനയില്‍ നിന്നാണ്‌ പേരുകള്‍ ഉണ്ടാവുന്നത്‌. സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എന്ന പേരു പോലെ തികച്ചും വേറിട്ടതാകണം എന്റെ രചനകളുടെ പേരുകളും എന്ന വാശിയില്‍നിന്നാണ്‌ സാമ്യമില്ലാത്ത പേരുകള്‍ പിറക്കുന്നത്‌. മരണത്തിനും സ്വര്‍ണത്തിനുമരികെ, മരണവിദ്യാലയം, ഉപജീവിത കലോത്സവം, അസര്‍പ്പക സാമൂഹിക നിരീക്ഷകന്‍ എന്നീ പേരുകളൊക്കെ ഞാന്‍ ഒരുപാട്‌ ആസ്വദിച്ച്‌ ഇട്ടതാണ്‌.''

മികച്ച വിജയം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന
ഒരു മാനേജ്മെന്റ് സ്കൂളില്‍ പഠിക്കുന്ന, മറ്റേതൊരു നവതലമുറ വിദ്യാലയങ്ങളിലും എന്ന പോലെ പ്രാണന്‍ ബലി നല്കാന്‍ ബാദ്ധ്യസ്ഥരാക്കപ്പെട്ട നേത്രി എന്ന വിദ്യാര്‍ത്ഥിനിയുടെയും അവളെ പഠിപ്പിക്കുന്ന അദ്ധ്യാപികമാരുടെയും സാഹചര്യങ്ങളാണ് 'മരണവിദ്യാലയം' എന്ന കഥയിലൂടെ സുസ്മേഷ് പറയുന്നത്. സ്ഥിരബുദ്ധിയും അറിവുമുള്ള അദ്ധ്യാപകര്‍പോലും രക്ഷിതാക്കളുടെയും സ്കൂളധികൃതരുടെയും പിരിച്ചുവിടല്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി കുട്ടികളെ വിജയികളാക്കാന്‍ പണിയെടുത്തുതുടങ്ങുന്നു.

ആയിരത്തി നാനൂറ്റി മുപ്പത്തഞ്ചു വിദ്യാര്‍ഥികള്‍ 15 വരികളിലായി അച്ചടക്കത്തോടെ നില്‍ക്കുന്ന സ്കൂള്‍ മൈതാനത്തുവെച്ച് അപമാനിക്കപ്പെട്ട, കുറ്റബോധം കൊണ്ട് തല താഴ്ത്തേണ്ടി വന്ന നേത്രി- ആ മരണവിദ്യാലയത്തില്‍ നിന്നും അവള്‍ക്കു പോകാന്‍ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, വശങ്ങളില്‍ മുള്ളുചെടികളുടെ പച്ചപ്പുള്ള റെയില്‍വേ പാതയിലേക്ക് നീണ്ടു കിടക്കുന്ന സീ പോര്‍ട്ട്‌ റോഡ്‌ .. ആറു കൊച്ചു ഭാഗങ്ങളിലായി, അതി ഭാവുകത്വത്തിലെയ്ക്കോ അമിത വൈകാരിതയിലെയ്ക്കോ വഴുതി വീഴാതെ, നേത്രിയുടെ ആ തീരുമാനത്തിന്റെ കാരണം അന്വേഷിയ്ക്കുന്നു, വസ്തുനിഷ്ഠമായ കഥാ കഥനത്തിലൂടെ സുസ്മേഷ്.

നഗരം ഒരിടത്തരക്കാരന് സമ്മാനിയ്ക്കുന്ന ആകുലതകളും വിഹ്വലതകളും നിറഞ്ഞ ഹരിതമോഹനം ’ എന്ന കഥ ആശയം കൊണ്ടും ക്രാഫ്റ്റ് കൊണ്ടും ശ്രദ്ധേയമാവുന്നു.വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ് നീര്‍നായ എന്ന കഥയില്‍ കടന്നു വരുന്നത്. മനുഷ്യന്‍ പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന തിരിച്ചടിയുമാണ് ‘ ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍ ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ്‌ ''മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’
ചെറുകഥകളാണെങ്കിലും പ്രമേയമോ, കഥാന്തരീക്ഷമോ , വായനക്കാരുടെ മനസ്സില്‍ സൃഷ്ടിയ്ക്കുന്ന സംവാദങ്ങളോ ചെറുതല്ല. നിശിതവും, വ്യക്തവുമായ ഭാഷയും ശക്തമായ ആശയാവിഷ്ക്കാരത്തിനെ പിന്തുണയ്ക്കുന്നു.

No comments:

Post a Comment