Wednesday, November 13, 2013

എന്‍റെ തിക്കോടി [എട്ട്]

ബി എം ഗഫൂറിനെ ഓര്‍ക്കുമ്പോള്‍ 

ചിരിച്ചും കളിച്ചും ഓടിയും ചാടിയും നടക്കുന്ന നമ്മുടെ നിരവധി രാഷ്ട്രീയനേതാക്കളുടെ ഹാസ്യ ചിത്രങ്ങള്‍ മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുണ്ടാവുക ബി എം ഗഫൂര്‍ മാതൃഭൂമിയിലും ചന്ദ്രികയിലും ശങ്കേഴ്സ് വീക്ക് ലിയിലും മറ്റും വരച്ചിരുന്ന കാര്‍ട്ടൂണുകള്‍ വഴി തന്നെ ആയിരിയ്ക്കും.പല കോമാളിവേഷത്തിലും നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ കാര്‍ട്ടൂണ്‍ കോളത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇവരില്‍ നല്ലൊരു വിഭാഗം ആളുകളും അത് ആസ്വദിച്ചിരുന്നു.
ചിരിപ്പിച്ചുകൊണ്ട് ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്ന, എന്‍റെ തിക്കോടിയുടെ അഭിമാനമായിരുന്ന, ഞങ്ങളുടെ ഗഫൂര്‍ക്കയുടെ വരകള്‍ മലയാളിയ്ക്ക് നഷ്ടമായിട്ട്, ഇന്നേക്ക്‌ 10വര്‍ഷം തികയുന്നു....സ്‌നേഹാഞ്‌ജലികള്‍....
മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ 'എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ചു. നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറയും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ളയും സഹോദരിമാരാണ്.
പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്..ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു.തുടര്‍ന്ന് .'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കി. അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി.തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു .1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്‌.കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയായിരുന്നു,ഗഫൂര്‍. കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായിരുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ്‌ ക്ലബ്ബ് പ്രസിഡണ്ട്‌ ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1991ല്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് . ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട്, കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി.ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .
ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന സമയത്താണ് എനിയ്ക്ക് ഗഫൂര്‍ക്കയുമായി പരിചയപ്പെടാന്‍ കഴിഞ്ഞത്.. എന്‍റെ സഹപാഠി, മുഹമ്മദലിയുടെ ഏട്ടനാണ് ഗഫൂര്‍ക്ക..എന്നെക്കാള്‍ അഞ്ചു വയസ്സ് സീനിയര്‍.
പിന്നീട് കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു ഒരുമിച്ചു പ്രവര്‍ത്തിച്ചു, കുറച്ചു മാസങ്ങള്‍.. ഹാസ്യ പ്രധാനമായ മാസിക മാസം തോറും പുറത്തിറക്കിയിരുന്നു.. ഇതില്‍ ഗഫൂര്‍ക്ക വരച്ചിരുന്ന ഏതാനും കൊച്ചു കാര്‍ടൂണുകള്‍ ജനയുഗം വാരികയിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു, പിന്നീട്. പുസ്തകങ്ങള്‍ ധാരാളം വായിച്ചിരുന്നു എന്ന യോഗ്യതയും കൈയെഴുത്ത് നല്ലതായിരുന്നു എന്ന വസ്തുതയുമാണ് മാസികകലുമായി സഹകരിയ്ക്കാന്‍ എനിയ്ക്ക് അവസരം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കി അതില്‍ ചില ലേഖനങ്ങളും മറ്റും എഴുതി ചേര്‍ക്കാനും ഞാന്‍ അവസരം കണ്ടെത്തി.. ഗഫൂര്‍ക്ക സമീപത്തില്ലാതിരുന്ന സമയങ്ങളില്‍ ഇന്ത്യന്‍ ഇങ്ക് എടുത്തു ചെറു ചിത്രങ്ങള്‍ വരയ്ക്കാനും ശ്രമിച്ചിരുന്നു, ഞാന്‍. ഗഫ്ഫോര്‍ക്ക തന്നെയാണ് പറഞ്ഞത്, ഇതല്ല നിനക്ക് പറ്റിയത്..എഴുത്തില്‍ ശ്രദ്ധിച്ചോളൂ..[ഞാനതില്‍ ഒരു വിജയമായിരുന്നില്ല എന്നത് പില്‍ക്കാലസത്യം]

ഒരിക്കല്‍ കൂടി സ്മരിയ്ക്കുന്നു, ആദരവോടെ...

പദ് മനാഭന്‍ തിക്കോടി

No comments:

Post a Comment