Thursday, December 22, 2016

വൈലോപ്പിള്ളിയെ ഓര്‍ക്കുമ്പോള്‍

മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും ഗന്ധങ്ങള്‍ക്കും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ കവി ശ്രീ വൈലോപ്പിള്ളി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് (2016 ഡിസംബര്‍ 22) മുപ്പത്തി ഒന്ന് വര്‍ഷം. ഇന്നും പക്ഷെ ആ കവിത്വം മലയാള സാഹിത്യ ലോകത്ത് പരിമളം പടര്‍ത്തി നില കൊള്ളുന്നു.
‘ശ്രീ’ എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ രചനകള്‍ പലതും കേരളത്തില്‍ ഒരു ഭാവുക പരിവര്‍ത്തനം തന്നെ സൃഷ്ടിച്ചു.
സമപ്രായക്കാരും അടുത്തടുത്ത ഗ്രാമങ്ങളില്‍ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവന്‍പിള്ളയുടെയും കാല്‍പ്പനിക പ്രസ്ഥാനങ്ങള്‍ മലയാള കവിതാ രംഗത്ത് സ്വാധീനം ചെലുത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി യാഥാര്‍ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരില്‍ പ്രമുഖനായിരുന്നു വൈലോപ്പിള്ളി.
 ശാസ്ത്രത്തേയും പുരോഗതിയേയും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട കവി, പക്ഷെ ശാസ്ത്രത്തിന്റെ വഴിപിഴച്ചപോക്കിനെ കുറിച്ച്‌ ഏറെ ആകുലപ്പെട്ടു.
അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു വൈലോപ്പിള്ളിയുടെ രീതി. എം.എന്‍. വിജയന്‍ ആ ശൈലിയെ വിശേഷിപ്പിച്ചത് ഇങ്ങനെ: ‘എന്തോ വ്യത്യാസമുണ്ടാ കൃതികള്‍ക്ക്, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത’
തികച്ചും വ്യത്യസ്തമായ കവിയുടെ ജീവിതബോധം കവിതകളില്‍ ആര്‍ക്കും ദര്‍ശിയ്ക്കാം. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്ന കവിതകളില്‍ പോലും ഒരു പിന്തിരിയലോ കീഴടങ്ങലോ കാണാന്‍ കഴിയില്ല.
അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു വൈലോപ്പിള്ളി. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന അച്ചടക്കത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കവി പറഞ്ഞത് ഇങ്ങനെ: എല്ലാമിപ്പോള്‍ ഭദ്രമായി, ബ്രിട്ടീഷുകാര്‍ വാണകാലം പോലെ.
മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങളില്‍ അദ്ദേഹം രോഷം കൊള്ളുന്നത്‌ “സഹ്യന്റെ മകന്‍” എന്ന കവിതയില്‍ നമുക്ക് കാണാം.
കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെയല്ല, പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യത്തെയാണ് അദ്ദേഹം തന്‍റെ രചനകളില്‍ നമുക്ക് അനുഭവവേദ്യമാക്കുന്നത്.
വൈലോപ്പിള്ളികവിതകളിൽ ഏറെ തെളിഞ്ഞു കാണുന്നുണ്ട്, അടിസ്ഥാന വർഗ്ഗ പക്ഷപാതം. കുടിയൊഴിക്കൽ, കന്നിക്കൊയ്ത്ത്, കാക്ക ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, വിഷുക്കണി, അഭിവാദനം, യുഗപരിവർത്തനം മുതലായ കവിതകളിലൊക്കെ നാമിത് കണ്ടു.
1911 മെയ് 11ന് കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച വൈലോപ്പിള്ളി ശ്രീധരമേനോന്‍ സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931ല്‍ അധ്യാപന വൃത്തിയില്‍ പ്രവേശിച്ചു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്‍റെ യൌവനം കഴിച്ചു കൂട്ടിയത്‌.
1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.
തന്‍റെ ആദ്യ കവിതാസമാഹാരം- കന്നിക്കൊയ്ത്ത്- പ്രസിദ്ധീകരിയ്ക്കുന്നത്‌ 1947 ലാണ്. അതിനും ഏറെ മുമ്പുതന്നെ തന്‍റെ ആദ്യകാല രചനകളില്‍ ഒന്നായ “മാമ്പഴം” അദ്ദേഹത്തെ ജനപ്രിയനാക്കിയിരുന്നു. ഇതിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.
“ശ്രീരേഖ”യ്ക്ക് 1951 ലെ എം.പി. പോൾ പുരസ്കാരം ലഭിച്ചു.
'കയ്പവല്ലരി', 1965 ല്‍ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.
'കുടിയൊഴിക്കൽ' ഇദ്ദേഹത്തിന് 1969 ല്‍ സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് നേടിക്കൊടുത്തു.
1970-ല്‍ പ്രസിദ്ധീകരിച്ച 'വിട' നേടിയത് രണ്ട്‌ അവാര്‍ഡുകള്‍- 1971ലെ ഓടക്കുഴൽ അവാർഡും 1972 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും.
1980-ല്‍ പ്രസിദ്ധീകരിച്ച 'മകരകൊയ്ത്ത്' 1981-ല്‍ വയലാർ അവാർഡ് നേടി.
വൈലോപ്പിള്ളിയുടെ മറ്റു പ്രധാനകൃതികള്‍ ഇവയാണ്: മാമ്പഴം (1936), കന്നിക്കൊയ്ത്ത് (1947), സഹ്യന്റെ മകൻ (1944), വിത്തും കൈക്കോട്ടും (1956), കടൽക്കാക്കകൾ (1958), പച്ചക്കുതിര (1981), കുന്നിമണികൾ(1954), കുരുവികൾ(1961), മിന്നാമിന്നി (1981), വൈലോപ്പിള്ളിക്കവിതകൾ(1984), മുകുളമാല(1984), കൃഷ്ണമൃഗങ്ങൾ(1985), ഋശ്യശൃംനും അലക്സാണ്ടറും(നാടകം-1956), കാവ്യലോകസ്മരണകൾ (സ്മരണകൾ-1978), അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ).
1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായിരുന്നു വൈലോപ്പിള്ളി. 1968-71 കാലയളവിൽ കേരള സാഹിത്യ അക്കാദമി അംഗമായി പ്രവര്‍ത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1981 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.
നമുക്ക് സ്മരിയ്ക്കാം ഈ പ്രതിഭയെ, ആദരവോടെ.
പദ് മനാഭന്‍ തിക്കോടി

Saturday, December 17, 2016

രാമായണത്തിലെയും മഹാഭാരതത്തിലേയും കഥകള്‍ ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍ കേട്ട് പഠിച്ചത് അച്ഛനിലൂടെയാണ്. മനുഷ്യനിലുള്ള നന്മകളും തിന്മകളും ചൂണ്ടിക്കാണിക്കുന്ന ഈ കഥകള്‍ എനിക്കിഷ്ടമായിരുന്നു. ഇവയിലെ കഥാപാത്രങ്ങളായ ദൈവങ്ങള്‍ക്കും ദൈവചൈതന്യം ഉള്ളവര്‍ എന്ന് പറയപ്പെടുന്നവര്‍ക്കും ഞാനും എന്റെ അച്ഛനും കണ്ടത് സാധാരണ മനുഷ്യരിലുള്ള അസൂയ, കുശുമ്പ്, ശത്രുത, ചതി, ക്രൂരത തുടങ്ങിയ സാധാരണ സ്വഭാവങ്ങള്‍ തന്നെ. (സ്നേഹം, വാത്സല്യം, അനുകമ്പ ഇതൊക്കെയുണ്ട്.. ഇല്ലെന്നല്ല, സ്വജനങ്ങളോടുള്ള അമിത വാത്സല്യവും ഉണ്ടെന്നു മാത്രം)
ഞാന്‍ ഒരു ഹിന്ദു ആണെന്നും അതുകൊണ്ട് ഇന്ന മാതിരിയൊക്കെ അനുഷ്ഠിക്കണം എന്നും അച്ഛന്‍ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മ ഇടയ്ക്കൊക്കെ നോല്‍ക്കുന്ന എകാദശികളും വല്ലപ്പോഴുമുള്ള അമ്പലത്തില്‍ പോക്കുമാണ് ആചാരം എന്ന രീതിയില്‍ അക്കാലത്ത് പരിചയമുള്ളത്.
ക്ലാസുമുറികളില്‍ നിന്നാണ് മതങ്ങളെക്കുറിച്ച് പഠിയ്ക്കുന്നത്. ഹിന്ദുമതത്തിലെ നവോത്ഥാനം, ഇസ്ലാംമതം ഉണ്ടായത്, ക്രിസ്തുമതം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിജ്ഞാന സമ്പാദനത്തിനായി സ്കൂളില്‍നിന്നും മനസ്സില്‍ കോറിയിടപ്പെട്ടപ്പോഴാണ് മനുഷ്യന്‍ ഭിന്ന മതക്കാരാണെന്നും മറ്റും ഞാനറിയുന്നത്. എന്റെ അയല്‍പക്കത്തും മറ്റുമുള്ളവര്‍ എന്റേതില്‍ നിന്നും വ്യത്യസ്തമായ മതത്തില്‍ പെട്ടവരാണെന്നു സ്കൂളില്‍ നിന്നും ഞങ്ങളെ പഠിപ്പിച്ചു.
പില്‍ക്കാലത്ത്‌ മതങ്ങളെ മനസ്സിലാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഹിന്ദുമതം എന്നൊന്നില്ല. നമ്മുടെ രാജ്യത്ത്, ഇന്നത്തെ ഭാരതമല്ല ഉദ്ദേശിയ്ക്കുന്നത്, ഉണ്ടായിരുന്ന ഒരുതരം ജീവിതരീതി മാത്രമാണ് ഹിന്ദുധര്‍മ്മം. ഈ മതത്തിന് സ്ഥാപകനില്ല. എഴുതപ്പെട്ട നിയമാവലികളില്ല. പല ഭാഗത്തും പല ആചാരം. ദൈവത്തില്‍ വിശ്വസിയ്ക്കാം, വിശ്വസിയ്ക്കാതിരിയ്ക്കാം. ചോദ്യം ചെയ്യാന്‍ പ്രത്യേകം അധികാരകേന്ദ്രങ്ങള്‍ ഇല്ല.
ഞാന്‍ മനസ്സിലാക്കിയ ഹിന്ദുമതം ആളുകളെ ചേര്‍ക്കാന്‍ പ്രത്യേക സമ്പ്രദായങ്ങള്‍ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടം മാത്രമാണ്. ഇതില്‍ നിന്നും ആരെയും പുറത്താക്കാനും ആര്‍ക്കും അധികാരമില്ല.
ഇപ്പോഴിത് പറയാന്‍ കാരണം ആഗ്രയില്‍ നടന്നു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മതം മാറ്റം.
ഭാരതത്തിലുള്ളവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ എന്ന് എപ്പോഴും ഉച്ചത്തില്‍ പറയുന്ന സംഘടനകളാണ് ഈ മതംമാറ്റം എന്ന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എന്നതാണ് ഇതിലെ മറ്റൊരു തമാശ. പിന്നെന്തിനു മതംമാറ്റം?
ആര്യസമാജം എന്നൊരു സംഘടന "ശുദ്ധി" എന്ന കര്‍മം നടത്തി മറ്റു മതങ്ങളില്‍ പെട്ടവരെ വേദവിശ്വാസത്തിലെയ്ക്ക് തിരിച്ചെടുതിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഇതിന്‌ അവരെ ആര് അധികാരപ്പെടുത്തി എന്ന് എവിടെയും പറയുന്നില്ല. ഈ സംഘടന എത്ര ഹിന്ദുക്കളെ പ്രതിനിധീകരിയ്ക്കുന്നുണ്ട് എന്നതും ചിന്ത്യം..
ഇപ്പോള്‍ നടത്തുന്ന തമാശകള്‍ കളഞ്ഞ് സര്‍ക്കാരിനെ മര്യാദയ്ക്ക് ഭരിയ്ക്കാന്‍ ഇവര്‍ അനുവദിയ്ക്കുമോ? കാത്തിരിയ്ക്കാം,ല്ലേ?

Friday, December 16, 2016

എന്‍റെ മാത്രം

പാതി വഴിയില്‍ തളരുമ്പോള്‍ 
അവന്‍ എനിയ്ക്കൊരു താങ്ങായി;
തനിച്ചായപ്പോഴൊക്കെ
കുശലവുമായി ഓടിയെത്തി;
അന്വേഷണങ്ങള്‍ വഴിമുട്ടുമ്പോള്‍ 
അവനെത്തി നേര്‍വഴി കാട്ടി;
സങ്കട പ്പേമാരിയില്‍
പുഞ്ചിരിക്കുടയായെത്തി;
സംഗീതമായി എത്തി 
എന്‍റെ സന്തോഷങ്ങളില്‍ ലയിച്ചു;
അവന്‍ എന്റേത് മാത്രമായി;
ഞാന്‍ തന്നെയായി.


പദ് മനാഭന്‍ തിക്കോടി 

Tuesday, December 13, 2016

ഈ അക്രമം കാണിയ്ക്കുന്നവരെയൊക്കെ ഭക്തര്‍ എന്ന് വിളിയ്ക്കുന്നത് ഏതു മാനദണ്ഡം വെച്ചാണ്?
ഞാന്‍ മാത്രമുള്ള എവിടെയ്ക്കെങ്കിലും പോകാന്‍ ഒരു മോഹം..
രാമായണത്തിലെയും മഹാഭാരതത്തിലേയും കഥകള്‍ ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍ കേട്ട് പഠിച്ചത് അച്ഛനിലൂടെയാണ്. മനുഷ്യനിലുള്ള നന്മകളും തിന്മകളും ചൂണ്ടിക്കാണിക്കുന്ന ഈ കഥകള്‍ എനിക്കിഷ്ടമായിരുന്നു. ഇവയിലെ കഥാപാത്രങ്ങളായ ദൈവങ്ങള്‍ക്കും ദൈവചൈതന്യം ഉള്ളവര്‍ എന്ന് പറയപ്പെടുന്നവര്‍ക്കും ഞാനും എന്റെ അച്ഛനും കണ്ടത് സാധാരണ മനുഷ്യരിലുള്ള അസൂയ, കുശുമ്പ്, ശത്രുത, ചതി, ക്രൂരത തുടങ്ങിയ സാധാരണ സ്വഭാവങ്ങള്‍ തന്നെ. (സ്നേഹം, വാത്സല്യം, അനുകമ്പ ഇതൊക്കെയുണ്ട്.. ഇല്ലെന്നല്ല, സ്വജനങ്ങളോടുള്ള അമിത വാത്സല്യവും ഉണ്ടെന്നു മാത്രം)
ഞാന്‍ ഒരു ഹിന്ദു ആണെന്നും അതുകൊണ്ട് ഇന്ന മാതിരിയൊക്കെ അനുഷ്ഠിക്കണം എന്നും അച്ഛന്‍ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മ ഇടയ്ക്കൊക്കെ നോല്‍ക്കുന്ന എകാദശികളും വല്ലപ്പോഴുമുള്ള അമ്പലത്തില്‍ പോക്കുമാണ് ആചാരം എന്ന രീതിയില്‍ അക്കാലത്ത് പരിചയമുള്ളത്.
ക്ലാസുമുറികളില്‍ നിന്നാണ് മതങ്ങളെക്കുറിച്ച് പഠിയ്ക്കുന്നത്. ഹിന്ദുമതത്തിലെ നവോത്ഥാനം, ഇസ്ലാംമതം ഉണ്ടായത്, ക്രിസ്തുമതം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിജ്ഞാന സമ്പാദനത്തിനായി സ്കൂളില്‍നിന്നും മനസ്സില്‍ കോറിയിടപ്പെട്ടപ്പോഴാണ് മനുഷ്യന്‍ ഭിന്ന മതക്കാരാണെന്നും മറ്റും ഞാനറിയുന്നത്. എന്റെ അയല്‍പക്കത്തും മറ്റുമുള്ളവര്‍ എന്റേതില്‍ നിന്നും വ്യത്യസ്തമായ മതത്തില്‍ പെട്ടവരാണെന്നു സ്കൂളില്‍ നിന്നും ഞങ്ങളെ പഠിപ്പിച്ചു.
പില്‍ക്കാലത്ത്‌ മതങ്ങളെ മനസ്സിലാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഹിന്ദുമതം എന്നൊന്നില്ല. നമ്മുടെ രാജ്യത്ത്, ഇന്നത്തെ ഭാരതമല്ല ഉദ്ദേശിയ്ക്കുന്നത്, ഉണ്ടായിരുന്ന ഒരുതരം ജീവിതരീതി മാത്രമാണ് ഹിന്ദുധര്‍മ്മം. ഈ മതത്തിന് സ്ഥാപകനില്ല. എഴുതപ്പെട്ട നിയമാവലികളില്ല. പല ഭാഗത്തും പല ആചാരം. ദൈവത്തില്‍ വിശ്വസിയ്ക്കാം, വിശ്വസിയ്ക്കാതിരിയ്ക്കാം. ചോദ്യം ചെയ്യാന്‍ പ്രത്യേകം അധികാരകേന്ദ്രങ്ങള്‍ ഇല്ല.
ഞാന്‍ മനസ്സിലാക്കിയ ഹിന്ദുമതം ആളുകളെ ചേര്‍ക്കാന്‍ പ്രത്യേക സമ്പ്രദായങ്ങള്‍ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടം മാത്രമാണ്. ഇതില്‍ നിന്നും ആരെയും പുറത്താക്കാനും ആര്‍ക്കും അധികാരമില്ല.
ഇപ്പോഴിത് പറയാന്‍ കാരണം ആഗ്രയില്‍ നടന്നു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മതം മാറ്റം.
ഭാരതത്തിലുള്ളവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ എന്ന് എപ്പോഴും ഉച്ചത്തില്‍ പറയുന്ന സംഘടനകളാണ് ഈ മതംമാറ്റം എന്ന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എന്നതാണ് ഇതിലെ മറ്റൊരു തമാശ. പിന്നെന്തിനു മതംമാറ്റം?
ആര്യസമാജം എന്നൊരു സംഘടന "ശുദ്ധി" എന്ന കര്‍മം നടത്തി മറ്റു മതങ്ങളില്‍ പെട്ടവരെ വേദവിശ്വാസത്തിലെയ്ക്ക് തിരിച്ചെടുതിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഇതിന്‌ അവരെ ആര് അധികാരപ്പെടുത്തി എന്ന് എവിടെയും പറയുന്നില്ല. ഈ സംഘടന എത്ര ഹിന്ദുക്കളെ പ്രതിനിധീകരിയ്ക്കുന്നുണ്ട് എന്നതും ചിന്ത്യം..
ഇപ്പോള്‍ നടത്തുന്ന തമാശകള്‍ കളഞ്ഞ് സര്‍ക്കാരിനെ മര്യാദയ്ക്ക് ഭരിയ്ക്കാന്‍ ഇവര്‍ അനുവദിയ്ക്കുമോ? കാത്തിരിയ്ക്കാം,ല്ലേ?
വിദേശ സന്ദർശനം കഴിഞ്ഞു വന്നാൽ അവിടുത്തെ ട്രാഫിക്കിനെപ്പറ്റിയൊക്കെ വാ തോരാതെ പ്രശംസിക്കുന്നവർ, അവിടെ ചെന്നാൽ പൂച്ചക്കുട്ടിയെ പോലെ നിയമം അനുസരിക്കുന്നവർ ഇന്ത്യയിൽ എത്തിയാൽ പുലിയായി... ഇവിടുത്തെ നിയമം അനുസരിക്കുന്നത് അവർക്ക് കുറച്ചിലായി.
പത്രങ്ങളുടെ പഴയ താളുകളിലൂടെ കടന്നു പോകുമ്പോള്‍ രസകരമായ അനുഭവങ്ങള്‍ നമ്മെ സ്വാഗതം ചെയ്യുന്നത് കാണാം.. അന്നത്തെ ഭാഷാശൈലി, നിരീക്ഷണങ്ങള്‍ എല്ലാം കൌതുകം ജനിപ്പിയ്ക്കുന്നവ തന്നെ.
ലെനിന്‍ ചരമം 1924 ജനുവരി 26-ലെ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്തത് ഇങ്ങനെ-
പരേതനായ 
പ്രസിഡന്റ്‌
ലെനിന്‍
ജീവദശയിലെ പ്രധാന
സംഭവങ്ങള്‍
കുറച്ചുകാലമായി രോഗം പിടിപെട്ടു കിടപ്പിലായിരുന്ന റഷ്യന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്‌ ആയ പ്രസിദ്ധപ്പെട്ട ലെനിന്‍ മരിച്ചു പോയതായി അറിയുന്നു.
ലെനിന്റെ ശത്രുക്കള്‍ അദ്ദേഹം മരിച്ചു എന്നുള്ള പ്രസ്താവം ഇതിനു മുമ്പ് പല പ്രാവശ്യവും പരത്തുക ഉണ്ടായിട്ടുണ്ട. ഈ പ്രാവശ്യം അദ്ദേഹം യഥാര്‍ത്ഥമായി മരിച്ചിട്ടുണ്ടെന്നു തന്നെ തീര്‍ച്ചപ്പെടുത്താമെന്നാണ് തോന്നുന്നത. മരിച്ചു എന്നുള്ള വര്‍ത്തമാനം റഷ്യന്‍ ഗവര്‍മ്മേണ്ട് തന്നെയാണ പ്രസിദ്ധപ്പെടുത്തിയിരിയ്ക്കുന്നത. അതുകൊണ്ടു അത വിശ്വസിയ്ക്കാവുന്നതാണ.

Saturday, November 26, 2016

1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം.

പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. മലബാര്‍ ഗ്രാമീണ ബാങ്കില്‍ ജോലി ചെയ്തുകൊണ്ടുതന്നെ അദ്ദേഹം ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും പുസ്തകങ്ങളാക്കുകയും ചെയ്യുന്നു.

പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള ആലങ്കോട് ലീലാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം കൂടിയാണ്.

ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത ശ്രീ ലീലാകൃഷ്ണന്‍ എന്റെ ഇഷ്ടകവികളില്‍ ഒരാള്‍ കൂടിയാണ്. നിളയുടെ തീരങ്ങളിലൂടെ, മനുഷ്യനെ തൊടുന്ന വാക്ക്, വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍, എം.ടി ദേശം/ വിശ്വാസം പുരാവൃത്തങ്ങള്‍തുടങ്ങിയവ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു

Monday, October 31, 2016

നഷ്ടമാവുമോയെന്റെ ഇഷ്ടങ്ങള്‍?


എത്രയിഷ്ടമാണെന്നോ, എനിയ്ക്കെന്‍ തിക്കോടിയെ 
തഴുകിത്തലോടുന്ന പശ്ചിമാബ്ധിയെ, തന്‍റെ
പൊന്‍ കരങ്ങളാലെന്നെയുണര്‍ത്താനെന്നും വിണ്ണി-
ലെത്തുന്ന ദിവാകര ശോഭയെ, മേഘങ്ങളെ,
എന്നുമെന്‍ പുലരിയെ കൊഞ്ചലാല്‍ സംഗീതത്താല്‍
പുളകം കൊള്ളിച്ചീടും ചേലേലും കിളികളെ,
കണ്ണുകള്‍ക്കാനന്ദമായ് വിടരും പുഷ്പങ്ങളെ,
സുഗന്ധം പരത്തുന്ന മുല്ലയെ, മധു തേടി
കുസുമേ മന്ദം വിരുന്നെത്തിടും ശലഭത്തെ,
വിണ്ണിന്റെ നീലാഭയെ, മണ്ണിലെ പച്ചപ്പിനെ,
പുലര്‍വേളയെ കാത്തു ശയിക്കും രജനിയെ,
കുളിര്‍ത്ത പ്രകാശത്തെയേകിടും ശശാങ്കനെ,
ഇഷ്ടമാണെനിക്കെന്റെ നാടിനെ തഴുകുന്ന
പുഴയെ, പാടങ്ങളെ, പച്ചപ്പുല്‍ പരപ്പിനെ.
നഷ്ടമാവുമോയെന്റെയിഷ്ടങ്ങള്‍, പ്രകൃതിയെ
നശിപ്പിയ്ക്കുവാനിതാ സര്‍വരും കൈ കോര്‍ക്കുന്നൂ.


പദ് മനാഭന്‍ തിക്കോടി

മണിയൂര്‍ ഇ. ബാലന് നാടിന്‍റെ ആദരം.

കാലം കൊമ്പു കുലുക്കി കുതിച്ചുപായുമ്പോഴും ഒരരികിലൂടെ കഥയുടെ നാട്ടുപച്ചപ്പ്‌ തൊട്ടുഴിഞ്ഞ്‌ പതുക്കെ നടക്കുകയായിരുന്നു, മണിയൂർ ബാലൻമാഷ്‌. ഞങ്ങള്‍ തിക്കോടിക്കാരുടെ ഏതൊരു സാംസ്കാരിക സംരംഭങ്ങള്‍ക്കും മാഷ്‌ മുന്‍ നിരയില്‍ തന്നെ ഉണ്ടാവാറുണ്ട്. വായിക്കുന്നവര്‍ക്കും എഴുതുന്നുവര്‍ക്കും മാഷ്‌ നല്ല വഴികാട്ടിയും സുഹൃത്തും ആസ്വാദകനും ആയിരുന്നു.  
കഥകൾക്കുമുമ്പിൽ ചാടിവീണ്‌ അഭ്യാസം കാണിച്ച്‌ ശ്രദ്ധേയനാവാന്‍ തന്റെ ഗ്രാമീണത ഇന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്ന  ഈ മര്യാദക്കാരൻ ഒരിക്കലും മെനക്കെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മനുഷ്യനെ മലയാള കഥാലോകം ഇനിയും വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടില്ല. 
പെയ്ഡ് ന്യൂസുകളുടെയും, പെയ്ഡ് പുരസ്കാരങ്ങളുടെയും ഈ കാലഘട്ടത്തില്‍ വൈകിയെങ്കിലും ഇദ്ദേഹത്തെ തേടി പുരസ്കാരങ്ങള്‍ എത്തുന്നു-  അര്‍ഹതയ്ക്കുള്ള അംഗീകാരമായി.
മണിയൂരിലെ നെയ്ത്തുകാരുടെ ദൈന്യത നിറഞ്ഞ ജീവിതം മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയ 'ഇവരും ഇവിടെ ജനിച്ചവര്‍' എന്ന ബാലന്‍ മാഷിന്‍റെ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 
മാഷെഴുതുന്ന കഥകള്‍ സ്വയം വരണ്ടുപോകുന്ന മനസ്സുകളിൽ ഗ്രാമീണസ്‌നേഹത്തിന്റെ തുടിപ്പുകൾ ഊതിയുണർത്തി.
ഇരുപതോളം രചനകള്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്.
'ചങ്കൂറ്റം' എന്ന കൃതിയിലൂടെ പ്രഭാത് ബുക്സിന്റെ പുരസ്കാരം നേടി.
ഈ നവംബര്‍ ഒന്നിന് നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യന്മാരും ചേര്‍ന്ന് തിക്കോടിയിലുള്ള മാഷിന്‍റെ വസതിയില്‍ ഒത്തുചേരുന്നു. 
ഈ വര്‍ഷത്തെ പ്ലാവില സാഹിത്യ പുരസ്കാരം ചടങ്ങില്‍ പ്രശസ്തനായ തൃക്കോട്ടൂര്‍ കഥാകാരന്‍ യു എ ഖാദര്‍ മണിയൂര്‍ ഇ ബാലന് സമര്‍പ്പിയ്ക്കും.
"മണിയൂര്‍ ഇ ബാലന്റെ തെരഞ്ഞെടുത്ത കഥകള്‍" എന്ന പുസ്തകം ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.

പദ്മനാഭന്‍  തിക്കോടി 

Thursday, August 11, 2016

മാധവിക്കുട്ടി

മാധവിക്കുട്ടി എഴുതിയതൊക്കെയും സർഗ്ഗാത്മകമനസുകൾക്ക്‌ ഇമ്പമുള്ള സംഗീതം പകർന്നു, സ്നേഹത്തിന്റെ കുളിർമഴ പെയ്യിച്ചു.
തരളമായ പ്രണയവും പ്രണയ ഭംഗവും അനുഭവിപ്പിച്ചു. ചുറ്റിലും കണ്ട സ്നേഹരാഹിത്യത്തെ, അവഗണനയെ നോക്കി കലഹിച്ചു. 
പ്രതിരോധിക്കുവാൻ വാക്കുകളെ ആയുധമാക്കി. 
മാധവിക്കുട്ടി എന്ന കമലാദാസ്‌ ഇപ്പോഴും സ്നേഹമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു, അതേ സുരയ്യയുടെ പാട്ടുകൾ നിലയ്ക്കുന്നില്ല. അവർ ഇവിടെ ബാക്കി വെച്ചുപോയ ആത്മസ്പർശിയായ എഴുത്തുകൾ പ്രണയത്തിന്റെ വറ്റാത്ത പുഴകളും സ്നേഹ സാന്ത്വനങ്ങളുടെ അന്തമില്ലാത്ത കടലും മാനവ സൗഹൃദത്തിന്റെ വിശാല വാനവും സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു. 


പദ് മനാഭന്‍ തിക്കോടി

കവിത

വായന കഴിയുമ്പോഴേയ്ക്കും
നിങ്ങളുടെ അകവും പുറവും തണുത്തുറയുന്നുവോ?
ഒരഗ്നിയ്ക്കും
നിങ്ങള്‍ക്കായി ചൂട് പകരാന്‍ കഴിയുന്നില്ലേ?
ഉറപ്പിച്ചോളൂ,
നിങ്ങള്‍ വായിച്ചത്
കവിത തന്നെ.


(കടപ്പാട്: എമിലി ഡിക്കിൻസൺ)


പദ് മനാഭന്‍ തിക്കോടി

ഡോ: ആമിന വദൂദ്

ഡോ: ആമിന വദൂദ് എന്ന പേര് അറിയുന്നവര്‍ വളരെചുരുക്കമായിരിയ്ക്കും. 
ഇസ്ലാമിക ഗ്രന്ഥങ്ങളിലൊക്കെ 'അവന്‍' എന്ന സര്‍വനാമത്തിലൂടെ മാത്രം പരാമര്‍ശിയ്ക്കപ്പെടാറുള്ള 'അല്ലാഹു'വിനെ മുസ്ലിങ്ങളുടെ മതപൈതൃകത്തിന് വിരുദ്ധമായി 'അവള്‍' എന്ന സര്‍വനാമം ബോധപൂര്‍വം ഉപയോഗിച്ച ഗ്രന്ഥകര്‍ത്രി.
2006 ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ 'ഇന്‍സൈഡ് ദ ജെന്‍ഡര്‍ ജിഹാദ്' എന്ന പുസ്തകത്തിന്റെ സമര്‍പ്പണ വാക്യത്തില്‍ അല്ലാഹു അവനല്ല, അവളാണ്. തുടര്‍ന്നുള്ള പേജുകളിലും അല്ലാഹുവിനെ സൂചിപ്പിയ്ക്കുമ്പോള്‍ ഡോ: ആമിന അവള്‍ എന്ന സര്‍വനാമമാണ് ഉപയോഗിയ്ക്കുന്നത്.
അവരുടെ ഉദ്ദേശ്യം ലളിതം. അല്ലാഹു പുരുഷനാണെന്ന പരമ്പാഗത ധാരണയെ തകിടംമറിക്കുക; ഒപ്പം സാമ്പ്രദായികഇസ്ലാം പ്രാന്തവല്‍ക്കരിച്ചുകളഞ്ഞ സ്ത്രീയെ മത-സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേയ്ക്ക് പുനരാനയിക്കുക.
സ്ത്രീ പദവി സംബന്ധിച്ച കാന്തപുരത്തിന്റെയും മറ്റും നിരീക്ഷണങ്ങള്‍ തന്നെയാണ് ഇവരെ ഓര്‍ക്കാന്‍ കാരണം.
വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ പ്രൊഫസര്‍(ഇസ്ലാമിക് സ്റ്റഡിസ്) ആയിരുന്ന ഈ ആഫ്രിക്കന്‍-അമേരിക്കന്‍ വനിത തന്റെ ഇരുപതാം വയസ്സിലാണ് ഇസ്ലാംസ്വീകരിയ്ക്കുന്നത്. ഖുര്‍ആന്‍ ആഴത്തില്‍ പഠിയ്ക്കുകയും അപഗ്രഥിയ്ക്കുകയും ചെയ്ത അവര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു: സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് ഖുര്‍ആന്‍ സൂക്തങ്ങളല്ല, അവയ്ക്ക് നല്‍കപ്പെടുന്ന വ്യാഖ്യാനങ്ങളാണ്.
2005 മാര്‍ച്ചില്‍ പുരുഷന്മാരുംസ്ത്രീകളും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രാര്‍ഥനയ്ക്ക് ആമിന നേതൃത്വം നല്‍കി. സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ പുരുഷന് മാത്രമേ അവകാശമുള്ളൂ എന്ന പരമ്പരാഗത ധാരണ വെല്ലുവിളിയ്ക്കപ്പെട്ട ഈസംഭവം ലോകമെങ്ങുമുള്ള പുരുഷപണ്ഡിതരുടെ അതിരൂക്ഷവിമര്‍ശനം നേരിട്ടു. അല്‍ ജസീറ ചാനലില്‍ ഒരു മണിക്കൂര്‍ നീണ്ട തന്റെ ദ്വൈവാര പരിപാടിയിലൂടെ യൂസുഫുല്‍ ഖര്‍ദാവി ആമിനയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയും അവരുടെ നടപടി അനിസ്ലാമികവും മതനിന്ദാപരവുമാണെന്ന് വിധി കല്പ്പിയ്ക്കുകയും ചെയ്തു.



പദ് മനാഭന്‍ തിക്കോടി

കാളിപ്പെണ്ണിന്റെ ചിന്തകള്‍ (1)

നീലീം പറയണ് ചീതേം പറയണ്
എന്നെ കാണാനിപ്പം മൊഞ്ചുണ്ടെന്ന്
കണ്ണിൽ മഷിയിട്ട് നോക്കി ചിരിച്ചപ്പം 
കണ്ണാടീം ചൊല്ലുന്നു മൊഞ്ചുണ്ടെന്ന്.
---------------------

പദ് മനാഭന്‍ തിക്കോടി

Tuesday, July 19, 2016

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ... ചരിത്രത്തില്‍നിന്നും... I


സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപം കൊള്ളുന്നത്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിലാണ് 1934-ൽ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ ഒരുമിച്ചു പ്രവര്‍ത്തനം തുടങ്ങിയത്.
1931-ലെ നിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏതാനും യുവ കോണ്‍ഗ്രസ് നേതാക്കള്‍ 1932-33 കാലത്ത് നാസിക് ജയിലില്‍ അടയ്ക്കപ്പെട്ടു.- ജയപ്രകാശ് നാരായണ്‍, യൂസഫ് മെഹറലി, അച്യുത് പട്‌വര്‍ധന്‍, അശോക് മേത്ത, എം ആര്‍ മസാനി, എന്‍ ജി ഗോറെ, എസ് എം ജോഷി, എം എന്‍ ദാന്ത്‌വാലെ. ജയിലില്‍ വെച്ച് അവര്‍ ഗാന്ധിസത്തിന്റെ നിരര്‍ത്ഥകത മനസിലാക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു.
ജയിലില്‍ നിന്ന് പുറത്തുവന്ന ഈ നേതാക്കളാണ് കോണ്‍ഗ്രസിനകത്ത് നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രീയ സോഷ്യലിസം എന്നറിയപ്പെട്ട മാര്‍ക്‌സിസത്തില്‍ അവര്‍ വിശ്വാസം അര്‍പ്പിച്ചില്ല. മിച്ചമൂല്യ സിദ്ധാന്തമോ വര്‍ഗ്ഗ സമരമോ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമോ അവരെ ആകര്‍ഷിച്ചില്ല.
1934-ല്‍ മേയ് 17-ന് പാറ്റ്‌നയില്‍ ചേര്‍ന്ന അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) രൂപീകൃതമായി. ആചാര്യ നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണ്‍ പാര്‍ട്ടിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.
1934 ഒക്ടോബര്‍ 21, 22 തീയതികളില്‍ പാര്‍ട്ടിയുടെ സ്ഥാപന സമ്മേളനം ബോംബെയില്‍ നടന്നു. ഡോ. സമ്പൂര്‍ണ്ണാനന്ദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഒരു പതിനഞ്ചിന പരിപാടി മുന്നോട്ടുവെച്ചു. ഘനവ്യവസായങ്ങള്‍ പൊതുമേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തുക,
വിദേശ വാണിജ്യം സര്‍ക്കാര്‍ കുത്തകയായി നിലനിര്‍ത്തുക,
സഹകരണ സംഘങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക, രാജാക്കന്മാരുടെയും ജന്മിമാരുടേയും ഭൂമി നഷ്ടപരിഹാരം കൂടാതെ ഏറ്റെടുക്കുക,
കാര്‍ഷിക കടം എഴുതിത്തള്ളുക,
അവശ്യ വസ്തുക്കളില്‍ സ്വാശ്രയത്വം ഉറപ്പുവരുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക,
സ്ത്രീ പുരുഷ സമത്വം ഊട്ടിയുറപ്പിക്കുക.. തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു, ഈ അവകാശപത്രിക.
1936-ല്‍ ജയപ്രകാശ് 'സോഷ്യലിസം എന്തിന്? ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.


1935-ല്‍ നടന്ന കൊമിന്റേണിന്റെ ഏഴാം കോണ്‍ഗ്രസില്‍ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് നേതാക്കളായ ബെന്‍ ബ്രാഡ്‌ലിയും രജനി പാംദത്തും ചേര്‍ന്ന് അവതരിപ്പിച്ച നയരേഖ അനുസരിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റുകളുമായി യോജിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് സഖാക്കളെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സഹര്‍ഷം സ്വാഗതം ചെയ്തു.
( തുടരും)

പദ് മനാഭന്‍ തിക്കോടി

Tuesday, June 28, 2016

തൃക്കോട്ടൂരിന്റെ കഥാകാരന്‍ എണ്‍പതിന്റെ നിറവില്‍..

തൃക്കോട്ടൂര്‍ എന്ന കൊച്ചു ഗ്രാമം വായനാശീലമുള്ള മലയാളികള്‍ക്കൊക്കെ പരിചിതമാണ്. 
യു എ ഖാദര്‍ തന്റെ സൃഷ്ടികളിലൂടെ തന്മയത്വത്തോടെ വരച്ചു കാണിച്ചു,  ഈ ഗ്രാമത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും കഥാപാത്രങ്ങളെ. വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളും, മേപ്പയൂരിലെ കണാരപണിക്കരും ഇവയില്‍ മിന്നിമറയുന്നു. 
ഇവയിലെ പശ്ചാത്തലത്തില്‍ തച്ചന്‍ കുന്നിലെ രജിസ്ട്‌റാപ്പീസും, കീഴൂരിലെ പുവെടിത്തറയുമൊക്കെ പ്രത്യക്ഷപ്പെടുന്നു.
കേരളത്തിലെ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന രചനകളാണ് യു.എ ഖാദറിന്റേത്.
2009ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ "തൃക്കോട്ടൂര്‍ നോവെല്ലകളി"ല്‍ സമാഹരിച്ചിരിയ്ക്കുന്നവയൊക്കെ- വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ, പുലിമറ ദൈവത്താര്‍ , പൊന്നുരുളി, കൈമുറിയന്‍ നാരായണന്‍ , പിടക്കോഴി കൂവുമിടം, ഭഗവതിച്ചൂട്ട്, വണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍ , കുരിക്കളകം തറവാട്- ഇങ്ങനെ വായനക്കാരുടെ ഹൃദയം കവര്‍ന്നവ തന്നെ.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1983) ലഭിച്ച "തൃക്കോട്ടൂര്‍ പെരുമ"യിലൂടെ തന്നെ നാടന്‍ പാട്ടുകളിലെ കടത്തനാടിനെപ്പോലെ, വയനാടിനെപ്പോലെ, കോലത്തുനാട്ടിനെപ്പോലെ തൃക്കോട്ടൂരും ഐതിഹ്യങ്ങളുടെ നാടായി വായനക്കാരുടെ ചിന്തകളില്‍ നിറം പകര്‍ന്നിരുന്നു. നാടോടിക്കഥകള്‍ക്ക് ചാരുത പകരുന്ന ആ ഒരു മൊഴിവഴക്കം ഇതിലെ കഥകളിലൊക്കെ നമുക്ക് അനുഭവവേദ്യമാവുന്നു. 
ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എവിടെയോ നഷ്ടമാകുന്ന ഗ്രാമവിശുദ്ധി തേടുന്ന ഒരു കൂട്ടംകഥകളാണ് ''പെണ്ണുടല്‍ ചുറയലുകള്‍''എന്ന സമാഹാരത്തിലുള്ളത്.
ഹജ്ജിന്റെ അനുഭവം പങ്കുവയ്ക്കുന്ന ‘ നിയോഗ വിസ്മയങ്ങള്‍‘ ചരിത്രത്തിന്റെ അത്ഭുതങ്ങള്‍ പാകിയ മരുഭൂമിയിലൂടെ ആത്മീയതയുടെ നിര്‍വൃതി അനുഭവിച്ച് നടത്തിയ യാത്രകളാണ് നമുക്കായി സമ്മാനിയ്ക്കുന്നത്.
സുവര്‍ണരേഖ പുരസ്കാരം നേടിയ "ഓര്‍മ്മകളുടെ പഗോഡ" ഒരു യാത്രാവിവരണം എന്നതിനപ്പുറം ഒരു ആത്മാന്വേഷണത്തിന്റെ ഊര്‍ജവും വൈകാരികതയും നിറഞ്ഞ ഒരു ആഖ്യാനം തന്നെയാണ്.
നാട്ടിന്‍പുറത്തെ നന്മനിന്മകളും സാധാരണക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളും വിഷയമാകുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ ഏറെയും. 80 വര്‍ഷം നീണ്ട സാഹിത്യസരപ്യയുടെ നിറവില്‍ നില്‍ക്കുന്ന യു എ ഖാദറിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മാനവകുലം‘ ഉടന്‍ പ്രസിദ്ധീകരിക്കും.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീനിലകളില്‍ പ്രശസ്തനായ യു.എ. ഖാദര്‍ ബര്‍മാക്കാരിയായ ‘മാമൈദി’ കേരളീയനായ മൊയ്തീന്‍കുട്ടി ഹാജി എന്നിവരുടെ പുത്രനായി 1935ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളെജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ്പ്രസിഡന്റ്, കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങി 40ല്‍ ഏറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ് (1993) നേടിയ കഥപോലെ ജീവിതം, അബുദാബി അവാര്‍ഡ് ലഭിച്ച ഒരു പിടി വറ്റ് (നോവല്‍), ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശികൂട്ടം, എന്നിവയാണ് മുഖ്യ കൃതികള്‍. 2016ലെ കേരളസാഹിത്യ പരിഷത്ത് അവാര്‍ഡും നേടിയിട്ടുണ്ട്.

Saturday, June 25, 2016

nazeemonline: സ്ത്രീശുദ്ധി പ്രാര്‍ത്ഥിക്കാനോ പ്രാപിക്കാനോ

nazeemonline: സ്ത്രീശുദ്ധി പ്രാര്‍ത്ഥിക്കാനോ പ്രാപിക്കാനോ: സ്ത്രീയാണോ,  ആരാധനാലയങ്ങളില്‍ കയറാന്‍ ശുദ്ധി വേണം. ഒക്കെ കേട്ടാല്‍ തോന്നും ആര്‍ത്തവം സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്ന്. മാസം ത...

Saturday, January 23, 2016

തിക്കോടിയന്‍- തൂലികാനാമത്തിന്റെ കഥ

തിക്കോടിയൻ എന്ന തൂലികാനാമം കോഴിക്കോടടുത്തുള്ള തിക്കോടി (ഞാന്‍ കൂടി ജനിച്ചുവളര്‍ന്ന എന്റെ ഗ്രാമം) എന്ന സ്‌ഥലപ്പേരിൽനിന്നു കിട്ടിയതാണെന്നു നമുക്കൊക്കെ അറിയാം. പക്ഷേ, ആ നാമകരണകഥ അധികം പേർക്ക് അറിയുമെന്നു തോന്നുന്നില്ല. 
‘സഞ്‌ജയൻ’ മാസിക ഇറങ്ങുന്ന കാലമായിരുന്നു അത്; കേരളത്തെ സഞ്‌ജയൻ എന്ന ചിരിരാജാവ് പൊട്ടിച്ചിരിപ്പിച്ചിരുന്ന കാലം....
കോഴിക്കോട് ‘മാതൃഭൂമി’യിൽ അക്കാലത്ത് നിത്യസന്ദർശകനായിരുന്നു സഞ്‌ജയൻ. അവിടെയെത്തിയാൽ പത്രാധിപസമിതിയിലെ ടി.പി.സി. കിടാവിന്റെ കസേരയിലാണ്‌ പതിവായി സഞ്‌ജയൻ ഇരിക്കുക. ഒരു ദിവസം അവിടെയിരുന്ന് മേശവലിപ്പിലെ കടലാസുകളിൽ ചിലതെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ട രണ്ടു കവിതകളില്‍ ഒരെണ്ണം തനിക്കു വേണമെന്നു പറഞ്ഞ് അദ്ദേഹം കൊണ്ടുപോകുകയും ചെയ്‌തു....
ഈ നാമകരണകഥയിലെ അടുത്ത അധ്യായം തിക്കോടിയിലാണു നടക്കുന്നത്. അവിടത്തുകാരനായ പി. കുഞ്ഞനന്തൻ നായർ പതിവായി സഞ്‌ജയൻ മാസിക വാങ്ങുന്ന ആളാണ്. പുതിയ ലക്കം കയ്യിൽ വന്നതും വീട്ടിലെത്തി വായിക്കാൻ തുടങ്ങി ആ ചെറുപ്പക്കാരൻ. പതിവുപോലെ അന്നു വൈകിട്ട് കുഞ്ഞനന്തൻ നായരുടെ വീട്ടിൽ സുഹൃത്തുമെത്തി. സഞ്‌ജയൻ മാസിക രണ്ടാമതുവായിക്കുന്നത് ആ ചങ്ങാതിയാണ്. മാസികയുംകൊണ്ട് അദ്ദേഹം വീട്ടിൽ പോയി. പിറ്റേന്നു മാസിക തിരിച്ചുകൊടുക്കാനായി വന്ന അദ്ദേഹം കുഞ്ഞനന്തൻ നായരോടൊരു ചോദ്യം:
ആരാണീ തിക്കോടിക്കാരൻ?
കുഞ്ഞനന്തൻ നായർക്കു ചോദ്യം മനസ്സിലായില്ല. അപ്പോൾ സുഹൃത്തു തുടർന്നു:
–ഇതു നോക്കെടോ, ഒരു വിദ്വാൻ ഇതിലൊരു കവിതയെഴുതിയിരിക്കുന്നു. താനും ഞാനുമറിയാത്ത ഈ തിക്കോടിക്കാരൻ വങ്കനാരാണ്? കുഞ്ഞനന്തൻ നായർ ആ കവിത വായിച്ചു. ഒടുവിൽ അദ്ദേഹത്തിനു വെളിച്ചം കിട്ടുകയും ചെയ്‌തു...
ആ കവിതയിൽ തന്റേതായ നാലേ നാലു വരിയുണ്ട്! ആഗോളയുദ്ധത്തിനു തയ്യാറെടുക്കുന്ന ഹിറ്റ്‌ലറുടെ പേരിലുണ്ടായ കലശലായ ശുണ്‌ഠി സഹിക്കാഞ്ഞ് ഏറെ ഗൗരവത്തോടെ കുഞ്ഞനന്തൻ നായർ ഒരു കവിതയെഴുതിയിരുന്നു. ആ കവിതയാണു കിടാവിന്റെ മേശപ്പുറത്തുനിന്നു സഞ്‌ജയനെടുത്ത് വെട്ടിത്തിരുത്തി ഹാസ്യകവിതയാക്കി പ്രസിദ്ധീകരിച്ചത്. കവിത മാറ്റിയതിനു പുറമേ, പി.കുഞ്ഞനന്തൻ നായർ തിക്കോടിയെ അദ്ദേഹം തിക്കോടിയനാക്കുകയും ചെയ്‌തു....
പിൽക്കാലത്ത് തിക്കോടിയൻ ഇങ്ങനെ ഓർമിച്ചിട്ടുണ്ട്:
–അങ്ങനെ ഞാൻ തിക്കോടിയനായി. എന്റെ മറ്റേ പേർ ഇന്നാർക്കുമറിയില്ല; എനിക്കും!...

Thursday, January 14, 2016

വര്‍ഗ്ഗീയ കലാപം

'വര്‍ഗ്ഗീയ കലാപം'- വായിച്ചും പറഞ്ഞു കേട്ടും ഏറെ പരിചയമുള്ള പദം. പല സന്ദര്‍ഭങ്ങളിലും എഴുതേണ്ടിയും വന്നിട്ടുണ്ട്.
ഇത് ശരിയ്ക്കും എന്താണെന്ന്, എങ്ങനെയാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?
ആനന്ദ് മാതൃഭൂമിയില്‍ എഴുതിയ 'ക്ഷാന്തം ന ക്ഷമയാ' എന്ന ലേഖനത്തില്‍ ഇത് സൂചിപ്പിയ്ക്കുന്നുണ്ട്.
ജനങ്ങളെ അകത്തു പൂട്ടിയിടുന്ന 'കര്‍ഫ്യൂ '; പലയിടത്തായി ഉയരുന്ന തീനാളങ്ങളും പുകയും; ഫയര്‍ എഞ്ചിന്‍ ഉയര്‍ത്തുന്ന മണിയടികള്‍; മൈക്കിലൂടെയും അല്ലാതെയും ഉള്ള പോലീസ് മുന്നറിയിപ്പുകള്‍; മുടങ്ങുന്ന വെള്ളവും വൈദ്യുതിയും; കിംവദന്തികള്‍; ഭയം; വെറുപ്പ്‌; പ്രത്യേക വിഭാഗക്കാരെ കാണുമ്പോഴുള്ള ആശങ്ക;നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന മാനുഷിക ഭാവനകള്‍....
അറിയാനുള്ള അവകാശം പോയിട്ട് അവസരം പോലും നിഷേധിയ്ക്കപ്പെടുന്നു..
ഇനി 'സാധാരണനില' പുന:സ്ഥാപിചാലോ,
നഷ്ടങ്ങളുടെ (ജനങ്ങളുടെയും സ്വത്തിന്റെയും പൊതു ഖജനാവിന്റെയും) കണക്കെടുപ്പുകള്‍. വിവിധ മതക്കാര്‍ തമ്മില്‍ ഇല്ലാതാവുന്ന അല്ലെങ്കില്‍ കുറയുന്ന സംസാരങ്ങള്‍...
നഷ്ടപ്പെട്ടവനേ അതിന്റെ ആഘാതം അറിയൂ. അത് കേവലം സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല.
വേണോ നമുക്ക് അത്തരം കലാപങ്ങള്‍?
അപക്വമതികളായ ചില "നേതാക്കള്‍" വമിയ്ക്കുന്ന വിഷതുല്യമായ ജല്പനങ്ങള്‍ ആശങ്കയുയര്‍ത്തുന്നു..

പദ് മനാഭന്‍ തിക്കോടി