Saturday, December 1, 2012

ഇന്ന് വായിച്ച ഒരു പുരാണകഥ .



ഇന്ന് വായിച്ച ഒരു പുരാണകഥ .


മഹാവിഷ്ണുവിന്റെ വസതിയിലേ ക്കുള്ള യാത്രയിലാണ് നാരദമുനി . മാര്‍ഗ മദ്ധ്യേ അദ്ദേഹംതപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസിയെകണ്ടുമുട്ടി . യോഗി നാരദരോട് പറഞ്ഞു , "മാമുനെ എനിക്കെന്നാണ് മോക്ഷം കിട്ടുകഎന്ന് ഭഗവാനോട് തിരക്കണേ ... "
നാരദര്‍തലകുലുക്കി . അദ്ദേഹം

യാത്ര തുടര്ന്നു, കുറെദൂരം മുന്നോട്ടു ചെന്നപ്പോള്‍ . അദ്ദേഹംമറ്റൊരു തപസ്വിയെ കണ്ടു മുട്ടി , അദ്ദേഹവുംഇതേ കാര്യം മാമുനിയോടു ആവശ്യപ്പെട്ടു .
 ദര്‍ശനം കഴിഞ്ഞു മടങ്ങിയ നാരദര്‍ആ തപസ്വികളെ വീണ്ടും കണ്ടു മുട്ടി .
 നാരദര്‍ഒരാളോട് പറഞ്ഞു . " താങ്കള്‍ക്ക് ഇനി നാല്ജന്മം കൂടി കഴിഞ്ഞാലേ മോക്ഷം കിട്ടു എന്ന്ഭഗവന്‍ അരുളി "
ഇത് കേട്ട തപസ്വി "ഈശ്വരാ നാല് ജന്മമോ ?"അദ്ദേഹം നിരാശയിലായി . "എന്റെ അധ്വാനം എല്ലാംപാഴായല്ലോ . ഇനിഎന്തിനീ പാഴ്വേല " . ആസന്യാസി തപസ്സു നിര്‍ത്തി അവിടം വിട്ടുയാത്രയായി .
രണ്ടാമത്തെ തപസ്വിയും മുനിയോടു തന്റെകാര്യം തിരക്കി , നാരദര്‍ വളരെവിഷമത്തോടെ പറഞ്ഞു. " താങ്കളുടെകാര്യം വളരെ പ്രയാസമാണ്....."
സന്യാസിപറഞ്ഞു " എന്തായാലും പറയൂ ,കേള്‍ക്കട്ടെ "
ദൂരെനില്‍ക്കുന്ന പുളി മരം ചൂണ്ടിനാരദര്‍ പറഞ്ഞു ." അതിലെത്ര ഇലയുണ്ടോ ,അത്രയും ജന്മം കഴിഞ്ഞാലെ താങ്കള്‍ക്ക്മുക്തിലഭിക്കു . "
 " ഹാവൂ .... അപ്പോള്‍ എനിക്ക്മുക്തി ലഭിക്കും എന്ന് ഉറപ്പാണ്‌ . അതിനായിഎത്ര കാലംവേണമെങ്കിലും ഞാന്‍കാത്തിരിക്കാം ...." അദ്ദേഹം ആനന്ദം കൊണ്ട്തുള്ളിച്ചാടി .......
ആ നിമിഷം അവിടെ ഒരു ജ്യോതിസ്സ്തെളിഞ്ഞു . അശരീരി മുഴങ്ങി ! " കുഞ്ഞേ , നീഇപ്പോള്‍തന്നെ മുക്തനായിക്കഴിഞ്ഞിരിക്കുന്നു. നിന്റെ ക്ഷമയും സ്ഥിരോല്‍സാഹതിനുള്ളമനസ്സും നിന്നെ സ്വതന്ത്രനാക്കിയിരിക്കുന്നു."
 പ്രശ്നങ്ങള്‍  ഇല്ലാത്ത ജീവിതം ഇല്ല അതിനെ അതിജീവിക്കുകയാണ് നമുടെ ധര്‍മം . തടസ്സങ്ങള്‍ കണ്ടു മനം മടുത്താല്‍ വിജയംഒരിക്കലും അരികിലാകില്ല .സ്ഥിരോല്‍സാഹിയ്കെ  വിജയംനേടാന്‍കഴിയു..

Thursday, November 29, 2012

from old dairies....1...കണ്ണുനീര്‍

പൊടി പിടിക്കാതെ കിടന്ന പഴയ ഡയറിയില്‍ കണ്ട ഒരു പ്രബന്ധം
കണ്ണുനീര്‍

കുട്ടിക്കാലത്തെ കൌതുകങ്ങളില്‍ ഒന്നായിരുന്നു കണ്ണീര്‍ അഥവാ കണ്ണുനീര്‍.
എപ്പോഴൊക്കെ എന്ന് വര്‍ഗീകരിച്ചു ഓര്‍മിക്കാന്‍ കഴിയാതെ, കണ്ണുനീര്‍ എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു ആ കാലത്ത്. തുടങ്ങിയത് എന്നാണെന്ന് ഓര്‍ക്കാനേ പറ്റുന്നില്ല, ഇപ്പോള്‍.
ഒരിക്കല്‍, അയല്‍പക്കത്തെ മുത്തശി മരിച്ചു എന്ന് കേട്ട് അമ്മയോടൊപ്പം ഓടി ചെന്നത് ഓര്‍ക്കുന്നു. വാവിട്ടു നിലവിളിക്കുന്ന കുറെ സ്ത്രീകളാണ് എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രായമുള്ള മൂന്നോ നാലോ പേരൊഴികെ ആരുടേയും കണ്ണില്‍നിന്ന് കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നില്ല. നിലവിളിക്ക്‌ പക്ഷെ നല്ല ശബ്ദമുണ്ടായിരുന്നു, താളമുണ്ടായിരുന്നു.
തിരക്കിനിടയില്‍ വീടിന്‍റെ അകത്തു കയറിനിന്നു. മുറിയുടെ മൂലയില്‍ രണ്ടു ചേച്ചിമാര്‍ തേങ്ങലോടെ ഇരിക്കുന്നു. ശബ്ദമില്ല. പക്ഷെ,മുഖത്ത് കണ്ണീര്‍ ഒലിച്ചി റങ്ങി യതിന്റെ ശേഷിപ്പുകള്‍.
ഒന്നും ശബ്ദിക്കാതെ ദൂരെ എവിടെയോ നോക്കി  നില്‍ക്കുന്നു ഒരു മാമന്‍- കണ്ണടക്കുന്നത് കാണാനേയില്ല; പക്ഷെ കണ്ണുനീരില്ല.
ഈ അനുഭവത്തിന് ശേഷം കരച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ എത്താന്‍ വലിയ ഉത്സാഹമായിരുന്നു.
എല്ലാ കരച്ചിലിനുമൊപ്പം കണ്ണുനീര്‍ കണ്ടില്ല.
കണ്ണീര്‍ പൊഴിച്ചുകൊണ്ട്‌ നിന്നിരുന്ന ചിലരുടെ മുഖത്ത് കരച്ചിലിന്റെതായ ഭാവങ്ങള്‍ കാണാനും കഴിഞ്ഞില്ല.
 കൈക്കോട്ടുകൊണ്ട് കാലു മുറിഞ്ഞ നാരായണേട്ടന്‍ ഉച്ചത്തില്‍ അലറുന്നുണ്ടായിരുന്നെങ്കിലും കണ്ണുനീര് ഉണ്ടായിരുന്നില്ല.
കൂട്ടുകാരില്‍ ചിലര്‍ വാശി പിടിച്ചു കരയാറുണ്ട്, ഒട്ടും കണ്ണീര്‍ പൊഴിക്കാതെ.
വാവിട്ടു നിലവിളിക്കുന്നവര്‍,
ശബ്ദമില്ലാതെ തേങ്ങുന്നവര്‍,
കണ്ണിമയ്ക്കാതെ ദു:ഖ ഭാവത്തില്‍ എങ്ങോ നോക്കി നില്‍ക്കുന്നവര്‍,
കടുത്ത വേദനകൊണ്ട് അലറിക്കരയുന്നവര്‍ --
ചിലര്‍ കണ്ണീരോടെ, ചിലര്‍ കണ്ണീരില്ലാതെ.
എന്തോ, എന്‍റെ സംശയങ്ങള്‍ കൂടിയതേ യുള്ളൂ.
കരയുന്നവര്‍ മാത്രമല്ല കണ്ണീര്‍ പൊഴിയ്ക്കുന്നത് എന്ന് പിന്നീട് മനസ്സിലാക്കാന്‍ ഇടയായി.
പരീക്ഷയില്‍ വലിയ ജയം നേടിയതറിഞ്ഞു , ചിരിച്ചു ചിരിച്ച് കണ്ണീര്‍ തൂവിയ ചേച്ചി ഇപ്പോഴും മനസ്സിലുണ്ട്.
ദു:ഖിയ്ക്കുന്ന മനസ്സും സന്തോഷിയ്ക്കുന്ന മനസ്സും എന്തേ ഏതാണ്ട് തുല്യമായ ഒരു ഭാവതലത്തില്‍ എത്തിച്ചേരുന്നത്?ഒരേപോലുള്ള കണ്ണീര്‍ പൊഴിയ്ക്കുന്നത്?
ചിരി കരച്ചിലില്‍ എത്തുന്നതുപോലെ, കരച്ചില്‍ ചിരിയായി തീരുമോ?

നന്ദിതയുടെ കവിതകള്‍


നന്ദിതയുടെ കവിതകള്‍
24 Sep 2012
നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)
മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.


നന്ദിത എഴുതിയ കവിതകളില്‍ ചിലത് ഇവിടെ. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല. ഒലീവ് പ്രസിദ്ധപ്പെടുത്തിയ നന്ദിതയുടെ കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്.

കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)

തണുത്തുറയാത്ത നെയ്യ്

നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?(1993 ഡിസംബര്‍ 4)

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്‍ക്ക് കൂട്ട് (1992)

ശിരസ്സുയര്‍ത്താനാവാതെ

നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ(1992)

പിന്നെ നീ മഴയാകുക

ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം(1992)

നീ ചിന്തിക്കുന്നു

നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.

Sunday, November 25, 2012

ഞാനെന്തേ ഇങ്ങനെ?

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഞാനെന്തേ ഇങ്ങനെ?
എങ്ങനെ  ആയിരിക്കണം എന്ന്‍ ശരിയായ സങ്കല്പമൊന്നുമില്ല .
ഒന്ന്‍ ഉറപ്പാണ്.
എങ്ങനെ ആയിരിക്കരുത് എന്ന് പല സുഹൃത്തുക്കളും സൂചിപ്പിച്ച അരുതായ്കകള്‍ പലതും എനിയ്ക്കുണ്ട്.
അങ്ങനെ തന്നെ ആയിരിക്കണമോ എന്ന് നിശ്ചയമില്ല .
എന്നും ഞാന്‍ അങ്ങനെയാണ്.
വിലക്കുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് എന്തിനു എന്ന് ചിന്തിച്ചുനോക്കും.
ആരാണ് പക്ഷെ ഇതിനൊക്കെ അധികാരി?


Monday, October 8, 2012

പ്രസിദ്ധീകരിക്കപ്പെട്ട വള്ളത്തോള്‍ കൃതികള്‍


പ്രസിദ്ധീകരിക്കപ്പെട്ട വള്ളത്തോള്‍ കൃതികള്‍

മലയാളത്തിലെ കവിത്രയങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ എന്നിവര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.ആശയ ഗാംഭീര്യം കൊണ്ട് കുമാരനാശാനും ഉജ്ജ്വല ശബ്ദം കൊണ്ട് ഉള്ളൂരും പദ സൌന്ദര്യം കൊണ്ട് വള്ളത്തോളും നമ്മെ രസിപ്പിച്ചു.

വള്ളത്തോളിന്റെ കൃതികള്‍ ഇവയൊക്കെയാണ്.

കൃതി‌പ്രസാധകർവർഷം
അച്ഛനും മകളുംമംഗളോദയം-തൃശ്ശൂർ1936
അഭിവാദ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1956
അല്ലാഹ്-1968
ഇന്ത്യയുടെ കരച്ചിൽവെള്ളിനേഴി-പാലക്കാട്1943
ഋതുവിലാസംവിദ്യാവിലാസം-കോഴിക്കോട്1922
എന്റെ ഗുരുനാഥൻവെള്ളിനേഴി-പാലക്കാട്1944
ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപംഎ.ആർ.പി-കുന്നംകുളം1917
ഓണപ്പുടവവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1950
ഔഷധാഹരണംമംഗളോദയം-തൃശ്ശൂർ1915
കാവ്യാമൃതംശ്രീരാമവിലാസം-കൊല്ലം1931
കൈരളീകടാക്ഷംവി.പി-തിരുവനന്തപുരം1932
കൈരളീകന്ദളംസുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ1936
കൊച്ചുസീതമംഗളോദയം-തൃശ്ശൂർ1930
കോമള ശിശുക്കൾബാലൻ-തിരുവനന്തപുരം1949
ഖണ്ഡകൃതികൾവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1965
ഗണപതിഎ.ആർ.പി-കുന്നംകുളം1920
ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1914
ദണ്ഡകാരണ്യംവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1960
ദിവാസ്വപ്നംപി.കെ.-കോഴിക്കോട്1944
നാഗിലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
പത്മദളംകമലാലയം-തിരുവനന്തപുരം1949
പരലോകംവെള്ളിനേഴി-പാലക്കാട്
ബധിരവിലാപംലക്ഷ്മീസഹായം-കോട്ടയ്ക്കൽ1917
ബന്ധനസ്ഥനായ അനിരുദ്ധൻഎ.ആർ.പി-കുന്നംകുളം1918
ബാപ്പുജിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഭഗവൽസ്തോത്രമാലവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
മഗ്ദലനമറിയം അഥവാ പശ്ചാത്താപം-1921
രണ്ടക്ഷരംസരസ്വതീ വിലാസം-തിരുവനന്തപുരം1919
രാക്ഷസകൃത്യംഎസ്.വി-തിരുവനന്തപുരം1917
വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾമാതൃഭൂമി-കോഴിക്കോട്1988
വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗംസാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം1975
വള്ളത്തോൾ കവിതകൾഡി.സി.ബുക്സ്-കോട്ടയം2003
വള്ളത്തോൾ സുധവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1962
വിലാസലതികഎ.ആർ.പി-കുന്നംകുളം1917
വിഷുക്കണിവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1941
വീരശൃംഖലവി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ
ശരണമയ്യപ്പാവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1942
ശിഷ്യനും മകനുംഎ.ആർ.പി-കുന്നംകുളം1919
സാഹിത്യമഞ്ജരി-ഒന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1918
സാഹിത്യമഞ്ജരി-രണ്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1920
സാഹിത്യമഞ്ജരി-മൂന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1922
സാഹിത്യമഞ്ജരി-നാലാം ഭാഗംഎ.ആർ.പി-കുന്നംകുളം1924
സാഹിത്യമഞ്ജരി-അഞ്ചാം ഭാഗംഎ.ആർ.പി-കുന്നംകുളം1926
സാഹിത്യമഞ്ജരി-ആറാം ഭാഗംഎ.ആർ.പി-കുന്നംകുളം1934
സാഹിത്യമഞ്ജരി-ഏഴാം ഭാഗംഎ.ആർ.പി-കുന്നംകുളം1935
സാഹിത്യമഞ്ജരി-എട്ടാം ഭാഗംഎ.ആർ.പി-കുന്നംകുളം1951
സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗംഎ.ആർ.പി-കുന്നംകുളം1959
സാഹിത്യമഞ്ജരി-പത്താം ഭാഗംഎ.ആർ.പി-കുന്നംകുളം1964
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗംഎ.ആർ.പി-കുന്നംകുളം1970
സ്ത്രീവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1944
റഷ്യയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1951
ഗ്രന്ഥവിചാരംമംഗളോദയം-തൃശ്ശൂർ1928
പ്രസംഗവേദിയിൽവള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി1964
വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളുംമാതൃഭൂമി-കോഴിക്കോട്1986

Friday, October 5, 2012

കുമാരനാശാന്‍ (1873-1924)

മഹാകാവ്യം രചിക്കാതെ മഹാകവിയായി അംഗീകരിക്കപ്പെട്ട പ്രതിഭാശാലി - കുമാരനാശാന്‍
സാഹിത്യത്തില്‍ ആശാന്റെ ഗുരു - ഏ .ആര്‍ രാജരാജവര്‍മ്മ
ആശാന്റെ ആദ്ധ്യാത്മികഗുരു - ശ്രീനാരായണഗുരു
ആശാന്റെ സ്ത്രോത്രകൃതികളില്‍ പ്രധാനപ്പെട്ടവ – സുബ്രഹ്മണ്യശതകം , നിജനന്ദവിലാസം , ശിവസുരഭി , വിഭുതി പരമപഞ്ചകം , അനുഗ്രഹപരമദശകം , ഭക്തവിലാസം , ശിവസ്ത്രോത്രമാല
ആശാന്റെ ഖണ്ഡകാവ്യങ്ങള്‍ - വീണ
പൂവ്‌ , നളിനി , ലീല, പ്രരോദനം , ചിന്താവിഷ്ടയായ സീത , ദുരവസ്ഥ , ചണ്ഡാലഭിക്ഷുകി , കരുണ
എ.ആര്‍ അവതാരിക എഴുതിയ ആശാന്റെ കൃതി - നളിനി
ആത്മാംശത്തിന്റെ സാന്നിദ്ധ്യമുള്ള ആശാന്റെ കവിത – ഗ്രാമവൃക്ഷത്തിലെ കുയില്‍
ആശാന്റെ ലഘുകാവ്യങ്ങള്‍ സമാഹരിച്ച കൃതികള്‍ - വനമാല , മണിമാല , പുഷ്പവാടി
ആശാന്റെ കാവ്യോത്സവത്തിന്റെ കൊടികയറ്റമായിരുന്ന കൃതി - വീണപൂവ്‌
മലയാളത്തിലെ ആദ്യത്തെ സിംബോളിക് കവിത – വീണപൂവ്‌
' ഒരു സ്നേഹം ' എന്ന് കൂടി പേരുള്ള ആശാന്‍ കൃതി - നളിനി
വീണപൂവിന്റെ ഇതിവൃത്തം - സ്വഭാവമഹിമയുള്ള ഒരു വ്യക്തിയുടെ മരണം
ആശാന്‍ എഴുതിയ വിലാപകാവ്യം - പ്രരോദനം
മലയാളത്തിലെ ആദ്യത്തെ ഫ്യുച്ചറിസ്റ്റ്‌ കാവ്യം - ദുരവസ്ഥ
ആശാന്റെ ഏറ്റവും നീണ്ട കാവ്യം - ദുരവസ്ഥ
വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരു കൃതി - കരുണ
ആശാന്റെ അവസാനകൃതി - കരുണ
വീണപൂവ്‌ ആദ്യം പ്രസിദ്ധീകരിച്ചത് - മിതവാദിയില്‍
നളിനിയുടെ അവതാരിക – ഏ.ആര്‍ രാജരാജവര്‍മ്മ
' വിവേകോദയം ' എന്ന പത്രം സ്ഥാപിച്ചത് - ആശാന്‍
സര്‍ . എഡ്വിന്‍ ആര്നോള്‍ഡിന്റെ 'The Light of Asia ' എന്ന കാവ്യത്തിന് ആശാന്‍ നടത്തിയ വിവര്‍ത്തനത്തിന്റെ പേര് - ശ്രീബുദ്ധചരിതം
മാതൃചരമത്തെപറ്റി ആശാന്‍ എഴുതിയ കൃതി - അനുതാപം
ആശാന്‍ പ്രധാനമായും കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതാ സമാഹാരം - പുഷ്പവാടി
ആശാന്റെ ഏതു കൃതിയുടെയും ആന്തരാംശം - സ്നേഹം
പല്ലനയാറ്റിലുണ്ടായ കുപ്രസിദ്ധ റിഡീമര്‍ ബോട്ടപകടത്തില്‍ നിര്യാതനായ കവി - കുമാരനാശാന്‍
കുമാരനാശാനെ ദിവ്യകോകിലം എന്നു വിളിച്ചത് - എം.ലീലാവതി
കുമാരനാശാനെ അനുസ്മരിച്ച് മുതുകുളം വി.പാര്‍വതിയമ്മ എഴുതിയ വിലാപം - ഒരു വിലാപം
ശ്രീനാരായണഗുരുവിനെക്കുറിച്ച് ആശാന്‍ രചിച്ച രണ്ടു കൃതികള്‍ - ഗുരു , ഗുരുപാദദശകം
'ഗരിസാപ്പ അരുവി ഒരുവനയാത്ര' എന്ന അപൂര്‍ണ്ണ കവിത രചിച്ചത് - കുമാരനാശാന്‍
ഉള്ളൂരിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ ആശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
'ആശാന്‍ വിമര്ശനത്തിന്റെ ആദ്യ രശ്മികള്‍' എന്ന നിരൂപണ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - മൂര്‍ക്കോത്ത് കുമാരന്‍
ആശാന്റെ വിവര്‍ത്തന കൃതികള്‍ - ബുദ്ധ ചരിതം,സൌന്ദര്യ ലഹരി ,.ബാലരാമായണം
ആശാന്‍ രചിച്ച നാടകങ്ങള്‍-മൃത്യുഞ്ജയം ..വിചിത്ര വിജയം

ആശാനെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങള്‍
----------------------------------------------------
കാവ്യകല കുമാരനാശാനിലൂടെ-പി. കെ. ബാലകൃഷ്ണന്‍
അറിയപ്പെടാത്ത ആശാന്‍ - ടി.ഭാസ്ക്കരന്‍
ആശാന്‍ നവോത്ഥാനത്തിന്റെ കവി - തായാട്ട് ശങ്കരന്‍
ആശാനും സ്തുതിഗായകന്മാരും - സി.നാരായണപിള്ള
ആശാന്‍ നിഴലും വെളിച്ചവും - എ.പി.പി .നമ്പൂതിരി
ആശാന്റെ കാവ്യോപക്രമം - കെ . ശങ്കരന്‍
ആശാന്റെ മാനസപുത്രിമാര്‍ - ചെഞ്ചേരി കെ.ജയകുമാര്‍
ആശാന്റെ നായികമാര്‍ - വൈക്കം എസ് പരമേശ്വരന്‍പിള്ള
ആശാന്റെ ഹൃദയം - പി.കെ.നാരായണപിള്ള
കരുണയും കുചേലവൃത്തവും - സ്വാമി ആര്യഭടന്‍
നളിനിയുടെ നോട്ട് - കെ.അയ്യപ്പന്‍
കുമാരാസ്വാദനം - ആന്റണി കുഞ്ഞക്കാരന്‍
വീണപൂവ്‌ കണ്‍മുന്പില്‍ - കെ.എം ഡാനിയേല്‍
വീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരന്‍
ശ്രീനാരായണഗുരുവും കുമാരനാശാനും - എം.കെ സുകുമാരന്‍
സീതയിലെ ആശാന്‍ - പൊന്‍കുന്നം ദാമോദരന്‍
ആശാന്റെ സീതാകാവ്യം - സുകുമാര്‍ അഴീക്കോട്
സ്നേഹ ഗായകന്‍ - കെ.ജെ. അലക്സാണ്ടര്‍

കെയര്‍ ഓഫ് വി എം ബഷീര്‍..



 കെയര്‍ ഓഫ് വി എം ബഷീര്‍..



അനുഭവങ്ങളെ അടിസ്ഥാനമാക്കി യു എ ഖാദര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും ഒരു സംഭവം കൂടി.....

ബഷീറും ഫാബി ബഷീറും മെഡിക്കല്‍ കോളേജ് ഓ പി യില്‍.. .... ...
കൂടെ ഖാദറും. ഫാബിയുടെ കൈയുടെ എല്ല് പൊട്ടിയിരുന്നു. x ray എടുക്കണം. കൌണ്ടറില്‍ ഇരുന്ന ഹൌസ് സര്‍ജ്ജന്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.

          'പേര്? '

          'ഫാബി ബഷീര്‍' ബഷീര്‍ പറഞ്ഞു.    

          'അഡ്രസ്സ്?'

ഖാദര്‍ ഇടപെട്ടു പറഞ്ഞു--c / o വൈക്കം മുഹമ്മദ്‌ ബഷീര്‍.

          ഹൌസ് സര്‍ജ്ജന്‍ ഇങ്ങനെ പൂരിപ്പിച്ചു...
           കെയര്‍ ഓഫ് വി എം ബഷീര്‍..

Thursday, October 4, 2012

Sanathana Dharma

SANATANA DHARMA does not belong to any religion. Its religion is “Know Thyself”!

Sanatana Dharma was born based on Upanishadic teachings and Upanishads are written by a group of ancient sages in order for the humankind to know him/her self. Later on when ‘varnashrama’ came into being, the ruling elite class (Kshatriyas) connived with Brahmins and started interpreting and re-interpreting the ancient knowledge in their favour. They became lazy and wanted all the materialistic comforts, and in the process started exploiting the soodras (the lowest class of society). They were not allowed to own anything and all the ownership rights were with Kshatriyas and Brahmins. This became the Hindu religion.

The same thing is now happening in Christianity and Islam also. In the place of Brahmins, priests/mullas/maulavis/rabbis are there. The echelons of power are controlling their community with the support from priesthood.

Ultimately, none of the so-called religions are allowing the individuals to know themselves. Unless the individual is extricated from this kind of ‘organised’ mind-sets, “Know Thyself” is lost forever!

Wednesday, October 3, 2012

Thrishna

തൃഷ്ണ
ടി.കെ.ഡി മുഴപ്പിലങ്ങാട്‌
20 Sep 2012
''എലി വീണക്കമ്പികളെ കടിച്ചുമുറിക്കുന്നതുപോലെ എന്റെ തൃഷ്ണ, എന്റെ ശ്രേഷ്ഠഗുണങ്ങളെ കടിച്ചുമുറിക്കുന്നു. ഈ തൃഷ്ണ ചഞ്ചലമായ മര്‍ക്കടിപ്പോലെ അലംഘനീയസ്ഥാനത്തുപോലും തന്റെ പാദത്തെ ഉറപ്പി ക്കുവാന്‍ ശ്രമിക്കുന്നു. അത് തൃപ്തിയായതിനുശേഷം കായ്കള്‍ പറിച്ചെടുക്കാനാഗ്രഹിക്കുന്നു. അധികസമയം ഒരിടത്ത് ഉറച്ചിരിക്കുന്നുമില്ല.
ഹൃദയകമലത്തിലിരിക്കുന്ന തൃഷ്ണയാകുന്ന വണ്ട് ക്ഷണമാത്രയില്‍ തന്നെ പാതാളത്തിലേക്കും വിഭിന്ന ദിക്കുകളിലേക്കും പോകുന്നു. ഈ തൃഷ്ണയാണ് ഈ ലോകത്തുള്ള എല്ലാ ദുഃഖങ്ങളിലുംവെച്ച് ഭയങ്കരമായ ദുഃഖത്തെ പ്രദാനം ചെയ്യുന്നത്.''
മഹോപനിഷത്ത് ദുഃഖകാരണം തൃഷ്ണയാണെന്ന് പറയുന്നു. തീവ്രമായ ആഗ്രഹമാണ് തൃഷ്ണ. ദാഹമെന്ന് പദാര്‍ത്ഥം വിഷയസുഖങ്ങളിലുള്ള എല്ലാതരം ആസക്തിയെയും തൃഷ്ണ എന്നു പറയുന്നു. തൃഷ്ണയെ തടുത്താല്‍ ശാരീരികപ്രതികരണങ്ങളുണ്ടാകും. ശരീരം മെലിയും, തളരും, ചെവി കേള്‍ക്കാതാവും, ചിത്തശക്തി നശിക്കും, ചുഴലിയും ഹൃദ്രോഗവും ഉണ്ടാകും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തുന്നു.


ബുദ്ധദര്‍ശനം തൃഷ്ണയില്‍നിന്നാണ് ഒന്നാമത്തെ ആര്യസത്യമായ ദുഃഖം ഉണ്ടാവുന്നതെന്ന് ഉപദേശിക്കുന്നു. ഭവതൃഷ്ണ, വിഭവതൃഷ്ണ എന്നിങ്ങനെ രണ്ടുതരം ആസക്തികളെപ്പറ്റിയും ബുദ്ധദര്‍ശനം പറയുന്നു. ലൗകികാസക്തിയാണ് ഭവതൃഷ്ണ. സംസാരലോകജീവിതത്തിനുള്ള ഇച്ഛയാണിത്. നിര്‍വ്വാണപ്രാപ്തിക്കായുള്ള വാസനയാണ് വിഭവതൃഷ്ണ. മഹോപനിഷത്ത് തൃഷ്ണയുണ്ടാകുന്നതെങ്ങനെയെന്ന് പറയുന്നു.
''ഈ തൃഷ്ണ ഒരു മഹാമാരിയാണ്. ചിന്തയെ വെടിഞ്ഞിട്ടുള്ളവനു മാ ത്രമേ അതിനെ നശിപ്പിക്കുവാന്‍ സാധ്യമാവുകയുള്ളൂ. അല്പനേരത്തേക്കെങ്കിലും ചിന്തയെ വെടിഞ്ഞാല്‍ അത്യന്തം സുഖം ലഭിക്കുന്നു. മറിച്ച് അല്പമെങ്കിലും ചിന്ത മനസ്സിലുദയം ചെയ്താല്‍ അതു ദുഃഖത്തിനു കാരണമായിത്തീരുന്നു.''

ചിന്ത തൃഷ്ണയ്ക്ക് കാരണമാകുന്നു. മനഃശാസ്ത്രപ്രകാരം ചിന്തയുടെ ഏഴ് ഘടകങ്ങളില്‍ ആദ്യത്തേത് ഇന്ദ്രിയഗോചരത്വമാണ്. പഞ്ചേന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്ന പ്രാഥമികമായ അറിവ് സംജ്ഞാഗ്രഹണം എന്നറിയപ്പെടുന്നു. അഭിഗോചരത്വം അഥവാ അനുപ്രേക്ഷണമാണ് അടുത്ത ഘട്ടം. വിഷയത്തിലുണ്ടാകുന്ന വിശിഷ്ടാനുഭൂതിയാണ് ഫലം. ഭാവനയുടെ അഥവാ സങ്കല്പത്തിന്റെ ഘട്ടം കഴിയുമ്പോള്‍ ധാരണയുണ്ടാകുന്നു. അര്‍ത്ഥഗ്രഹണത്തെ സഹായിക്കുന്നത് ധാരണയാണ്. യുക്തിവിചാരത്തിന്റെ തട്ടില്‍ വെച്ച് വിവേചനത്തിനു വിധേയമാകുന്നു. അനുമാനവും വിധിയുമാണ് അടുത്ത രണ്ടു ഘട്ടങ്ങള്‍. ഇത്രയും കഴിയുമ്പോഴേക്കും സ്വീകാര്യമോ എന്നു നിശ്ചയിക്കാം എന്നാല്‍ സ്വയം തീര്‍ക്കുന്ന ന്യായങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നിഷേധത്തിനുപകരം അനുഭാവത്തിന്റെ കൊടിയുയരുന്നു. മഹോപനിഷത്ത് തൃഷ്ണ വശീകരണശേഷിയുള്ള കാട്ടാളസ്ത്രീയെന്നു വിശേഷിപ്പിക്കുന്നു.

''തൃഷ്ണയാകുന്ന കാട്ടാളസ്ത്രീ വാസനയാകുന്ന വലവിരിച്ചിരിക്കുന്നു. മരീചികാത്മകമായ ഈ ജലം ചിത്തമാകുന്ന രശ്മികളാല്‍ സര്‍വ്വത്രവ്യാപ്തമായിരിക്കുന്നു. ഹേ പുത്ര, ഈ മായയെ ജ്ഞാനമാകുന്ന തീക്ഷ്ണബലത്താല്‍ കൊടുങ്കാറ്റ് മേഘജാലങ്ങളെയെന്നപോലെ ഛേദിച്ച് തന്റെ വ്യാപകരൂപത്തില്‍ അവസ്ഥിതനായിരിക്കും.''
ജ്ഞാനംകൊണ്ട് തൃഷ്ണയെ ജയിക്കാം. എന്നാല്‍ തൃഷ്ണയുടെ ബന്ധനം എത്ര ശക്തമാണെന്ന് മഹോപനിഷത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
''കയറുകൊണ്ട് കെട്ടപ്പെട്ടവര്‍ മോചിപ്പിക്കപ്പെടാം. എന്നാല്‍ തൃഷ്ണയാല്‍ ബദ്ധരായ പ്രാണികള്‍ ഒരിക്കലും വിമുക്തരാവുകയില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.''

തൃഷ്ണതന്നെ വാസനയെന്നുകണ്ട് ജന്മസ്വഭാവമാണ് വാസനയുടെ ബീജരൂപം. ആവര്‍ത്തനജീവിതചക്രം പൂര്‍ത്തിയാക്കുന്ന ജീവികളുടെ ജനനമരണങ്ങള്‍ക്കിടയില്‍ വാസനയെ വിശകലനം ചെയ്ത് ജീവിതപ്രതിഭാസങ്ങള്‍ക്ക് ഉത്തരം തേടുക സാധ്യമല്ല. മുക്തികോപനിഷത്ത് എന്താണ് വാസനയെന്ന ചോദ്യത്തിന് നല്‍കുന്ന നിര്‍വചനം ഇതാണ്:
''ഇത് ഉണ്ട് എന്നുള്ള ഭാവനാദാര്‍ഢ്യത്താല്‍ പൂര്‍വ്വാപരവിചാരരഹിതമായ വസ്തുഗ്രഹണത്തെ വാസന എന്നു പറയുന്നു. തീവ്രമായ സംവേഗത്താല്‍ ഏതൊന്നാണോ ആത്മാവില്‍ ഭാവിതമാകുന്നത്. അതുതന്നെയാണ് വിഗതേതരവാസനനായ അവന്‍.''
ജന്മവാസനകള്‍ ജീവിയുടെ നിലനില്പിന്റെ അടിസ്ഥാനഘടകങ്ങളാണ്. പുനരുല്പാദനം, ദേശാന്തരഗമനം, കൂട് നിര്‍മ്മാണം, രക്ഷാഉപായങ്ങള്‍ പ്രയോഗിക്കല്‍, ആഹാരസമ്പാദനം എന്നിവ അടിസ്ഥാന ജന്മവാസനകളാണ്.

ജീവരക്ഷാവാസനയാണ് സര്‍വ്വപ്രധാനമായുള്ളത.് ഇതുമായി ബന്ധപ്പെട്ട വികാരമാണ് ഭയം. മത്സരവാസന (കോപം), നിരാകരണവാസന (വെറുപ്പ്), രക്ഷാകര്‍ത്തൃവാസന (ലളിതവികാരങ്ങള്‍), അര്‍ത്ഥനാവാസന (ദൈന്യം), ലൈംഗികവാസന (കാമം), ജിജ്ഞാസ (അത്ഭുതം), വിധേയത്വം (അപകര്‍ഷതാബോധം), സ്വയം മതിപ്പ് (ആത്മാഭിമാനം), സംഘവാസന (ഏകാന്തതാബോധം), ഭക്ഷണതാത്പര്യം (വിശപ്പ്), ആര്‍ജ്ജനസംഭരണവാസന (ഉടമസ്ഥതാബോധം), ചിരി (ആഹ്ലാദം) എന്നിങ്ങനെ പതിന്നാല് ജന്മവാസനകളുണ്ട്.
മനസ്സും ശരീരവും ജന്മവാസനകളുടെ പ്രയോഗത്തില്‍ ഒരുപോലെ ഇടപെടുന്നു. മുക്തികോപനിഷത്ത് പറയുന്നു:
''ചിത്തമാകുന്ന വൃക്ഷത്തിന്റെ രണ്ടു ബീജങ്ങളായ പ്രാണസ്​പന്ദനം, വാസന ഇവയില്‍ ഒന്ന് ക്ഷീണിക്കുമ്പോള്‍ത്തന്നെ രണ്ടും വേഗം നശിക്കുന്നു.''

തൃഷ്ണയുടെ നാശം പ്രാണനെക്കൂടി ബാധിക്കുമെന്ന് പറയുമ്പോള്‍ അതൊരു മുന്നറിയിപ്പായി കണക്കിലെടുക്കണം. ജന്മവാസനകള്‍ നശിച്ചുകഴിഞ്ഞാല്‍ പിന്നെ ജീവിതമില്ല. ജീവിതമില്ലെങ്കില്‍പ്പിന്നെ ഒന്നും ശേഷിക്കുന്നില്ല. എങ്കിലും തൃഷ്ണയെ ഉപേക്ഷിക്കണമെന്ന് ഉപനിഷത്തുക്കള്‍ ഉപദേശിക്കുന്നു.

ചിന്തയുടെ തീവെളിച്ചം MN VIJAYAN's words

ചിന്തയുടെ തീവെളിച്ചം



ചിന്തയുടെ തീവെളിച്ചം എം.എന്‍. വിജയന്‍ ഓര്‍മയായിട്ട് ഓക്ടോബര്‍ 3-ന് അഞ്ച് വര്‍ഷം. വിജയന്‍ മാഷ് പറഞ്ഞതില്‍ നിന്ന് ചില കാര്യങ്ങള്‍ .


''തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടിരിക്കും .ചിന്തയുടെ അഗ്‌നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട് . പക്ഷെ അതിനര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിട്ടു മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ് .അതു നമുക്കു പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ് .ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് അര്‍ത്ഥം ''

''നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്‍ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര്‍ കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല്‍ ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില്‍ ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില്‍ എത്തുമ്പോള്‍ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്‍ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‍ത്തേണ്ടത്. ഞാന്‍ ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള്‍ വിരിയുമ്പോള്‍ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‍ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു''

''ഒരു പാര്‍ട്ടിക്കാരന്‍ മനസ്സിലാക്കേണ്ടത് എല്ലാവരില്‍ നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര്‍ പറയുന്നതിനേക്കാള്‍ കൂടുതലായിട്ട് എതിര്‍ക്കുന്നവര്‍ പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‍ക്കെറിയുന്ന ചോദ്യങ്ങള്‍ നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകന്റേയും കടമ.ഒരാള്‍ കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയുള്ളൂ.''

''ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.''

''എന്റെ കാലടിപ്പാടുകള്‍ ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍ മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനികതായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്‍ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''

''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്‍തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില്‍ ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്‍ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്‍ത്ഥ സാമുദായിക പ്രശ്‌നങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില്‍ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള്‍ കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''

''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന്‍ കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള്‍ മാന്യതയില്‍ നിന്നും നൂറ് മീറ്റര്‍ ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?''

''കുട്ടി ഉണര്‍ന്നിരുന്നാല്‍ പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല്‍ എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന്‍ വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം.

Monday, September 10, 2012

second brain

Second Brain!!

Fact: You have a second brain in your gut.

Well, sort of. You have around 100 million neurons, more than are in your spinal cord, that line your gut from your esophagus to your anus. This is known to scientists as the enteric nervous system. This second brain is incapable of conscious thought and is largely responsible for digestion, but it does more than that. If you’ve ever felt “butterflies” in your stomach or felt as if you’ve been punched in the gut when receiving bad news, that was caused by your enteric nervous system. This also plays a roll in your overall mood, why certain foods can alter your mood and why bad situations or feelings often cause you to lose your appetite.

Tuesday, September 4, 2012

mozhi 2 എന്നൊക്കെ പറഞ്ഞാലും ഒരു സ്വീപ്പറെ .....ഛെ .....


എന്നൊക്കെ പറഞ്ഞാലും ഒരു സ്വീപ്പറെ .....ഛെ .....



 തന്‍റെ  അനുഭവങ്ങളെ അടിസ്ഥാനമാക്കി യു എ  ഖാദര്‍ എഴുതിയ ലേഖനങ്ങളില്‍ ഒന്നില്‍ പരാമര്‍ശിക്കുന്ന ഒരു സംഭവം ഉണ്ട്.
ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ  രജത ജൂബിലി ആഘോഷത്തില്‍ ഒരു ആശംസാ പ്രസംഗം  ചെയ്യാനായി ഖാദറിനെ ക്ഷണിയ്ക്കാന്‍ സ്ഥാപന മേധാവികള്‍ എത്തി. അവര്‍ പറഞ്ഞു കൊണ്ടിരുന്ന വിടുവായത്തങ്ങളില്‍ ചിലവ-

ഒന്നാമന്‍:::::; പ്രസംഗത്തിന് താങ്കള്‍ തന്നെ വേണം..അത് ഭാരവാഹികളുടെ ആഗ്രഹമാണ്.

രണ്ടാമന്‍:;  ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് കേട്ടല്ലോ...എത്രയെണ്ണം എഴുതിയിട്ടുണ്ട്,സത്യത്തില്‍? ഏതെല്ലാമാണ് ? ഏതിനം പുസ്തകങ്ങളാണ്?

മൂന്നാമന്‍-- -; ഒരു എഴുത്തുകാരന്‍ വേണമെന്ന് കമ്മിറ്റി തീരുമാനിച്ചു. ആരോ നിങ്ങളുടെ പേരും പറഞ്ഞു. നാലഞ്ചു ചോയ്സുണ്ടായിരുന്നു. ഇക്കുറി നിങ്ങളാവട്ടെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.; പ്രാതിനിധ്യ സ്വഭാവമുണ്ടാകുമല്ലോ?

നാലാമന്‍; പീ ഡീ പറഞ്ഞത് അനുസരിച്ചാണ് നിങ്ങളെ തേടി വന്നത്. ആര്‍ക്കും വീടോ മേല്‍വിലാസമോ അറിയില്ലായിരുന്നു. വഴിയ്ക്ക് പലരോടും ചോദിച്ചു.   ഒടുവില്‍ ചോദിച്ചത് നിങ്ങളോടായത് നന്നായി. അല്ലെങ്കില്‍ കറങ്ങിയേനെ...പുള്ളിയെ കണ്ടില്ല എന്ന് പീ ഡീ യോട് പറയേണ്ടി വന്നില്ലല്ലോ...

സമ്മതം മൂളിയ ഖാദറിനെ ശരിയ്ക്കും ഞെട്ടിച്ചത് അവരുടെ അടുത്ത ചോദ്യമാണ്.. ഒരു നോട്ടീസ് അടിയ്ക്കും.. പേര് എന്താണ് എഴുതേണ്ടത്? ബ്രേ ക്കറ്റില്‍ എന്ത് ചേര്‍ക്കണം?

അവര്‍ വിശദീകരിച്ചു.... പദവി, ഉദ്യോഗപ്പേര് , ബിരുദം ഇത്യാദി.

തികട്ടി വന്ന ക്ഷോഭമടക്കി നര്‍മം കലര്‍ത്തി ഖാദര്‍ പറഞ്ഞു....യു എ ഖാദര്‍ bracket ല്‍ അടിച്ചു തളിക്കാരന്‍, സര്‍ക്കാര്‍ ആശുപത്രി, kozhikkode ....

'അതു വേണോ ?' അവര്‍ക്കു സംശയം.
 പിന്നെ തമ്മില്‍ തമ്മില്‍ --പീ ഡീ ഇതൊന്നും പറഞ്ഞില്ലല്ലോ ...സാഹിത്യം, കല എന്നൊക്കെ പറഞ്ഞാലും ഒരു സ്വീപ്പറെ .....ഛെ .....

Sunday, August 26, 2012

സമൂഹത്തിലെ മൂല്യച്യുതി


സമൂഹത്തിലെ മൂല്യച്യുതി - ഒരു അവലോകനം 

ലോകോത്തരം എന്ന് നാമൊക്കെ സ്വകാര്യ അഹങ്കാരത്തോടെ ഊറ്റം കൊള്ളുന്ന ഭാരതസംസ്കാരം, നിര്‍ഭാഗ്യമെന്നു പറയട്ടെ, വൈയക്തികമായ സമീപനങ്ങള്‍ മൂലം വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, വിവിധ വ്യക്തിത്വങ്ങള്‍ക്കും ഇന്ന് ഒരേ ആശയമല്ല.ബിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും 1947 ഓഗസ്റ്റ്‌ 15-ന് ഒരു ഭാഗം വെട്ടിമുറിക്കപ്പെട്ട നിലയില്‍ നമ്മുടെ മാതൃഭൂമി വിമോചനം നേടിയെങ്കിലും, വിദേശികളുടെ അധിനിവേശ കാലഘട്ടങ്ങളില്‍ നമ്മില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്ന നിരവധി സംസ്കാരങ്ങളുടെതായ ശേഷിപ്പുകള്‍, ഭാരതസംസ്കാരമെന്നു പരക്കെ കരുതപ്പെട്ടിരുന്ന സനാതനധര്‍മങ്ങളെ ബഹുദൂരം അകറ്റി ക്കഴിഞ്ഞിരുന്നു, അപ്പോഴേക്കും. ഏതാണ് മികച്ചത് എന്ന് തിരഞ്ഞെടു ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം സങ്കരമായി തീര്‍ന്നു, സാമൂഹ്യ വ്യവസ്ഥിതി. ഭാരതീയതയെ  അടിസ്ഥാനമാക്കാതെ രൂപം കൊണ്ട വിവിധ മതങ്ങളുടെ വരവും ഈയൊരു മാറ്റത്തിന് ആക്കം കൂട്ടി. എങ്കില്‍ പോലും വിവിധ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തന ഫലമായി മൂല്യങ്ങളിലും മറ്റും ഒരുതരം ഏകീകരണം വന്നു കഴിഞ്ഞിരുന്നു, സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടു മുമ്പുണ്ടായിരുന്ന തലമുറയ്ക്ക്- ദയാനന്ദ സരസ്വതിയുടെയും രാജാറാം മോഹന്‍ റായിയുടെയും മറ്റും പ്രസ്ഥാനങ്ങള്‍ ഓര്‍ക്കുക.

65 വര്ഷം പിന്നിട്ടു,  ഭാരതീയര്‍ തന്നെ ഭാരതത്തിന്‍റെ  അധികാരം കൈയാളാന്‍ തുടങ്ങിയിട്ട്. പൗരന്മാരുടെ ജീവിത നിലവാരങ്ങളിലും, കര്‍മ്മ മണ്ഡലങ്ങളിലും വ്യാപാര-വ്യവസായ രംഗങ്ങളിലും പുരോഗതികളുണ്ടായി എന്ന സത്യം നമുക്ക് അംഗീകരിക്കാം. പക്ഷെ, വേദനയോടെ മാത്രം നോക്കി കാണേണ്ട ഒന്നുണ്ട്-സമൂഹത്തില്‍ മൂല്യങ്ങളിലും ധാര്‍മികതയിലും നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ശോഷണം.

ഏതൊരു പ്രൊഫെ ഷന്‍റെയും മുറിച്ചു മാറ്റാന്‍ പാടില്ലാത്ത ഒരു ഘടകമാണ് അതിന്‍റെ എത്തിക്സ്- പൊതുവേ ബഹുമാന്യത നിലനിര്‍ത്തിയിരുന്നു, വൈദ്യ വൃത്തി, വിദ്യാഭ്യാസം, രാഷ്ട്രീയം, സാംസ്കാരികം,സാമ്പത്തികം, മതം, പത്ര പ്രവര്‍ത്തനം, സാമൂഹ്യ വ്യവസ്ഥ തുടങ്ങിയ മിക്ക മേഖലകളും. എന്നാല്‍, സമീപകാല സൂചനകള്‍ ആശങ്ക ജനിപ്പിക്കുന്നു എന്ന് പറയാതെ വയ്യ. മാധ്യമങ്ങളിലും സെമിനാറുകളിലും മറ്റും നടത്തപ്പെടുന്ന സംവാദങ്ങളില്‍ ഒക്കെ തന്നെ ഈ മേഖലകളില്‍ ഉള്ള പ്രവര്‍ത്തകരിലും നേതൃ സ്ഥാനീയരിലും ഒക്കെയുള്ള സകാരണമായ അവിശ്വാസത്തിന്റെയും അനാദരവിന്റെയും സ്വരങ്ങള്‍ക്ക് ദിനംപ്രതി മൂര്‍ച്ച കൂടി ക്കൂടി വരുന്നതായാണ് കാണുന്നത്.

സാമൂഹ്യ വ്യവസ്ഥിതിയില്‍ സൌഹൃദങ്ങളും കൂട്ടായ്മകളും കുറഞ്ഞു വരുന്നു.അയല്‍ പക്കങ്ങള്‍ അന്യരായി മാറുന്നു. സത്യം, സമത്വം, സാഹോദര്യം, സമൂഹനീതി ഇവയൊന്നും മൂല്യച്യുതിയുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല.

വൈദ്യ വൃത്തിയുടെ ഏക ലക്‌ഷ്യം മനുഷ്യസേവനം മാത്രമായിരിക്കെ ഗണനീയമായ ഒരു വിഭാഗം ഭിഷഗ്വരന്മാരുടെയും ആതുരാലയങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഉന്നതമായ മാനുഷിക മൂല്യങ്ങളില്‍ നിന്നും പരമാവധി മുക്തി പ്രാപിച്ച്  കേവലം ഒരു ഉദ്യോഗം മാത്രമായിരിക്കുന്നു, വൈദ്യ വൃത്തി ഇപ്പോള്‍................. .......

വിദ്യാലയങ്ങളുടെ ഉടമസ്ഥത കൈയടക്കി വെച്ചിട്ടുള്ള ചെറിയൊരു വിഭാഗം ഒഴികെ ഏതാണ്ട് എല്ലാവരും തന്നെ -രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ - സരസ്വതീ മന്ദിരങ്ങള്‍ ആകേണ്ട ഇവയുടെ പടി പടിയായ കമ്പോളവല്‍ക്കരണം പരോക്ഷമായി അംഗീകരിക്കുന്നുണ്ട്. വിവിധ രീതികളിലുള്ള അധ്യാപന സംവിധാനങ്ങള്‍ - ഇന്റര്‍നാഷണല്‍,സീ ബീ എസ സി, ഐ.എസ്.സി.,സംസ്ഥാന സിലബസ്സുകള്‍-- -വാര്‍ത്തെടുക്കുന്നത് നിലവാരങ്ങളില്‍ അന്തരമുള്ള പൌരന്മാരെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.പഠന വിഷയങ്ങളില്‍ സ്പെഷലൈസേഷന്‍ മുഖ്യമായതോടെ ധാര്‍മികത,മൂല്യം ഇവയ്ക്കു സിലബസ്സിലോ, പഠന ക്രമങ്ങളിലോ സ്വാധീനം ഇല്ലാതായി. നമ്മുടെ മാതൃഭുമിയുടെ വസ്തുനിഷ്ടമായ സാംസ്കാരിക ചരിത്രം, പുരാണങ്ങള്‍,ഇതിഹാസങ്ങള്‍ ഇവയ്ക്കു പ്രാധാന്യം കുറഞ്ഞു. ഉള്ളവയിലാനെങ്കിലോ, വികലമായ വ്യാഖ്യാനങ്ങള്‍ ഉള്ള കൃതികള്‍ക്കാണ് പ്രാമുഖ്യം.

രാഷ്ട്രീയ നേതൃത്വങ്ങളിലും ഭരണവിഭാഗങ്ങളുടെ ഉന്നതങ്ങളിലും എത്തപ്പെടാനുള്ള പരമപ്രധാനങ്ങളായ പരിഗണനകള്‍ "വിശിഷ്ട വ്യക്തി"കളുടെ പിന്തുടര്ച്ചാ വകാശങ്ങളും വിവിധ വിഭാഗങ്ങളെ ലക്‌ഷ്യം വെച്ചുള്ള പ്രീണ നങ്ങളും ആയിക്കഴിഞ്ഞു.തങ്ങള്‍ വോട്ടു ചെയ്യേണ്ടത് പാര്‍ടിക്കോ സ്ഥാനാര്‍ഥിയുടെ കഴിവിനോ എന്ന് സാധാരണ ക്കാരായ സമ്മതി ദായകര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. സ്ഥാനാര്‍ഥിയുടെ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത 'ഭരണ മികവും' ജനസേവനത്തിനുള്ള ആര്‍ജവവും,മികച്ച പ്രസംഗകരിലൂടെ പ്രചരിപ്പി ക്ക പ്പെടുകയാണ് എങ്ങും.

സാംസ്കാരിക രംഗത്തെ സ്ഥിതിയോ? അക്കാദമി കളിലേക്കുള്ള നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനകള്‍ കണക്കിലെടുത്ത് മാത്രമാണിപ്പോള്‍. ..മാറി മാറി ഭരിച്ച കക്ഷികള്‍ ഒന്നും തന്നെ ഇതിനൊരു മാറ്റം വരുത്താന്‍ ഒരിക്കലും സന്നദ്ധ മായിട്ടില്ല എന്നത് ഒരു സുതാര്യ സത്യം. പുരസ്കാര നിര്‍ണയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങള്‍ ഉണ്ടാവുനതായി പറയപ്പെടുന്നു; ശരിയാകാംഎന്നു ജനങ്ങള്‍ക്ക്‌ തോന്നുകയും ചെയ്യുന്നു.

ധാര്‍മികതയുടെ അടിസ്ഥാനം എന്ന് പൊതുവേ വിശ്വസിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന മതവിശ്വാസങ്ങള്‍ എടുക്കുക. വിവിധ വികസിത രാഷ്ട്രങ്ങളില്‍ നടത്തപ്പെട്ട സര്‍വേകളില്‍ എല്ലാം തന്നെ വിശ്വാസ്യതയിലും ബഹുമാന്യതയിലും ഉന്നത നിലവാരം പുലര്‍തുന്നവരായി ഭൂരിപക്ഷ പിന്തുണ ലഭിച്ചവര്‍ പുരോഹിതന്മാരായിരുന്നു..ഇവരുടെ സ്ഥാനം ഇന്നാകട്ടെ,അഗ്രിമം അല്ല.വിശ്വാസികളെ ഇന്ന് നയിക്കുന്നത് പലപ്പോഴും മതത്തിന്റെ പ്രാതിനിധ്യം അവകാശപ്പെട്ടു രംഗത്തുള്ള സംഘടനകളും അവയുടെ നേതാക്കളും ആണ്.ഇവരോടൊപ്പം തന്നെ 'ആശ്രമങ്ങളും', ആശ്രമാധിപന്മാരും കപട സിദ്ധന്മാരും ഒക്കെത്തന്നെ മതവിശ്വാസങ്ങളുടെ കമ്പോളവല്ക്കരണത്തില്‍ അവരുടെതായ പങ്കു വഹിക്കുന്നു.

സര്‍ക്കാരിന്ടെതും സര്‍ക്കാരിതര സംഘടനകളുടെതുമായി വെളിപ്പെടുത്തപ്പെട്ട ഭീമമായ സാമ്പത്തിക അഴിമതിക്കഥകള്‍ അമ്പരപ്പിക്കുന്നതാണ്. ൬൫ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കറ കളഞ്ഞ ഒരു അഴിമതി വിരുദ്ധ ബില്‍ പാസ്സാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നോര്‍ക്കുക. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടത്തേണ്ടി വന്ന സമരം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതീയ ജനാധിപത്യത്തിനു സംഭവിച്ച മൂല്യച്യുതിയുടെ ഒരു വിളംബരം തന്നെ ആയിരുന്നില്ലേ?

ധാര്‍മികതയുടെ തകര്‍ച്ചയെ കുറിച്ചും മൂല്യച്യുതിയെക്കുരിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയത് സ്വാനുഭവങ്ങള്‍ എന്നതിലും ഏറെ മാധ്യമങ്ങളിലൂടെയാണെന്ന് നിസ്സംശയം പറയാം.പൊതു പ്രവര്‍ത്തകരോ ഭരണകൂടമോ തൊടാത്ത ഞെട്ടലുണ്ടാക്കുന്ന നിരവധി വിഷയങ്ങളില്‍ വീറോടെ പൊരുതിയിരുന്ന മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതിയോ? വാര്‍ത്തകള്‍ താമസ്കരിക്കപ്പെടുന്നു; ട്വിസ്റ്റ്‌ ചെയ്യപ്പെടുന്നു..ചിലപ്പോള്‍ ഒരേ സംഭവം പല പത്രങ്ങളില്‍ പലതരത്തില്‍; മറ്റു ചിലപ്പോള്‍ ഒരേ തെറ്റ് എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ..

ധീരമായ പത്രപ്രവര്‍ത്തനം വഴി ജനവിശ്വാസം ലക്‌ഷ്യം വെക്കുന്നവര്‍ അംഗുലീ പരിമിതം. മൂല്യവും ധാര്‍മികതയും പഴഞ്ചന്‍ അബദ്ധങ്ങള്‍ ആണിന്ന്. കേട്ടറിഞ്ഞ വിവരം ശരിയാണെങ്കില്‍ പത്രപ്രവര്‍ത്തന പരിശീലന പദ്ധതികളില്‍ ഒന്നും തന്നെ മീഡിയാ എത്തിക്സ് ഒരു വിഷയമായി വരുന്നില്ല; ഒറ്റപ്പെട്ട പ്രഭാഷണങ്ങളില്‍ അല്ലാതെ.

ഓര്‍മ്മ വരുന്നു, ഒരു പൊതു ചടങ്ങ്. വേദിയില്‍ നിലവിളക്ക്. ഒഴിക്കേണ്ട എണ്ണ ഏതെന്നോ, എത്ര തിരിയിടണം എന്നോ അറിയാതെ കൈകാര്യം ചെയ്ത് കരിന്തിരി കത്തുന്നു...പ്രധാന പരിപാടികളില്‍ ഒന്നായിരുന്ന പൊന്നാട അണിയിച് ആദരിക്കല്‍ പോലും മൂല്യച്യുതി വിളിച്ചോതി. സക്കാതിനു കാത്തു നില്‍ക്കുന്ന ദരിദ്രരെ പോലെ ക്യു നില്‍ക്കുകയായിരുന്നു, ആദരിക്കപ്പെടെണ്ടവര്‍. 

തിന്മയെ തിരസ്കരിക്കാനുള്ള മനോഭാവം പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കാന്‍ ആവാത്തിടത്തോളം സമൂഹം നേരിടുന്ന മൂല്യച്യുതി അനുസ്യൂതം തുടരും..അരാജകത്വം എന്ന അവസ്ഥയിലാവും ചെന്നെത്തുക. മൂല്യാധിഷ്ടിത മനോഭാവമുള്ള ഒരു നല്ല നാളെക്കായി നമുക്ക് പ്രാര്‍ഥിക്കാം-കാത്തിരിക്കാം.

പദ്മനാഭന്‍ തിക്കോടി 

Saturday, August 25, 2012

MOZHI ONNU

ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റായിരിക്കുന്നിടത്തോളം ആത്മാര്‍ത്ഥ സൗഹൃദം ഉണ്ടാവുന്നില്ല. നാമിന്ന് കണ്ടുകൊണ്ടിരിക്കുന്ന മത -സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ സൗഹൃദങ്ങളില്‍ ഏറിയ പങ്കും ജനസമ്മതി ലക്ഷ്യം വെച്ചുള്ള അഭിനയങ്ങളാണ് . തന്നില്‍ നിന്നും അന്യനല്ല അപരന്‍ എന്നറിയുന്നിടത് തേ  യഥാര്‍ത്ഥ സൗഹൃദം രൂപപ്പെടൂ.മതങ്ങള്‍ ഇവിടെ അറ്റു വീഴുന്നു.....