Tuesday, August 20, 2013

സംസ്കൃത ദിനം

സംസ്കൃത ദിനം 

ഇന്ന് ശ്രാവണ പൌര്‍ണമി ... പ്രാചീനകാലത്ത് ഗുരുകുല സമ്പ്രദായത്തിലുള്ള അദ്ധ്യയനം ആരംഭിച്ചിരുന്ന ശുഭദിനം .. ഈ ദിനമാണ് ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒമ്പത് മുതല്‍ സംസ്കൃത ദിനമായി ആചരിച്ചുവരുന്നത്.

ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ഭരണഘടനയനുസരിച്ച് രാഷ്ട്രഭാഷയാകുമായിരുന്നു സംസ്കൃതം. അംബേദ്‌കര്‍ നിര്‍ദ്ദേശിച്ചിട്ടും രണ്ടു മന്ത്രിമാര്‍ പിന്തുണച്ചിട്ടും അംഗീകാരം ലഭിയ്ക്കാതെ പോയി.. എന്നാല്‍ ഭാരതത്തിലെ ഒരു സംസ്ഥാനത്തില്‍ - ഉത്തരാഖണ്ഡ്- രണ്ടാം ഔദ്യോഗികഭാഷയാണിന്ന് സംസ്കൃതം..

 മൃത ഭാഷ എന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചുവരുന്നുണ്ടെങ്കിലും ഭാരതത്തിലെ 5 ഗ്രാമങ്ങളില്‍ സംസാര ഭാഷയാണിന്ന് സംസ്കൃതം. എട്ടോളം മാസികകള്‍ ഈ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളത്തില്‍ നാം നിത്യവും ഉപയോഗിയ്ക്കുന്ന നിരവധി പദങ്ങള്‍ സംസ്കൃതത്തില്‍ നിന്നും വന്നവയാണ്. ഇംഗ്ലീഷ് ഭാഷയിലും മറ്റുമുള്ള പല പദങ്ങള്‍ക്കും സംസ്കൃതത്തിലെ സമാന അര്‍ത്ഥം വരുന്ന വാക്കുകളുമായി സാമ്യമുണ്ട്‌.

മാര്‍ക്കണ്‍ഡയ മഹര്‍ഷി വിവരിയ്ക്കുന്ന 17 ഭാഷാ ഭേദങ്ങളില്‍ നിന്നും സംസ്കരിച്ചു ക്രോഡീകരിച്ച പൊതുവായ രൂപമാണ് സംസ്കൃതം എന്ന് ചരിത്രം പറയുന്നു. ഭാരതത്തിന്‍റെ വിവിധ ദേശങ്ങളില്‍ സംസാരിച്ചിരുന്ന ഇവയൊക്കെ തന്നെ അര്‍ത്ഥ വ്യത്യാസമില്ലാതെ വേദങ്ങളില്‍ പലേടത്തും പ്രയോഗിച്ചിട്ടുണ്ട്... നമ്മുടെ മലയാളതിലെതുള്‍പ്പെടെ.

ഭാരത്തിന്റെ ഹൃദയം സ്പന്ദിയ്ക്കുന്നത്‌ സംസ്കൃത ഭാഷയിലൂടെയാണെന്ന് രഹസ്യമായെങ്കിലും ഭാഷാ പണ്ഡിതന്‍മാര്‍ സമ്മതിയ്ക്കും. നമ്മുടെ സംസ്കൃതി ശ്വസിച്ചു വളരുന്ന, നമ്മുടെ മണ്ണില്‍ വേരോട്ടമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിയ്ക്കാന്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സംസ്കൃത ഭാഷാ പഠനത്തിലൂടെ സാദ്ധ്യ മാവുമെന്നു നമുക്ക് സ്വപ്നം കാണാം..

സംസ്കൃത ദിനാശംസകള്‍ ....


പദ് മനാഭന്‍ തിക്കോടി 

Sunday, August 11, 2013

കല ജീവിതമാക്കിയവര്‍ -I



ക്യാമറ കൊണ്ട് കവിതകള്‍ രചിച്ച മഹാനായ കലാകാരന്‍ 

മദ്രാസ്‌ നഗരത്തെ കുറിച്ച് ഒരു ഡോക്യുുമെന്‍ഡറി- വിഖ്യാതനായ കെ സി എസ് പണിക്കര്‍ ബ്രഷ് കൊണ്ട് ചിത്രമെഴുതുന്ന ഒരു സീന്‍ ഉണ്ടതില്‍. ഒരു വിയര്‍പ്പുുതുള്ളിയാണ് ഇതില്‍ പണിക്കരുടെ കലാമനസ്സായി ഇറ്റുുവീഴുന്നത്. അറിയാം പലര്‍ക്കും, ആ സര്‍ഗാത്മകമനസ്സ് പ്രേക്ഷകന് ഇത്രയും ഭാവോജ്വലമായി എത്തിച്ചു കൊടുത്ത പ്രതിഭാധനനായ ഈ ഛായാഗ്രാഹകനെ....ഏറ്റെടുത്ത സൃഷ്ടികളെല്ലാം ഉന്നതങ്ങളാക്കിയ, സംസ്ഥാനതലത്തിലും ദേശീയ തലത്തിലും തന്‍റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ച പ്രശസ്ത  കലാകാരന്‍, മങ്കട രവിവര്‍മ്മ.

ക്യാമറ കൊണ്ട് രവിവര്‍മ്മ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയത് ഒരുതരം ദൈവികത ചൂഴ്ന്നു നില്‍ക്കുന്ന ദൃശ്യങ്ങളും നിറങ്ങളും. സിനിമയുടെ പൊതു വഴിയിലൂടെ അദ്ദേഹം സഞ്ചരിച്ചില്ല. അക്കാലത്തെ ചലച്ചിത്രസംസ്കാരത്തിന്‍റെ പൊതു സ്വഭാവങ്ങള്‍ക്ക് അദ്ദേഹം മുഖം കൊടുത്തില്ല.. കഴിയുമായിരുന്നില്ല അദ്ദേഹത്തിന്. . തന്‍റെ കലാജീവിതം ഏതെങ്കിലും ചെറിയൊരു മണ്ഡലത്തില്‍ ഒതുക്കാന്‍ ആകുമായിരുന്നില്ല... സാഹിത്യം, തത്വശാസ്ത്രം, ചിത്രകല എന്നിവയൊക്കെ ഇരിപ്പിടമുറപ്പിച്ച ആ പ്രതിഭാശാലിയുടെ മാനസിക ജീവിതത്തിന് കരുത്തുപകര്‍ന്നത് അവസാനിയ്ക്കാത്ത വിജ്ഞാന തൃഷ്ണ തന്നെ. പരന്ന വായനയും ചിന്തയും തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. സിനിമയെക്കുറിച്ച് എങ്ങനെ എഴുതണം എന്ന് കാണിച്ചുതരുന്ന പ്രൌഢഗംഭീരമായ രചനകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്... 'ചിത്രം ചലച്ചിത്രം' എന്ന പുസ്തകം  സിനിമയെ അധികരിച്ചു രചിച്ച മികച്ച  ഗ്രന്ഥത്തിനുള്ള അവാര്‍ഡു നേടിയിട്ടുണ്ട്.  ഇവയ്ക്കു പുറമെ ഇടയ്ക്കൊക്കെ ചില കഥകളും എഴുതിയിട്ടുണ്ട് എന്നത് അധികമാരും അറിയില്ല എന്ന് തോന്നുന്നു.

ആദ്യ ചിത്രം അസീസിന്റെ 'അവള്‍' [1966]..എന്നാല്‍ മലയാളികളായ സിനിമാ പ്രേക്ഷകര്‍ ആദ്യമായി മങ്കട രവിവര്‍മയെ അറിയുന്നത് 1970 ല്‍ പുറത്തിറങ്ങിയ  പി എന്‍ മേനോന്‍റെ 'ഓളവും തീരവും' എന്ന ചലച്ചിത്ര കാവ്യത്തിലൂടെയാണ്. സ്റ്റുഡിയോ ഫ്ലോറുകളുടെ നാല് ചുവരുകളില്‍ നിന്നും സിനിമയെ മോചിപ്പിച്ച ആദ്യ ചിത്രം.. ഷൂട്ടിംഗ് പൂര്‍ണ്ണമായും ഔട്ട്‌ ഡോറില്‍ .. കൃത്രിമപ്രകാശങ്ങളുടെ സഹായമില്ലാതെയാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. . ലഭ്യമായ വെളിച്ചം പരമാവധി ഉപയോഗിച്ചു..മങ്ങിയ വെളിച്ചം പോലും പടത്തിന്റെ നേട്ടത്തിനായി പ്രയോജനപ്പെടുത്തി.. മലയാള സിനിമയില്‍ ഒരു നൂതന ഫ്രെയിംവര്‍ക്കും സൌന്ദര്യ ആസ്വാദന ശാസ്ത്രവും പിറവിയെടുക്കുന്നത് ഈ അഭ്രകാവ്യത്തിലൂടെയാണ്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ വര്‍മയെ തേടിയെത്തി..

സിനിമയെ അധികരിച്ച് വര്‍മ 'സമീക്ഷ'യില്‍ എഴുതിയിരുന്ന ഒരു ലേഖനം വായിയ്ക്കാന്‍ ഇടയായ അടൂര്‍ ഗോപാലകൃഷ്ണന്‍, താന്‍ എഡിറ്ററായ FTII പ്രസിദ്ധീകരിയ്ക്കുന്ന മാഗസിനിലേയ്ക്ക് ഒരു ലേഖനം എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ട് എഴുതുന്നതോടെയാണ് ഇവര്‍ തമ്മിലുള്ള ദീര്‍ഘകാലസൌഹൃദം ആരംഭിയ്ക്കുന്നത്. തന്‍റെ സ്വയംവരം ചെയ്യാന്‍ വര്‍മയോട് അപേക്ഷിച്ചു,അടൂര്‍. നിരവധി ദേശീയ അന്തര്‍ ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ സ്വയംവരം വര്‍മയെ കൂടുതല്‍ പ്രശസ്തനാക്കി.

അടൂരിന്റെ സ്വന്തം ക്യാമറാമാന്‍ എന്ന് പ്രസിദ്ധനായി പിന്നീട്.. അടുപ്പമുള്ളവര്‍ രവിയേട്ടന്‍ എന്ന് വിളിയ്ക്കുന്ന രവിവര്‍മ്മ, അടൂരിന്റെ ആദ്യ ചിത്രമായ 'സ്വയംവരം' മുതല്‍ 'നിഴല്‍കൂത്ത്' വരെയുള്ള എല്ലാ പ്രൊജക്ടുകളിലും കൂടെയുണ്ടായിരുന്നു- അസുഖം കാരണം കിടപ്പിലാവുന്നത് വരെ.. ഈ സൃഷ്ടികള്‍ ഒക്കെ തന്നെ രവിവര്‍മയുടെ സ്ഥാനം വെറും ഛായാഗ്രാഹകന്റേതു മാത്രമായിരുന്നില്ല എന്ന് വിളിച്ചു പറയുന്നുണ്ടെന്ന് അടൂര്‍ പറഞ്ഞിട്ടുണ്ട്-ക്യാമറയും കലാബോധവും ആത്മാര്‍പ്പണ മനോഭാവവും ഇഴ പിരിയാതെ ചേര്‍ന്ന് കിടക്കുന്നു.

അടൂരിന്റെ 9 ചിത്രങ്ങളും അരവിന്ദന്റെ 'ഉത്തരായനം', അസീസിന്റെ അവള്‍, മേനോന്‍റെ 'ഓളവും തീരവും', എന്നിവയും മലയാളത്തില്‍ ചെയ്ത വര്‍മ തമിഴില്‍ രാജാജിയുടെ ഒരു കഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട 'ദിക്കറ്റ് റ പാര്‍വതി' യിലും മികവുറ്റ ദൃശ്യഭാഷയൊരുക്കിയിട്ടുണ്ട്. ഈ പടത്തെ പരാമര്‍ശിച്ച് രവിവര്‍മ പറയുകയുണ്ടായി: സിനിമയ്ക്ക് മാതൃഭാഷയില്ല.

ഇദ്ദേഹത്തിന്റെ 6 ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു. . 2 ദേശീയ അവാര്‍ഡുകളും .
2005 ല്‍ ജെ സി ദാനിയല്‍ അവാര്‍ഡു നല്‍കി  സംസ്ഥാനം ഇദ്ദേഹത്തെ ആദരിച്ചു.

ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമെ നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുുമെന്ററികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്..കൃഷ്ണനാട്ടം, കലാമണ്ഡലം ഗോപി [ഇതിനു ദേശീയ പുരസ്കാരം ലഭിച്ചു], കൂടിയാട്ടം, ചോള ഹെറിറ്റേജ്, യക്ഷഗാനം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം.

രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്, വര്‍മ.. 'നോക്കുകുത്തി'യും 'കുഞ്ഞിക്കൂന'നും .. ഇതില്‍ 1984 ല്‍ ഇറങ്ങിയ നോക്കുകുത്തി സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും നേടി. കവിതയിലൂടെ കഥാപാത്രങ്ങള്‍ സംസാരിച്ച, എം ഗോവിന്ദന്റെ കാവ്യത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച 'നോക്കുകുത്തി' കവിതയുടെയും സംഗീതത്തിന്റെയും ചിത്രകലയുടെയും സജീവ മേളനമായിരുന്നു. ഇന്നും ആഹ്ലാദമുണ്ട്, ആ പടത്തിന്റെ ഒരു പ്രീവ്യൂ പ്രദര്‍ശനം കാണാന്‍ കഴിഞ്ഞത്.

36 വര്‍ഷം സിനിമാമേഖലയിലും സ്വതന്ത്ര ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും സജീവമായിരുന്ന ശ്രീ വര്‍മ അവിവാഹിതനായിരുന്നു.

മലപ്പുറം ജില്ലയിലെ മങ്കടയില്‍ എ എം പരമേശ്വരന്‍ ഭട്ടതിരിപ്പാട്-കെ കെ തമ്പുരാട്ടി ദമ്പതികളുടെ മകനായി 1926 ജൂണ്‍ 4 ന് ജനിച്ച രവിവര്‍മയ്ക്ക് കുട്ടിക്കാലത്തുതന്നെ ഫോട്ടോഗ്രാഫിയില്‍ അതീവ താല്‍പര്യമായിരുന്നു. ബിരുദപഠനം കഴിഞ്ഞ് മദ്രാസിലെ insitute of film technology[FTTI] യില്‍ നിന്നും മോഷന്‍ പിക്ചര്‍ ഫോട്ടോഗ്രാഫിയില്‍ പരിശീലനം നേടി.

2002 ല്‍ നിഴല്‍ക്കൂത്തിന്റെ ചിത്രീകരണം അവസാനിയ്ക്കാറാവുമ്പോഴാണ്‌ അസുഖബാധിതനാകുന്നത്.[ഈ ചിത്രം വര്‍മയുടെ ഏറ്റവും നല്ല വര്‍ക്കായാണ് അടൂര്‍ എടുത്തു പറഞ്ഞിരുന്നത്]. വര്‍ഷങ്ങളോളം അള്‍ഷിമേഴ്സ് ബാധിച്ചു കിടപ്പിലായ വര്‍മ രണ്ടായിരത്തി പത്ത് നവംബര്‍ ഇരുപത്തി രണ്ടിന് ചെന്നൈയില്‍ അന്തരിച്ചു എന്നറിഞ്ഞപ്പോഴും ഇപ്പോഴും എന്‍റെ മനസ്സ് പറയുന്നു- ഇല്ല, വര്‍മ മരിച്ചിട്ടില്ല .. അദ്ദേഹം ജീവിയ്ക്കുന്നു, കലാസ്വാദകരുടെ മനസ്സില്‍.

പദ് മനാഭന്‍ തിക്കോടി 










Saturday, August 10, 2013

ഗോഡ്'സ് ഓണ്‍ കണ്‍ട്രി




ഗോഡ്'സ് ഓണ്‍ കണ്‍ട്രി

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒമ്പതിലാണ് കേരളത്തിന്‌ ഈയൊരു catchline ഉണ്ടാവുന്നത്.

കേരളത്തിലെ ടൂറിസത്തിന്റെ പ്രചാരണം ഏറ്റെടുത്തിരുന്ന പരസ്യ കമ്പനി [മുദ്ര]യിലെ വാള്‍ടര്‍ മെന്‍ഡിസ് എന്ന copy writer ആണ് കേരളത്തിന്‌ GOD'S COUNTRY എന്ന ക്യാച്ച് ലൈന്‍ എഴുതിയത്. അന്നത്തെ ടൂറിസം ഡയറക്ടര്‍ ആയിരുന്ന ജയകുമാര്‍ അതൊന്നു തിരുത്തി- own എന്നുകൂടി കൂട്ടിച്ചേര്‍ത്തു...KERALA-GOD'S OWN COUNTRY.

ഇതിന്‌ അംഗീകാരം നല്‍കിയ ടൂറിസംമന്ത്രി ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായിരുന്ന പി എസ് ശ്രീനിവാസന്‍ ആയിരുന്നു എന്നത് രസകരമായി തോന്നുന്നു, ഇന്നും.

Wednesday, August 7, 2013

എന്‍റെ മോനയ്ക്ക് I




മറക്കില്ല ഒരിയ്ക്കലും 
മോനാ,
മറക്കില്ല ഒരിയ്ക്കലും ഈ ആഴ്ച -
സന്തോഷവും സന്താപവും ഒരുപോലെ അനുഭവിച്ച ഈ ഏഴു ദിനങ്ങള്‍ ...
അളവറ്റ ആഹ്ലാദമായിരുന്നു - നീ സമീപത്തു തന്നെ ഉണ്ടായിരുന്നല്ലോ ...
കടുത്ത വേദനയായിരുന്നു - അരികത്തു തന്നെ ഉണ്ടായിരുന്നിട്ടും നീ എന്നെ അവഗണിയ്ക്കുകയായിരുന്നല്ലോ ...

പദ് മനാഭന്‍ തിക്കോടി

Wednesday, July 3, 2013

എന്‍റെ മോനയ്ക്ക് ii




                                             എന്‍റെ മോനയ്ക്ക്  ii

                                                                 പദ് മനാഭന്‍ തിക്കോടി 


നിന്റെ ചുണ്ടില്‍ നിന്നുതിര്‍ന്ന 
മൊഴിമുത്തുകള്‍ കൊണ്ട് 
ഞാനൊരു മാലകോര്‍ക്കും 
നീ നല്‍കിയ അനുഭൂതികളുടെ 
നാരുകള്‍ കൊണ്ട് നെയ്ത ചരടില്‍.

നീയെനിയ്ക്കെഴുതിയ കുറിമാനങ്ങളില്‍
ഭംഗിയുള്ള കൈപ്പടയ്ക്കുള്ളില്‍ 
ചിറകടിയ്ക്കുന്ന, നിന്‍റെ നിശ്വാസങ്ങളും 
നെടുവീര്‍പ്പുകളും 
ശീതീകരിച്ച് 
ഞാനൊരു മഞ്ഞുമല തീര്‍ക്കും 
നീയെനിയ്ക്കു സമ്മാനിച്ച
ചില്ലുകൂടാരത്തിനു മുകളില്‍.

ഒരു ശലഭമായ് പറക്കണമെനിയ്ക്ക്
നീയൊരു പുഷ്പമായ് വിരിഞ്ഞു നില്‍ക്കും 
മലര്‍ വാടിയിലേയ്ക്ക്-
നുകരണം എനിയ്ക്ക് 
ആ സുഗന്ധവാഹിനിയിലെ 
നറുതേന്‍.

Thursday, June 20, 2013

എന്റെ തിക്കോടി ( മൂന്ന് )



എന്റെ തിക്കോടി ( മൂന്ന് )

പദ്മനാഭൻ തിക്കോടി 

  1989 സപ്തംബർ 23 ന് മാതൃഭൂമിയിൽ ഒരു പരസ്യം കാണുമ്പോഴാണ് എന്റെ നാട്ടിലെ - അതെ, തിക്കോടിയന്റെയും  ബി.എം. ഗഫൂറിന്റെയും നാടായ എന്റെ തിക്കോടിയിലെ, എന്റെ വീട്ടിനടുത്തുള്ള, എന്റെ വീടുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ കൊല്ലന്റെ കണ്ടിയിലെ കൊച്ചു കാർടൂണിസ്റ്റ് സംസ്ഥാനമൊട്ടുക്കും അറിയപ്പെടാൻ പോകുന്നു എന്നറിയുന്നത്....അതെ, ഇന്നത്തെ പ്രശസ്ത cartoonist ഗോപികൃഷ്ണന്റെ ഒരു കാർടൂണ്‍ പരമ്പര ഗൃഹലക്ഷ്മി മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന്റെ പരസ്യമായിരുന്നു അത് - സമാജം സരോജം. സാക്ഷാൽ എം ടി പത്രാധിപരായിരുന്ന സമയമായിരുന്നു അത് എന്നത്, എന്റെ സന്തോഷം ഇരട്ടിപ്പിച്ചു.  


  തിക്കോടി പോലെയുള്ള ഒരു ഗ്രാമത്തിലെ പഴയ ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചു വളർന്ന ചെറിയ ഒരു കുട്ടി എപ്പോഴും വരച്ചുകൊണ്ടിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിയ്ക്കുമല്ലോ..പ്രത്യേകിച്ചും വരയ്ക്കുന്നത് വീടിന്റെ കോലായിലും മുറ്റത്തെ പൂഴിയിലുമാവുമ്പോൾ. "വരച്ചു മുറ്റം വൃത്തികേടാക്കല്ലേടാ" എന്ന് വഴക്ക് പറയുമായിരുന്നു, വീട്ടിലുണ്ടായിരുന്ന ഒരമ്മാവൻ. എന്നാൽ അവധിക്കാലത്ത്‌ വീട്ടിലെത്താറുള്ള മറ്റൊരമ്മാവൻ അവന് ആർ കെ ലക്ഷ്മണിനെ പറ്റിയൊക്കെ പറഞ്ഞു പരിചയപ്പെടുത്തി.ഈ അമ്മാവൻ അവനെ ആദ്യമായി 'കാർടൂണിസ്റ്റ്' എന്ന് വിളിച്ചു..... അവന് അഞ്ചു വയസ്സുള്ളപ്പോൾ വീട്ടിലേയ്ക്ക് എഴുതിയ ഒരു കത്തിൽ 'നമ്മുടെ കാർടൂണിസ്റ്റ് ഗോപികൃഷ്ണൻ എന്ത് പറയുന്നു?' എന്ന് ചോദിച്ചു.  ഈ അഞ്ചുവയസ്സുകാരന്റെ കോലായിലും മുറ്റത്തും നോട്ട്ബുക്കിലുമായി ചിതറിക്കിടന്ന  ആദ്യകാലസൃഷ്ടികള്‍ വെളിച്ചം കണ്ടുവോ എന്നറിയില്ല. എന്നാൽ സ്കൂൾ പഠനകാലത്ത് തന്നെ  ഗോപിയുടെ കാര്‍ട്ടൂണ്‍ കളരിയും രൂപപ്പെട്ടു... യുവജനോത്സവത്തില്‍, കവി കൂടിയായ ഹെഡ്മാസ്റ്റര്‍ മൂടാടി ദാമോദരന്‍ മാഷെത്തന്നെ വരച്ച് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാമനായി.


   കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിൽ കണക്കുമായി നല്ല ബന്ധമില്ലാത്ത ഗോപി ചേർന്നത്‌ ഫോർത്ത് ഗ്രൂപ്പിനാണ്... സജീവ ശ്രദ്ധ കവിതയെഴുത്തിലും കാർടൂണിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലുമൊക്കെയായതിനു വേറെ കാരണം തേടേണ്ടല്ലോ. ആയിടെ വരച്ചു കളഞ്ഞ ഒരു കാര്‍ട്ടൂണ്‍, വീട് അടിച്ചുവാരുമ്പോൾ ഗോപിയുടെ അമ്മയ്ക്ക് കിട്ടി. അമ്മ അത് അച്ഛനെ കാണിച്ചുകൊടുത്തു.ഇതാണ് തൻറെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വരാൻ കാരണമായത്‌ എന്ന് ഗോപി പറഞ്ഞിട്ടുണ്ട്. ഡിഗ്രി രണ്ടാം വർഷമായപ്പോഴാണ് ഇത്. വരയാണ് തനിയ്ക്ക് ചേർന്ന പണി എന്ന് ഗോപിയ്ക്കും വീട്ടുകാർക്കും അപ്പോഴേയ്ക്കും തോന്നിത്തുടങ്ങിയിരുന്നു. യോഗം പോലെ വരട്ടെ എന്ന നിലപാടിലായി, എല്ലാവരും.

     മലയാളിയ്ക്ക് ഇന്ന് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞ 'കാകദൃഷ്ടി' പിറവിയെടുക്കുന്നതിനു മുമ്പ് ചന്ദ്രികയിലും കേരളകൗമുദിയിലും കാലിക്കറ്റ് ടൈംസിലും ജനയുഗത്തിലുമൊക്കെ വരച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു നര്‍മബോധമുണ്ടെങ്കില്‍ അത് ജനിതകമാണെന്നു ഗോപീകൃഷ്ണന്‍ വിശ്വസിക്കുന്നു. 

 കേരളകൗമുദി തിരുവനന്തപുരം യൂണിറ്റില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു ആദ്യം. ഇപ്പോള്‍ മാതൃഭൂമിയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്. നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്..തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെയും കേരള സർക്കാരിന്റെയും Art & Cultural Movement of India യുടെയും ഉൾപ്പെടെ. 

   മുഖം നോക്കാതെയുള്ള നിശിതമായ വിമര്‍ശനവും തെളിമയുള്ള നര്‍മബോധവും  ഗോപീകൃഷ്ണനെ മറ്റു മലയാള പത്രങ്ങളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നു എന്നെനിയ്ക്ക് തോന്നാറുണ്ട്. ഇന്ന് കേരളത്തിലുള്ളവരിൽ ഏറ്റവും ജനകീയനായ കാർട്ടൂണിസ്റ്റ് എന്ന് ഞാൻ ഗോപിയെ വിളിയ്ക്കും. വരിയ്ക്ക് ചേർന്ന വരയും, വരയ്ക്കു ചേർന്ന വരിയും - ഗോപികൃഷ്ണന്റെ സൃഷ്ടികളെ ഇങ്ങനെ വിശേഷിപ്പിയ്ക്കാനാണ് എനിയ്ക്കിഷ്ടം.  

    സമകാലികത ഗോപിയുടെ കാര്‍ട്ടൂണുകളില്‍ ഏറെ തെളിഞ്ഞു കാണാം. സിനിമയും പാട്ടും സാഹിത്യവും നന്നായി ഉപയോഗിക്കുന്നുമുണ്ട്. സിനിമാപ്പേരും പുതിയ സിനിമാപ്പാട്ടുമൊക്കെ അതില്‍ സുലഭം. ഏതു വിഷയമെടുത്താലും ഗോപീകൃഷ്ണന്‍ പുലര്‍ത്തുന്ന രാഷ്ട്രീയബോധവും നര്‍മബോധവും ഔന്നത്യം പുലർത്തുന്നതു തന്നെ. കാകദൃഷ്ടിയിലൂടെയും സണ്‍‌ഡേ സ്ട്രോക്സിലൂടെയും ഈ തിക്കോടിക്കാരൻ പ്രകടിപ്പിയ്ക്കുന്നത് അനന്യമായ ചില കഴിവുകൾ- വ്യത്യസ്ത വിഷ്വലുകളില്‍നിന്ന് സമാനരൂപങ്ങളും അര്‍ഥങ്ങളും ഉണ്ടാക്കൽ, പലരും പച്ചയായി വരച്ചു മോശമാക്കിയ ആശയങ്ങളെ കുറിച്ചുള്ള വേറിട്ട ചിന്തകൾ, ചിരിയ്ക്കാനും ചിന്തിയ്ക്കാനും
പ്രേരിപ്പിയ്ക്കുന്ന നിരവധി concept കൾ ഒളിപ്പിച്ചു വെയ്ക്കുന്ന സര്‍ഗപരതയുടെ മാജിക് എന്ന് വിശേഷിപ്പിയ്ക്കാവുന്ന കരവിരുത്.  

    മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ കാർട്ടൂണുകൾ ഉണ്ട് -  തിലകന് സിനിമയില്‍ അഭിനയിക്കുന്നതിനു വിലക്കു പ്രഖ്യാപിച്ച 'അമ്മ'യിലെ താരങ്ങളെല്ലാം തിലകന്‍ മരിച്ചതറിഞ്ഞ് കെട്ടിപ്പിടിച്ചു വിലപിക്കുന്നതും, ഉയരെ ആകാശങ്ങളില്‍നിന്ന് തിലകന്റെ ആത്മാവ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലെ 'ഉവ്വ, ഉവ്വ' എന്നു പരിഹസിക്കുന്നതുമായ ചിത്രം,  'ഡോട്ട് കോം വാര്‍ഡ്.'  വി.എസ്സിന്റെ യോഗാ പോസുകളിലൂടെ എ.ഡി.ബി. എന്നെഴുതിയ കാർട്ടൂണ്‍, 'മുളയിലേ നുള്ളിക്കളഞ്ഞപ്പോള്‍... കുരുവിള' എന്ന കാര്‍ട്ടൂണ്‍......... ഹൈക്കോടതിച്ചിത്രത്തില്‍നിന്നു കര്‍ദിനാള്‍ തൊപ്പി ഉണ്ടായതും ടി വിയിലെ ലോകകപ്പ് ഫുട്‌ബോള്‍ ലോഗോയില്‍നിന്ന് ക്ലോസറ്റ് ഉണ്ടാവുന്നതും ആരെയാണ് രസിപ്പിയ്ക്കാത്തത്?

    ഗോപികൃഷ്ണന്റെ മുന്നൂറിലേറെ കാർടൂണുകൾ സമാഹരിച്ച് മാതൃഭൂമി ഒരു ഗ്രന്ഥം പുറത്തിറക്കിറക്കിയിട്ടുണ്ടിപ്പോൾ - നിരവധി കഥാപാത്രങ്ങളുടെയും അതിലേറെ ചിന്താഗംഭീരനര്‍മങ്ങളുടെയും ഒരു മേളനം ..മറിച്ചു നോക്കി കഴിയുമ്പോൾ ഒരു ശ്രീനിവാസൻ സിനിമ കാണുമ്പോഴുള്ള സുഖം പ്രദാനം ചെയ്യുന്ന ഒരു പുസ്തകം.
    രാഷ്ട്രീയപ്രശ്നങ്ങളുടെ തടവറയിൽ നിന്നും  നമ്മുടെ പത്ര കാര്‍ട്ടൂണിനെ പുതിയൊരു സരണിയിലേയ്ക്ക് നയിച്ചവരിൽ പ്രധാനിയായ ഈ തിക്കോടിക്കാരന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
---------------------------------------

Sunday, June 16, 2013

എന്റെ വായനാനുഭവങ്ങൾ (ഒന്ന്)



എന്റെ വായനാനുഭവങ്ങൾ (ഒന്ന്)

പദ്മനാഭൻ തിക്കോടി 

സൂര്യ കൃഷ്ണമൂര്‍ത്തിയെ ഞാൻ ആദ്യം അറിയുന്നത് ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ,നിരവധി കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വജീവിതം തന്നെ കലയ്ക്കു വേണ്ടി മാറ്റി വച്ച ഒരു വലിയ മനുഷ്യന്‍ എന്ന നിലയിലാണ്.വിശദമായി അറിയുന്നത്, ആ കലാജീവിതം അദ്ദേഹത്തിന് നല്‍കിയ വിഭിന്നങ്ങളായ അനുഭവങ്ങൾ ഏതാനും കുറിപ്പുകളിലൂടെ വായന ശീലമാക്കിയവർക്ക് ഒരു ശ്രേഷ്ഠമായ ഒരനുഭൂതി സമ്മാനിച്ചു കൊണ്ട് കലാ കൌമുദി വാരികയിലൂടെ പുറത്തുവന്ന ‘മുറിവുകള്‍’ വായിച്ചു തുടങ്ങിയത് മുതലും.

വാരികകൾ കിട്ടിയാൽ ഉടനെ വായിക്കുക എന്നത് - പ്രത്യേകിച്ച് നോവലുകളും തുടർച്ചയായി പ്രസിദ്ധീകരിയ്ക്കുന്ന മറ്റിനങ്ങളും - ഒരു ശീലമല്ലാതിരുന്ന എനിയ്ക്ക് ആ പതിവ് മാറ്റേണ്ടിവന്നു, ഈ വായന മുതൽ.

മുറിവുകൾ ജീവിതത്തിൽ ഏറ്റു വാങ്ങാത്തവർ ഉണ്ടാവില്ല; വലിപ്പത്തിനും കാഠിന്യത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.എന്നാൽ സൂര്യ കൃഷ്ണമൂര്‍ത്തിയ്ക്കുണ്ടായ മുറിവുകളോർത്താൽ എനിയ്ക്ക് ലഭിച്ചത് പോറലുകൾ മാത്രം.

കൃഷ്ണമൂര്‍ത്തിയുടെ ഈ കുറിപ്പുകളിലൊക്കെ തന്നെ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന നിരവധി സത്യങ്ങളുണ്ട്; നാടകീയ മുഹൂർത്തങ്ങൾ ഉണ്ട്; കണ്ണ് നനയിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ട്... എന്നെ ഏറെ സ്പർശിച്ച ഒരു കുറിപ്പായിരുന്നു 'അച്ഛന്റെ മരണം'

അച്ഛൻ മരിച്ചു കിടക്കുന്നു. മൂർത്തിയുടെ കയ്യിൽ അമർത്തി പിടിച്ചിരിക്കുന്നു. ജീവച്ഛവം പോലെ ഇരിയ്ക്കുകയാണ് അമ്മ - കരയുന്നില്ല, അനങ്ങുന്നു പോലുമില്ല.അദ്ദേഹം അമ്മയെ നോക്കി പറഞ്ഞു: അച്ഛൻ പോയി, വേദനയൊന്നും അനുഭവിയ്ക്കാതെയല്ലേ പോയത്?വിഷമിയ്ക്കരുത്. ഭാഗ്യമായി കരുതണം.

കേട്ട ഭാവമില്ല. ഒരു പക്ഷെ അദ്ദേഹം അടുത്ത് ചെന്നാൽ അമ്മ കരഞ്ഞേക്കാം. തന്റെ കൈയിൽ മുറുകെ പിടിച്ച അച്ഛന്റെ കൈകൾ മാറ്റി എഴുന്നേറ്റു പോകാൻ വയ്യാത്ത അവസ്ഥ.

അമ്മ കരഞ്ഞില്ലെങ്കിൽ മറ്റൊരു മരണം കൂടി കാണേണ്ടി വരുമോ എന്ന
ഭീതി. ... ബന്ധുവായ ഏതെങ്കിലും സ്ത്രീയെ വിളിച്ചു കൊണ്ടുവരാൻ കൂടി നിന്നിരുന്ന സഹപ്രവർത്തകരിൽ ഒരാളോട് പറഞ്ഞു, എങ്ങനെയും അമ്മയെ കരയിക്കണം.

പാഞ്ഞെത്തിയ സ്ത്രീ "എത്രയോ നാളായി കാത്തിരുന്നു ചെയ്യുന്ന പ്രവൃത്തി പോലെ, മറ്റെല്ലാം ഇതിനു ശേഷം എന്ന പോലെ, ഒരു വലിയ മോഹത്തിന്റെ സാക്ഷാത്കാരം പോലെ അമ്മയുടെ അടുത്തേയ്ക്ക് ചെന്ന് അമ്മയുടെ നെറ്റിയിലെ പൊട്ട് മായ്ച്ചു കളഞ്ഞു... എന്നിട്ടും മതി വരാതെ നെറ്റിയിൽ ബാക്കിയുള്ള കുങ്കുമവും തുടച്ചെടുത്തു.
അമ്മ ഒന്നും മിണ്ടുന്നില്ല. ഒരേ ഇരുപ്പ്. അച്ഛൻ മരിച്ചിട്ട് മിനുട്ടുകളെ ആയുള്ളൂ. എന്നിരുന്നാലും വിധവ എന്ന മുദ്ര കുത്താനാണ്‌ ധൃതി ..."

ഒരു പുരുഷനായിരുന്നു വന്നിരുന്നതെങ്കിൽ ഈ ക്രൂരത അമ്മയോട് കാട്ടുമായിരുന്നില്ല എന്ന് വിശ്വസിയ്ക്കുന്ന അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു:

സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീയാണെന്ന തിരിച്ചറിവുണ്ടായ നിമിഷമായിരുന്നു, അത്.

മനുഷ്യമനസ്സാക്ഷിയ്ക്കേറ്റ മുറിവുകൾ തന്നെയാവുന്നു, ഇതിലെ എല്ലാ കുറിപ്പുകളും. മുറിവുകളുടെ ആഘാതത്തോടൊപ്പം കൗതുകമാർന്ന ഒരു വായനാനുഭവത്തിന്റെ ആഹ്ലാദവും ഈ കുറിപ്പുകൾ നമുക്കേകുന്നു.

---------------