'വൈഷ്ണവം'- കവിതയെ ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി
[പാരമ്പര്യത്തിന്റെ ശക്തി സൗന്ദര്യങ്ങളെ മലയാള കവിതയില്‍ ആവാഹിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണ കവിതാസമാഹാരത്തെക്കുറിച്ച്]
മാമലകളെയും താഴ്‌വരകളെയും പുല്‍ക്കൊടിയെയും പൂമരത്തെയും ഒരുപോലെ ലാളിക്കുകയും ഊര്‍ജം പകര്‍ന്ന് ഉണര്‍ത്തുകയും ചെയ്യുന്ന, ഭാരതസംസ്‌കാരത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുള്ള, അനുഗൃഹീതനായ ഒരു കവി നമ്മുടെ എളിയ മലയാളത്തിലുണ്ട്. സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയ, ഫിസിക്‌സില്‍ ബിരുദവും ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ, 32 കൊല്ലം കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായി ജോലിചെയത, യൂണിവേഴ്‌സിറ്റി കോളേജിലെ വകുപ്പധ്യക്ഷനായി വിരമിച്ച ശേഷം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് ഓഫീസറായും
ഗ്രന്ഥാലോകം പത്രാധിപരായും
മുമ്മൂന്നു കൊല്ലം വീതം പ്രശസ്ത സേവനമനുഷ്ഠിച്ച വിഖ്യാത മലയാള സാഹിത്യകാരനായ
വിഷ്ണുനാരായണന്‍ നമ്പൂതിരി - എനിയ്ക്ക് എന്നും ഇഷ്ടപ്പെട്ട കവി.
ആദ്യകാലത്തെഴുതിയിരുന്ന കൊച്ചു ശ്ലോകങ്ങള്‍ എന്നെ പരിചയപ്പെടുത്തുന്നത്
എന്‍റെ മൂത്ത സഹോദരനാണ്. തുടര്‍ന്ന് എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്ന കവിതകളൊക്കെ വായിച്ചു നോക്കാന്‍ ഞാന്‍ പ്രത്യേകം താല്പര്യമെടുത്തിരുന്നു. ചിലതൊക്കെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അക്കാലത്ത് കഴിഞ്ഞിരുന്നില്ല എന്ന് പില്‍ക്കാലത്ത് മനസ്സിലാവുമ്പോഴെയ്ക്കും പല ആദ്യകാല കവിതകളും വീണ്ടും വായിക്കാന്‍ ലഭിയ്ക്കാതെ പോയി.
1979 ലെ കേരളസാഹിത്യഅക്കാദമി അവാർഡ് [ഭൂമിഗീതങ്ങൾ], 1994 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ( ഉജ്ജയിനിയിലെ രാപ്പകലുകള്‍ ), 2010 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം , വയലാർ പുരസ്കാരം (ചാരുലത), വീണപ്പൂവ് ശതാബ്ദി അവാര്‍ഡ് -2008, ലളിതാംബിക അന്തര്‍ജനം പുരസ്കാരം -2009, വള്ളത്തോൾ പുരസ്കാരം - 2010, പി സ്മാരക കവിതാ പുരസ്കാരം - 2009, ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും മറ്റു ബഹുമതികളും ലഭിയ്ക്കുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസാദാത്മകത നിറഞ്ഞ ലാളിത്യം കവിയുടെ വ്യത്യസ്തതകളില്‍ ഒന്നായി മാറുകയായിരുന്നു.എസ്.ബി.ടി യുടെ സുവര്‍ണ്ണമുദ്ര ഏറ്റുവാങ്ങി പ്രസംഗിക്കവേ ഇദ്ദേഹം പറയുകയുണ്ടായി, ''വാക്കുകളാണ് എന്റെ ആയുധം അല്ലാതെ മറ്റൊന്നുമല്ല. എന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ മാറ്റാറായിരിക്കുന്നു, കണ്ണും, കാതും, കാലും. അതിനാല്‍ ചില കാര്യങ്ങള്‍ അനുസ്മരിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു. അത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടേയിരിക്കുന്നു''
പാരമ്പര്യത്തെ നമിക്കുന്നതോടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നൂ, വിഷ്ണുനാരായണന്‍ നമ്പൂതിരി.
വേദോപനിഷത്തുകള്‍ തൊട്ട് ആധുനികശാസ്ത്രം വരെ ഒന്നും ഈ കവിയ്ക്ക് അന്യമല്ല.
രാഷ്ട്രാന്തരീയമായ പദവികളും പ്രശസ്തിയും കൈവരിച്ച മുന്‍ഗാമികളും പിന്‍ഗാമികളും നിരവധി ഉണ്ടെങ്കിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നില്പ് വേറിട്ട ഒന്നാകുന്നത്, ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് തന്‍റെ കാവ്യഗോപുരം പടുത്തുയര്‍ത്തിയിരുന്നത്
എന്നത് കൊണ്ടുതന്നെ.
വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളിലൂടെ ഒരിയ്ക്കല്‍ കൂടി കടന്നു പോകാന്‍ ഭാഗ്യം ലഭിച്ചു, ഈയിടെ. 1968-ല്‍ പുറത്തുവന്ന 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം' മുതല്‍, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ആരണ്യകം, അതിര്‍ത്തിയിലേയ്ക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, ആരണ്യകം, അഭിവാദ്യം, ശ്രീവള്ളി, ഉത്തരായണം, ചാരുലത തുടങ്ങി 2012-ല്‍ പ്രസിദ്ധപ്പെടുത്തിയ 'ത്രിയുഗീനാരായണം' വരെയുള്ള രചനകള്‍ സമാഹരിച്ചു പുറത്തിറക്കിയ ''വൈഷ്ണവം'' എന്ന ബൃഹദ്കൃതിയാണ് ഇതിനു വഴിയൊരുക്കിയത്. കവിയുടെ ഇംഗ്ലീഷിലും സംസ്‌കൃതത്തിലുമുള്ള കവിതകളും ചില ലേഖനങ്ങളും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടെ, കവിയേയും കവിതകളേയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഡോ. ലീലാവതി, സുഗതകുമാരി, കെ.പി. ശങ്കരന്‍, ഡോ. എന്‍. മുകുന്ദന്‍ എന്നിവരുടെ ലേഖനങ്ങളും ഉണ്ണികൃഷ്ണന്‍ ചെറുശ്ശേരിയുടെ ഒരു കവിതയുമുണ്ട്.
സമ്പൂര്‍ണ കൃതികള്‍ എന്ന് പറയുന്നുണ്ടെങ്കിലും ഇതിലുള്‍പ്പെട്ടിട്ടില്ലാത്ത രണ്ടെണ്ണം തന്റെ കൈയിലുണ്ട് എന്ന് എം ലീലാവതി പറയുന്നു.
കവിയുടെ സാത്വികമായ വ്യക്തിത്വം സ്വന്തം വിഷ്ണുത്വത്തില്‍ സന്ദേഹം കൊള്ളുന്നുണ്ട്. തന്‍റെ സംക്ഷിപ്തമായ പ്രസ്താവനയില്‍ അതിന്റെ സാക്ഷ്യം കാണാം: എല്ലാവരും "വിഷ്ണു" എന്നു വിളിക്കുന്ന ഈ ഞാന്‍ കേവലം ഒരു സര്‍വനാമം മാത്രമാണെന്ന് എനിക്ക് ഉറപ്പായി. എന്റെ കവിതയും അങ്ങനെത്തന്നെ. എന്നില്‍നിന്ന് ഞാന്‍ ചോരുന്തോറും എന്റെ കവിത പൂര്‍ണമാകുന്നു. ആകയാല്‍ ഈ സമ്പൂര്‍ണ സമാഹാരത്തിന് "വൈഷ്ണവം" എന്നു ഞാന്‍ പേരിടുന്നു.
പദവിന്യാസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ശ്രദ്ധ കവിതകളില്‍ നിന്നൊന്നും വിട്ടുമാറാന്‍ നമ്മെ അനുവദിയ്ക്കുന്നില്ല. സംഗീതവും താളവും ലയിച്ചു ചേരുന്ന ലാസ്യ നൃത്തം പോലെ ചില കവിതകള്‍ നമ്മെ പിടിച്ചിരുത്തും.
വൈദികദര്‍ശനവും വൈദികസാഹിത്യവും അറിഞ്ഞ് അനുഭവിച്ച, ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച കവിയ്ക്ക് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍
കഴിഞ്ഞു; 'ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ' എന്ന് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു.
"ഉജ്ജയിനിയിലെ രാപ്പകലുകള്‍" എന്നെ ഏറെ ആകര്‍ഷിച്ച കവിതകളില്‍ ഒന്നാണ്. പുറമേയ്ക്ക് അത് കാളിദാസനുള്ള അഭിവാദ്യമാണ്. ഒരു കവിയെക്കുറിച്ച് മറ്റൊരു കവി എഴുതുമ്പോള്‍ പ്രതീക്ഷിയ്ക്കാവുന്ന ഇരുവരുടെയും സര്‍ഗശക്തിയുടെ മനോഹരമായ സമ്മേളനം ഇതില്‍ നമുക്ക് ദര്‍ശിയ്ക്കാം. വരികളിലൂടെ കാളിദാസന്റെ നാട്ടിലേയ്ക്ക് നാമും എത്തിച്ചേരുന്നു. അവിടെ മഴയുണ്ട്, മേഘങ്ങളുണ്ട്, പുഴയുണ്ട്, തീരങ്ങളുണ്ട്, കൃഷിഭൂമികളുണ്ട്. വിശ്വ മഹാകവിയായ കാളിദാസന്റെ സംസ്കാരം നമ്മുടെ കേരളകവി തന്‍റെ കാവ്യമനസ്സുകൊണ്ട് അറിയുന്നു, ആവിഷ്കരിയ്ക്കുന്നു ഇവിടെ. ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ ഊര്‍ജവും ഭംഗിയും ഇതില്‍ നാം ദര്‍ശിയ്ക്കുന്നു. കാളിദാസ കൃതികള്‍ നാം വീണ്ടും വായിക്കുന്നു. അവയിലെ ഋതു വര്‍ണനകള്‍ കാണുന്നു. പല തവണ ഉജ്ജയിനി സന്ദര്‍ശിച്ച കവിയ്ക്ക് അവിടത്തെ രാവും പകലും മോഹങ്ങളുമൊക്കെ അറിയാം. കാളിദാസനെ നിരന്തരം കണ്ടുകൊണ്ടിരിയ്ക്കുന്ന അദ്ദേഹത്തിന് ആ ജീവിതത്തിന്റെ കാഴ്ചകളും അറിയാം. ഈ രണ്ടറിവും ഇവിടെ ഒന്ന് ചേരുന്നു. പക്ഷെ ആ മഹാകവിയുടെ കാലത്ത് മാളവത്തില്‍ സമൃദ്ധമായി പെയ്തുപോന്ന മഴമേഘങ്ങള്‍ ഇന്നെവിടെ? നമ്മുടെ നാട് സഹിച്ചുവരുന്ന വരള്‍ച്ചകളിലേയ്ക്ക് കടക്കുന്നു, കവിത..
"ക്രൂരമെരിപകല്‍, ദയാഹീനമാം നരച്ച വാനം, വേരു ചത്തു കഷണ്ടിയായ്ക്കഴിഞ്ഞ മണ്ണും!"
മാളവത്തില്‍ ഇനിയും മഴ വരുമെന്ന് നാം കാത്തിരിയ്ക്കുന്നു.
''..തമ്പുരാക്കള്‍
ശത്രുവിനെ തുരത്തുവാന്‍ പോകയാണത്രേ
മറുനാട്ടില്‍ അവരുടെ പടകേളി പൊന്തിയത്രേ
മഴ തൂകും വാണമൊന്നു വരുന്നുവത്രേ"
ആശ്വസിയ്ക്കാനാവുമോ?
കവി ഈ അവസ്ഥയ്ക്കെതിരെ സംഘടിച്ചെത്താന്‍ നാട്ടിലെ സാധാരണക്കാരെ ("മാരിമുകിലുകളുടെ പടയണി" എന്ന് പദയോഗം) ആഹ്വാനം ചെയ്യുകയാണിനി. തന്‍റെ ഉത്തരവാദിത്തം കവി മനസ്സിലാക്കി- മാരിമുകിലുകളോട് വിളിച്ചു പറഞ്ഞു,
''ഉയിര്‍ക്കൊള്‍ക, കൊഴുത്തുയര്‍ന്നാഴി-
തൊട്ടളകയോളം
പരക്ക, മണ്ണിലേക്കഭിരസിയ്ക്ക ...''
കാളിദാസന്റെ സൗന്ദര്യവീക്ഷണവും മറ്റും പലതവണ ആവര്‍ത്തിക്കപ്പെടുമ്പോഴും സമരവീര്യം ആവാഹിക്കുന്നതിനുള്ള സ്രോതസ്സായി അദ്ദേഹം സ്വീകരിക്കപ്പെടുന്നു. ഈ കവിതയുടെ അപൂര്‍വതയും ഇത് തന്നെ.
കാളിദാസകവിതയുമായി ആത്മൈക്യം നേടിയ ഈ കവിതയില്‍ മാത്രമല്ല കാളിദാസന്‍ സജീവമായി നിഴലിയ്ക്കുന്നത്.. 'ഇന്ത്യ എന്ന വികാര'ത്തില്‍ കാളിദാസനെ നേരിട്ട് തന്നെ സംബോധന ചെയ്യുന്നുണ്ട് കവി.
കാളിദാസന്റെ ആവിര്‍ഭാവത്തെക്കുറിച്ച് കവി കൗതുകകരമായ ഒരു ഭാവന അവതരിപ്പിക്കുന്നുണ്ട്. മലമകളുടെയും മഹാദേവന്റെയും മധുവിധു നടന്നു - ഗന്ധമാദനത്തില്‍. എന്നിട്ടോ, "രേതോമേഘം ഇഴുകി വിണ്ണാറോളം ഒഴുകിപ്പരന്നു"പോലും. ആ മേഘത്തിന്റെ ഒരു തരിയാണത്രേ സൗരയൂഥമായത്. മറ്റൊരു തരിയോ - വിളിപ്പെടുന്നു കാളിദാസനായ്!" (ഹിമഗന്ധം).
പ്രണയ വിഷയങ്ങള്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി കൈകാര്യംചെയ്യുന്ന രീതി എത്ര ഒതുക്കമാര്‍ന്നതാണെന്ന് 'പ്രണയഗീത'ങ്ങളെന്ന സമാഹാരത്തിലെ ഓരോ കവിതയും വിളിച്ചോതുന്നു. രതിയെ ബ്രഹ്മാനന്ദമെന്ന് വിശേഷിപ്പിക്കാന്‍ 'കാശ്യപനി'ലൂടെ ഇദ്ദേഹത്തിന്ന്കഴിയുന്നു. ഒപ്പം മുനിചിത്തത്തിന്റെ ഗൂഢമായ ചിരി കാണാനും ആ വിശിഷ്ട വൈഖരി കേള്‍ക്കാനും ആ 'ബ്രഹ്മാനന്ദരസം' അറിയാനും.അന്തിനേരം, "സുരതാന്ത മന്ദഹാസത്തോടെ ഇലച്ചെറുമെത്തയില്‍ ചാഞ്ഞ മുല്ലപ്പൂ"വില്‍ മുനിയുടെ മിഴി പതിഞ്ഞു. പിന്നെയോ അദ്ദേഹം "സര്‍ഗോന്മാദജൃംഭിതനായി പ്രിയപത്നിയെ പ്രാപിച്ചു", അത്രതന്നെ!
ചുറ്റും ഞെട്ടലുണ്ടാവാതിരുന്നില്ല: സന്ധ്യാദേവി പാപഭീതിയാല്‍ വിറകൊണ്ടു; മേഘദൂതികള്‍ ആകാശത്തില്‍ വിളറിപ്പോയി; രാത്രി കണ്‍ചിമ്മി; ആശ്രമത്തിലെ ഇരുട്ടത്ത് മൂങ്ങകള്‍ പേടിത്തൊണ്ടരായി കരഞ്ഞു. ഒന്നും പക്ഷേ കാശ്യപനെ ഉലച്ചില്ല. അദ്ദേഹത്തിന്റെ ഉള്ളിലെ ഗൂഢമായ ചിരി ആരും കണ്ടില്ല.
ഒടുവില്‍ കവിയുടെ സാക്ഷ്യം: ""തൃപ്തനായ് മനം തെളിഞ്ഞാചമി,ച്ചാ പുണൈ്യക- ലബ്ധമാത്രയിലാര്യന്‍ നേടിപോല്‍ ബ്രഹ്മാനന്ദം! 'ആദമും ദൈവവു'മെന്ന കവിതയില്‍ മനുഷ്യന്റെ ഭൂരതിയെയും കര്‍മധീരതയെയും വാഴ്ത്തുന്നു, കവി.
ഐന്‍സ്റ്റൈന്റെ അതിഥിയായി ഹൈസന്‍ബര്‍ഗ് എത്തുന്ന ഒരു രംഗം ഇതിലെ ഒരു കവിതയ്ക്കു വിഷയമാണ്.ഈ കവിതയില്‍ സംഗമിക്കുന്നത് ശാസ്ത്രലോകത്തെ ഇരുതേജസ്സുകള്‍ മാത്രമല്ല - ശാസ്ത്രവും ദര്‍ശനവും തന്നെ.
വൈദികകര്‍മങ്ങള്‍ക്ക് നവോത്ഥാനം കല്‍പിച്ച, "ആമ്നായമഥന"ത്തിന്റെ കര്‍ത്താവായ ഏര്‍ക്കരയുടെ നിര്യാണത്തോടെ ഭാരതീയ വിദ്യയുടെ ഒരു നെടുംതൂണ് നിലംപതിച്ചു എന്ന അടിക്കുറിപ്പോടെ രചിച്ച കവിതയില്‍("ഏര്‍ക്കരയ്ക്കു ശേഷം") നാസ്തിക്യവും ആസ്തിക്യവും പുതുതായി നിര്‍വചിക്കുന്നു.
അടിയന്തരാവസ്ഥ എന്ന പേരില്‍ ഭാരതത്തെ ബാധിച്ച കുപ്രസിദ്ധമായ കൂരിരുളിനെക്കുറിച്ച് പലരും മറന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓര്‍ക്കാന്‍ മടി കാണിയ്ക്കുന്നു. ഓര്‍ക്കുന്നവരില്‍ തന്നെ പലരും ആ കൂരിരുളില്‍ വിളക്കായി വര്‍ത്തിച്ച ജയപ്രകാശ് നാരായണനെ അവഗണിക്കുന്നതാണ് കണ്ടു വരുന്നത്. പൊതുവേ ''വൈഷ്ണവ''ത്തിലാകട്ടെ പല കവിതകളില്‍ പ്രമേയമാക്കി ജയപ്രകാശ് സ്മരണയ്ക്ക് പെരുമയരുളുന്നു.
''മാര്‍ക്‌സിന്റെ കുടീര''ത്തില്‍നിന്ന് അദ്ദേഹം ഇങ്ങനെ ചിന്തിക്കുന്നു:
എല്ലാം കുരുക്കഴിച്ചിട്ടു
കാണിച്ചുനീ
ഉള്ളോരെ,
ഇല്ലാത്തവരെയും;
കാണാഞ്ഞ-
തെന്ത് വേണ്ടാത്തവ-രെന്ന വര്‍ഗത്തിനെ?
കവി വിശ്വസിയ്ക്കുന്നു, "അദ്വയം ആയതും കണ്ടിരുന്നെങ്കിലോ മര്‍ത്ത്യന്റെ ജാതകം ഇന്നൊന്നു വേറെയാം!""
ദലായ് ലാമയെ ആവിഷ്കരിക്കുന്ന ''ദലായ്ലാമയും തുമ്പിയും'', ഹോചിമിനെ ലിങ്കണുമായി ഐക്യപ്പെടുത്തി, ആത്മബലി വരിക്കുന്ന അമേരിക്കന്‍ പടയാളി അനശ്വരനാക്കപ്പെടുന്ന ''കുറ്റവാളി '', അക്കാലത്ത്പടരുകയായിരുന്ന നക്സല്‍ജ്വരത്തിന്റെ തീവ്രത കവിയില്‍ ഉണ്ടാക്കിയ വീണ്ടുവിചാരത്തിന്റെ തിരിനാളമെന്ന് പറയാവുന്ന "നരബലി"......എടുത്തുദ്ധരിയ്ക്കാവുന്ന ഒട്ടേറെ കവിതകള്‍ ഇതിലുണ്ട്. ഒരു വലിയ പുസ്തകം വേണ്ടിവരും അതിന്.
കവിയുടെ വിവര്‍ത്തനത്തിനു മാതൃകയായി ഋതുസംഹാരവും കര്‍ണഭാരവും കാളിദാസഭാസപഠനങ്ങളോടൊപ്പം ചേര്‍ത്തിരിക്കുന്നു. പില്‍ക്കാല സമാഹാരങ്ങളില്‍ പരിശിഷ്ടവും അനുബന്ധുമായി കൊടുത്തതിനു പുറമെ, "ആനുഷംഗികം" എന്ന ശീര്‍ഷകത്തിനു കീഴെ നൂറ്റിരുപതില്‍പരം കൊച്ചു രചനകള്‍ ഈ സമാഹാരം ഉള്‍ക്കൊള്ളുന്നു! അതാതു വ്യക്തികളോടും സന്ദര്‍ഭങ്ങളോടും ബന്ധപ്പെട്ട് താന്‍ കുറിച്ച ശ്ലോകങ്ങളും ലഘുകൃതികളുമാണിവ.
കവിയുടെ ഉദിപ്പും ഉയര്‍ച്ചയും ഒരു രേഖാചിത്രത്തിലെന്നപോലെ നമ്മുടെ കണ്‍മുന്നിലെത്തിക്കുന്നു,പ്രസ്ഥാനബന്ധം കൊണ്ടു ചേരി തിരിയാത്ത, കവിത എന്ന സ്വത്വം കൊണ്ടുമാത്രം ശ്രദ്ധേയമായ, വിഭവങ്ങളാല്‍ സമ്പന്നമായ ഈ വലിയ സമാഹാരം.
പദ് മനാഭന്‍ തിക്കോടി