Wednesday, January 15, 2014

കല ജീവിതമാക്കിയവര്‍ ..3




എം. വി. ദേവന്‍-ധിഷണയില്‍ ഇന്നും ചെറുപ്പം


മലയാള കലാ സാഹിത്യ മേഖലയില്‍ ശുദ്ധീകരണത്തിന്റെ അനിവാര്യതയെ ഊന്നിപ്പറഞ്ഞുകൊണ്ട് വിവാദങ്ങള്‍ സൃഷ്ടിയ്ക്കുന്ന ശ്രീ എം വി ദേവനെയാണ് ഇന്നത്തെ സാഹിത്യ കലാസ്വാദകന്മാര്‍ക്ക് കൂടുതല്‍ പരിചയം. എന്നാല്‍ ചിത്രകാരന്‍, വാസ്തുശില്പി എന്നീ നിലകളില്‍ മലയാളികളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ദേവനെ ഓര്‍ക്കുന്നവര്‍ ഏറെ.എണ്‍പത്താറിന്റെ നിറവിലും ധിഷണയിലും നിരീക്ഷണപാടവത്തിലും അസൂയാവഹമായ   ചെറുപ്പം കാത്തു സൂക്ഷിയ്ക്കുന്ന ദേവന്റെ ശതാഭിഷേകാഘോഷം ഇന്നാണ്. ആഘോഷമെന്ന് പറയുന്നത് അത്യുക്തിയാവും.. ചില സുഹൃത്തുക്കളുടെ ഒത്തുചേരല്‍.  ആഘോഷിക്കേണ്ടിയിരുന്ന  എണ്‍പത്തിനാലാം വയസ്സില്‍ പക്ഷെ ആഘോഷമൊന്നും ഉണ്ടായില്ല. ശതാഭിഷേകത്തെക്കുറിച്ച്  അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ - ''ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുന്നതാണല്ലോ ശതാഭിഷേകം. ഞാന്‍ അത്ര കണ്ടിട്ടില്ല. ഇനി ചന്ദ്രന്‍ എന്നെ ആയിരം വട്ടം കണ്ടോ എന്നറിയില്ല. കണ്ടിട്ടുണ്ടാവാം''.
ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്;ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ ഇടങ്ങളില്‍ ദേവസ്​പന്ദനങ്ങള്‍ തീര്‍ത്ത ഈ കലാകാരന്‍ ആലുവയില്‍ ദേശീയപാതയ്ക്കും തീവണ്ടിപ്പാളത്തിനും സമീപമുള്ള  'ചൂര്‍ണ്ണി' എന്നു പേരിട്ട വീട്ടില്‍ വായനയിലാണ് ഇപ്പോള്‍, എന്നുമെന്ന പോലെ പുസ്തകങ്ങള്‍ക്കും മാസികകള്‍ക്കും ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും മദ്ധ്യേ. പുസ്തകങ്ങള്‍ നിറഞ്ഞ അലമാരയ്ക്ക് തഴെയാണ് അദ്ദേഹത്തിന്റെ കട്ടില്‍. ''കേരളീയ ജിവിതത്തില്‍ വായന നിത്യാഹാരമാക്കിത്തീര്‍ത്തതിന് ദേവന്‍ നിര്‍ണായക സംഭാവന നല്‍കി’’യെന്ന് മുമ്പൊരിക്കല്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞത് ഓര്‍ക്കുന്നു.
കട്ടിലിന്റെ ഒരരികില്‍ 2001ലെ 'മാതൃഭൂമി സാഹിത്യപുരസ്‌കാര'മായി കിട്ടിയ താന്‍ തന്നെ നിര്‍മിച്ച മനോഹരമായ ശില്പം പ്രദര്‍ശിപ്പിചിട്ടുണ്ടെന്ന് ഒരു അഭിമുഖകാരന്‍ എഴുതിയത് കണ്ടിട്ടുണ്ട്. ''ശില്പം നിര്‍മ്മിച്ച ആളിനുതന്നെ അത് പുരസ്‌കാരമായി ലഭിയ്ക്കുക’’ എന്ന അപൂര്‍വ ഭാഗ്യം തനിയ്ക്കുണ്ടായത്തിലുള്ള സന്തോഷം പലരോടും അദ്ദേഹം പങ്കു വെച്ചിട്ടുണ്ടത്രെ.
വിശേഷണങ്ങള്‍ ഒട്ടേറെയുണ്ട് ദേവന് ചാര്‍ത്താന്‍. ശോഭിച്ച നിരവധി പദവികളുമുണ്ട്.. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടർ. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ‍ ഡി.പി. റോയ് ചൌധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ ശിഷ്യന്‍. കേരള കലാപീഠത്തിന്റെ സ്‌ഥാപകാംഗം.ചെയര്‍മാന്‍. കലാദർപ്പണത്തിന്റെ എഡിറ്റര്‍. പെരുന്തച്ചൻ എന്ന സംഘടനയുടെ സ്ഥാപകന്‍. മാതൃഭൂമിയിൽ സ്‌റ്റാഫ്‌ ആർട്ടിസ്‌റ്റ്‌ (1952-61), ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവ് (1961-62). മദ്രാസ്‌ ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡൽഹി ലളിതകലാ അക്കാദമി അംഗം (1966-68), ഫെഡോ (ഫാക്‌റ്റ്‌) യിലെ ആർട്ട്‌ കൺസൾട്ടന്റ്‌ (1968-72), കേരള ലളിതകലാ അക്കാദമി ചെയർമാൻ (1974-77).
എണ്ണമറ്റ പുരസ്കാരങ്ങള്‍ ദേവനെ തേടിയെത്തിയിട്ടുണ്ട്.. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്‌ (1985), 1985-ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് , ചെന്നൈ റിജിയനൽ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക്‌ അവാർഡ്‌ (1992), 1994-ലെ എം.കെ.കെ. നായർ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി, വയലാർ അവാരഡ്‌ (1999), 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2001ലെ 'മാതൃഭൂമി സാഹിത്യപുരസ്‌കാരം’ എന്നിവ ഇവയില്‍ ചിലവ മാത്രം.
ചിത്രകലയുടെ പേരില്‍, കാലഹരണപ്പെട്ട ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവര്‍ണമായ അനുകരണങ്ങള്‍ മാത്രം കേരളത്തിലറിയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ്  ആധുനികതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് അവതരിപ്പിച്ചു കൊണ്ട്  ദേവന്‍ കടന്നു വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകള്‍ കൊണ്ട് ദേശത്തിന്റെ കലാ,സാഹിത്യ,സംസ്‌കാരങ്ങളെ പരിപോഷിപ്പിച്ച ദേവന്റെയുള്ളിലെന്നും ഒരു കലാപകാരിയുണ്ടായിരുന്നു. അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും ഇടയിലുള്ള മുള്‍പ്പാതയിലൂടെ, ഒരിടത്തും തളച്ചിടാനാവാത്ത ഒറ്റയാനായിട്ടായിരുന്നു, ശ്രീ ദേവന്‍റെ സഞ്ചാരം.
സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ദേവന്റെ കലാജീവിതം. ‘’മഹത്തായ’’എന്ന് വിശേഷിപ്പിയ്ക്കാന്‍ ഒട്ടും മടിയ്ക്കേണ്ടതില്ലാത്ത ഒരു സപര്യ.
പുതിയൊരു വായനാസംസ്‌കാരത്തിന്റെ തുടക്കമെന്നോണം,സാഹിത്യവും ചിത്രകലയും ചേര്‍ത്തുവെച്ചുള്ള മലയാളികളുടെ വായന തുടങ്ങുന്നത് ദേവന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങിയപ്പോഴാണ്.. 1944ല്‍, പതിനഞ്ചാം വയസ്സിലാണ് മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ ആദ്യചിത്രം പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ രേഖാചിത്ര സമ്പ്രദായത്തിന് പ്രചാരമുണ്ടാക്കിയ എം. ഭാസ്‌കരന്റെ മരണത്തില്‍ തനിയ്ക്കുണ്ടായ ദു:ഖമാണ് ദേവന്‍ ആ ചിത്രത്തിന് വിഷയമാക്കിയത്. 1952 മുതല്‍ ഒമ്പത് വര്‍ഷത്തോളം മാതൃഭൂമി വാരികയില്‍ വരച്ചിരുന്ന ദേവന്‍ ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു നല്കിയ രൂപഭാവ സവിശേഷതകള്‍ മലയാളികളായ വായനക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു എന്നതിലേറെ കഥയെ മാധ്യമമാക്കിക്കൊണ്ട് ചിത്രകാരന്‍ നടത്തിയ ഈ കലാസൃഷ്ടികള്‍ അവരുടെ  ദൃശ്യസംസ്‌കാരത്തിലും സാഹിത്യഭാവുകത്വത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി.
1946-ൽ ചിത്രകല പഠിക്കുവാനായി മദ്രാസിൽ കഴിഞ്ഞിരുന്ന കാലത്ത് ശ്രീ എം. ഗോവിന്ദനുമായി പരിചയപ്പെടാന്‍ കഴിഞ്ഞത്  തന്‍റെ  ജീവിത വീക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി ദേവന്‍ പറഞ്ഞിട്ടുണ്ട്.
കലയുമായി ദേശാന്തരങ്ങള്‍ താണ്ടിയ തന്റെ ജീവിതത്തെക്കുറിച്ച് വല്ലാത്തൊരാവേശമാണ്  ദേവന്. ചിത്രകലയുടെ പെരുമയുയര്‍ത്തിയ എണ്ണമറ്റ ചിത്രങ്ങളും, ശില്പങ്ങളും (കൊല്ലം നെഹറു പാർക്കിലെ അമ്മയും കുഞ്ഞും എന്ന പൂർണ്ണകായ ശില്പം നിർമ്മിച്ചത് ദേവൻ ആണ്.), കേരളത്തിനകത്തും പുറത്തുമായി രൂപകല്പന ചെയ്തു നിര്‍മ്മിച്ച അസംഖ്യം മന്ദിരങ്ങളും, നവീനാശയങ്ങളുടെ എഴുത്തുകളും. . . . ദേവസ്​പര്‍ശമേറ്റ മേഖലകള്‍ വളരെ ബൃഹത്താണ്.
കലയുടെയും സാഹിത്യത്തിന്റെയും വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും കൈകാര്യംചെയ്ത ദേവന്‍ മൗലികങ്ങളായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.കലയിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരെ തുറന്നടിക്കുന്ന കലാപകാരിയെ പല എഴുത്തുകളിലും കാണാം. പാണ്ഡിത്യപ്രകടനമോ കപടഗൌരവമോ ഇല്ലാതെ തികച്ചും ലളിതമായി ആശയാവിഷ്കാരം നടത്തിയിരിക്കുന്ന ഈ ലേഖനങ്ങളെല്ലാം തന്നെ ഒരുപോലെ പഠനാര്‍ഹങ്ങളാണു്.
ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്​പന്ദനം എന്ന പേരില്‍ 1999ല്‍ പ്രസിദ്ധീകരിച്ചു. ദേവന്റെ അരനൂറ്റാണ്ടുകാലത്തെ സാഹിത്യരചനകളുടെ സമാഹാരമാണു് ദേവസ്പന്ദനം.  മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു ബീജാവാപം നടത്തുന്ന, നൂറ്റാണ്ടുകളുടെ പുസ്തകമായി  വിശേഷിപ്പക്കപ്പെടുന്ന, അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണു്. ദേവന്‍ എന്ന ചിത്രകാരന്റെ വ്യക്തിത്വം സ്ഫുരിക്കുന്ന ചിത്രങ്ങളുടെ ഒരു വിഭാഗവും ജീവിതത്തിന്റെ ആല്‍ബം എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു വിഭാഗവും കൂടാതെ മുഖാമുഖങ്ങളുടെ ഒരു ഭാഗവും ഇതിലുണ്ടു്. 1999ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച ഈ കൃതി, മനുഷ്യന്റെ സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന ദൃഢവിശ്വാസത്തിലേക്ക് വായനക്കാരെ തിരിച്ചുവിടുന്നു.
‘’മലയാളം സര്‍വ്വകലാശാല എന്ന പേര്‌ നമ്മുടെ മാതൃഭാഷയെ കളിയാക്കുന്നതിന്‌ സമമാണെ’’ന്ന ഇദ്ദേഹത്തിന്റെ തുറന്ന വിമര്‍ശനം ഏറെ വാക്കേറുകള്‍ ക്ഷണിച്ചുവരുത്തി. ‘’സര്‍വ്വകലാശാല എല്ലാ കലകളുടെയും പഠനശാലയാണ്‌. അവിടെ ഭാഷാപഠനം കൂടാതെ ശാസ്ത്രസാങ്കേതികവിദ്യയും കലയും നൃത്തവും സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്നു. ലോകത്തെങ്ങും ഭാഷക്കായി മാത്രം സര്‍വകലാശാല ഇല്ല. അപ്പോള്‍ മലപ്പുറം ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സര്‍വ്വകലാശാലക്ക്‌ എങ്ങനെ മലയാളത്തിന്റെ പേര്‌ നല്‍കും?’’ ദേവന്‍ ചോദിയ്ക്കുന്നു.
‘’കാലടിയിലെ സര്‍വ്വകലാശാലയെ സംസ്കൃത യൂണിവേഴ്സിറ്റി എന്ന്‌ വിളിക്കുന്നത്‌ പരമ വിഡ്ഢിത്തമാണ്‌. അവിടെ സംസ്കൃതം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെന്ന്‌ മാത്രമേയുള്ളൂ. എന്നാല്‍, അതിനെക്കുറിച്ച്‌ ആഴത്തില്‍ അറിയുന്ന ആരും അവിടെ ഇല്ല.’’ ദേവന്‍ ചൂണ്ടിക്കാട്ടി. ‘’ഗ്രീക്ക്‌ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ തുടങ്ങിയ പ്രമുഖ ഭാഷകള്‍ക്കായി ലോകത്ത്‌ സര്‍വ്വകലാശാലകളില്ല. എല്ലാ കലകളും പഠിപ്പിക്കുന്ന സര്‍വ്വകലാശാലക്ക്‌ ഭാഷയുടെ പേരിടുന്നത്‌ അനുചിതമാണ്‌. മലയാളം സര്‍വ്വകലാശാല എന്ന പേരുമാറ്റി എഴുത്തച്ഛന്‍ സര്‍വ്വകലാശാല എന്നോ മറ്റോ ആക്കണം.’’എന്ന് നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു,ദേവന്‍.
മറ്റൊരിയ്ക്കല്‍ ‘’വര്‍ത്തമാനകാലത്ത്‌ പത്രമാസികകളില്‍ പ്രത്യക്ഷപ്പെടുന്ന രേഖാചിത്രങ്ങള്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നവയല്ലെ’’ന്ന്‌ ശ്രീ ദേവന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, ‘’പഴയകാലത്ത്‌ പല സാഹിത്യസൃഷ്ടികളും വായനക്കാരുടെ ഹൃദയങ്ങളില്‍ സ്ഥിരതാമസമാക്കിയതിന്‌ രേഖാചിത്രങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അന്നത്തെ കാലത്ത്‌ ചിത്രരചനക്ക്‌ ഇന്ന്‌ കാണുന്ന സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കുറവായിരുന്നു. നമ്മുടെ സംസ്കാരത്തിന്റെ പല പ്രതീകങ്ങളും പ്രചരിപ്പിച്ചതില്‍ പാശ്ചാത്യരും മുഗളന്മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ദേവന്‍ അഭിപ്രായപ്പെട്ടു. ദശോപനിഷത്ത്‌ പ്രചരിപ്പിച്ചത്‌ ഔറംഗസേബിന്റെ സഹോദരനായിരുന്നു. നടരാജവിഗ്രഹത്തിന്‌ പ്രചാരം കൊടുത്തത്‌ റോതന്‍ എന്ന ഫ്രഞ്ച്‌ ശില്‍പിയായിരുന്നു.’’
എം ടി വാസുദേവന്‍ നായര്‍ക്കു എതിരായ പരാമര്‍ശങ്ങളും തുടര്‍ന്നുണ്ടായ കോടതി നടപടികളും മറക്കില്ല ആരും.

1928 ജനു. 15നാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത ചൊക്ലിയില്‍, പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് മഠത്തില്‍‌  ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായി മഠത്തിൽ വാസുദേവൻ എന്ന എം വി ദേവന്റെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. ചെന്നൈയിലെ ഗവണ്മെന്റ് സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു.
ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. വാസ്തുശില്പത്തിലേക്കു തിരിഞ്ഞത് പില്ക്കാലത്താണ് .
1974 മുതല്‍ 77 വരെ സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്താണ് പെരുന്തച്ചന്‍ എന്ന പേരില്‍ അദ്ദേഹം ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്. ഗോപുരം, സമീക്ഷ, കേരള കവിത,ജ്വാല  തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും ആരംഭം മുതൽ ബന്ധപ്പെട്ടു പ്രവർത്തിച്ചു.    


പദ് മനാഭന്‍ തിക്കോടി     . 

Friday, December 27, 2013

തോറ്റു ഞാന്‍ കണ്ണാ ..





തോറ്റു ഞാന്‍ കണ്ണാ ..

പദ് മനാഭന്‍ തിക്കോടി 



[***നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ക്ഷേത്രത്തിന്റെ ഉത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിലേയ്ക്ക് വേണ്ടി എഴുതിക്കൊടുതിരുന്ന ഒരു പദ്യമാണിത്. നിലവാരം പോരാത്തത് കൊണ്ടാവാം, അവരത് അച്ചടിച്ചില്ല. ഇവിടെ എഡിറ്റര്‍ ഞാന്‍ തന്നെയല്ലേ.. ഇതാ അത്..]



നിന്‍ മുരളീരവം കേള്‍ക്കുവാനായി ഞാന്‍
നിന്നെയും തേടീ നടന്നു-
കാളിന്ദിയാറ്റിന്റെയോരത്തെ മണ്ണിലും
വൃന്ദാവനത്തിലും, പിന്നെ
ശ്രീഗുരുവായൂര്‍ നടയിലും, പൂന്താന
കവിതന്റെയില്ലത്തിലും
ശ്രീ കുറൂരമ്മയെ സേവിച്ച മണ്ണിലും
ചെറുശ്ശേരി ഗേഹത്തിലും
ഗോവര്‍ദ്ധനത്തിന്റെ കീഴിലും, മഥുരതന്‍
തെരുവിന്റെ വിരിമാറിലും
എവിടെയും കണ്ടില്ല, കുഴലൊച്ച കേട്ടില്ല,
മായാവിയായി നീ നിന്നൂ-
നിന്റെ പാട്ടൊക്കെയും രാധയ്ക്കു മാത്രമോ?
തോറ്റു ഞാന്‍, വൈകുണ്‍ഠനാഥാ
വ്രണിതമായുള്ളൊരീ,യുള്ളവുമായിതാ
പ്രണമിപ്പു, തിരുമുമ്പിലായി
ഒരു നെയ്‌ തിരിയുമായ്‌, അര്‍ച്ചനാ പുഷ്പമായ്,
മിഴി തുറന്നീടുമോ ശൌരേ!
-----------------

Monday, December 16, 2013

കല ജീവിതമാക്കിയവര്‍ [രണ്ട്]

ശ്രീ സി എന്‍ കരുണാകരന്‍-ഒരു ഓര്‍മ്മക്കുറിപ്പ്‌


2013 ഡിസംബർ 14-ന് ഉച്ചയ്ക്ക് രണ്ടരയോടെ ഹൃദയാഘാതം മൂലം  കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഒരു  സ്വകാര്യ ആശുപത്രിയില്‍  ശ്രീ സി എന്‍ കരുണാകരന്‍  ജീവിതത്തോട് വിട ചൊല്ലിയപ്പോള്‍ കേരളമെങ്ങുമുള്ള ചിത്രകലാ ആസ്വാദകര്‍ക്ക് നഷ്ടപ്പെട്ടത് ഭാരതീയ സംസ്‌കാരവും പൗരാണിക ചുവര്‍ചിത്ര ശൈലിയും വരകളില്‍ 
ആവാഹിച്ച ലോകപ്രശസ്‌ത ചിത്രകാരന്‍. 
എണ്ണച്ചായവും ജലച്ചായവും അക്രലിങ്കും ഒരുപോലെ വഴങ്ങിയിരുന്ന ശ്രീ കരുണാകരന്‍ മാഷിന്റെ 
 നാലു പതിറ്റാണ്ടത്തെ ആ കലാസപര്യയ്‌ക്കാണ് അന്ത്യമായത്‌.
മാഷ്‌ ഒരു ബഹുമുഖ കലാ പ്രതിഭയായിരുന്നു. 
ചിത്രകലാ പാരമ്പര്യമൊന്നുമിലാത്ത ഒരു കുടുംബത്തില്‍ ജനിച്ച ശ്രീ കരുണാകരന്‍ ഒരു പ്രകൃതിനിയോഗം എന്ന പോലെയാണ് ചിത്രകലാരചന തന്‍റെ കര്‍മമേഖലയായി  തെരഞ്ഞെടുത്തതെന്ന് പറയാം. സ്ക്കൂളിൽ പഠിക്കാൻ മിടുക്കനല്ലാതിരുന്ന ആ മൂന്നാം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയാണ് ചിത്രം വര തുടങ്ങുന്നത്.  ഉറ്റവരുടെ ശ്രദ്ധയില്‍പെട്ട ആദ്യചിത്രം അക്കാലത്ത്  പെന്‍സില്‍ കൊണ്ട്‌ വരച്ച അശോകസ്‌തംഭമാണ്‌.  പാവറട്ടി സ്‌കൂളിലെ പഠനകാലത്തു വരച്ച ആമ്പല്‍പൂവിന്റെ ചിത്രം ചന്ദ്രിക ആഴ്‌ചപ്പതിപ്പ്‌ മുഖചിത്രമാക്കിയത് ആയിരുന്നു, ആദ്യകാല അംഗീകാരം.
തുടര്‍ന്ന് സ്കൂള്‍ വിദ്യാഭാസം പൂർത്തിയാക്കാതെ പന്ത്രണ്ടാം വയസ്സിൽ മദ്രാസ് സ്ക്കൂൾ ഓഫ് ആർട്സിൽ ചേരുന്നതിനു വേണ്ടി വണ്ടി കയറിയ കരുണാകരന് പെയ്‌ന്റിങ്ങിലായിരുന്നു താൽപര്യം. പക്ഷെ പത്താം ക്ലാസ് ഇല്ലാത്തതു കൊണ്ട് അതിനു ചേരാനാവാത്തതിനാല്‍ ഡിസൈനിങ് കോഴ്സിനാണ് ചേർന്നത്. ഒന്നാം റാങ്കോടെ പ്രവേശന പരീക്ഷ പാസ്സായ കരുണാകരന്‍, കോഴ്സ് പാസ്സായത്‌ സ്വർണ്ണമെഡലോടെ. ഈ മികവിന്റെ അടിസ്ഥാനത്തില്‍ പിന്നീട് അദ്ദേഹത്തിന് പെയ്‌ന്റിങിൽ പ്രവേശനം ലഭിച്ചു. ഡി.പി.റോയ് ചൗധരിയുടെയും കെ.എസി.എസ്.പണിക്കരുടേയും കീഴില്‍ അഭ്യസിയ്ക്കാന്‍ അവസരം ലഭിച്ച ശ്രീ കരുണാകരന്‍ അവിടെയും ഒന്നാം റാങ്കോടെ പാസ്സായി.
പഠനത്തിന് ശേഷം കുറച്ചുകാലം ഏതാനും പരസ്യ ചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഇതിനകം തന്നെ തന്‍റെ സമ്പന്നമായ കലാചാതുരിയും വര്‍ണങ്ങളിലെ വൈവിദ്ധ്യവും കരുണാകരനെ പ്രശസ്തനാക്കി. നേരത്തെ 1956-ലെ മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം തന്‍റെ പതിനാറാം വയസ്സില്‍ നേടിയ ഇദ്ദേഹം 1964-ല്‍  മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം കൂടി കരസ്ഥമാക്കി. 
 1970ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീ കരുണാകരന്‍, എം.കെ.കെ. നായരുടെ പ്രേരണയിൽ കലാപീഠത്തിൻ അദ്ധ്യാപകനായി ചേർന്നെങ്കിലും അധികകാലം അതിൽ തുടരാനായില്ല. തുടര്‍ന്ന് 
കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം എറണാകുളത്ത് എം.ജി.റോഡിൽ ആരംഭിച്ചു . 1973 മുതല്‍ 1977 വരെ ഈ പ്രദര്‍ശനശാല പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആനുകാലികങ്ങളിൽ വരച്ചും കമേഴ്സ്യൽ ചിത്രരചനയിലേർപ്പെട്ടുമാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്.  മാതൃഭൂമി, മനോരമ, ചിന്ത, ദേശാഭിമാനി, കൗമുദി, മലയാളനാട്, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൊക്കെ സി. എന്‍. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ അക്കാലത്ത്പ്രത്യക്ഷപ്പെട്ടിരുന്നു.കാലക്രമേണ അദ്ദേഹത്തിന്റെ പെയ്‌ന്റിങ്ങുകളും മെറ്റൽ, സിമന്റ് റിലീഫുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 

 1970-ല്‍ കലാപീഠം അധ്യാപകനെന്നനിലയില്‍ കൊച്ചിയിലെത്തിയ കരുണാകരന്‍  വര്‍ഷങ്ങളായി മാമംഗലത്തായിരുന്നു താമസം. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനായിരുന്ന കരുണാകരനു 2009ല്‍ രാജാ രവിവര്‍മ പുരസ്‌കാരമടക്കം നിരവധി ബഹുമതികള്‍ ലഭിച്ചു.  മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം (2003) പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം (2000) കേരള ലളിതകലാ അക്കാദമി പുരസ്‌കാരം ( 1971, 1972, 1975 ), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം (1964) കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് (2005) എന്നിവ ഇവയില്‍ ചിലത് മാത്രം.
 സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് ശ്രീ കരുണാകരന്‍. 
2003 സെപ്‌റ്റംബര്‍ അഞ്ചിനു വാഷിംഗ്‌ടണിലെ ഇന്ത്യന്‍ എംബസിയില്‍ പ്രദര്‍ശനത്തിനു ക്ഷണിക്കപ്പെട്ടു. ഈ പര്യടനത്തിനിടെ അവിടത്തെ പ്രശസ്‌തമായ അതിഥി ഇന്ത്യന്‍ റസ്‌റ്റോറന്റിലും വിര്‍ജീനിയയിലെ ഏഷ്യന്‍ ആര്‍ട്ട്‌ ഗാലറിയിലും പ്രദര്‍ശനം നടത്തി. 2002 ല്‍ ബ്രസീലിലെ മൂന്നു നഗരത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആഗോളതലത്തില്‍ ഏറ്റവുമധികം ഏകാംഗപ്രദര്‍ശനങ്ങള്‍ നടത്തിയ കലാകാരന്മാരില്‍ ഒരാളുമാണ്‌ ശ്രീ കരുണാകരന്‍- അമ്പതോളം.

ശില്‌പകലയിലും സി.എന്‍. നൈപുണ്യം തെളിയിച്ചു. നിരവധി പുസ്‌തകങ്ങളുടെ പുറംചട്ടയും അദ്ദേഹം രൂപകല്‍പന ചെയ്‌തിട്ടുണ്ട്‌. 

അക്രിലിക്‌, ഓയില്‍ തുടങ്ങി എല്ലാവിധ നിറസങ്കേതങ്ങളും അദ്ദേഹത്തിനു വഴങ്ങിയെന്ന അപൂര്‍വതയുമുണ്ട്‌. തൃശൂരിലെ ഒരു വ്യക്‌തിയുടെ ശേഖരത്തിലേക്കായി വരച്ച കൂറ്റന്‍ മ്യൂറല്‍പെയിന്റിംഗാണ്‌ ഏറ്റവും ഒടുവില്‍ ചെയ്‌ത കലാസൃഷ്‌ടി.
മലയാളം സിനിമാ രംഗത്തും ശ്രീ കരുണാകരന്‍ തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍ ,അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ചത് ഇദ്ദേഹമാണ്.
ഗുരുവായൂരിനടുത്ത്‌ ബ്രഹ്‌മകുളത്ത്‌ 1940 ലാണു കരുണാകരന്റെ ജനനം. പിതാവ്‌ ഗ്രാമസേവകനായിരുന്ന  ശ്രീ ടി.പി. ശേഖരമേനോന്‍. 
സമ്പന്നമായ ഒരു കാലഘട്ടത്തെ പ്രതിനിധീകരിച്ചിരുന്ന ജീവിതം തന്നെ കലയാക്കിയ മറ്റൊരു കലാകാരന്‍ കൂടി വിടവാങ്ങുമ്പോള്‍ ശൂന്യതക്ക് വിസ്തൃതി കൂടുന്നു. 
എന്‍റെ ആദരാഞ്ജലികള്‍...

പദ് മനാഭന്‍ തിക്കോടി 




















  









ആദരാഞ്ജലികള്‍

Wednesday, November 13, 2013

എന്‍റെ തിക്കോടി [എട്ട്]

ബി എം ഗഫൂറിനെ ഓര്‍ക്കുമ്പോള്‍ 

ചിരിച്ചും കളിച്ചും ഓടിയും ചാടിയും നടക്കുന്ന നമ്മുടെ നിരവധി രാഷ്ട്രീയനേതാക്കളുടെ ഹാസ്യ ചിത്രങ്ങള്‍ മലയാളികള്‍ ഏറെ ആസ്വദിച്ചിട്ടുണ്ടാവുക ബി എം ഗഫൂര്‍ മാതൃഭൂമിയിലും ചന്ദ്രികയിലും ശങ്കേഴ്സ് വീക്ക് ലിയിലും മറ്റും വരച്ചിരുന്ന കാര്‍ട്ടൂണുകള്‍ വഴി തന്നെ ആയിരിയ്ക്കും.പല കോമാളിവേഷത്തിലും നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ കാര്‍ട്ടൂണ്‍ കോളത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇവരില്‍ നല്ലൊരു വിഭാഗം ആളുകളും അത് ആസ്വദിച്ചിരുന്നു.
ചിരിപ്പിച്ചുകൊണ്ട് ചിന്തിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്ന, എന്‍റെ തിക്കോടിയുടെ അഭിമാനമായിരുന്ന, ഞങ്ങളുടെ ഗഫൂര്‍ക്കയുടെ വരകള്‍ മലയാളിയ്ക്ക് നഷ്ടമായിട്ട്, ഇന്നേക്ക്‌ 10വര്‍ഷം തികയുന്നു....സ്‌നേഹാഞ്‌ജലികള്‍....
മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ 'എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്ന ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ചു. നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറയും പാചക എഴുത്തുകാരി ഉമ്മി അബ്ദുള്ളയും സഹോദരിമാരാണ്.
പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്..ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു.തുടര്‍ന്ന് .'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കി. അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി.തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു .1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്‌.കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയായിരുന്നു,ഗഫൂര്‍. കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായിരുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ്‌ ക്ലബ്ബ് പ്രസിഡണ്ട്‌ ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.1991ല്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി.'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് . ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട്, കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി.ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .
ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന സമയത്താണ് എനിയ്ക്ക് ഗഫൂര്‍ക്കയുമായി പരിചയപ്പെടാന്‍ കഴിഞ്ഞത്.. എന്‍റെ സഹപാഠി, മുഹമ്മദലിയുടെ ഏട്ടനാണ് ഗഫൂര്‍ക്ക..എന്നെക്കാള്‍ അഞ്ചു വയസ്സ് സീനിയര്‍.
പിന്നീട് കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു ഒരുമിച്ചു പ്രവര്‍ത്തിച്ചു, കുറച്ചു മാസങ്ങള്‍.. ഹാസ്യ പ്രധാനമായ മാസിക മാസം തോറും പുറത്തിറക്കിയിരുന്നു.. ഇതില്‍ ഗഫൂര്‍ക്ക വരച്ചിരുന്ന ഏതാനും കൊച്ചു കാര്‍ടൂണുകള്‍ ജനയുഗം വാരികയിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു, പിന്നീട്. പുസ്തകങ്ങള്‍ ധാരാളം വായിച്ചിരുന്നു എന്ന യോഗ്യതയും കൈയെഴുത്ത് നല്ലതായിരുന്നു എന്ന വസ്തുതയുമാണ് മാസികകലുമായി സഹകരിയ്ക്കാന്‍ എനിയ്ക്ക് അവസരം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കി അതില്‍ ചില ലേഖനങ്ങളും മറ്റും എഴുതി ചേര്‍ക്കാനും ഞാന്‍ അവസരം കണ്ടെത്തി.. ഗഫൂര്‍ക്ക സമീപത്തില്ലാതിരുന്ന സമയങ്ങളില്‍ ഇന്ത്യന്‍ ഇങ്ക് എടുത്തു ചെറു ചിത്രങ്ങള്‍ വരയ്ക്കാനും ശ്രമിച്ചിരുന്നു, ഞാന്‍. ഗഫ്ഫോര്‍ക്ക തന്നെയാണ് പറഞ്ഞത്, ഇതല്ല നിനക്ക് പറ്റിയത്..എഴുത്തില്‍ ശ്രദ്ധിച്ചോളൂ..[ഞാനതില്‍ ഒരു വിജയമായിരുന്നില്ല എന്നത് പില്‍ക്കാലസത്യം]

ഒരിക്കല്‍ കൂടി സ്മരിയ്ക്കുന്നു, ആദരവോടെ...

പദ് മനാഭന്‍ തിക്കോടി

Tuesday, November 12, 2013

ജില്ലാ ഭരണകൂടത്തിന്റെ ആദരവ് ലഭിച്ച മലയാളം എഴുത്തുകാരി കെ എം രാധയ്ക്ക് അഭിനന്ദനങ്ങള്‍.

ശ്രേഷ്ഠഭാഷാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട്ജില്ലാ ഭരണകൂടവും,ജില്ലാ ഇന്‍ഫര്‍മേഷന്‍
ഓഫീസും ചേര്‍ന്ന് കലക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കഥാകാരിയായ കെ.എം.രാധ ( രാധ കിഴക്കേമഠം) ഉള്‍പ്പെടെ മൂന്ന് പ്രമുഖ എഴുത്തുകാരെ ആദരിച്ചു. പി.പി.ശ്രീധരനുണ്ണി,മലയത്ത് അപ്പുണ്ണി എന്നിവരാണ് ആദരിക്കപ്പെട്ട മറ്റു സാഹിത്യകാരന്മാര്‍.
കലക്ടര്‍ സി.എ.ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കേന്ദ്രസാഹിത്യ അക്കാദമി അംഗം പി.കെ.പാറക്കടവ്,ഉദ്ഘാടനം ചെയ്തു. ഭരണഭാഷാപുരസ്കാരം നേടിയ എന്‍.ഡി.ജോര്‍ജിന് കലക്ടര്‍ ഉപഹാരം സമ്മാനിച്ചു.
സമകാലിക സാഹിത്യത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് വിശ്വസിക്കുന്ന ശ്രീമതി രാധ രചിച്ച മിക്ക കഥകളിലും തനിയ്ക്ക് ചുറ്റുമുള്ള വിചിത്ര മനുഷ്യരുടെ, പൊള്ളുന്ന ജീവിതവും തീക്ഷ്ണമായ മനോലോകവുമുണ്ട്. ഈ കഥാകാരി എഴുതുന്നത്‌ അനുവാചകര്‍ അതേ അര്‍ത്ഥ വ്യാഖ്യാനങ്ങളോടെ സ്വീകരിയ്ക്കാരുണ്ടോ എന്ന് ചില കോണുകളില്‍ നിന്നും വരാറുള്ള ഒറ്റപ്പെട്ട ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്...എന്നാലും നല്ല കാമ്പുള്ളവ എന്ന് എനിയ്ക്ക് തോന്നിയ രചനകള്‍ എല്ലാം തന്നെ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.


സുസ്മേഷിനെ തേടി പുരസ്കാരം വീണ്ടും

ഇത്തവണ ലഭിച്ചത് യുവകലാസാഹിതി ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരം. സുസ്‌മേഷ് ചന്ത്രോത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....
സുസ്മേഷിന്റെ സൃഷ്ടികള്‍ കുറെയൊക്കെ വായിച്ചിട്ടുള്ള എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട 2009 മേയ് മൂന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘മരണവിദ്യാലയം’, 2009 സപ്തംബറില്‍ മാതൃഭൂമിയില്‍ തന്നെ പ്രസിദ്ധീകരിച്ച ''ഹരിതമോഹനം'' എന്നിവയുള്‍പ്പെടെ എണ്ണം പറഞ്ഞ പത്തു കഥകളുടെ സമാഹാരമായ ''മരണവിദ്യാലയം'' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. കെ.വി. രാമനാഥന്‍, ഇ.എം. സതീശന്‍, വി.എസ്. വസന്തന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കൊച്ചുബാവയുടെ പതിനാലാം ചരമവാര്‍ഷികദിനമായ നവംബര്‍ 25ന് ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ ഖദീജാ മുംതാസ് ആയിരിയ്ക്കും 25,000 രൂപയും പ്രശസ്തിപത്രവും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുക.
നാല് വര്‍ഷം മുന്‍പ് കോഴിക്കോട്‌ വച്ച്‌ മാതൃഭൂമിയും പെന്‍ഗ്വിനും ചേര്‍ന്ന്‌ നടത്തിയ പുസ്‌തകോത്സവത്തില്‍ വച്ചാണ്‌ ''മരണവിദ്യാലയം'' ആദ്യ പതിപ്പ് പ്രകാശനം ചെയ്യപ്പെട്ടത്‌. മൂന്നാം പതിപ്പിലെത്തി, ഇപ്പോഴത്‌. അത്രയേറെ വായിക്കപ്പെട്ടിരിയ്ക്കുന്നു.
ആഖ്യാനരീതി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് എല്ലാ കഥകളും. കഥാപാത്രങ്ങളുടെ വ്യക്തിത്വം ,അവര്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേര് തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്.
ഒരു അഭിമുഖത്തില്‍ സുസ്മേഷ് പറയുകയുണ്ടായി, '' എന്റെ രചനകളുടെ പേരുകള്‍ മഹത്തരമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, അവ വ്യത്യസ്‌തവും കൗതുകവും നിറഞ്ഞതുമാണെന്ന ആത്മവിശ്വാസം എനിക്കുണ്ട്‌. കഥയോ നോവലോ എഴുതിത്തീര്‍ത്തതിനുശേഷമുള്ള ആലോചനയില്‍ നിന്നാണ്‌ പേരുകള്‍ ഉണ്ടാവുന്നത്‌. സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എന്ന പേരു പോലെ തികച്ചും വേറിട്ടതാകണം എന്റെ രചനകളുടെ പേരുകളും എന്ന വാശിയില്‍നിന്നാണ്‌ സാമ്യമില്ലാത്ത പേരുകള്‍ പിറക്കുന്നത്‌. മരണത്തിനും സ്വര്‍ണത്തിനുമരികെ, മരണവിദ്യാലയം, ഉപജീവിത കലോത്സവം, അസര്‍പ്പക സാമൂഹിക നിരീക്ഷകന്‍ എന്നീ പേരുകളൊക്കെ ഞാന്‍ ഒരുപാട്‌ ആസ്വദിച്ച്‌ ഇട്ടതാണ്‌.''

മികച്ച വിജയം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന
ഒരു മാനേജ്മെന്റ് സ്കൂളില്‍ പഠിക്കുന്ന, മറ്റേതൊരു നവതലമുറ വിദ്യാലയങ്ങളിലും എന്ന പോലെ പ്രാണന്‍ ബലി നല്കാന്‍ ബാദ്ധ്യസ്ഥരാക്കപ്പെട്ട നേത്രി എന്ന വിദ്യാര്‍ത്ഥിനിയുടെയും അവളെ പഠിപ്പിക്കുന്ന അദ്ധ്യാപികമാരുടെയും സാഹചര്യങ്ങളാണ് 'മരണവിദ്യാലയം' എന്ന കഥയിലൂടെ സുസ്മേഷ് പറയുന്നത്. സ്ഥിരബുദ്ധിയും അറിവുമുള്ള അദ്ധ്യാപകര്‍പോലും രക്ഷിതാക്കളുടെയും സ്കൂളധികൃതരുടെയും പിരിച്ചുവിടല്‍ ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങി കുട്ടികളെ വിജയികളാക്കാന്‍ പണിയെടുത്തുതുടങ്ങുന്നു.

ആയിരത്തി നാനൂറ്റി മുപ്പത്തഞ്ചു വിദ്യാര്‍ഥികള്‍ 15 വരികളിലായി അച്ചടക്കത്തോടെ നില്‍ക്കുന്ന സ്കൂള്‍ മൈതാനത്തുവെച്ച് അപമാനിക്കപ്പെട്ട, കുറ്റബോധം കൊണ്ട് തല താഴ്ത്തേണ്ടി വന്ന നേത്രി- ആ മരണവിദ്യാലയത്തില്‍ നിന്നും അവള്‍ക്കു പോകാന്‍ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, വശങ്ങളില്‍ മുള്ളുചെടികളുടെ പച്ചപ്പുള്ള റെയില്‍വേ പാതയിലേക്ക് നീണ്ടു കിടക്കുന്ന സീ പോര്‍ട്ട്‌ റോഡ്‌ .. ആറു കൊച്ചു ഭാഗങ്ങളിലായി, അതി ഭാവുകത്വത്തിലെയ്ക്കോ അമിത വൈകാരിതയിലെയ്ക്കോ വഴുതി വീഴാതെ, നേത്രിയുടെ ആ തീരുമാനത്തിന്റെ കാരണം അന്വേഷിയ്ക്കുന്നു, വസ്തുനിഷ്ഠമായ കഥാ കഥനത്തിലൂടെ സുസ്മേഷ്.

നഗരം ഒരിടത്തരക്കാരന് സമ്മാനിയ്ക്കുന്ന ആകുലതകളും വിഹ്വലതകളും നിറഞ്ഞ ഹരിതമോഹനം ’ എന്ന കഥ ആശയം കൊണ്ടും ക്രാഫ്റ്റ് കൊണ്ടും ശ്രദ്ധേയമാവുന്നു.വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ് നീര്‍നായ എന്ന കഥയില്‍ കടന്നു വരുന്നത്. മനുഷ്യന്‍ പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന തിരിച്ചടിയുമാണ് ‘ ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍ ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ്‌ ''മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’
ചെറുകഥകളാണെങ്കിലും പ്രമേയമോ, കഥാന്തരീക്ഷമോ , വായനക്കാരുടെ മനസ്സില്‍ സൃഷ്ടിയ്ക്കുന്ന സംവാദങ്ങളോ ചെറുതല്ല. നിശിതവും, വ്യക്തവുമായ ഭാഷയും ശക്തമായ ആശയാവിഷ്ക്കാരത്തിനെ പിന്തുണയ്ക്കുന്നു.

Friday, November 8, 2013

കവിതയെ ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

'വൈഷ്ണവം'- കവിതയെ ഇഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി 

[പാരമ്പര്യത്തിന്റെ ശക്തി സൗന്ദര്യങ്ങളെ മലയാള കവിതയില്‍ ആവാഹിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണ കവിതാസമാഹാരത്തെക്കുറിച്ച്]
            

മാമലകളെയും താഴ്‌വരകളെയും പുല്‍ക്കൊടിയെയും പൂമരത്തെയും ഒരുപോലെ ലാളിക്കുകയും ഊര്‍ജം പകര്‍ന്ന് ഉണര്‍ത്തുകയും ചെയ്യുന്ന, ഭാരതസംസ്‌കാരത്തിന്റെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുള്ള, അനുഗൃഹീതനായ ഒരു കവി നമ്മുടെ എളിയ മലയാളത്തിലുണ്ട്. സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയ, ഫിസിക്‌സില്‍ ബിരുദവും  ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ, 32 കൊല്ലം കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായി   ജോലിചെയത,   യൂണിവേഴ്‌സിറ്റി കോളേജിലെ വകുപ്പധ്യക്ഷനായി വിരമിച്ച ശേഷം ഭാഷാ  ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് ഓഫീസറായും
 ഗ്രന്ഥാലോകം പത്രാധിപരായും
 മുമ്മൂന്നു കൊല്ലം വീതം പ്രശസ്ത സേവനമനുഷ്ഠിച്ച വിഖ്യാത മലയാള സാഹിത്യകാരനായ  
വിഷ്ണുനാരായണന്‍ നമ്പൂതിരി - എനിയ്ക്ക് എന്നും ഇഷ്ടപ്പെട്ട കവി.
ആദ്യകാലത്തെഴുതിയിരുന്ന കൊച്ചു ശ്ലോകങ്ങള്‍ എന്നെ പരിചയപ്പെടുത്തുന്നത് 
എന്‍റെ  മൂത്ത സഹോദരനാണ്. തുടര്‍ന്ന് എന്‍റെ  ശ്രദ്ധയില്‍ പെട്ടിരുന്ന കവിതകളൊക്കെ വായിച്ചു നോക്കാന്‍ ഞാന്‍ പ്രത്യേകം താല്പര്യമെടുത്തിരുന്നു. ചിലതൊക്കെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ അക്കാലത്ത് കഴിഞ്ഞിരുന്നില്ല എന്ന് പില്‍ക്കാലത്ത്‌ മനസ്സിലാവുമ്പോഴെയ്ക്കും പല ആദ്യകാല കവിതകളും വീണ്ടും വായിക്കാന്‍ ലഭിയ്ക്കാതെ പോയി. 
 1979‌ ലെ കേരളസാഹിത്യഅക്കാദമി അവാർഡ് [ഭൂമിഗീതങ്ങൾ], 199‌4 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ( ഉജ്ജയിനിയിലെ രാപ്പകലുകള്‍  ), 2010 ലെ മാതൃഭൂമി സാഹിത്യപുരസ്കാരം , വയലാർ പുരസ്കാരം (ചാരുലത), വീണപ്പൂവ് ശതാബ്ദി അവാര്‍ഡ് -2008, ലളിതാംബിക അന്തര്‍ജനം പുരസ്കാരം -2009, വള്ളത്തോൾ പുരസ്കാരം - 2010, പി സ്മാരക കവിതാ പുരസ്കാരം - 2009, ഓടക്കുഴൽ അവാർഡ് - 1983 (മുഖമെവിടെ), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും മറ്റു ബഹുമതികളും ലഭിയ്ക്കുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസാദാത്മകത നിറഞ്ഞ ലാളിത്യം കവിയുടെ  വ്യത്യസ്തതകളില്‍ ഒന്നായി മാറുകയായിരുന്നു.എസ്.ബി.ടി യുടെ സുവര്‍ണ്ണമുദ്ര ഏറ്റുവാങ്ങി പ്രസംഗിക്കവേ ഇദ്ദേഹം പറയുകയുണ്ടായി, ''വാക്കുകളാണ് എന്റെ ആയുധം അല്ലാതെ മറ്റൊന്നുമല്ല. എന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ മാറ്റാറായിരിക്കുന്നു, കണ്ണും, കാതും, കാലും. അതിനാല്‍ ചില കാര്യങ്ങള്‍ അനുസ്മരിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു. അത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടേയിരിക്കുന്നു''
പാരമ്പര്യത്തെ നമിക്കുന്നതോടൊപ്പം  ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നൂ, വിഷ്ണുനാരായണന്‍ നമ്പൂതിരി. 
വേദോപനിഷത്തുകള്‍ തൊട്ട് ആധുനികശാസ്ത്രം വരെ ഒന്നും ഈ കവിയ്ക്ക് അന്യമല്ല.
രാഷ്ട്രാന്തരീയമായ പദവികളും പ്രശസ്തിയും കൈവരിച്ച മുന്‍ഗാമികളും പിന്‍ഗാമികളും നിരവധി ഉണ്ടെങ്കിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നില്പ് വേറിട്ട ഒന്നാകുന്നത്,  ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ്  തന്‍റെ കാവ്യഗോപുരം പടുത്തുയര്‍ത്തിയിരുന്നത് 
എന്നത് കൊണ്ടുതന്നെ. 
വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകളിലൂടെ ഒരിയ്ക്കല്‍ കൂടി കടന്നു പോകാന്‍ ഭാഗ്യം ലഭിച്ചു, ഈയിടെ.   1968-ല്‍ പുറത്തുവന്ന 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം' മുതല്‍, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾഇന്ത്യയെന്ന വികാരം, മുഖമെവിടെ, ആരണ്യകം, അതിര്‍ത്തിയിലേയ്ക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, ആരണ്യകം, അഭിവാദ്യം, ശ്രീവള്ളി, ഉത്തരായണം, ചാരുലത തുടങ്ങി 2012-ല്‍ പ്രസിദ്ധപ്പെടുത്തിയ 'ത്രിയുഗീനാരായണം' വരെയുള്ള രചനകള്‍ സമാഹരിച്ചു പുറത്തിറക്കിയ ''വൈഷ്ണവം'' എന്ന ബൃഹദ്കൃതിയാണ് ഇതിനു വഴിയൊരുക്കിയത്. കവിയുടെ ഇംഗ്ലീഷിലും സംസ്‌കൃതത്തിലുമുള്ള കവിതകളും ചില ലേഖനങ്ങളും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടെ, കവിയേയും കവിതകളേയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന  ഡോ. ലീലാവതി, സുഗതകുമാരി, കെ.പി. ശങ്കരന്‍, ഡോ. എന്‍. മുകുന്ദന്‍ എന്നിവരുടെ ലേഖനങ്ങളും ഉണ്ണികൃഷ്ണന്‍ ചെറുശ്ശേരിയുടെ ഒരു കവിതയുമുണ്ട്.
സമ്പൂര്‍ണ കൃതികള്‍ എന്ന് പറയുന്നുണ്ടെങ്കിലും ഇതിലുള്‍പ്പെട്ടിട്ടില്ലാത്ത രണ്ടെണ്ണം തന്റെ കൈയിലുണ്ട് എന്ന് എം ലീലാവതി പറയുന്നു.

കവിയുടെ സാത്വികമായ വ്യക്തിത്വം സ്വന്തം വിഷ്ണുത്വത്തില്‍ സന്ദേഹം കൊള്ളുന്നുണ്ട്. തന്‍റെ സംക്ഷിപ്തമായ പ്രസ്താവനയില്‍ അതിന്റെ സാക്ഷ്യം കാണാം: എല്ലാവരും "വിഷ്ണു" എന്നു വിളിക്കുന്ന ഈ ഞാന്‍ കേവലം ഒരു സര്‍വനാമം മാത്രമാണെന്ന് എനിക്ക് ഉറപ്പായി. എന്റെ കവിതയും അങ്ങനെത്തന്നെ. എന്നില്‍നിന്ന് ഞാന്‍ ചോരുന്തോറും എന്റെ കവിത പൂര്‍ണമാകുന്നു. ആകയാല്‍ ഈ സമ്പൂര്‍ണ സമാഹാരത്തിന് "വൈഷ്ണവം" എന്നു ഞാന്‍ പേരിടുന്നു.
പദവിന്യാസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ശ്രദ്ധ കവിതകളില്‍ നിന്നൊന്നും വിട്ടുമാറാന്‍ നമ്മെ അനുവദിയ്ക്കുന്നില്ല. സംഗീതവും താളവും ലയിച്ചു ചേരുന്ന ലാസ്യ നൃത്തം പോലെ ചില കവിതകള്‍ നമ്മെ പിടിച്ചിരുത്തും. 
വൈദികദര്‍ശനവും വൈദികസാഹിത്യവും അറിഞ്ഞ് അനുഭവിച്ച, ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച കവിയ്ക്ക് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ 
 കഴിഞ്ഞു; 'ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ' എന്ന് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു. 

 "ഉജ്ജയിനിയിലെ രാപ്പകലുകള്‍" എന്നെ ഏറെ ആകര്‍ഷിച്ച കവിതകളില്‍ ഒന്നാണ്. പുറമേയ്ക്ക് അത് കാളിദാസനുള്ള അഭിവാദ്യമാണ്. ഒരു കവിയെക്കുറിച്ച് മറ്റൊരു കവി എഴുതുമ്പോള്‍ പ്രതീക്ഷിയ്ക്കാവുന്ന ഇരുവരുടെയും സര്‍ഗശക്തിയുടെ മനോഹരമായ സമ്മേളനം ഇതില്‍ നമുക്ക് ദര്‍ശിയ്ക്കാം. വരികളിലൂടെ കാളിദാസന്റെ നാട്ടിലേയ്ക്ക് നാമും എത്തിച്ചേരുന്നു. അവിടെ മഴയുണ്ട്, മേഘങ്ങളുണ്ട്, പുഴയുണ്ട്, തീരങ്ങളുണ്ട്, കൃഷിഭൂമികളുണ്ട്. വിശ്വ മഹാകവിയായ കാളിദാസന്റെ സംസ്കാരം നമ്മുടെ കേരളകവി തന്‍റെ കാവ്യമനസ്സുകൊണ്ട് അറിയുന്നു, ആവിഷ്കരിയ്ക്കുന്നു ഇവിടെ. ആ കാലഘട്ടത്തിലെ ജീവിതത്തിന്റെ ഊര്‍ജവും ഭംഗിയും ഇതില്‍ നാം ദര്‍ശിയ്ക്കുന്നു. കാളിദാസ കൃതികള്‍ നാം വീണ്ടും വായിക്കുന്നു. അവയിലെ ഋതു വര്‍ണനകള്‍ കാണുന്നു. പല തവണ ഉജ്ജയിനി സന്ദര്‍ശിച്ച കവിയ്ക്ക് അവിടത്തെ രാവും പകലും മോഹങ്ങളുമൊക്കെ അറിയാം. കാളിദാസനെ നിരന്തരം കണ്ടുകൊണ്ടിരിയ്ക്കുന്ന അദ്ദേഹത്തിന് ആ ജീവിതത്തിന്റെ കാഴ്ചകളും അറിയാം. ഈ രണ്ടറിവും ഇവിടെ ഒന്ന് ചേരുന്നു. പക്ഷെ ആ മഹാകവിയുടെ കാലത്ത് മാളവത്തില്‍ സമൃദ്ധമായി പെയ്തുപോന്ന മഴമേഘങ്ങള്‍ ഇന്നെവിടെ? നമ്മുടെ നാട് സഹിച്ചുവരുന്ന വരള്‍ച്ചകളിലേയ്ക്ക് കടക്കുന്നു, കവിത..
"ക്രൂരമെരിപകല്‍, ദയാഹീനമാം നരച്ച വാനം, വേരു ചത്തു കഷണ്ടിയായ്ക്കഴിഞ്ഞ മണ്ണും!"
മാളവത്തില്‍ ഇനിയും മഴ വരുമെന്ന് നാം കാത്തിരിയ്ക്കുന്നു.
''..തമ്പുരാക്കള്‍ 
ശത്രുവിനെ തുരത്തുവാന്‍ പോകയാണത്രേ
മറുനാട്ടില്‍ അവരുടെ പടകേളി പൊന്തിയത്രേ
മഴ തൂകും വാണമൊന്നു വരുന്നുവത്രേ"
ആശ്വസിയ്ക്കാനാവുമോ? 
കവി ഈ അവസ്ഥയ്ക്കെതിരെ സംഘടിച്ചെത്താന്‍ നാട്ടിലെ സാധാരണക്കാരെ ("മാരിമുകിലുകളുടെ പടയണി" എന്ന് പദയോഗം) ആഹ്വാനം ചെയ്യുകയാണിനി. തന്‍റെ ഉത്തരവാദിത്തം കവി മനസ്സിലാക്കി- മാരിമുകിലുകളോട് വിളിച്ചു പറഞ്ഞു,
''ഉയിര്‍ക്കൊള്‍ക, കൊഴുത്തുയര്‍ന്നാഴി-
തൊട്ടളകയോളം
പരക്ക, മണ്ണിലേക്കഭിരസിയ്ക്ക ...''
കാളിദാസന്റെ സൗന്ദര്യവീക്ഷണവും മറ്റും പലതവണ ആവര്‍ത്തിക്കപ്പെടുമ്പോഴും സമരവീര്യം ആവാഹിക്കുന്നതിനുള്ള സ്രോതസ്സായി അദ്ദേഹം സ്വീകരിക്കപ്പെടുന്നു. ഈ കവിതയുടെ അപൂര്‍വതയും ഇത് തന്നെ.

കാളിദാസകവിതയുമായി ആത്മൈക്യം നേടിയ ഈ കവിതയില്‍ മാത്രമല്ല കാളിദാസന്‍ സജീവമായി നിഴലിയ്ക്കുന്നത്.. 'ഇന്ത്യ എന്ന വികാര'ത്തില്‍ കാളിദാസനെ നേരിട്ട് തന്നെ സംബോധന ചെയ്യുന്നുണ്ട് കവി. 
കാളിദാസന്റെ ആവിര്‍ഭാവത്തെക്കുറിച്ച് കവി കൗതുകകരമായ ഒരു ഭാവന അവതരിപ്പിക്കുന്നുണ്ട്. മലമകളുടെയും മഹാദേവന്റെയും മധുവിധു നടന്നു - ഗന്ധമാദനത്തില്‍. എന്നിട്ടോ, "രേതോമേഘം ഇഴുകി വിണ്ണാറോളം ഒഴുകിപ്പരന്നു"പോലും. ആ മേഘത്തിന്റെ ഒരു തരിയാണത്രേ സൗരയൂഥമായത്. മറ്റൊരു തരിയോ - വിളിപ്പെടുന്നു കാളിദാസനായ്!" (ഹിമഗന്ധം). 
പ്രണയ വിഷയങ്ങള്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി കൈകാര്യംചെയ്യുന്ന രീതി എത്ര ഒതുക്കമാര്‍ന്നതാണെന്ന്  'പ്രണയഗീത'ങ്ങളെന്ന സമാഹാരത്തിലെ ഓരോ കവിതയും വിളിച്ചോതുന്നു. രതിയെ ബ്രഹ്മാനന്ദമെന്ന് വിശേഷിപ്പിക്കാന്‍ 'കാശ്യപനി'ലൂടെ ഇദ്ദേഹത്തിന്ന്കഴിയുന്നു. ഒപ്പം  മുനിചിത്തത്തിന്റെ ഗൂഢമായ ചിരി കാണാനും ആ വിശിഷ്ട വൈഖരി കേള്‍ക്കാനും ആ 'ബ്രഹ്മാനന്ദരസം' അറിയാനും.അന്തിനേരം, "സുരതാന്ത മന്ദഹാസത്തോടെ ഇലച്ചെറുമെത്തയില്‍ ചാഞ്ഞ മുല്ലപ്പൂ"വില്‍ മുനിയുടെ മിഴി പതിഞ്ഞു. പിന്നെയോ അദ്ദേഹം "സര്‍ഗോന്മാദജൃംഭിതനായി പ്രിയപത്നിയെ പ്രാപിച്ചു", അത്രതന്നെ! 
ചുറ്റും ഞെട്ടലുണ്ടാവാതിരുന്നില്ല: സന്ധ്യാദേവി പാപഭീതിയാല്‍ വിറകൊണ്ടു; മേഘദൂതികള്‍ ആകാശത്തില്‍ വിളറിപ്പോയി; രാത്രി കണ്‍ചിമ്മി; ആശ്രമത്തിലെ ഇരുട്ടത്ത് മൂങ്ങകള്‍ പേടിത്തൊണ്ടരായി കരഞ്ഞു. ഒന്നും പക്ഷേ കാശ്യപനെ ഉലച്ചില്ല. അദ്ദേഹത്തിന്റെ ഉള്ളിലെ ഗൂഢമായ ചിരി ആരും കണ്ടില്ല.
 ഒടുവില്‍ കവിയുടെ സാക്ഷ്യം: ""തൃപ്തനായ് മനം തെളിഞ്ഞാചമി,ച്ചാ പുണൈ്യക- ലബ്ധമാത്രയിലാര്യന്‍ നേടിപോല്‍ ബ്രഹ്മാനന്ദം!   'ആദമും ദൈവവു'മെന്ന കവിതയില്‍ മനുഷ്യന്റെ ഭൂരതിയെയും കര്‍മധീരതയെയും വാഴ്ത്തുന്നു, കവി.
 ഐന്‍സ്റ്റൈന്റെ അതിഥിയായി ഹൈസന്‍ബര്‍ഗ് എത്തുന്ന ഒരു രംഗം ഇതിലെ ഒരു കവിതയ്ക്കു വിഷയമാണ്.ഈ കവിതയില്‍ സംഗമിക്കുന്നത് ശാസ്ത്രലോകത്തെ ഇരുതേജസ്സുകള്‍ മാത്രമല്ല -  ശാസ്ത്രവും ദര്‍ശനവും തന്നെ.  
വൈദികകര്‍മങ്ങള്‍ക്ക് നവോത്ഥാനം കല്‍പിച്ച, "ആമ്നായമഥന"ത്തിന്റെ കര്‍ത്താവായ ഏര്‍ക്കരയുടെ നിര്യാണത്തോടെ ഭാരതീയ വിദ്യയുടെ ഒരു നെടുംതൂണ് നിലംപതിച്ചു എന്ന അടിക്കുറിപ്പോടെ രചിച്ച കവിതയില്‍("ഏര്‍ക്കരയ്ക്കു ശേഷം") നാസ്തിക്യവും ആസ്തിക്യവും പുതുതായി നിര്‍വചിക്കുന്നു.

അടിയന്തരാവസ്ഥ എന്ന പേരില്‍ ഭാരതത്തെ ബാധിച്ച കുപ്രസിദ്ധമായ കൂരിരുളിനെക്കുറിച്ച് പലരും മറന്നിരിയ്ക്കുന്നു, അല്ലെങ്കില്‍ ഓര്‍ക്കാന്‍ മടി കാണിയ്ക്കുന്നു. ഓര്‍ക്കുന്നവരില്‍ തന്നെ പലരും  ആ കൂരിരുളില്‍ വിളക്കായി വര്‍ത്തിച്ച ജയപ്രകാശ് നാരായണനെ അവഗണിക്കുന്നതാണ് കണ്ടു വരുന്നത്.   പൊതുവേ ''വൈഷ്ണവ''ത്തിലാകട്ടെ പല കവിതകളില്‍ പ്രമേയമാക്കി ജയപ്രകാശ് സ്മരണയ്ക്ക് പെരുമയരുളുന്നു.
''മാര്‍ക്‌സിന്റെ കുടീര''ത്തില്‍നിന്ന് അദ്ദേഹം ഇങ്ങനെ ചിന്തിക്കുന്നു:
എല്ലാം കുരുക്കഴിച്ചിട്ടു
കാണിച്ചുനീ
ഉള്ളോരെ, 
ഇല്ലാത്തവരെയും; 
കാണാഞ്ഞ-
തെന്ത് വേണ്ടാത്തവ-രെന്ന വര്‍ഗത്തിനെ? 
കവി വിശ്വസിയ്ക്കുന്നു, "അദ്വയം ആയതും കണ്ടിരുന്നെങ്കിലോ മര്‍ത്ത്യന്റെ ജാതകം ഇന്നൊന്നു വേറെയാം!""

 ദലായ് ലാമയെ ആവിഷ്കരിക്കുന്ന ''ദലായ്ലാമയും തുമ്പിയും'', ഹോചിമിനെ ലിങ്കണുമായി ഐക്യപ്പെടുത്തി, ആത്മബലി വരിക്കുന്ന അമേരിക്കന്‍ പടയാളി  അനശ്വരനാക്കപ്പെടുന്ന ''കുറ്റവാളി '', അക്കാലത്ത്പടരുകയായിരുന്ന നക്സല്‍ജ്വരത്തിന്റെ തീവ്രത കവിയില്‍ ഉണ്ടാക്കിയ വീണ്ടുവിചാരത്തിന്റെ തിരിനാളമെന്ന് പറയാവുന്ന "നരബലി"......എടുത്തുദ്ധരിയ്ക്കാവുന്ന ഒട്ടേറെ കവിതകള്‍ ഇതിലുണ്ട്. ഒരു വലിയ പുസ്തകം വേണ്ടിവരും അതിന്.  

കവിയുടെ വിവര്‍ത്തനത്തിനു മാതൃകയായി ഋതുസംഹാരവും കര്‍ണഭാരവും കാളിദാസഭാസപഠനങ്ങളോടൊപ്പം ചേര്‍ത്തിരിക്കുന്നു. പില്‍ക്കാല സമാഹാരങ്ങളില്‍ പരിശിഷ്ടവും അനുബന്ധുമായി കൊടുത്തതിനു പുറമെ, "ആനുഷംഗികം" എന്ന ശീര്‍ഷകത്തിനു കീഴെ നൂറ്റിരുപതില്‍പരം കൊച്ചു രചനകള്‍ ഈ സമാഹാരം ഉള്‍ക്കൊള്ളുന്നു! അതാതു വ്യക്തികളോടും സന്ദര്‍ഭങ്ങളോടും ബന്ധപ്പെട്ട് താന്‍ കുറിച്ച ശ്ലോകങ്ങളും ലഘുകൃതികളുമാണിവ. 

കവിയുടെ ഉദിപ്പും ഉയര്‍ച്ചയും ഒരു രേഖാചിത്രത്തിലെന്നപോലെ നമ്മുടെ കണ്‍മുന്നിലെത്തിക്കുന്നു,പ്രസ്ഥാനബന്ധം കൊണ്ടു ചേരി തിരിയാത്ത, കവിത എന്ന സ്വത്വം കൊണ്ടുമാത്രം ശ്രദ്ധേയമായ, വിഭവങ്ങളാല്‍ സമ്പന്നമായ ഈ വലിയ സമാഹാരം.


പദ് മനാഭന്‍ തിക്കോടി