Saturday, January 3, 2015

ഗീതാ ഹിരണ്യന്‍ നമുക്ക് തന്നത്

January 2, 2015 at 11:54pm
നാല്പത്തി അഞ്ചു വര്‍ഷം മാത്രം ജീവിച്ച ഗീതാ ഹിരണ്യന്‍ നമുക്ക് തന്നത് പല ജന്മങ്ങളുടെ ആഴവും ഭാവ സങ്കീര്‍ണതയും. സര്‍ഗാത്മക ജീവിതത്തിന്റെ വസന്തകാലത്ത് മരണം മാടി വിളിച്ച സ്നേഹനിധിയായ ഈ എഴുത്തുകാരി വായനക്കാര്‍ക്ക് പ്രിയപ്പെട്ടവളായിരുന്നു.
ഒരു പ്രത്യയശാസ്ത്രത്തിന്റെയും സഹായമില്ലാതെ വായിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയും വിധം രചിയ്ക്കപ്പെട്ട ഗീതയുടെ കഥകള്‍ എണ്‍പതുകളില്‍ മാത്രമാണ് ഞാന്‍ വായിച്ചു തുടങ്ങുന്നത്. സുതാര്യവും ലളിതവുമായിരുന്നു ഇവയിലെ സ്ത്രീ ചിത്തത്തിന്റെ അവതരണം.  ഗീതയുടെ കഥകളോക്കെയും സ്ത്രീയുടെ കണ്ണുകളിലൂടെ ലോകത്തെ മുക്കും മൂലയും നോക്കിക്കണ്ടു. ആത്മാര്‍ത്ഥതയുംസഹജമായ ഫലിത ബോധവും, നര്‍മ്മോക്തി കലര്‍ന്ന പദ പ്രയോഗങ്ങളും ഭാഷയുടെ തിളക്കം കൂട്ടി, ജീവിതാസക്തി എല്ലാ കഥാപാത്രങ്ങള്‍ക്കും ഏറെയാണ്‌ എന്ന് തോന്നും.
വായ്താരിയിലൂടെ സാന്നിദ്ധ്യം വിളംബരം ചെയ്യുന്ന കഥാപാത്രങ്ങള്‍, ആത്മരോദനവും,ആത്മ നിന്ദയും നിറഞ്ഞു നില്‍ക്കുന്ന  മനോഗതങ്ങള്‍, തന്റെതായി സൃഷ്ടിക്കപ്പെട്ട ഒരു ഭാഷ, ജീവിതദര്‍ശനത്തിന്റെയോ പ്രത്യയശാസ്ത്രങ്ങളുടേയോ രാഷ്ട്രീയം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിയ്ക്കാതെ സാധാരണയില്‍ സാധാരണയായി താനഭിമുഖീകരിക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്ന കൌശലം,  കഥാ നിര്‍മ്മിതിയിലും  ആഖ്യാന രീതിയിലും  പാത്ര സൃഷ്ടിയിലും  അനുഭവവേദ്യമായ സ്ത്രീ സ്പര്‍ശം ഇതൊക്കെ ഗീതയുടെ കഥകള്‍ മനസ്സില്‍ പ്രത്യേകം ഇടം നേടുന്നതില്‍ സഹായകമായി.
ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മ സത്യം,  അകത്തും പുറത്തും, ഹൃദയ പരമാര്‍ത്ഥി,വാനപ്രസ്ഥം, വിഴുപ്പ്, സമുദ്രം മുഴങ്ങാത്ത വാക്ക്, കഥയും ജീവിതവും ഒരു ഉപന്ന്യാസ വിഷയത്തിനപ്പുറം, ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം, ഘരേ ബായിരേ,  ഇരുട്ടിന്റെ ചിറകൊച്ചകള്‍, ശ്രീ ഭഗവതി, അസംഘടിത, വൈറ്റ്‌ ഹൌസിന്റെ കഥ .. ഇവയിലൊക്കെ കാണുന്നത് എല്ലാവരും ജീവിച്ചു തീര്‍ക്കുന്ന ജീവിതം തന്നെയാണ്‌ എങ്കിലും കഥപറയുന്ന രീതിയിലുള്ള വ്യത്യസ്തത അവയെ വേറിട്ടു നിര്‍ത്തുന്നു. കഥകളെല്ലാം തന്നെ ആത്മതലസ്പര്‍ശിയാണ്‌. ഗീത പറഞ്ഞിട്ടുണ്ട്: ഞാനെഴുതുന്നതൊക്കേയും എന്റെ കഥകളാണ്‌. ആത്മകഥകള്‍ എന്നെ സ്വയം വായിക്കുന്ന പ്രക്രിയയാണ്‌ എനിക്കെഴുത്ത്‌. അറിയുന്ന എന്നെയല്ല അറിയാത്ത എന്നെയാണ്‌ ഞാനെഴുതുവാന്‍ മോഹിക്കുന്നത്‌.
വിഷയം നര്‍മ്മത്തോടെ കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കപ്പെട്ട  പുതുമയുള്ള വാക്കുകളും വിശേഷങ്ങളും രസകരങ്ങളാണ്. കഥാവ്യസനി, അഴകമ്മ, ഡോഗി, ഭ്രാന്തന്‍ സമുദ്രം, ചങ്ങമ്പുഴപ്പാലങ്ങള്‍, പെന്‍ഗ്വിന്‍ കവയത്രികള്‍, തപാല്‍ ദാമ്പത്യം, ചന്തി തൌഴുകന്‍. ടി.വി.ജീവികള്‍ ഒറ്റക്ഷരപ്പാലങ്ങള്‍,വയനാ ദിനോസര്‍, ഏകാന്ത വ്യസനിതര്‍, തഞ്ച നിദ്ര, കാശുതീനി പിശാച്‌, ചെടിമാഷ്‌, കോമാളിനി.. തീരില്ല പറഞ്ഞാല്‍.
വ്യത്യസ്തമായ ഭാവതലംകൊണ്ട് സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഗീതയുടെ കഥകളോടൊപ്പം  തന്നെ ഗീതയുടെ അനുഭവക്കുറിപ്പുകളും ഏറെ ശ്രദ്ധേയമായിരുന്നു. സ്ത്രീയുടെ നൊമ്പരങ്ങളും അസ്വാതന്ത്ര്യവും  പ്രത്യേക കാഴ്ചപ്പാടിലൂടെയാണ് ഗീത നോക്കിക്കണ്ടത്. തുളച്ചുകീറുന്ന നിശ്ശബ്ദമായ കലാപസ്വരങ്ങള്‍ ലേഖനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.
കവിതയ്ക്കുള്ള കുഞ്ചുപിള്ള സ്മാരക പുരസ്കാരം (1994), അങ്കണം പുരസ്കാരം, ജി. ശങ്കരക്കുറുപ്പ് ജന്മശതാബ്ധി കവിതാ അവാര്‍ഡ് (2001), ടി.പി. കിഷോര്‍ പുരസ്കാരം (2001) എന്നിവ ഗീതയ്ക്കു ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1956 മാർച്ച് 20 ന് ജനിച്ച ഗീത  മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും കരസ്ഥമാക്കിയ ശേഷം  കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും ജോലിയിൽ തുടരാൻ രോഗം അവരെ അനുവദിച്ചില്ല.
2002 ജനുവരി 2 നു അർബുദരോഗത്തിന്റെ പിടിയിലായിരുന്ന ഗീത ജീവിതത്തോട് വിടവാങ്ങുമ്പോള്‍ നഷ്ടപ്പെട്ടത് ഇനിയും നമുക്ക് എന്തൊക്കെയോ തരാനിരുന്ന ഒരു കഥാകാരിയെ.

പദ് മനാഭന്‍ തിക്കോടി

Thursday, November 27, 2014

ടി പത്മനാഭന്‍ - എന്റെ ഇഷ്ട കഥാകൃത്ത്‌.




പദ്മനാഭന്‍ തിക്കോടി
ശ്രീ ടി പത്മനാഭന്‍ എനിയ്ക്കിഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്. ഒരു കവിത വായിക്കുന്ന സുഖത്തോടെ അദ്ദേഹത്തിന്റെ കഥകള്‍ ഞാന്‍ ഏറെ വായിച്ചു. എന്റെ ജനനവും ശ്രീ പദ്മനാഭന്റെ ഗൌരവമുള്ള എഴുത്തും ഏതാണ്ട് ഒരേ കാലത്ത് സംഭവിച്ചു എന്നാണു ചരിത്രരേഖ. അദ്ദേഹത്തിന്റെ ആദ്യപുസ്തകമായ  "പ്രകാശം പരത്തുന്ന പെണ്‍കുട്ടി" പൊന്നാനിയിലെ വെസ്റ്റ്കോസ്റ്റ് പബ്ലിഷേര്‍സ് പുറത്തിറക്കുമ്പോള്‍ അത് വായിച്ചു ആസ്വദിയ്ക്കാനുള്ള നിലവാരമൊക്കെ ലോവര്‍ പ്രൈമറി വിദ്യാര്‍ഥിയായിരുന്ന എനിയ്ക്ക് എവിടുന്നുണ്ടാവാന്‍?
വീട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുത്താറുണ്ടായിരുന്നത്കൊണ്ട് മറ്റു കഥാകാരന്മാരെപ്പോലെ പത്മനാഭനെയും അറിയാന്‍ കഴിഞ്ഞു.. ത്യാഗത്തിന്റെ രൂപങ്ങള്‍, അപൂര്‍ണമായ പ്രതിമ എന്നിവ പഴയ മാതൃഭൂമി തിരഞ്ഞുപിടിച്ച് വായിച്ചത് ഓര്‍ക്കുന്നു. അന്ന് മനസ്സിലാക്കിയതിലും ഏറെ ഉള്‍ക്കൊള്ളാന്‍ പിന്നീടു കഴിഞ്ഞെങ്കിലും അന്നത്തെ വായന ഇന്നും സുഖമുള്ള ഒരോര്‍മ്മയായി മനസ്സിലുണ്ട്.
പത്മനാഭന്റെ രചനകള്‍ ഒട്ടുമുക്കാലും വായിച്ചിട്ടുണ്ട്. ഏതാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ ഇത്തിരി വിഷമം തന്നെ. ലേഖനങ്ങളായാലും കഥകളായാലും സംഭാഷണങ്ങളുടെ ലിഖിതരൂപങ്ങളായാലും എനിയ്ക്കതൊക്കെ കഥകളായി തന്നെ ആസ്വദിയ്ക്കാനാണ് ഇഷ്ടം തോന്നിയത്. 
വൈവിധ്യമാര്‍ന്ന ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നൊക്കെ പത്മനാഭന്‍ കഥകള്‍ കണ്ടെടുത്തു. അവയില്‍ പട്ടി പൂച്ച തുടങ്ങിയ മൃഗങ്ങളുണ്ട്, പക്ഷികളുണ്ട്, അവയുടെ ശബ്ദങ്ങളുണ്ട്, കാറ്റുണ്ട്, മഴയുണ്ട്, മിന്നലും ഇടിയുമുണ്ട്, അരുവികളുണ്ട്‌... 
ഏഴാംതരത്തില്‍ പഠിയ്ക്കുമ്പോഴാണ് പത്മനാഭന്റെ മൂന്നു പുസ്തകങ്ങള്‍ ചുരുങ്ങിയ ഇടവേളകളിലായി വായിക്കുന്നത്- പ്രകാശം പരത്തുന്ന പെണ്‍കുട്ടി, ഒരു കഥാകൃത്ത്‌ കുരിശില്‍, മഖന്‍സിംഗിന്റെ മരണം. കഥകളൊക്കെ മുമ്പ് വായിച്ചിരുന്നെങ്കിലും ഈ പുനര്‍വായന ആസ്വാദനത്തിന്റെ പുതിയ ഒരു തലം എന്നില്‍ രൂപംകൊണ്ടു. സാഹിത്യകാരന്‍ കൂടിയായ വി ടി കുമാരന്‍ മാഷ്‌ നല്‍കിയ പ്രോത്സാഹനം വളരെ വിലപ്പെട്ടതായിരുന്നു എന്ന് മനസ്സിലാക്കുന്നത് വളരെ കഴിഞ്ഞാണ്. 
പത്മനാഭനിലെ കഥാകൃത്തിനു എത്രത്തോളം മേന്മയുണ്ടോ, അതെ അളവില്‍ അദ്ദേഹത്തില്‍ ഒരു കലാപകാരിയുടെ മനസ്സുണ്ട് എന്ന് നാമറിയുന്നത് 1974ല്‍ സാക്ഷി എന്നാ കഥാ സമാഹാരത്തിനു പ്രഖ്യാപിയ്ക്കപ്പെട്ട കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹം നിരസിയ്ക്കുമ്പോഴാണ്. അക്കാദമി അവാര്‍ഡ്സംവിധാനത്തോടുള്ള എതിര്‍പ്പായിരുന്നു കാരണം.  "ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ അവാര്‍ഡ് നിരസിച്ചത് ഞാനാണ്'' എന്ന് പറഞ്ഞ് അത് ഒരു ക്രെഡിറ്റ് ആക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇരുപത്തിരണ്ടു വര്‍ഷം കഴിഞ്ഞ് ഗൌരി എന്ന പുസ്തകത്തിന്‌ ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹം നിരസിച്ചു.
വിവാദങ്ങള്‍ സൃഷ്ടിച്ച പ്രസ്താവനകളിലൂടെയും അദ്ദേഹം സാഹിത്യരംഗത്ത്‌ കലാപം വിതച്ചു. എം ടിയുടെ ജ്ഞാനപീഠപുരസ്കാരലബ്ധി, കമലാ സുരയ്യയുടെ മതം മാറ്റം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ  വിമര്‍ശനങ്ങളും ആരോപണങ്ങളും കടുത്ത എതിര്‍പ്പിന് ഇടയാക്കി. 
 അതിനിശിതമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന് തെല്ലും ‘ദയ’യില്ല. അതേപോലെത്തന്നെ, ഏതൊരാളെയായാലും ഉള്ളില്‍ കുത്തിത്തറക്കുന്ന മൂര്‍ച്ചയോടെ പരിഹസിക്കാന്‍ മടിയുമില്ല..
കേരള സാഹിത്യ അക്കാദമിയുടെ ആവിര്‍ഭാവം മുതലേയുള്ള പുരസ്‌കാരമായിരുന്ന 'ശ്രീപദ്മനാഭസ്വാമി ബാലസാഹിത്യ പുരസ്‌കാരം മതനിരപേക്ഷമല്ല എന്നു പറഞ്ഞ്എം. മുകുന്ദന്‍ പ്രസിഡന്റായ ഭരണസമിതി അത് നിര്‍ത്തിയപ്പോള്‍ കടുത്ത വിമര്‍ശനവുമായി പത്മനാഭന്‍ രംഗത്തെത്തി. 
പല വേദികളിലും അദ്ദേഹം ഇതിനെതിരെ പ്രസംഗിച്ചു: എന്താണ് മുകുന്ദന്‍ ഉദ്ദേശിച്ച സെക്യുലറിസംഅങ്ങനെയെങ്കില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം സെക്യുലറല്ലെന്നു പറയുമോശ്യാമശാസ്ത്രികളുടെയും ദീക്ഷിതരുടെയും സ്വാതിതിരുനാളിന്റെയും കൃതികള്‍ സെക്യുലറല്ലെന്നു പറയുമോനവോത്ഥാന കാലഘട്ടങ്ങളിലെ മഹത്തായ എല്ലാ കലാരൂപങ്ങളും ബൈബിളിനെ അധികരിച്ചല്ലേ. അത് സെക്യുലറല്ലെന്നു പറയുമോ
വളരെയധികം പരത്തിപ്പറഞ്ഞു പോകാവുന്ന ഉള്ളടക്കങ്ങളെ തന്റെ ചെറു രചനകളിലൂടെ മൂല്യവത്തായി പ്രകാശിപ്പിച്ചു എന്നതാണ് പത്മനാഭന്റെ കഥകളുടെ വിജയം. പൊള്ളയായ മുദ്രാവാക്യങ്ങള്‍ അവയിലില്ല. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്: എനിയ്ക്കറിയുന്ന കൊച്ചുകാര്യങ്ങളുമായി ഈ ചെറിയ ചുറ്റുവട്ടത്തില്‍ കഴിഞ്ഞുകൂടാനാണ് എനിക്കിഷ്ടം.
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, ഒരു കഥാകൃത്ത് കുരിശില്‍, മഖന്‍ സിംഗിന്റെ മരണം, ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികള്‍, സാക്ഷി,ഹാരിസണ്‍ സായ്‌വിന്റെ നായ, വീടു നഷ്ടപ്പെട്ട കുട്ടി, കാലഭൈരവന്‍, കത്തുന്ന ഒരു രഥ ചക്രം,ഗൌരി, കടല്‍, പത്മനാഭന്റെ കഥകള്‍, പള്ളിക്കുന്ന്, ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍, നളിനകാന്തി, ഗുല്‍ മുഹമ്മദ്‌ തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളുടെ സമാഹാരങ്ങളാണ്. 
നിരസിക്കപ്പെട്ട അവാര്‍ഡുകള്‍ക്ക് പുറമേ ഒട്ടേറെ അംഗീകാരങ്ങള്‍ പദ്മനാഭനെ തേടി വന്നിട്ടുണ്ട്. സാഹിത്യപരിഷത്ത് അവാര്‍ഡ് (1988) (കാലഭൈരവന്‍ എന്ന കൃതിക്ക്), ഓടക്കുഴല്‍ പുരസ്‌കാരം (1995) (കടല്‍ എന്ന കൃതിക്ക്), സ്‌റ്റേറ്റ് ഓഫ് ആല്‍ ഐന്‍ അവാര്‍ഡ് (1997) (ഗൌരി എന്ന കൃതിക്ക്), ലളിതാംബിക അന്തര്‍ജ്ജനം പുരസ്‌കാരം (1998),  വയലാര്‍ അവാര്‍ഡ് (2001)(പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് എന്ന കൃതിയ്ക്ക്), എഴുത്തച്ഛന്‍ പുരസ്‌കാരം (2003),  കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012) എന്നിവ ഇവയില്‍ ചിലവ മാത്രം. 
ഇരുപത് വര്‍ഷം മുമ്പ് പ്രമുഖ ഇന്ത്യന്‍ ചെറുകഥാകൃത്തുക്കളുടെ കഥകള്‍ സമാഹരിച്ച് സാഹിത്യ പരിഷത്ത് ഒരു ബൃഹദ് സമാഹാരം പുറത്തിറക്കിയപ്പോള്‍ രവീന്ദ്രനാഥ ടാഗോര്‍, വിഭൂതി ഭൂഷണ്‍ തുടങ്ങിയവരുടെ കഥകള്‍ക്കൊപ്പം ടി.പത്മനാഭന്റെ കഥയും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഭാരതീയ സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ഭാരതീയ സാഹിത്യ പരിഷത്തിന്റെ  ഈ വര്‍ഷത്തെ പുരസ്‌കാരം ഇദ്ദേഹത്തിനു പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഭാരതീയ സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം.
നമുക്ക്, മലയാളികള്‍ക്ക് സന്തോഷമുള്ള ഈ പ്രഖ്യാപനം ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ശ്രവിച്ചത്. അഭിനന്ദനങ്ങളും ആദരവും !!

Wednesday, November 5, 2014

എന്റെ തിക്കോടി (പത്ത്) എന്റെ തിക്കോടി- എന്റെ സഖി.





കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ പശ്ചിമാബ്ധിയെ നോക്കി ലയിച്ചിരിക്കുന്ന തിക്കോടി എന്ന എന്റെ ഗ്രാമം എനിയ്ക്കെന്നും നല്‍കിയത് ഒരു സഖിയുടെ സാമീപ്യം..
ഇവിടെ കഴിഞ്ഞിരുന്ന ഓരോ നിമിഷത്തിനും സ്വച്ഛതയുണ്ടായിരുന്നു. 
കവിതകളിലേയും കഥകളിലേയും ഗ്രാമീണ സൌന്ദര്യവര്‍ണനകളിലൂടെ കടന്നുപോകുമ്പോഴും എന്റെ ഉള്ളം തുടിച്ചിരുന്നത് എന്റെ ഗ്രാമത്തിന്റെ മനോഹാരിതകളെ നിനച്ചായിരുന്നു.
വീടിനടുത്തുണ്ടായിരുന്ന, ഇന്ന് ഒരംശം പോലും ബാക്കിയായില്ലാത്ത വിശാലമായ വയലുകള്‍ എനിയ്ക്കെന്നും ഹരമായിരുന്നു. 
വയലുകള്‍ക്കക്കരെ പുലര്‍കാലങ്ങളില്‍ തെളിഞ്ഞു കണ്ടിരുന്ന മലനിരകള്‍ നല്‍കിയത് അളവറ്റ മനം നിറഞ്ഞ ആനന്ദം.
മഴയത്തും വെയിലത്തും വയലേലകള്‍ സന്തുഷ്ടമായ ഒരു ബാല്യം എനിയ്ക്ക് സമ്മാനിച്ചു.
ഇവിടത്തെ പ്രകൃതി എന്നോട് സംവേദിച്ചിരുന്നത് മഴനിന്നാലും പെയ്യുന്ന മരങ്ങളിലൂടെ;
ചെടികളിലെ ഇലകളില്‍ കൊച്ചു മഴവില്ലുകള്‍ കാണിച്ചു തന്ന മഴത്തുള്ളികളിലൂടെ;
പിടിക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ വഴുതി മാറുന്ന തുമ്പികളിലൂടെ;
നീലാകാശങ്ങളില്‍ ഒഴുകി നീങ്ങുന്ന മേഘത്തുണ്ടുകളിലൂടെ;
മഞ്ഞുത്തുള്ളികള്‍ വഹിച്ചു നിന്നിരുന്ന തളിരിലകളിലൂടെ;
വര്‍ണക്കുടകള്‍ വഹിച്ചു നിന്നിരുന്ന ചെടികളിലൂടെ.
പ്രകൃതി എന്നെ സ്നേഹിയ്ക്കുന്നതിലും എത്രയോ ഏറെ ഞാന്‍ പ്രകൃതിയെ സ്നേഹിച്ചു.
ബാലാരിഷ്ടതകള്‍ നിറഞ്ഞ ശൈശവം എന്നില്‍ ബാക്കി വെച്ചിരുന്ന ശുഷ്കിച്ച ശരീരത്തിന് മരങ്ങളില്‍ ഓടിക്കയറാനോ, കുളങ്ങളില്‍ നീന്തി തുടിയ്ക്കാനോ, അമ്മയുടെ ശ്രദ്ധ മാറ്റി ഓടിക്കളിയ്ക്കുന്ന പശുക്കിടാവിനെ പിടിച്ചുകെട്ടാനോ കഴിയുമായിരുന്നില്ല. എങ്കിലും പാറക്കുളത്തിലും  'ചോയി'കുളത്തിലും പാലൂര്‍ കുളത്തിലും ആഞ്ഞുനീന്തുന്ന കൂട്ടുകാരുടെ ആര്‍പ്പുവിളികള്‍ എനിയ്ക്ക് ഹരമായിരുന്നു. മാവിന്‍ കൊമ്പുകളില്‍ അമ്മാനമാടിയിരുന്ന കൂട്ടുകാര്‍ ഫ്രഷ്‌ ആയ മാമ്പഴങ്ങള്‍ എനിയ്ക്കിട്ട്തരുമ്പോള്‍ അപകഷതാബോധം ഉണ്ടായില്ല. 
പുലര്‍കാലത്തെ കോഴിയുടെ കൂവലും കുയിലിന്റെ നാദവും അണ്ണാന്‍കുഞ്ഞുങ്ങളുടെ ചില്‍ ചില്‍ ആരവങ്ങളും ഞാനന്ന് ആസ്വദിച്ചത് പില്‍ക്കാലത്ത്‌ യേശുദാസിന്റെയും റാഫിയുടെയും ജാനകിയമ്മയുടെയും ഒക്കെ സംഗീതം ശ്രദ്ധിച്ചത് പോലെ തന്നെ.
പിന്നെ പിന്നെ ഞാന്‍ വളര്‍ന്നു.. വീട്ടുവളപ്പില്‍ സുലഭമായി ഉണ്ടായിരുന്ന ചക്ക, വിവിധയിനം മാമ്പഴങ്ങള്‍, അമ്മയുടെ പരിലാളനം ഏറ്റു വളര്‍ന്നിരുന്ന ചേമ്പ് ചേന വാഴപ്പഴം കറമൂസ്സ എന്ന് ഞങ്ങള്‍ വിളിയ്ക്കുന്ന പപ്പായ പേരയ്ക്ക എന്നിവയൊക്കെ കൂടി എന്നെ വളര്‍ത്തി എന്ന് പറയുന്നതാവും ഏറെ ശരി.
തൈര് കടയുന്ന അമ്മയുടെ ശ്രദ്ധ മാറ്റി എത്ര വെണ്ണ തട്ടിയെടുത്തു സേവിച്ചിട്ടുണ്ട് എന്ന് പറയാന്‍ പറ്റില്ല. 
പ്രകൃതിയോടുള്ള എന്റെ സംവേദനം വളരുന്നതോടൊപ്പം എന്റെ സ്വപ്നങ്ങളുടെ വ്യാപ്തിയും വളര്‍ന്നു.അതെ എന്റെ ഈ ഗ്രാമം തന്നെ എന്നെ വളര്‍ത്തിയ എന്റെ സഖി.

പദ് മനാഭന്‍ തിക്കോടി

Monday, October 27, 2014

ചിന്തകളും സര്‍ഗാത്മകപ്രവര്‍ത്തനവും സമന്വയിപ്പിച്ച കലാകാരന്‍





ഇക്കഴിഞ്ഞ ദിവസം ബംഗളുരുവില്‍ പ്രമുഖ ചിത്രകാരനായ ശ്രീ കെ വി ഹരിദാസ്‌ തന്റെ എഴുപത്തി ഏഴാം വയസ്സില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞപ്പോള്‍ സഹൃദയലോകത്തിനു നഷ്ടമായത് ചിത്രകലയിലെ താന്ത്രിക് രീതിയുടെ പൊരുളറിഞ്ഞ അപൂര്‍വം ഇന്ത്യന്‍ ചിത്രകാരന്‍മാരില്‍ ഒരാള്‍.. കഴിഞ്ഞ  അഞ്ചുവ്യാഴവട്ടക്കാലമായി ഭാരതീയ നിയോതാന്ത്രിക് ധാരയിലെ വ്യതിരിക്തമായ വ്യക്തിത്വമായിരുന്ന ശ്രീ ഹരിദാസ്‌ തന്റേതായ ഒരു വ്യത്യസ്ത ചിത്രഭാഷ കലയില്‍ അവതരിപ്പിച്ചു. 
ആശയാവിഷ്‌കാരങ്ങള്‍ക്ക് താന്ത്രിക ചിഹ്നങ്ങളെ പ്രതീകാത്മകമായി സ്വീകരിച്ച പ്രമുഖരായ പല ചിത്രകാരന്മാരില്‍ നിന്നും വളരെയേറെ വേറിട്ട ഒരു സമീപനമായിരുന്നു കലയോട് ഇദ്ദേഹത്തിനുണ്ടായിരുന്നത്. 
ബിംബങ്ങളും രൂപങ്ങളും തനതായ വര്‍ണവിന്യാസങ്ങളിലൂടെ ചിത്രതലത്തില്‍ ആവിഷ്‌കരിച്ച് തനതായ ഒരു ചിത്രഭാഷ കലയില്‍ അദ്ദേഹം അവതരിപ്പിച്ചു. ജീവിതചര്യയും ചിന്തകളും സര്‍ഗാത്മകപ്രവര്‍ത്തനവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ മിക്കവയും തന്റെ യോഗനിഷ്ഠയോടെയുള്ളചര്യകളും ദര്‍ശനങ്ങളും പ്രതിഫലിപ്പിയ്ക്കുന്നവയായിരുന്നു.
ചെന്നൈയിലെ ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപകരിലൊരാളും തിരുവനന്തപുരത്തെ 'കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സി'ന്റെ മുന്‍പ്രിന്‍സിപ്പലുമാണെങ്കിലും സഹൃദയരുടെ ഇടയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചിത്രകലയിലെ നവതാന്ത്രിക പ്രസ്ഥാനത്തിലെ പ്രമുഖന്‍, സംഗീതവുമായും നാടകവുമായും നാടന്‍ കലാരൂപങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠനായ ഒരു കലാകാരന്‍ എന്നീ നിലകളില്‍ തന്നെ.  
കണ്ണൂര്‍ ജില്ലയിലെ കീച്ചേരി സ്വദേശിയായ ശ്രീ ഹരിദാസ്‌ ചെന്നൈയിലെ പ്രസിഡന്‍സി കോളേജില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ചെന്നൈയിലെതന്നെ 'സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സി'ല്‍ ചിത്രരചന പഠിക്കാനെത്തുന്നത്. ഇവിടെ നിന്നും കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി ഒന്നാംക്ലാസ്സോടെ പെയിന്റിങ് ഡിപ്ലോമ നേടിയ ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാറിന്റെ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു.
താന്‍ വളര്‍ന്ന ഗ്രാമത്തിലെ ക്ഷേത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ബാല്യത്തില്‍തന്നെ അദ്ദേഹത്തിന്റെ സര്‍ഗഭാവനയെ ഉണര്‍ത്തിയിരുന്നു. ശോഭയാര്‍ന്ന ഉത്സവങ്ങളിലൂടെ, തെയ്യങ്ങളുടെ നിറങ്ങളിലൂടെ, ദീപങ്ങളില്‍ തെളിയുന്ന കളങ്ങളിലൂടെ അദ്ദേഹത്തിന്റെ ഭാവന ചിറകു വിരിച്ചു. (ഉത്സവകാലത്താണ് നാട്ടിലെത്തുന്നതെങ്കില്‍ എല്ലാ തെയ്യംതിറകളും വീക്ഷിക്കാന്‍ പോകുമായിരുന്നു ശ്രീ ഹരിദാസ്‌.)
വര്‍ണങ്ങളും രേഖകളുമാണ് കലയുടെ മര്‍മമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം രൂപവിന്യാസ ക്രമങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്തി. അതു കൊണ്ട്  തന്നെ അദ്ദേഹത്തിന്റെ രചനകള്‍ ഓരോന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ളയാത്രയായി. 
കലയെ താന്‍ എങ്ങിനെ വിലയിരുത്തുന്നു എന്ന് അദ്ദേഹത്തിന്റെ ഈ വരികള്‍ വിശദമാക്കുന്നുണ്ട്: വിവിധ തരത്തിലുള്ള വൈകാരികമായ പിരിമുറുക്കങ്ങളും ആത്മ സംഘര്‍ഷങ്ങളും മനുഷ്യമനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു. അത് സമൂഹത്തില്‍ ശാന്തതയെയും സൗഹൃദത്തെയും കെടുത്തും. ഒടുവില്‍, അത് ഒരു പകര്‍ച്ചവ്യാധിയാവും. സര്‍ഗാത്മക ചിന്തകളിലൂടെ മനസ്സിനെ വായിച്ച്, ഭാവനകളെ വളര്‍ത്തി, പരിപോഷിപ്പിച്ച്, കലാസൃഷ്ടികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ മനുഷ്യന് ആത്മവിശ്വാസവും സ്‌നേഹവും കൈവരും. സര്‍ഗാത്മക പ്രവര്‍ത്തനം മനസ്സിലെ തിന്മകളെ തമസ്‌കരിക്കും. മുനഷ്യന്റെ നന്മക്കുള്ള ഏറ്റവും നല്ല ഉപാധിയും തിന്മകളില്‍ നിന്നുള്ള മോചനവുമാണ് കല. കല ജീവിതത്തെ സാര്‍ഥകമാക്കും.
ചെന്നൈയിലെ പഠനശേഷം ഡല്‍ഹിയില്‍ ജ്യേഷ്ഠന്‍ കെ.വി. കുഞ്ഞികൃഷ്ണന്റെ അടുത്തേക്ക് താമസം മാറ്റിയതോടെയാണ് ശ്രീ ഹരിദാസന് വിദേശികളായ ചിത്രകാരന്മാരുമായി അടുത്തിടപഴകുന്നത്തിനുള്ള അവസരം ലഭിയ്ക്കുന്നത്.
ഫ്രഞ്ച് ചിത്രകാരന്മാരുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇവരുടെ ക്ഷണപ്രകാരം ഫ്രാന്‍സ് സന്ദര്‍ശിച്ച് നിരവധി ചിത്രകലാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും സംബന്ധിച്ചു.
കാന്‍വാസില്‍ പുതുമകള്‍ പരീക്ഷിച്ചുള്ള ഡല്‍ഹിയിലെ പ്രദര്‍ശനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
1964 മുതല്‍ 1977 വരെ കേന്ദ്രലളിതകലാ അക്കാദമി നടത്തിയ ദേശീയ പ്രദര്‍ശനങ്ങളില്‍ ഹരിദാസന്‍ പങ്കെടുത്തിട്ടുണ്ട് തുടര്‍ന്ന്, ദേശീയവും അന്താരാഷ്ട്രീയവുമായ നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1971 ല്‍ പാരീസില്‍ നടന്ന ബിയന്നലെ, കാനഡയില്‍ നടന്ന ടെന്‍ മോഡേണ്‍ താന്ത്രിക് പെയിന്റേഴ്‌സ്, ഇന്ത്യയിലെ ടിയന്നലെ പ്രദര്‍ശനങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ രചനകളില്‍ 'യന്ത്ര', 'ബ്രഹ്മസൂത്ര' എന്നീ പരമ്പരകളിലെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
1971 ല്‍ ഡല്‍ഹിയില്‍ നടന്ന ബീജയന്ത്ര ചിത്രപരമ്പരയുടെ പ്രദര്‍ശനത്തെ വിലയിരുത്തി വിഖ്യാത നിരൂപകന്‍ പ്രയാഗ് ശുക്ല ഇങ്ങനെ എഴുതി- ' താന്ത്രികദര്‍ശനങ്ങളെ വര്‍ത്തമാനയാഥാര്‍ഥ്യത്തിലേക്ക് ആനയിച്ച്, ഏറ്റവും നിര്‍വ്യാജമായും നിഷ്ഠയോടെയും അവതരിപ്പിച്ച ചിത്രകാരനാണ് ഹരിദാസന്‍'.
അധികമാര്‍ക്കും പിടിതരാതെ വഴുതിമാറുന്ന താന്ത്രിക് രചനാസ്വാദനത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ''സൂക്ഷ്മമായ നിരീക്ഷണം താന്ത്രിക് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ ആവശ്യമാണ്. അപരിചിതമായ എന്തിനേയും സംശയത്തോടും ഭയത്തോടുംകൂടി വീക്ഷിക്കുന്നതാണ് പൊതുരീതി. കല്ലില്‍ ദൈവത്തെ ദര്‍ശിക്കുന്നത് സമീപനത്തിലുള്ള മാറ്റമാണ്. അത്തരമൊരു വീക്ഷണംതന്നെയാണ് താന്ത്രിക് ചിത്ര ആസ്വാദനത്തിനും ആവശ്യം''
1980 മുതല്‍ തിരുവനന്തപുരത്ത് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പെയിന്റിങ് വിഭാഗം പ്രൊഫസറായി അദ്ധ്യാപകജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് കോളേജിന്റെ പ്രിന്‍സിപ്പലുമായി. കേരള ലളിതകലാ അക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നിട്ടുണ്ട്. 1992 ല്‍ കോളേജില്‍ നിന്ന് വിരമിച്ച ശേഷം ചോഴ മണ്ഡലത്തില്‍ സ്ഥിരതാമസമാക്കി. 
ചിത്രമെഴുത്തില്‍ സജീവമാകുമ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എം.ഗോവിന്ദനും മങ്കട രവിവര്‍മയും ചേര്‍ന്നൊരുക്കിയ 'നോക്കുകുത്തി'യെന്ന ചിത്രത്തില്‍ ആഴ്വാഞ്ചേരി തമ്പ്രാക്കളായി എത്തിയത് ഹരിദാസനായിരുന്നു. ക്യാപ്റ്റന്‍ ഇ. ജയറാമിന്റെ 'കാണാത്ത ചിലങ്ക' എന്ന പുസ്തകത്തിന് കവര്‍ചിത്രമൊരുക്കിയതും ഇദ്ദേഹം തന്നെ. 
തമിഴ്‌നാട് അക്കാദമിയുടെയും കേരള അക്കാദമിയുടെയും പുരസ്‌കാരങ്ങളും കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെയും മാനവശേഷിവകുപ്പിന്റെയും സീനിയര്‍ ഫെലോഷിപ്പുകളും ലഭിച്ച ഹരിദാസനെ കേരളലളിതകലാഅക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ലളിതകലാ അക്കാദമിയില്‍ വിശിഷ്ട കലാകാരനായി 1994-ല്‍ നാമനിര്‍ദേശം ചെയ്തിരുന്നു. 
ചിത്രകലയ്ക്കുള്ള കേരളസര്‍ക്കാറിന്റെ 2013-ലെ രാജാരവിവര്‍മ പുരസ്‌കാരം അദ്ദേഹത്തിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് ഏറ്റുവാങ്ങും മുമ്പേയാണ് അദ്ദേഹം വിടവാങ്ങിയത്.

1937 ല്‍ കണ്ണൂരില്‍ ജനിച്ച ശ്രീ ഹരിദാസിന്റെ അന്ത്യം 2014 ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ ജ്യേഷ്ഠന്റെ മകളായ ഉമാ നരേന്ദ്രന്റെ ദൊംലൂരിലുള്ള വീട്ടിലായിരുന്നു. ഭാര്യ: പദ്മിനിയമ്മ. ഏക മകന്‍ മോഹനകൃഷ്ണന്‍ വീഡിയോ സാങ്കേതികരംഗത്തെ കലാകാരനാണ്. 

പദ്മനാഭന്‍ തിക്കോടി

Monday, June 2, 2014

ഇളയരാജാ-സ്വരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ചെപ്പടിവിദ്യക്കാരന്‍ .

ഇളയരാജാ-സ്വരങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന ചെപ്പടിവിദ്യക്കാരന്‍ .

സ്വന്തമായി സിംഫണിയൊരുക്കിയ ഏക ഇന്ത്യന്‍ സംഗീതപ്രതിഭ. ലോക സിനിമ ചരിത്രത്തിലെ മികച്ച 25 സംഗീത സംവിധായകരില്‍ ഒരാളായി,  ‘ടെയ്സ്റ്റ് ഓഫ് സിനിമ എന്ന വെബ് സൈറ്റ്  തിരഞ്ഞെടുത്ത അതുല്യ  സംഗീതജ്ഞന്‍. ലോകം ഉള്ള കാലമത്രയും ഏവരുടെയും ചുണ്ടുകളില്‍ തത്തി കളിക്കുന്ന ഒരു പിടി മധുരഗാനങ്ങള്‍ സമ്മാനിച്ച ഇസൈജ്ഞാനി. വിദേശ 'സിംഫണി' മുതല്‍ തമിഴ് ആദിസംസ്‌കാരത്തിലെ ഭക്തിയുടെ നീരുറവയായ 'തിരുവാസകം' വരെ ചിട്ടപ്പെടുത്തി സംഗീതത്തിന്റെ വഴികളിലൂടെ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ താണ്ടിയ തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തി. 

മൂന്നു പതിറ്റാണ്ടിനുള്ളില്‍ വ്യത്യസ്ത ഭാഷകളില്‍ 950 ചിത്രങ്ങള്‍ക്കായി 5000 ലേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ തമിഴകത്തും ദക്ഷിണേന്ത്യയില്‍ ആകമാനവും  പുതിയ തരംഗം തന്നെ സൃഷ്ടിച്ച ഇളയരാജയ്ക്ക് ഇത്തരം ഒരാമുഖം ആവശ്യമില്ല. മൂന്നുതവണ എറ്റവും മികച്ച സിനിമാസംഗീത സംവിധായകനുള്ള അവാര്‍ഡു നല്‍കി രാഷ്ട്രം ഈ കലാകാരനെ ആദരിച്ചു. വിവിധ സംസ്ഥാന അവാര്‍ഡുകളും പലതവണ നേടി. തമിഴ് സിനിമയില്‍ ഇത്രയും ജനകീയനായ എല്ലാവരുടെയും ആരാധന പിടിച്ചുപറ്റിയ മറ്റൊരു സംഗീതസംവിധായകന്‍ വേറെയില്ല. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.

തമിഴ് സിനിമയില്‍ നിലനിന്നിരുന്ന സംഗീത ശൈലി അപ്പാടെ മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കപ്പെട്ട, 1976-ല്‍ റിലീസ് ചെയ്യപ്പെട്ട ''അന്നക്കിളി ''യിലെ ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീതാസ്വാദകര്‍ ഇളയരാജയെ അറിഞ്ഞുതുടങ്ങുന്നത്. നാടോടി സംഗീതവും പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച് അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തമിഴകത്ത് പുതിയ തരംഗം തന്നെ സൃഷ്ടിച്ചു. തുടര്‍ന്നിങ്ങോട്ട്‌ വിജയത്തിന്റെ ചരിത്രം മാത്രമേ ഇളയരാജയെപ്പറ്റി പറയാനുള്ളൂ. സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നതിനും മലയാള ചിത്രമായ പഴശിരാജയ്ക്ക് പശ്ചാത്തലസംഗീതം നിര്‍വഹിച്ചതിനും ഇളയരാജയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചെറുതും വലുതുമായ പുരസ്‌കാരങ്ങള്‍ വേറെയും. തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തെ കലൈമാമണി പട്ടം നല്‍കി ആദരിച്ചു.
ഏതാണ്ട് ആയിരത്തോളം ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.

മികച്ച ഗാനരചയിതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കൊപ്പം ഇണങ്ങിച്ചേരാന്‍ പറ്റിയതാണ് ഇളയരാജയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കാനും അതു വഴി പ്രശസ്തിയുടെ പടവുകള്‍ കയറാനും എളുപ്പമായത്. ഗുല്‍സാര്‍, കണ്ണദാസന്‍, വെട്ടൂരി സുന്ദര രാമമൂര്‍ത്തി, ശ്രീവെണ്ണില സീതാരാമ ശാസ്ത്രി, വൈരമുത്തു , വാലി എന്നീ ഗാനരചയിതാക്കളും കെ. ബാലചന്ദര്‍, കെ. വിശ്വനാഥ്, ശിങ്കിതം ശ്രീനിവാസ റാവു, വംശി, ബാലു മഹേന്ദ്ര, മണിരത്‌നം എന്നീ സംവിധായകരും ഇളയരാജ എന്ന സംഗീതസംവിധായകന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചവരാണ്.

1943 ജൂണ്‍ മാസം രണ്ടാം തിയതി തമിഴ് നാട്ടിലെ തേനി ജില്ലയിലെ പന്നയപുരം എന്ന ദേശത്ത് ഡനിയേല്‍ രാമസ്വാമിയുടെയും  ചിന്നതായമ്മാളിന്റെയും മൂന്നാമത്തെ പുത്രനായ് ജനിച്ച ക്‌ഞാനദേശികന്‍ എന്ന
ഡാനിയല്‍ രാജയ്യയുടെ പേര് സംഗീതാദ്ധ്യാപകനാണ് രാജ എന്ന് മാറ്റിയത്.  ആദ്യ സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ് അരുണാചലം ഇളയരാജ എന്ന പേരു നൽകിയത്.

ജനിച്ച് വളർന്ന അന്തരീക്ഷം തമിഴ് നാടൻ ശീലിന്റെ മാറ്റൊലികളാൽ സമൃദ്ധമായിരുന്നു.തന്റെ പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന സംഗീത സംഘത്തിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു.തന്റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്നു ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്ന ത്തെ ഇന്ത്യൻ പ്രധാന മന്ത്രിജവാഹർലാൽ നെഹ്രു വിനു വേണ്ടി സമർപ്പിച്ചു. 
റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കവലകള്‍ തോറും പാടിയ ചരിത്രവും ഈ സംഗീതചക്രവര്‍ത്തിക്കുണ്ട്.  
തുടര്‍ന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറി. സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ അസിസ്റ്റന്റായി  കുറച്ചു കാലം ജോലി ചെയ്തു.ഈ കാലയളവില്‍ ഏതാണ്ട് 200 ഓളം ചിത്രങ്ങളിൽ ഇളയരാജ പ്രവർത്തിച്ചിട്ടുണ്ട്. ഒപ്പം തന്നെ അദ്ദേഹം സ്വന്തമായി ഈണങ്ങൾ തയ്യാറാക്കാനും തുടങ്ങിയിരുന്നു.അവിടെ നിന്നു ഗിറ്റാര്‍ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാര്‍ പരീക്ഷ സ്വര്‍ണ മെഡലോടെ പാസായി. പാശ്ചാത്യസംഗീതത്തില്‍ ഇളയരാജക്കുള്ള താല്‍പര്യം വളര്‍ന്നു പന്തലിച്ചത്   ധന്‍രാജ് ഗുരുവിന്റെ കീഴിലുള്ള  പഠനത്തോടെയാണ്.
ഇളയരാജ സംഗീതം നല്‍കി  സ്വന്തമായി നിര്‍മിച്ച സിനിമയാണ്  'എന്‍ ബൊമ്മ ക്കുട്ടി അമ്മാവുക്ക. 
2000 ൽ ഇളയരാജ സിനിമാസംഗീതത്തിൽ നിന്നും വ്യതിചലിച്ച് ചില ആൽബങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിരുന്നു. 

ദളപതി എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട് എസ്.പി.ബാലസുബ്രഹ്മണ്യവും, സ്വർണ്ണലതയും ആലപിച്ച രാക്കമ്മ കൈയ്യെ തട്ട് എന്ന ഗാനം മികച്ച പത്തു ഗാനങ്ങൾക്കായി ബി ബി സി നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തുകയുണ്ടായി. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച നായകൻ എന്ന സിനിമ ടൈം മാസിക നടത്തിയ ഒരു വോട്ടെടുപ്പിൽ ലോകത്തിലെ മികച്ച 100 ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കാർ അവാർഡുകൾക്കായി ഭാരത സർക്കാർ ഔദ്യോഗികമായി നാമനിർദ്ദേശം നൽകിയ കുറേയധികം ചിത്രങ്ങൾക്കും സംഗീതമൊരുക്കിയത് ഇളയരാജയാണ്. 

പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര തന്റെ ‘ മൂടുപനി’ എന്ന ചിത്രത്തിലെ ‘എൻ ഇനിയ പൊൻ നിലാവേ…’ എന്ന ഗാനത്തെപ്പറ്റി ഇങ്ങനെ  പറയുന്നു:
ആ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗിത്താർ ഈണം, യേശുദാസിന്റെ സ്വരം, ഗാന ചിത്രീകരണം, അതിലുപരി രാജയുടെ സംഗീതം – ഇതെല്ലാം ചേർന്ന് ആ ഗാനം എത്ര മനോഹരമായിരുന്നു! ഈ രംഗത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം ഞാന്‍ നിരസിക്കുകയായിരുന്നു. രണ്ടാമതായി രാജ നൽകിയ ഗാനമായിരുന്നു ‘എൻ ഇനിയ പൊൻ നിലാവേ…’. 

അപ്പോൾ ആദ്യ ഗാനം? 
ബാലു മഹേന്ദ്ര തന്നെ പറയുന്നു ''പിൽക്കാലത്ത് ഏറെ പ്രശസ്തമായ ‘ഇളയനിലാ പൊഴികിറത്…’ എന്ന ഗാനമായിരുന്നു അത്.
എന്തിനാണ് അന്നീഗാനം വേണ്ടെന്ന് വച്ചത്? പിൽക്കാലത്തതിൽ ഖേദം തോന്നിയോ?
അദ്ദേഹം മറുപടി നൽകുന്നതിങ്ങനെ.. രാജയിൽ നിന്നും ഏറ്റവും മികച്ച മറ്റൊരു ഗാനം തേടി ആദ്യ ഗാനത്തിനധികം പ്രാധാന്യം നൽകാതെ പറഞ്ഞതായിരുന്നു.. 'ഈ ഗാനം നന്ന്.. എനിക്ക് വേറൊരെണ്ണം വേണം'  എന്ന്.

ഇളയരാജയുടെ സംഗീതത്തില്‍ ഒട്ടേറെ അനശ്വര ഗാനങ്ങള്‍ പാടിയ ഗായിക, ഉമാരമണന്‍ 'പനീര്‍ പുഷ്പങ്ങള്‍'(1981) എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ " ആനന്ദ രാഗം..." എന്ന ഗാനത്തെപ്പറ്റി പറയുന്നു.

" എന്റെ പന്ത്രണ്ടാമത്തെ ടേക്കിനാണ്‌ രാജ സാര്‍ സന്തുഷ്ടനായത്. രാത്രി 9.30 നാരംഭിച്ച റെക്കോർഡിങ്ങ് പിറ്റേന്ന് പുലർച്ചെ 3.00  മണി വരെ നീണ്ടു !"

ചരണത്തില്‍ ഇത്രയധികം വയലിനുകള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഗാനങ്ങള്‍ അത്യപൂര്‍വ്വമാണ്‌. വർഷങ്ങൾക്കിപ്പുറം രണ്ടായിരത്തിആറിൽ ഇതേ ഗാനം രാം ഗോപാൽ വർമ്മയുടെ ശിവ എന്ന ചിത്രത്തിനുവേണ്ടി പുനരവതരിപ്പിച്ചപ്പോൾ ശ്രേയ ഘോഷാലാണത് പാടിയത്.


മലയാളികള്‍ക്കും ഇളയരാജ ഇന്ന് സുപരിചിതനാണ്. മലയാളം പാട്ടുകളിലൂടെ മാത്രമല്ല ഇത്. അദ്ദേഹം ചിട്ടപ്പെടുത്തിയ തമിഴ്ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്കിടയില്‍ ഹരമാണ്. പുറത്തിറങ്ങിയ ആദ്യ മലയാളചിത്രം ‘വ്യമോഹം’ ആയിരുന്നു. അതില്‍ മറക്കനാവാത്ത ഒരേയൊരു ഘടകമേയുള്ളുവെന്ന് ഇളയരാജ പറയുന്നു. ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇന്നും അദ്ദേഹത്തിന്‍റെ പ്രതിഫലം കൊടുത്തിട്ടില്ല. എങ്കിലും അദ്ദേഹത്തിനു പരിഭവമില്ല. അതൊരു നല്ല തുടക്കമായിരുന്നുവെന്ന് രാജാസാര്‍ പറയുന്നു. മലയാളത്തിലെ ശ്രോതാക്കള്‍ അവരുടെ സ്വന്തം ആളായി ആ ചിത്രത്തിലൂടെ എന്നെയും മനസ്സിലിരുത്തി.
‘പൂവാടികളില്‍ അലയും തേനിളം കാറ്റേപനിനീര്‍ മഴയില്‍ കുളിര്‍ കോരി നില്പൂ ഞാന്‍ ‘
ജാനകിയുടെ ശബ്ദത്തില്‍ പുറത്തുവന്ന ഈ ഗാനം മലയാളിക്കെങ്ങനെ മറക്കാന്‍ കഴിയും. 
ഗായകന്‍ എന്ന നിലയിലും മലയാളികള്‍ക്കിടയില്‍ ഇദ്ദേഹം അറിയപ്പെടുന്നു. പാറ എന്ന മലയാളസിനിമയില്‍  അരുവികള്‍ ഓളം തുള്ളും   എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതസംവിധാനത്തില്‍ പാടി.  ടോമിന്‍ തച്ചങ്കരിയുടെ ചിൿചാം ചിറകടി എന്ന ആല്‍ബത്തില്‍  'സത്യം വിശ്വൈകമന്ത്രണം എന്ന ഗാനത്തിനു ശബ്ദം നല്‍കിയതും രാജ തന്നെ.
തമിഴ്,തെലുഗു,കന്നട,മലയാളം  എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും ഇദ്ദേഹം തന്റെ സ്വാധീനം അറിയിച്ചു. 
പ്രധാന പുരസ്കാരങ്ങള്‍ 
മൂന്നു ദേശീയ അവാര്‍ഡുകള്‍ - സാഗരസംഗമം, സിന്ധുഭൈരവി, രുദ്രവീണ.ലതാമങ്കേഷ്കര്‍ അവാര്‍ഡ് (മധ്യപ്രദേശ് സര്‍ക്കാര്‍)മധുര കാമരാജ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നല്‍കി.മൂന്നാംപിറ, സാഗരസംഗമം, സിന്ധുഭൈരവി, മൌനരാഗം,  ഗീതാഞ്ജലി,  വീട്, അഗ്നിനക്ഷത്രം, അഞ്ജലി, തേവര്‍ മകന്‍ എന്നീ ചിത്രങ്ങള്‍ക്ക് തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍.ലണ്ടനിലെ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കു വേണ്ടി  ഒരു മാസം കൊണ്ട് സിംഫണി രചിച്ചു. ഇവിടെ ഫുള്‍ ടൈം സിംഫണി ചെയ്യുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് ഇളയരാജാ.
കേരള സംസ്ഥാന അവാര്‍ഡ് പശ്ചാത്തല സംഗീതം-കല്ലു കൊണ്ടൊരു പെണ്ണ്                                    
 സംഗീത സംവിധാനം - കാലാപാനി                                     
  പശ്ചാത്തല സംഗീതം - സമ്മോഹനം
ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട് 

എഴുപത്തി ഒന്നിന്റെ നിറവിലെത്തിയ തെന്നിന്ത്യന്‍ സംഗീത ലോകത്തെ എക്കാലത്തെയും മികച്ച സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു..



പദ് മനാഭന്‍ തിക്കോടി

SREE ശ്രീ.: വ്യഥയുടെ ഛായ--- ഗീത മുന്നൂർക്കോട്----തലയോട്ടിയിലൊ...

SREE ശ്രീ.: വ്യഥയുടെ ഛായ--- ഗീത മുന്നൂർക്കോട്----
തലയോട്ടിയിലൊ...
: വ്യഥയുടെ ഛായ --- ഗീത മുന്നൂർക്കോട് ---- തലയോട്ടിയിലൊരു തുളയിട്ടാലോ ചി ലതൊക്കെ പുകയട്ടെ അകാശത്തേക്ക് നേർത്തു പറക്കട്ടെ ...




എന്റെ മോനയ്ക്ക് (തുടര്‍ച്ച)

പദ് മനാഭന്‍ തിക്കോടി

iv

മോനാ,
ഓര്‍മ്മകള്‍ കടന്നുവരുന്നത്‌ 
നിന്റെ പ്രണയവുമായാണ്,
ഞാന്‍ പോലുമറിയാതെ.
ചില നേരങ്ങളില്‍ 
തിരമാലകളെ പോലെ കുതിച്ച്‌
ചില നേരങ്ങളില്‍
മന്ദമാരുതനായി
പൂക്കാലത്തിന്റെ പരിമളം വഹിച്ച്.

v

മോനാ,
നിന്നെ കുറിച്ചുള്ളതു 
മാത്രമല്ലേ 
എന്റെ ഓര്‍മ്മകള്‍.
ഓരോ ക്ഷണത്തിലും 
ഓരോ ദിനത്തിലും 
ഇരുളിലുംപ്രകാശത്തിലും.